Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, September 05, 2007

ആശുപത്രി

ആശുപത്രിയുടെ ചുവരുകള്‍ക്ക് സമാധാനത്തിന്റെ വെള്ളരിപ്രാവുകളുടെ തൂവെള്ള നിറമായിരുന്നു. പക്ഷെ, ചുവരിന്റെ മനസ്സ്, കരച്ചിലിന്റേയും, വേദനയുടേയും, നിസ്സഹായതയുടേയും കരിപിടിച്ചുകിടന്നു.

സ്റ്റ്ട്രെച്ചറില്‍, രോഗിയെ കൊണ്ടുപോകുന്ന അറ്റന്‍ഡറുടെ മനസ്സ്, കാലുകളേക്കാള്‍, ഒരുപാട് വേഗതയില്‍ സഞ്ചരിച്ചുകൊണ്ടിരുന്നു.

ഓപ്പറേഷന്‍ തീയേറ്റര്‍, മനസ്സമാധാനത്തോടെ ഉറങ്ങാനാവുന്നില്ലെന്ന പരാതിയുടെ മുഖത്തോടെ തപിച്ചുകിടന്നു.

തിയേറ്ററിനുപുറത്തെ ബള്‍ബ്, എപ്പോഴും ജാഗരൂകമായി നിലകൊണ്ടു.

സ്നേഹത്തിന്റെ മാലാഖമാര്‍, മനസ്സില്‍ വരുന്ന കയ്പ്പുകള്‍ കുടിച്ചിറക്കി, പുഞ്ചിരി മധുരം വിളമ്പിക്കൊണ്ടിരുന്നു.

മരുന്നുഷെല്‍ഫിലെ ഗുളികകള്‍, ഡോക്ടറുടെ കുറിപ്പടിയുടെ വിളികേട്ട് ഇറങ്ങിപ്പോയ്ക്കൊണ്ടിരുന്നു.

രോഗങ്ങളെ ഇറക്കിവിട്ട്, രോഗികളുടെ മനസ്സിലേക്ക് സ്വാന്ത്വനം ചൊരിഞ്ഞ് ഡോക്ടര്‍മാര്‍, വിശ്രമമില്ലാതെ ജോലിചെയ്തുകൊണ്ടിരുന്നു.

കുതിച്ചുപായലിന്റെ വേഗതയുള്ള കാലുകളും, വേച്ചുപോകുന്ന കാലുകളും, ആശുപത്രി നിലം ഒരുപോലെ ക്ഷമയോടെ സ്വീകരിച്ചു.

വിവിധതരം മരുന്നുകളുടെ ഗന്ധങ്ങള്‍ ആശുപത്രി ഏറ്റുവാങ്ങിക്കൊണ്ടിരുന്നു.

രോഗികള്‍ക്ക് കൂട്ടുവന്നവര്‍ അക്ഷമരാവുമ്പോള്‍, രോഗികള്‍ ഒന്നുകൂടെ ദൈന്യരായിത്തീര്‍ന്നു.

മെഡിക്കല്‍ വിദ്യാര്‍ത്ഥികളും മെഡിക്കല്‍ റപ്രസന്റേറ്റീവുമാരും, ആശുപത്രിയ്ക്ക് പ്രസന്നമായൊരു മുഖം നല്‍കി.

ജനനത്തിന്റെ ചിരിയും, മരണത്തിന്റെ കരച്ചിലും ഏറ്റുവാങ്ങി നിസ്സംഗതയോടെ ആശുപത്രി നിന്നു.

വന്നെത്തുന്നവരെ സ്വീകരിച്ചും, വിട്ടുപോകുന്നവരെ യാത്രയയച്ചും, ആശുപത്രി, തളരാന്‍ സമയമില്ലാതെ നിന്നു.

Labels: ,

14 Comments:

Blogger ശ്രീ said...

ആദ്യം തേങ്ങ!
“ഠേ!”
(അയ്യോ, ആശുപത്രി പരിസരത്ത് തേങ്ങ പൊട്ടിക്കുന്നത് നിരോധിച്ചിട്ടുണ്ടോ ആവോ?)

ആശുപത്രിയുടെ കഥ എന്നും അങ്ങിനെ തന്നെ... എന്നും ആശുപത്രികളുടെ നിറവും, ആ മരുന്നു മണവും നിലവിളികളും നെടുവീര്‍‌പ്പുകളും (അപൂര്‍‌വ്വമായി ആഹ്ലാദ നിമിഷങ്ങങ്ങളും ഉണ്ടെങ്കിലും)മനസ്സിനെ അസ്വസ്ഥമാക്കുകയേ ഉള്ളൂ എന്നതാണ്‍ എന്റെ അനുഭവം.

:)

Wed Sept 05, 06:33:00 pm IST  
Blogger R. said...

ഒരിക്കലും ഇഷ്ടപ്പെടാത്ത ഒന്നാണ് ആശുപത്രിയുടെ തണുത്ത മരുന്നുഗന്ധം...
നിറമില്ലാത്ത വെളുപ്പു ചുമരുകള്‍...

ഇഷ്ടമില്ലെങ്കിലും, പക്ഷേ...
:-)

Wed Sept 05, 06:57:00 pm IST  
Blogger ഉണ്ടാപ്രി said...

സൂവേച്ചി,
ആശുപത്രി അനുഭവങ്ങള്‍ എല്ലാവര്‍ക്കും ഒരു പോലെയാവണമെന്നില്ല. എങ്കിലും ശ്രീ പറഞ്ഞതു പോലെ പൊതുവികാരം വിഷാദം നിറഞ്ഞതാവാനാണ് വഴി.

ഓഫ്: ഇടക്കിടെ കറിവേപ്പില റഫര്‍ ചെയ്യാറുണ്ടായിരുന്നു. സൂര്യഗായത്രി വഴി ഇത്തിരി നാള്‍ കൂടിയാണ് വരുന്നത്. ആശംസകള്‍

Wed Sept 05, 08:06:00 pm IST  
Blogger വേണു venu said...

കരച്ചിലിന്റേയും, വേദനയുടേയും, നിസ്സഹായതയുടേയും കരിപിടിച്ചുകിടക്കുന്ന,
കുതിച്ചുപായലിന്റെ വേഗതയുള്ള കാലുകളേയും, വേച്ചുപോകുന്ന കാലുകളേയും ക്ഷമയോടെ സ്വീകരിക്കുന്ന, ജനനവും മരണവും ഏറ്റുവാങ്ങി നിസ്സംഗതയുടെ തളര്‍ച്ച ബാധിക്കാത്ത ആശുപത്രിയിലെത്തുമ്പോള്‍, രോഗിയോടൊപ്പം എത്തുന്നവരും ....
അറിയുന്നു ഞാനെത്ര വലിയവന്‍.:)

Wed Sept 05, 11:53:00 pm IST  
Blogger സഹയാത്രികന്‍ said...

"വന്നെത്തുന്നവരെ സ്വീകരിച്ചും, വിട്ടുപോകുന്നവരെ യാത്രയയച്ചും, ആശുപത്രി, തളരാന്‍ സമയമില്ലാതെ നിന്നു. "
സൂവേച്ചി... നന്നായിരിക്കണൂ...

Thu Sept 06, 10:42:00 am IST  
Blogger ദീപു : sandeep said...

അവസാനത്തെ ലൈന്‍ ഇഷ്ടപ്പെട്ടു...
പിന്നെ ഇതും
മരുന്നുഷെല്‍ഫിലെ ഗുളികകള്‍, ഡോക്ടറുടെ കുറിപ്പടിയുടെ വിളികേട്ട് ഇറങ്ങിപ്പോയ്ക്കൊണ്ടിരുന്നു...

Thu Sept 06, 12:30:00 pm IST  
Blogger സു | Su said...

ശ്രീ :) തേങ്ങയടിക്കുന്നതൊക്കെ കൊള്ളാം. ഒച്ച കേട്ട് ഞെട്ടിയ രോഗികള്‍ പിന്നാലെ വന്നാല്‍, ശ്രീയും ആശുപത്രിയിലെത്തും.

നന്ദി.

രജീഷ് നമ്പ്യാര്‍ക്ക് സ്വാഗതം.:) ഇഷ്ടമല്ലെങ്കിലും, പോകേണ്ടിവരും. നമുക്ക് വേണ്ടിയല്ലെങ്കിലും മറ്റുള്ളവര്‍ക്ക് വേണ്ടി.

ഉണ്ടാപ്രീ :) സന്തോഷവും ഉണ്ടാവും. പക്ഷെ വേദനയാണ് അധികവും.

വേണുജി :)

ദീപൂ :)

സഹയാത്രികന്‍ :)

Thu Sept 06, 04:32:00 pm IST  
Blogger Rasheed Chalil said...

ആശുപത്രിയുടെ ഈ ചിത്രത്തിന് ഒരു ചാരുതയുണ്ട്. പക്ഷേ എന്റെ മനസ്സിലെ ആശുപത്രിക്ക് വല്ലത്ത മൂടികെട്ടിയ മൌനമാണ്.

നന്നായി.

Thu Sept 06, 04:44:00 pm IST  
Blogger ഉപാസന || Upasana said...

പാവം ആശുപത്രി..!!!
:(
സുനില്‍

Thu Sept 06, 05:39:00 pm IST  
Blogger അനംഗാരി said...

രോഗികളുടെ അഴുക്കും,വിയര്‍പ്പും നിറഞ്ഞ് ശ്വാസം വിടാന്‍ നിര്‍വ്വാഹമില്ലാത്ത ആശൂപത്രിയുടെ മനസ്സ് ആരു കാ‍ണാനാണ്!

Fri Sept 07, 04:33:00 am IST  
Blogger സാജന്‍| SAJAN said...

ചെറുകുറിപ്പ് ഇഷ്ടമായി സു:)

Fri Sept 07, 12:01:00 pm IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

എന്താ സു... ഓണസദ്യയൊക്കെ അടിച്ച് ഹോസ്പിറ്റല്‍ സന്ദര്‍ശനം വേണ്ടിവന്നോ..? ആശുപത്രി എന്നു കേള്‍ക്കുമ്പൊ ആദ്യം ഓര്‍‌ക്കാ ആ ക്ലീനിംഗ് ലോഷന്റെ മണമാ...

Fri Sept 07, 01:04:00 pm IST  
Blogger Typist | എഴുത്തുകാരി said...

എന്തൊക്കെ മാറ്റങ്ങള്‍ എവിടെയൊക്കെ വന്നാലും, ആശുപത്രിക്കു മാത്രമില്ലൊരു മാറ്റവും. അതെന്നും അങ്ങിനെ തന്നെ.

Fri Sept 07, 02:20:00 pm IST  
Blogger സു | Su said...

ഇത്തിരിവെട്ടം :)

സുനില്‍ :)

അനംഗാരീ :)

സാജന്‍ :)

ഇട്ടിമാളൂ :) ആശുപത്രിയിലായി. ;)

എഴുത്തുകാരീ :)

എല്ലാവര്‍ക്കും നന്ദി.

Fri Sept 07, 04:16:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home