മീര
വിരസമായൊരു ദിവസം, ആഴ്ചപ്പതിപ്പിന്റെ സഹായത്തോടെ തള്ളിനീക്കാന്‍ ശ്രമിക്കുമ്പോഴാണ്, മീര, ചില ശബ്ദങ്ങള്‍ കേട്ടത്. പിന്നിലെ വരാന്തയില്‍ നിന്ന് തെക്കുഭാഗത്തേക്ക് തുറക്കുന്ന ജനല്‍ എന്നും ചുമരിനോട് ചേര്‍ന്ന് നിന്നിരുന്നു. അതാര്‍ക്കും തുറക്കണമെന്നുണ്ടായിരുന്നില്ല. നിറവയര്‍ താങ്ങിയെഴുന്നേറ്റ്, അല്‍പ്പമൊരു ശക്തിയോടെ മീര ജനവാതില്‍ തുറന്നു.
അല്‍പ്പം ദൂരെയായി കാണുന്ന വീട്ടില്‍ ആരാണെന്ന് അവള്‍ക്കിതുവരെ അറിയില്ലായിരുന്നു. ഈ വീട്ടിലെത്തിയിട്ട് അധികനാളും ആയില്ല. അപ്പുറവും ഇപ്പുറവും ഒന്നോ രണ്ടോ പരിചയക്കാരുണ്ടെന്നതൊഴിച്ചാല്, തന്നിലൊതുങ്ങുന്ന സ്വഭാവമായതിനാല്‍, മീര അധികം പരിചയത്തിനു മുതിര്ന്നുമില്ല. ഒരു നാടോടിപ്പെണ്‍കുട്ടി എന്തോ തിരഞ്ഞുപെറുക്കി നടപ്പുണ്ടായിരുന്നു. സ്കൂളിനടുത്തുള്ള വയലില്‍, നാടോടികള്‍ പാര്‍പ്പ് തുടങ്ങിയെന്ന് വേലക്കാരിയില്‍ നിന്ന് മീര അറിഞ്ഞിരുന്നു. പാകമല്ലാത്ത വലിയൊരു കുപ്പായമാണ് ആ കുട്ടി ധരിച്ചിരുന്നത്. പഴകി മുഷിഞ്ഞത്. അയയില്‍ വിരിച്ച, വൃത്തിയായി കഴുകിയിട്ട, നിലം തുടയ്ക്കുന്ന തുണികളിലേക്ക് മീര നോക്കാനിടയായതും അതുകൊണ്ടു തന്നെ.
ഒരു ചെറുപ്പക്കാരന്, വീടിന്റെ വെളിയിലേക്ക് വന്ന് എന്തോ പറഞ്ഞു. വഴക്കാവും എന്ന്, പരിഭ്രമത്തോടെ കൈയിലുള്ളതൊക്കെ വലിയൊരു ചാക്കിലിട്ട്, നടന്നകലാന്‍ നോക്കിയ കുട്ടിയെ കണ്ടപ്പോള്‍ മീരയ്ക്ക് തോന്നി. അവന്, ചുറ്റും നോക്കി, അവളെ തിരിച്ചുവിളിച്ചപ്പോള്‍, മീരയ്ക്ക് മനസ്സിലെന്തോ തടഞ്ഞുനിന്നു. അവള് തിരിഞ്ഞ്, അവനരികിലേക്ക് നടന്നപ്പോള്‍, മീര ഉടനെ പുറത്തിറങ്ങി, വെയിലത്ത് വെച്ച പാത്രങ്ങള്‍ എടുത്ത്, ഒന്നു രണ്ടെണ്ണം, അറിയാത്ത ഭാവത്തില്‍ താഴെ ഇട്ടു, അവര്‍ മീരയെ കണ്ടിട്ടുണ്ടാവണം. ചെറുപ്പക്കാരന്, പെട്ടെന്ന്, അകത്തേക്ക് കയറി മറഞ്ഞു. പെണ്‍കുട്ടി, വീണ്ടും, എന്ത് ചെയ്യണമെന്നറിയാതെ, അല്‍പ്പം നിന്ന്, തിരിച്ച് നടന്നു.
മീര, ജനല്‍, പിന്നെ അടച്ചതേയില്ല.
"എന്താ ചേച്ചീ, പാത്രങ്ങള്‍ക്ക് പെട്ടെന്ന് പറ്റിയത്?"
പിറ്റേദിവസം, പാത്രം വൃത്തിയാക്കിയ വേലക്കാരി ചോദിച്ചു.
"താഴെ വീണിട്ടുണ്ടാവണം. പൂച്ചകള്‍ ഉണ്ടല്ലോ." മീര ഉത്തരം കൊടുത്തത് അങ്ങനെയാണ്.
"ശരിയാ." എന്നും പറഞ്ഞ് അവള് പോവുകയും ചെയ്തു.
ശ്രീനിയോട്, മീര, ഒന്നും പറഞ്ഞില്ല. പാത്രങ്ങളില്‍ ദിനം തോറും ചളുക്കുകള് കൂടിവരികയും, വേലക്കാരി അല്‍പ്പം പരിഭ്രമത്തോടെ പരാതി പറയുകയും ചെയ്തപ്പോള്‍ മീര ആര്‍ക്കോ വേണ്ടി, രഹസ്യമായി സന്തോഷിച്ചിരുന്നു. തനിക്കുള്ളിലെ ജീവനോട്, കുസൃതികള്‍ പങ്കുവെച്ച് ചിരിച്ചിരുന്നു.
വീട്ടുകാരുടെ വരവും, ആശുപത്രിയിലേക്ക് യാത്രയും, കുഞ്ഞിക്കണ്ണുള്ള മാലാഖ, കരയുകയും ചെയ്തതൊക്കെ പെട്ടെന്നായിരുന്നു. മീരയുടെ മനസ്സില്‍, ചെറുപ്പക്കാരനും, പെണ്‍കുട്ടിയും, ജനലും ഒക്കെ അടഞ്ഞുകിടന്നിരുന്നു. ആശുപത്രിക്കിടക്കയില്‍ നിന്ന്, ആരോ കൊണ്ടുവന്ന പത്രം മറിച്ചപ്പോഴാണ് മീര വീണ്ടും അവളെ കാണുന്നത്. അവളെ കാത്തുകിടക്കുന്ന, വലിച്ചെറിയപ്പെട്ട വസ്തുക്കളിലേക്ക് ഇനിയവള്‍ക്ക് കടന്നുചെല്ലേണ്ടെന്ന് മീര ഞെട്ടലോടെ അറിഞ്ഞു. ആ വസ്തുക്കള്‍ക്കൊപ്പം, വലിച്ചെറിയപ്പെടേണ്ട ഒരു വസ്തുവായി, ആ പെണ്‍കുട്ടിയും. സന്തോഷിച്ചപോലെത്തന്നെ, രഹസ്യമായി മീരയ്ക്ക് കരയേണ്ടിയും വന്നു.
വീട്ടിലെത്തിയ ഉടനെ, ജനല്‍ നോക്കാനാണ് മീര ഓടിച്ചെന്നത്. അതിനുമുകളില്‍, വല കെട്ടിയിരിക്കുന്ന ചിലന്തികളെയൊക്കെ, വെറുപ്പോടെ തട്ടി നീക്കി. മുറ്റത്ത് വെയിലത്ത് വെച്ചിരുന്ന പാത്രങ്ങള്‍, ഓരോന്നായി എടുത്ത്, എന്തോ ബാധകയറിയവളെപ്പോലെ വലിച്ചെറിഞ്ഞുകൊണ്ടിരുന്നു. ആരും ഉണ്ടായിരുന്നില്ല, ശബ്ദം കേട്ട് പരിഭ്രമിക്കാന്‍.
"എന്താ കുട്ടീ, ഇവിടെ കാട്ടുന്നത്? എന്താ ഇതൊക്കെ? പോയി കിടക്കൂ അവിടെ"എന്നും പറഞ്ഞ് അമ്മ ഓടി വന്ന്, പാത്രങ്ങളൊക്കെ എടുക്കാന്‍ തുടങ്ങിയപ്പോള്‍, മീര വരാന്തയിലേക്ക് കയറി, ജനവാതില്‍, തുറന്നതിലും ശക്തിയായി വലിച്ചടച്ച് മുറിയിലേക്കോടി.
മോളെ, നല്ലൊരു ഷീറ്റെടുത്ത്, മൂടിപ്പുതപ്പിച്ച്, എവിടെയോ ഉള്ള, അവള്‍ക്ക് പരിചയമില്ലാത്ത ഒരമ്മയുടെ, ഒരുപാട് അമ്മമാരുടെ, നിസ്സഹായത ഓര്‍ത്ത്, മനസ്സില്‍നിന്ന് ചിലതൊക്കെ വലിച്ച് പുറത്തേക്കിടാന്‍ ശ്രമം തുടങ്ങി.
Labels: കഥ
17 Comments:
ഈ പാത്രങ്ങള്‍ തട്ടിയിട്ടാല്‍ അത്രയും ചളുക്കുണ്ടാവുമോ? സ്റ്റീല്‍, അലുമിനിയം പാത്രങ്ങളൊക്കെ, ചെറുതായൊന്നു താഴെ വീണാലും ഒട്ടും ചളുങ്ങാറില്ലല്ലോ, ഇനിയിവിടെ അറിയാതെ തട്ടിയിടുകയല്ലായിരുന്നുവോ, എറിയുകയായിരുന്നുവോ? എന്നാലും ഇതായിരുന്നുവോ മീര തിരഞ്ഞെടുക്കേണ്ടിയിരുന്ന വഴി?
...അതാര്‍ക്കും തുക്കണമെന്നുണ്ടായിരുന്നില്ല. - തുറക്കണം എന്നല്ലേ?
--
"എവിടെയോ ഉള്ള, അവള്‍ക്ക് പരിചയമില്ലാത്ത ഒരമ്മയുടെ, ഒരുപാട് അമ്മമാരുടെ, നിസ്സഹായത ഓര്‍ത്ത്, മനസ്സില്‍നിന്ന് ചിലതൊക്കെ വലിച്ച് പുറത്തേക്കിടാന്‍ ശ്രമം തുടങ്ങി"
ഈയൊരു കഥാതന്തുമതി കഥയുടെ മാസ്മരികതയറിയുവാന്...
നരന്മാരുടെ ഉള്ളിലുമുണ്ട് ഇത്തരം നെരിപ്പാടുകള്...
ഇഷ്ടമായി
നന്നായിട്ടുണ്ടു...........
സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്
:)
ആ പാത്രങ്ങളില്‍ ഒന്ന് എന്തുകൊണ്ട് പൊട്ടിച്ചില്ല എന്ന് ചോദ്യം അവശേഷിക്കുന്നു! ആശയം അഭിനന്ദനം അര്‍ഹിക്കുന്നു. നന്നായി.
“ആ വസ്തുക്കള്‍ക്കൊപ്പം, വലിച്ചെറിയപ്പെടേണ്ട ഒരു വസ്തുവായി, ആ പെണ്‍കുട്ടിയും.“
“വലിച്ചെറിയപ്പെടേണ്ട വസ്തുവായി” എന്നത് തറച്ചു നില്ക്കുന്നു..
എഴുത്തിഷ്ടായി.
ഇന്നലെ രാത്രി “പഞ്ചാഗ്നി“ കണ്ട് ഇന്നിതു വായിച്ചപ്പോള്‍ ...
:(
good
നിസ്സഹായാവസ്ഥ കാണിക്കാന്‍ പാത്രം എറിയുന്ന ആശയം കൊള്ളാം .. പെണ്ണുങ്ങള്‍ക്ക് പൊതുവെ പരിചിതവുമാണല്ലൊ.... പക്ഷെ, ആ കുട്ടിയെ വലിച്ചെറിയപ്പെട്ട വസ്തുവാക്കിയതില്‍ മീരക്കും പങ്കില്ലെ... വെറുതെ പാത്രമെറിഞ്ഞ നേരം ... ആരോടെങ്കിലും പറഞ്ഞിരുന്നെങ്കില്‍ .... എനിക്ക് തോന്നിയതാണെ..ഫലമുണ്ടാവണം എന്നൊന്നും ഇല്ല..
ഹരീ :) ആദ്യത്തെ കമന്റിന് നന്ദി. ഇതായിരുന്നോ മീര തെരഞ്ഞെടുക്കേണ്ട വഴി? മീരയ്ക്ക് അത്രയേ തല്ക്കാലം ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ.
വിശ്വം ജീ :)
കുഞ്ഞന്‍ :)
അപ്പൂസ് :)
മന്‍സൂര്‍ :)
മെലോഡിയസ് :)
സാല്‍ജോ :)
പി.ആര്. :)
ദീപൂ :)
മനൂ :)
ഇട്ടിമാളൂ :) മീരയ്ക്ക് അത്രയ്ക്കൊന്നും ചെയ്യാന്‍ ആ അവസ്ഥയില്‍ പറ്റുമായിരുന്നില്ല. ആരോടെങ്കിലും പറഞ്ഞാല്‍, അതൊക്കെ ആലോചിച്ച്, നീ തലപുകയ്ക്കരുത് എന്നാണ് ഉത്തരം കിട്ടുമായിരുന്നതെങ്കിലോ എന്ന് വിചാരിച്ചാല്‍ പോരേ?
നന്ദി, എല്ലാവര്ക്കും.
സൂവേച്ചി...
നല്ല ആശയം തന്നെ... കഥ ഇഷ്ടമായി.
:)
ആശയം ഇഷ്ടപ്പെട്ടു. ചളുങ്ങിയ പാത്രങ്ങളിലൂടെ നിസ്സഹായതയുടെ ചിത്രം നന്നായി.:)
:(
ശ്രീ :) നന്ദി.
വേണു ജീ :) നന്ദി.
ബിന്ദൂ :)
നന്നായിട്ടുണ്ട്.
ഈ ബ്ളോഗിലെ 12 പോസ്റ്റ്കള് എണ്റ്റെ ബ്ളോഗില്‍ നിന്നും അടിച്ചുമാറ്റി പോസ്റ്റ് ചെയ്തിരിക്കുന്നു... മര്യാദക്ക് മായ്ച്ചു കളയുക...
Post a Comment
Subscribe to Post Comments [Atom]
<< Home