Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, May 26, 2013

വീണ്ടും മഴ വന്നു


വീണ്ടും മഴക്കാലം. യാത്രയോടു യാത്ര ആയിരുന്നതിനാൽ വേനൽക്കാലം എങ്ങനെയൊക്കെയോ കഴിച്ചുകൂട്ടി. ഇനിയെന്റെ പ്രിയപ്പെട്ട മഴക്കാലം വരുന്നുണ്ട്. വന്നു എന്നും പറയാം. ഞങ്ങളുടെ സ്വന്തം  കുളം നിറഞ്ഞുകവിയും, റോഡുകൾ വെള്ളവും ചെളിയും കൊണ്ടു നിറയും. പ്രകൃതി പച്ചച്ചു നിൽക്കും. ഒപ്പം അസുഖങ്ങൾ വരും, നല്ല വീടില്ലാത്തവർക്ക് വീട്ടിനുള്ളിലും മഴ നിറയും. എന്തു കുന്തം ആയാലും എനിക്കിപ്പോ ഒന്നുമില്ല എന്നൊരു മട്ടിൽ ഞാനിരിക്കുന്നു. 

ഒരു കഥ പറഞ്ഞിട്ട് എന്റെ പാട്ടിനു പൊയ്ക്കോളാം. എല്ലാരും വായിക്കണേ. :)

പണ്ട് പണ്ട് ഒരു രാജ്യത്ത് രണ്ടു കൂട്ടുകാരികൾ ഉണ്ടായിരുന്നു. അവർ തമ്മിൽ നല്ല അടുപ്പം ആയിരുന്നു. സന്തോഷവും ദുഃഖവും പങ്കുവെച്ച് അവർ മിടുക്കികളായി കഴിഞ്ഞു. അങ്ങനെ കുറേ നാൾ കഴിഞ്ഞപ്പോൾ പല കാരണങ്ങളാലും രണ്ടാൾക്കും വേർപിരിയേണ്ടി വന്നു. ഇടയ്ക്ക് കാണാൻ വന്നോളാംന്ന് നാടുവിട്ടുപോയ കൂട്ടുകാരി ഉറപ്പുനൽകി. അങ്ങനെ ഇടയ്ക്കൊക്കെ ആ കൂട്ടുകാരി വന്നു. മറ്റേ കൂട്ടുകാരിയെ കാണാൻ. കൂട്ടുകാരികൾ രണ്ടും തമ്മിൽ കണ്ടുമുട്ടുമ്പോൾ അവർ സന്തോഷത്താൽ  നൃത്തം ചെയ്തു. പിരിയുമ്പോൾ, വീണ്ടും കാണാംന്ന് പറഞ്ഞു പിരിഞ്ഞു. ആ കൂട്ടുകാരികളാണ് മഴയും മയിലും.

കഥ നിങ്ങൾക്ക് ഒട്ടും പിടിച്ചില്ലെങ്കിൽ പോയി മഴ നനഞ്ഞോ. അല്ല പിന്നെ!

Labels: ,

Thursday, July 05, 2007

പെരും മഴക്കാലം


ആകാശം നീലപ്പട്ടില്‍ പൊതിഞ്ഞുപിടിച്ചിരിക്കുന്ന കുഞ്ഞുമേഘങ്ങളെ കൊതിയോടെ നോക്കി നിന്നു. ഒരു കാറ്റു വന്ന്, മഴ വേണോന്ന് കുശലം ചോദിച്ച്‌ ഓടിപ്പോയി. ആകാശം നിറം മാറി. ഓര്‍മ്മകളും മഴയും ഒരുമിച്ച് കൊണ്ടുവന്ന് കാറ്റ് തിരിച്ചുപോയി.
പൊട്ടിച്ചിരിച്ചുകൊണ്ട്‌ മേഘങ്ങള്‍ പൊഴിഞ്ഞു. ചിലവ ധൃതിയായി കൂട്ടത്തോടെ വീണു.
ടക്‌ ടിക്‌ ടക്‌ ടിക്‌. ഓടിനുപുറത്ത്‌ മഴത്തുള്ളിയ്ക്കും സംഗീതം.
"ആലിപ്പഴം തിന്നാന്‍ പറ്റും."
"അയ്യേ വെള്ളം തിന്നില്ല."
തര്‍ക്കം തുടങ്ങി.
അവരോടൊപ്പം മഴയിലേക്കിറങ്ങി.
ഛല്‍ ഛില്‍ ഛല്‍ ഛില്‍. വെള്ളം കാലില്‍ത്തട്ടിത്തെറിപ്പിച്ച്‌ അങ്ങോട്ടുമിങ്ങോട്ടും ഓടി. മുഖത്തെ വെള്ളം അമര്‍ത്തിത്തുടച്ച്‌ കൈ കൊട്ടിപ്പാടി.
“മഴ പെയ്താല്‍ നനയില്ലേ, നമ്മുടെ വീട്ടില്‍ കൊടയില്ലേ?"
നനഞ്ഞ കൈ കൊട്ടാന്‍ പാടില്ല. ആരോ ഓര്‍മ്മിപ്പിച്ചു.
"പനി പിടിക്കും കുട്ട്യോളേ" ആരോ ശാസിച്ച്‌ വന്നുപോയി.
കുറേക്കഴിഞ്ഞപ്പോള്‍, ആകാശം വീണ്ടും സ്വാര്‍ത്ഥനായി. മേഘങ്ങളെ ഒളിപ്പിച്ചു. പിന്തിരിഞ്ഞപ്പോള്‍, ഓര്‍മ്മകള്‍ മാത്രം പെയ്തുകൊണ്ടിരുന്നു.
വയസ്സ്‌, ഒട്ടിപ്പോസ്റ്റിക്കര്‍ ആയിരുന്നെങ്കില്‍, കുറേയെണ്ണം പറിച്ചെറിഞ്ഞ്‌ മഴയത്ത്‌ തന്നെ നില്‍ക്കാമായിരുന്നു. മഴക്കാലം കഴിയുവോളം. മതിവരുവോളം നനയാന്‍.

Labels: