നീന്തല്‍
കൊച്ചുകുട്ടിയായിരിക്കുന്നത്, വലിയവര്‍ക്ക് നമ്മെക്കൊണ്ടുള്ള ശല്യത്തേക്കാള്‍ നമുക്ക് ശല്യമാണ്. കാരണം എല്ലാത്തിനും വല്യവരെ ആശ്രയിക്കേണ്ടിവരും.
ഞങ്ങളുടെ വീടിനടുത്ത് ഒരു അമ്പലക്കുളമുണ്ട്. നാട്ടുകാര്‍ മുഴുവന്‍ മുങ്ങിപ്പൊങ്ങുന്ന സ്ഥലം. ഞങ്ങളും അവിടെപ്പോയി മീനിനെപ്പോലെ കിടക്കാറുണ്ട്.
അന്നെനിക്ക് അധികം പ്രായം ആയിട്ടില്ല. അതുകൊണ്ട് തന്നെ നീന്തലറിയില്ല. വല്യവരുടെ കൂടെ കുളത്തില്‍ പോയാലും വീടിനു പുറത്ത് കുട ചാരി വെക്കുന്നതുപോലെ എന്നെ പ്രതിഷ്ഠിച്ച് വെക്കും. എല്ലാവരുടേയും നീന്തലും കുളിയും കഴിഞ്ഞാല്‍, നീലത്തില്‍ മുണ്ടിട്ട് മുക്കിപ്പൊക്കുന്നതുപോലെ ഒന്ന് വെള്ളത്തില്‍ മുക്കിപ്പൊക്കി രണ്ട് കോട്ട് സോപ്പടിച്ച് പിന്നേം ഒന്ന് മുക്കിപ്പൊക്കി വെള്ളം തുടച്ച് കൈയും പിടിച്ച് നടന്നോന്നും പറഞ്ഞ് നടക്കും.
വെള്ളത്തില്‍ അരമണിക്കൂര്‍ ചുരുങ്ങിയത് കിടന്ന് ആറാടാനുള്ള മോഹവും മനസ്സിലൊതുക്കി ഞാന്‍ നടക്കും. കിണറ്റിന്റെ കൈവരിയുടെ അത്രയും വലുപ്പമില്ലാത്ത ഞാന്‍ വലിയ കുളത്തിനു മുന്നില്‍ പ്രതിഷേധിച്ചിട്ട് കാര്യമില്ലല്ലോ.
അങ്ങനെ ഓരോ ദിവസവും നാട്ടുകാരുടെ കുളിസീനും കണ്ട് ഇരിക്കും. ചിലരൊക്കെ സോപ്പ് പതപ്പിച്ച് നില്ക്കുന്ന നില്‍പ്പ് കണ്ടാല്‍ ഒന്ന് മുങ്ങിപ്പൊങ്ങുമ്പോഴേക്കും സുന്ദരന്മാരും സുന്ദരിമാരും ആവുമെന്ന് തോന്നും.
അങ്ങനെയിരിക്കെ ഒരു ദിവസം എനിക്ക് ഏട്ടന്റേയും ഏച്ചിയുടേയും കൂടെ പോകാന്‍ ആണ് ചാന്‍സ് വന്നത്. അവര്‍ പതിവുപോലെ, കുളപ്പടവില്‍ എന്നെ ചാരിവെച്ച് ആറാട്ട് തുടങ്ങി. കുറേ കഴിഞ്ഞപ്പോള്‍ അവര്‍ക്ക് തോന്നി അനിയത്തിയേം നീന്തലും മുങ്ങലും പഠിപ്പിക്കാം, അവളുടെ സ്വാഭാവത്തിനു ഭാവിയില്‍ ആവശ്യം വരും എന്ന്.
അങ്ങനെ ഫയല്വാന് ഗോദയില്‍ ഇറങ്ങുമ്പോലെ ഞാനും വെള്ളത്തിലിറങ്ങി. രണ്ടാളും കൂടെ എന്നെ കൈയില്‍ എടുത്ത്, കൈയടി, കാലടി, അങ്കമാലി, എന്നൊക്കെപ്പറഞ്ഞ് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഇത്തരം പ്രോത്സാഹനമാണല്ലോ ജീവിതവിജയത്തിനു ആവശ്യം.
അങ്ങനെ കൈയും കാലുമിട്ടടിച്ച് മുങ്ങല്‍വിദഗ്ദ്ധയാവാന്‍ നോക്കുമ്പോള്‍, ഞാന്‍ അവരുടെ കൈയില്‍ നിന്ന് വിട്ട് പോയി. റബ്ബര്‍പ്പന്ത് താഴോട്ടിട്ട് മുകളില്‍ വരുമ്പോലെ ഞാന്‍ താഴോട്ടും മേലോട്ടും കളിച്ചുകൊണ്ടിരുന്നു.
അപ്പോഴാണ് കടവില്‍ കുളിച്ചുകൊണ്ടിരുന്ന ഒരു നാട്ടുകാരി, ഓഹരിവിലപോലെ മുങ്ങിയും പൊങ്ങിയും കളിക്കുന്ന എന്നെ കാണുന്നത്. അവര്‍ എന്നെ ചൂണ്ടയില്‍ കൊരുത്ത മീനിനെപ്പോലെ തൂക്കി കരയിലേക്കിട്ടു.
ചേട്ടനോട് ഇക്കഥ പറഞ്ഞപ്പോള്‍ ആ സ്ത്രീയെ എനിക്കൊന്ന് കാണണമെന്ന് പറഞ്ഞു. രണ്ട് പറയാന്‍. ഹി ഹി ഹി.
33 Comments:
അതുകൊണ്ടു ആ ചൂണ്ടലിലെ കൊരുത്ത സൂ ചേച്ചി കഥ പറയാന്‍ ഇവിടെ എത്തി അല്ലെ...
ആ സ്ത്രീയെ എനിക്കും കാണണം :)
ഒരു നന്ദി എങ്കിലും പറയേണ്ടെ?
സൂ നല്ല കഥ. അതോ അനുഭവമോ
എനിക്ക് ഇങ്ങിനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. നീന്തല്‍ പഠിക്കാന്‍ വേണ്ടി ഇത്താത്തയോടൊപ്പം പോയതായിരുന്നു. രണ്ട് മുത്തല (അകത്ത് ഒന്നുമില്ലാത്ത പൊതിക്കാത്ത തേങ്ങ) പരസ്പരം കൂട്ടികെട്ടി അത് അരയിലിട്ട് അതില്‍ കിടന്നാല്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കും. അങ്ങനെ ഞാന്‍ സുന്ദരമായി നീന്തികൊണ്ടിരിക്കേ കയറ് പൊട്ടി. പിന്നെ ഭാരമില്ലാതെ താഴേക്ക് പോയതും തിരിച്ച് ശ്വാസമന്വേഷിച്ച് രണ്ടു പ്രവശ്യം പൊങ്ങിവന്നതും ശരിക്കോര്‍ക്കുന്നു. പിന്നെ ഇത്താത്ത വലിച്ചിഴച്ച് കരയിലെത്തിച്ചു.
അങ്ങനെ ഓരോ ദിവസവും നാട്ടുകാരുടെ കുളിസീനും കണ്ട് ഇരിക്കും
അയ്യേ... അയ്യയ്യേ.... :-)
എന്നാലും സു ചേച്ചീ നാണമില്ലല്ലോ....
സു ചേച്ചിയുടെ ഹ്യൂമര്‍ കമന്റുകളില്‍ നോട്ട് ചെയ്തിരുന്നെങ്കിലും പോസ്റ്റില്‍ ഞാന്‍ ശ്രദ്ധിക്കുന്നത് ഇതാദ്യം.അസ്സലായിരിക്കുന്നു ചേച്ചീ..
(ഓടോ:പാവം സു ചേട്ടന്..):-)
ക്ലൈമാക്സ് വരെ ഓക്കെ. അത് കഴിഞ്ഞ് അത്ര രസായില്ല. എന്താ സൂ, പെട്ടെന്ന് എഴുതിയതുകൊണ്ടാണോ? ചില ഉപമകള്‍ അപാരം. കുട പോലെ ചാരി വയ്ക്കുന്നതും ഓഹരി വില പോലെ മുങ്ങിപ്പൊങ്ങുന്നതും ഒക്കെ ഉത്തമം.
സൂ നല്ല കഥ. അവസാനം എഴുതിയത് രസിച്ചു.
മുട്ടിനൊപ്പം വെള്ളത്തില്‍ മാത്രം നീന്താനറിയുന്ന എനിക്കെങ്ങിനെ ഈ പോസ്റ്റ് ഇഷ്ടപ്പെടാതിരിക്കും... സു-കൃതം ഇദം പോസ്റ്റ് ഗംഭീരഹ ആയിരിക്കണുഹ...
:)
പെരിയാറിലെ വെള്ളം വയറുനിറയെ കുടിച്ചും, ഒഴുക്ക് താഴേക്ക് കോണ്ട്പോയാല് താഴത്തെ കടവില്‍ പിടിച്ച് കയറി കര വഴി വന്ന് വീണ്ടും വെള്ളത്തില്‍ ചാടിയും ഏറക്കുറെ നീന്തല്‍ പഠിച്ചു ചെറുപ്പത്തില്‍..
സൂ, കൊള്ളാം. ശ്രീജിത്ത് പറഞ്ഞതുപോലെ ഉപമകള്‍ അപാരം.
എന്റെ അമ്പലക്കുളത്തിലെ നീന്തല്‍ പഠനം അമ്മവീട് നില്ക്കുന്ന പഞ്ചായത്ത് മുഴുവന്‍ പ്രശസ്തമായിരുന്നു. എന്നും വൈകുന്നേരങ്ങളില്‍ നാട് മുഴുവന്‍ കൂടുമായിരുന്നു, എന്റെ ഓഹരിനിലവാരം കാണാന്‍. കൈ അനങ്ങുമ്പോള്‍ കാലനങ്ങില്ല, കാലനങ്ങുമ്പോള് കൈ അനങ്ങില്ല, ഇത് രണ്ടും അനക്കുമ്പോള്‍ വയറ് താഴും. അവസാനം രണ്ട് വാഴപ്പിണ്ടികള്‍ക്ക് കുറുകെ ഒരു പലക വെച്ച് വയര്‍ അതില്‍ ഫിറ്റ് ചെയ്ത് ഒരുവിധത്തില്‍...ഇരുപത്തിയാറാം ദിവസം വരെ വെള്ളമെന്നാല്‍ മുങ്ങാനുള്ള ഒരു സാധനം മാത്രം എന്ന് തെളിയിച്ച ഞാന്‍ ഇരുപത്തിയേഴാം ദിനം വെള്ളത്തില്‍ പൊങ്ങിയും കിടക്കാമെന്ന് തെളിയിച്ചു-ഒറ്റ ദിവസം കൊണ്ട്. സിമ്പിള്‍.
സൂ, നല്ല പോസ്റ്റ്. പഴയ പോലെ അപാരം. -സു-
ഹഹാഹ്... ആ കുട ചാരിവെക്കുന്ന പോലെ..അതു കലക്കി!
എന്നിട്ട് നീന്തല്‍ പഠിച്ചൊ?
ചുരുക്കത്തില്‍, സൂവിനു തമാശയും വഴങ്ങും..അല്ലേ.
നന്നായി.. ഇനി കുറച്ചു നാള് ഈ ത്രഡില്‍ അങ്ങു പോട്ടെ...!
ആ സ്ത്രീയെ ഒന്നു കാണാന്‍ പറ്റുകയായിരുന്നെങ്കില്‍ .... അതു തന്നെയാണെനിക്കും. ;) ഞാന്‍ ആന ചവിട്ടിയ കുഴിയിലെ വെള്ളത്തില്‍ പോലും ആരും കൂട്ടത്തില്‍ ഇല്ലെങ്കില്‍ ഇറങ്ങില്ല. ഒരിക്കല്‍ ഒരു മഴക്കാലത്ത് കര കവിഞ്ഞൊഴുകിയ പുഴയില്‍ ശക്തമായ ഒഴുക്കില്‍ പെട്ട് കുറച്ചു ദൂരം ഒഴുകി പോയ അനുഭവം എനിക്കുമുണ്ട്.
താനെവിടുത്തുകാരനാണെടോ സതീഷേ?
(ദില്‍ബാസുരനോടും ഇതേ ചോദ്യം.)
സൂവാണു നമ്മുടെ നര്മ്മലോകത്തിലെ മുടിചൂടാറാണി. പഴയ പോസ്റ്റൊക്കെ വായിച്ചുനോക്കു്. സൂ സീരിയസ് സാധനങ്ങള്‍ എഴുതിത്തുടങ്ങിയതു് ഈ അടുത്ത കാലത്താണു്.
എനിക്ക് തോന്നണെ, സതീഷ് കണ്ണൂരില്‍ നിന്നും ദില്ബൊ കോയിക്കോട്ടില് നിന്നും... ഉമേഷ് ഗുരു ആദ്യായിട്ട് ഒരു സംശയം ചോദിക്കുമ്പൊ അതിന് ഉത്തരം പറയുകാന്നുള്ളത് ഗുരുകുലത്തില്‍ നീന്തിതുടിക്കുന്ന എന്നെപ്പോലെയുള്ളവരുടെ കടമയല്ലെ? ;)
ഉമേഷേട്ടാ,
ഞാന്‍ പഴയ പോസ്റ്റുകള്‍ ശ്രദ്ധിച്ചിട്ടില്ല. തെറ്റ് എന്റേത് മാത്രമാണ്.:(
(ആരും ചോദിക്കരുത് പ്ലീസ്... ഷേര്‍ ചെയ്യില്ല)
(ഓടോ:ഇഞ്ചിച്ചേച്ചീ എന്റെ ഏ എസ് എല്‍ വി തുമ്പയില്‍ നിന്നെന്ന പോലെ അമേരിക്കയിലിരുന്ന് വിക്ഷേപിക്കുകയാണല്ലേ) :-)
സൂച്ചേച്ചീ,
കലക്കന്‍ :)
ഈ സ്വിമ്മിങ്ങ്, കുളം, പൂള് എന്നൊക്കെ കേട്ടപ്പോ സ്മരണകള്‍ ഒന്ന് ഇളകി. ഈയിടെ സ്മരണകള്‍ക്ക് വല്ലാത്ത ഇളക്കം :) ഒന്ന് സര്‍വ്വീസ് ചെയ്യാറായെന്നു തോന്നുന്നു.
കുളത്തില്‍ മോട്ടോര്‍ വെക്കാന്‍ കുഴിച്ച കുഴിയില്‍ ഞാനും ഒന്നു മുങ്ങിയിട്ടുണ്ട്.നല്ല ഉപമകള്‍.
ആദ്യായിട്ട് മുങ്ങാന്‍ പഠിച്ചതോര്‍ത്തുപോയി. പഠിപ്പിച്ച ആളു പറഞ്ഞു, വെള്ളത്തിലോട്ട് മുങ്ങുമ്പോ മൂക്കും വായയും അടച്ചു പിടിക്കണമെന്ന്. ഞാന്‍ മുങ്ങുന്നതിന് രണ്ടു മിനിറ്റ് മുമ്പേ കൈ കൊണ്ട് മൂക്കും വായയും അടച്ചുപിടിക്കാന്‍ തുടങ്ങി. വണ്‍ ടു ത്രീ പറഞ്ഞ് എല്ലാരും മുങ്ങിയപ്പഴേക്കും എനിക്ക് ശ്വാസം കിട്ടാതെ കൈ വിടേണ്ടി വന്നു.
സൂചേച്ചി പറയുന്ന ഉപമകളൊക്കെ എന്തു രസാ.
പണ്ട് മുനിയോട് തോണിക്കാരന് ചോദിച്ച ചോദ്യമാണ് ഓര്‍മ്മ വരുന്നത്.നീന്താനറിയോ സൂ?.ഇല്ലെങ്കില്‍ തോണിക്കാരന് പറഞ്ഞപോലെ ഞാനും പറയും.
ഉപമകള്‍ നന്നായിട്ടുണ്ട്.
ചേട്ടന് ആ സ്ത്രീയെ കാണണമെന്ന് പറഞ്ഞതിന്റെ രഹസ്യം സൂവിനു മനസ്സിലായില്ലെ?. അന്നെങ്ങാനും മുങ്ങിപ്പോയിരുന്നെങ്കില്‍ പിന്നെ ഇന്ന് ...ബാക്കി ഞാന്‍ പറയണോ സൂവേ?.ഹഹാഹാ..
ഓ:ടോ: ഞാന്‍ നടക്കട്ടെ.ഓടിയാ കുഴപ്പമാകും.
നന്നായിട്ടുണ്ട്... നീന്താന്ന് പറഞ്ഞാ പണ്ടൊരാവേശമായിരുന്നു. സ്കൂളില്‍ ചെന്നാ കള്ളനും പോലീസും വീട്ടിലെത്തിയാല്‍ ഇതേ കളി കുളത്തില്‍ വച്ച്. കുളം കലക്കികള്‍ എന്നായിരുന്നു ഞങ്ങളെ വിളിച്ചിരുന്നത്.. (കുളങ്ങളില്‍ മാത്രമേ നീന്തിയുട്ടുള്ളു....) തോട്ടിലും പുഴയിലും നീന്താന്ന്ള്ളത് ഒരാഗ്രഹമായി അങ്ങനെ കെടക്കുണു....
അസ്സലായിരിക്കുന്നു... സൂ
“...എല്ലാവരുടേയും നീന്തലും കുളിയും കഴിഞ്ഞാല്‍, നീലത്തില്‍ മുണ്ടിട്ട് മുക്കിപ്പൊക്കുന്നതുപോലെ ഒന്ന് വെള്ളത്തില്‍ മുക്കിപ്പൊക്കി രണ്ട് കോട്ട് സോപ്പടിച്ച് പിന്നേം ഒന്ന് മുക്കിപ്പൊക്കി വെള്ളം തുടച്ച് കൈയും പിടിച്ച് നടന്നോന്നും പറഞ്ഞ് ... കലക്കന്‍ :)
എന്റെ കുസൃതിക്കുടുക്കേ ആ ഫോട്ടോ കാണുമ്പോളൊരു സന്തോഷംണ്ട് എനിക്ക്. ആ സ്ത്രീ മരിച്ചുപോയി. കഴിഞ്ഞ വര്‍ഷം ആണെന്നു തോന്നുന്നു. വീട്ടില്‍ പോയപ്പോള്‍ അറിഞ്ഞു.
ഇത്തിരിവെട്ടം :) കഥയല്ല.
ദില്‍ബൂ :) നന്ദി. അതെ അതെ പാവം ചേട്ടന്.
“അവളിലിവളു നല്ലൂ ഇവള് എഴുന്തിരുന്നുണ്ണുമപ്പാ” എന്ന് ചേട്ടന് നല്ലപോലെ അറിയാം ;)
ശ്രീജിത്തേ :) ക്ലൈമാക്സില്‍ എന്റെ ക്ലൈമാക്സ് പ്രതീക്ഷിച്ചോ? ;)
താരേ :) ഹി ഹി ഹി. നീന്തല്‍ പഠിച്ചോന്നോ? നല്ലോണം പഠിച്ചു. ഗോവയില്പ്പോയാല്പ്പിന്നെ കടലില്‍ നീന്തുന്നതാരാ? ഈ ഞാന്‍ അല്ലേ?
കുട്ടന് മേനോന് :) പാവം ഞാന്‍.
മുരളീ :) സ്വാഗതം. നന്ദി.
ദമനകന്‍ :) പുഴയിലും ഞാന്‍ നീന്തിയിട്ടുണ്ട്.
കൈത്തിരീ :) ചേട്ടനെ അനുകൂലിയ്ക്ക്യാ അല്ലേ? ഞാന്‍ പുലിയാണോ? പുഴു ആണെന്ന് പറയാതിരുന്നത് ഭാഗ്യം.
വക്കാരീ :) നന്ദി. എന്തായാലും നീന്തല്‍ പഠിച്ച് ഇപ്പോള്‍ മുങ്ങി നടക്ക്വാ അല്ലേ?
സുനില്‍ :) നന്ദി.
ഇഞ്ചിപ്പെണ്ണേ :) പഠിച്ചു.
സതീഷേ :) തമാശയേ ഉണ്ടായിരുന്നുള്ളൂ. കുറച്ച് സീരിയസ്സ് ആയേക്കാം എന്ന് ഇടയ്ക്ക് കരുതി.
ബിന്ദൂ :) രക്ഷപ്പെട്ടത് നന്നായി.
ഉമേഷ്ജീ :) മുടിചൂടാറാണിയോ? മുടിചൂഡാമണി ആകും. മുടിയിലെ കായ. ഹിഹിഹി.
ആദീ :) നന്ദി.
വല്യമ്മായീ :) നന്ദി.
അനംഗാരീ :) നടന്ന് എവിടെയെത്തി ?
ആര്. പി. :) നന്ദി.
രമേഷ് :) ഞങ്ങളും കിടക്കുമായിരുന്നു കുറേ മണിക്കൂറുകള്‍ വെള്ളത്തില്‍.
അഗ്രജന് :) നന്ദി.
ഉപമകള്‍ ഇതിലും കൂടുതല്‍ പഴയ പോസ്റ്റുകളില്‍ ഉണ്ട്.
http://suryagayatri.blogspot.com/2005/09/blog-post_05.html
സൂ,
നന്നായിരിക്കുന്നു, ഉപമകള്‍ രസകരമായിരിക്കുന്നു,
നല്ല ശൈലിയും,
പക്ഷെ, ‘പൊലെ’ കുറച്ചതികമായിപ്പൊയൊ എന്നൊരു സംശയം, കുറ്റം പറഞ്ഞതല്ല, ഇഗ്ലീഷ് സാഹിത്യത്തിന്റെ പേരും പറഞ്ഞ് വേണ്ടതും വേണ്ടാത്തതും ഒക്കെ ആവശ്യത്തിലതികം വായിച്ചതിന്റെ പ്രശ്നമാണ് ഈ ‘വിമര്‍ശനം’(വിവരദൊഷം എന്നാരൊ പറഞ്ഞിട്ടുണ്ട്, സകറിയ?) എന്ന് എന്റെ ഒരു കൂട്ടുകാരി പറഞ്ഞിട്ടുണ്ട്, അതിന്റെ പ്രശ്നമാകും,
എന്നാലും എനിക്കങ്ങനെ തൊന്നി,
ഒരിക്കല്‍കൂടി പറയുന്നു, രസിപ്പിക്കുന്ന ഉപമകള്‍.
നീന്തല്‍ പഠിക്കാനാവാഞ്ഞത് ഒരു വലിയ നിര്‍ഭാഗ്യമായി ഇപ്പോഴും തോന്നുന്നു,ചൂണ്ടലില്‍ കുരുങ്ങി പോന്നാലും നീന്തല്‍ പഠിച്ചല്ലോ അല്ലേ?
ഈ കറിവേപ്പിലയില്‍ ഇടുന്നതൊക്കെ ആദ്യം ഉണ്ടാക്കി പരീക്ഷിക്കുന്നത് കൊണ്ടാണോ ചേട്ടന് ഇത്രയും വൈരാഗ്യം എന്നൊരു സംശയം ഇല്ലാതില്ല
:-)
-പാര്‍വതി.
ഇടങ്ങള്‍ :) നന്ദി. പോലെകള് അധികം ആണോ? ഇനിയുള്ള പോസ്റ്റുകളില്‍ ശ്രദ്ധിക്കാം.
പാര്‍വ്വതീ :) നന്ദി. എന്റെ പാചകമൊന്നും പരീക്ഷണം അല്ല. അതില്‍ ചേട്ടനെന്നല്ല, ഇവിടെ ഭക്ഷണം കഴിച്ചവര്‍ക്ക് ആര്‍ക്കും സംശയം ഇല്ല.
ഒരു തമാശ പറഞ്ഞതാണിഷ്ടാ..സോറി ഇനി സംഭവിക്കില്ല..അപ്പന്റെ തലയില്‍ താളം പിടിക്കുന്നോ എന്ന് ചിന്തിച്ചുവെങ്കില്‍ ഞാന്‍ പറഞ്ഞത് തിരിച്ചെടുത്തിരിക്കുന്നു.
qw_ er_ ty
പാര്‍വതി.
തമാശ ആയിരുന്നോ? കാര്യം പോലെ തോന്നി. അതാ മറുപടി പറഞ്ഞത്.
"ഒന്ന് വെള്ളത്തില്‍ മുക്കിപ്പൊക്കി രണ്ട് കോട്ട് സോപ്പടിച്ച് പിന്നേം ഒന്ന് മുക്കിപ്പൊക്കി വെള്ളം തുടച്ച് കൈയും പിടിച്ച് നടന്നോന്നും പറഞ്ഞ് നടക്കും."
സൂ,
നീന്തലല്ല, ആ കുളിയാണ് ഇഷ്ടമായത്. ചിരിച്ചു ചിരിച്ചു കീബോഡ്കപ്പി:-)
ജ്യോതീ, അങ്ങനെ സോപ്പടിച്ച് സോപ്പടിച്ചാ ഞാന്‍ ഈ അവസ്ഥയില്‍ ആയത്. ;)
കണ്ണന് പായസം വെച്ചോ? ഞാന്‍ കണ്ണന്റെ കാല്‍പ്പാദവും കോലവും ഒക്കെ ഇടാറുണ്ടായിരുന്നു. ഇന്നലെ പക്ഷെ ഒന്നും ചെയ്തില്ല. പായസവും വെച്ചില്ല. അട തീരണ്ടേ. ;)
സൂ,
എനിക്കുമുണ്ട് ഇത്തരത്തില്‍ ഭീതിപ്പെടുത്തുന്ന ഒരോര്‍മ്മ. ഞാന്‍ വളരെ ചെറുതായിരിക്കുമ്പോള്‍. ഞാനല്ല, എന്റെ അമ്മയാണ് മുങ്ങിപ്പോയത്. കരയ്ക്കു നിന്ന് അലറിക്കരയുന്ന എന്നെ എനിക്കിന്ന് ചെറിയ ഓര്‍മ്മയുണ്ട്. ജീവിതത്തിലെ ഏറ്റവും പഴക്കമുള്ള ഓര്‍മ്മ. പുഴയില്‍ നല്ല ഒഴുക്കുണ്ടായിരുന്നു; എന്റെ ഭാഗ്യം, അമ്മയുടെ ആയുസ്സ്. എന്റെ കരച്ചില് കേട്ട് ആരൊക്കെയോ ഓടി വന്ന് അമ്മയെ കരയ്ക്ക് വലിച്ചിടുകയായിരുന്നു. പുഴ പിന്നത്തെ ധാരളം നല്ല ഓര്‍മ്മകളോടൊപ്പം ഒരു നിലവിളിയുടെ ഓര്‍മ്മകൂടിയാണ്...
ബെന്യാമിന്,
ആ ഓര്‍മ്മകള്‍ വിഷമിപ്പിക്കും അല്ലേ? എന്നാലും നഷ്ടപ്പെടല്‍ ഉണ്ടായില്ലല്ലോന്നോര്ത്ത് ദൈവത്തോട് നന്ദി പറയാം.
സൂ,
തീര്‍ച്ചയായും! നാം ചിലപ്പോഴെങ്കിലും വിധിയില്‍ വിശ്വസിച്ചു പോകുന്നത് ഇങ്ങനെയൊക്കെയാണ്. അമ്മയില്ലാത്ത ബാല്യത്തിന്റെ വേദന, അതില്ലാത്തവര്‍ പറഞ്ഞ് എനിക്ക് നല്ലപോലെ അറിയാം.
........പെട്ടന്ന് കണ്ണുതുറന്നു.
കിടന്നിരുന്ന പായേം തലോണേം ആകെ നനഞ്ഞിരിക്കുന്നു.
കയ്യിൽ ഒഴിഞ്ഞ ബക്കറ്റുമായി കലിതുള്ളി നിൽക്കുന്ന അമ്മ.
"മണി പത്താവാറായി, ന്നട്ടും ണീക്കാൻ ഉദ്ദേശല്ല്യ നെനക്ക്?"
Post a Comment
Subscribe to Post Comments [Atom]
<< Home