അനിയത്തി
അയാള്‍ ഗേറ്റ് കടന്ന്, നിരത്തിലേക്ക് ഇറങ്ങിയപ്പോള്‍ പിന്നില്‍ നിന്ന് അനിയത്തി ഓര്‍മ്മിപ്പിച്ചു.
"അടുത്ത തവണ വരുമ്പോള്‍, എണ്ണ, മറക്കാതെ കൊണ്ടുവരണേ."
അയാള്‍ തിരിഞ്ഞുനോക്കിയപ്പോള്‍, ഗേറ്റും പിടിച്ച്, പുഞ്ചിരിയോടെ നില്‍ക്കുന്നുണ്ട് കാവേരി. അയാള്‍ പുഞ്ചിരിച്ചു. മറുപടി ആയിട്ട് ഒന്നും പറഞ്ഞില്ല.
"ഒന്നും മറക്കാതെ എടുത്തുവെച്ചോളുട്ടോ. ഒക്കെ ബാഗിനടുത്ത് വച്ചിട്ടുണ്ട്." അമ്മ, ഒരു നൂറു പ്രാവശ്യം ഓര്‍മ്മിപ്പിച്ചിരുന്നു. നാട്ടില്‍ നിന്ന് വരുമ്പോള്‍ നഗരവാസിയായ അനിയത്തിക്കും കുടുംബത്തിനും തന്നയയ്ക്കാന്‍ അമ്മയ്ക്ക്, ഒരുപാട് വസ്തുക്കള്‍ ഉണ്ടാവും. പറമ്പില്‍ ഉണ്ടാവുന്ന പച്ചക്കറികളും, വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങളും ഒക്കെ. നാട്ടുവൈദ്യനോട് പറഞ്ഞ് എഴുതിവാങ്ങിച്ച് വീട്ടില്‍ കാച്ചിയെടുക്കുന്ന എണ്ണ, എല്ലാ പ്രാവശ്യവും എടുത്തുവയ്ക്കും അമ്മ.
"അവിടെ കിട്ടില്ലല്ലോ, തീര്‍ന്നാല്‍പ്പിന്നെ എന്തു ചെയ്യും?" എന്ന് ചോദിക്കും.
കുഞ്ഞുന്നാളിലേ, വീട്ടില്‍ കാച്ചിയെടുക്കുന്ന എണ്ണയാണ് അവള്‍ തേയ്ക്കാറുള്ളത്. പൈപ്പ് വെള്ളം കൊണ്ട് തലമുടി കൊഴിഞ്ഞുപോവാത്തതും അതുതന്നെയെന്ന് അവള്‍ എപ്പോഴും പറയും. പക്ഷെ, ഇപ്രാവശ്യം ഒക്കെ കണ്ടപ്പോള്‍, എണ്ണക്കുപ്പികള്‍ ഒഴിവാക്കിയേക്കാമെന്ന് കരുതി. എല്ലാത്തിന്റേയുംകൂടെ ഇരുന്ന് പൊട്ടിത്തൂവിപ്പോകേണ്ടല്ലോ എന്ന് കരുതി. കൊണ്ടുപോവാനുള്ള വസ്തുക്കള്‍ കുറേ ഉള്ളതുകൊണ്ട്, പ്രത്യേകം പിടിക്കാമെന്ന് കരുതാനും പറ്റിയില്ല.
"അടുത്ത പ്രാവശ്യം കൊണ്ടുപോകാം അമ്മേ. കേടാവുകയൊന്നുമില്ലല്ലോ." ഇടയ്ക്കിടയ്ക്ക് പോകുന്നതുകൊണ്ട് കൊണ്ടുക്കൊടുക്കാനും പ്രയാസമില്ല. പക്ഷെ, കൊണ്ടുപോയതൊക്കെ എടുത്തുനോക്കി അവള്‍ പറഞ്ഞു.
"എണ്ണ കൊണ്ടുവരായിരുന്നു. ഇപ്പോ, ക്ലോറിന്‍ അധികം കലര്‍ന്ന വെള്ളം ആയതുകൊണ്ട്, മുടികൊഴിയാന്‍ സാദ്ധ്യതയുണ്ട്. വേറെ ഏതെങ്കിലും തേയ്ക്കാമെന്ന് വച്ചാല്‍, തലവേദനയും."
"അമ്മ എടുത്തുവെച്ചിരുന്നു. കുപ്പിയായതുകൊണ്ട് ഉടയേണ്ടെന്ന് കരുതി. ഇനി കുറച്ചുദിവസം കഴിഞ്ഞാല്‍ വരുമല്ലോ. അതുവരേയ്ക്കുള്ളത് ഇവിടെയില്ലേ?"
ഇറങ്ങിയപ്പോള്‍ ഒന്നുകൂടെ ഓര്‍മ്മിപ്പിച്ചതാണവള്‍.
വീണ്ടും, വേഗം തന്നെ വരാമെന്ന് പറഞ്ഞെങ്കിലും, മഴക്കാലവും, പറമ്പിലേയും, പാടത്തേയും ജോലികളും കഴിഞ്ഞ് അയാള്‍ക്ക് വീണ്ടും ചെല്ലാന്‍ കഴിഞ്ഞപ്പോഴേക്കും ദിവസങ്ങള്‍ ഒരുപാട് കഴിഞ്ഞിരുന്നു. ആദ്യമൊക്കെ കുറച്ച് ദിവസം, ഫോണ്‍ വിളിയിലും, കത്തെഴുത്തിലും അവള്‍ എണ്ണ കൊണ്ടുവരണേയെന്ന് ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്നു. പിന്നെ അതും ഇല്ലാതായി. എന്തായാലും ഇനി ചെല്ലുമ്പോള്‍ എടുക്കുമെന്ന് ഏറ്റതാണല്ലോ.
എണ്ണയെടുക്കാന്‍ മറന്നില്ല. അമ്മയും വരാമെന്ന് പറഞ്ഞിരുന്നെങ്കിലും, ഇനി മഴയൊക്കെ കഴിയട്ടെ എന്ന് പറഞ്ഞു. പതിവുപോലെ വരാന്തയില്‍ അവളെ കണ്ടില്ല സ്വീകരിക്കാന്‍. ജോലിത്തിരക്കിലാവും എന്ന് കരുതി. മോഹനോടും കുട്ടികളോടും വിശേഷമൊക്കെ ചോദിച്ചും പറഞ്ഞും ഇരുന്നു. കുറേക്കഴിഞ്ഞാണ് അവള്‍ വന്നത്. തലയില്‍ ഒരു ടൌവല്‍ കെട്ടിവെച്ചിട്ടുണ്ട്. വല്ലാതെ ക്ഷീണിച്ചപോലെയുണ്ട്. പ്രത്യേകം വെച്ചിരുന്ന എണ്ണക്കുപ്പിയുടെ കവര്‍ ഒന്നു തുറന്ന് നോക്കിയിട്ട് അവള്‍ പറഞ്ഞു.
"ഇനി കുറച്ച് കാലത്തേക്ക് ഇതിന്റെ ആവശ്യം വരില്ല ഏട്ടാ. കീമോത്തെറാപ്പി കാരണമാവും മുടിയൊക്കെ പോയി." അയാള്‍ ഞെട്ടലോടെയാണ് കേട്ടത്.
കുട്ടികളും കാവേരിയും അകത്തേക്ക് ബാഗും എടുത്ത് പോയി.
"ഒന്നും പറഞ്ഞില്ലല്ലോ?"
"വേണ്ടെന്ന് അവള്‍ പറഞ്ഞു. ഇപ്പോ, വന്നപാടേ എങ്ങനെയാന്ന് ഞാനും കരുതി. പറഞ്ഞെന്ന് അവള്‍ കരുതിയെന്ന് തോന്നുന്നു. പിന്നെ ഭേദവുമുണ്ട്." മോഹന്‍, വിവരങ്ങളൊക്കെ പറയാനാരംഭിച്ചപ്പോള്‍, അമ്മയോട് എന്ത് പറയും എന്നാലോചിച്ച് മനസ്സ് കരഞ്ഞുതുടങ്ങുന്നത് അയാള്‍ അറിഞ്ഞു.
Labels: കഥ
22 Comments:
നന്നായിരിക്കുന്നു.
ഉള്ളിലെവിടെയോ ഒരു നൊമ്പരം
സൂ..
വായിച്ചുകഴിഞ്ഞപ്പോള്‍, ഒരു ഒഴുക്ക് കിട്ടുന്നില്ല..!
എന്റെ വായനയുടെ കുഴപ്പമാണൊ, വീണ്ടും വീണ്ടും വായിക്കേണ്ടി വരുന്നു..
പകുതി കഴിഞ്ഞപ്പൊഴേ തോന്നി എന്തായിരിയ്ക്കും അവസാനം ന്ന്...
സുന്ദരീ... നിന്‍ ......
..............
പാട്ടു കേള്‍ക്കുമ്പോഴേ തോന്നില്ലേ അവളുടെ മുടിയൊക്കെ കുറച്ചു കഴിയുമ്പൊ പൊയ്പ്പോകും ന്ന്.
അതു പോലെ.
എന്തോ ഇതിഷ്ടായില്ല...
അവന്‍ മനോഹരമായ ഒരു മുടിപ്പിന്ന് വാങ്ങി വന്നപ്പോഴേക്കും, അവള്‍ അവളുടെ സുന്ദരമായ മുടി മുറിച്ച് വിറ്റ കഥ ഓര്‍മ്മ വന്നു.
നന്നായി.
നന്നായിരിക്കുന്നു, സൂവേച്ചീ...
എന്തിനാ സു അവസാനം നെഞ്ചിലെ നെരിപ്പോടില്‍ ഒരു പിടി ഉമി കുടി വാരിയിട്ട് കടന്ന് കളയുന്നത്.
വായിച്ചു. തുടക്കത്തിലെ ഊര്‍ജ്ജം അവസാനം കണ്ടില്ല. എങ്കിലും ഓര്‍മ്മകളുണര്‍ത്തി.
നന്നായിരിക്കുന്നു.....
അടുത്തതിനായി കാത്തിരിക്കുന്നു.
സൂ...
അവസാനം ഒരടി അടിച്ച പോലെയായി ശരിയ്ക്കും..
എന്നാലും, അനീത്തിക്കുട്ടിയ്ക്ക് അങ്ങനെ വേണ്ടായിരുന്നൂന്ന് തോന്നി..
:)
സു ചേച്ചീ.. ഈ ദുഖപര്യവസാനികള്‍ എനിയ്ക്ക് പൊതുവേ ഇഷ്ടമല്ലാ... അതുകൊണ്ട് നന്നായി എന്ന് പറയുന്നില്ല :-)
:)
സൂ,
ദിവസങ്ങള്‍ക്കുള്ളില്‍ കീമോ തുടങ്ങുന്നിടം.. സമയത്തിന്റേതായ ഒരു പ്രശ്നം ഉണ്ട് കഥയില്‍. പിന്നെ വിഷയവും ട്രീറ്റ്മെന്റും പഴയതും. ഒരു വിഷമം തോന്നിപ്പിയ്ക്കുന്നത് എഴുത്തിന്റെ ഗുണം.
:)
കുറച്ചും കൂടെ emotionalised ആയ വാക്കുകള്‍..കൂടി കലര്‍ത്തിയാല്‍ നന്നായിരിക്കും..
ദു:ഖത്തിന്റെ നിറമെന്താണ്?..കറുപ്പ് എന്ന് പറയരുത്..കാരണം അതൊരു അവസ്ഥയാണ്(it a being)..give me some other colour.
നൊമ്പരം.
ക്രിസ്‌വിന്‍ :) ആദ്യകമന്റിന് നന്ദി.
കുഞ്ഞന്‍ :) വീണ്ടും വീണ്ടും വായിക്കൂ. എഴുത്തിന്റെ കുഴപ്പം തന്നെ.
ദീപൂ :) ആദ്യമേ മനസ്സിലായത് നന്നായി.
നാടന്‍ :) ആ കഥ ഓര്‍മ്മ വന്നോ?
ശ്രീ :)
സണ്ണിക്കുട്ടാ :) എല്ലായ്പ്പോഴും തമാശ ആവില്ലല്ലോ ജീവിതത്തില്‍. അതുപോലെ ബ്ലോഗിലും.
കുട്ടമ്മേനോന്‍ :)
സാബൂസ് :) അടുത്തത് ഉടനെ വരും. അങ്ങനെ ഒരു കമന്റിന് നന്ദി.
പി. ആര്‍ :) അങ്ങനെ തോന്നീട്ടൊന്നും കാര്യമില്ലല്ലോ. ജീവിതത്തിലും സംഭവിക്കുന്നതല്ലേ?
സഹയാത്രികന്‍ :)
നിഷ്കളങ്കന്‍ :) ഞാന്‍ അങ്ങനെയൊന്നും ആലോചിച്ചില്ല. അല്‍പ്പസമയം കൊണ്ട് പടച്ചുവിടുന്ന കഥകളാണ്. പിന്നെ, സമയമൊക്കെ ആയി. ഏട്ടന്‍, മൂന്നാല് മാസങ്ങള്‍ക്ക് ശേഷമല്ലേ ചെല്ലുന്നത്. മഴയൊക്കെ കഴിഞ്ഞ്? അപ്പോള്‍, അവര്‍, അറിയാന്‍ വൈകുകയും, രോഗം അധികമാവുകയും കീമോത്തെറാപ്പി തുടങ്ങാന്‍ ഡോക്ടര്‍ പറയുകയും ഒക്കെ ആവാമല്ലോ.
ജിഹേഷ് :)
പ്രിന്‍സണ്‍ :) സ്വാഗതം. പെട്ടെന്ന് എഴുതിയതായതുകൊണ്ട് അത്തരം വാക്കുകളൊന്നും കിട്ടിയില്ല. അടുത്ത കഥയില്‍ നിറച്ചുവെയ്ക്കാം. ദുഃഖത്തിനെന്തിനാ നിറം? ദുഃഖത്തിനു നിറമുണ്ടെങ്കിലേ ദുഃഖം അറിയാന്‍ കഴിയൂ എന്നാണെങ്കില്‍ അറിയാത്തതുതന്നെ നല്ലത്. ദുഃഖത്തിന്റെ നിറം നമ്മുടെ ആത്മാവിന്റെ നിറമാണ്. പോരേ?
കരീം മാഷേ :)
സൂര്യോദയം :)
വായിച്ചവര്‍ക്കും അഭിപ്രായം അറിയിച്ചവര്‍ക്കും നന്ദി.
:)
കിനാവേ :)
സിമ്പിള്‍. :-)
സസ്നേഹം
ദൃശ്യന്‍
ഞാനും ഈ വഴി വന്നിരുന്നു..
കാച്ചിയ എണ്ണയും!
കൊഴിഞ്ഞ തലമുടികളും!!
ദൃശ്യന്‍ :)
ഇട്ടിമാളൂ :)
കരീം മാഷേ :)
നന്ദി.
Post a Comment
Subscribe to Post Comments [Atom]
<< Home