ആശുപത്രി
ആശുപത്രിയുടെ ചുവരുകള്‍ക്ക് സമാധാനത്തിന്റെ വെള്ളരിപ്രാവുകളുടെ തൂവെള്ള നിറമായിരുന്നു. പക്ഷെ, ചുവരിന്റെ മനസ്സ്, കരച്ചിലിന്റേയും, വേദനയുടേയും, നിസ്സഹായതയുടേയും കരിപിടിച്ചുകിടന്നു.
സ്റ്റ്ട്രെച്ചറില്‍, രോഗിയെ കൊണ്ടുപോകുന്ന അറ്റന്‍ഡറുടെ മനസ്സ്, കാലുകളേക്കാള്‍, ഒരുപാട് വേഗതയില്‍ സഞ്ചരിച്ചുകൊണ്ടിരുന്നു.
ഓപ്പറേഷന്‍ തീയേറ്റര്‍, മനസ്സമാധാനത്തോടെ ഉറങ്ങാനാവുന്നില്ലെന്ന പരാതിയുടെ മുഖത്തോടെ തപിച്ചുകിടന്നു.
തിയേറ്ററിനുപുറത്തെ ബള്‍ബ്, എപ്പോഴും ജാഗരൂകമായി നിലകൊണ്ടു.
സ്നേഹത്തിന്റെ മാലാഖമാര്‍, മനസ്സില്‍ വരുന്ന കയ്പ്പുകള്‍ കുടിച്ചിറക്കി, പുഞ്ചിരി മധുരം വിളമ്പിക്കൊണ്ടിരുന്നു.
മരുന്നുഷെല്‍ഫിലെ ഗുളികകള്‍, ഡോക്ടറുടെ കുറിപ്പടിയുടെ വിളികേട്ട് ഇറങ്ങിപ്പോയ്ക്കൊണ്ടിരുന്നു.
രോഗങ്ങളെ ഇറക്കിവിട്ട്, രോഗികളുടെ മനസ്സിലേക്ക് സ്വാന്ത്വനം ചൊരിഞ്ഞ് ഡോക്ടര്‍മാര്‍, വിശ്രമമില്ലാതെ ജോലിചെയ്തുകൊണ്ടിരുന്നു.
കുതിച്ചുപായലിന്റെ വേഗതയുള്ള കാലുകളും, വേച്ചുപോകുന്ന കാലുകളും, ആശുപത്രി നിലം ഒരുപോലെ ക്ഷമയോടെ സ്വീകരിച്ചു.
വിവിധതരം മരുന്നുകളുടെ ഗന്ധങ്ങള്‍ ആശുപത്രി ഏറ്റുവാങ്ങിക്കൊണ്ടിരുന്നു.
രോഗികള്‍ക്ക് കൂട്ടുവന്നവര്‍ അക്ഷമരാവുമ്പോള്‍, രോഗികള്‍ ഒന്നുകൂടെ ദൈന്യരായിത്തീര്‍ന്നു.
മെഡിക്കല്‍ വിദ്യാര്‍ത്ഥികളും മെഡിക്കല്‍ റപ്രസന്റേറ്റീവുമാരും, ആശുപത്രിയ്ക്ക് പ്രസന്നമായൊരു മുഖം നല്‍കി.
ജനനത്തിന്റെ ചിരിയും, മരണത്തിന്റെ കരച്ചിലും ഏറ്റുവാങ്ങി നിസ്സംഗതയോടെ ആശുപത്രി നിന്നു.
വന്നെത്തുന്നവരെ സ്വീകരിച്ചും, വിട്ടുപോകുന്നവരെ യാത്രയയച്ചും, ആശുപത്രി, തളരാന്‍ സമയമില്ലാതെ നിന്നു.