അന്ത്യം
ചന്ദനമുട്ടികള്‍ തന്നെയൊരുക്കീടാം,
ആചാരമൊന്നും പിഴച്ചിടേണ്ട.
നന്നായ് പുതപ്പിക്കാന്‍ പട്ടുവേണം,
തലയുടെ ഭാഗത്തായ് ദീപം വേണം,
നല്ലൊരു ഗന്ധം പരത്തുവാന്‍ ചുറ്റിലും,
ചന്ദനത്തിരികളെരിഞ്ഞിടേണം.
വരുന്നവര്‍ക്കെല്ലാം ഇരിക്കാനൊരുക്കണം,
വല്ലതും മിണ്ടുവാന്‍ ആളെയൊരുക്കണം.
കടമകളോര്ത്തുകൊണ്ടാരോ പറയുന്നു,
ചുറ്റിലും നില്പ്പവര് തേങ്ങിക്കരയുന്നു.
ജീവിച്ചിരിക്കുമ്പോള്‍ കഞ്ഞിവീഴ്ത്താത്തവര്‍,
മരിച്ചകന്നീടുമ്പോള്‍, കണ്ണീര് പൊഴിക്കുന്നോ!
വന്നു കണ്ടീടാന്‍ കൊതിച്ചില്ല കണ്ണുകള്‍,
ഇന്നെത്ര ക്യാമറക്കണ്ണുകള്‍ ചുറ്റിലും!
തിരക്കെന്നുമാത്രം നിഘണ്ടുവിലുള്ളവര്,
തിക്കിത്തിരക്കിയും കാണുവാന്‍ നില്ക്കുന്നു.
ജീവിച്ചിടുമ്പോള്‍ കണ്ടുമിണ്ടാത്തവര്,
ചത്തൊഴിഞ്ഞീടുമ്പോള്, നന്മകളോര്ക്കുന്നു.
ശവമാണെങ്കിലും, മിഴിച്ചീടും കണ്ണുകള്‍,
കാണാതിരുന്നത്, കണ്ടു തൃപ്തിപ്പെടാന്‍.
ചത്തുകഴിയുമ്പോള്‍, സ്നേഹമിതാണെങ്കില്‍,
ദൈവമേ! ഞാനെന്നേ ചത്തുകിടന്നേനെ!
Labels: കവിത
23 Comments:
അത് ശരിയാ ചേച്ചി പറഞ്ഞത്...
ജീവിതകാലത്ത് കേള്‍ക്കാത്ത പല വിശേഷങ്ങളും ഒരു വ്യക്തിയുടെ മരണശേഷം പറഞ്ഞ് കേട്ടിട്ടുണ്ട്...
അത് വരെ തിരിഞ്ഞ് നോക്കാത്തോരും വന്ന് പോകും... അവസാന കാഴ്ച എന്നാണ് പറച്ചിലെങ്കിലും അതും ഒരു പ്രഹസനം മാത്രം... മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന ചിന്ത...
(പുറമേ കാണിക്കാനെങ്കിലും) ആരോ പറഞ്ഞപോലെ... നെഞ്ചത്തടിച്ച് നിലവിളിക്കാന്‍ നാലാളില്ലാതെ എന്ത് മരണം...!
എന്തേ ഇപ്പോ ഇങ്ങിനെയൊക്കെ തോന്നാന്‍?
ചത്തുകഴിയുമ്പോള്‍, സ്നേഹമിതാണെങ്കില്‍,
ദൈവമേ! ഞാനെന്നേ ചത്തുകിടന്നേനെ!
രണ്ടാഴ്ചയായിട്ട് നല്ല ഫോമിലാണല്ലോ!!! :)
--
സൂച്ചി എന്തുനല്ല സൂച്ചിയായിരുന്നു.
നല്ല കവിതകള്‍
നല്ല കഥകള്‍
നല്ല ലേഖനങ്ങള്‍
വളരെ നല്ല വ്യക്തിത്വത്തിന്റെ ഉടമ
മലയാളത്തിലെ രണ്ടാമത്തെ നല്ല ബ്ലോഗര്‍.
ജീവിച്ചിരിക്കുമ്പൊഴേ ഇത്തിരി സ്നേഹം തന്നതാ :-)
സൂവേച്ചീ...
വളരെ ശരി...
ഇനി ഒരിക്കലും ശല്യം സഹിക്കേണ്ടി വരില്ലല്ലോ എന്ന ആശ്വാസത്തോടെ ആയിരിക്കും എല്ലാവരും മരിച്ചു കിടക്കുമ്പോഴെങ്കിലും കാണാന്‍ വരുന്നതും കണ്ണീര് പൊഴിക്കുന്നതും നല്ല വാക്കുകള്‍ പറയുന്നതുമെല്ലാം...
സിമിയുടെ കമന്റു രസമായി.
:)
സൂ ചേച്ചി
മരിച്ചവര്‍ ഒരിക്കല്‍ കൂടി തിരിച്ച് വന്നെങ്കില്‍
കരഞ്ഞവര്‍ ചിരിക്കുമോ അതോ വീണ്ടും കരയുമോ..
ഞാന്‍ എല്ലാം കേള്‍ക്കുന്നുണ്ട് പ്രതികരിക്കണമെന്നുണ്ട്
പക്ഷേ മരിച്ചു പോയില്ലേ...സഹിക്കുക തന്നെ
നന്മകള് നേരുന്നു
ഒന്ന് ശ്രമിച്ചു നോക്കുന്നത് നല്ലതാണ് സു, മനസ്സിലാക്കാമല്ലൊ നമ്മളെക്കുറിച്ചുള്ള പൊതുജനാഭിപ്രായം.
കുറെ നാളുകള്‍ക്കുശേഷം വീണ്ടും വായിക്കുന്നു.
വയസ്സാവുമ്പോളാണ് ആത്മഗതം പോലെ എല്ലാവരും സ്വധര്മ്മങ്ങളെക്കുറിച്ച് ആലോചിക്കുന്നത്. മരിച്ചുകഴിയുമ്പോള്‍ മറ്റുള്ളവരും.
നന്നായിരിക്കുന്നു.
ചത്തുകഴിയുമ്പോള്‍, സ്നേഹമിതാണെങ്കില്‍,
ദൈവമേ! ഞാനെന്നേ ചത്തുകിടന്നേനെ.
ഈ വരികള്‍ വളരെ ഇഷ്ടമായി.
സൂച്ചീ, മരിച്ചു കിടക്കുമ്പോ അന്നേരം ഒരിത്തിരി സമയം കാണിച്ചാ പോരേ ഇതൊക്കെ, ജീവിച്ചിരിക്കുന്നോരാവുമ്പൊ അതു പോരല്ലോ, കിട്ടിയാലും മതിയാവതെ പിന്നേം പിന്നേം expect ചെയ്ത്, അതിലും മതിയാവാതെ സങ്കടപ്പെട്ട്..മരിച്ചവരാവുമ്പൊ പിന്നെ feedback ഇല്ലല്ലോ, അതാവും. :-)
സൂ, നല്ല ആശയം. നമുക്കു ചുറ്റും സ്ഥിരം കാണുന്ന കാഴ്ച തന്നെ. ജീവിച്ചിരിയ്ക്കുമ്പോള്‍ തിരിഞ്ഞുനോക്കില്ലെങ്കിലും മരിച്ചെന്ന് കേട്ടാല്‍ ഉടനെ ഫണ്ടു പിരിവും ട്രസ്റ്റു രൂപീകരണവും വരെ, നല്ല തമാശ തന്നെ. കവിത ഇഷ്ടമായി.
ചേച്ചീ,
പേടിപ്പിക്കല്ലേ ട്ടോ...
നന്നായി കവിത
:)
ഉപാസന
ചത്തവന്റെ ചാവാത്ത കണ്ണ്
നന്നായി. നല്ല വരികള്‍, ഈണമുണ്ടതിന്....
ഈ ലോകതത്വം ഇങ്ങനെ ഒക്കെ നമ്മളെ കൊഞ്ഞനം കുത്തുന്നു അല്ലേ.:)
:)
"ശവമാണെങ്കിലും, മിഴിച്ചീടും കണ്ണുകള്‍,
കാണാതിരുന്നത്, കണ്ടു തൃപ്തിപ്പെടാന്‍."
കവിത ഇഷ്ടമായി:)
നന്നായിരിക്കുന്നു..
നല്ല ഒഴുക്കോടെ വായിച്ചൂ..
ബ്രേക്ക് കഴിഞ്ഞ് വന്നേപ്പിന്നെ മൊത്തത്തില്‍ ഒരു ചേഞ്ച്. എന്താ പറ്റിയേ ? ;)
ഓഫ്: എന്നെ തല്ലണ്ട ഞാന്‍ നന്നാവൂല ;)
ഐഡിയ സ്റ്റാര്‍ സിങ്ങര്‍ കാണാറുണ്ടെന്നു കരുതുന്നു.
“നന്നായി കുട്ടാ. പക്ഷെ
ജീവിച്ചിരിക്കുമ്പോള്‍ കഞ്ഞിവീഴ്ത്താത്തവര്‍,
മരിച്ചകന്നീടുമ്പോള്‍, കണ്ണീര് പൊഴിക്കുന്നോ!
ആ വരിയിലെ സംഗതി മനസ്സിലായില്ല”.
“ഫന്റാസ്റ്റിക്. യു ഹാവ് എ വെരി ഗുഡ് വോയ്സ്. ഇന്ത മാതിരി സോങ്സ് സ്യൂട്സ് യു വെല്‍. ആസ് സര് പോയിന്റെഡ് ഔട്, സം പ്രോബ്ലംസ് ഐ ഓള്‍സൊ നോട്ടഡ് ഹിയര്‍. ബട് യുവര്‍ ഓവറോള്‍ പെര്‍ഫോമന്‍സ് വോസ് ഗുഡ്”
യുവര്‍ ടോടല് സ്കോര്‍ ഇസ് 72+8 = 80
:)
ഞാന്‍ രണ്ട് മാസം ഉഗാണ്ടയിലും അതു കഴിഞ്ഞ് നിക്കരാഗ്വയിലും ആയിരിയ്ക്കും.
ചേച്ചി,
കവിത ഇഷ്ടപ്പെട്ടു. വരികളിലുള്ള കാര്യങ്ങളൊക്കെ സത്യമാണ്.
പിന്നെ,
“ചത്തുകഴിയുമ്പോള്‍, സ്നേഹമിതാണെങ്കില്‍,
ദൈവമേ! ഞാനെന്നേ ചത്തുകിടന്നേനെ!“
അത്രയങ്ങട് പോണോ? പണ്ടാരോപറഞ്ഞത് പോലെ എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ചേച്ചീ. സമയമാകുമ്പോള്‍ ‘സു‘ വും ഷുവറായി ‘സൂൂൂൂൂ‘ ആകും.
ഗീതയില്‍ ശ്രീ കൃഷ്ണന് പറഞ്ഞത് പോലെ,
“ജാതസ്യ ഹി ദ്രുവോ മൃത്യുര്‍
ദ്രുവം ജന്മ മൃതസ്യച!“
[B G: 2.27]
-അഭിലാഷ്, ഷാര്‍ജ്ജ
കവിതയില്‍ അവിടവിടെ ഒന്നുരണ്ടു കനലുകള്‍.
അതണയ്ക്കരുത്,അതിലെരിയരുത്..
അതങ്ങനെ കനവില്‍ കിടന്നെരിഞ്ഞ്
കാഞ്ഞ കവിതകള്‍ പിറക്കട്ടെ.
കാലമതിന്നൂഷ്മാവേറ്റുവാങ്ങട്ടെ.
ചത്തുകിടന്നാലും ചമഞ്ഞുകിടക്കണം എന്നത് ഈ കവിതയിലെ വരിയാണോ?
This comment has been removed by the author.
സഹയാത്രികന് :)
ഹരീ :) ഫോമിലായി. ;)
സിമി :) നല്ല പുകഴ്ത്തല്‍! ഡോക്ടറേറ്റ് കിട്ടും. ;)
ശ്രീ :)
മന്‍സൂര്‍ :) മരിച്ചവരു തിരിച്ചുവരില്ല. രക്ഷപ്പെട്ടെന്ന് കരുതും. ;)
സണ്ണിക്കുട്ടാ :) അല്ലാതെ തന്നെ അറിയാം, അഭിപ്രായം.
രജി മാഷേ :)
താരാപഥം :)
അപര്‍ണ്ണ :) വളരെ ശരി. എന്തെങ്കിലും പ്രതീക്ഷിക്കുന്നതാണ് കുഴപ്പം.
സാരംഗി :) അങ്ങനെ എന്തെല്ലാം നാടകങ്ങള്‍.
ഉപാസന :) പേടിക്കല്ലേ.
ചന്തു :)
വേണുജീ :)
സഹ :)
മയൂര :)
നജീം :)
ദീപൂ :) ഹിഹി. അപ്പോ ഉഗാണ്ടയിലേക്ക് ഞാന്‍ വരുന്നില്ല.
അഭിലാഷങ്ങള്‍ :) ഒടുവില്‍ “ശൂ” ആയിപ്പോകാതിരുന്നാല്‍ മതി. ;)
കാവലാന്‍ :) സ്വാഗതം.
അനിലേട്ടാ :) ഹിഹി. അങ്ങനെ ഒരു വരി ഇതില്‍ ഇല്ല. ചമച്ചുകിടത്തും.
എല്ലാവര്ക്കും നന്ദി.
ജ്യോതിര്‍മയി ജീ :) വേറെ ജോലിയില്ല അല്ലേ?
ehtra nalla oru kavitha, touching
Post a Comment
Subscribe to Post Comments [Atom]
<< Home