Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, July 29, 2008

രാമനും ഭരതനും

രാമായണം, മിക്കവാറും വീടുകളിലും, അമ്പലങ്ങളിലും വായിക്കുന്നത് കർക്കടകമാസത്തിലാണ്. വീട്ടിൽ എന്നും വായിക്കുകയും ചെയ്യാം. രാമായണം കർക്കടകത്തിൽ വായിക്കുന്നത് എന്തിനാണെന്നുവെച്ചാൽ മഴക്കാലത്ത് വീട്ടിലിരുന്ന് നല്ല പുസ്തകങ്ങൾ വായിച്ചേക്കാം എന്നു വിചാരിച്ചാവണം. രാമായണത്തിൽ ഒരുപാട് കഥകളുണ്ട്. പ്രത്യേകിച്ചും, കുട്ടികൾക്കൊക്കെ രസകരമായി പറഞ്ഞുകൊടുക്കാൻ. ഹനുമാനേയും കുംഭകർണ്ണനേയും ഒക്കെ വിസ്തരിച്ച് പറഞ്ഞുകൊടുക്കുമ്പോൾ കുട്ടികൾ കുടുകുടെച്ചിരിക്കും. ഇപ്പോഴും കൂടുതൽ ഉറങ്ങുന്നവരെക്കുറിച്ച് പറയുന്നത് കുംഭകർണ്ണസേവ നടത്തുന്നവർ എന്നാണ്. ആകെ മൊത്തമായിട്ട് രാമായണത്തിൽ നിന്നു നമുക്ക് കിട്ടുന്നത് നന്മയുടെ വിജയം ആണ്. തിന്മയെത്ര സർക്കസ്സു കളിച്ചാലും അവസാനം മൂക്കും കുത്തി വീഴും.
സുന്ദരകാണ്ഡം എന്നും വായിക്കുന്നത് നല്ലതാണെന്ന് പറഞ്ഞുതന്നത് കൂട്ടുകാരിയാണ്. അന്നുമുതൽ ഞാൻ ദിവസവും വായിക്കുന്നുണ്ട്. അതുകൊണ്ട് കർക്കടകത്തിൽ എന്റെ വക ഒരു പ്രത്യേകവായന ഇല്ല. സന്ധ്യക്ക് ഹനുമാൻ രാമനെ വന്ദിക്കുന്ന നേരമായതുകൊണ്ട് ആ സമയത്ത് രാമായണം വായിക്കരുതെന്ന് കേട്ടിട്ടുണ്ട്. ഇപ്പോൾ രാവിലെ ടി. വി. ചാനലുകളിലും ഉണ്ട് രാമായണം വായന.

നാലമ്പലം ദർശിക്കാൻ പോകുന്നതും കർക്കടകത്തിൽത്തന്നെ. തൃപ്രയാറമ്പലത്തിൽ ശ്രീരാമനും, മൂഴിക്കുളത്ത് ലക്ഷ്മണനും, പായമ്മൽ എന്ന സ്ഥലത്ത് ശത്രുഘ്നനും, ഇരിങ്ങാലക്കുടയിൽ കൂടൽമാണിക്യത്തിൽ ഭരതനും ഉണ്ട്. ഇവിടെയൊക്കെ ഒരുദിവസം കൊണ്ട് തൊഴുതുപ്രാർഥിക്കണമെന്നാണ്. അടുത്തുള്ളവരുടെ ഭാഗ്യം എന്ന് ഞാൻ
കരുതാറുണ്ട്. അവിടെയൊക്കെ പോയിട്ട് വിശദമായി എഴുതാം ഒരിക്കൽ.

‘ഭക്തിപരവശനായ ഭരതനും
ചിത്തമഴിഞ്ഞു തല്പാദുകദ്വന്ദവും
ശ്രീരാമപാദാരവിന്ദങ്ങളിൽ ചേർത്തു
പാരിൽ വീണാശു നമസ്കരിച്ചീടിനാൻ
‘രാജ്യം ത്വയാ ദത്തമെങ്കൽ പുരാദ്യ ഞാൻ
പൂജ്യനാം നിങ്കൽ സമർപ്പിച്ചിതാദരാൽ
ഇന്നു മജ്ജന്മം സഫലമായ് വന്നിതു
ധന്യനായേനടിയനിന്നു നിർണ്ണയം
ഇന്നു മനോരഥമെല്ലാം സഫലമായ്-
വന്നിതു മൽക്കർമ്മസാഫല്യവും പ്രഭോ!
പണ്ടേതിലിന്നു പതിന്മടങ്ങായുട-
നുണ്ടിഹ രാജഭണ്ഡാരവും ഭൂപതേ!
ആനയും തേരും കുതിരയും പാർത്തുകാ-
ണൂനമില്ലാതെ പതിന്മടങ്ങുണ്ടല്ലോ
നിന്നുടെ കാരുണ്യമുണ്ടാകകൊണ്ടു ഞാ-
നിന്നയോളം രാജ്യമത്ര രക്ഷിച്ചതും
ത്യാജ്യമല്ലൊട്ടും ഭവാനാലിനിത്തവ-
രാജ്യവും ഞങ്ങളേയും ഭുവനത്തെയും
പാലനം ചെയ്ക ഭവാനിനി മറ്റേതു-
മാലംബമില്ല കാരുണ്യവാരിധേ!’

വനവാസം കഴിഞ്ഞ് തിരിച്ചുവന്നിരിക്കുന്ന രാമന്റെ മുന്നിൽ ഭരതൻ രാജ്യഭാരം തിരിച്ചേല്‍പ്പിക്കുകയാണ്. രാമന്റെ പാദുകം വെച്ചുപൂജിച്ചാണ് ഭരതൻ ഇത്രയും നാൾ രാജ്യകാര്യങ്ങൾ നോക്കിയത്. അതും നന്നായിത്തന്നെ. ഇത്രയും നാൾ രാമന്റെ അനുഗ്രഹം കൊണ്ടാണ് രാജ്യകാര്യങ്ങൾ നന്നായി നടത്താൻ കഴിഞ്ഞതെന്നും ഇനി രാജ്യകാര്യങ്ങൾ, രാമൻ നോക്കുകയെന്നും ഭരതൻ പറയുന്നു.

ഭക്തിയും, സ്നേഹവും, ആണ് ഭരതനിൽ കാണാൻ കഴിയുക. അത്യാർത്തിയില്ലായ്മയാണ് ഏറ്റവും വലിയ ഗുണം. അർഹതയില്ലാത്ത സ്ഥാനം പിടിച്ചടക്കാമെന്നു മോഹിക്കാതെ, ഭരതൻ, രാമനുവേണ്ടി കാത്തിരിക്കുന്നു. എന്തെങ്കിലുമൊരു സ്ഥാനം കിട്ടുമ്പോഴേക്കും, സ്വയം കൊമ്പത്തുകയറി, ഞെളിഞ്ഞിരുന്നു ഭരിച്ചുകളയാം എന്ന് കരുതുന്ന മൂഢന്മാർക്കൊരു താക്കീതാണ് ഭരതൻ. ഭരതനെ ഞാൻ നമിക്കുന്നു.

(അദ്ധ്യാത്മരാമായണത്തിൽ നിന്ന് ഈ കർക്കടമാസത്തിൽ)

Labels: ,

9 Comments:

Blogger mmrwrites said...

എന്റെ സുഹ്രുത്തുക്കള്‍ നാലമ്പല ദര്‍ശനത്തിനു പ്ലാനിടുന്നുണ്ട്, അവര്‍ക്ക് ആരൊക്കെ എവിടെയൊക്കെയാണിരിക്കുന്നതെന്നു അറിയില്ലായിരുന്നു, ഇനി പറഞ്ഞു കൊടുത്തേക്കാം.

Tue Jul 29, 11:36:00 PM IST  
Blogger ശിവ said...

നാലമ്പലത്തെക്കുറിച്ചുള്ള അറിവിന് നന്ദി...

Wed Jul 30, 01:00:00 AM IST  
Blogger ശ്രീ said...

അവസരോചിതമായ പോസ്റ്റ്, സൂവേച്ചീ.
:)

Wed Jul 30, 08:46:00 AM IST  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌ said...

ഇവിടെ ഞാന്‍ ഈ വിഷയമൊന്നെഴുതിയതിന്റെ പുകില്‍ മറന്നു പോയോ?

Wed Jul 30, 09:31:00 AM IST  
Blogger സു | Su said...

എം എം ആർ :) സ്വാഗതം. കൂട്ടുകാർ മാത്രമേ പോകുന്നുള്ളൂ?

ശിവ :)

ശ്രീ :)

പണിക്കർജീ :) അത്രയ്ക്ക് വിശദമായൊന്നും ഞാൻ എഴുതിയില്ലല്ലോ.

Wed Jul 30, 12:59:00 PM IST  
Blogger നിരക്ഷരന്‍ said...

കഴിഞ്ഞ വര്‍ഷം ഞാന്‍ ഒരു ദിവസം പോലും വിടാതെ വായിച്ചു. ആദ്യമായി വായിക്കുന്നതിന്റെ കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു. കാലെക്കാലെ ശരിയാകുമെന്ന് കരുതി. പക്ഷെ ഇക്കൊല്ലം വായന തീരെ നടന്നില്ല. അതിന് പകരം കാവാലം ശ്രീകുമാറിന്റെ സീഡി ഇട്ട് കേള്‍ക്കുന്നു.

അടുത്ത കൊല്ലം മുതല്‍ മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകണമെന്നാണ് ആഗ്രഹം. ഭക്തിയൊന്നും കൂടുതലായി ഉണ്ടായില്ലെങ്കിലും അക്ഷരത്തെറ്റില്ലാതെ വായിക്കാന്‍ പറ്റിയാല്‍ മതിയായിരുന്നു.

Wed Jul 30, 07:06:00 PM IST  
Blogger ज्योतिर्मयी ജ്യോതിര്‍മയി said...

സൂ :-)

നിരക്ഷരന് അഭിനന്ദനങ്ങള്‍, ആശംസകള്‍.

അടുത്തകൊല്ലമാവാന്‍ നില്‍ക്കണമെന്നില്ല, ഇപ്പോള്‍ ത്തന്നെ കുറച്ചുകുറച്ചായി വായിച്ചുനോക്കൂ. അടുത്തകര്‍ക്കിടകമാവുമ്പോഴേയ്ക്കും എളുപ്പത്തില്‍‌ വായിക്കാറാവും. കൂടുതല്‍ ഉത്സാഹത്തോടെ വായിക്കാന്‍ സാധിക്കട്ടെ. സ്ഥിരമായിവായിച്ചുനോക്കൂ, ഒരു കാവ്യം എന്ന നിലയ്ക്കു വായിച്ചാലും മതി. പക്ഷേ അതിനെ ശരിയായി അറിഞ്ഞുവിലയിരുത്തണമെങ്കില്‍ കുറച്ചുതവണ വായിക്കേണ്ടിവരും. ഓരോ തവണയും വായിയ്ക്കുമ്പോള്‍ മനസ്സു കൂടുതല്‍ കൂടുതല്‍ തെളിയും എന്നാണു വലിയവര്‍ പറയാറ്.
സസ്നേഹം ജ്യോതിര്‍മയി (വാഗ്‌ജ്യോതി)

Sat Aug 02, 08:08:00 PM IST  
Blogger നിരക്ഷരന്‍ said...

ജ്യോതിര്‍മയീ സഹോദരീ..

ആ ആശംസകള്‍ക്ക് നന്ദി. പറഞ്ഞതുപോലെ ചെയ്യാന്‍ ശ്രമിക്കാം. അന്തമില്ലാത്ത ജീവിതയാത്രയില്‍ രാമായണം കൈയില്‍ ഇല്ലാതെ പോയി ഇപ്രാവശ്യം. അതാണ് വായന മുടങ്ങാനുള്ള കാരണം. കാവാലം ശ്രീകുമാര്‍ ലാപ്പ്ടോപ്പില്‍ ഉണ്ടായിരുന്നതുകൊണ്ട് അതെങ്കിലും കേള്‍ക്കാനാകുന്നു.

നിര്‍ദ്ദേശങ്ങള്‍ക്കെല്ലാം നന്ദി. പറഞ്ഞതുപോലെയെല്ലാം ശ്രമിക്കാം.

എന്തെല്ലാം ആവശ്യമില്ലാത്തെ സാധനങ്ങള്‍ ബാഗില്‍ സ്ഥിരമായി കൊണ്ടുനടക്കുന്നു!! അതിനേക്കാളൊക്കെ ആവശ്യമുള്ള സാധനമായി രാമായണം ഇനി മുതല്‍ സ്ഥിരമായി ബാഗില്‍ കരുതിക്കോളാം.

Sun Aug 03, 09:17:00 AM IST  
Blogger സു | Su said...

നിരക്ഷരൻ :) വായിക്കുന്നതും കേൾക്കുന്നതും നല്ലതുതന്നെ.

ജ്യോതിർമയീ :)

Mon Aug 04, 02:51:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home