Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, June 18, 2007

ചൊമചൊമക്കണ പച്ച

മൈലാഞ്ചിയിടാത്ത പെണ്‍കൈയ്യൊരു കൈയാണോ? നിറയെച്ചുവപ്പിച്ച്‌ മൈലാഞ്ചിയിട്ട കൈ കണ്ടിട്ടില്ലേ? പുതുപ്പെണ്ണ് മാത്രമല്ല, ഇപ്പോള്‍ എല്ലാ പെണ്ണുങ്ങളും ഇടും മൈലാഞ്ചി. ഒപ്പനപ്പാട്ടിനിടയില്‍ അമ്മായി വന്ന് മൈലാഞ്ചി ഇടീച്ച്‌ പോകുന്നത്‌ കണ്ടിട്ടുണ്ട്‌. മൈലാഞ്ചിയെ ഹെന്ന എന്നും പറയും.

പണ്ടൊക്കെ, ഇല പറിച്ച്‌ അരച്ചെടുത്തിട്ടായിരുന്നു കൈകളിലും കാലുകളിലും ചിത്രം വരച്ച്‌ പിടിപ്പിച്ചിരുന്നത്‌. അരച്ചെടുക്കുന്ന ആളുടെ കൈ മുഴുവന്‍, അരച്ചുകഴിയുമ്പോഴേക്കും ചുവന്നിട്ടുണ്ടാകും. അത്‌ കണ്ടിട്ട്‌, ഇട്ട്‌ വെച്ച്‌ കുറേ നേരം കഴിഞ്ഞേ കഴുകൂ, എന്നാലെന്റെ കൈയും അങ്ങനെയാകും എന്നും പറഞ്ഞ്‌ ഉത്സാഹത്തോടെ വരച്ച് വയ്ക്കാന്‍ തുടങ്ങും. കുറേക്കഴിഞ്ഞ്‌ കഴുകിവൃത്തിയാക്കി നോക്കുമ്പോള്‍, നിറം ഏറെ വരാത്തവരോട്‌ മറ്റുള്ളവര്‍, ചിലരുടേത്‌ അധികം ചുവക്കില്ലെന്ന് സമാധാനിപ്പിക്കും.

കാലം കഴിഞ്ഞപ്പോള്‍, പായ്ക്കറ്റുകളില്‍ കിട്ടുന്ന പൊടിയായി. ഇടേണ്ടപ്പോള്‍, പായ്ക്കറ്റ്‌ വാങ്ങിക്കൊണ്ടുവരുക, വെള്ളമൊഴിച്ച്‌ യോജിപ്പിച്ച്‌ കൈയിലും കാലിലും തേയ്ക്കുക. എളുപ്പമായി. ആവശ്യത്തിന്‌ വെള്ളം ചേര്‍ത്ത്‌ എടുക്കുകയും ചെയ്യാം. അതുകൊണ്ട്‌ ഒരുമിച്ച്‌ അരച്ച്‌, അപ്പോള്‍ത്തന്നെ ഉപയോഗിക്കണം എന്നൊരു നിര്‍ബ്ബന്ധം ഇല്ലാതായി. അതുകൊണ്ട്‌ തന്നെ കേടായിപ്പോവും എന്നും പേടിക്കേണ്ട.

പുതിയ കാലത്തില്‍ കോണ്‍ ആയി. കോണ്‍ വാങ്ങുക. നന്നായി വരയ്ക്കാനും എളുപ്പം. കൂടുതല്‍ ജോലിയുമില്ല. അധികം ഇല്ലാത്തതുകൊണ്ട്‌ പാഴാവുകയുമില്ല. അരച്ചെടുക്കുമ്പോള്‍ കിട്ടുന്ന ചുവപ്പില്ലെന്ന് ഇടയ്ക്കൊരു പരാതി കേള്‍ക്കും.

അരച്ചെടുക്കുമ്പോള്‍, ചായവെള്ളവും വെറ്റിലയും ചേര്‍ക്കാം. പൊടി യോജിപ്പിക്കുമ്പോഴും ചായ വെള്ളം ചേര്‍ക്കാം. കഴുകിക്കഴിഞ്ഞ ഉടന്‍ അല്‍പ്പം എണ്ണ തടവിയാല്‍ ചുവപ്പ്‌ ഉടനെ പോവില്ലത്രേ.

കോണ്‍ ആവുമ്പോള്‍ അധികം കല അറിയാത്തവര്‍ക്കും എളുപ്പമാവും. ഈര്‍ക്കിലിയും, വേറേ എന്തെങ്കിലും ഉപയോഗിച്ച്‌ ചെയ്യുന്നതിനേക്കാള്‍ നല്ലത്‌ കോണ്‍ കൊണ്ടാണത്രേ. പക്ഷെ ചിലരെങ്കിലും പറയും എനിക്കിതുകൊണ്ട്‌ വരച്ചെടുക്കാന്‍ അറിയില്ലേയെന്ന്. നല്ലപോലെ വരച്ചെടുക്കാന്‍ കഴിയുന്നവരുടെ മുന്നില്‍ ക്യൂ ആവും. ചിലയിടത്തൊക്കെ റോഡ്സൈഡില്‍ ഇരിക്കുന്നുണ്ടാവുമത്രേ. നമ്മള്‍ ഡിസൈന്‍ കാണിക്കുക. അവര്‍ നിമിഷനേരം കൊണ്ട് വരച്ച് തരും.

എല്ലാവരും മൈലാഞ്ചി ഉപയോഗിക്കുമെങ്കിലും കല്യാണവേളകളിലാണ്‌ അധികം ഉപയോഗിച്ച്‌ വരുന്നത്‌. ഉത്തരേന്ത്യയില്‍ മൈലാഞ്ചിയിടാന്‍ ഒരു പ്രത്യേകദിവസം തന്നെ ഉണ്ടാവും, കല്യാണത്തോട്‌ അനുബന്ധിച്ച്‌. പാട്ടൊക്കെപ്പാടി നൃത്തം ചെയ്ത്‌ മൈലാഞ്ചി ഇടീക്കുന്നത്‌, സിനിമകളില്‍ കണ്ടിട്ടുണ്ട്‌. കൈമുട്ടുവരെ ചിത്രം വരച്ച്‌, നവവധുക്കളെ കണ്ടിട്ടുണ്ട്‌. ഇപ്പോള്‍, ബ്യൂട്ടീഷനാണു മൈലാഞ്ചി അണിയിക്കുന്നതിന്റെ ചുമതല. ഞങ്ങളുടെ വീട്ടില്‍, കല്യാണത്തിനു തൊട്ട് മുമ്പുള്ള വെള്ളിയാഴ്ചയാണ്‌ മൈലാഞ്ചി അണിയിക്കുന്നത്‌. വധുവിന്റെ അമ്മായി വന്ന് അണിയിച്ചതിനുശേഷം ഓരോരുത്തരായി അണിയിക്കും. പിന്നെ ബ്യൂട്ടീഷ്യനു ജോലിയില്ല. അല്ലെങ്കില്‍ അണിഞ്ഞത്‌, ചടങ്ങ്‌ കഴിയുന്ന ഉടന്‍ തന്നെ കഴുകിക്കളഞ്ഞ്‌ ഇഷ്ടമുള്ള ഡിസൈനില്‍ ഇടും.

മൈലാഞ്ചിയിലയിട്ട്‌ കാച്ചിയ എണ്ണ തേച്ച്‌ കുളിച്ചാല്‍ തലമുടിയ്ക്ക്‌ നല്ല കറുപ്പ്‌ നിറം വരുമത്രേ. ചിലര്‍ കൈകള്‍ക്കും കാല്‍‌വിരലിനിടയ്ക്കും വാരിപ്പൊത്തുന്നത്‌ കണ്ടിട്ടില്ലേ? വളം കടി അല്ലെങ്കില്‍ പുഴുക്കടി മാറ്റാന്‍ നല്ലതാണെന്ന് അവര്‍ പറഞ്ഞ്‌ തരും.

ഇനിയുള്ള പരിപാടി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ഉപകാരപ്രദം. മുടിയ്ക്ക്‌ കറുപ്പ്‌ നിറം വരുത്താനും, കൂടുതല്‍ ഉണ്ടെന്ന് തോന്നിപ്പിക്കാനും പറ്റുന്ന പരിപാടി. നരച്ച മുടിയില്‍ തേച്ചാല്‍ ചുവപ്പ്‌ നിറമേ വരൂ എന്നോര്‍ക്കുക.

മൈലാഞ്ചിപ്പൊടി വാങ്ങുക. വാങ്ങുമ്പോള്‍ കവറിനുള്ളില്‍ക്കൂടെ, നല്ല പച്ചനിറമുണ്ടോയെന്ന് നോക്കാന്‍ പറ്റുമെങ്കില്‍ നോക്കുക. പൊടി മുഴുവന്‍ ചീനച്ചട്ടിയിലേക്ക്‌ ഇടുക. ഇരുമ്പിന്റെ വേറെ എന്തെങ്കിലും പാത്രം ആയാലും മതി. ഇരുമ്പ്‌ പാത്രം എന്നത്‌ ശ്രദ്ധിക്കുക. വെള്ളം തിളയ്ക്കുമ്പോള്‍, നല്ലപോലെ ചായപ്പൊടിയിട്ട്‌, ആ വെള്ളം അരിച്ചെടുത്ത്‌ തണുക്കാന്‍ വയ്ക്കുക. തണുത്ത്‌ കഴിഞ്ഞാല്‍, പൊടിയിലേക്ക്‌ ഇട്ട്‌ അല്‍പ്പാല്‍പ്പമായി ചേര്‍ത്ത്‌ പൊടി പേസ്റ്റ്‌ രൂപത്തിലാക്കിയതിനുശേഷം കുറച്ച്‌ ഇന്‍സ്റ്റന്റ്‌ കാപ്പിപ്പൊടി അല്ലെങ്കില്‍ സാദാ കാപ്പിപ്പൊടി ഇടുക. ചായവെള്ളം ബാക്കിയുണ്ടെങ്കില്‍ അടുപ്പത്ത്‌ വെച്ച്‌ ചൂടാക്കി പഞ്ചസാരയും പാലുമൊഴിച്ച്‌ കുടിക്കാന്‍ മറക്കരുത്‌. ഈ പേസ്റ്റ്‌, രാത്രിയുണ്ടാക്കി, രാവിലെവരെ വയ്ക്കുക. രാവിലെ ആവശ്യമെങ്കില്‍ അല്‍പ്പം വെള്ളം ചേര്‍ത്ത്‌ തലയില്‍ മുഴുവന്‍ തേച്ച്‌ പിടിപ്പിക്കുക. എന്നിട്ട്‌ രണ്ട്‌ മൂന്ന് നാലു മണിക്കൂറിനുശേഷം കഴുകിക്കളയുക. ഷാമ്പൂ ഉപയോഗിക്കാം. തേയ്ക്കുന്നതിനുമുമ്പ്‌ മുടിയില്‍ എണ്ണയോ വെളിച്ചെണ്ണയോ പുരട്ടിയിട്ടുണ്ടെങ്കില്‍ മുടി കൂടുതല്‍ പരുക്കനാവില്ല. നെല്ലിക്കാപ്പൊടിയും മൈലാഞ്ചിയുടെ കൂടെ പകുതി അളവില്‍ ചേര്‍ക്കാം. നാരങ്ങനീര്‍ ചേര്‍ക്കാം. മുട്ടയുടെ വെള്ള ചേര്‍ത്ത്‌ യോജിപ്പിക്കുകയാണെങ്കില്‍ മുടി വളരെ മൃദു ആവും. മുട്ട, തലയില്‍ തേച്ചുപിടിപ്പിക്കുന്നതിനു തൊട്ടുമുമ്പേ ചേര്‍ക്കാവൂ. ഇല്ലെങ്കില്‍ മണത്ത്‌ നാശമാവും. ജലദോഷം ഉള്ളവരും, തണുപ്പ്‌ പറ്റാത്തവരും ഈ പരിപാടിയുടെ ഭാഗത്തേക്ക്‌ നോക്കരുത്‌. തലയില്‍ തേച്ച്‌ തണുക്കാന്‍ വെച്ചിരുന്നാല്‍, നമ്മളും തണുത്ത്‌ പോകും. എല്ലാവരും സ്വന്തം റിസ്കില്‍ പരീക്ഷിക്കുക. ഞാന്‍ യാതൊരു ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതല്ല. ചെയ്യാറുണ്ട്‌ വല്ലപ്പോഴും എന്ന് മാത്രം.

മഴക്കാലത്ത്‌ മൈലാഞ്ചി കൈയില്‍ ചിത്രം വരച്ച്‌, ജനലിലൂടെ മഴയും നോക്കിയിരിക്കാന്‍ രസമാവും. ഒരു ഒഴിവ്‌ ദിനത്തില്‍ നിങ്ങളുടേയും പരിപാടി അതായിരിക്കട്ടെ. അല്ലെങ്കില്‍, ജോലിയെല്ലാം കഴിഞ്ഞ്‌ ടി. വി യ്ക്ക്‌ മുന്നിലിരിക്കുമ്പോള്‍ ഇട്ട്‌ വെയ്ക്കുക. ഇടയ്ക്കിടെ നനച്ച്‌ കൊടുക്കുക. ഉറങ്ങുമ്പോള്‍ കഴുകിയിട്ടില്ലെങ്കില്‍, രാവിലെ ആവുമ്പോഴേക്കും ചുവന്നിരിക്കും.

Labels:

20 Comments:

Blogger ദീപു : sandeep said...

ഠേ........
ഞ്ഞാഞ്ഞ.... ബാക്കി ഞാന്‍ വായിച്ച്‌ കഴിഞ്ഞ്‌ പറയാമേ...

qw_er_ty

Mon Jun 18, 12:23:00 pm IST  
Blogger ദീപു : sandeep said...

ഇതെനിയ്ക്ക് എത്ര മാത്രം ഉപകരിയ്ക്കും എന്നറിഞ്ഞൂട...

qw_er_ty

Mon Jun 18, 12:43:00 pm IST  
Blogger കണ്ണൂരാന്‍ - KANNURAN said...

ഏപ്രിലില്‍ അമ്പലത്തില്‍ ഉത്സവം കാണാന്‍ പോയപ്പോല്‍ കുറച്ച് പേര്‍ (തമിഴ് മഹിളാമണികള്‍..) റെഡിമിക്സ് മൈലാഞ്ചിയുമായി മാടി മാടി വിളിക്കുന്നു. ഇതു കാണേണ്ട താമസം മോള്‍ക്കു മൈലാഞ്ചിയിട്ടെ പറ്റൂ.. മൈലാഞ്ചിയിട്ടപ്പോഴാണ് വിവരമറിഞ്ഞത്, നല്ല ചൊറിച്ചലും, പുകച്ചിലും.. സംഭവമെന്തോ കെമിക്കലായിരുന്നു... കൈ പൊള്ളിപോകാത്തത് ഭാഗ്യം...

Mon Jun 18, 12:58:00 pm IST  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
സൂ ചേച്ചീ ഇതും ഒരു ടൈം മെഷീന്‍ പോസ്റ്റായീ !!!
കുട്ടിക്കാലത്ത് വീട്ടില്‍ ഒരുപാട് ചേച്ചിമാരുണ്ടായിരുന്നു. എല്ലാരുടെം കൂടെ ചാത്തനും മൈലാഞ്ചി ഇടലില്‍ എക്സ്പെര്‍ട്ടായിരുന്നു, ഈര്‍ക്കില്‍ കൊണ്ട് സൂക്ഷ്മമായി പരത്തുക ഒരു രസം തന്നെയാണേയ്..

ഓടോ: മൈലാഞ്ചീലു ചാണകം മിക്സ് ചെയ്ത് ആരെയോ പറ്റിച്ചതും ഓര്‍ക്കുന്നു :)

Mon Jun 18, 01:18:00 pm IST  
Blogger Haree said...

എന്താ പറ്റിയേ? വനിതയിലും ഗൃഹലക്ഷ്മിയിലുമൊക്കെ ഇടയ്ക്കിടെ വരുന്നപോലെയുണ്ട്!

ഞാന്‍ സ്ഥിരമായി ഇവയൊക്കെ വായിക്കുമെന്ന് ഈ പറഞ്ഞതിനര്‍ത്ഥമില്ല... കിട്ടിയാല്‍ മറിച്ചു നോക്കും, അത്ര തന്നെ! ;)
--

Mon Jun 18, 01:19:00 pm IST  
Blogger Rasheed Chalil said...

മൈലാഞ്ചി കണ്ടപ്പോള്‍ ഓര്‍മ്മവന്നത് കുട്ടിക്കാലത്ത് പെരുന്നാളിന്റെ തലേന്ന് രാത്രി കൈയിലിട്ടിരുന്ന മൈലാജ്ചിയാണ്. ദിവസങ്ങള്‍ക്ക് മുമ്പേ മരം കണ്ടെത്തി പെരുന്നാളിന്റെ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് മുമ്പ് ഊരി കൊണ്ട് വന്ന് വീട്ടില്‍ സൂക്ഷിക്കും. സ്റ്റോക്ക് ചെയ്ത് വെച്ച ചക്കയുടെ മുളഞ്ഞി തീയില്‍ കാട്ടി ഉരുക്കി അത് കയ്യില്‍ ചൂടോടെ ഇറ്റിച്ച് അതിന്റെ മീതെ മൈലാഞ്ചി നിരത്തിയായിരുന്നു കൈകളില്‍ ഡിസൈന്‍ വരുത്തിയിരുന്നത്.
ഇപ്പോഴും ഉണ്ട് വീട്ടില്‍ ഒരു മൈലാഞ്ചി കൊമ്പ്.

Mon Jun 18, 01:52:00 pm IST  
Blogger Aisibi said...

ഉത്തരെന്ത്യയില്‍ മാത്രമല്ല. ഇവിടെ കോഴിക്കോടുമുണ്ട് മൈലാഞ്ചിക്കല്ല്യാണം. ഇത്തോത്തുന്നും കൊണ്ടേരുന്ന മൈലഞ്ചിയും ഇട്ട് ഏക് രാത് മെഹെന്ദി കെ സാത്ത് :)
പിന്നെ മൈലാഞ്ചി ചുവക്കാന്‍ ഇപ്പോള്‍ കണ്ടെത്തിയ പരിപാടിയാണ് വിക്സ്.. മൈലാഞ്ചി കഴുകി കളയരുത്, ചുരണ്ടി കളഞ്ഞ് വിക്സ് പുരട്ടി നോക്കൂ :)

Mon Jun 18, 03:20:00 pm IST  
Blogger Kaithamullu said...

ഒരു വൈന്നേരം വീട്ടീ ചെന്നപ്പോ എന്റെ ഭര്യേന്റെ തലമുടി കാണാനില്ല. സൂക്ഷിച്ച് നോക്കിപ്പോ സംഗതി ഉണ്ട്, പക്ഷെ ചാണകം പൊതിഞ്ഞ് തലയില്‍ പൊത്തി വച്ചിരിക്ക്യാ.ഏറെ വൈകിയാ കുളിച്ചേ.

പിന്നെ ഐസിബി പറഞ്ഞ പരീക്ഷണായിരുന്നു- ഒരാഴ്ച തുടര്‍ച്ചയായി ‘വിക്സ്”-കുഴമ്പായും ആവിയായും!

Mon Jun 18, 04:44:00 pm IST  
Blogger reshma said...

'ചൊമചൊമക്കണ പച്ച 'ആ ഒറ്റ പ്രയോഗത്തില്‍ ഞാന്‍ വീണു , സൂവേ:)

Mon Jun 18, 09:02:00 pm IST  
Blogger ഗുപ്തന്‍ said...

എടുത്തുമാറ്റണ്ടി വര്വോ!!!

സുവേ...ദ് മ്മ്ടെ വിഷയല്ലാട്ടോ... പെയ്യിട്ട് വെരാം

Mon Jun 18, 09:07:00 pm IST  
Blogger അനംഗാരി said...

ഹാവൂ!എന്റെ കയ്യില്‍ ആകെ ചൊമചൊമചൊമക്കണ
പച്ച!:)

Mon Jun 18, 09:44:00 pm IST  
Blogger ശാലിനി said...

ആ പ്രയോഗം കൊള്ളാമല്ലോ സൂ, ശരിയാണല്ലോ നല്ല പച്ചകളറില്‍ ഇരുന്നിട്ട് ചുമപ്പിക്കുന്നയാള്‍.

അവധിദിവസങ്ങളില്‍ കൈയ്യിലും കാലിലും മയിലാഞ്ചിയിടുകയെന്നത് ഒരു രസമായിരുന്നു. കാലില്‍ പാദത്തിന്റെ ചുറ്റും കുത്തുകുത്തായി ഇട്ട്.. കൈയ് വിരല്‍ തുമ്പില്‍ വാരിപൊത്തി..പിന്നെ അറിയാവുന്ന ഡിസൈനൊക്കെ വരച്ച് കുളമാക്കും.

Tue Jun 19, 12:13:00 pm IST  
Blogger ശരണ്യ said...

വളരെ നല്ല പോസ്റ്റ്‌ സൂചേച്ചി....വിക്ഞ്ഞാനപ്രധം. ഇങ്ങനെയുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

Tue Jun 19, 02:49:00 pm IST  
Blogger ചീര I Cheera said...

മൈലാഞ്ചിയുടെ മണവും നിറവും എല്ലാം കുറേയേറെ ഓര്‍മ്മകള്‍ ഉണര്‍ത്താറുണ്ട്. പണ്ട്, ഞങ്ങള്‍ കയ്യില്‍ മുഴുവനായി തേച്ച് അതു വീണ്ടും മടക്കി, വിരലുകളുടെ പുറം ഭാഗത്തും ഇട്ട് നടക്കും..ക്ഷമയോടെ ഇരിയ്ക്കലായിരുന്നു അന്നത്തെ പ്രശ്നം.

Tue Jun 19, 05:21:00 pm IST  
Blogger ജാസൂട്ടി said...

സൂ ചേച്ചി എന്റെ ഇത്താത്താടെ മൈലാഞ്ചി കല്യാണം ഓര്‍മ വരുന്നു...
ലേഖനം ഉപകാരപ്രദമായിട്ടോ...

Tue Jun 19, 06:33:00 pm IST  
Blogger സു | Su said...

ദീപൂ :) ഞ്ഞാഞ്ഞയ്ക്ക് നന്ദി.

കണ്ണൂരാന്‍ :) അങ്ങനെ ഉണ്ടായോ? ഇനിയിപ്പോള്‍ ശ്രദ്ധിക്കാമല്ലോ അല്ലേ?

കുട്ടിച്ചാത്തന്‍ :) ഈര്‍ക്കില്‍ കൊണ്ട് പരത്തുന്ന വിദ്യയൊക്കെ മാഞ്ഞുപോയ്ക്കൊണ്ടിരിക്കുന്നു.

ഹരീ :) ഇതൊരു ലേഖനം അല്ലേ?

ഇത്തിരിവെട്ടം :)

ഐശിബി :) സ്വാഗതം.

കൈതമുള്ളേ :)

രേഷ് :) വീണോ? പതുക്കെ എണീറ്റോ എന്നാല്‍. ;)

മനു :)

അനംഗാരി :)

ശാലിനീ :)

ശരണ്യ :)

പി. ആര്‍ :)

മൈലാഞ്ചി കാണാന്‍ വന്ന എല്ലാര്‍ക്കും നന്ദി.

Tue Jun 19, 06:34:00 pm IST  
Blogger സു | Su said...

ജാസു :)

qw_er_ty

Tue Jun 19, 06:34:00 pm IST  
Blogger നിമിഷ::Nimisha said...

സൂച്ചേച്ചി:) വരന്റെയും വധുവിന്റെയും പടം പിടിയ്ക്കാന്‍ സകല പോസുകളും പരീക്ഷിക്കുന്നതിന്റെ തിരക്കില്‍ നില്‍ക്കുന്ന ഫോട്ടോഗ്രാഫറോട് തന്നെ മൈലാഞ്ചി ഇട്ട രണ്ട് കയ്യും നിവര്‍ത്തി “എന്റെ മൈലാഞ്ചിയുടെ ഫോട്ടോ ഒന്ന് എടുക്കാമോന്ന്“ ചോദിച്ച വധുവിനെയും അതിന് ദിവസങ്ങളോളം കളിയാക്കുകയും ചെയ്ത വരനെയും ഓര്‍മ്മപ്പെടുത്തി ഈ പോസ്റ്റ് :)
പിന്നെ മൈലാഞ്ചി തലയില്‍ തേല്യ്ക്കുമ്പോള്‍ തണുപ്പ് അധികം അടിയ്ക്കാതിരിയ്ക്കാന്‍ 5-6 കരയാമ്പൂ മുടിയില്‍ തിരുകിയാല്‍ മതി.

Tue Jun 19, 09:08:00 pm IST  
Blogger Senu Eapen Thomas, Poovathoor said...

Received your comment.

Oru kannikarente ankam aanu. Thettukal thirutham.

Thudarnnum vayikkuka,

Snehathode,
Senu Eapen Thomas...
http://pazhamburanams.blogspot.com/

Wed Jun 20, 04:16:00 pm IST  
Blogger സു | Su said...

നിമിഷ :)

സീനു :) സ്വാഗതം.

qw_er_ty

Wed Jun 20, 08:13:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home