Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, December 11, 2007

ഭാഷ

ഭാഷ വരുത്തുന്ന വിനകള്‍ എന്തൊക്കെയാണെന്നോ? ഇപ്പോ, അന്യനാട്ടില്‍ സന്ദര്‍ശനത്തിനുപോയാല്‍, നമുക്ക് അല്‍പ്പമെങ്കിലും അവര്‍ പറയുന്നത്, മനസ്സിലായില്ലെങ്കില്‍, നമ്മള്‍ പറയുന്നത് അവര്‍ക്ക് മനസ്സിലായില്ലെങ്കില്‍ ഒക്കെ വല്യ കുഴപ്പമാണ്. എന്തിന് അന്യനാട്? നമ്മുടെ നാട്ടില്‍ത്തന്നെ വടക്കുള്ളവരും തെക്കുള്ളവരും പറയുന്നതില്‍ വല്യ വ്യത്യാസമുണ്ട്.


വീട്ടില്‍, അച്ഛന്റെ അനിയന്റെ ഭാര്യ, ഒരു ദിവസം 'അയ്യോ കാച്ചിലാത്ത്, കാച്ചിലാത്ത്’ എന്നും പറഞ്ഞ് പരിഭ്രമിച്ചോടിവന്നപ്പോള്‍, ഞങ്ങളെല്ലാം പരിഭ്രമിച്ചത്, അവര്‍ കാച്ചിലാത്തിനെ കണ്ടുപേടിച്ചതിനല്ല. ഈ കാച്ചിലാത്ത് എന്നു പറയുന്ന വസ്തു എന്താവും എന്നാലോചിച്ചാണ്. പിന്നെ മനസ്സിലായി, അത് കരിങ്കണ്ണി എന്ന് ഞങ്ങള്‍ പറയുന്ന ജന്തുവാണെന്ന്.


അതുകഴിഞ്ഞ്, കല്യാണം കഴിഞ്ഞ് വീട്ടില്‍ വന്ന ചെറിയമ്മയോട്, അവിടെ കുളമുണ്ടോയെന്ന് ചോദിച്ചപ്പോള്‍, അവിടെ ആറുണ്ട് എന്ന് പറഞ്ഞു എന്നും, ആറ് കുളമോ എന്ന് അതിശയപ്പെടുകയും ചെയ്തു എന്നൊരു കഥയുണ്ടാക്കി. ശരിക്കും ആരെങ്കിലും ചോദിച്ചോ എന്ന് എനിക്കിനിയും മനസ്സിലായിട്ടില്ല. ഇവിടെ ആറ് എന്ന് പറയില്ല. പുഴ എന്നേ പറയൂ.


ഒരു തവണ, കസിന്റെ ഭാര്യയോട്, ഞാന്‍ പറയുന്നത് കേട്ട് അവള്‍ ചിരിക്കുമ്പോള്‍, അവളുടെ ചേച്ചിയുടെ ഭര്‍ത്താവ് ചോദിച്ചു. നിനക്ക് ഇപ്പറയുന്നത് എന്തെങ്കിലും മനസ്സിലാവുന്നുണ്ടോയെന്ന്. അവള്‍ പറഞ്ഞു, ശീലമായി എന്ന്.


കേരളത്തിനുപുറത്തേക്ക് യാത്ര പോവുമ്പോള്‍ എനിക്ക് വല്യ സന്തോഷമാണ്. അന്യഭാഷക്കാര്‍ പറയുന്നതും കേട്ട് വായും പൊളിച്ചിരിക്കും. ചേട്ടന്‍ ചോദിക്കും, നീ ശ്രദ്ധിക്കുന്നതുകണ്ടാല്‍ നിനക്ക് ഒക്കെ മനസ്സിലാവും എന്ന് തോന്നുമല്ലോയെന്ന്. ഒരിക്കല്‍ ബോംബെയില്‍ പോയിട്ട് ആന്റിയുടെ കൂടെ ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ കയറി. ലോഗ്യം ചോദിക്കുന്ന കാര്യത്തില്‍ സ്ത്രീകള്‍ എല്ലായിടത്തും ഒരുപോലെയാണെന്ന് അന്നെനിക്ക് മനസ്സിലായി. ഒരു സ്ത്രീ എന്നോട് എന്തൊക്കെയോ മറാഠിയില്‍ ചോദിച്ചു. അന്നെനിക്ക് മറാഠി അറിയില്ലായിരുന്നു. (ഹും...ഇപ്പോപ്പിന്നെ ഒലക്ക അറിയാം) ഞാന്‍ മൂങ്ങയും ബധിരയും ആണെന്ന മട്ടില്‍ ഇരുന്നു. കുറച്ചുമാറി നില്‍ക്കുകയായിരുന്ന ആന്റി വന്ന് ചോദ്യങ്ങള്‍ ഏറ്റെടുത്തു. ഉത്തരമൊക്കെപ്പറഞ്ഞു. ഹിന്ദിയെനിക്ക് അറിയാം. പക്ഷെ, അവരുടെ ചോദ്യം മനസ്സിലാകാതെ, എന്തെങ്കിലും പറയാന്‍ പറ്റില്ലല്ലോ.


എനിക്ക് ഭാഷകള്‍ പഠിക്കാന്‍ വല്യ ഇഷ്ടമാണ്. നമ്മളിനി എവിടേയും പോയില്ലെങ്കിലും, അന്യനാട്ടുകാര്‍ ഇവിടെ വരുമ്പോള്‍ അവരോട് മിണ്ടാമല്ലോ. ശരിക്കുപഠിക്കാതെ, ഹം ഹെ ഹോ യും, ഹ യും, ലു വും, ച്ഛെയും, ആഹേ യും ഒന്നും ചേര്‍ത്തിട്ട് യാതൊരു കാര്യവുമില്ലെന്ന് പഠിച്ചു.


ഹൈദരാബാദില്‍ പോയിട്ട് വരുമ്പോള്‍, കുറേ സമയം ഉണ്ടല്ലോ ട്രെയിനില്‍. അപ്പോ, എവിടേക്കോ പോവുകയായിരുന്ന ഒരു വല്യ തെലുങ്ക് കുടുംബം ശീട്ട് കളിക്കുന്നുണ്ടായിരുന്നു. ഞാന്‍ അവര്‍ കളിക്കുന്നതും നോക്കി, അവര്‍ പറയുന്നതും കേട്ട്, ഒക്കെ പിടിച്ചെടുത്ത് ഇരിക്കുമ്പോള്‍, അതിലെ ഒരു പെണ്‍‌കുട്ടി ചോദിച്ചു, ആന്റ്റീ ഞങ്ങളുടെ കൂടെ കൂടുന്നോയെന്ന്. ഇല്ല എന്നു പറഞ്ഞു. ചേട്ടന്‍ ചോദിച്ചു, എന്തായിരുന്നു പറഞ്ഞതെന്ന്. ഞാന്‍ പറഞ്ഞു, കളിക്ക് കൂടുന്നോന്ന് ചോദിച്ചതാണെന്ന്. എന്നിട്ട് നീയെന്തു പറഞ്ഞു എന്ന് ചേട്ടന്‍ ചോദിച്ചു. “കാര്‍ഡ്സുലു, കളിക്കുലു, എനിക്കുലു നന്നായ് തെരിയലു. ബട്ട്, നിന്‍ ഫാമിലിയോടുലു തെലുങ്കുലു പറയുലു എനിക്കു തെരിയാതുലു അമ്മാ തെരിയാതുലു.” എന്ന് പറഞ്ഞെന്ന് ഞാന്‍ പറഞ്ഞു. ;)
യാത്ര പോയതിന്റേയും, അവിടെ പറ്റിയ അബദ്ധങ്ങളുടേയും (നിനക്ക് പറ്റിയത് എന്നു മാത്രം മതി, അബദ്ധം എന്ന് എടുത്തുപറയേണ്ടതില്ല എന്ന് വീട്ടുകാര്‍ എപ്പോഴും പറയും) കാര്യം പറഞ്ഞാല്‍ തീരില്ല. അതൊക്കെ യാത്രാവിവരണത്തില്‍ എഴുതാം. ;)


സുഗതകുമാരിട്ടീച്ചര്‍ പാടി :‌- നടനമാടിത്തളര്‍ന്നംഗങ്ങള്‍ തൂവേര്‍പ്പു പൊടിയവേ പൂമരം ചാരി, ഇളകുന്ന മാറില്‍ കിതപ്പോടെ നിന്‍ മുഖം കൊതിയാര്‍ന്നുനോക്കിയിട്ടില്ല, കൃഷ്ണാ, നീയെന്നെയറിയില്ല- എന്ന്. ഞാനാണെങ്കില്‍ പറയും, ‘കൃഷ്ണാ, നിനക്കെന്നെ ശരിക്കും അറിയില്ല’ എന്ന്. ഇതാണ് ഭാഷയുടെ വ്യത്യാസം.

ഭാഷയെക്കുറിച്ച്, ഭാഷകളെക്കുറിച്ച് പറഞ്ഞാല്‍ എന്നെങ്കിലും തീരുമോന്ന് അറിയില്ല.
തമിഴിലുള്ള, മലയാളത്തിന്റെ “ദേശീയഗാനം” പാടി തല്‍ക്കാലം, ഭാഷാസ്നേഹം ഇവിടെ നിര്‍ത്താം.


“ഒരുമുറൈ വന്തുപാര്‍ത്തായാ, എന്‍ മനം നീ അറിന്തായാ, തോം, തോം, തോം.”





ബ്ലോഗ് വായിക്കുകയും, പ്രേരണയും, പ്രോത്സാഹനവും, നല്‍കി, വെളിച്ചവും, വഴികാട്ടികളുമായ, എല്ലാ സുഹൃത്തുക്കള്‍ക്കും, ബൂലോഗസുഹൃത്തുക്കള്‍ക്കും,
തനിമലയാളത്തിനും, പിന്‍‌മൊഴിയ്ക്കും,
ഏവൂരാനും, ശനിയനും,
എന്നും പ്രോത്സാഹിപ്പിച്ചിരുന്ന, അനിലേട്ടന്‍, വിശ്വംജി, ഉമേഷ്ജി, സന്തോഷ്, രേഷ്, ബിന്ദു, ഇഞ്ചിപ്പെണ്ണ്, എന്നിവര്‍ക്കും,
സിബുവിനും, കെവിനും, പെരിങ്ങോടനും,
മോളുവിനും,
ജോയ്ക്കും,
സ്നേഹത്തിന്റേയും, ബഹുമാനത്തിന്റേയും, പട്ടുതൂവാലയില്‍പ്പൊതിഞ്ഞ നന്ദിയുടെ വജ്രം സമര്‍പ്പിച്ചുകൊള്ളുന്നു.
എന്റെ ഭാഷ നിങ്ങള്‍ മനസ്സിലാക്കുകയും, നിങ്ങളുടെ ഭാഷ എനിക്ക് മനസ്സിലാവുകയും ചെയ്തതുകൊണ്ടാണ് ഇത്രയും എഴുതിയിരുന്നത്.
നിങ്ങളുടെയെല്ലാം അനുഗ്രഹത്തോടെ, ഇനിയും പ്രോത്സാഹനം ലഭിക്കുമെന്ന പ്രതീക്ഷയോടെ,

സൂര്യഗായത്രി

മൂന്നുവര്‍ഷം തികച്ച് നാലാംവര്‍ഷത്തിലേക്ക്.

Labels: ,

33 Comments:

Blogger ശ്രീ said...

ആഹാ... സൂവേച്ചീ...
നാലാം വര്‍‌ഷത്തിലേയ്ക്ക് പ്രവേശിയ്ക്കുകയാണല്ലേ?

അപ്പോ അതിലേയ്ക്കുള്ള ആദ്യത്തെ നാളികേരം എന്റെ വക.

“ഠേ!”

പിന്നേയ്, യാത്രാ വിവരണം എഴുതാമെന്ന് പറഞ്ഞിട്ട് പറ്റിക്കരുത്.
എന്താണെന്നറിയില്ല, ആര്‍‌ക്കെങ്കിലും പറ്റിയിട്ടുള്ള അബദ്ധങ്ങള്‍‌ ഒക്കെ വായിക്കാന്‍‌ വല്ലാത്ത ഇഷ്ടമാ....
[എന്നും എന്റെ അബദ്ധങ്ങള്‍‌ കാരണം ബോറടിച്ചു തുടങ്ങി. അതു കൊണ്ടാ...]
;)

Tue Dec 11, 08:06:00 am IST  
Blogger ഹരിശ്രീ said...

സൂവേച്ചി,

നല്ല വിവരണം. പലപ്പോഴും ഭാഷ പലര്‍ക്കും പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.

പിന്നെ ബൂലോകത്തില്‍ നാലാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ചേച്ചിക്ക് ആശംസകള്‍....

(ഇത്തവണ അപ്രതീക്ഷിതമായി ഞങ്ങള്‍ ചേട്ടനും അനിയനുമാണ് (ശ്രീ) ആദ്യം ഇവിടെ എത്തിയത് എന്നുതോന്നുന്നു)

Tue Dec 11, 10:22:00 am IST  
Blogger ക്രിസ്‌വിന്‍ said...

സുവേച്ചിക്ക്‌ ആശംസകള്‍

Tue Dec 11, 10:23:00 am IST  
Blogger കുഞ്ഞന്‍ said...

സൂ..

അനുഗ്രഹങ്ങള്‍ ആശിര്‍വാദങ്ങള്‍..!

നാലാം കൊല്ല ആശംസകള്‍..!

പിന്നെ ഈ കരിങ്കണ്ണി എന്നു പറയുന്ന ജന്തു മനുഷ്യനെയാണൊ അര്‍ത്ഥമാക്കുന്നത്? എന്റെ നാട്ടില്‍ കരിങ്കണ്ണി കരിങ്കണ്ണന്‍ എന്നീ പേരുകള്‍ ഉപയോഗിക്കുന്നുണ്ട് അത് എന്തെങ്കിലും സാധനം കണ്ടാല്‍ അവരെന്തെങ്കിലും അതിനെപ്പറ്റി അഭിപ്രായം പറഞ്ഞാല്‍ ആ സാധനത്തിന് എന്തെങ്കിലും പറ്റിയിരിക്കും..!

Tue Dec 11, 10:29:00 am IST  
Blogger തമനു said...

ആശംസകള്‍ സൂ...

കാച്ചിലാത്ത് എന്നു അച്ഛന്റെ അനിയന്റെ ഭാര്യയും, കരിങ്കണ്ണി എന്നു സൂവും പറയുന്ന ജന്തു ശരിക്കും എന്താ...? :)

Tue Dec 11, 10:30:00 am IST  
Blogger R. said...

കണ്‍ഗ്രാറ്റ്സ് !

അയത്നലളിതവും സുന‍്ദരവും ഉജ്ജ്വലവുമായി ഇനിയും ഇനിയും എഴുതൂ... (ഇടക്കു കറിവേപ്പിലയിലും കാച്ചൂ...)

Tue Dec 11, 10:44:00 am IST  
Blogger ആഷ | Asha said...

എനിക്കും കാച്ചിലേത്തും കരിങ്കണ്ണിയും എന്താന്നു അറിയില്ല. ഗൂഗിളില്‍ തപ്പി അതിന്റെ പടത്തിന്റെ ഒരു ലിങ്ക് പോസ്റ്റുമോ?

നാലാം വര്‍ഷത്തിലേയ്ക്ക് കടന്ന സൂര്യഗായത്രിക്ക് ആശംസലാലു അഭിനന്ദലാലൂ.

Tue Dec 11, 11:36:00 am IST  
Blogger നാടന്‍ said...

നാലാം വര്‍ഷത്തിലേക്ക്‌ കാല്‍ വയ്ക്കുന്ന സൂര്യഗായത്രിക്ക്‌ എല്ലാ വിധ ഭാവുകങ്ങളും !!

പിന്നെ കുഞ്ഞന്‍, തമനു, ആഷ എന്നിവരുടെ അറിവിലേക്ക്‌ - കരിങ്കണ്ണി എന്നുവച്ചാല്‍ "പഴുതാര". കേട്ടുകാണുമല്ലോ അല്ലേ ? നീണ്ട്‌, കറുത്ത്‌, കുറെ കാലുകലൊക്കെയായി, ഒരു കടി കിട്ടിയാല്‍ കണ്ണില്‍കൂടി പൊന്നീച്ച പറക്കുന്ന ജീവി ! നമ്മള്‍ മലബാറികള്‍ ഇതിനെ കരിങ്കണ്ണി എന്നാണ്‌ വിളിക്കുന്നത്ത്‌. ഇനി, കടി കിട്ടിയ ഭാഗത്ത്‌ ചെറിയ ഉള്ളി തൊലി കളഞ്ഞ്‌ തേക്കുക. അതാണ്‌ ഒറ്റമൂലി. (സ്വന്തം അനുഭവത്തില്‍ നിന്നും ...)

Tue Dec 11, 12:08:00 pm IST  
Blogger ദൈവം said...

പരസ്പരം അറിയുന്ന രണ്ടു ഹൃദയങ്ങള്‍ക്കിടക്ക് ഭാഷ അപ്രസക്തമാണെന്ന് നെരൂദ ‘മെമ്മേഴ്സി’ല്‍.
അങ്ങിനെയല്ലാത്തവര്‍ക്കിടയില്‍ ഭാഷ കൊണ്ടെന്തു കാട്ടാനാണെന്ന് ഒരു കൂട്ടിച്ചേര്‍ക്കല്‍.

Tue Dec 11, 12:19:00 pm IST  
Blogger കാവലാന്‍ said...

"സുഗതകുമാരിട്ടീച്ചര്‍ പാടി :‌- നടനമാടിത്തളര്‍ന്നംഗങ്ങള്‍ തൂവേര്‍പ്പു പൊടിയവേ പൂമരം ചാരി, ഇളകുന്ന മാറില്‍ കിതപ്പോടെ നിന്‍ മുഖം കൊതിയാര്‍ന്നുനോക്കിയിട്ടില്ല, കൃഷ്ണാ, നീയെന്നെയറിയില്ല- എന്ന്. ഞാനാണെങ്കില്‍ പറയും, ‘കൃഷ്ണാ, നിനക്കെന്നെ ശരിക്കും അറിയില്ല’ എന്ന്. ഇതാണ് ഭാഷയുടെ വ്യത്യാസം."

ഇതിനെന്താണിവിടെ പ്രസക്തി????? കവയിത്രി(ടീച്ചറല്ല) ഉദ്ധേശിച്ചതറിയുന്നവര്‍ ചിരിച്ചേക്കാം.

Tue Dec 11, 12:58:00 pm IST  
Blogger ശാലിനി said...

Su,

Best wishes.

Tue Dec 11, 01:32:00 pm IST  
Blogger ഉണ്ണിക്കുട്ടന്‍ said...

സൂ നാലാംവര്‍ഷാശംസകള്‍ ! കൃത്യമായ ഇടവേളകളില്‍ ഇടതടവില്ലാതെ ഇത്രയും നാള്‍ പോസ്റ്റിടാന്‍ കഴിയുന്നു എന്നതു തന്നെ എന്നെ അത്ഭുതപ്പെടുത്തുന്നു. ഇതിന്റെ രഹസ്യം ?

Tue Dec 11, 02:07:00 pm IST  
Blogger ടി.പി.വിനോദ് said...

ആശംസകള്‍

Tue Dec 11, 02:34:00 pm IST  
Blogger അഭയാര്‍ത്ഥി said...

കംഗ്രാചുലേഷന്‍സ്‌, ബ്ദായിയാം, ധന്യവാദ്‌, മുബാറക്ക്‌, നന്മകള്‍,
ബുവനാസ്‌ ദിയാസ്‌ അമീഗൊ,ബുവനാസ്‌ ദിയാസ്‌ സെന്യോര്‍, മഗന്ദാങ്ങ്‌ പറേ, ആയുസ്ലാങ്ങ്‌, ഹായ്‌ ജവ്ലീ, സൂ കറുച്ച്‌, ഒണസാണ്ട, മയ്മി പന്‍ഹാ,
സിയോങ്ങ്‌, സായനോര.കിമോണ,സുസ്മനബുഹായ്‌...
ഏതൊക്കേയെ ഭാഷയിലെ എന്തൊക്കേയൊ ആണിത്‌. നല്ലതെല്ലാം സൂവെടുത്തോളു.
ആശംസകള്‍

Tue Dec 11, 02:48:00 pm IST  
Blogger krish | കൃഷ് said...

ബൂലോകത്തില്‍ മൂന്ന് വര്‍ഷം കഴിഞ്ഞ് നാലാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന സൂ-വിന് ആശംസകളുടെ പൂച്ചെണ്ടുകള്‍. ഭാഷ ഏതായാലും ബ്ലോഗാഹ!

(നാടന്‍ പറഞ്ഞപ്പഴാ ഈ കാച്ചിലാത്തും കരിങ്കണ്ണിയും മനസ്സിലായത്)

Tue Dec 11, 03:54:00 pm IST  
Blogger അപര്‍ണ്ണ said...

മലയാളം font കിട്ടിയ അന്നുമുതലേ വായിക്കുന്നതാണ്‌ സൂച്ചിയെ. ഇഷ്ടപ്പെട്ടവയും മനസ്സിനോട്‌ ചേര്‍ന്നു നില്‍ക്കുന്നവയുമായി ഏറെ കാര്യങ്ങള്‍. ഇനിയും ഇനിയും എഴുതാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ. ആശംസകള്‍!

Tue Dec 11, 05:33:00 pm IST  
Blogger വേണു venu said...

ആശംസകള്‍‍!

Tue Dec 11, 05:59:00 pm IST  
Blogger Mrs. K said...

സൂര്യഗായത്രിക്ക് ജന്മദിനാശംസകള്‍!
സൂവേച്ചി ഇതുവരെ പറഞ്ഞതെല്ലാം മനസ്സിലായിട്ടുണ്ട്. കാച്ചിലാത്ത്, കരിങ്കണ്ണി ഈ രണ്ട് ഭാഷയും എനിക്ക് മനസ്സിലായില്ല. ഇതിന്‍ മലയാളത്തിലെന്താ പറയണേ? :)
ഇവിടെ കമന്റീട്ട് കുറെ നാളായി.. ഇടക്കൊക്കെ വന്ന് വായിച്ച് പോവാറുണ്ട്ട്ടോ..

Tue Dec 11, 08:23:00 pm IST  
Blogger മന്‍സുര്‍ said...

സൂവേച്ചി...

ഒരു പാവം പ്രവാസിയുടെ ആശംസകള്‍ ഒപ്പം പ്രാര്‍ത്ഥനകളും

നന്‍മകള്‍ നേരുന്നു

Tue Dec 11, 09:01:00 pm IST  
Blogger Unknown said...

അയ്യോ!!! യാത്രാവിവരണം വരുന്നൂന്നു് കേട്ടപ്പൊ അങ്ങനെയാ ആദ്യം തോന്നീതു്. (തമാശയാണേ!)

ഇനീം എഴുതൂ! ഒത്തിരി ഒത്തിരി! (ഇടക്കിടെ വറുക്കാനും പൊരിക്കാനും മറക്കില്ലെങ്കില്‍!)

ഭാവുകാശംസകള്‍! മൂന്നു് തികച്ചതിനല്ല, നാലിലെത്തിയതിനു്! :)

Tue Dec 11, 10:46:00 pm IST  
Blogger Sivadas said...

സൂ ചേച്ചിക്ക് ആശംസകള്‍. കമന്റാന്‍ നേരം കിട്ടാറില്ലെങ്കിലും ഏതാണ്ടെല്ലാം വായിക്കാറുണ്ട്. ഒരു ഉഗ്രന്‍ പിറന്നാള്‍ പായസം (ഇലയില്‍)പ്രതീക്ഷിക്കുന്നു - ശിവദാസ്

Wed Dec 12, 01:08:00 am IST  
Blogger അനംഗാരി said...

കാച്ചിലാത്ത് എന്താലൂ?കരിങ്കണ്ണി എന്താലൂ..എനക്കൊട്ട് തെരിയാലൂ..

എങ്കെചെപ്പൊ?

ആ! Rകറിയാ?

Wed Dec 12, 06:13:00 am IST  
Blogger Rasheed Chalil said...

കണ്ണൂരുള്ളവര്‍ അനക്ക് (എനക്ക്) എന്നാല്‍ തനിക്ക് എനിക്ക് എന്നും മലപ്പുറത്തുള്ളവര്‍ക്ക് എനിക്ക് എന്നും ആണ്... ഒരു കണ്ണൂരുകാരന്‍ ‘അനക്ക് ചോറ് വേണ്ട...’ എന്ന് പറഞ്ഞതിന് അത് തീരുമാനിക്കാന്‍ നീയാര് എന്ന് ചോദിച്ച മലപ്പുറത്ത് കാരനെ ഓര്‍ത്ത് പോയി...

:)

Wed Dec 12, 09:36:00 am IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

പിറന്നാള്‍ ആശംസകള്‍...

കറിവേപ്പിലയില്‍ പത്തിരിയാണല്ലൊ...

സദ്യ കഴിഞ്ഞോ?എന്താ പായസം?

Wed Dec 12, 01:51:00 pm IST  
Blogger ചീര I Cheera said...

ഭാഷ. അതെ അത് രസാണ്.
പിന്നെ, ആശംസകള്‍!
എന്തോ പറയണമെന്നു വിചാരിച്ചു, അതിങ്ങോട്ട് വരുന്നില്ല, ഇപ്പോള്‍..
:)

Wed Dec 12, 07:44:00 pm IST  
Blogger സു | Su said...

ശ്രീ :) തേങ്ങയുടച്ചതില്‍ നന്ദി. “ശ്രീ” തന്നെയാണല്ലോ എന്തിനും ആവശ്യം.

ഹരിശ്രീ :) ചേട്ടനും അനിയനും ആദ്യം വന്നതില്‍ സന്തോഷം. എഴുത്തിന് ശ്രീയും, ഹരിശ്രീയും തന്നെയല്ലേ വേണ്ടത്.

ക്രിസ്‌വിന്‍ :)

കുഞ്ഞന്‍ :) കരിങ്കണ്ണി എന്നുവെച്ചാല്‍, നാടന്‍ പറഞ്ഞതുപോലെ പഴുതാര.

ആഷ :) തപ്പിയിട്ട് കിട്ടിയാല്‍ പോസ്റ്റാം.

നാടന്‍ :) കരിങ്കണ്ണി കടിച്ചാല്‍, മഞ്ഞള്‍ തേയ്ക്കണം.

തമനൂ :)

രജീഷ് :)

ദൈവം :) എത്ര ശരി!

കാവലാന്‍ :) കൃഷ്ണാ നീയെന്നെയറിയില്ല എന്ന് സുഗതകുമാരിട്ടീച്ചര്‍ പറയും, കൃഷ്ണാ നിനക്കെന്നെ ശരിക്കും അറിയില്ല എന്ന് ഞാന്‍ പറയും എന്ന് പറഞ്ഞാല്‍, ടീച്ചര്‍, സ്നേഹത്തോടെ പറഞ്ഞു, ഞാന്‍ അങ്ങനെ പറയില്ല എന്ന്. പിന്നെ, കവയിത്രി ഉദ്ദേശിച്ചത് എന്ന് പറഞ്ഞത് എനിക്കറിയാം. അതൊക്കെ വെറുതേ പറയുന്നതല്ലേ?

ശാലിനീ :)

ഉണ്ണിക്കുട്ടാ :) അതില്‍ ഒരു രഹസ്യവുമില്ല. എഴുതുന്നു, ഇടുന്നു. അത്ര തന്നെ. വേണമെങ്കില്‍ ദൈവത്തിനെ കൂട്ട് പിടിക്കാം.

ലാപുട :)

അഭയാര്‍ത്ഥി :) ഈശ്വരാ! ഇതൊക്കെ ഞാന്‍ എന്താണെന്ന് പഠിച്ചിട്ട് പറയാം ബാക്കി.

കൃഷ് :)

അപര്‍ണ്ണ :) മലയാളം ഫോണ്ടിനെ കുറ്റമൊന്നും പറയുന്നില്ലല്ലോ അല്ലേ? ;) ഈ സൂച്ചി വിളി നല്ല പരിചയം. പക്ഷെ അപര്‍ണ്ണയെ പരിചയമില്ല. ;)

വേണുജീ :)

ആര്‍. പി :) ഇടയ്ക്കൊക്കെ വന്നുപോകൂ.

മന്‍സൂര്‍ :)

ബാബു :)

ശിവദാസ് :)

അനംഗാരീ :)

ഇത്തിരിവെട്ടം :) ഹിഹി. തെക്ക് നിന്നൊരാള്‍ വന്നിട്ട്, മലപ്പുറംകാരനോട് പറഞ്ഞു, എനിക്ക് നീയൊക്കെ പുല്ലാണെന്ന്. അപ്പോ, മലപ്പുറംകാരന്‍ പറഞ്ഞു, “ഇയ്ക്ക് ജ്ജും” എന്ന്. അതെന്തോ വല്യ സംഭവം ആണെന്ന് വിചാരിച്ച്, കരാട്ടേ പോലെയെന്തോ അറിയാമെന്ന് വിചാരിച്ച്, തെക്ക് നിന്നുവന്നയാള്‍ ജീവനുംകൊണ്ട് ഓടി. ;) (എവിടെയോ വായിച്ചതാ.)

ഇട്ടിമാളൂ :) ഇട്ടിമാളു പായസം ഒന്നും തന്നില്ല. അതുകൊണ്ട് ഞാനും തരുന്നില്ല.

പി. ആര്‍ :) എന്താ പറയാനുള്ളത് വരാത്തത്? വേഗം പറയൂ.


ആശംസിച്ചവര്‍ക്ക് നന്ദി. :)

Thu Dec 13, 11:35:00 am IST  
Blogger ദീപു : sandeep said...

സു, എന്റെ സിസ്റ്റത്തിനെന്തോ അസുഖം വന്ന കാരണം ആശംസ അറിയിക്കാന്‍ വൈകി...

ഇനിയും ധാരാളം എഴുതാന്‍ സാധിയ്ക്കട്ടെ എന്നാശംസിയ്ക്കുന്നു.

യാത്രാ വിവരണം ഉടന്‍ പ്രതീക്ഷിയ്ക്കുന്നു :).

Fri Dec 14, 12:16:00 pm IST  
Blogger Inji Pennu said...

:)

(സൂവേച്ചീന്റെ ട്രേഡ് മാര്‍ക്ക് സ്മൈലിയൊരെണ്ണം ചാര്‍ത്തിയിട്ട് പൂവാന്ന് കരുതി

Sat Dec 15, 08:29:00 am IST  
Blogger Saha said...

സൂ!

ആശംസകള്‍ നേരുന്നു.

സ്നേഹത്തോടെ
സഹ

Sun Dec 16, 12:53:00 am IST  
Blogger സു | Su said...

ദീപൂ :) ആശംസ എപ്പോഴും അറിയിക്കാം. വൈകിയിട്ടൊന്നുമില്ല.

ഇഞ്ചിപ്പെണ്ണേ :) നല്ല സ്മൈലി ആണല്ലോ അല്ലേ? ;)

സഹ :)

നന്ദി മൂന്നുപേര്‍ക്കും.

Sat Dec 22, 07:38:00 pm IST  
Blogger ദേവന്‍ said...

സൂ, (ബിലേറ്റഡ്) വാര്‍ഷികാശംസകള്‍ . നാല്‌ നാല്പ്പതായി അഞ്ഞൂറു പോസ്റ്റ് (ആയല്ലോ അല്ലേ? ആയെന്നാണ്‌ എന്റെയൊരു ഊഹം, ഇല്ലെങ്കില്‍ വേഗം ആക്കിക്കേ) അമ്പതിനായിരമായി സൂര്യഗായത്രി അങ്ങനെ മുന്നോട്ട് പോകട്ടെ.

Thu Dec 27, 11:02:00 am IST  
Blogger സു | Su said...

ദേവാ, വൈകിക്കിട്ടിയതാണെങ്കിലും ആശംസയ്ക്ക് നന്ദി. ആ‍ശംസിക്കാതിരിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ, ആശംസിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ എന്ന് പറഞ്ഞ് തുടങ്ങിയാല്‍ തീരില്ല.

Thu Dec 27, 04:43:00 pm IST  
Blogger ശനിയന്‍ \OvO/ Shaniyan said...

വാര്‍ഷികാശംസകള്!!!! ഈ പരിസരത്തെത്തിപ്പെടാന്‍ കുറച്ചു വൈകി ട്ടോ. ക്ഷമിക്കണേ :). ആയുരാരോഗ്യസൌഖ്യങ്ങളോടെയുള്ള പുതുവത്സരാശംസകളും. :)

സസ്നേഹം.

Tue Jan 01, 02:31:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home