Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, May 05, 2011

അക്ഷയതൃതീയ വരുന്നൂ

പ്രിയപ്പെട്ട ചേട്ടാ,

പുത്യേ സീരിയലുകളു തുടങ്ങിയേപ്പിന്നെ കത്തെഴുതാനേ സമയമില്ല. ഒരു പത്തുപതിനഞ്ച് എപ്പിസോഡ് വരെ കഥയൊരു പാച്ചിലു പായും. പിന്നെ ഗുഡ്സ് ട്രെയിൻ പോകുന്നതുപോലെ ചച്ചാം പിച്ചാം ചച്ചാം പിച്ചാം എന്ന മട്ടിൽ ഇഴയും. തിങ്കളാഴ്ച വെഷക്കുപ്പി എടുത്താലും വെള്ളിയാഴ്ചയേ കഴിക്കൂന്ന് എല്ലാവർക്കുമിപ്പോ അറിയാം. പിന്നെ ഒരുമാസം ആശുപത്രി എപ്പിസോഡും. എന്നാപ്പിന്നെ കാണാതിരിക്കാമെന്നുവെച്ചാലും ആൾക്കാരു സമ്മതിക്കൂല. മഹിളാസമാജം മീറ്റിംഗിനു മുഖ്യ അജണ്ട തന്നെ ഇതല്ലേ. ഒരെപ്പിസോഡ് മിസ്സായാപ്പിന്നെ എൻ‌ട്രൻസ് പരീക്ഷയ്ക്ക് തോറ്റപോലത്തെ ചമ്മലാ.

ഇപ്പോ കത്തെഴുതാൻ തോന്നിച്ചത് എന്താന്നറിയ്യോ? അക്ഷയതൃതീയ വരുന്നു. ഞാനവിടെയുള്ളപ്പോ ഈ തൃതീയയൊന്നും കണ്ടില്ലല്ലോന്ന് ചേട്ടൻ വിചാരിക്കും. ഞാനും ഇപ്പോഴാ ചേട്ടാ അറിയുന്നത്. പണ്ടും ഇതൊക്കെ ഉണ്ടായിരുന്നത്രേ. അക്ഷയതൃതീയയ്ക്ക് എന്താ വാങ്ങുന്നേന്ന് എന്നോട് ആദ്യം ചോദിച്ചത് ഷൈലാമ്മയാണ്. അപ്പോ ഞാൻ വിചാരിച്ചത്, വടക്കേവീട്ടിലെ കരുണാകരന്റെ മോൾക്ക് കല്യാണത്തിനു കൊടുക്കാൻ എന്താ വാങ്ങുന്നേ എന്നാ ചോദിച്ചത് എന്നാണ്. അവൾടെ പേരും അങ്ങനെയെന്തോ ആണ്. അപ്പോ ഷൈലാമ്മയാണ്
അക്ഷയതൃതീയയെപ്പറ്റി പറഞ്ഞുതന്നത്. അക്ഷയതൃതീയയുടെ ദിവസം സ്വർണ്ണോം വെള്ളീം, പിന്നെ മറ്റുള്ളവയും ഒക്കെ വാങ്ങി വീട്ടിൽക്കൊണ്ടുവെച്ചാൽ ഐശ്വര്യം കൂടുമത്രേ. ഷൈലാമ്മയായതുകൊണ്ട് ആരുടെ ഐശ്വര്യംന്ന് ഞാൻ ചോദിച്ചില്ല. ഇതൊക്കെ വിക്കുന്ന കടക്കാരുടേതാണെന്ന് മനസ്സിലാക്കാൻ എനിക്കുപോലും കഴിയും.

എന്തായാലും സ്വർണ്ണവും വെള്ളിയുമൊന്നും വാങ്ങി, കള്ളന്മാരുടെ ഐശ്വര്യം വർദ്ധിപ്പിക്കേണ്ട കാര്യമൊന്നും എനിക്കില്ലാത്തതുകൊണ്ട്, ചേട്ടാ, ഞാൻ പത്ത് പശൂനെ വാങ്ങി. നല്ലൊരു ദിവസമാണെങ്കിൽ‌പ്പിന്നെ എന്തു വാങ്ങിയാലും ഐശ്വര്യം കൂടുമല്ലോ. ഇനിയിപ്പം വർഷം മുഴുവൻ പാലിനു പാല്, ചെടികൾക്കിടാൻ ചാണകത്തിനു ചാണകം. പിന്നെ ചേട്ടന്റെ അമ്മയ്ക്കും എന്തെങ്കിലും പണിവേണ്ടേ? അക്ഷയതൃതീയയ്ക്കു വാങ്ങിയ പശുക്കളാണ് എന്നു പറഞ്ഞിട്ടും അമ്മേടെ മുഖത്ത് ചതുർത്ഥിയായിരുന്നു. പാലിനു വില കൂട്ടും വിലകൂട്ടും എന്നുപറഞ്ഞ് നമ്മളെപ്പോലെയുള്ള പാവങ്ങളെപ്പറ്റിയ്ക്കാൻ ഇനി ആർക്കും പറ്റൂലല്ലോ അമ്മേന്ന് പറഞ്ഞപ്പോഴാണ് അമ്മേടെ മുഖം ലേശം തെളിഞ്ഞത്. കണികണ്ടുണരാനുള്ള നന്മ ഇനി നമ്മുടെ ആലേൽ ഉണ്ടാവുമല്ലോ.

പിന്നെ മക്കളു നന്നായിട്ടൊക്കെ പഠിക്കുന്നുണ്ട്. മോളു പറഞ്ഞു, കോളേജിലെ കൂട്ടുകാരികളൊക്കെ അക്ഷയതൃതീയയ്ക്ക് എന്താ വാങ്ങിയതെന്നു ചോദിക്കുംന്ന്. അമ്മേടെ എളേപ്പന്റെ മോന്റെ ഭാര്യ മരിച്ചതോണ്ട് നമ്മൾക്ക് ഇക്കൊല്ലം അക്ഷയതൃതീയ ആഘോഷിക്കാൻ പറ്റൂലാന്ന് പറഞ്ഞാമതി എന്നു ഞാൻ പറഞ്ഞു. ചോദിക്കണോർക്ക് ചോദിച്ചാ മതി. എന്തെങ്കിലും മേടിക്കാൻ പോകുമ്പോ പൈസ നമ്മളല്ലേ കൊടുക്കേണ്ടത്?

പിന്നെ നിങ്ങൾടെ അനിയൻ, ടൈയൊക്കെ കെട്ടി ദിവസോം പുറപ്പെട്ടു പോകുന്നുണ്ട്. ആരുടെയൊക്കെ കഴുത്തിലാണ് കുരുക്കിട്ടുവരുന്നതെന്ന് എന്നറിയില്ല. അക്ഷയതൃതീയയ്ക്ക് സ്വർണ്ണം വാങ്ങാൻ പോകണ്ടേ ചേച്ച്യേന്ന് ചോദിച്ചു. നീ കൊണ്ടുപോയി പണയം വെച്ച സ്വർണ്ണമൊക്കെ എടുത്തുതന്നാൽത്തന്നെ എനിക്കു എന്നും തൃതീയ ആണെന്ന് പറഞ്ഞു. ഇപ്പോ അവന്റെ ഭാര്യേടടുത്ത് ഉണ്ടല്ലോ സ്വർണ്ണം. പണയം വെക്കാനൊക്കെ അവളു കൊടുക്കുമെന്ന് എനിക്കു തോന്നുന്നില്ല. എല്ലാവരും എന്നെപ്പോലെയായിരിക്കുമോ?

അക്ഷയതൃതീയ ഒന്ന് കഴിഞ്ഞുകിട്ട്യാമതിയായിരുന്നു. സ്വർണ്ണം ചേട്ടൻ വാങ്ങിവെക്കുംന്ന് പറഞ്ഞാണ് ഞാനെല്ലാവരുടേം മുന്നിൽ പിടിച്ചുനിൽക്കുന്നത്. അക്ഷയതൃതീയ കണ്ടുപിടിച്ചവനെയൊക്കെ സുനാമി പിടിക്കണം. എന്നാലേ അവനൊക്കെ പഠിക്കൂ.

എഴുതിയെഴുതി സമയം പോയി. റിയാലിറ്റി ഷോ തുടങ്ങാൻ സമയമായി.

ചോദിക്കാൻ ഇപ്പോ മറന്നുപോയേനെ. ചേട്ടനു സുഖം തന്നെയല്ലേ? അക്ഷയതൃതീയയിലൊന്നും വിശ്വാസമില്ലെങ്കിലും ചേട്ടൻ ഇടയ്ക്കിടയ്ക്ക് സ്വർണ്ണം വാങ്ങിവെക്കണം കേട്ടോ.


എന്തായാലും ചേട്ടനു നൂറ് അക്ഷയതൃതീയ സ്പെഷൽ ഉമ്മകൾ.

എന്ന് ചേട്ടന്റെ സ്വന്തം ഭാര്യ തങ്കമ്മ.

Labels: ,

Monday, August 06, 2007

പ്രിയപ്പെട്ട ദൈവമേ

പ്രിയപ്പെട്ട ദൈവത്തിന്,

എനിക്കു കത്തയക്കാനും നിനക്ക്‌ സമയം കിട്ടിയതില്‍ നന്ദി എന്നല്ലേ ഈ കത്ത്‌ കണ്ടപ്പോള്‍ ആ മനസ്സ്‌ പറയുന്നത്‌? എല്ലാം വായിച്ചിട്ട്‌ ഒടുവില്‍ പറഞ്ഞാല്‍ മതി. തിരക്കില്ല.

വലിയ സമയം ഒന്നും ഉണ്ടായിട്ടല്ല എഴുതാമെന്നുവെച്ചത്‌. നന്ദികേടുകാണിക്കുന്ന സ്വഭാവം എനിക്കില്ല. അതുകൊണ്ടാ. ഇങ്ങോട്ട്‌ പറഞ്ഞയച്ച്‌ ഇത്രേം കാലം, ഇവിടെയിട്ടതിനു നന്ദി.

കേരളത്തില്‍ത്തന്നെ ജനിച്ചത്‌ നന്നായി. പച്ചപ്പ്‌, മഴ, ഇതൊക്കെയുള്ളിടത്തല്ല ഞാന്‍ ജനിച്ചതെങ്കില്‍, നമ്മളു രണ്ടും പണ്ടേ തെറ്റിയേനെ. ഇപ്പോഴും അല്‍പ്പം തെറ്റുണ്ട്‌. എന്നാലും അഡ്ജസ്റ്റ്‌ ചെയ്തോളാം.

ഇവിടെ സുഖം തന്നെ. അവിടേയും അങ്ങനെ എന്നു കരുതുന്നു, എന്ന പഴഞ്ചന്‍ വാചകം മാറ്റേണ്ട സമയം ആയി. ഇവിടെ സുഖമില്ല, അതുകൊണ്ട്‌ അവിടെ സ്വൈരവുമില്ലെന്നു കരുതുന്നു എന്നു വേണമെങ്കില്‍ പറയാം. ഇങ്ങനെ ആള്‍ക്കാരോട്‌ മുഴുവന്‍, കൈക്കൂലിയും വാങ്ങി, നേരെ ചൊവ്വേ കാര്യങ്ങള്‍ നടത്തിക്കൊടുക്കാതെ സദാസമയം പുഞ്ചിരിച്ചുംകൊണ്ടിരിക്കാന്‍ എങ്ങനെ കഴിയുന്നു? പുഞ്ചിരി ടാറ്റൂ ഒട്ടിച്ചുവെച്ചതാണോ? അവിടെ ഉണ്ടെങ്കില്‍ ഒന്നെനിക്കും അയച്ചുതരണം. വി. പി. പി ആയിട്ടൊന്നും വേണ്ട. ഫ്രീ ആണെങ്കില്‍ മതി. ഒരു കാര്യം പറഞ്ഞേക്കാം. എല്ലാവരോടും കാണിക്കയും വാങ്ങി ഒന്നും ചെയ്യാതെ ഇരുന്നാല്‍, എല്ലാവരുംകൂടെ അവിടെ എത്തി, കാര്യം നടത്താന്‍ തന്നതൊക്കെ തിരിച്ചെടുത്താല്‍, മക്കളെ സ്വാശ്രയകോളേജില്‍ ചേര്‍ത്ത രക്ഷിതാവിനെപ്പോലെ അങ്ങും പാപ്പരായിപ്പോകും.

ഈ നാടിന്റെ പേരു ഞാന്‍ മാറ്റും. ചെകുത്താനു കൊടുത്താലോ ആ പദവി എന്നു വിചാരിക്കുന്നു. അവിടെ എന്താണൊരു കുറവ്‌, ചിക്കുന്‍ ഗുനിയ ഇല്ലേ?, തക്കാളിപ്പനി ഇല്ലേ?, കൊതുകില്ലേ, മാലിന്യമില്ലേന്ന് ചോദിക്കരുത്‌. ഇതൊക്കെ ഒന്നുവേഗം തിരിച്ചെടുക്കണം. ഞങ്ങള്‍ക്കുവേണ്ട. മനുഷ്യരെപ്പറ്റിക്കാന്‍ ആണ്‌ ഇതെങ്കില്‍ വെറുതേയാണ്‌. ഇതൊക്കെ ഉണ്ടായിട്ടും ആരെങ്കിലും സീരിയല്‍ കാണാതെ ഇരിക്കുന്നുണ്ടോ? ഹര്‍ത്താല്‍ നടത്താതെ ഇരിക്കുന്നുണ്ടോ?

സ്വന്തം നാടിനെ ഇങ്ങനെ വിട്ടാല്‍, ദൈവമേ, അങ്ങും, രാഷ്ട്രീയക്കാരും തമ്മില്‍ എന്തുവ്യത്യാസം? സ്വാതന്ത്ര്യദിനം വരുന്നുണ്ട്‌. സ്വാതന്ത്ര്യദീനം എന്നാവും ആ ദിവസത്തിനു ഇനി മുതല്‍ പേരു കൊടുക്കാന്‍ പോകുന്നത്‌. ദീനങ്ങള്‍ സ്വതന്ത്രമായിട്ട്‌ വിഹരിക്കുന്നു.

മാലിന്യം കൂടിയിട്ട്‌ കൊതുകുകൂടുന്നെന്നും, കൊതുക്‌ കൂടുമ്പോള്‍ ചിക്കുന്‍ ഗുനിയ വരുന്നെന്നും, ചിക്കുന്‍ ഗുനിയ വരുമ്പോള്‍ മനുഷ്യര്‍ വൃത്തിയില്‍ ശ്രദ്ധിക്കാതെ പരിഭ്രമിച്ച്‌ പിന്നേം മാലിന്യം കൂടുന്നു എന്നൊക്കെയുള്ള ചാക്രിക തിയറി (ഇതിന്റെ അര്‍ത്ഥം എന്നോട്‌ ചോദിക്കരുത്‌) എന്നോട്‌ പറയരുത്‌. പിന്നെ, കൊതുകുണ്ടെങ്കില്‍ അത്രേം നല്ലത്‌. ചാറ്റ്‌ ചെയ്യുമ്പോള്‍ ബിസി എന്നിട്ടുവെക്കാമല്ലോ. കൊതുകിനെ അടിച്ചും പിടിച്ചും, സമയം തിരക്കിലാണെന്ന് ആര്‍ക്കെങ്കിലും മനസ്സിലാവുമോ?

മാവേലി വരാന്‍ തയ്യാറെടുപ്പ്‌ തുടങ്ങിക്കാണുമല്ലോ. അദ്ദേഹം കത്തയച്ചാല്‍ മുന്നറിയിപ്പ്‌ കൊടുക്കുക. വരുന്നതിനുമുമ്പ്‌, ഹെല്‍മെറ്റ്‌, പടച്ചട്ട(കൊതുകുകേറാത്തത്‌) എന്നിവ കൂടെ കരുതാന്‍ പറയണം. അല്ലെങ്കില്‍ കുമ്പയും തടവി, ജനറല്‍ ബോഡിയും കാണിച്ച്‌, കുടയും ചൂടി വന്നാല്‍, അടുത്ത ഓണത്തിനു ഞങ്ങള്‍ ഡ്യൂപ്പിനെ ഇറക്കേണ്ടിവരും.

ഒരു കാര്യം ഉണ്ടായി എന്തായാലും. ഓണത്തിനു സ്പെഷല്‍സ്‌ ഉണ്ടാക്കുമ്പോള്‍ എന്തു പേരിടും എന്നെനിക്ക്‌ കണ്‍ഫ്യൂഷന്‍ ഇല്ല. ചിക്കുന്‍ ഗുനിയയെന്നത് മുന്നില്‍ നിര്‍ത്തും. അതിനാണല്ലോ ഡിമാന്‍ഡ്‌. കുട്ടികളെ ഉറക്കുന്നതുപോലും ചിക്കുന്‍ ഗുനിയ വന്നു പിടിക്കും എന്ന് പറഞ്ഞാണ്‌. കള്ളിയങ്കാട്ട്‌ നീലിയും, കായംകുളം കൊച്ചുണ്ണിയും ഒക്കെ ഔട്ട്‌ ആയി. അവരുടെയൊക്കെ പേരുപറയുമ്പോള്‍, കുട്ടികള്‍ ചോദിക്കും, അപ്പോള്‍ ചിക്കുന്‍ ഗുനിയയോ എന്ന്. അവര്‍ക്ക്‌ ചിക്കുന്‍ ഗുനിയ കഥ മതി. പണ്ട് പണ്ടൊരു രാജ്യത്ത്‌, ഒരു ചിക്കുന്‍ ഗുനിയ ഉണ്ടായിരുന്നു എന്നു തുടങ്ങിയാല്‍ അവര്‍ക്ക്‌ അത്രേം സന്തോഷം.

ഇനീം കുറേ പറയാനുണ്ട്‌. കുറ്റങ്ങള്‍. ഇതൊരു ചിക്കുന്‍ ഗുനിയ എപ്പിസോഡ്‌ ആണെന്നു കരുതിയാല്‍ മതി.

കാലനോട്‌ എന്റെ അന്വേഷണം പറയണം. ഈ വഴിക്കെങ്ങാന്‍ വന്നാല്‍...ഓര്‍മ്മയുണ്ടല്ലോ...ചിക്കുന്‍ ഗുനിയ? ഉം...അതു പ്രത്യേകം പറയണം. അല്ലെങ്കില്‍ എന്റെ ബ്ലോഗുണ്ട്‌.

പിന്നെ, താങ്ക്‌ യൂ വെരി മച്ച്‌. ഒരു ആഗസ്റ്റ്‌ കൂടെ തന്നതിന്. ഒരു സ്വാതന്ത്ര്യദിനം കൂടെ തരാന്‍ പോകുന്നതിന്. ഇങ്ങനെ ഒരുപാട്‌ സ്വാതന്ത്ര്യദിനങ്ങള്‍ സന്തോഷത്തോടെ ഇനിയും തരണം.

ഇനി അടുത്ത കത്തില്‍ ഒക്കെ എഴുതാം. ഇപ്പോള്‍ തീരെ സമയമില്ല. വിഷം കൈയ്യിലെടുത്തുനില്‍ക്കുന്ന നായികയുടെ ക്ലോസപ്പിലാണ്‌, വെള്ളിയാഴ്ച, സീരിയല്‍ തീര്‍ന്നത്‌. തിങ്കളാഴ്ച ആയിക്കിട്ടാന്‍ പെടുന്ന പാട്‌ വല്ലതും ദൈവത്തിനറിയാമോ.

അടുത്ത കത്തില്‍ അടുത്ത കത്തി.

എന്ന് ഭയഭക്തിബഹുമാനങ്ങളോടെ

സ്വന്തം സു.

Labels: ,