Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, July 05, 2007

പെരും മഴക്കാലം


ആകാശം നീലപ്പട്ടില്‍ പൊതിഞ്ഞുപിടിച്ചിരിക്കുന്ന കുഞ്ഞുമേഘങ്ങളെ കൊതിയോടെ നോക്കി നിന്നു. ഒരു കാറ്റു വന്ന്, മഴ വേണോന്ന് കുശലം ചോദിച്ച്‌ ഓടിപ്പോയി. ആകാശം നിറം മാറി. ഓര്‍മ്മകളും മഴയും ഒരുമിച്ച് കൊണ്ടുവന്ന് കാറ്റ് തിരിച്ചുപോയി.
പൊട്ടിച്ചിരിച്ചുകൊണ്ട്‌ മേഘങ്ങള്‍ പൊഴിഞ്ഞു. ചിലവ ധൃതിയായി കൂട്ടത്തോടെ വീണു.
ടക്‌ ടിക്‌ ടക്‌ ടിക്‌. ഓടിനുപുറത്ത്‌ മഴത്തുള്ളിയ്ക്കും സംഗീതം.
"ആലിപ്പഴം തിന്നാന്‍ പറ്റും."
"അയ്യേ വെള്ളം തിന്നില്ല."
തര്‍ക്കം തുടങ്ങി.
അവരോടൊപ്പം മഴയിലേക്കിറങ്ങി.
ഛല്‍ ഛില്‍ ഛല്‍ ഛില്‍. വെള്ളം കാലില്‍ത്തട്ടിത്തെറിപ്പിച്ച്‌ അങ്ങോട്ടുമിങ്ങോട്ടും ഓടി. മുഖത്തെ വെള്ളം അമര്‍ത്തിത്തുടച്ച്‌ കൈ കൊട്ടിപ്പാടി.
“മഴ പെയ്താല്‍ നനയില്ലേ, നമ്മുടെ വീട്ടില്‍ കൊടയില്ലേ?"
നനഞ്ഞ കൈ കൊട്ടാന്‍ പാടില്ല. ആരോ ഓര്‍മ്മിപ്പിച്ചു.
"പനി പിടിക്കും കുട്ട്യോളേ" ആരോ ശാസിച്ച്‌ വന്നുപോയി.
കുറേക്കഴിഞ്ഞപ്പോള്‍, ആകാശം വീണ്ടും സ്വാര്‍ത്ഥനായി. മേഘങ്ങളെ ഒളിപ്പിച്ചു. പിന്തിരിഞ്ഞപ്പോള്‍, ഓര്‍മ്മകള്‍ മാത്രം പെയ്തുകൊണ്ടിരുന്നു.
വയസ്സ്‌, ഒട്ടിപ്പോസ്റ്റിക്കര്‍ ആയിരുന്നെങ്കില്‍, കുറേയെണ്ണം പറിച്ചെറിഞ്ഞ്‌ മഴയത്ത്‌ തന്നെ നില്‍ക്കാമായിരുന്നു. മഴക്കാലം കഴിയുവോളം. മതിവരുവോളം നനയാന്‍.

Labels:

35 Comments:

Blogger ദീപു : sandeep said...

ഠേ... ഞ്ഞാഞ്ഞ...
വയസ്സ്‌, ഒട്ടിപ്പോസ്റ്റിക്കര്‍ ആയിരുന്നെങ്കില്‍, കുറേയെണ്ണം പറിച്ചെറിഞ്ഞ്‌ മഴയത്ത്‌ തന്നെ നില്‍ക്കാമായിരുന്നു... [ഇതിനി ജയന്‍ സ്റ്റൈലില്‍ വായിക്കണോ :)]

ഇവിടെ മഴ അധികം പെയ്യുന്നില്ല :( എല്ലാരും പറേന്നു നാട്ടില്‍ നല്ല മഴ ആണെന്ന്‌...

Thu Jul 05, 07:25:00 pm IST  
Blogger Haree said...

നനഞ്ഞ കൈ കൊട്ടാന്‍ പാടില്ല. - അതെന്താണ് കൊട്ടിയാല്‍?
ഇതേതാണ് ഈ നടുമുറ്റം? പ്രായവും ഒട്ടിപ്പോസ്റ്റിക്കറും; ഹൊ, ഈ ഉപമയൊക്കെ എവിടെനിന്നു കിട്ടുന്നു. :)

ഫിഫ്റ്റി ഫിഫ്റ്റി :|
--

Thu Jul 05, 07:30:00 pm IST  
Blogger ഗിരീഷ്‌ എ എസ്‌ said...

ഇതിന്റെ അവസാനവരി ചേര്‍ത്തുവായിക്കുമ്പോള്‍ ഏറെ ഇഷ്ടമായി...മഴയത്ത്‌ നനയുന്ന കുട്ട്യോളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും ഓരോ അമ്മയുടെ മനസിലുമുണ്ടാകും ഒരു മഴ നനയാന്‍ കൊതിക്കുന്ന ബാല്യമെന്ന്‌ തോന്നിയിട്ടുണ്ട്‌.
നല്ല രചന..
അതും ഒരു വര്‍ഷകാലത്തിലാകുമ്പോള്‍ കൂടുതല്‍ ഹൃദ്യമാകുന്നു..
സൂവേച്ചി....
അഭിനന്ദനങ്ങള്‍...

Thu Jul 05, 08:27:00 pm IST  
Blogger ഈയുള്ളവന്‍ said...

കുട്ടിക്കാലത്ത് മഴയത്ത് കളിച്ചുനടന്നിരുന്നതോര്‍ത്തുപോയി ചേച്ചീ. നന്നായിട്ടുണ്ട്.

ഹരീയോട് ഓഫ് : സാധാരണ ബലിയിട്ട ശേഷം കൈകൊട്ടി കാക്കയെ ബലിച്ചോറുണ്ണാന്‍ വിളിക്കാറില്ലേ? അപ്പോള്‍ കൈ നനഞ്ഞുമിരിക്കും. ഇതുകൊണ്ടാണെന്നാണ് ഞാന്‍ പറഞ്ഞുകേട്ടിരിക്കുന്നത്. ഇതുപോലെ കുന്തങ്കാലില്‍ ഇരിക്കുന്നത് കാരണവന്മാര്‍ കണ്ടാലും വഴക്കുപറയും, ബലി ഇടാന്‍ ഇരിക്കുന്നത് കുന്തങ്കാലിലാണത്രെ.

സുവേച്ചീ, ഓഫിന് മാപ്പ്

Thu Jul 05, 08:34:00 pm IST  
Blogger Inji Pennu said...

ഒഹ്! കലക്കി! ഇത് കലക്കിക്കളഞ്ഞു സൂവേച്ചി!

Thu Jul 05, 09:08:00 pm IST  
Blogger മെലോഡിയസ് said...

സൂ ചേച്ചി..നന്നായി ട്ട..

ഓ.ടോ:മഴ എന്റെയും ഒരു വീക്ക്നെസ്സാ..മഴയത്ത് രണ്ട് മൂന്ന് മണിക്കുര്‍ വെറുതേ നടന്ന് പനിയൊക്കെ പിടിച്ചു ഈ തവണ..മഴയത്ത് നടന്ന് നനഞ്ഞ് ഒലിച്ച് വരുമ്പോള്‍ മാതാശ്രീയുടെ വക ചീത്ത കേള്‍ക്കുന്നതും ഒരു സുഖമാ..

Thu Jul 05, 09:23:00 pm IST  
Blogger കരീം മാഷ്‌ said...

ഒന്നൂടെ മഴ നനഞ്ഞ പ്രതീതി.

Thu Jul 05, 09:39:00 pm IST  
Blogger Pramod.KM said...

മഴക്കാ‍ലം മനോഹരം!:)

Thu Jul 05, 10:56:00 pm IST  
Blogger Santhosh said...

ഓല മാറി ഓട് വന്നപ്പോള്‍ മഴയുടെ സംഗീതം നിലച്ചു എന്നു കരുതിയവനാണ് ഞാന്‍. എന്നാലും ആലിപ്പഴം ഓടിനു പുറത്തു വീഴുന്നതു കേള്‍ക്കുന്നതാണ് രസം.

കൊള്ളാം, സൂ.

Thu Jul 05, 11:49:00 pm IST  
Blogger reshma said...

എനിക്കിഷ്ടായി:)

Fri Jul 06, 12:50:00 am IST  
Blogger സാജന്‍| SAJAN said...

എനിക്കസൂയയാണു കമ്പ്ലീറ്റ് അസൂയ സു വിനോടും നാട്ടില്‍ മഴ നനഞ്ഞും കണ്ടും നടക്കുന്ന കമ്പ്ലീറ്റ് ആളുകളോടും അസൂയ :( ഈ പാവം ഞാന്‍ ബുദ്ധിമുട്ടി കഷ്ടപെട്ട് നാട്ടില്‍ പോയി 10 ദിവസം നിന്നിട്ട് ഒരു നല്ല ചാറ്റല്‍ മഴപോലും പെയ്തില്ലാ ദുഷ്ടന്‍ മഴ:(
ഇതേതായാലും നന്നായിട്ടോ:)

Fri Jul 06, 04:45:00 am IST  
Blogger ശനിയന്‍ \OvO/ Shaniyan said...

വീട്ടിലേക്കു വിളിക്കുമ്പോള്‍ ഇപ്പൊഴും പശ്ചാത്തല സംഗീതമൊരുക്കുന്നു മഴ.. ഇന്നലെയും ഇന്നുമായി ഇവിടെയും.. പെരുമഴക്കാലം..

:)

Fri Jul 06, 08:04:00 am IST  
Blogger ടി.പി.വിനോദ് said...

“മഴപൊഴിയുന്നതു കാണാന്‍ ഭംഗി
മനമലിയുന്നതു കാണാന്‍ ഭംഗി”
- കുഞ്ഞുണ്ണി മാഷ്

Fri Jul 06, 08:16:00 am IST  
Blogger വേണു venu said...

ഈ പെരുമഴക്കാലം. നാട്ടില്‍‍ ആദ്യ ആഴ്ചയില്‍‍ ഉണ്ടായിരുന്നു. ആരോരുമില്ലാതൊരു ഇടവഴിയില്‍‍ വച്ചു് മഴ ചാറി. കുട നിവ്ര്ത്തി നടന്നു. മഴ ഉറച്ചു. ചുറ്റും മരങ്ങള്‍‍ ആര്‍മ്മാദിക്കുന്നു. ഇടവഴിയിലൂടൊഴുകി വരുന്ന കലക്ക വെള്ളം കാലു കഴുകി ഒഴുകുന്നു. ആരുമില്ല. ആരും തന്നെ കാണുന്നില്ല. ചുറ്റും മഴയുടെ ശബ്ദം. കുട മടക്കി ആരും കാണാതെ നനഞ്ഞു കുതുന്നു നടന്നു. മരങ്ങളില്‍‍ നനഞ്ഞിരുന്ന കിളികള്‍‍ കൂകി വിളിച്ചോ. പടിക്ക്ലെത്തിയ എന്നോടു്, വേഗം തല തോര്‍ത്തു്.പനി പിടിക്കും.
മഴ എനിക്കിഷ്ടമാണു്. :)

Fri Jul 06, 10:34:00 am IST  
Blogger പുള്ളി said...

സൂ, നന്നായിട്ടുണ്ട്.
സാജനോട്: ഞാന്‍ ഇപ്പോള്‍ നാട്ടില്‍ മഴയും ആസ്വദിച്ച് കൂടിയിരിയ്ക്കുകയാണ്. ഇനലെ ഒരു ബസ്‌യാത്രയ്ക്കിടെ മഴ തിമിര്‍ത്ത് പെയ്യുമ്പോള്‍ ഇടയ്ക്കിടേ ഉയര്‍ന്നുപറക്കുന ടാര്‍പ്പോളിനുകള്‍ കൊണ്ട് ഒട്ടുമുക്കാലും നനയുകയും ചെയ്തു. സിഡ്നിയില്‍ ഇപ്പോള്‍ കാറുകഴുകാനും ചെടികള്‍ നനയ്ക്കനുമുള്ള ബാന്‍ മാറിയോ ;)

Fri Jul 06, 12:16:00 pm IST  
Blogger Empty said...

Su chechi, I am new here. Beautiful to.

Fri Jul 06, 03:32:00 pm IST  
Blogger ശ്രീ said...

സൂവേച്ചി...

മഴ എന്നും മനോഹരം....

ഞാനിപ്പോഴും (വീട്ടിലാണെങ്കില്‍‌) മഴ നനയാറൂണ്ട് കേട്ടോ...
{ മഴ പെയ്തു തോര്‍‌ന്നെന്ന് ആരു പറഞ്ഞു...
മഴ പെയ്യുന്നുണ്ട്.... മനസ്സില്‍‌...
ആത്മാവില്‍‌... ഓര്‍‌മ്മകളുടെ മഴ....}

:)

Fri Jul 06, 05:32:00 pm IST  
Blogger Inji Pennu said...

Suvechi,
Blog settingsil poyittu Post Feed - Short aakki vekkoo. allenkil readeril mothamaayittu kittum.

Fri Jul 06, 06:22:00 pm IST  
Blogger ബിന്ദു said...

വൌ! മഴയുടെ ഫോട്ടൊ. അതും നാലുകെട്ടിലൂടെ... വരികളും കൊള്ളാം. :)

Fri Jul 06, 06:52:00 pm IST  
Anonymous Anonymous said...

മ്... മഴ ഉള്ളിലേയ്ക്കു പെയ്തിറങ്ങുന്ന മഴ... :)

Fri Jul 06, 07:12:00 pm IST  
Blogger krish | കൃഷ് said...

മഴ തകര്‍ത്തുപെയ്യുന്നു. പെരുമഴക്കാലം.
ഒപ്പം ജലദോഷവും.

ഇതേതായാലും നന്നായിരിക്കുന്നു.

Fri Jul 06, 10:33:00 pm IST  
Blogger myexperimentsandme said...

നന്നായിരിക്കുന്നു. മ്ഴ ചിലപ്പോള്‍ നല്ല സന്തോഷം തരും, ചിലപ്പോള്‍ പേടിയും. മഴയുടെ കൂടെയുള്ള ഇടി പേടിപ്പിക്കുന്നത്. രാത്രിയിലെ മഴയെല്ലാം കഴിഞ്ഞ് രാവിലെ നല്ല സൂര്യപ്രകാശത്തില്‍ ഒരു എട്ട്-ഒമ്പതുമണിയോടുകൂടി പ്രകൃതിയെക്കാണുന്ന നോവാള്‍ജിയ (കഃട് ദേവേട്ടന്‍) ഇപ്പോള്‍.

(എന്നും തന്നെ മഴ നനഞ്ഞ് രണ്ട് കുട ഒടിഞ്ഞ് മൂന്നാം കുടയുമായി നടക്കുന്ന ഒരുവന്‍).

Sat Jul 07, 03:10:00 am IST  
Blogger ചീര I Cheera said...

സത്യത്തില്‍ നാട്ടിലുണ്ടായിരുന്നപ്പോള്‍, മഴയ അങനെ ആസ്വദിച്ചതായി ഓര്‍മ്മയിലില്ല!
എന്നാല്‍ ഇവിടെ വന്നതിനു ശേഷമാണ് മഴയുടെ നനവും, അതിന്റെ വിക്ര്തികളും, എല്ലാം അറിയുന്നതും [തിരിച്ചറിയുന്നത്], ‘മിസ്സ്‘ ചെയ്യുനതും..
ഫോടോ നന്നയിട്ടുണ്ട് ട്ടൊ, എഴുതിയതും..

Sat Jul 07, 11:15:00 am IST  
Blogger ശരണ്യ said...

മനോഹരം.............

Sat Jul 07, 12:19:00 pm IST  
Blogger ശാലിനി said...

എനിക്ക് ആ ഫോട്ടോ നല്ല ഇഷ്ടമായി.

Sat Jul 07, 01:21:00 pm IST  
Anonymous Anonymous said...

:)
കലേഷിന്റെ കല്യാണത്തിന് പോയ ഒരു പോസ്റ്റുണ്ടായിരുന്നില്ലേ,അതിന്റെ ലിങ്ക് തരോ?ഒന്നുടെ വായിക്കാനാ :)

Sat Jul 07, 05:22:00 pm IST  
Blogger kichu / കിച്ചു said...

സു..

വായിച്ചുപോകെ ഒരു മഴ നനഞ്ഞുകൊണ്ടിരിക്കുന്ന പ്രതീതി ആയിരുന്നു....അതുപോലെ കമെന്റ് ഇട്ണമെന്നും തോന്നി.

അപ്പൊഴാണ് കണ്ടത്......

കരീം മാഷ് അതേ കമെന്റ് ഇട്ടിരിക്കുന്നു!!!!!!!!

ഞാനും അതു തന്നെ എഴുതിയാല്‍‍ “മോഷണം” ആണെന്നുപറഞ്ഞാലോ??!!!!!!!!!!!!

പോസ്റ്റ് നന്നായി...

മരുഭൂമിയിലെ പ്രവാസിക്ക് “മഴ“ എന്ന വാക്കു തന്നെ ഒരു നൊസ്റ്റാള്‍ജിയയാണ്.

ഭാഗ്യവാന്മാര്‍ക്ക് പലപ്പോള്‍....

ചിലര്‍ക്കു വര്‍ഷത്തിലൊരിക്കല്‍...

പലര്‍ക്കും, പലവര്‍ഷം കൂടി....

കിട്ടുന്നൊരനുഭവം!!!!!!

Sat Jul 07, 05:53:00 pm IST  
Blogger സു | Su said...

ഞാഞ്ഞ ഉടച്ച് ഈ പോസ്റ്റിന്റെ ആദ്യകമന്റ് വെച്ച ദീപുവിന് നന്ദി. :)

ഹരിക്കുട്ടാ :) മറുപടി ഈയുള്ളവന്‍ പറഞ്ഞതുതന്നെ. ഈ നടുമുറ്റം എന്റെ മുത്തശ്ശന്റെ വീട്ടില്‍. (അമ്മയുടെ വീട്). അദ്ദേഹത്തെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല.

ദ്രൌപതീ :) മഴ...പ്രായവ്യത്യാസമില്ലാതെ ഇഷ്ടപ്പെടാന്‍ പറ്റുന്ന ഒന്ന്.

ഈയുള്ളവന്‍ :) ഹരിയ്ക്ക് മറുപടി കൊടുത്തത് നന്നായി. അതൊരു ഓഫ് ആണെങ്കിലും സാരമില്ല.

ഇഞ്ചീ :)

മെലോഡിയസ് :) പനി പിടിച്ച് അയ്യോ അയ്യോ എന്നു കരഞ്ഞാല്‍ നോക്കേണ്ടതും മാതാശ്രീ അല്ലേ? അതുകൊണ്ടാണ് അവര്‍ ചീത്ത പറയുന്നത്.

കരീം മാഷേ :) നന്നായി.

പ്രമോദ് :) മഴക്കാലം ദുരിതപൂര്‍ണ്ണവും ആവാം. പക്ഷെ മഴയെ കുറ്റം പറയേണ്ടെന്ന് വെച്ചു.

സന്തോഷ് :) ഓടായാലും ഓലയായാലും മഴ സംഗീതവുമായിത്തന്നെ വരും.

രേഷ് :)

സാജന്‍ :) പഴയ മഴക്കാലങ്ങള്‍ ഓര്‍ക്കൂ.

ശനിയന്‍ :) അവിടെ മഴ പെയ്തത് നന്നായി.

ലാപുട :) പക്ഷെ മിഴി നനയുന്നത് കാണാന്‍ വയ്യേ.

വേണു :) മഴ നനഞ്ഞത് നന്നായി.

പുള്ളീ :)

എം‌പ്റ്റി :) പേര് ഇതുവേണ്ടായിരുന്നു. സ്വാഗതം. നന്ദി.

ശ്രീ :) മഴ തീരുന്നില്ല.

ബിന്ദൂ :)

നവന്‍ :)

കൃഷ് :) കുറേക്കാലം എവിടെപ്പോയിരുന്നൂ?

വക്കാരിമഷ്ടാ :) അതെ. മഴ സന്തോഷവും പേടിയും ദുരിതവും. ഇടിമിന്നല്‍ എനിക്കും പേടിയാണ്. പണ്ട് മരത്തിന്റെ ജനല്‍ വാതിലുകള്‍ അടച്ച് കണ്ണടച്ചിരുന്നാല്‍ ഒന്നും അറിയില്ലായിരുന്നു. ഇപ്പോള്‍ ഗ്ലാസ്സ് ചില്ലുകളിലൂടെ കണ്ണിലെത്തുന്നു മിന്നല്‍. പേടിച്ച് വിറച്ച് ഇരിക്കും. ഇടിയും മിന്നലുമില്ലാതെ ഒരേ താളത്തില്‍ പെയ്യുന്ന മഴ എനിക്കെന്നും ഇഷ്ടം.

പി. ആര്‍ :) ഇല്ലേ? അതെന്താ? ഇപ്പോ വിഷമം ആവുന്നില്ലേ?

ശരണ്യ :)

ശാലിനീ :)

തുളസീ :) എന്തിനാ? വല്ല പാരയും ആണോ? ഹിഹിഹി. പേടി. ഇതാ പോസ്റ്റ്. വായിക്കൂ.

http://suryagayatri.blogspot.com/2005/09/blog-post_08.html

കിച്ചൂ :) മഴ പെയ്യട്ടെ. മനസ്സില്‍.


മഴ കാണാനെത്തിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

Sun Jul 08, 06:52:00 pm IST  
Blogger വിനയന്‍ said...

സു .
ഇത്തവണ മഴ നാട്ടില്‍ കനലായ് പെയ്തിറങ്ങി എന്നാണ് കേട്ടത്.മഴയിലും ഒഴുക്കിലും പെട്ടുപോയ് പ്രാണന്‍ വെടിഞ്ഞവര്‍ക്കും , പിന്നെ പെയ്തു തീര്‍ത്ത മഴകള്‍ കുളിരേകിയിരിക്കണം.
-- മലയാളിയുടെ നൊള്‍സ്റ്റാള്‍ജിയ---

-- നശിച്ച മഴ എന്നാരും പറയാ‍തിരിക്കട്ടെ---

Mon Jul 09, 12:12:00 pm IST  
Blogger Kumar Neelakandan © (Kumar NM) said...

This comment has been removed by the author.

Mon Jul 09, 12:36:00 pm IST  
Blogger സഞ്ചാരി said...

സു നല്ല രചന
‌------------------------------
പക്ഷെ
ചില മഴക്കോളുകള്‍ നിറഞ്ഞ ഓര്‍മകള്‍
.......ധാര മുറിയാത്ത മഴ പെയ്യുന്ന കാലം .. പുറം പണിക്ക് പോകാന്‍ കഴിയാത്ത കാലം...അടുപ്പ് പുകയാതെ പട്ടിണി കിടന്ന മഴകാലം...

ആരും ഓര്‍ക്കുന്നില്ലേ ആവോ ??

Mon Jul 09, 03:52:00 pm IST  
Blogger മുസ്തഫ|musthapha said...

സൂ, നല്ല രസമായിട്ടുണ്ട് ഈ ഫോട്ടോ... പോസ്റ്റിനേക്കാളും ഇഷ്ടമായത് ഈ ഫോട്ടോ തന്നെ.

Mon Jul 09, 04:34:00 pm IST  
Blogger സു | Su said...

വിനയന്‍ :) നശിച്ച മഴ എന്നെല്ലാവരും പറയും. പക്ഷെ മഴ നല്ലപോലെ പെയ്തില്ലെങ്കില്‍, വെള്ളമില്ലാതെ കഷ്ടപ്പെടേണ്ടിവരും എന്ന് ചിലര്‍ക്കെങ്കിലും അറിയാം. അതുകൊണ്ട് സഹിക്കും.

കുമാര്‍ :) നന്ദി. ഫോട്ടോ, ചേട്ടന്‍ എടുത്തു തന്നതാണ്. മഴ കണ്ടപ്പോള്‍, ഒരു ഫോട്ടോ വേണമെന്ന് എനിക്ക് തോന്നി. എടുത്തെടുത്ത് വേണമല്ലോ പെര്‍ഫക്‍ഷന്‍ വരാന്‍. ഇതൊരു പരീക്ഷണം അല്ലേ?

അഗ്രജന്‍ :) നന്ദി.

സഞ്ചാരി :) നന്ദി. ഓര്‍ത്തിട്ടുണ്ടാവും. അറിയില്ല.

Mon Jul 09, 04:58:00 pm IST  
Blogger എസ്. ജിതേഷ്ജി/S. Jitheshji said...

നല്ലൊരു മഴചിത്രം...സത്യമായിട്ടും മനസ്സ് നിറഞ്ഞു.

Tue Jul 10, 06:54:00 pm IST  
Blogger സു | Su said...

ജിതേഷ് :) സ്വാഗതം. നന്ദി.

Wed Jul 11, 08:56:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home