Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, September 20, 2006

സ്വത്ത്

വല്യപ്പൂപ്പന്‍ മരിയ്ക്കാന്‍ കിടക്കുന്നു. ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്ത് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ച മനുഷ്യന്‍. മക്കളും പേരക്കുട്ടികളും, അവരുടെ മക്കളും വന്നും പോയീം കൊണ്ടിരിക്കുന്നു. ആര്‍ക്കും വല്യപ്പൂപ്പനെപ്പറ്റി ഒരു പരാതിയും ഇല്ല. ഒരുപാട് സ്വത്തുക്കള്‍ ഉണ്ടായിരുന്നു. പുണ്യപ്രവൃത്തിയ്ക്ക് ഉപയോഗിക്കുകയും, മക്കള്‍ക്ക് ഇഷ്ടം‌പോലെ നല്‍കുകയും ചെയ്തു. ആശുപത്രിയില്‍പ്പോലും അധികനാള്‍ കിടന്നിട്ടില്ല.

ഇതൊന്നുമല്ല, പക്ഷെ വീട്ടുകാരെ ചിന്തിപ്പിക്കുന്നത്. വല്യപ്പൂപ്പന്റെ കൈയില്‍ ഒരു പെട്ടിയുണ്ട്. മൂത്തമകന്‍ പഠിച്ച്, ഉദ്യോഗം നോക്കാന്‍ വിദേശത്ത് പോയി വന്നപ്പോള്‍, അച്ഛന് ആദ്യമായി കൊണ്ടുക്കൊടുത്തത്. അത് ആരേയും തുറക്കാനോ, ഉള്ളിലെന്താണെന്ന് നോക്കാനോ ഒരിക്കലും അനുവദിച്ചിരുന്നില്ല. ചെറിയ പെട്ടി ആയതുകൊണ്ട് കൂടെക്കൊണ്ടുനടക്കും.

മരിക്കാന്‍ നേരത്താണ് പേരക്കുട്ടികളുടെ മക്കളോട് വല്യപ്പൂപ്പന്‍ പറയുന്നത്, ആ പെട്ടിയില്‍ ഉള്ള കടലാസ്സില്‍ എഴുതിവെച്ചത് അവര്‍ക്കുള്ളതാണെന്ന്. അത് എല്ലാ കൊച്ചുങ്ങളും ഒരുപോലെ എടുക്കണമെന്നും, ആര്‍ക്കും ഒരിക്കലും കുറഞ്ഞുപോകില്ലെന്നും, അതിലും വലുതൊന്നും തരാന്‍ ഉണ്ടായിട്ടില്ലെന്നും, അത് ആവുന്നപോലെ പങ്കിട്ട് വേണം എല്ലാവരും കഴിയാന്‍ എന്നും, മരിയ്ക്കാറാവുമ്പോള്‍ തരുമെന്നും പറഞ്ഞു. എല്ലാവരും ആ കാര്യം തന്നെ ചിന്തിക്കുന്നു. കടം‌കഥ പോലെ ഒരു കാര്യം.

അങ്ങനെ, തനിക്ക് ദൈവത്തിന്റെ അടുത്തേക്ക് പോകാന്‍ സമയം വന്നെന്ന് വല്യപ്പൂപ്പനു തീര്‍ച്ചയായ ദിവസം, എല്ലാവരേയും വിളിച്ചു. കാര്യങ്ങളൊക്കെ ഒരുവട്ടം കൂടെ എല്ലാവരോടും പറഞ്ഞു. പേരക്കുട്ടിയുടെ മകന് പെട്ടി തുറക്കാന്‍ അനുവാദം കൊടുത്തു. അവന്‍ തുറന്നു. പെട്ടിയില്‍ വൃത്തിയായി മടക്കിവെച്ചിരുന്ന കടലാസ് തുറന്നു.

അതില്‍ ഒരു വാക്കേ എഴുതിയിട്ടുണ്ടായിരുന്നുള്ളൂ. അവന്‍ അത്ഭുതത്തോടെ ഉറക്കെ വായിച്ചു.

“നന്മ!”

എല്ലാവരും നോക്കി നില്‍ക്കെ വല്യപ്പൂപ്പന്‍ എന്നെന്നേക്കുമായി കണ്ണുകള്‍ അടച്ചു. തനിക്കുണ്ടായിരുന്ന ഏറ്റവും വലിയ സ്വത്ത്, വീട്ടുകാരെ ഏല്‍പ്പിച്ചിട്ട് !



*************************************


(ഇതെന്റെ ഇരുനൂറ്റിയമ്പതാമത്തെ പോസ്റ്റ്. സൂര്യഗായത്രി വായിക്കുകയും, അഭിപ്രായം പങ്കിടുകയും ചെയ്ത എല്ലാ സഹൃദയര്‍ക്കും നന്ദി. എല്ലാവരുടേയും അനുഗ്രഹം ഇനിയുമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.)


*******************************************

67 Comments:

Blogger മുസ്തഫ|musthapha said...

ഇരുനൂറ്റിയമ്പതാമത്തെ ഈ പോസ്റ്റില്‍ തേങ്ങയടി എന്‍റെ വക ഇരിക്കട്ടെ....

അഭിനന്ദനങ്ങള്‍
ഇനിയും ഒരായിരം ഇരുനൂറ്റമ്പതാം പോസ്റ്റുകള്‍ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.

Wed Sept 20, 11:43:00 am IST  
Blogger മുസ്തഫ|musthapha said...

ങേ... കൈത്തിരി ഒവര്‍ടേക്ക് ചെയ്തുലോ... :)

Wed Sept 20, 11:44:00 am IST  
Blogger Rasheed Chalil said...

ഇനിയും അസംഖ്യം പോസ്റ്റുകളുണ്ടാവട്ടേ എന്ന് ആശംസിക്കുന്നു.

ഓരോ തലമുറയും അടുത്ത തലമുറക്ക് വേണ്ടി നല്‍കേണ്ട ഏറ്റവും വലിയ സമ്മാനം ‘നന്മ’ തന്നെ. അത് നിലനില്‍ക്കട്ടേ... എന്നും... എവിടെയും... എപ്പോഴും...

സൂ നന്നായി ഈ നന്മയുടെ വരികള്‍.

Wed Sept 20, 11:52:00 am IST  
Blogger kusruthikkutukka said...

This comment has been removed by a blog administrator.

Wed Sept 20, 11:59:00 am IST  
Blogger kusruthikkutukka said...

ബ്ലോഗു ചക്രവര്‍ത്തിനിക്കു 250 ന്റെ ആശംസകള്‍ ..... കഥ ഒന്നു കൂടി വായിച്ചു കമന്റ് ഇടാം കെട്ടോ :)

Wed Sept 20, 12:01:00 pm IST  
Blogger Visala Manaskan said...

സൂ നൂറടിച്ചതിന്നലെയെന്നോണം ഞാനോര്‍ക്കുന്നു.
ഇപ്പോള്‍ ഒരു നൂറ്റമ്പതും കൂടെ ചേറ്ത്ത് ഇരുന്നൂറ്റമ്പത്!

കപാസിറ്റി സമ്മതിച്ചിരിക്കുന്നു.

ആശംസകള്‍! ആയിരമായിരം ആശംസകള്‍.

പണ്ടൊരിക്കല്‍ എന്റെ ഓട്ടോഗ്രാഫില്‍ ഒരു പെണ്‍കൊച്ച് എഴുതി:

‘തീവണ്ടിയില്‍ യാത്ര ചെയ്യുന്നവന്‍ വിമാനത്തിലും യാത്ര ചെയ്യും‘

എന്താ ആ ക്ടാവ് ഉദ്ദേശിച്ചേ ന്ന് ഇന്നുവരെ എനിക്ക് മനസ്സിലായിട്ടില്ല. അന്ന് ഞാന്‍ ഈ രണ്ടിലും കയറിയിട്ടുമുണ്ടായിരുന്നില്ല.

ഏകദേശം അതുപോലെ തോന്നാവുന്നത് ഒന്ന് പറയട്ടേ ‘ഇരുന്നൂറ്റമ്പത് പോസ്റ്റിട്ടാല്‍ ആയിരം പോസ്റ്റ് ഇടും’

:) സൂ വും ചേട്ടനും എപ്പോഴും എപ്പോഴും സന്തോഷയിരിക്കട്ടേ.

Wed Sept 20, 12:07:00 pm IST  
Blogger sreeni sreedharan said...

ഇരുന്നൂറ്റി അന്‍പതാം പോസ്റ്റിന് എന്റ്റെ വക ഇരുന്നൂറ്റിഅന്‍പത്തൊന്ന് ആശംസകള്‍!(അഡ്വാന്‍സ് ; അടുത്ത കഥക്കുള്ള ആദ്യ തേങ്ങയടി)
സൂ ചേച്ചി ആ മില്‍മ, ഛെ നന്മ ഇനിയും ചേച്ചിയുടെ കഥകളിലൂടെ ഞങ്ങള്‍ക്ക് ലഭിക്കുമാറാകട്ടെ എന്ന് ഞങ്ങളേയും ആശംസിക്കുന്നൂ...

Wed Sept 20, 12:18:00 pm IST  
Anonymous Anonymous said...

നന്നായി സൂച്ചേച്ചി,
എല്ലാവര്‍ക്കും നന്മയുടെ കഥ്കള്‍ പറഞ്ഞുകൊടുക്കാന്‍ എന്നും സൂച്ചേച്ചി ഇവിടെയു‌ണ്ടാവട്ടെ
സൂച്ചേച്ചിക്കും ച്ചേട്ടനും എന്നും എല്ലാ നന്മകളും നേരുന്നു
പ്രവീണ്‍

Wed Sept 20, 12:31:00 pm IST  
Blogger മുസാഫിര്‍ said...

സു,
സപ്തതി ആഘോഷിക്കുന്നവരെ ആയിരം പൂര്‍ണ്ണ ചന്ദ്രമാരെ കണ്ടവര്‍ എന്നു വിളിക്കുന്ന പോലെ ബ്ലൊഗിലും നൂറും ഇരുന്നുറ്റി അമ്പതും അഞ്ഞുറും തികക്കുന്നവര്‍ക്കാ‍യി വിശേഷണ പദങ്ങള്‍ കണ്ടുപിടിക്കാനായി ബ്ലൊഗിലെ ബഹുമാനപ്പെട്ട പാണിനിമാരോടു അപേക്ഷിക്കുന്നു.
സുവിനും വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുന്ന (സഹിക്കുന്ന എന്നും പറയാം) ചേട്ടനും വാഴ്ത്തുക്കള്‍.
പായസം വെക്കുന്നുണ്ടെങ്കില്‍ കുറച്ച് കൊടുത്തയക്കണേ . :-)

Wed Sept 20, 01:24:00 pm IST  
Blogger ശാലിനി said...

വല്യപ്പൂപ്പന്റെ പെട്ടിയിലെ നന്മ ഞങ്ങള്‍ക്കും കിട്ടിയിരുന്നെങ്കില്‍!

അപ്പൂപ്പന്റെ പെട്ടിയിലെ നന്മ സൂവിന് കിട്ടിയല്ലോ, ഇനിയും ഒരുപാട് എഴുതാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നു.

Wed Sept 20, 01:26:00 pm IST  
Blogger ദേവന്‍ said...

ആശംസകള്‍ സൂ . അഞ്ഞൂറ്‌ ആയിരം എന്ന് പുരോഗമിക്കട്ടേ. കോണ്‍സിസ്റ്റന്‍സി (ലതിന്റെ മലയാളം എന്താണാോ ഗുരുക്കളേ) എന്നത്‌ പൊതുവില്‍ ബ്ലോഗ്ഗര്‍മാര്‍ക്ക്‌ ഇല്ലാത്ത ഒരു ക്വാളിറ്റിയാണേ. തകര പൊടിക്കുമ്പോലെ ബ്ലോഗ്‌ വരും, വന്നപോലെ പോകും. അതിനിടക്ക്‌ സൂ വേറിട്ടു നില്‍ക്കുന്നു, എന്നും.

-------------------------
സപ്തതി ആഘോഷിക്കുന്നവരെ ആയിരം പൂര്ണ്ണ ചന്ദ്രമാരെ കണ്ടവര് എന്നു വിളിക്കുന്ന പോലെ ബ്ലൊഗിലും നൂറും ഇരുന്നുറ്റി അമ്പതും അഞ്ഞുറും തികക്കുന്നവര്ക്കായി വിശേഷണ പദങ്ങള് ?
-------------------------
ആയിരം അനോണിമസ്‌ തെറി കേട്ടവര്‍ എന്നായാലോ മുസാഫിര്‍ മാഷേ? :)

Wed Sept 20, 01:35:00 pm IST  
Blogger അതുല്യ said...

സൂവേ, വന്നെത്തീട്ട്‌ മിണ്ടാന്‍ പറ്റിയില്ലാട്ടോ പോസ്റ്റിലൂടെ. അതെങ്ങന്നാ, അടി നിര്‍ത്തി കൈ ഒന്ന് ഒഴിഞ്ഞിട്ട്‌ വേണ്ടേ?

സൂവിനു എല്ലാം ആശംസകളും. മണിച്ചേട്ടനോട്‌ എന്റെ അന്വേക്ഷണം പറയണം ട്ടോ. അചിന്ത്യ മിണ്ടുമ്പോ.

ഞാനിവിടെ അപ്പൂനോട്‌ പറയും സൂ ആന്റീടെ ഓട്ടോഗ്രാഫിലു നീ വലിയ കാര്യത്തില്‍ പൈലട്ടാകണം എന്നൊക്കെ എഴൂതീട്ട്‌ ഈ കാര്‍ട്ടൂണും ഒക്കെ കണ്ട്‌ ഇരുന്നാ, 5 കൊല്ലം കഴിയുമ്പോ ഒരു മീറ്റുണ്ടായാ, അപ്പൂനു സൈക്കിള്‍ കടയാന്ന് ഞാന്‍ പറയേണ്ടി വരുമ്ന്ന്.

Wed Sept 20, 02:33:00 pm IST  
Blogger SunilKumar Elamkulam Muthukurussi said...

ആശംസകള്‍, സൂ

Wed Sept 20, 02:47:00 pm IST  
Blogger ശിശു said...

നന്മയിലൂടെ 250 അടിച്ച സു:Su വിന്‌ ശിശുവിന്റെ അഭിനന്ദനങ്ങള്‍,
ഇത്‌ തുടര്‍ന്നുമെഴുതുവാന്‍ പ്രചോദനമാകട്ടെ!

Wed Sept 20, 03:00:00 pm IST  
Blogger കണ്ണൂസ്‌ said...

ആശംസകള്‍, സൂ.

മലയാളത്തില്‍ സു തന്നെ കൂടുതല്‍ പോസ്റ്റുകള്‍. ബാക്കിയുള്ള ഭാഷകളിലുള്ള റെക്കോര്‍ഡ്‌ എന്താണാവോ?

Wed Sept 20, 03:06:00 pm IST  
Blogger കണ്ണൂരാന്‍ - KANNURAN said...

250 കഴിഞ്ഞു.... അതങ്ങിനെ മുന്നോട്ട് അനുസ്യൂതം പ്രയാണം തുടരട്ടെ... ഒരായിരം സ്നേഹാശംസകളോടെ..

Wed Sept 20, 03:25:00 pm IST  
Blogger മനോജ് കുമാർ വട്ടക്കാട്ട് said...

രണ്ട്‌ വര്‍ഷങ്ങള്‍, നിരന്തരമായ ഇടപെടലുകള്‍. തീര്‍ച്ചയായും അഭിമാനിക്കാവുന്നത്‌ തന്നെ.

ഈ ബൂലോഗ ബ്ലോഗുത്സാഹക്കമ്മറ്റിയില്‍ ഇനിയുമെപ്പോഴും നിറഞ്ഞുനില്‍ക്കുക. അഭിനന്ദനങ്ങള്‍.

Wed Sept 20, 03:30:00 pm IST  
Blogger രമേഷ് said...

ഇരുനൂറ്റിയമ്പതിന്‌ ആശംസകള്‍...ഇവിടെ ഒന്നുപോലും എഴുതാന്‍ പറ്റുന്നില്ല..അപ്പോ ഇരുന്നൂറ്റിയമ്പത്‌ ആലോചിക്കാനെ പറ്റുന്നില്ലാാ. ഇനിയും പോരട്ടെ ആയിരമല്ല , പതിനായിരമായാലും പ്രശ്‌നമില്ല. പക്ഷെ ആ "സൂ" ടച്ച്‌ വേണം......

Wed Sept 20, 03:34:00 pm IST  
Blogger രമേഷ് said...

ഇരുനൂറ്റിയമ്പതിന്‌ ആശംസകള്‍...ഇവിടെ ഒന്നുപോലും എഴുതാന്‍ പറ്റുന്നില്ല..അപ്പോ ഇരുന്നൂറ്റിയമ്പത്‌ ആലോചിക്കാനെ പറ്റുന്നില്ലാാ. ഇനിയും പോരട്ടെ ആയിരമല്ല , പതിനായിരമായാലും പ്രശ്‌നമില്ല. പക്ഷെ ആ "സൂ" ടച്ച്‌ വേണം......

Wed Sept 20, 03:34:00 pm IST  
Blogger സിദ്ധാര്‍ത്ഥന്‍ said...

ഹാപ്പി 250 സൂ.
പിറക്കട്ടെ ഇനിയും നന്മയുടെ പോസ്റ്റുകള്‍.

ഓടോ: തൊട്ടുമുന്‍പിലെ കമന്റുകാരന്റെ പേരുകണ്ടപ്പോള്‍ രേഷ്മയെ ഓര്‍മ്മ വന്നു. അവരുടെ വല്ല വിവരവുമുണ്ടോ?‍

Wed Sept 20, 03:55:00 pm IST  
Blogger ബയാന്‍ said...

സു..സു..സൂ...സൂ...ശൂ..ഷൂ....ട്ടേയ്‌..250 ആശംസകള്‍

Wed Sept 20, 04:04:00 pm IST  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

സൂന്‌,- ഈ ബൂലോഗസ്വത്തിന്‌- ആശംസകള്‍!

250കാരിയ്ക്ക്‌ 25കാരിയുടെ ആശംസകള്‍. ആ സ്ഥിരോത്സാഹത്തിനുമുന്‍പില്‍ നമസ്കരിക്കുന്നു. എല്ലാ നന്മകളും ഉണ്ടാവട്ടെ എന്നു പ്രാര്‍ഥിയ്ക്കുന്നു.

(ഓ. ടോ: ഒരാള്‍ ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കാണുമ്പോഴേയ്ക്കും അയാള്‍ക്ക്‌ 70 വയസ്സല്ല, 84വയസ്സാണ്‌ ആവുക. 84ആം പിറന്നാള്‍ പലരും "ശതാഭിഷേക"മായി ആഘോഷിയ്ക്കുന്നു.)

Wed Sept 20, 04:24:00 pm IST  
Blogger UNNI said...

അല്പം വൈകിയെങ്കിലും ഇരുന്നൂറ്റിയന്‍പതിന്റെ ആ‍ശംസകള്‍..!! ഇനിയും പോരട്ടെ തേങ്ങയടിക്കുള്ള വകുപ്പുകള്‍!!

Wed Sept 20, 04:42:00 pm IST  
Blogger ഡാലി said...

സൂ: മലയാള ബ്ലോഗിലെ സൂപ്പര്‍ ഡ്യൂപ്പര്‍ സീനിയര്‍.
ആശംസകള്‍.

Wed Sept 20, 04:50:00 pm IST  
Blogger മുസാഫിര്‍ said...

ഓ. ടോ
തിരുത്തിയതിനു നന്ദി,ജ്യോതി ടീച്ചറെ,ചെവിക്കു ഞാന്‍ തന്നെ പിടീച്ചോളാം.

Wed Sept 20, 04:50:00 pm IST  
Blogger വല്യമ്മായി said...

ഒരായിരം ആശംസകള്‍.

Wed Sept 20, 04:53:00 pm IST  
Blogger Peelikkutty!!!!! said...

ആശംസകള്‍.വായിക്കാറുണ്ടെങിലും ആദ്യായിട്ടാ കമന്റിടുന്നത്.നന്മയുടെ കഥകള്‍ക്കായി ഇനിയും കാത്തിരിക്കുന്നു.

Wed Sept 20, 04:56:00 pm IST  
Blogger viswaprabha വിശ്വപ്രഭ said...

ഏതാണ്ട് ഒരു കൊല്ലം മുന്‍പ് ഞാന്‍ എന്റെ ബ്ലോഗില്‍ ഒരു ലേഖനമെഴുതി.

സൂര്യഗായത്രി ബൂലോഗമട്ടുപ്പാവിലേക്കുള്ള ഓരോ കോണിപ്പടി കേറുമ്പോഴും എല്ലാവരും ചെയ്യുന്നതുപോലെ ഒരു കമന്റിടാന്‍ എനിക്കും തോന്നും.
പക്ഷെ ആവര്‍‍ത്തനവിരസമല്ലാത്ത പോസ്റ്റുകള്‍ക്ക് ആവര്‍ത്തനവിരസമായ പിന്മൊഴികള്‍ ഒരു ചേലുമുണ്ടാവില്ലല്ലോ എന്നോര്‍ത്ത് ഒന്നും എഴുതാതെ തിരിച്ചും പോവും.

എന്നിട്ട് ഞാന്‍ പണ്ടെഴുതിയ എന്റെ പോസ്റ്റ് ചെന്നു വായിച്ചുനോക്കും. ഇപ്പോഴും അതൊക്കെ സത്യമായിരിക്കുന്നല്ലോ എന്നോര്‍ത്ത് ഉള്ളില്‍ വെറുതെ സന്തോഷിക്കും! (ഗൌരിയേയും ഡീബിയെയും പക്ഷേ വല്ലാതെ മിസ്സ് ചെയ്യുന്നു!)

ആ സന്തോഷം എന്നെ സ്ഥിരമായി അനുഭവിപ്പിക്കുന്നതിന്,
സൂ,
നന്ദി!

സൂ ഞങ്ങളുടെ കൂട്ടുകാരിയാണ് എന്നു പറയുമ്പോള്‍ ഞങ്ങള്‍ക്കൊക്കെ സത്യമായും എന്തഭിമാനമാണെന്നോ!

Wed Sept 20, 05:39:00 pm IST  
Blogger Adithyan said...

ബൂലോഗ ചക്രവര്‍ത്തിനിയ്ക്ക് ഒരു എളിയ ഭടന്റെ പ്രണാമം :)

ഇനീം ഇനീം എഴുതിക്കൊണ്ടിരിക്കുക :)

എല്ലാ ആശംസകളും.

Wed Sept 20, 06:27:00 pm IST  
Blogger kusruthikkutukka said...

ആധാരത്തിനു പുറത്തു ആരാപ്പാ നന്മ എന്നെഴുതിയതു?
നന്മ എന്നതു പുരയുടെയോ പുരയിടത്തിന്റെയോ പേരായിരിക്കും അല്ലെ? ;)

"വൃത്തിയായി മടക്കിവെച്ചിരുന്ന കടലാസ് "

ഇപ്പൊഴും ആധാരമെഴുത്തൊക്കെ കടലാസില്‍ തന്നെയാണു അല്ലെ ചേച്ചീ ;) ;) :)) ഇനി കുറെ കാലം കഴിഞ്ഞു അതൊക്കെ കമ്പ്യുട്ടറൈസ്‌ഡ് ആക്കുമ്പോല്‍ അപ്പൂപ്പന്മാരു പാസ്സ്‌വേര്ഡ് കൊടുക്കും ആയിരിക്കും അല്ലെ ;)
രണ്ടാം വായനയില്‍ തോന്നിയതു....
പിന്നെ 250 ആഘോഷം വേണ്ടേ നമുക്കു ;:)

Wed Sept 20, 06:42:00 pm IST  
Blogger Kalesh Kumar said...

ബൂലോഗത്തെ ആദ്യ പെണ്‍പുലിയായ സൂ (ചേച്ചീ),
ഈ അനിയന്റെ വിനീതമായ സ്നേഹാശംസകള്‍ സദയം സ്വീകരിച്ചാലും!

സൂവിന്റെ പോസ്റ്റുകളാണ് സത്യത്തില്‍ എന്നെ എഴുതാന്‍ പ്രേരിപ്പിച്ചത്!

Wed Sept 20, 06:43:00 pm IST  
Blogger ബെന്യാമിന്‍ said...

250- ന്റെ നിറവില്‍ എല്ലാ ഭാവുകങ്ങളും!

Wed Sept 20, 07:41:00 pm IST  
Blogger ഉമേഷ്::Umesh said...

അഭിനന്ദനങ്ങള്‍, സൂ.

ദേവരാഗം പറഞ്ഞതുപോലെ, നിലവാരം നിലനിര്‍ത്തി 250 പോസ്റ്റുകള്‍ ഇടാന്‍ അധികമാര്‍ക്കും കഴിയില്ല്ല.

ഇനിയും വളരെ കൃതികള്‍ സൂവില്‍ നിന്നു പ്രതീക്ഷിക്കുന്നു.

(250-ല്‍ കൂടുതല്‍ പോസ്റ്റിട്ട വേറേ ആരെങ്കിലുമുണ്ടോ?)

Wed Sept 20, 07:46:00 pm IST  
Blogger സ്വാര്‍ത്ഥന്‍ said...

പ്രിയപ്പെട്ട സൂ,
ഹൃദയത്തില്‍ നിന്ന് ഒരായിരം ആശംസകള്‍...
(പകുതി ചേട്ടനു കൊടുത്തേക്കണം കേട്ടോ :)

Wed Sept 20, 07:46:00 pm IST  
Blogger ബിന്ദു said...

സന്തോഷായി സൂ... ആശംസകള്‍!!:)

Wed Sept 20, 07:50:00 pm IST  
Blogger കരീം മാഷ്‌ said...

ആ കൈവിരലുകളിലൂടെ 250നും അപ്പുറത്തു എണ്ണല്‍ സംഖ്യകള്‍ ചെന്നു വഴിമുട്ടുന്നിടം വരെ നന്മ ഒഴുക്കാന്‍ ഈശ്വരന്‍ ത്രാണി നല്‍കട്ടെ ! എന്നാശംസിക്കുന്നു.

Wed Sept 20, 08:03:00 pm IST  
Blogger ടി.പി.വിനോദ് said...

സൂ ചേച്ചി...നല്ല കുഞ്ഞിക്കഥ...
250 ന്റെ ആശംസകള്‍...

Wed Sept 20, 08:04:00 pm IST  
Blogger ആനക്കൂടന്‍ said...

ദാ എന്‍റെ ആശംസ പിടിച്ചോളൂ. റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് ഇനിയും മുന്നേറുക.

Wed Sept 20, 08:22:00 pm IST  
Anonymous Anonymous said...

സൂചേച്ചി
ഒരുപാടൊരുപാട് നന്മയും ആശംസകളും നേരുന്നു.

Wed Sept 20, 08:22:00 pm IST  
Blogger Unknown said...

സു ചേച്ചീ,
250 ഒരു തുടക്കം എന്ന നിലയില്‍ കൊള്ളാം. ആയിരം അടിയ്ക്കും എന്ന് തീര്‍ച്ച. അപ്പോള്‍ ഞാന്‍ വരാം സമ്മാനവുമായി. തല്‍ക്കാലം ഈ ആശംസകള്‍ പിടിയ്കൂ.... :-)

(ഓടോ: കമന്റ് മോഡറേഷന്‍ ഞാന്‍ പറഞ്ഞിട്ടല്ലേ എടുത്ത് കളഞ്ഞത്? കുഴപ്പമെന്തെങ്കിലും ഉണ്ടായോ?)

Wed Sept 20, 08:23:00 pm IST  
Anonymous Anonymous said...

ഉമേഷേട്ടാ
250 പോസ്റ്റുകള്‍ ഒരൊറ്റ ബ്ലോഗില്‍ നടത്തിയത് സൂചേച്ചി തന്നെയായിരിക്കും. 250 ബ്ലോഗുകളില്‍ രണ്ട് മൂന്ന് പോസ്റ്റ് വീതം നടത്തിയോരെ വേണോങ്കില്‍ കാണിച്ച് തരാം ;).

Wed Sept 20, 08:24:00 pm IST  
Blogger ബിന്ദു said...

ഇഞ്ചീ തെളിച്ചു പറയേണ്ട , ക്ലൂ തന്നാല്‍ മതി. :)

Wed Sept 20, 08:26:00 pm IST  
Anonymous Anonymous said...

Su,
Congratulations and good luck for the next 250.

Lekha

Wed Sept 20, 08:55:00 pm IST  
Blogger വേണു venu said...

അഭിനന്ദനങ്ങള്‍ സൂ.ഒപ്പം എല്ലാ
നന്‍‍മകളും നേരുന്നു.
വേണു.

Wed Sept 20, 09:21:00 pm IST  
Blogger ലിഡിയ said...

നാഴികകല്ലുകളൊരോന്നും പിന്നിടവേ-
നാമറിയുന്നുവൊ,നമ്മിലെയുണ്മയെ-
പൌര്‍ണ്ണമിചന്ദ്രനുദിച്ചൊരായിരം രാക്കളും-
പൊന്നൊളിവീശുമര്‍ക്കന്റെ കനിവും
പാഥേയാമായ് നിനക്കേകിടാം ഞാന്‍..

-പാര്‍വതി.

Wed Sept 20, 09:31:00 pm IST  
Anonymous Anonymous said...

ബൂലോഗത്തില്‍ 250 കഴിഞ്ഞ സു-'മുത്തശ്ശിക്ക്‌' എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. Congrats.
(ഈ ബൂലോഗത്തിലെ ഒരു കൊച്ചു കുഞ്ഞ്‌, നടക്കാന്‍ പടിക്കുന്നു.)

Wed Sept 20, 09:50:00 pm IST  
Blogger aneel kumar said...

ഇരുന്നൂറ്റയ്മ്പതാശംസകള്‍ !

Wed Sept 20, 10:11:00 pm IST  
Blogger Santhosh said...

ഹായ്! 250-ല്‍ 50 അടിക്കാന്‍ കഴിയുന്നതു തന്നെ ഭാഗ്യം!

സൂ, ആശംസകള്‍!

Wed Sept 20, 10:17:00 pm IST  
Blogger സ്നേഹിതന്‍ said...

ഇനിയും ഇനിയും എഴുതൂ.

ആശംസകള്‍ !

Wed Sept 20, 10:25:00 pm IST  
Blogger അനംഗാരി said...

സൂവിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ഒരായിരമല്ല, പതിനായിരമല്ല, കോടി കഥകള്‍ ആ തൂലികകളില്‍ നിന്ന് ഒഴുകട്ടെ. അതീ ബൂലോഗവും കടന്ന്, ഏഴു കടലും കടന്ന് പരക്കട്ടെ.

Thu Sept 21, 02:24:00 am IST  
Blogger കിച്ചു said...

സൂ... വല്ല്യേച്ചീ 250 എന്റമ്മോ... എനിക്കങ്ങട് വിശ്വസ്ക്കാന്‍ കഴിയുന്നില്ല. എന്തായാലും എന്റെ ആശംസകള് ഇനി അനവധി പോസ്റ്റുകള്‍ വരട്ടെ...

Thu Sept 21, 03:00:00 am IST  
Anonymous Anonymous said...

സൂവിന് കര്‍ണ്ണന്റെ അംശസകള്‍ സൂ ചെയ്തത് ചെറിയ കാര്യമല്ലായെന്ന് മനസിലാകുന്നത് മലയാളം എഴുതുമ്പോളുള്ള വിഷമം ഓര്‍ക്കുമ്പോഴാണ്.

Thu Sept 21, 03:02:00 am IST  
Blogger evuraan said...

സൂ,

ആശംസകള്‍..!

ഇനിയും ഒരുപാടെഴുതൂ..!

Thu Sept 21, 08:33:00 am IST  
Blogger nalan::നളന്‍ said...

ആശയദാരിദ്ര്യത്തിന്റെ വിപരീതമാകുന്നു സൂ..
ആശംസകള്‍

Thu Sept 21, 09:11:00 am IST  
Blogger അഭയാര്‍ത്ഥി said...

ചൈനാ വന്മതിലിനു മുന്‍പില്‍ നില്‍ക്കുന്ന സഞ്ചാരിയേപ്പോലെ ഞാന്‍ അന്തിച്ചു നില്‍കുന്നു സു-പ്താത്ഭുതത്തിന്നു മുന്‍പില്‍...........

ആശംസകള്‍...........250++

Thu Sept 21, 09:49:00 am IST  
Blogger Kumar Neelakandan © (Kumar NM) said...

251 അഭിനന്ദനങ്ങള്‍

Thu Sept 21, 09:53:00 am IST  
Blogger സു | Su said...

കൈത്തിരി :), അഗ്രജന്‍ :) , ഇത്തിരിവെട്ടം :), കുസൃതിക്കുടുക്കേ :), വിശാലാ :) . പച്ചാളം :), പ്രവീണ്‍ :), മുസാഫിര്‍ :), ശാലിനി :), ദേവാ :), അതുല്യച്ചേച്ചീ :), സുനില്‍ :), ശിശൂ :), കണ്ണൂസ് :), കണ്ണൂരാന്‍ :),
പടിപ്പുര :), രമേഷ് :), സിദ്ധാര്‍ത്ഥന്‍ :), ബയന്‍ :), ജ്യോതീ :), ഉണ്ണി :), ഡാലീ :), വല്യമ്മായീ :), പീലിക്കുട്ടീ :), വിശ്വം :), ആദീ :), കലേഷ് :), ബെന്യാമിന്‍ :), ഉമേഷ്‌ജീ :), സ്വാര്‍ത്ഥന്‍ :), ബിന്ദൂ :), കരീം മാഷേ :), ലാപുട :), ആനക്കൂടാ :), ഇഞ്ചിപ്പെണ്ണേ :), ദില്‍‌ബാസുരാ :), ലേഖ :), പാര്‍വതി :), വേണു :), കൃഷ്9 :), അനിലേട്ടാ :), സന്തോഷ് :), സ്നേഹിതന്‍ :), അനംഗാരീ :), കിച്ചുണ്ണീ :), കര്‍ണന്‍ :), ഏവൂരാന്‍ :), നളന്‍ :), ഗന്ധര്‍വന്‍ :), കുമാര്‍ :)

എല്ലാവരുടേയും ആശംസകള്‍ക്ക് ഹൃദയം നിറയെ നന്ദി.

Thu Sept 21, 07:19:00 pm IST  
Blogger Shiju said...

സു ചേച്ചി എനിക്ക്‌ ഇതില്‍ 250-മത്തെ കമെന്റ്‌ ഇടണം എന്നായിരുന്നു ആഗ്രഹം. പക്ഷെ അതിലേക്ക്‌ ഇനിയും കമെന്റുകള്‍ 200-ഓളം കിടക്കുന്നതു കൊണ്ട്‌ ഞാന്‍ 60-മത്തെ കമെന്റ് ഇടുന്നു. എല്ലാ വിധ ആശംസകളും. കൂടുതല്‍ പോസ്റ്റുകള്‍ ഇനിയും വരട്ടെ.

Thu Sept 21, 07:41:00 pm IST  
Blogger സു | Su said...

ഷിജൂ :) നന്ദി.

താര :)നന്ദി.

Thu Sept 21, 08:14:00 pm IST  
Anonymous Anonymous said...

വൈകിപ്പോയി. :)
ആശംസകള്‍...അഭിനന്ദനങ്ങള്‍....
ഇനി പോയി കഥ വായിക്കട്ടെ. :)

Thu Sept 21, 09:37:00 pm IST  
Blogger സു | Su said...

ആര്‍. പി :) നന്ദി.

Sat Sept 23, 09:57:00 am IST  
Blogger Saha said...

പ്രിയ സൂ...
അയത്നലാളിത്യമാര്‍ന്ന ഈ ശൈലിയില്‍ ഇനിയും ആയിരം നുറുങ്ങുകള്‍ വിരിയട്ടെ!
സ്നേഹാശംസകള്‍

സഹ

Sun Sept 24, 07:06:00 am IST  
Blogger സു | Su said...

സഹ :) നന്ദി.

Sun Sept 24, 05:14:00 pm IST  
Blogger Satheesh said...

250 ന്റെ എല്ലാ ഭാവുകങ്ങളും..ഇനിയും ഒരുപാടെഴുതൂ!

Sun Sept 24, 08:01:00 pm IST  
Blogger സു | Su said...

നന്ദി :) സതീഷ്.


qw_er_ty

Mon Sept 25, 11:29:00 am IST  
Blogger ഖാദര്‍ said...

അഭിനന്ദനങ്ങള്‍.നന്മയുടെ സ്വത്താല്‍ നിറയട്ടെ നമ്മുടെ നാട്.

Tue Sept 26, 03:22:00 pm IST  
Blogger സു | Su said...

പ്രയാണം :) നന്ദി.

qw_er_ty

Tue Sept 26, 03:32:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home