Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, November 07, 2006

ജീവിതം ഒരു ഭാഗ്യം

അന്നും പതിവുപോലെ ആകാശം മുകളിലും, ഭൂമി താഴേയും, നമ്മളൊക്കെ നടുവിലും ആയിരുന്നു. സൂര്യന്‍ പടിഞ്ഞാറു തന്നെ അസ്തമിക്കും എന്ന് ഉറപ്പ്‌ വരുത്തിയിട്ടാണ്‌ ഞങ്ങള്‍ ഇറങ്ങിയത്‌. അന്ന് ഒരു ബൈക്കായിരുന്നു ഞങ്ങള്‍ക്ക്‌ ഉള്ളത്‌. എല്ലാ ഭര്‍ത്താക്കന്മാരേയും പോലെ, മാറ്റാന്‍ പറ്റുന്നതല്ലേ മാറ്റാന്‍ പറ്റൂ എന്നതില്‍ നിരാശപൂണ്ടാണ്‌‍ ബൈക്ക്‌ മാറ്റി ഇപ്പോഴുള്ള സ്കൂട്ടര്‍ വാങ്ങിയത്‌.

അങ്ങനെ അന്നത്തെ ദിവസം ബൈക്കില്‍ കയറി. പുറകില്‍ കയറ്റിവെച്ചിരിക്കുന്നത്‌, ഭാരമല്ലെന്നും, ഭാര്യയാണെന്നും ഓര്‍മ്മപ്പെടുത്താന്‍ വേണ്ടി, ഞാന്‍ പതിവുപോലെ മൂളിപ്പാട്ടും, ലോകകാര്യങ്ങളും ഒക്കെ പറയുന്നുണ്ട്‌. ചേട്ടന്‍ ഒന്നും കേട്ടില്ലെങ്കിലും, വഴിയില്‍ ഇരിക്കുന്നവരൊക്കെ, ബൈക്കിലിരിക്കുമ്പോഴെങ്കിലും, ഇത്തിരി സ്വൈരം കൊടുത്തുകൂടെ എന്ന മട്ടില്‍ നോക്കും.

എന്താണ് സംഭവിക്കുന്നതെന്നറിയുന്നതിനുമുമ്പ്‌ സംഭവിച്ചു എന്നൊക്കെ പത്രത്തില്‍ വായിക്കുമ്പോള്‍ ഞാന്‍ വിചാരിക്കാറുണ്ട്‌, ‘പുളുവടിക്കുന്നു. അറിയാതെയങ്ങ്‌ ഓരോന്ന് സംഭവിക്കുകയല്ലേ’ എന്ന്. പക്ഷെ, ഓരോ കാര്യവും അനുഭവത്തില്‍ വരുമ്പോഴേ പഠിക്കൂ, എന്ന് അനുഭവിച്ചറിഞ്ഞാലേ പഠിക്കൂ.

അങ്ങനെ, എന്താണ്‌ സംഭവിച്ചത്‌ എന്നറിയുന്നതിനുമുമ്പ്‌, കത്തിനൊട്ടിച്ച സ്റ്റാമ്പ്‌ പോലെ ചേട്ടനെ ഒട്ടിപ്പിടിച്ചിരുന്ന ഞാന്‍, നീണ്ട്‌ നിവര്‍ന്ന് കിടക്കുന്ന നാഷനല്‍ ഹൈവേയിലേക്ക്‌ പകിട എറിയുന്ന പോലെ എടുത്തെറിയപ്പെട്ടു. കാസര്‍കോട്‌ മുതല്‍ കന്യാകുമാരി വരെയുള്ള സകല ദൈവങ്ങളേയും വിളിച്ച്‌, വേളാങ്കണ്ണിയിലേക്കും, തിരുപ്പതിയിലേക്കും, പഴനിയിലേക്കും, ഉള്ള വിളിക്ക്‌ കറങ്ങിക്കൊണ്ടിരിക്കുന്ന മനസ്സിന്റെ പിന്നിലേക്ക്‌, ഒരു അംബാസിഡര്‍ കാറിന്റെ ചക്രം കറങ്ങി. സിനിമയില്‍പ്പോലും ഇത്രേം കൃത്യമായിട്ട്‌, ആരും ബ്രേക്കിട്ട്‌ കാണില്ല. പിറ്റേന്നത്തെ പത്രത്തിന്റെ ആദ്യപേജും, ഷാരൂഖിന്റേയും, മോഹന്‍ലാലിന്റേയും, വരാനിരിക്കുന്ന റിലീസുകളും, തിളങ്ങുന്ന ഇന്ത്യയുമൊക്കെ എന്റെ മനസ്സിലൂടെ മില്‍ഖാസിങ്ങിനെപ്പോലെ ഓടി.


എന്തായാലും, ദൈവം കാറിന്റെ സ്റ്റിയറിങ്ങ്‌ വീലിനു പിന്നിലുള്ളവരുടെ കൂടെയാണെന്ന് എനിക്ക്‌ ബോധ്യപ്പെട്ടു. അല്ലെങ്കില്‍ ട്രാക്ടര്‍ കയറിയ പുല്ലുപോലെ ഇരിക്കേണ്ട ഞാന്‍, ദൈവത്തെ സ്ഥിരമായി കണ്ടുകൊണ്ടിരിക്കേണ്ട ഞാന്‍, ദൈവത്തെ ഓര്‍ത്ത്‌ കഴിയാന്‍ വിധിക്കപ്പെടില്ലായിരുന്നു. ദൈവം എന്നും നിങ്ങളോട്‌ കൂടെയുണ്ടാകട്ടെ എന്ന് മറ്റുള്ളവരോട്‌ പറയുന്നതിന്റെ അര്‍ഥവും എനിക്ക്‌ മനസ്സിലായി.

കാല്‍മുട്ടില്‍ നിന്ന് കുറച്ച്‌ പെയിന്റ്‌ പോയതല്ലാതെ എനിക്കൊന്നും സംഭവിച്ചില്ല. അക്കാലത്ത്‌ ഞാന്‍ വാഹനങ്ങളുടെ പുകക്കുഴലിനടുത്ത്‌ നിന്നാല്‍ പറന്നു പോകുന്നത്ര വലുപ്പത്തിലേ ഉണ്ടായിരുന്നുള്ളൂ.

കിടന്ന കിടപ്പില്‍ത്തന്നെ ചേട്ടനെ നോക്കി. നായിക, നായകനെ നോക്കുമ്പോലെ നോക്കണം എന്നുണ്ടായിരുന്നു. പക്ഷെ പുരപ്പുറത്ത്‌ നിന്ന് വീണ പൂച്ചയുടെ നോട്ടത്തില്‍ അഡ്ജസ്റ്റ്‌ ചെയ്യാനേ കഴിഞ്ഞുള്ളൂ. ചേട്ടന്‍ വന്ന് കൈപിടിച്ചതും ഞാന്‍ ഒറ്റക്കരച്ചില്‍. നാഷനല്‍ ഹൈവേ, ചീറിപ്പായുന്ന ബസുകള്‍, ലോറികള്‍, മറ്റു വാഹനങ്ങള്‍, ഞങ്ങളെ കൂടി നില്‍ക്കുന്ന ജനങ്ങള്‍. ഇതിനിടയ്ക്ക്‌ എന്തിനു കരഞ്ഞു എന്ന് ചോദിക്കരുത്‌. രക്ഷപ്പെട്ടില്ലെങ്കില്‍, ഞാന്‍ എങ്ങനെ കരയുമായിരുന്നു എന്ന് ഓര്‍ത്ത്‌ കരഞ്ഞതായിരിക്കും, അവസരം പാഴാക്കാതെ.

അടുത്തുള്ള ഒരു ഹോസ്പിറ്റലില്‍ പോയി. മരുന്നും, ഇഞ്ചക്‍ഷനും ഒക്കെ ഒപ്പിച്ചു.

സംഭവിച്ചത്‌ എന്താണെന്ന് വെച്ചാല്‍, ഞങ്ങള്‍ക്ക്‌ കുറച്ച്‌ മുന്നില്‍ പോയ്ക്കൊണ്ടിരുന്ന ബസ്‌, നിര്‍ത്തുകയും, അതില്‍ നിന്നൊരു പയ്യന്‍, ഓപ്പറേഷനു പോകുന്ന പട്ടാളക്കാരനെപ്പോലെ, റോഡ്‌ ക്രോസ്സ്‌ ചെയ്ത്‌ മുന്നോട്ട്‌ ചീറിപ്പാഞ്ഞതും, ചേട്ടന്‍, അവനെ തട്ടി, മുട്ടി എന്നായപ്പോള്‍, ബൈക്ക്‌ കൊണ്ട്‌ സര്‍ക്കസ്‌ കളിച്ചതും, സ്പീഡില്‍ ആയതിനാല്‍, ഞാന്‍ തെറിച്ച്‌ പോയതും ആണ്‌‍.

ഇന്നും ഇടയ്ക്ക്‌ എന്റെ മനസ്സില്‍ ആ അംബാസിഡര്‍ കാര്‍ ബ്രേക്കിടുന്നത്‌ കേള്‍ക്കാറുണ്ട്‌. അതെന്തായാലും നന്നായി. പത്രത്തില്‍ ഒന്നാം ചരമവാര്‍ഷികം, രണ്ടാം ചരമവാര്‍ഷികം എന്നൊക്കെ കണ്ടാല്‍ എന്റെ ഫോട്ടോയിലേക്ക്‌ ഒന്ന് നോക്കുകപോലും ചെയ്യാതെ, സിനിമാക്കോളത്തിലേക്കും, കായികലോകത്തേക്കും പോകുന്ന നിങ്ങളെ എന്റെ ബ്ലോഗ്‌ കൊണ്ട്‌ ബോറടിപ്പിക്കാന്‍ സാധിച്ചല്ലോ. ഹി ഹി ഹി.

ഇത്‌ വായിച്ചു കഴിയുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ഉള്ളത്‌ എനിക്കറിയാലോ. "പാവം ചേട്ടന്‍. ആരാടാ, ആ കാറിന്റെ ബ്രേക്ക്‌ ഇത്ര കാര്യമായിട്ട്‌ നിര്‍മ്മിച്ചത്‌? " എന്നല്ലേ? ;)

(ഇത്‌ ധീം തരികിട തോം എന്നതിനും മുമ്പ്‌ സംഭവിച്ചതായിരുന്നു)

53 Comments:

Blogger കുട്ടേട്ടന്‍ : kuttettan said...

സൂ ചേച്ചീ തേങ്ങ എന്റെ വക

Tue Nov 07, 08:21:00 PM IST  
Blogger ഇത്തിരിവെട്ടം|Ithiri said...

ഇത്‌ വായിച്ചു കഴിയുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ഉള്ളത്‌ എനിക്കറിയാലോ...


അത് തന്നെ അത് തന്നെ... കൊള്ളാം ചേച്ചീ

Tue Nov 07, 08:38:00 PM IST  
Blogger പട്ടേരി l Patteri said...

ആക്ക്സിഡെന്റ് പറ്റിയതു പറഞ്ഞപ്പോഴും ചിരിപ്പിച്ചു.

(ബൈക്കിലിരിക്കുമ്പോഴെങ്കിലും, ബ്ലോഗിലിരിക്കുമ്പോഴും ഇത്തിരി സ്വൈരം കൊടുത്തുകൂടെ എന്ന മട്ടില്‍ നോക്കിക്കൊണ്ട്‌))
സൂ ചേച്ചിയേ....സ്വന്തം വീട്ടില്‍ നടക്കുന്ന കല്യാണത്തിനു എന്നെ ആരും വിളിച്ചില്ല എന്നു പറയുന്നതു പോലെ ആയിപ്പോയല്ലോ യു ഏ ഈ മീറ്റിന്‍ ചേച്ചിയെ ക്ഷണിച്ചില്ലാ എന്നു പറയുന്നത് :( പിന്നെ യു എ ഇയിലെ നമ്മുടെ ഈ മീറ്റിനു ഒരു വിരുന്നു കാരിയെ പോലെ വരാനാണു പ്ലാന്‍ എങ്കില്‍ എനിക്കു ക്ഷണിക്കാനും പ്ലാനില്ല. പിന്നെ സ്വന്തം വീട്ടിലെ പരിപാടിക്ക് ആരുടെയും ഇന്‍വിറ്റേഷന്‍ ഒന്നും വേണ്ടല്ലൊ... എന്ന പിന്നെ അവിടെ കാണാം ... സൂചേച്ചിയെ കൂടാതെ എല്ലാവറെയും യു എ ഇ മീറ്റിലേക്കു ക്ഷണിക്കുന്നു.::) വിട്ടുപോയവരെ സൂ ചേച്ചി ക്ഷണിക്കുന്നതായിരിക്കും :)
ഗ്രീഈഈഎമ്മ്മ്മ്ഹ്....ആ അംബാസിഡര്‍ കാര്‍ ബ്രേക്കിട്ടതാണൂ :)

Wed Nov 08, 12:40:00 AM IST  
Blogger സൂര്യോദയം said...

ചേട്ടന്‍ കാര്‍ ഡ്രൈവര്‍ക്കിട്ട്‌ ഒന്ന് പൊട്ടിച്ചുകാണും... 'നായിന്റെ മോന്‍... ഇത്ര സ്റ്റ്രോങ്ങ്‌ ആയി ബ്രേക്ക്‌ ചവിട്ടുമോടാ...എന്റെ ഭാര്യ പേടിച്ചുപോയല്ലോ ശബ്ദം കേട്ടിട്ട്‌...' എന്ന് ചോദിച്ച്‌. ;-)

Wed Nov 08, 09:44:00 AM IST  
Blogger Sul | സുല്‍ said...

"അന്നും പതിവുപോലെ ആകാശം മുകളിലും, ഭൂമി താഴേയും, നമ്മളൊക്കെ നടുവിലും ആയിരുന്നു."

ആകാശത്തിനെ നടുക്കാക്കാന്‍ ഒരവസരം കിട്ടിയതു പാഴാക്കിയില്ലെ സു. എല്ലാം വെട്ടിപ്പിടിച്ചു മുന്നേറു. ഉയരങ്ങളിലെത്തട്ടേ എന്ന പ്രാര്‍ത്ഥനയോടെ.

-സുല്‍

Wed Nov 08, 10:02:00 AM IST  
Anonymous Anonymous said...

ശ്രീമതി സൂര്യഗായത്രി വിദഗ്ദമായും, ഹാസ്യത്തിന്റെ മെംബൊടി ചെര്‍ത്തും ഒരു കള്ളക്കഥ പറഞ്ഞിരിക്കുന്നു. ജീവിതത്തെ സ്വന്തം ശരീരത്തില്‍ നിന്നു പുറത്തിറങ്ങി നോക്കിക്കാണുംബോഴാണ്‌ ഹാസ്യരസം നിറയുന്നതെന്നു തോന്നുന്നു.

Wed Nov 08, 10:38:00 AM IST  
Anonymous സുനില്‍ said...

സൂവിന്റെ ഇത്തരം പോസ്റ്റുകളാണ് എനിക്കിഷ്ടം. എന്താദിന്റെ കേമത്തംന്ന്‌ എന്നോട്‌ ചോദിക്കരുത്‌. തെളിനീരുപോലെ... ബാക്കി ഇരിങ്ങലച്ചന്‍ പറയുമായിരിക്കും! -സു-

Wed Nov 08, 10:54:00 AM IST  
Blogger ഇടങ്ങള്‍|idangal said...

സൂ,

ശരിക്കും ആസ്വദിച്ചു, ശുദ്ധനര്‍മ്മം എന്നൊക്കെ പറയുന്നത്പൊലെ, നല്ല ഒഴുക്കുള്ള എഴുത്ത്,

ചിലപ്രയൊഗങ്ങള്‍ നന്നായി രസിച്ചു, പ്രത്യേകിച്ചും ‘ഭാരമല്ല ഭാര്യയാണ്..’ എന്നത്,

അഭിനന്ദനങ്ങള്‍

Wed Nov 08, 10:55:00 AM IST  
Blogger ഇടിവാള്‍ said...

" എല്ലാ ഭര്‍ത്താക്കന്മാരേയും പോലെ, മാറ്റാന്‍ പറ്റുന്നതല്ലേ മാറ്റാന്‍ പറ്റൂ എന്നതില്‍ നിരാശപൂണ്ടാണ്‌‍ ..."

അയ്‌ ശെരി.. അപ്പ ഭര്‍ത്താവിന്റെ ഉള്ളിലിരിപ്പ്‌ വരെ നന്നായിട്ടറിയാം.. ല്ലേ?

Wed Nov 08, 10:59:00 AM IST  
Blogger അഗ്രജന്‍ said...

'കത്തിനൊട്ടിച്ച സ്റ്റാമ്പ്‌ പോലെ ചേട്ടനെ ഒട്ടിപ്പിടിച്ചിരുന്ന ഞാന്‍'

ഹിഹി... ഇതെഴുതുമ്പോള്‍ സൂവിനു നാണം വന്നിരുന്നോ :)

നല്ല കലക്കന്‍ ‘നര്‍മ്മെഴുത്ത്’ :)

...ന്നാലും വായനക്കരന്‍റെ മനസ്സിലിരിപ്പ് മനസ്സിലാക്കീലോ :)

Wed Nov 08, 11:02:00 AM IST  
Blogger ദിവ (diva) said...

ഇത് ഇഷ്ടപ്പെട്ടു.

ധീം തരികിടതോം വായിച്ചു. അതിന്റെ കമന്റ്കൂടി ഇവിടെ വച്ചേക്കാം :

ഞാനൊരു തവണ ബൈക്കില്‍ നിന്ന് വീണിട്ട് മുട്ടൊക്കെ പൊട്ടി നാശകോശമായി. വണ്ടിയില്‍ ചില്ലായിട്ടൊന്നും ബാക്കിയില്ല. മുട്ടൊക്കെ ഡ്രസ് ചെയ്തപ്പോളോര്‍ത്തു, ഇത്രയും വല്യ വീഴ്ചയൊക്കെ വീണ സ്ഥിതിയ്ക്ക് വീട്ടുകാര്‍ക്ക് നല്ല സിമ്പതി കാണും. സൂപ്പൊക്കെ വച്ച് തന്ന് ഒരാഴ്ച എന്നെക്കൊണ്ട് വിശ്രമമെടുപ്പിക്കും എന്നൊക്കെ മനക്കോട്ട കെട്ടി ഞാന്‍ വീട്ടില്‍ ചെന്നു.

ചെന്നപാടേ ആരോടും ഒന്നും മിണ്ടാതെ കട്ടിലില്‍ കയറിക്കിടന്നു. മുട്ടിന്റെ, പൊട്ടിയ ഭാഗം പുറത്ത് കാണത്തക്ക വിധം ആണ് ഞാന്‍ കിടക്കുന്നത്.

വൈകിട്ട് പിതാശ്രീ കയറിവന്നപ്പോള്‍, മൊത്തത്തില്‍ ഒരു അവലൊകനമൊക്കെ നടത്തിയിട്ട് എന്നോടൊരു ചോദ്യം “വല്ല വര്‍ക്ഷോപ്പിലും ചോദിച്ചാരുന്നോ... വണ്ടിയ്ക്കെത്ര രൂപായടെ പണിയാകും” എന്ന് !!

Wed Nov 08, 11:25:00 AM IST  
Blogger indiaheritage said...

സൂ ണ്റ്റെ വീഴ്ച്ച കേട്ടപ്പോള്‍ പണ്ട്‌ എനിക്കുണ്ടായ ഒരു സംഭവം ഓര്‍മ്മ വരുന്നു. പക്ഷെ അറ്റ്ഘിങ്ങനെ സരസമായി എഴുതാന്‍ അറിയില്ല. അതുകൊണ്ട്‌ നേരേ പറയാം . ആലപ്പുഴ ചേര്‍ത്തല ബൈപാസ്സില്‍ കൂടി ബൈക്കില്‍ പണ്ട്‌ - ഒരു ഇരുപത്തിമൂന്നു കൊല്ലം മുമ്പ്‌ - നല്ല കത്തിച്ചു വിട്ടു പോകുമ്പോല്‍ പെട്ടെന്ന്‌ പിന്നിലത്തെ വീലിണ്റ്റെ കാറ്റങ്ങു പോയി. അതു ഞാനറിയുന്നത്‌ പക്ഷെ വണ്ടി സര്‍ക്കസ്സുകാരുടെ പോലെ തെന്നി തെന്നി കളിച്ചു കഴിഞ്ഞ്‌, ഞാന്‍ നിങ്ങളെയൊക്കെ ഇങ്ങനെ ബുദ്ധിമുട്ടിക്കണം എന്ന നിയോഗം ഉള്ളതുകൊണ്ട്‌, അല്‍പം തൊലി മത്രം നഷ്ടപ്പെട്ട അവസ്ഥയില്‍ റോഡിണ്റ്റെ ഒരു വശത്തു നിന്നും എഴുന്നേറ്റു നോക്കുമ്പോഴാണ്‌ എന്നു മാത്രം. മുന്നില്‍ നിന്നും പിന്നില്‍ നിന്നുമൊന്നും മറ്റു വാഹനങ്ങളൊന്നും വരാഞ്ഞതുകൊണ്ട്‌ ഞാന്‍ ഇതാ ഇതെഴുതുന്നു.

Wed Nov 08, 11:45:00 AM IST  
Blogger കുറുമാന്‍ said...

ഇതു കലക്കി സൂ. വളരെ ഇഷ്ടമായി അവതരണരീതി. ഇതുപോലത്തെ ഇടക്കിടെ പോരട്ടേട്ടോ

Wed Nov 08, 11:52:00 AM IST  
Anonymous Anonymous said...

സു ചേച്ചി ഒരു ഫാക്ടറി യാണെന്ന് അറിയാം. പ്രോഡക്ടിന് വന്‍ ഡിമാന്‍റും.
ഇതിപ്പോ എന്തായാലും നന്നായി.
ഓരോ ഉപമകളും വ്യത്യസ്തമായി.
എനിക്ക് കൂടുതല്‍ ഇഷടപ്പെട്ടത്:
1. അന്നും പതിവുപോലെ ആകാശം മുകളിലും, ഭൂമി താഴേയും, നമ്മളൊക്കെ നടുവിലും ആയിരുന്നു“

2. കത്തിനൊട്ടിച്ച സ്റ്റാമ്പ്‌ പോലെ ചേട്ടനെ ഒട്ടിപ്പിടിച്ചിരുന്ന ഞാന്‍

3. കാല്‍മുട്ടില്‍ നിന്ന് കുറച്ച്‌ പെയിന്റ്‌ പോയതല്ലാതെ

4. അതില്‍ നിന്നൊരു പയ്യന്‍, ഓപ്പറേഷനു പോകുന്ന പട്ടാളക്കാരനെപ്പോലെ, റോഡ്‌ ക്രോസ്സ്‌ ചെയ്ത്‌ മുന്നോട്ട്‌ ചീറിപ്പാഞ്ഞതും..

എല്ലാം ഒന്നിനൊന്നു മെച്ചം.
പതിവില്‍ കവിഞ്ഞ സന്തോഷത്തോടെ
സ്നേഹത്തോടെ
രാജു.
ഒടേ:.’ഇരിങ്ങലച്ചന്‍’ എന്ന സുനിലിന്‍റെ പ്രയോഗവും എന്‍റെ കമന്‍ റുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്നറിയുന്നതില്‍ സന്തോഷം.

Wed Nov 08, 12:03:00 PM IST  
Blogger ഹേമ said...

തമാശകളുടെ പൂരമാണല്ലൊ.
ഒരു പാടിഷ്ടായി
സിമി

Wed Nov 08, 12:16:00 PM IST  
Blogger Peelikkutty!!!!! said...

സൂ ചേച്ചി :)

Wed Nov 08, 12:21:00 PM IST  
Blogger കുട്ടന്മേനൊന്‍::KM said...

അല്ലെങ്കില്‍ ട്രാക്ടര്‍ കയറിയ പുല്ലുപോലെ ഇരിക്കേണ്ട ഞാന്‍.. കലക്കന്‍ എഴുത്ത്..:)

Wed Nov 08, 12:26:00 PM IST  
Blogger വല്യമ്മായി said...

നല്ല കഥ.

ആ കണ്ണട രണ്ടു ദിവസത്തിനു കടം തരുമോ,ഞാനും അത് വെച്ച് രണ്ട് ദിവസം ലോകത്തെ നോക്കി രണ്ട് കഥയെഴുതട്ടെ

Wed Nov 08, 12:29:00 PM IST  
Blogger അതുല്യ said...

ഇരിങ്ങല്ലേ..ഹ്‌ ഹ്‌

Wed Nov 08, 12:29:00 PM IST  
Blogger സു | Su said...

ഇത് വെറും ഒരു കഥയാണെന്ന് വിചാരിക്കുന്നവര്‍ക്ക്-

എന്റെ ജീവന്‍ വെച്ച് കഥയെഴുതാന്‍ മാത്രം ആശയദാരിദ്ര്യം ഒന്നും എനിക്ക് വന്നിട്ടില്ല എന്ന് സന്തോഷത്തോടെ അറിയിച്ചുകൊള്ളുന്നു. ഇതൊരു കഥയല്ല.

കുട്ടേട്ടാ :) തേങ്ങയ്ക്ക് നന്ദി.

ഇത്തിരിവെട്ടം :) അതെനിക്കറിയാലോ.

പട്ടേരി :) നന്ദി. മീറ്റിന്റെ കാര്യം വെറുതെ പറഞ്ഞതാണേ. എന്നെ മാത്രം ക്ഷണിക്കാന്‍ ഞാനാര്? വിശിഷ്ടാതിഥിയോ.

സൂര്യോദയം :) ഹി ഹി ഹി.

സുല്‍ :) നന്ദി. ഒന്നും വെട്ടിപ്പിടിക്കേണ്ട എനിക്ക്.

ചിത്രകാരന്‍ :) ഇതൊരു കള്ളക്കഥയല്ല. ആണെങ്കില്‍ എനിക്ക് കഥാപാത്രങ്ങള്‍ക്ക് നല്ല പേരിട്ട് എഴുതാന്‍ അറിയാം. കമന്റ്റിനു നന്ദി.

സുനില്‍ :) നന്ദി. എന്നും ഇത്തരം, അല്ലെങ്കില്‍ ഇതിലും നല്ലത് എഴുതണം എന്നൊക്കെയുണ്ട്.

ഇടങ്ങള്‍ :) ആസ്വദിച്ചതില്‍ സന്തോഷം. ഉപമ ഇതില്‍ കൂടിപ്പോയില്ലല്ലോ? നന്ദി.

ഇടിവാള്‍ :) അറിഞ്ഞാലേ ശരിയാവൂ. ;)

അഗ്രജന്‍ :) നന്ദി. മനസ്സിലിരിപ്പ് അങ്ങനെയല്ലേ? ;)


ദിവാ :) ഹി ഹി. പിതാവ് പുത്രന്റെ പരിപാടി കണ്ടുപിടിച്ചു അല്ലേ? ഒരുപാട് പ്രാവശ്യം ഞങ്ങള്‍ക്ക് അപകടം പറ്റിയിട്ടുണ്ട്. എങ്ങനെയൊക്കെയോ രക്ഷപ്പെടുന്നു.

ഇന്ത്യാഹെറിറ്റേജ് :) അതുകൊണ്ട് ഞങ്ങള്‍ക്ക് ആ ബ്ലോഗ് വായിച്ച് ഓരോ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പറ്റുന്നു.

കുറുമാന്‍ :) നന്ദി. ഇങ്ങനെ സ്കൂട്ടറില്‍ നിന്ന് വീണിട്ട് ഇടയ്ക്കിടയ്ക്ക് പോരട്ടെ എന്നാണോ? ;)

രാജൂ :) എന്താ ഒരു നീരസം? ഞാന്‍ ഒരു ഫാക്ടറിയൊന്നുമല്ലേ. ഇങ്ങനെയൊക്കെ ഒന്ന് ജീവിച്ച് പോട്ടെ. ഇരിങ്ങലച്ചന്‍ എന്നത് ഒരു ബഹുമാനമല്ലേ? സന്തോഷത്തോടെ സ്വീകരിക്കൂ. ഉപമകളൊന്നും അധികമായില്ലല്ലോ അല്ലേ?

സിമി :) ഇഷ്ടമായതില്‍ നന്ദി. ജീവിതം തന്നെ ഒരു തമാശയല്ലേ.

പീലിക്കുട്ട്യമ്മൂ :)

കുട്ടമ്മേനോന്‍ :) നന്ദി.

വല്യമ്മായീ :) ഇത് വെറും കഥയല്ല കേട്ടോ. പണ്ടൊരിക്കല്‍ സംഭവിച്ചതാ. ഇനീം ഉണ്ട് അപകടങ്ങള്‍ എഴുതാന്‍. നന്ദി.

അതുല്യ :) ഇരിങ്ങലിന് നല്ലൊരു ബഹുമതിയല്ലേ കിട്ടിയത്?

Wed Nov 08, 12:53:00 PM IST  
Blogger വിശാല മനസ്കന്‍ said...

‘ചേട്ടന്‍ വന്ന് കൈപിടിച്ചതും ഞാന്‍ ഒറ്റക്കരച്ചില്‍‘ അതാണെനിക്കേറ്റവും ഇഷ്ടപ്പെട്ട സീന്‍!

ആകാശത്തിന്റെയും ഭൂമിയുടെയും ആ കിടപ്പും സ്റ്റാമ്പിനേപ്പോലെയുള്ള ആ ഒട്ടലും വളരെ വളരെ ഇഷ്ടായി സൂ.

Wed Nov 08, 12:54:00 PM IST  
Blogger Siju | സിജു said...

ഒരു ഭയങ്കര സംഭവമായി പറയാന്‍ പറ്റുമായിരുന്ന ഒന്നു രസകരമായി പറഞ്ഞിരിക്കുന്നു.

ഓ. ടോ. പഴയ പോസ്റ്റും വായിച്ചു; കൊള്ളാം. പക്ഷേ, ഞാനതിലെ പാട്ട് പാടി നോക്കിയിട്ട് മൂസിക് ശരിയാകുന്നില്ല, പിന്നെയാ മനസ്സിലായതു വാക്കുകള്‍ തിരിച്ചാ ഇട്ടിരിക്കുന്നത്
പാട്ടിങ്ങനെയാ ..
ഹര്‍ ഗഡി ബദല്‍ രഹി ഹെ രൂപ് സിന്ദഗി...

Wed Nov 08, 12:56:00 PM IST  
Anonymous Anonymous said...

സൂ ചേച്ചി ഒരു ആക്സിഡന്‍റ് കഥ യുണ്ട് കമന്‍റായി. ഇവിടെ ഇട്ടാല്‍ ഇത്തിരി വലുതാണ്. അനുവദിക്കുമെങ്കില്‍ ഇവിടെ ഇടാം.
എഴുതി വച്ചു. അനുവാദത്തിന് കാത്തിരിക്കുന്നു.
ഇതിന്‍റെ കൂടെ വായിക്കാനാണ് സുഖം.
നീരസം ഒന്നുമില്ല ചേച്ചി.
സന്തോഷം കൊണ്ടാണ് ഫാക്ടറി എന്നു പറഞ്ഞത്. സ്നേഹത്തില്‍ തന്നെ.

Wed Nov 08, 01:23:00 PM IST  
Blogger സു | Su said...

വിശാലാ :)നന്ദി.

സിജൂ :) എഡിറ്റ് ചെയ്തപ്പോള്‍ തെറ്റിയതാകും. നന്ദി.


രാജൂ :) ഇവിടെ ഇടുന്നതില്‍ വിരോധം ഇല്ല.

Wed Nov 08, 01:40:00 PM IST  
Anonymous Anonymous said...

ഓ.. ഞാന് ആ ആക്സിഡന്റ് കഥ പറയാത്തതു കൊണ്ടാണൊ അതുല്യ ചേച്ചി വിളിച്ചു കൂവുന്നത്. എങ്കില് പറയാം.

വാമ ഭാഗം മുംബയില്. എന്നാല് ഈയുള്ളവന്‍റെ ജനനം, വളര്‍ച്ച (വളര്‍ന്നോ...?) തെറി പറയാന്‍ പഠിച്ചത് എല്ലാം മതാ പിതാക്കന് മാര്ക്കൊപ്പം കണ്ണൂരില്.
ആയിടയ്ക്കാണ് മുംബയില് നിന്ന് കരിപ്പുര് വരെയും തിരിച്ചും ആകാശ യാത്രചെയ്യാന്‍ തീരുമാനിച്ചത് കാരണം സമയം തന്നെ. 15 ദിവസത്തെ ലീവില് എന്തൊക്കെ ചെയ്യണം.ആരെയൊക്കെ തൃപ്തി പ്പെടുത്തണം.

6 മാസം പ്രായ മായ സന്താനത്തെയും ഡ്യൂട്ടിക്കിടയില്‍ ‘ചുട്ടി’ കിട്ടാത്തതിനാല്‍ നല്ലപാതിയെയും കൂട്ടാതെ നാട്ടിലേക്ക് കെട്ടും മുട്ടുമില്ലാതെ പോയെങ്കിലും തിരിച്ചുവരവില് ഗര്ഭാലസ്യം കഴിഞ്ഞു കിടക്കുന്ന (ഓടി നടക്കുന്ന) സഹധര്മ്മിണിക്ക് കൊടുക്കാന്‍ അമ്മായിയമ്മയുടെ വക ചക്ക, മാങ്ങ, കാച്ചില്, ചേമ്പ് തുടങ്ങി നാട്ടിലെ വേരുകളായ വേരും വേരിന് തുമ്പത്തെ കായ്കളും കൂട്ടത്തില് ഉണ്ണിയപ്പം, അരിയുണ്ട (കണ്ണൂറ് സ്പെഷ്യല്).

ദൈവം പ്രാസാദിച്ച് രണ്ടു കൈയ്യല്ലേ ഈ പാതിക്കും പിതാവിനും ഉള്ളൂ. എന്നാല് ഇതൊന്നും വേണ്ടമ്മേ ന്ന് എത്ര തവണ മന്ത്രജപവും അതു കഴിഞ്ഞ് മുദ്രാവാക്യവും വിളിച്ചിട്ടും അമ്മായിയമ്മയ്ക്ക് മരുമകളിലുള്ള പ്രീയം കുറഞ്ഞതൊ ഈയുള്ളവന്‍റെ ലോഡ് കുറഞ്ഞതോ ഇല്ല.

അങ്ങിനെ മേല് വിവരിച്ച സാമാനങ്ങളുമായ് കരിപ്പൂരിലെ വിശദമായ ചെക്കിങ്ങ് ദാ.. അടിക്കുന്നു കീ കീ കീ.. മെറ്റല് ഡിറ്റക്ടര്. ചീവീട് കാറുന്നതു പോലുള്ള അടുത്ത വീട്ടിലെ കരുണേട്ട ന്‍റെ കുഞ്ഞുകീറുന്നതു പോലെ.
പോലീസായ പോലീസും കിങ്കരന് മാരും ലാത്തി, തോക്ക്, പിന്നെ കൈയ്യില്‍ കിട്ടിയതെല്ലാം എടുത്ത് (വിറകു കൊള്ളി വരെ ഏടുത്തെന്ന് ഗര്‍ഫ് റൌണ്ടപ്പ് ടി. വിയില്‍ കാണിച്ചെന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ട്). ഓടിയടുത്തു. ഒടുക്കം ചോറ്റും പാത്രത്തില് അമ്മ മരുമകള്ക്ക് വേണ്ടി എന്തോ ഉണ്ടാക്കി വച്ചതാണെന്ന് മനസ്സിലായപ്പോള് ഗ്രീന് സിഗ്നല് കിട്ടിയ വണ്ടി പോലെ ഞാന് ഓടി. കഥ അതല്ലല്ലൊ. ഇത്രയൊക്കെ സാഹസം കഴിഞ്ഞിട്ടും എങ്ങും എത്തിയില്ല.

ഛത്രപതി ഏര്പ്പോട്ടില് നിന്ന് കൊളാബ വരെ പോകണമെങ്കില് മിനിമം 500 മണീസ് കൊടുക്കണം ടാക്സിക്ക്. പിശുക്കന് മാരില് പേരെടുത്ത ഞാനെവിടെ ടാക്സി പിടിക്കാന് മഹാരാഷ്ട ആന വണ്ടിയില് കയറി റെയില്‍വേ സ്റ്റേഷനില് ഇറങ്ങി. ഇനി കഥയുടെ രണ്ടാം ഭാഗം.
ഓ .. പറയാന് മറന്നു. രണ്ടു കയ്യിലും തോളത്തുമായില് മരുമകള്ക്കുള്ള സ്നേഹം അമ്മായിയമ്മ കെട്ടിപ്പൊതിഞ്ഞു തന്നുവിട്ടിരിക്കുകയാണല്ലൊ.. കുട്ടത്തില് ദുബായ്ക്ക് തിരിച്ചു പോരാനുള്ള എന്റെ ഏക തെളിവായ പാസ്പോര്ട്ടും കൂടാതെ സര്ട്ടിഫിക്കറ്റുകള് അടങ്ങിയ ബാഗും ഇതിന്റെ കുട്ടത്തിലുണ്ട് എന്നു ആദ്യമേ പറയട്ടെ.
തൃശ്ശൂര് പൂരത്തിന്റെ അത്ര വരില്ലെങ്കിലും അതിനോട് കിടപിടിക്കുന്ന തിരക്കുള്ള സ്റ്റേഷനില് കെട്ടുമുട്ടുമായ് ഫാസ്റ്റ് ട്രെയിനില് കയറാന് തയ്യാറെടുക്കുന്ന ‘ഇരിങ്ങലച്ചന്’ ബു.ജി, ജാഡ തുടങ്ങിയ അപരനാമധേയത്തിലും വരാനിരിക്കുന്ന പുതിയ പേരിലും അറിയപ്പെടുന്ന ഞാന് ഇരിങ്ങല്.
വണ്ടിയുടെ ചൂളം വിളി കേട്ടപ്പോള്‍ കെട്ടൊക്കെ മുറുക്കി ഒന്നുകൂടെ ആഞ്ഞ് നിന്നു. വേണമെങ്കില്‍ അപ്പോള്‍ ആരെയെങ്കിലും കിട്ടിയാല്‍ ഒന്നു തല്ലാന്‍ വരെ ധൈര്യം ഉണ്ടെന്ന് അപ്പോഴത്തെ ഒരു നില്‍പ്പ് വീഡിയൊ കാമറയുടെ ചെറിയ സ്ക്രീനിലും പിന്നെ ഡിവിഡി ആയി ഇറങ്ങാന്‍ പോകുന്നു വെന്ന് പുതിയ സിനിമയുടെ പി. ആര്‍. ഒ റിപ്പോര്‍ട്ട് ചെയ്തു.

വലതു കാലും കയ്യും വണ്ടിയുടെ അകത്ത് അപ്പോഴും സര്ട്ടിഫിക്കറ്റുകളും അരിയുണ്ടയും അടങ്ങിയ തോള്‍ ബാഗ് വെളിയില് തൂങ്ങിക്കിടന്ന് നിലവിളിക്കുന്നു. എന്തു ചെയ്യാന്‍... ചേട്ടന് മാര് തോള്‍സഞ്ചി മൊളെ തോണ്ടുകയും തലോടുകയും ചെയ്യുന്നതിനിടയില് വണ്ടി വിട്ടു. അപ്പോഴും തൂങ്ങി നില്ക്കുന്ന തോള്‍സഞ്ചി മോളെ ഏതൊ സ്നേഹ പ്രകൃതന്‍ അരിയുണ്ടയുടെ മണം നുകര്‍ന്ന് താഴേക്ക് വലിച്ചിട്ടു.

ദൈവമേ എന്റെ സര്ട്ടിഫിക്കറ്റും പാസ്പോര്ട്ടും. .പിന്നെ പിടിച്ചു നില്ക്കാന് തോന്നിയില്ല. ഓടുന്ന വണ്ടിയില് നിന്ന് ഫ്ലാറ്റ് ഫോമിലേക്ക് ‘സ്വാമിയേ... ശരണമയ്യപ്പ. ദാ.. 5 (അത്രയേ എണ്ണാന് കഴിഞ്ഞുള്ളൂ) തവണാ കരണം മറിഞ്ഞ് കയ്യിലുള്ള പെട്ടികളുമായ് ഡൈവിങ്ങ്.
ഇങ്ങനെ ഡൈവ് ചെയ്യുകയാണെങ്കില് ഇന്ത്യയ്ക്ക് സാഫ് ഗെയിംസിലെങ്കിലും ഒരു സ്വര്ണ്ണം കിട്ടിയേനേ എന്ന് അടക്കം പറയുന്നത് ഞാന്‍ കേട്ടില്ല.
ശേഷം എന്തു പറ്റി നിങ്ങള് ഊഹിക്കൂ.. സ്നേഹത്തോടെ
രാജു.

Wed Nov 08, 02:23:00 PM IST  
Blogger അതുല്യ said...

കു.ഭഗോതിയാണേ.. ഞാനിനി ഇരിങ്ങലോട്‌ ഹ്‌ ഹ്‌ ന്ന് പറയില്ല. ഇത്‌ സത്യം സത്യം സത്യം.

Wed Nov 08, 02:40:00 PM IST  
Blogger s.kumar said...

നന്നായിരിക്കുന്നു. പുറകിലിരിക്കുമ്പോഴും സ്വൈര്യം കൊടുക്കില്ല അല്ലെ?...കൊള്ളാം

Wed Nov 08, 05:26:00 PM IST  
Blogger സു | Su said...

രാജൂ :) ആ ഡൈവിങ്ങിലാണ്, വിദേശത്ത് എത്തിയത് അല്ലേ?

അതുല്യേച്ചീ :) ഇബ്രുവിന് ഇബ്രാന്‍ എന്ന് ബഹുമതി കൊടുത്തത് പോലെ ഇരിങ്ങലിന് ഇരിങ്ങലച്ചന്‍ എന്ന് കൊടുക്കാം.

എസ്. കുമാര്‍ :)നന്ദി.

Wed Nov 08, 06:30:00 PM IST  
Blogger മുസാഫിര്‍ said...

സു,
എനിക്കിഷ്ടപ്പേട്ട ഭാഗം ഇതാണു.

ചേട്ടന്‍ ഒന്നും കേട്ടില്ലെങ്കിലും, വഴിയില്‍ ഇരിക്കുന്നവരൊക്കെ, ബൈക്കിലിരിക്കുമ്പോഴെങ്കിലും, ഇത്തിരി സ്വൈരം കൊടുത്തുകൂടെ എന്ന മട്ടില്‍ നോക്കും.

കാരണം അതു എനിക്കു മനസ്സില്‍ കാണാന്‍ പറ്റുന്നുണ്ട്.വീണു വീണു നല്ല പരിചയം ആയി അല്ലെ.മൂന്നാമത്തെ പ്രാവശ്യം സൂക്ഷിക്കണം .

Wed Nov 08, 06:31:00 PM IST  
Blogger ലാപുട said...

"രക്ഷപ്പെട്ടില്ലെങ്കില്‍, ഞാന്‍ എങ്ങനെ കരയുമായിരുന്നു എന്ന് ഓര്‍ത്ത്‌ കരഞ്ഞതായിരിക്കും, അവസരം പാഴാക്കാതെ."
- ആദ്യം ചിരിപ്പിച്ചു, പിന്നെ ആലോചിപ്പിച്ചു അതുംകഴിഞ്ഞിപ്പോള്‍ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്നു ഈ വാചകത്തിന്റെ ചിരിയിലൊതുങ്ങാത്ത സാധ്യതകള്‍...
അഭിനന്ദനങ്ങള്‍...

Wed Nov 08, 06:38:00 PM IST  
Blogger വിശ്വപ്രഭ viswaprabha said...

ലാപുടേ,

അല്ലെങ്കിലും സൂ എഴുതുന്ന വരികള്‍ക്കിടയില്‍ ധാരാളം അമ്പരപ്പിക്കുന്ന സത്യങ്ങളും സാദ്ധ്യതകളും വായിക്കാനുണ്ടാവും. പലപ്പോഴും നാമതു വിട്ടുപോവുകയാണ്.

Wed Nov 08, 06:47:00 PM IST  
Blogger അരവിശിവ. said...

സൂ ചേച്ചി :-) കഥയും വിവരണവുമെല്ലാമിഷ്ടമായി...ഇമ്മാതിരി ഐറ്റങ്ങളിനിയും പോരട്ടെ..

Wed Nov 08, 07:17:00 PM IST  
Blogger Vempally|വെമ്പള്ളി said...

സൂവെ,
ഈ അപകട വിവരണം വായിച്ചാല്‍ ഞെട്ടിത്തരിക്കേണ്ടതിനു പകരം പൊട്ടിച്ചിരിച്ചു പോകുമല്ലോ. ഇനിയെങ്കിലും മുറുകെപ്പിടിച്ചിരുന്നോണെ!!

Wed Nov 08, 07:21:00 PM IST  
Blogger സു | Su said...

മുസാഫിര്‍ :) മൂന്നും നാലുമൊക്കെ കഴിഞ്ഞു. നമ്മള്‍ സൂക്ഷിച്ചിട്ടൊന്നും കാര്യമില്ല. മറ്റുള്ളവരും സൂക്ഷിക്കണം.

അരവിശിവാ :) ഇത് കഥയല്ല കേട്ടോ. നടന്ന കാര്യമാണ്.

വെമ്പള്ളീ :)അന്ന് ഞെട്ടിത്തരിച്ചെങ്കിലും, ഇന്ന് ചിരിക്കാന്‍ കഴിയുന്നുണ്ട്.

ലാപുട :) നന്ദി. ആ കരച്ചിലിനു മുമ്പൊരു മനസ്സുണ്ടല്ലോ. അത് പറയാന്‍ പറ്റില്ല. കരഞ്ഞ് പോയത് ശരിക്കും, കരയാന്‍ ബാക്കിയുണ്ടല്ലോന്ന് വിചാരിച്ച് തന്നെയാവും.

വിശ്വം :)ഇല്ലാത്തതൊന്നും കൂട്ടി വായിപ്പിക്കല്ലേ ;) ജീവിച്ചുപോട്ടേ.

എവിടെയെത്തി?

Wed Nov 08, 11:02:00 PM IST  
Blogger പച്ചാളം : pachalam said...

ആ കരഞ്ഞ സീന്‍ എനിക്കു വല്ലാതിഷ്ടപ്പെട്ടു. എന്തൊരു ചമ്മല്‍ :)

Wed Nov 08, 11:54:00 PM IST  
Blogger സു | Su said...

പച്ചൂ :) എനിക്കൊരു ചമ്മലും തോന്നിയില്ല.


ഓ.ടോ. വിശ്വം എത്തിയത് പ്രമാണിച്ച്, ദേവന്‍, പതിവിലും രണ്ടു മണിക്കൂര്‍ നേരത്തെ ഓഫീസിലേക്ക് പുറപ്പെട്ടു എന്ന് കേട്ടു. ശരിയാണോ? ;)

Thu Nov 09, 08:54:00 AM IST  
Blogger Adithyan said...

ലാപുടയും വിശ്വേട്ടനും പറഞ്ഞതിന്റെ താഴെ എന്റെ ഒരു ഒപ്പ്. :)

ബ്ലോഗിലെ സ്വാഭാവിക കഥാകാരീ പ്രണാമം :)

Thu Nov 09, 09:10:00 AM IST  
Blogger സു | Su said...

ആദീ, ഒപ്പ് വയ്ക്കുന്നതൊക്കെ കൊള്ളാം. പക്ഷെ ശ്രീജിത്ത്, പരീക്ഷയെഴുതിയപോലെ ആവരുത്. ;)

Thu Nov 09, 12:23:00 PM IST  
Blogger bodhappayi said...

ബൈക്കിന്റെ കാറ്റടിച്ചാല്‍ പറന്നു പോകുന്ന സ്ഥിതിയില്‍ നിന്നു കൊച്ചി മീറ്റിന്റെ സ്ഥിതിവരെയെത്തി, ചേട്ടന്‍ ബൈക്‌ മാറ്റി സ്കൂട്ടര്‍ വാങ്ങി. ഇതു രണ്ടും തമ്മില്‍ വല്ല ബന്ധവും... :)

സൂവേച്ചി പതിവുപോലെ തകര്‍പ്പന്‍ പ്രയോഗങ്ങള്‍... :)

Thu Nov 09, 01:53:00 PM IST  
Blogger സു | Su said...

കുട്ടപ്പായീ :) അക്കണക്കിനു നോക്കിയാല്‍ ലോറി വാങ്ങേണ്ടി വരും. ;) നന്ദി.


qw_er_ty

Thu Nov 09, 04:21:00 PM IST  
Blogger magnifier said...

മുത്തങ്ങയില്‍ നിന്നും ആനകളെ ട്രാന്‍സ്പോര്‍ട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന ലോറി വിത് ആക്സസെറീസ് അവിടെ വെറുതെ കിടക്കണത് കണ്ടു. ബുക്ക് ചെയ്യണോ?

ഓ.ടോ....നടുറോട്ടില്‍ നടൂം തല്ലി വീണിട്ടും അതോടൊപ്പം ഒരു ചെറുചിരീം തപ്പിയെടുത്ത് വന്ന മനസ്സിന് നമോവാകം.

Thu Nov 09, 09:27:00 PM IST  
Blogger സു | Su said...

മാഗ്നീ,


വേണ്ടി വരും. അറിയിക്കാം ;)

നന്ദി.
qw_er_ty

Thu Nov 09, 09:41:00 PM IST  
Blogger Reshma said...

രസിച്ചു!
(ഇനിയെങ്കിലും ആ സ്കൂട്ടറില്‍ കേറുമ്പോ ഒന്നു പിടിച്ചിരി സൂവേ)

Thu Nov 09, 09:51:00 PM IST  
Blogger evuraan said...

സൂ-ന്റെ ചേട്ടനൊന്നും പറ്റിയില്ലല്ലോ, ഭാഗ്യം.

പ്രീയപ്പെട്ട കഥാകാരീ, തമാശയാണേ. :)

Fri Nov 10, 02:22:00 AM IST  
Blogger Ambi said...

ഇത്രയും നാളായിട്ട് സൂ സൂന്ന് പിന്മൊഴിയില് കാണുന്നതല്ലാതെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല..
ഒരു കമന്റിനൊരു മറുകമന്റ് കൊടുക്കണാമെന്നുള്ള (പുറം ചൊറിയല്‍ തന്നെ) ഉപകാരസ്മരന കൊണ്ടാണ് വന്നു നോക്കിയത്..
ചേച്ചീ..നമിച്ചു..
ചുമ്മാ പറയുവല്ല..ചേച്ചിയ്ക്കെന്തിനാ നമ്മുടെ കമന്റെന്ന് വിചാരിയ്ക്കാന്‍ പോലും തോന്നുന്നില്ല..ചെത്ത് തന്നെ..

ന്താ ഒരു എഴുത്ത്...

ഒന്നൂടെ നമിച്ചു..

..ഇതിന്റെ പിന്‍പറ്റി ഞാനൊന്ന് പോസ്റ്റുന്നുണ്ട്..

Fri Nov 10, 02:56:00 AM IST  
Blogger ബിന്ദു said...

ഇതിപ്പോള്‍ അപകടങ്ങള്‍ പലതായല്ലൊ. ദൈവം കൂടെയുണ്ടാവട്ടെ എപ്പോഴും.
അതുപോട്ടെ, ആ മനസ്സറിയാനുള്ള യന്ത്രം എക്സ്ട്രാ കാണുമോ?? ;)

Fri Nov 10, 03:13:00 AM IST  
Blogger സു | Su said...

രേഷ് :) പിടിച്ചിരിക്കാന്‍ തന്നെയാണ് വിചാരം. ;)

ഏവൂ :) ചേട്ടന് എന്തെങ്കിലും പറ്റും, ഇതേ രീതിയാണെങ്കില്‍ ;)

അംബീ :)സ്വാഗതം. എഴുതിയത് ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷം.

ബിന്ദൂ :) വീണ്ടും സ്വാഗതം. തിരക്കിലായിരുന്നു അല്ലേ? ആ യന്ത്രം ഒപ്പിച്ചു തരാം. പൈസ, കുറച്ചധികം കരുതിക്കോളൂ.

Fri Nov 10, 12:20:00 PM IST  
Anonymous Anonymous said...

പലതവണ വന്നു നോക്കി പോയതാണ്.അപകടമാണെന്നറിഞ്ഞതു കൊണ്ട് വായിച്ചില്ല.ദാ ഇപ്പോള്‍ വായിച്ചു.ഇനിയും ഇങ്ങനെ ഒരോന്നാണ് എഴുതാന്‍ പരിപാടിയെങ്കില്‍ എന്നെ വായിക്കാന്‍ കിട്ടില്ല.അല്ലെങ്കില്‍ ഞാന്‍ വായിച്ചില്ലെങ്കില്‍ തന്നെ ഇപ്പോ എന്നാ ..? കണ്ടില്ലേ 47പൂര്‍വകമന്റികളെ.എന്തായാലും
നര്‍മബോധം സമ്മതിച്ചിരിക്കുന്നു.

Fri Nov 10, 01:00:00 PM IST  
Blogger സു | Su said...

വിഷ്ണുപ്രസാദ് :)

ഇതൊക്കെയല്ലേ എന്റെ എഴുത്ത്? ഇതല്ലാതെ എന്തെഴുതാന്‍?

പഴയ പോസ്റ്റുകളൊന്നും ഇങ്ങനെ അല്ലല്ലോ.

വന്നതിലും കമന്റ് വെച്ചതിലും സന്തോഷം, നന്ദി.

Fri Nov 10, 01:19:00 PM IST  
Blogger അരീക്കോടന്‍ said...

സൂവില്‍ (!!) കയറുന്നത്‌ ആദ്യമായിട്ടാണ്‌.അന്‍പതാമത്തെ കമെന്റിടാനുള്ള അപൂര്‍വ്വ ഭാഗ്യവും......ഒരു 10 കൊല്ലം മുമ്പാണോ ഈ സംഭവം.? അന്ന് ഞാന്‍ സര്‍സയ്യിദില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം ഇങ്ങിനെ ഒരാള്‍ക്കൂട്ടം????

Fri Nov 10, 08:56:00 PM IST  
Blogger സു | Su said...

ആബിദ്,

50 നും, സൂര്യഗായത്രി സന്ദര്‍ശിച്ചതിനും നന്ദി. ഇത് നടന്നിട്ട് കുറേക്കാലം ആയി. ശരിക്കും ഡേറ്റ് നോക്കണമെങ്കില്‍ ഡയറി നോക്കിയെടുക്കേണ്ടി വരും. :)

qw_er_ty

Sat Nov 11, 10:29:00 AM IST  
Blogger ചന്ദ്രു said...

ചേച്ചി ഒരാളെ കൊന്നാലും ചിരിപ്പിച്ചെകൊല്ലു .....

Sat Nov 11, 07:56:00 PM IST  
Blogger സു | Su said...

ചന്ദ്രു :) സ്വാഗതം. നന്ദി.

qw_er_ty

Mon Nov 13, 05:02:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home