ദൈവവിശ്വാസികളുടെ ഡയറിക്കുറിപ്പുകള്‍
വീണ:-
മനസ്സില്‍ നിന്ന് അക്ഷരങ്ങള്‍ എടുത്തെടുത്ത് വെച്ചാല്‍, അടുക്കിവെച്ചാല്പ്പോലും, ഇതിലെ താളുകള്‍ മതിയാവില്ല. പറഞ്ഞുതീര്‍ന്നതും, പറയാതെ ഒളിപ്പിച്ചതും, എഴുതിയതും കഴിഞ്ഞ് ഇനിയും ബാക്കിയത്രേ, മനസ്സില്‍.
പ്രേം ഇന്ന് വന്നത് പുതിയ ബൈക്കിലാണ്. ഒരു പുഞ്ചിരി സമ്മാനിച്ചെങ്കിലും, മനസ്സിന്റെ ഇടയിലെ മതില് എന്നെങ്കിലും ഇടിയുമെന്ന പ്രതീക്ഷ മാത്രമേയുള്ളൂ, മുന്നോട്ട് പോകാന്‍. അടുപ്പത്തിന്റെ മഴ പൊഴിയുമ്പോള്‍, അപരിചിതത്വത്തിന്റെ മതില്‍ക്കെട്ട്, ദ്രവിച്ച് ഇടിഞ്ഞുപോകുമായിരിക്കും. ഷീലയേയും പിന്നിലിരുത്തി, അവന്, പോയപ്പോള്‍, മതിലിനൊന്നുകൂടെ പൊക്കം വെച്ചു. പാര്‍ട്ടി നടത്താന്‍ പോയതാവും. അടുത്തിരിക്കുന്നൊരു കൂട്ടുകാരി ആയിരുന്നെങ്കില്‍, ഷീല പങ്കുവെച്ചേനെ വിശേഷങ്ങള്‍. നിസ്സഹായത പൊതിഞ്ഞുപിടിച്ച് മുറുകെയിറുക്കിക്കൊല്ലുന്നു. പ്രണയം ദുഃഖമാണോ? ഇന്നിവിടെ നിര്‍ത്താം. ഒരിക്കലെന്നെങ്കിലും മനസ്സിലെ കഥകള്‍ തുറന്ന് വിട്ട്, ആ വാക്കുകള്‍ക്കിടയില്‍, ഭ്രാന്തിയെപ്പോലെ തിരഞ്ഞുനടക്കാം. ദൈവമേ...കരുത്ത് തരണേ.
ഷീല:-
എവിടെയൊക്കെയോ, കാലുറപ്പിച്ച് നില്‍ക്കുമ്പോഴും, വീഴാന്‍ പോകുമോയെന്ന ഭയം ഇനിയും അവസാനിക്കുന്നില്ല. പിടിവള്ളികളില്‍ ചുരുണ്ട് കിടക്കുമ്പോഴും, ഏതോ ഒരു ഖഡ്ഗം, ആ വള്ളികള്‍ അറുത്തുനില്ക്കാന് കാത്ത് നില്ക്കുന്നതുപോലെ. ഇതെന്റെ മാത്രം ജീവിതമാണോ? മനസ്സ് തുറക്കാനും, അടയ്ക്കാനും പറ്റാത്ത രീതിയില്‍ നിലകൊള്ളുന്നു. ജീവിതം ദുഃഖമാണോ?
പ്രേം, വരാമെന്ന് പറഞ്ഞ സമയത്ത് തന്നെ വന്നതുകൊണ്ട് അല്പം ആശ്വാസം തോന്നി. വീണ എന്ന കുട്ടി എന്തെങ്കിലും ചോദിച്ചോയെന്ന ചോദ്യത്തിനു, ഇല്ലല്ലോയെന്ന ഉത്തരം കൊടുത്തിട്ട്, എന്താ എന്നൊരു മറുചോദ്യത്തിനു ഒന്നുമില്ലെന്ന് പറഞ്ഞ് ചിരിയോടെ തലയാട്ടുകയാണുണ്ടായത്. വീണയോട് അവന്റെ അടുപ്പം അറിയാത്തതല്ല. അവന് തന്നെ പറയട്ടെ.
ചെയ്തത് അല്‍പ്പം കടന്നുപോയോ എന്നൊരു ചിന്ത വന്നു. ഇനി ആലോചിച്ചിട്ട് എന്ത് ഫലം. വരുന്നതുവരട്ടെ. എന്നാലും ഭീതിയുണ്ട്. ദൈവമേ, പരീക്ഷിച്ചുകൊണ്ടിരിക്കരുതേ...
മഹേശ്വരന്:-
ലോകത്ത്, ഷീലയെന്നൊരു പെണ്ണ് മാത്രമാണോയെന്നാണ് രാവിലെ ഒമ്പത് മണിമുതല്‍ ചിന്ത. ഇറക്കിവെക്കാന്‍ ഈയൊരു ഡയറി മാത്രം. അല്ലെങ്കില്‍ ആരോടെങ്കിലും പറയണം. പക്ഷെ, പശ്ചാത്തപിക്കേണ്ടിവന്നാല്, പറഞ്ഞ വാക്കുകള്‍ കീറിക്കളയാന്‍ പറ്റുമോ? മനസ്സ്, മനസ്സിനോട് സംവദിക്കേണ്ട സമയത്ത്, ഈയൊരു അവസ്ഥ തനിക്കുമാത്രമാണോ? മനസ്സിനു നോവുമ്പോഴാണ് ബോധം ശരിക്കും പോകുന്നത്. മനസ്സിനെ ഒന്ന് ശാന്തമായുറക്കാന്‍ സാധിച്ചെങ്കില്‍. വിശ്വാസം പരീക്ഷണം ആണോ?
ഷീല, അവനോട് ചേര്‍ന്നിരുന്നുവോ? അതോ, അവളോടുള്ള സ്നേഹം, കണ്ണടപ്പിച്ച്, അങ്ങനെ തോന്നിച്ചതാവുമോ? അവന് ആരാവും? അവളോടുള്ള അടുപ്പം... വയ്യ. ഇനിയെന്തെങ്കിലും ചിന്തിച്ചാല്‍ നിയന്ത്രണം പോകും. ദൈവമേ... ഒരു തീരുമാനം ഉണ്ടാക്കണേ.
പ്രേം:-
പുതിയ ബൈക്ക് വേണ്ടെന്ന് പറയണമെന്ന് കരുതിയതാണ്. ഡിഗ്രി നല്ല മാര്‍ക്കോടെ പാസ്സായാല്‍ ബൈക്ക് എന്ന് അച്ഛന് പറഞ്ഞിരുന്നു. അതുപോലെത്തന്നെ നല്ല മാര്‍ക്ക് കിട്ടുകയും ചെയ്തു. അച്ഛന് വാങ്ങിത്തരാന്‍, കുറച്ച് വൈകി. എന്നാലും വീണയെ, ആദ്യം കൊണ്ടുപോയി, അവള്‍ക്കിഷ്ടമുള്ളപോലെ കടല്‍ക്കരയിലൂടെ ബൈക്കിലിരുത്തി ഓടിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ ഷീലയുടെ ആവശ്യം കേട്ടപ്പോള്‍, അതു കഴിഞ്ഞുമതി വീണയുമൊത്ത് കറക്കം എന്നു കരുതി. എന്നിട്ടും ഷീല ബൈക്കില്‍ കയറിയപ്പോള്‍, വീണ നോക്കിയ നോട്ടം, വിശ്വാസത്തെ പരീക്ഷിക്കുന്നത്. സഹിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, ഭയം തോന്നിയില്ല. മനസ്സൊന്ന് തുറന്നുവെച്ചാല്‍, അവള് കൂടുതല്‍ അടുക്കുകയേ ഉള്ളൂ. ഷീലയോട് ചോദിച്ചിട്ടാവാം എന്നു വിചാരിച്ചു. പഴയ കളിക്കൂട്ടുകാരിയോട്, സഹോദരതുല്യമായ ഒരു കടമ നിര്വ്വഹിച്ചുവെന്നേയുള്ളൂ. ആരുടെയെങ്കിലും കണ്ണില്‍ അത് തെറ്റായാലും ഒടുവിലെന്നെങ്കിലും പൊറുത്തുതരും. ദൈവമേ... എനിക്ക് തെറ്റിപ്പോയെന്ന് തോന്നാന്‍ ഇടവരല്ലേ.
ദൈവം:-
ഇന്നലെ എഴുതിവെച്ചതൊക്കെ എത്ര മനസ്സുകളെ ബാധിച്ചു. പ്രതീക്ഷയെന്നത്, കൂടുതല്‍ അളവില്‍ ഉണ്ടായിട്ടും, നാലു മനസ്സുകള്‍, വേദനിക്കുന്നുണ്ടല്ലോ. പരസ്പരവിശ്വാസത്തിന് എവിടെയോ അളവുകുറഞ്ഞുവോ?
പാവങ്ങള്‍.
ഷീലയെ, ബൈക്കിലിരുത്തി, പ്രേം പോയത്, പാര്‍ട്ടി കൊടുക്കാനാണെന്ന് വീണ കരുതി. പ്രേമിനെ ഇനിയും മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, കുറച്ച് വേദനിക്കട്ടെ. അല്ലാതെന്ത് ചെയ്യാന്‍.
മഹേശ്വരന്, താലി കെട്ടി കൊണ്ടുവരാന്‍ ഇരിക്കുന്ന പെണ്ണിനെ സംശയിച്ചോ? ഒരല്‍പ്പം സംശയിച്ചു. ഉണ്ടാവും. അവള് അങ്ങനെ ചെയ്തത് എന്തിനാണെന്ന് മനസ്സിലാക്കുമ്പോള്‍, അവന് വിഷമിക്കുമോ, ചിരിക്കുമോ? ചിരിക്കട്ടെ. മണ്ടി എന്ന് വിചാരിക്കുകയും ചെയ്യട്ടെ.
ഷീല, എന്തൊരു മണ്ടിപ്പെണ്ണ്. മനസ്സ് കൊടുത്താല്‍, മനസ്സിലേക്ക് ചേര്‍ത്തുവെക്കുന്ന ഒരാളോട് കാര്യങ്ങള്‍ പറയുന്നതിനുപകരം, എന്തൊരു വളഞ്ഞവഴിയാണ് സ്വീകരിച്ചിരിക്കുന്നത്. പരീക്ഷയെഴുതിക്കഴിഞ്ഞ് മതി കല്യാണം എന്ന് അച്ഛനോടുമമ്മയോടും പറയാന്‍ മടിച്ച്, ജോലി കിട്ടിയിട്ട്, അവരേയും സംരക്ഷിക്കാമെന്നോര്ത്ത്, മഹേശ്വരന്റെ മുന്നില്‍ക്കൂടെ, ഒരാളുടെ ബൈക്കില്‍ കയറിപ്പോയാല്‍ അവന്, വിവാഹം വേണ്ടെന്ന് പറയുമെന്ന് കരുതുന്നല്ലോ അവള്. മഹേശ്വരനെ, പരിചയപ്പെട്ടിട്ടും അവള് അങ്ങനെ ഒരു തീരുമാനം എടുത്തല്ലോ. മഹേശ്വരന് ആയതുകൊണ്ട് രക്ഷപ്പെട്ടു. വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍, ആ വിവാഹം, നീങ്ങിപ്പോയിരുന്നെങ്കില്‍, പിന്നെ എന്താവുമായിരുന്നു അവസ്ഥ.
പ്രേം. പാവം. കഷ്ടം തോന്നുന്നു. കളിക്കൂട്ടുകാരിയും, പ്രണയവും, ഒരുമിച്ച് പരീക്ഷിക്കുന്നു. കൂട്ടുകാരിയെ തെരഞ്ഞെടുത്തത് നന്നായി. സഹായം അവള്‍ക്കാണല്ലോ വേണ്ടത്. പ്രണയം എന്നും പരീക്ഷിച്ചുകൊണ്ടിരിക്കും ചിലരെ. പ്രേമിനേയും വെറുതേ വിടേണ്ട. അല്‍പ്പം സഹിക്കട്ടെ.
ഇന്നലെ താന്‍ എഴുതിവെച്ചതൊക്കെ അതുപോലെയുണ്ടല്ലോ.
ഇനി ഇന്നത്തേത് എഴുതാം.
നാളെ, പ്രേം, വീണയോട് കാര്യം പറയട്ടെ, ഷീലയെ പരിചയപ്പെടുത്തട്ടെ. മൂന്നുപേരും കൂടെ, മഹേശ്വരനെ കാണട്ടെ. എല്ലാം വിശദീകരിക്കട്ടെ. തെറ്റിദ്ധാരണകളൊക്കെ നീങ്ങട്ടെ. പിന്നെ നാലുപേരുംകൂടെ ബൈക്കിന്റെ പാര്‍ട്ടി നടത്തി പിരിയട്ടെ. വേണ്ട, അല്‍പ്പനേരം കടല്ക്കരയില് പോകട്ടെ. ഷീലയും മഹേശ്വരനും, കടല്ക്കരയില് കടലയും കൊറിച്ച് ഇരിക്കുമ്പോള്‍, വീണയെ, അവളുടെ ഇഷ്ടം പോലെ, ബൈക്കിലിരുത്തി, കടല്‍ക്കരയിലൂടെ പ്രേം കൊണ്ടുപോവട്ടെ. പ്രണയത്തിന് അല്‍പ്പം പരീക്ഷണം ആവാം. ഇപ്പോ നാലുപേര്‍ക്കും ഉറക്കം വരട്ടെ.
---------------
എല്ലാവരുടെ ഡയറിയും അടഞ്ഞു. കണ്ണുകള്‍ നല്ല സ്വപ്നം പ്രതീക്ഷിച്ച് അടഞ്ഞു.
നല്ലൊരു നാളേയ്ക്ക് തുറക്കാന്‍.
ഡയറികളിലെ അടുത്ത പേജ്, വാക്കുകള്‍ക്കും വരകള്‍ക്കും വേണ്ടി കാത്തിരുന്നു. നിറഞ്ഞ് കവിയാന്‍.
Labels: കഥ
16 Comments:
:(
എന്തു നല്ല ദൈവം... എല്ലാവരോടും ഇങ്ങിനെയായിരുന്നെങ്കില്‍ എത്ര നന്നായേനേ. പക്ഷെ, പുള്ളിക്കുപോലും ശരിയാക്കാന്‍ പറ്റാത്ത കോമ്പ്ലിക്കേഷനുകളാണ് മൊത്തം...
--
മനസ്സ് ഇന്ന് നീറിയാലും... നാളെ സന്തോഷം കിട്ടും... ഈശ്വരോ രക്ഷതു....
ദൈവത്തിന്റെ ഡയറി ഒരു പതിനഞ്ചു കൊല്ലം മുമ്പ് കയ്യില്‍ കിട്ടാഞ്ഞതു ഭാഗ്യം:)
ദൈവത്തിന്റെ ഡയറിക്കുറുപ്പുകള്‍! നല്ല രസം ഇങ്ങിനെ ചിന്തിച്ചപ്പൊ...
ഓഫ്
സന്തോഷേട്ടന്റെ കല്ല്യാണം കഴിഞ്ഞിട്ട് 15 വര്‍ഷായി എന്ന് സാരം സൂവേച്ചി?;)
അവസ്ഥാന്തരങ്ങള്‍ കൊള്ളാം.
ദൈവത്തിന്റെ ഡയറിക്കുറുപ്പുകള്‍! ശരിയാ..
സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ധീര ദേശാഭിമാനികള്‍ക്കു പ്രണാമം അര്‍പ്പിച്ചുകൊണ്ട്,
താങ്ങള്‍ക്കു എന്റെ സ്വാതന്ത്ര്യദിനാശംസകള്‍.....
സു
വായിച്ചു കഴിഞ്ഞപ്പോള്‍ തനി പൈങ്കിളി എന്ന് തോന്നി.പക്ഷെ അങ്ങനെയാവണം എന്നില്ല , എനിക്കു തോന്നി അത്ര തന്നെ. :)
താല്പര്യത്തോടെ വായിച്ചു സൂ നാലു പെരുടേയും മനസ്സുകള്‍..
രസായിരുന്നു..
:)
ഹരീ :) എന്തു നല്ല ദൈവം. ഇങ്ങനെയാ എല്ലാവരോടും. പക്ഷെ ഡയറി വായിക്കാന്‍ എനിക്കേ പറ്റൂ. തിരുത്തുകയും ചെയ്യാം. ;) ആദ്യകമന്റിനു നന്ദി.
സഹയാത്രികന് :) സ്വാഗതം.
സന്തോഷ് :) അതെ. ഭാഗ്യം. ഇല്ലെങ്കില്‍ മാറ്റിയേനെ.
ഇഞ്ചീ :) അതുകൊണ്ടായിരിക്കും സന്തോഷ് അങ്ങനെ പറഞ്ഞത്. ;)
സാല്‍ജോ :) നന്ദി.
വിനയന് :)വായിച്ച് പരിചയം ഉള്ളവര്‍ പറയുമ്പോള്‍ അങ്ങനെ ആയിരിക്കും. അല്ലേ?
പി. ആര് :) നന്ദി.
കുഞ്ഞന്‍ :) ആശംസകള്‍ക്ക് നന്ദി.
സൂവ്വേച്ചി
പറയാനുള്ളതു മുഴുവന്‍ ദൈവത്തിന്റെ ഡയറിയിലുണ്ട്... എല്ലാത്തിനുമുള്ള മറുപടികളും, പ്രതിവിധികളും... പിന്നെന്താ?
നല്ല ചിന്ത തന്നെ
:)
സു ചേച്ചി... കൊടുകൈ. എനിയ്ക്ക് നല്ലോണം ഇഷ്ടപ്പെട്ടു. ദൈവത്തിന്റെ ഡയറി പ്രത്യേകിച്ചും.
ഒരു സംശയം, നമുക്കു ദൈവവിശ്വാസം ഉള്ളപോലെ ദൈവത്തിന് എന്തു വിശ്വാസമാണുള്ളത്? ആത്മവിശ്വാസം ആയിരിയ്ക്കുമോ ? :)
ശ്രീ :) ദൈവം ഒക്കെ എഴുതിവെച്ച് ഇരിക്ക്യല്ലേ?
ദീപൂ :) ദൈവത്തിന് ആത്മവിശ്വാസം ആയിരിക്കും.
ഞാനിങ്ങനെയൊന്നും എഴുതിയിട്ടില്ല :)
ദൈവം :)
ഈ ബ്ളോഗിലെ 12 പോസ്റ്റ്കള് എണ്റ്റെ ബ്ളോഗില്‍ നിന്നും അടിച്ചുമാറ്റി പോസ്റ്റ് ചെയ്തിരിക്കുന്നു... മര്യാദക്ക് മായ്ച്ചു കളയുക...
Post a Comment
Subscribe to Post Comments [Atom]
<< Home