പടികള്‍
പടികള്‍.
ഉയരത്തിലേക്കുള്ളതാവാം,
താഴ്ചയിലേക്കും.
ഏറ്റവും മുകളിലുള്ള പടിയെ കീഴടക്കാനുള്ള വ്യഗ്രത,
ഏറ്റവും താഴെയുള്ളതിനെ സ്വന്തമാക്കാന്‍ പ്രേരിപ്പിക്കുന്നു.
ഉയരത്തിലെത്തിയാല്‍, ആദ്യം ഓര്‍ക്കേണ്ടത്, ഏറ്റവും ആദ്യം കയറിയ പടിയെ.
മുകളിലേക്ക് വഴികാട്ടിയായ് ആദ്യം കണ്ട പടിയെ.
അതില്ലായിരുന്നെങ്കില്‍ നാമിന്നും താഴെത്തന്നെ.
പടികള്‍ ചിലപ്പോള്‍ കാലുവെക്കാന്‍ അനുവദിക്കാതെ ചുട്ടുപൊള്ളാറുണ്ട്.
വഴുതിവീഴാന്‍ കളമൊരുക്കാറുണ്ട്.
അവ തന്നെയാണ് പക്ഷെ, വിരസതയകറ്റാനും, വിശ്രമിക്കാനും വഴിയൊരുക്കുന്നതും.
എങ്ങോട്ട് കൊണ്ടുപോകുമെന്ന് ആശ്ചര്യപ്പെടുത്താറുണ്ട്.
എവിടെയാണ് ഒടുക്കമെന്ന് ആശങ്കപ്പെടുത്താറുണ്ട്.
കുതിച്ചുപായാനും കിതച്ചിരിക്കാനും അവസരം തരാറുണ്ട്.
ഒരുപടിയില്‍ നിന്നും അടുത്ത പടിവരെ ചേര്‍ത്തുപിടിക്കണം ജീവിതം.
അല്ലെങ്കില്‍ രണ്ടുപടികള്‍ക്കിടയില്‍ ഒടുങ്ങി മറയുമത്.
ഒരു പടിയാവാന്‍ ശ്രമിക്കാം.
നിലക്കാത്ത സ്പര്‍ശത്തിനായ് കാത്തിരിക്കാം.
വേദനയുടെ, നിസ്സഹായതയുടേതാവാം, ചില ചുവടുകള്‍.
ആത്മവിശ്വാസത്തിന്റെ കുതിപ്പുമായും എത്തിയേക്കാം ചിലര്‍.
എന്നാലും പടികള്‍ക്ക് ഉയരത്തിലെത്തിക്കാന്‍ കടമയുണ്ട്.
തിരിച്ചുവരുന്നവരെ താഴെയെത്തിക്കാനും.
ഔന്നത്യങ്ങളിലേക്കേറുന്നവരെ തടയാതിരിക്കാം.
താഴേക്കു വരുന്നവരെ തഴയാതിരിക്കാം.
ഒരു പടിയാവാന്‍ ശ്രമിക്കാം.
ഓര്‍മ്മയുടെ മഴ പെയ്യുമ്പോള്‍,
മറവിയുടെ പായലും പൊടിയും അകന്ന്,
മിനുസമായ് തെളിയുന്ന പടിയാവാന്‍ ശ്രമിക്കാം.
34 Comments:
ഞാന്‍ എല്ലാ പടിയും ചവിട്ടിക്കയറും ..
എന്റെ പടിയില്‍ ചവിട്ടിയാല്‍ കേസു കൊടുക്കും ...
ചാത്തനേറ്: പടവുകള്‍... കയറാനും ഇറങ്ങാനും ഒരേ പടവുകള്‍. കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ കാലാകാലത്തോളം ഇവ നിലനില്‍ക്കുന്നു.
ഒരു പക്ഷേ ചവിട്ടിക്കടന്നുപോകുന്ന മനുഷ്യര്‍ ഒരിക്കലും തിരിച്ചുവരില്ല.എന്നാല്‍ ചിലര്‍ താഴേയ്ക്ക് വഴുതി വീഴുന്നു.
ചിലര്‍ രണ്ടോ മൂന്നോ പടവുകള്‍ ഒരുമിച്ച് ചാടിക്കയറുന്നു. ക്ഷീണിച്ചവര്‍ കിതച്ചും ഊര്‍ജസ്വലരായവര്‍ കുതിച്ചും കയറുന്നു.
എല്ലാം അറിഞ്ഞുകൊണ്ട് ഒരു മൂകസാക്ഷിയായി.
നില്‍ക്കുന്നു - പടവുകള്‍ (പടികള്‍)--- :)
പടവുകളെ സാഹിതീകരിച്ചവരൊക്കെ മറക്കുന്ന ഒരുകൂട്ടരുണ്ട് ..പടവിറങ്ങുന്നവര്‍.
പടവുകളിലെ എന്റെ ഏറ്റവും ശക്തമായ ഓര്‍മ്മ തിരക്കില്‍ താഴെയെവിടെയോ കുടുങ്ങിപ്പോയ മകളെ തിരക്കി തിരക്കുള്ള മെട്രോ സ്റ്റേഷന്‍ എസ്കലേറ്ററിലൂടെ തെറ്റായദിശയില്‍ പടവിറങ്ങി ഓടുന്ന ഒരമ്മയാണ്. ഇവിടെ റോമില്‍.
പടവിറങ്ങുന്നവര്‍ക്ക് എന്തെങ്കിലും ഒക്കെ ചെയ്യാനുണ്ടാവും അല്ലെ...
നന്ദി..ഇത്തിരി ചിന്തിപ്പിച്ചതിന്..പിന്നെ പടവിറങ്ങുന്നവരെ ഓര്‍ത്തതിനും...
ജീവിതം എന്ന യാത്രയ്ക്കിടയില്‍ എത്രയെത്ര പടികള്‍ കയറിയിറങ്ങേണ്ടി വരുന്നു, നാം മനുഷ്യര്‍ക്ക്...
ഉയരങ്ങളിലേക്കുള്ള ഓരോ പടികളും നമുക്കു മറക്കാതിരിക്കാം... നമ്മെ ചുട്ടു പൊള്ളിച്ചിട്ടുള്ള, നമ്മെ തെന്നി വീഴിച്ചിട്ടുള്ള പടികളെയും നമുക്കോര്‍ത്തു വയ്ക്കാം... നമുക്കു ശേഷം വരുന്നവര്‍ക്കെങ്കിലും മുന്നറിയിപ്പു നല്‍കാനാകുമെങ്കില്‍....
പടികയറാന്‍ പടികൊടുക്കേണ്ടുന്ന ഒരു ലോകത്തില്‍ വന്നപടിയെങ്കിലും പോകാന്‍ കഴിഞ്ഞാല്‍ അതുതന്നെ ഭാഗ്യം. :)
നന്നായ് സു...
;-)
ഓരോ പടികള്‍ ചവിട്ടിക്കയറുമ്പോഴും പിന്നിട്ട പടിയെ മറക്കാതിരിക്കുക എന്ന് ഓട്ടോഗ്രാഫിലെ സ്ഥിരം ഡയലോഗായിരുന്നു. മോഹന്‍ലാല്‍ ഒരു സിനിമയില്‍ പറയുന്നതുപോലെ.. നമുക്കു തിരിഞ്ഞു തിരിഞ്ഞു നോക്കി കയറാം. ;)
സൂ:) എല്ലാ പടികളും കയറിക്കഴിഞ്ഞ് ഇനിയെന്തു എന്ന നിസ്സംഗതയെപ്പ്റ്റി ചിന്തിച്ചിട്ടഉണ്ടോ? (സാച്ചുറേഷന്‍ പോയിന്‍റില്‍ ഇനിയെന്തെന്നറിയാതെ പകച്ചു നില്ക്കുന്ന അവസ്ഥയെപ്പറ്റി?) മുകളിലേയ്ക്കു ഇനിയും കയറാന്‍ പടികള്‍ കാണാതെ/ഇല്ലാതെ വരുമ്പോള്‍ വീണ്ടും പിന്നിട്ട പടികളിലൂടെ താഴേയ്ക്കുള്ള പ്രയാണം മാത്രമെ വഴിയുള്ളു എന്ന തിരിച്ചറിവില്‍ പകച്ചു നില്ല്കുന്ന മനുഷ്യനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ?
മോഹന്‍ലാല്‍ ഒരു സിനിമയില്‍ പറയുന്നതുപോലെ.. നമുക്കു തിരിഞ്ഞു തിരിഞ്ഞു നോക്കി കയറാം. ;)
Bindu,
which movie is that ?
:-)
“ഒരു പടിയാവാന്‍ ശ്രമിക്കാം.
ഓര്‍മ്മയുടെ മഴ പെയ്യുമ്പോള്‍,
മറവിയുടെ പായലും പൊടിയും അകന്ന്,
മിനുസമായ് തെളിയുന്ന പടിയാവാന്‍ ശ്രമിക്കാം”
ഈ വരികള്‍ ഒത്തിരി ഇഷ്ടപ്പെട്ടു.. നന്നായിരിക്കുന്നു സു
കുട്ടിക്കാലത്ത് മാളികപ്പുറമായി മലയ്ക്ക് പോയിട്ടുണ്ടല്ലേ? ;) ലിഫ്റ്റും എസ്കലേറ്ററുമൊക്കെയല്ലേ ഇപ്പോഴത്തെ ഫാഷന്‍? :) എല്ലാവര്‍ക്കും എളുപ്പത്തില്‍ ഉയരത്തിലെത്തണം...
--
ഒരു പടിയാവാന്‍ ശ്രമിക്കാം.
സുവേച്ചി... മനോഹരം.
Heyyy SU... are you SUN_1964 from rediff?????????
മുകളിലെത്താനുള്ള വ്യഗ്രതയില്‍ ചില പടികളെ കവച്ചു വെച്ച് കയറാന്‍ ശ്രമിക്കുന്നതും അപകടം തന്നെ.
നല്ല ചിന്തകള്‍.
ആരാണവിടെ മേളിലെ പടിയില്‍ നിന്ന് താഴേയ്ക് ചാടി ചാവുമെന്ന് പറഞ്ഞ് പേടിപ്പിക്കുന്നത്?
(നല്ല ചിന്തകള്‍)
:)
സു ചേച്ചി... മനോഹരമായ വരികള്‍... സത്യം...
സൂ.. ഒരുപാട് പടികള്‍ മുകളിലിരുന്ന് എന്നെ കളിയാക്കി ചിരിക്കയാണോ?.. ഇത്ര വലിയ ചിന്തകളൊന്നും ഈ തലയില്‍ കയറില്ല... :(
നല്ല ചിന്തകള്‍ സൂ...
പക്ഷേ ഏറ്റവും മുകളിലത്തെ പടി എന്നൊന്നുണ്ടോ ..? അത് അനന്തമായി നീണ്ടു കിടക്കുകയല്ലേ ..!!
എല്ലാപടികളും കയറുമ്പോഴും നമുക്ക് തിരിഞ്ഞു നോക്കാം..
പല കലാപങ്ങളും ഒഴിവാക്കാന്‍ പറ്റിയ ചിന്തകള്‍ ,സൂവേച്ചി..:)
പടികള്‍ - ഉയരത്തിന്റെയും ആഴത്തിന്റെയും അര്‍ത്ഥങ്ങള്‍ കയറിയിറങ്ങുന്ന രൂപകങ്ങള്‍...
നന്നായി...:)
സൂ..വളരെ നല്ല പോസ്റ്റ്..ആദ്യത്തെ പടവുകളെക്കുറിച്ച് ചിന്തിപ്പിയ്ക്കുന്നത്..മുകളിലെത്തിക്കഴിഞ്ഞാല്‍ പിന്നെ ആദ്യത്തെ പടിയെ സൗകര്യപൂര്‍വം മറക്കാനല്ലേ എല്ലാവരും ശ്രമിയ്ക്കുന്നത്..
ഇപ്പൊ പടികള്‍ കയറി പതിയെ പതിയെ പോകാന്‍ ആര്‍ക്കാ സൂ ചേച്ചി ക്ഷമ.. എല്ലാം ലിഫ്റ്റ് അല്ലേ..ലിഫ്റ്റ്.പിന്നെ ഇത്തിരി ഇമ്മിണി ഒന്നും കയറിയാലും പോരല്ലൊ..
ഓരോ പടി കയറുമ്പോഴും കയറിയ പടിയെ മറക്കാതിരിക്കുക. മുകളിനിയുമ്മെത്ര പടികള്‍ എന്നു ചിന്തിക്കാതെ എത്ര പടികള്‍ നാം പിന്നിട്ടു എന്ന് മനസ്സിലാക്കി അഭിമാനിക്കുക......
സൂ-:-)
പടി കയറിക്കയറി മുകളിലെത്തി. ഒടുവില്‍ തിരിച്ചിറങ്ങാന്‍ നേരം ആരാണു പടി വലിച്ചതെന്നറിയില്ല..
ആകുന്നുണ്ടെങ്കില്‍ ആറ്ക്കും വലിക്കാനാകത്ത പടിയാവണം.
നല്ല നല്ല കമന്റുകള്‍ ഏറേയുണ്ടിവിടെ. ഞാനും പടികള്‍ കയറി(യിറങ്ങി) എന്നു പറയാന്‍ മാത്രമാണ് ഈ കമന്റ്.
ഉണ്ണിക്കുട്ടന് ആദ്യത്തെ കമന്റിനു നന്ദി.
കുട്ടിച്ചാത്താ :) കമന്റ് എനിക്ക് ഇഷ്ടമായി.
മനുവിനും ശ്രീയ്ക്കും സ്വാഗതം :) അഭിപ്രായത്തിനു നന്ദി.
സഹ :)
സുന്ദരന്‍ :)
ബിന്ദൂ :)
ദിവ :)
നന്ദു :) അങ്ങനെ ചിന്തിച്ചാല്‍ പടികളൊന്നും കയറേണ്ടായിരുന്നു എന്ന് തോന്നും.
കുഞ്ഞന്‍സേ :)
ഹരീ :) ഞാന്‍ ശബരിമലയ്ക്ക് പോയിട്ടില്ല.
അപ്പൂ :)
സണ്ണിച്ചന്‍ :) നമ്പര്‍ അതല്ല. അവിടെ എല്ലാവര്‍ക്കും അറിയാമല്ലോ. വന്നതില്‍ സന്തോഷം.
വല്യമ്മായി :)
പടിപ്പുര :)
ജി. മനു :)
സൂര്യോദയം :)
ഇട്ടിമാളൂ :) ഞാന്‍ താഴെ ഒരു മൂലയ്ക്കിരുന്ന്, നോക്കുകയാണ്. കയറിപ്പോകുന്നവരെ.
തമനു :) ലക്‍ഷ്യം അവസാനത്തെ പടിയല്ലേ?
കിരണ്‍സ് :)
ലാപുട :)
സാരംഗീ :)
സാജന്‍ :)
കൈതമുള്ളേ :)
പ്രമോദ് :)
രാഘവന്‍ :)
എല്ലാവരുടേയും, ചിന്തയുള്‍ക്കൊള്ളുന്ന അഭിപ്രായത്തിനു നന്ദി.
പലപ്രാവശ്യം കമന്റിടാന്‍ നോക്കിയിട്ടും നടന്നില്ല.
ചവിട്ടികയറി വന്ന പല പടവുകളേയും ഞാന്‍ മറന്നൊ എന്നൊരു സംശയം ഇതു വായിച്ചപ്പോള്‍.
സൂ, കണ്മഷി വീട്ടില്‍ ഉണ്ടാക്കുന്നതെങ്ങനെയാണെന്നു ഒന്നു പറഞ്ഞുതരാമോ?
qw_er_ty
ശാലിനീ :)
പൂവാംകുരുന്നില കിട്ടുമോ അവിടെ? അതിന്റെ നീരില്‍ വെള്ളത്തുണി മുക്കി വെയിലത്തുണക്കി, കരിച്ച്, എണ്ണയൊഴിച്ച് ഒക്കെയാണ്, വീട്ടില്‍ ഉണ്ടാക്കുന്നത്. എളുപ്പമുള്ള വല്ല വിദ്യയും ഉണ്ടോന്ന് ചോദിച്ചിട്ട് പറയാം.
qw_er_ty
സൂ, പച്ചമരുന്നിന്റെ പേരുകളൊന്നും പറയല്ലേ. ഇവിടെ അതൊന്നും കിട്ടില്ല. ഒരു കണ്മഷി വാങ്ങാന്‍ നടന്നിട്ട് കിട്ടുന്നില്ല, പിന്നാ പൂവാംകുറുന്നില.
ഒരു വാവയ്ക്ക് എഴുതാനാണ്. വീട്ടിലുണ്ടാക്കിയാല്‍ നല്ലതാണല്ലോ. നാരങ്ങാനീര്‍ കൊണ്ടുപറ്റുമോ? ഈ വിളക്കെണ്ണ എന്നുപറയുന്നത് ഏതെണ്ണയാണ്? വീട്ടില്‍ പണ്ട് വല്യമ്മച്ചി ഉണ്ടാക്കിതന്നിരുന്ന കണ്മഷിയായിരുന്നു ഉപയോഗിച്ചിരുന്നത്. വാഴപ്പോള മുകളില്‍ വച്ചാണ് കരി എടുത്തിരുന്നത്.
ശാലിനീ,
വിളക്കെണ്ണ എന്ന് പറയുന്നത്, നല്ലെണ്ണയാണ്. എള്ളെണ്ണ.
ഒരു വല്യ കഷണം വെള്ളത്തുണി എടുത്ത്, വല്യൊരു തിരി ഉണ്ടാക്കുക. ഒരു പെന്നിന്റെ വലുപ്പത്തില്‍. എന്നിട്ട്, ഒരു വിളക്കിലോ, ഓട്ട് പാത്രത്തിലോ നല്ലെണ്ണ കുറേ ഒഴിച്ച്, തിരി ആളിക്കത്തിക്കുക. ആ തിരിയുടെ പുക, ഒരു മണ്‍പാത്രത്തിലോ, മണ്‍ പ്ലേറ്റിലോ തട്ടണം. അവിടെ കരിയുണ്ടാകും. ആ കരി തുടച്ചെടുത്ത്, ഒരു സ്റ്റീല്‍ പ്ലേറ്റില്‍ ഇട്ട്, ആവണക്കെണ്ണയും, പച്ചക്കര്‍പ്പൂരം പൊടിച്ചതും ഇട്ട്, യോജിപ്പിക്കുക. കണ്മഷി റെഡി.
qw_er_ty
പിന്നേയും ബുദ്ധിമുട്ടിക്കുന്നതില്‍ ക്ഷമിക്കണേ.
വെറും തുണിതിരി മതിയോ, നാരങ്ങാനീരില്‍ മുക്കിയുണക്കിയാല്‍ നന്നായിരിക്കുമോ? ആവണക്കെണ്ണ തന്നെ വേണോ, വെളിച്ചെണ്ണ ആയാലോ? കുഞ്ഞിനുവേണ്ടിയായതുകൊണ്ടാണ് ഇത്രയും സംശയങ്ങള്‍.
qw_er_ty
നാരങ്ങനീരില്‍ മുക്കി കത്തിച്ച് കണ്മഷി ഉണ്ടാക്കുന്നതില്‍ കുഴപ്പമില്ല. നിര്‍ബ്ബന്ധം ഇല്ല. ആവണക്കെണ്ണ കണ്ണിന് നല്ലതാണ്. മെഡിക്കല്‍ ഷോപ്പുകളിലും കിട്ടുമല്ലോ.
qw_er_ty
നന്ദി സൂ.
ഇതുവരെ സാമ്പാര്‍ പൊടിയുടെ കുറിപ്പ് കണ്ടില്ല.:)
qw_er_ty
Post a Comment
Subscribe to Post Comments [Atom]
<< Home