മഴയെക്കുറിച്ചോർക്കുമ്പോൾ
വിസ്മയിപ്പൂ ഞാനെന്നെന്നും
എന്തിനായ് മഴ പൊഴിയുന്നൂ!
ഭൂമിയെ സ്നേഹിക്കുമാകാശം
സമ്മാനമേകുന്നതാവുമോ?
ഭൂമിക്കായ് അയച്ചീടും
സ്നേഹസന്ദേശമാവാം മഴ.
വ്യഥയാൽ കണ്ണീർക്കണം,
ആകാശം ചൊരിയുന്നതാവാം.
ഇരുണ്ടുനിൽക്കുമാ മേഘങ്ങളിൽ
ദുഃഖത്തിൻ നിഴലാവുമോ?
പറഞ്ഞുപറഞ്ഞഴലകറ്റാൻ
പ്രാർത്ഥിച്ചുനിൽക്കുന്നതാവുമോ?
കാരുണ്യം നിറഞ്ഞൊരു മനസ്സുമായ്,
കാത്തിരിക്കുമീ ഭൂമിയെന്നും
ആശ്ലേഷിച്ചാനന്ദമേകുവാൻ
മഴയ്ക്കു പൊഴിഞ്ഞു തീരുവാൻ.
പലതുമാമേഘങ്ങൾക്ക്
പറയാനുണ്ടായിരിക്കുമോ?
മഴത്തുള്ളികളായെങ്ങും
ചൊല്ലി നടക്കുന്നതാവുമോ?
പെയ്തൊഴിഞ്ഞു തീരുമ്പോൾ
ഉള്ളം തെളിയുന്നുണ്ടാവാം.
മേഘങ്ങൾ മുഖം തെളിഞ്ഞ്
വിണ്ണിന്നു ശോഭയേകിടും.
താപം പെയ്തു തീരുമ്പോൾ
വിണ്ണൊന്നു ചിരിച്ചിടും,
ചിലപ്പോഴൊരു മഴവില്ലായും,
ചിലപ്പോൾ നക്ഷത്രങ്ങളായും.
മഴയില്ലെങ്കിൽ ഭൂമിയും
നിർജ്ജീവമായ്പ്പോയിടും.
ആകാശത്തിൽ സൗഹൃദം
ഭൂമിയ്ക്കും ഉണർവ്വേകിടും.
ആകാശം മഴ പൊഴിക്കണം,
ഭൂമിയതേറ്റുവാങ്ങണം.
കണ്ടുനിൽക്കും മനസ്സെല്ലാം,
കുളിരാർന്നു നിൽക്കണം.
ഒന്നോർത്താൽ ജീവിതവും
മഴയായ്ത്തന്നെ നിനച്ചിടാം.
പെയ്തൊഴിഞ്ഞൊഴുകിയൊടുവിൽ
നിശ്ചലമായ്...
പിന്നെ ഒരു പുനർജന്മമായ്...
Labels: എനിക്കു തോന്നുന്നത്, മഴ
9 Comments:
"ഒന്നോർത്താൽ ജീവിതവും
മഴയായ്ത്തന്നെ നിനച്ചിടാം.
പെയ്തൊഴിഞ്ഞൊഴുകിയൊടുവിൽ
നിശ്ചലമായ്...
പിന്നെ ഒരു പുനർജന്മമായ്..."
അവസാനത്തെ ഈ വരികള്‍ നന്നായി ഇഷ്ടപ്പെട്ടു.
:)
പുതിയ ചിന്തകളൊന്നും ഇതില്‍ കണ്ടില്ല...
വരികളുടെ
അടുക്കിവെക്കല്‍ മാത്രം മനോഹരം...
ആശംസകള്‍...
ശ്രീ :) വായിക്കുന്നതിനും അഭിപ്രായം പറയുന്നതിനും നന്ദി.
ദ്രൌപദി :) അതെയതെ. പഴയ ചിന്തകള്‍ തന്നെ. നന്ദി.
:-)
അനിയന്‍കുട്ടി എഴുതിയത് കൂടി വായിക്കൂ. ശരിക്കും മഴ പെയ്യുന്നത് കണ്ട ഒരു feeling.
ബാബു :) വായിക്കും.
കുറച്ചൊന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍ അനുഷ്ടുപ്പ് ആകുമായിരുന്നില്ലേ:))
പ്രമോദ് :) അങ്ങനേം ഒരു സംഭവം ഉണ്ടല്ലേ?
എനിയ്ക്കൊരു മഴപോലെ പെയ്തില്ലാതാവണം!
ധ്വനി :)
Post a Comment
Subscribe to Post Comments [Atom]
<< Home