Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, August 02, 2021

രാമായണം

 മൂഢന്മാർ ഭവത്തത്ത്വമെങ്ങനെയറിയുന്നു

മൂടിപ്പോകയാൽ മഹാമായമോഹാന്ധകാരേ

രാമഭദ്രായ പരമാത്മനേ നമോ നമ

രാമചന്ദ്രായ ജഗൽസാക്ഷിണേ നമോനമഃ

പാഹിമാം ജഗന്നാഥ! പരമാനന്ദരൂപ!

പാഹിസൗമിത്രിസേവ്യ! പാഹിമാം ദയാനിധേ!


(അദ്ധ്യാത്മരാമായണത്തിൽ നിന്നും ഈ കർക്കടകമാസത്തിൽ)

Labels:

Saturday, August 08, 2020

രാമായണം

നിസ്സാരമെത്രയും സംസാരമോർക്കിലോ

സത്സംഗമൊന്നേ ശുഭകരമായുള്ളു

തത്ര സൌഖ്യം വരുത്തീടുവാൻ നല്ലതു

നിത്യമായുള്ളൊരു ശാന്തിയറിക നീ

ജന്മമുണ്ടാകിൽ മരണവും നിശ്ചയം

ജന്മം മരിച്ചവർക്കും വരും നിർണ്ണയം

ആർക്കും തടുക്കരുതാതോരവസ്ഥയെ-

ന്നോർക്കണമെല്ലാം സ്വകർമ്മവശഗതം

തത്ത്വമറിഞ്ഞുള്ള വിദ്വാനൊരിക്കലും

പുത്രമിത്രാർത്ഥകളത്രാദിവസ്തുനാ-

വേർപെടുന്നേരവും ദുഖഃമില്ലേതുമേ

സ്വോപേതമെന്നാൽ സുഖവുമില്ലേതുമേ.


(അദ്ധ്യാത്മരാമായണത്തിൽ നിന്നും ഈ കർക്കടകമാസത്തിൽ.)

Labels:

Saturday, July 28, 2018

ജടായു സംഗമം

അദ്രിശൃംഗാഭം തത്രപദ്ധതിമദ്ധ്യേ കണ്ടു
പത്രിസത്തമനാകും വൃദ്ധനാം ജടായുഷം
എത്രയും വളർന്നൊരു വിസ്മയം പൂണ്ടു രാമൻ
ബദ്ധരോഷേണ സുമിത്രാത്മജനോടു ചൊന്നാൻ:-
“രക്ഷസാം പ്രവരനീക്കിടക്കുന്നതു മുനി-
ഭക്ഷകനിവനെ നീ കണ്ടതില്ലയോ സഖേ!
വില്ലിങ്ങുതന്നീടു നീ ഭീതിയുമുണ്ടാകൊലാ
കൊല്ലുവനിവനെ ഞാൻ വൈകാതെയിനിപ്പോൾ.”
ലക്ഷ്മണൻ തന്നോടിത്ഥം രാമൻ ചൊന്നതുകേട്ടു
പക്ഷിശ്രേഷ്ഠനും ഭയപീഡിതനായിച്ചൊന്നാൻ:
“വദ്ധ്യനല്ലഹം തവ താതനു ചെറുപ്പത്തി-
ലെത്രയുമിഷ്ടനായ വയസ്യനെന്നറിഞ്ഞാലും
നിന്തിരുവടിക്കും ഞാനിഷ്ടത്തെ ചെയ്തീടുവൻ
ഹന്തവ്യനല്ല ഭവദ്ഭക്തനാം ജടായു ഞാൻ”
എന്നിവ കേട്ടു ബഹുസ്നേഹമുൾക്കൊണ്ടു നാഥൻ
നന്നായാശ്ലേഷം ചെയ്തു നൽകിനാനനുഗ്രഹം
“എങ്കിൽ ഞാനിരിപ്പതിനടുത്തുവസിക്ക നീ
സങ്കടമിനിയൊന്നു കൊണ്ടുമേ നിനക്കില്ല
ശങ്കിച്ചേനല്ലോ നിന്നെ ഞാനതു കഷ്ടം! കഷ്ടം!
കിങ്കരപ്രവരനായ് വാഴുക മേലിൽ ഭവാൻ

Labels: ,

Tuesday, July 18, 2017

രാമായണം

ജാനകീദേവിയോടും കൂടി രാഘവ-
നാനന്ദമുള്‍ക്കൊണ്ടു രാജഭോഗാന്വിതം
അശ്വമേധാദിയാം യാഗങ്ങളും ചെയ്തു
വിശ്വപവിത്രയാം കീര്‍ത്തിയും പൊങ്ങിച്ചു
നിശ്ശേഷസൌഖ്യം വരുത്തി പ്രജകള്‍ക്കു
വിശ്വമെല്ലാം പരിപാലിച്ചരുളിനാന്‍
വൈധവ്യദുഃഖം വനിതമാര്‍ക്കില്ലൊരു
വ്യാധിഭയവുമൊരുത്തര്‍ക്കുമില്ലല്ലോ
സസ്യപരിപൂര്‍ണ്ണയല്ലോ ധരിത്രിയും
ദസ്യുഭയവുമൊരേടത്തുമില്ലല്ലോ
ബാലമരണമകപ്പെടുമാറില്ല
കാലേ വരിഷിക്കുമല്ലോ ഘനങ്ങളും
രാമപൂജാപരന്മാര്‍ നരന്മാര്‍ ഭുവി
രാമനെ ധ്യാനിക്കുമേവരും സന്തതം
വര്‍ണ്ണാശ്രമങ്ങള്‍ തനിക്കുതനിക്കുള്ള-
തൊന്നുമിളക്കം വരുത്തുകയില്ലാരുമേ
എല്ലാവനുമുണ്ടനുകമ്പ മാനസേ
നല്ലതൊഴിഞ്ഞുള്ള ചിന്തയില്ലാര്‍ക്കുമേ
നോക്കുമാറില്ലാരുമേ പരദാരങ്ങ-
ളോര്‍ക്കയുമില്ല പരദ്രവ്യമാരുമേ
ഇന്ദ്രിയനിഗ്രഹമെല്ലാവനുമുണ്ടു
നിന്ദയുമില്ല പരസ്പരമാര്‍ക്കുമേ
നന്ദനന്മാരെപ്പിതാവു രക്ഷിക്കുന്ന-
വണ്ണം പ്രജകളെ രക്ഷിച്ചു രാഘവന്‍
സാകേതവാസികളായ ജനങ്ങള്‍ക്കു
ലോകാന്തരസുഖമെന്തോന്നിതില്‍പ്പരം
വൈകുണ്ഠലോകഭോഗത്തിനു തുല്യമായ്
ശോകമോഹങ്ങളകന്നു മരുവിനാര്‍.

(അദ്ധ്യാത്മരാമായണത്തിൽ നിന്നും ഈ കർക്കടകമാസത്തിൽ)

Labels:

Tuesday, July 26, 2016

രാമായണം

വിശ്വാമിത്രനുമതുകേട്ടരുൾ ചെയ്തീടിനാൻ:
“വിശ്വസിച്ചാലും മമ വാക്യം നീ നരപതേ!
വീരനാം ദശരഥൻ തന്നുടെ പുത്രന്മാരിൽ
ശ്രീരാമൻ ജ്യേഷ്ഠനിവൻ ലക്ഷ്മണൻ മൂന്നാമവൻ
എന്നുടെ യാഗം രക്ഷിച്ചീടുവാനിവരെ ഞാൻ
ചെന്നുകൂട്ടിക്കൊണ്ടു പോന്നീടിനേനിതുകാലം
കാടകം പുക്കനേരം വന്നൊരു നിശാചരി
താടക തന്നെയൊരു ബാണം കൊണ്ടെയ്തു കൊന്നാൻ
പേടിയും തീർന്നു സിദ്ധാശ്രമവും പുക്കു യാഗ-
മാടൽ കൂടാതെ രക്ഷിച്ചീടിനാൻ വഴിപോലെ.

(അദ്ധ്യാത്മരാമായണത്തിൽ നിന്നും ഈ കർക്കടകമാസത്തിൽ.)

Labels:

Sunday, July 26, 2015

രാവണൻ യുദ്ധത്തിനു പുറപ്പെടുന്നു

"ആരെയും പോരിന്നയയ്ക്കുന്നതില്ലിനി
നേരേ പൊരുതു ജയിക്കുന്നതുണ്ടല്ലോ
നമ്മോടു കൂടെയുള്ളോർ പോന്നീടുക
നമ്മുടെ തേരും വരുത്തുകെ”ന്നാനവൻ
വെണ്മതിപോലെ കുടയും പിടിപ്പിച്ചു
പൊന്മയമായൊരു തേരിൽ കരേറിനാൻ.
ആലവട്ടങ്ങളും വെൺചാമരങ്ങളും
നീലത്തഴകളും മുത്തുക്കുടകളും
ആയിരം വാജികളെക്കൊണ്ടു പൂട്ടിയ
വായുവേഗം പൂണ്ട തേരിൽ കരയേറി
മേരുശിഖരങ്ങൾ പോലെ കിരീടങ്ങൾ
ഹാരങ്ങളാദിയാമാഭരണങ്ങളും
പത്തുമുഖവുമിരുപതുകൈകളും
ഹസ്തങ്ങളിൽ ചാപബാണായുധങ്ങളും
നീലാദ്രിപോലെ നിശാചരനായകൻ
കോലാഹലത്തൊടു കൂടെപ്പുറപ്പെട്ടാൻ
ലങ്കയിലുള്ള മഹാരഥന്മാരെല്ലാം
ശങ്കാരഹിതം പുറപ്പെട്ടാരന്നേരം
മക്കളും മന്ത്രികൾ തമ്പിമാരും മരു-
മക്കളും ബന്ധുക്കളും സൈന്യപാലരും
തിക്കിത്തിരക്കി വടക്കുഭാഗത്തുള്ള
മുഖ്യമാം ഗോപുരത്തൂടെ തെരുതെരെ
വിക്രമമേറിയ നക്തഞ്ചരന്മാരെ-
യൊക്കെപ്പുരോഭുവികണ്ടു രഘുവരൻ.

(അദ്ധ്യാത്മരാമായണത്തിൽ നിന്നും ഈ കർക്കടകമാസത്തിൽ.)

Labels:

Thursday, July 17, 2014

രാമായണം




ഭൂമിയിൽ ദിനകരവംശത്തിലയോദ്ധ്യയിൽ
രാമനായ് സർവ്വേശ്വരൻ താൻ വന്നു പിറന്നതും
ആമിഷഭോജികളെ വധിപ്പാനായ്ക്കൊണ്ടു വി-
ശ്വാമിത്രനോടും കൂടെയെഴുന്നള്ളിയ കാലം
ക്രുദ്ധയായടുത്തൊരു ദുഷ്ടയാം താടകയെ
പദ്ധതിമദ്ധ്യേ കൊന്നു സത്വരം സിദ്ധാശ്രമം
ബദ്ധമോദേന പുക്കു യാഗരക്ഷയും ചെയ്തു
സിദ്ധസങ്കല്പനായ കൌശികമുനിയോടും
മൈഥിലരാജ്യത്തിനായ്ക്കൊണ്ടുപോകുന്നനേരം
ഗൌതമപത്നിയായോരഹല്യാശാപം തീർത്തു
പാദപങ്കജം തൊഴുതവളെയനുഗ്രഹി-
ച്ചാദരപൂർവ്വം മിഥിലാപുരമകം പുക്കു
മുപ്പുരവൈരിയുടെ ചാപവും മുറിച്ചുടൻ
മൽ‌പ്രാണിഗ്രഹണവും ചെയ്തു പോരുന്നനേരം
മല്പുക്കു തടുത്തൊരു ഭാർഗ്ഗവരാമൻ തന്റെ
ദർപ്പവുമടക്കി വൻപോടയോദ്ധയും പുക്കു
ദ്വാദശ സംവത്സരമിരുന്നു സുഖത്തോടെ
താതനുമഭിഷേകത്തിന്നാരംഭിച്ചാനതു
മാതാവു കൈകേയിയും മുടക്കിയതുമൂലം
ഭ്രാതാവാകിയ സുമിത്രാത്മജനോടും കൂടെ
ചിത്രകൂടം പ്രാപിച്ചു വസിച്ച കാലം താതൻ
വൃത്രാരിപുരം പുക്ക വൃത്താന്തം കേട്ടശേഷം
ചിത്തശോകത്തോടുദകക്രിയാദികൾ ചെയ്തു
ഭക്തനാം ഭരതനെയയച്ചു രാജ്യത്തിനായ്
ദണ്ഡകാരണ്യം പുക്ക കാലത്തു വിരാധനെ
ഖണ്ഡിച്ചു കുംഭോത്ഭവനാമഗസ്ത്യനെക്കണ്ടു
പണ്ഡിതന്മാരാം മുനിമാരോടു സത്യം ചെയ്തു
ദണ്ഡമെന്നിയേ രക്ഷോവംശത്തെയൊടുക്കുവാൻ
പുക്കിതു പഞ്ചവടി തത്ര വാണീടും കാലം
പുഷ്കരശരപരവശയായ് വന്നാളല്ലോ
രക്ഷോനായകനുടെ സോദരി ശൂർപ്പണഖ
ലക്ഷ്മണനവളുടെ നാസികാച്ഛേദം ചെയ്തു
ഉന്നതനായ ഖരൻ കോപിച്ചു യുദ്ധത്തിനായ്
വന്നിതു പതിന്നാലു സഹസ്രം പടയൊടും
കൊന്നിതു മൂന്നേമുക്കാൽ നാഴിക കൊണ്ടുതന്നെ
പിന്നെ ശൂർപ്പണഖ പോയ് രാവണനോടു ചൊന്നാൾ
മായയാ പൊന്മാനായ് വന്നോരു മാരീചൻ തന്നെ
സായകം പ്രയോഗിച്ചു സദ്ഗതി കൊടുത്തപ്പോൾ
മായാസീതയെക്കൊണ്ടു രാവണൻ പോയശേഷം
മായാമാനുഷൻ ജടായുസ്സിനു മോക്ഷം നൽകി
രാക്ഷസവേഷം പൂണ്ട കബന്ധൻ തന്നെക്കൊന്നു
മോക്ഷവും കൊടുത്തുപോയ് ശബരിതന്നെക്കണ്ടു
മോക്ഷദനവളുടെ പൂജയും കൈക്കൊണ്ടഥ
മോക്ഷദാനവും ചെയ്തു പുക്കിതു പമ്പാതീരം
തത്ര കണ്ടിതു നിന്നെപ്പിന്നെ നിന്നോടുകൂടി
മിത്രനന്ദനനായ സുഗ്രീവൻ തന്നെക്കണ്ടു
മിത്രമായിരിപ്പൂതെന്നന്ന്യോന്യം സഖ്യം ചെയ്തു
വൃത്രാരിപുത്രനായ ബാലിയെ വധം ചെയ്തു
സീതാന്വേഷണം ചെയ്തു ദക്ഷിണജലധിയിൽ
സേതുബന്ധനം ലങ്കാമർദ്ദനം പിന്നെശ്ശേഷം
പുത്രമിത്രാമാത്യഭൃത്യാദികളോടും കൂടി
യുദ്ധസന്നദ്ധനായ ശത്രുവാം ദശാസ്യനെ
ശസ്ത്രേണവധം ചെയ്തു രക്ഷിച്ചുലോകത്രയം
ഭക്തനാം വിഭീഷണന്നഭിഷേകവും ചെയ്തു
പാവകൻ തങ്കൽ മറഞ്ഞിരുന്നോരെന്നെപ്പിന്നെ
പാവനയെന്നു ലോകസമ്മതമാക്കിക്കൊണ്ടു
പാവകനോടു വാങ്ങിപ്പുഷ്പകം കരയേറി
ദേവകളോടുമനുവാദംകൊണ്ടയോദ്ധ്യയാം
രാജ്യത്തിന്നഭിഷേകം ചെയ്തു ദേവാദികളാൽ
പൂജ്യനായിരുന്നരുളീടിനാൻ ജഗന്നാഥൻ.


(അദ്ധ്യാത്മരാമായണത്തിൽ നിന്നും ഈ കർക്കിടകമാസത്തിൽ)

Labels:

Friday, July 26, 2013

ശബരി ശ്രീരാമനോടു പറയുന്നു

ശബരിയുടെ അടുത്തെത്തിയ രാമനേയും ലക്ഷ്മണനേയും ശബരി ഭക്തിയോടെ തൊഴുതു പ്രാർത്ഥിച്ചു.  ശബരി, ശ്രീരാമൻ ശാപമോക്ഷം കൊടുക്കുന്നതും കാത്ത് ഇരിക്കുകയായിരുന്നു. ശ്രീരാമൻ, സീതയെക്കുറിച്ച് ശബരിയോടു ചോദിക്കുന്നു.

ജാനകീ മാർഗ്ഗമറിഞ്ഞീടിൽ നീ പറയണം
കേന വാ നീതാ! സീതാ മല്പ്രിയാ മനോഹരി?

രാഘവവാക്യമേവം കേട്ടൊരു ശബരിയു-
മാകുലമകലുമാറാദരാലുരചെയ്താൾ:
“സർവവുമറിഞ്ഞിരിക്കുന്ന നിന്തിരുവടി
സർവജ്ഞനെന്നാകിലും ലോകാനുസരണാർത്ഥം
ചോദിച്ചമൂലം പറഞ്ഞീടുവൻ സീതാദേവി
ഖേദിച്ചു ലങ്കാപുരി തന്നിൽ വാഴുന്നൂ നൂനം
കൊണ്ടുപോയതു ദശകണ്ഠനെന്നറിഞ്ഞാലും
കണ്ടിതു ദിവ്യദൃശാ തണ്ടലർമകളെ ഞാൻ
മുമ്പിലാമ്മാറുകുറഞ്ഞോന്നുതെക്കോട്ടുചെന്നാൽ
പമ്പയാം സരസ്സിനെക്കാണാം തൽ‌പുരോഭാഗേ
പശ്യ പർവതവരമൃശ്യമൂകാഖ്യം തത്ര-
വിശ്വസിച്ചിരിക്കുന്നു സുഗ്രീവൻ കപിശ്രേഷ്ഠൻ
ബാലിയെപ്പേടിച്ചു സങ്കേതമായനുദിനം
ബാലിക്കും മുനിശാപം പേടിച്ചു ചെന്നുകൂടാ
നാലു മന്ത്രികളോടും കൂടെ മാർത്താണ്ഡാത്മജൻ
പാലനം ചെയ്ക ഭവാനവനെ വഴിപോലെ
സഖ്യവും ചെയ്തുകൊൾക സുഗ്രീവൻ തന്നോടെന്നാൽ
ദുഃഖങ്ങളെല്ലാം തീർന്നു കാര്യവും സാധിച്ചീടും.”

സീത ലങ്കയിലുണ്ടെന്നും, കൊണ്ടുപോയതു രാവണനാണെന്നും, ഋശ്യമൂകമെന്ന പർവ്വതത്തിൽ സുഗ്രീവൻ താമസിക്കുന്നുണ്ടെന്നും, സുഗ്രീവൻ, സഹോദരനായ ബാലിയെപ്പേടിച്ചാണ് അവിടെ കഴിയുന്നതെന്നും, സുഗ്രീവന്റെ സഹായം തേടാവുന്നതാണെന്നും ശബരി പറയുന്നു.

(അദ്ധ്യാത്മരാമായണത്തിൽ നിന്നും... ഈ കർക്കടകമാസത്തിൽ.)

Labels: ,

Sunday, August 05, 2012

ലങ്കാവിവരണം

“ലങ്കാപുരത്തിങ്കലുള്ള വൃത്താന്തങ്ങള്‍
ശങ്കാവിഹീനമെന്നോടറിയിക്ക നീ
കോട്ടമതില്‍ കിടങ്ങെന്നിവയൊക്കവേ
കാട്ടിത്തരികവേണം വചസാ ഭവാന്‍” 

എന്നതുകേട്ടു തൊഴുതു വാതാത്മജന്‍
നന്നായ് തെളിഞ്ഞുണര്‍ത്തിച്ചരുളീടിനാന്‍!
“മദ്ധ്യേസമുദ്രം ത്രികൂടാചലം വള-
ര്‍ന്നത്യുന്നമതില്‍ മൂര്‍ദ്ധനി ലങ്കാപുരം
പ്രാണഭയമില്ലയാത ജനങ്ങള്‍ക്കു-
കാണാം കനകവിമാനസമാനമായ്
വിസ്താരമുണ്ടങ്ങെഴുനൂറുയോജന-
പുത്തന്‍ കനകമതിലതിന്‍ ചുറ്റുമേ
ഗോപുരം നാലുദിക്കിങ്കലുമുണ്ടതി-
ശോഭിതമായതിനേഴു നിലകളും
അങ്ങനെതന്നെയതിനുള്ളിലുള്ളിലായ്-
പൊങ്ങും മതിലുകളേഴുണ്ടൊരുപോലെ
ഏഴിനും നന്നാലുഗോപുരപംക്തിയും
ചൂഴവുമായിരുപത്തെട്ടു ഗോപുരം
എല്ലാറ്റിനും കിടങ്ങുണ്ടത്യഗാധമായ്
ചെല്ലുവാന്‍ വേലയാന്ത്രപ്പാലപംക്തിയാല്‍
അണ്ടര്‍കോന്‍ ദിക്കിലെഗ്ഗോപുരം കാപ്പതി-
നുണ്ടു നിശാചരന്മാര്‍ പതിനായിരം
ദക്ഷിണഗോപുരം രക്ഷിച്ചുനില്‍ക്കുന്ന
രക്ഷോവരരുണ്ടു നൂറായിരം സദാ.
ശക്തരായ് പശ്ചിമഗോപുരം കാക്കുന്ന-
നക്തഞ്ചരരുണ്ടു പത്തുനൂറായിരം
ഉത്തരഗോപുരം കാത്തുനില്‍പ്പാനതി-
ശക്തരായുണ്ടൊരു കോടി നിശാചരര്‍
ദിക്കുകള്‍ നാലിലുമുള്ളതിലര്‍ദ്ധമു-
ഉണ്ടുഗ്രതയോടു നടുവു കാത്തീടുവാന്‍
അന്തഃപുരം കാപ്പതിന്നുമുണ്ടത്ര പേര്‍
മന്ത്രശാലയ്ക്കുണ്ടതിലിരട്ടിജ്ജനം
ഹാടകനിര്‍മ്മിതഭോജനശാലയും
നാടകശാല നടപ്പന്തല്‍ പിന്നെയും
മജ്ജനശാലയും മദ്യപാനത്തിനു-
നിര്‍ജ്ജനമായുള്ള നിര്‍മ്മലശാലയും
ലങ്കാവിരചിതാലങ്കാരഭേദമാ-
തങ്കാപഹം പറയാവല്ലനന്തനും
തല്‍പ്പുരം തന്നില്‍ നീളെത്തിരഞ്ഞേനഹം
മല്‍പ്പിതാവിന്‍ നിയോഗേന ചെന്നേന്‍ ബലാല്‍
പുഷ്പിതോദ്യാനദേശേ മനോമോഹനേ
പത്മജാദേവിയേയും കണ്ടുകൂപ്പിനേന്‍.

(അദ്ധ്യാത്മരാമായണത്തിൽ നിന്നും ഈ കർക്കടകമാസത്തിൽ)

Labels: , ,

Wednesday, July 20, 2011

ഹനുമാൻ സീതയെ കാണുന്നു

ഉദകനിധി നടുവിൽ മരുവും ത്രികൂടാദ്രിമേ-
ലുല്ലംഘിതേബ്ധൌ പവനാത്മജന്മനാ
ജനക നരപതി വരമകൾക്കും ദശാസ്യനും
ചെമ്മേ വിറച്ചിതു വാമഭാഗം തുലോം
ജനക നരപതി ദുഹൃതിവരനു ദക്ഷാംഗവും
ജാതനെന്നാകിൽ വരും സുഖദുഃഖവും
തദനു കപികുലപതി കടന്നിതു ലങ്കയിൽ
താനതി സൂക്ഷ്മശരീരനായ് രാത്രിയിൽ
ഉദിത രവികിരണരുചി പൂണ്ടൊരു ലങ്കയി-
ലൊക്കെത്തിരഞ്ഞാനൊരേടമൊഴിയാതെ
ദശവദന മണിനിലയമായിരിക്കും മമ
ദേവിയിരിപ്പേടമെന്നോർത്തു മാരുതി
കനകമണി നികരവിരചിത പുരിയിലെങ്ങുമേ
കാണാഞ്ഞു ലങ്കാവചനമോർത്തീടിനാൻ
ഉടമയൊടുമസുരപുരി കനിവിനൊടു ചൊല്ലിയോ-
രുദ്യാനദേശേ തിരഞ്ഞു തുടങ്ങിനാൻ
ഉപവനവുമമൃതസമസലിലയുതവാപിയു-
മുത്തുംഗ സൌധങ്ങളും ഗോപുരങ്ങളും
സഹജ സുത സചിവ ബലപതികൾ ഭവനങ്ങളും
സൌവർണ്ണ സാലധ്വജ പതാകങ്ങളും
ദശവദന മണിഭവനശോഭ കാണും വിധൌ
ദിക്പാലമന്ദിരം ധിക്കൃതമായ്‌വരും
കനകമണിരചിത ഭവനങ്ങളിലെങ്ങുമേ
കാണാഞ്ഞു പിന്നെയും നീളെ നോക്കും വിധൌ
കുസുമചയ സുരഭിയൊടു പവനനതിഗൂഢമായ്
കൂടെത്തടഞ്ഞു കൂട്ടിക്കൊണ്ടു പോയുടൻ
ഉപവനവുമുരുതരതരു പ്രവരങ്ങളു-
മുന്നതമായുള്ള ശിംശപാവൃക്ഷവും
അതിനികടമഖില ജഗദീശ്വരി തന്നെയു-
മാശുഗനാശു കാട്ടിക്കൊടുത്തീടിനാൻ
മലിനതര ചികുരവസനം പൂണ്ടു ദീനയായ്
മൈഥിലി താൻ കൃശഗാത്രിയായെത്രയും
ഭയ വിവശമവനിയിലുരുണ്ടും സദാഹൃദി
ഭർത്താവുതന്നെ നിനച്ചു നിനച്ചലം
നയന ജലമനവരതമൊഴുകിയൊഴുകിപ്പതി-
നാമത്തെ രാമ രാമേതി ജപിക്കയും
നിശിചരികൾ നടുവിലഴലൊടു മരുവുമീശ്വരി
നിത്യസ്വരൂപിണിയെക്കണ്ടു മാരുതി
വിടപിവരശിരസി നിബിഡച്ഛദാന്തർഗ്ഗതൻ
വിസ്മയം പൂണ്ടു മറഞ്ഞിരുന്നീടിനാൻ
ദിവസകരകുലപതി രഘൂത്തമൻ തന്നുടെ
ദേവിയാം സീതയെക്കണ്ടു കപിവരൻ
കമലമകളഖില ജഗദീശ്വരി തന്നുടൽ
കണ്ടേൻ കൃതാർത്ഥോസ്മ്യഹം കൃതാർത്ഥ്യോസ്മ്യഹം
ദിവസകരകുലപതി രഘൂത്തമൻ കാര്യവും
ദീനതയെന്നിയേ സാധിച്ചിതിന്നു ഞാൻ.

ദശരഥനു നാലു പുത്രന്മാർ - രാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ. രാമൻ, ജനകരാജാവിന്റെ പുത്രി സീതയെ വിവാഹം കഴിക്കുന്നു. രാമനെ അയോദ്ധ്യയുടെ രാജാവായി വാഴിക്കാൻ ദശരഥൻ തീരുമാനിക്കുന്നത് ഭരതന്റെ അമ്മയായ കൈകേയിക്ക് ഇഷ്ടമാകുന്നില്ല. കൈകേയി, തനിക്കു കിട്ടാനുണ്ടായിരുന്ന വരങ്ങൾ ആവശ്യപ്പെടുന്നു. രാമനെ കാട്ടിലേക്ക് പറഞ്ഞയക്കാൻ ദശരഥനോടു പറയുന്നു. കാട്ടിലേക്ക് രാമനും സീതയ്ക്കുമൊപ്പം ലക്ഷ്മണനും പോകുന്നു. കാട്ടിൽ താമസിക്കുമ്പോൾ, ലങ്കാരാജാവ് രാവണൻ സീതയെ
തട്ടിക്കൊണ്ടുപോകുന്നു. സീതയെത്തിരഞ്ഞ് രാമനും ലക്ഷ്മണനും സുഗ്രീവന്റെ രാജ്യത്ത് എത്തുന്നു. അവിടെനിന്ന്, സീതയെ കണ്ടുപിടിക്കാൻ, വാനരവീരനായ ഹനുമാൻ പുറപ്പെടുന്നു. ലങ്കയിലെത്തിയശേഷം കൊട്ടാരത്തിലൊക്കെ സീതയെ അന്വേഷിച്ചുനടക്കുന്ന ഭാഗമാണിത്. ഒടുവിൽ, സീതയെ വൃക്ഷച്ചുവട്ടിൽ കണ്ടെത്തുന്നു.

(അദ്ധ്യാത്മരാമായണത്തിൽ നിന്നും ഈ കർക്കടകമാസത്തിൽ)

Labels: , , ,

Monday, July 26, 2010

സീതാരാമവിവാഹം

“വില്ലെടുക്കാമോ കുലച്ചീടാമോ വലിക്കാമോ?
ചൊല്ലുകെ”ന്നതു കേട്ടു ചൊല്ലിനാൻ വിശ്വാമിത്രൻ
“എല്ലാമാമാകുന്നതു ചെയ്താലും മടിക്കേണ്ട
കല്യാണമിതുമൂലം വന്നുകൂടുമല്ലോ”
മന്ദഹാസവും പൂണ്ടു രാഘവനതുകേട്ടു
മന്ദമന്ദം പോയ്ചെന്നു നിന്നുകണ്ടിതു ചാപം
ജ്വലിച്ചതേജസ്സോടുമെടുത്തു വേഗത്തോടെ
കുലച്ചു വലിച്ചുടൻ മുറിച്ചു ജിതശ്രമം
നിന്നരുളുന്ന നേരമീരേഴുലോകങ്ങളു-
മൊന്നു മാറ്റൊലിക്കൊണ്ടു വിസ്മയപ്പെട്ടു ജനം.
പാട്ടുമാട്ടവും കൂത്തും പുഷ്പവൃഷ്ടിയുമോരോ
കൂട്ടമേവാദ്യങ്ങളും മംഗലസ്തുതികളും
ദേവകളൊക്കെപ്പരമാനന്ദം പൂണ്ടു ദേവ-
ദേവനെ സ്തുതിക്കയുമപ്സരസ്ത്രീകളെല്ലാം
ഉത്സാഹം കൈക്കൊണ്ടു വിശ്വേശ്വരനുടെ വിവാ-
ഹോത്സവാരംഭാഘോഷം കണ്ടു കൗതുകം പൂണ്ടാർ
ജനകൻ ജഗത്സ്വാമിയാകിയ ഭഗവാനെ
ജനസംസദിഗാഢാശ്ലേഷവും ചെയ്താനല്ലോ
ഇടിവെട്ടീടുംവണ്ണം വിൽമുറിഞ്ഞൊച്ചകേട്ടു
നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ
മൈഥിലി മയില്‍പ്പേടപോലെ സന്തോഷം പൂണ്ടാൾ
കൗതുകമുണ്ടായ്‌വന്നു ചേതസികൗശികനും
മൈഥിലി തന്നെപ്പരിചാരികമാരും നിജ
മാതാക്കന്മാരും കൂടിനന്നായിച്ചമയിച്ചാ‍ർ
സ്വർണ്ണവർണ്ണത്തെപ്പൂണ്ട മൈഥിലി മനോഹരി
സ്വർണ്ണഭൂഷണങ്ങളുമണിഞ്ഞു ശോഭയോടെ
സ്വർണ്ണമാലയും ധരിച്ചാദരാൽ മന്ദമന്ദ-
മർണ്ണോജനേത്രൻ മുമ്പിൽ സത്രപം വിനീതയായ്
വന്നുടൻ നേത്രോല്പലമാലയുമിട്ടാൾ മുന്നേ
പിന്നാലെ വരണാർത്ഥ മാലയുമിട്ടീടിനാൾ
മാലയും ധരിച്ചു നീലോല്പല കാന്തിതേടും
ബാലകൻ ശ്രീരാമനുമേറ്റം വിളങ്ങിനാൻ
ഭൂമിനന്ദനയ്ക്കനുരൂപനായ് ശോഭിച്ചീടും
ഭൂമിപാലക ബാലൻ തന്നെക്കണ്ടവർകളും
ആനന്ദാംബുധി തന്നിൽ വീണുടൻ മുഴുകിനാർ
മാനവവീരൻ വാഴ്കെന്നാശിയും ചൊല്ലീടിനാർ.


ശ്രീരാമനേയും സീതയേയും ഞാൻ വണങ്ങുന്നു.

(അദ്ധ്യാത്മരാമായണത്തിൽ നിന്നും ഈ രാമായണമാസത്തിൽ.)

Labels: , , ,

Wednesday, August 05, 2009

വിഭീഷണൻ

"നന്നല്ലസജ്ജനത്തോടു വൈരംവൃഥാ
തന്വംഗിതന്നെക്കൊടുക്ക മടിയാതെ
നഷ്ടമതികളായീടുമമാത്യന്മാ-
രിഷ്ടം പറഞ്ഞുകൊല്ലിക്കുമതോർക്ക നീ
കാലപുരം ഗമിയാതിരിക്കേണ്ടുകിൽ
കാലം വൈകാതെ കൊടുക്ക വൈദേഹിയെ
ദുർബലനായുള്ളവൻ പ്രബലൻ തന്നൊ-
ടുൾപ്പൂവിൽമത്സരം വച്ചു തുടങ്ങിയാൽ
പില്പാടു നാടും നഗരവും സേനയും
തൽ‌പ്രാണനും നശിച്ചീടുമരക്ഷണാൽ
ഇഷ്ടം പറയുന്ന ബന്ധുക്കളാരുമേ
കഷ്ടകാലത്തിങ്കലില്ലെന്നു നിർണ്ണയം.
തന്നുടെ ദുർന്നയം കൊണ്ടുവരുന്നതി-
നിന്നുനാമാളല്ലപോകെന്നു വേർപെട്ടു
ചെന്നുസേവിക്കും പ്രബലനെ ബന്ധുക്ക-
ളന്നേരമോർത്താൽ ഫലമില്ല മന്നവ!
രാമശരമേറ്റു മൃത്യുവരുന്നേര-
മാമയമുള്ളിലെനിക്കുണ്ടതുകൊണ്ടു
നേരേ പറഞ്ഞുതരുന്നതു ഞാനിനി-
ത്താരാർമകളെക്കൊടുക്ക വൈകീടാതെ.
യുദ്ധമേറ്റുള്ള പടയും നശിച്ചുട-
നർത്ഥവുമെല്ലാമൊടുങ്ങിയാൽ മാനസേ
മാനിനിയെക്കൊടുക്കാമെന്നു തോന്നിയാൽ
സ്ഥാനവുമില്ല കൊടുപ്പതിനോർക്ക നീ
മുമ്പിലേയുള്ളിൽ വിചാരിച്ചുകൊള്ളണം
വൻപനോടേറ്റാൽ വരും ഫലമേവനും
ശ്രീരാമനോടു കലഹം തുടങ്ങിയാ-
ലാരും ശരണമില്ലെന്നതറിയണം
പങ്കജനേത്രനെസ്സേവിച്ചുവാഴുന്നു
ശങ്കരനാദികളെന്നതുമോർക്ക നീ
രാക്ഷസരാജ! ജയിക്ക ജയിക്ക നീ
സാക്ഷാൽ മഹേശ്വരനോടു പിണങ്ങൊലാ
കൊണ്ടൽനേർവർണ്ണനു ജാനകീദേവിയെ-
ക്കൊണ്ടുക്കൊടുത്തു സുഖിച്ചു വസിക്ക നീ
സംശയമെന്നിയേ നൽകുക ദേവിയെ
വംശം മുടിച്ചു കളയായ്ക വേണമേ.”


രാവണന്റെ സഹോദരനായ വിഭീഷണൻ, രാവണനോടു പറയുന്നത്, രാമൻ ദൈവത്തിന്റെ അവതാരമാണെന്നും, പല ദുഷ്ടന്മാരെയും നിഗ്രഹിച്ച്, ഇപ്പോൾ ദശരഥപുത്രനായിട്ട് പിറന്നത്, രാവണനെ കൊല്ലുവാൻ വേണ്ടിയിട്ടാണെന്നുമാണ്. വാശിയും വീറും പറഞ്ഞ് യുദ്ധത്തിനൊരുങ്ങിയാൽ, ഇപ്പോൾ കൂടെ നിൽക്കുന്നവരൊന്നും കൂടെയുണ്ടാവില്ലെന്നും വിഭീഷണൻ പറയുന്നു. സീതയെ തട്ടിക്കൊണ്ടുപോന്നത്, മോശം കാര്യമാണെന്നും സീതയെ തിരികെക്കൊണ്ടുക്കൊടുത്ത് മാപ്പ് പറയുന്നതാണ് ഉചിതമെന്നും, യുദ്ധം ചെയ്ത് വംശം ഒടുക്കിക്കളയരുതെന്നും പറയുന്നു. യുദ്ധം ചെയ്ത് ഒക്കെ നശിച്ചിട്ട് പിന്നെ, എന്തെങ്കിലും ചെയ്യാമായിരുന്നു എന്നോർത്തിട്ട് കാര്യമുണ്ടാവില്ലെന്നും വിഭീഷണൻ രാവണനോട് പറയുന്നു. രാമന്റെ ഭാഗം പറയുകയാണെങ്കിൽ വേഗം രാമന്റെ അടുത്തേക്ക് പൊയ്ക്കോ എന്ന് രാവണൻ വിഭീഷണനോട് പറയുന്നുണ്ട്. സഹോദരന്റെ കൂടെ നിൽക്കുന്നതിനുപകരം രാമനോടൊപ്പം വിഭീഷണൻ നിൽക്കാൻ തീരുമാനിക്കുന്നത്, സഹോദരനോടുള്ള അനിഷ്ടം കൊണ്ടോ, രാമനെ പേടിയുള്ളതുകൊണ്ടോ അല്ല. രാവണൻ, സീതയെ കട്ടുകൊണ്ടുവന്ന് ലങ്കയിൽ താമസിപ്പിച്ചത് ഉചിതമായിട്ടുള്ള കാര്യമല്ലെന്നും, നീതിയുടേയും നന്മയുടേയും പക്ഷത്ത് നിൽക്കുന്നതാണ് നല്ലതെന്നും തീരുമാനിക്കുന്നതുകൊണ്ടാണ്. വിഭീഷണനെ ഞാൻ വണങ്ങുന്നു.


(അദ്ധ്യാത്മരാമായണത്തിൽ നിന്നും ഈ കർക്കടകമാസത്തിൽ)

Labels: , , , , ,

Thursday, July 16, 2009

സീതയെക്കുറിച്ച് അല്പം

--വണ്ണമിരിക്കവേ യാഗാർത്ഥം ഭൂമി തന്നെ
കീറുമ്പോളതിലുണ്ടായ് ദിവ്യയായൊരു കന്യാ.
സിതയിൽനിന്നുമവൾ ജനിക്കനിമിത്തമായ്
സീതയെന്നവൾക്കൊരു പേരുമുണ്ടായി വന്നു
സിതയായതു കൊഴുകൊണ്ടു കീറിന ചാലിൽ
പേരിതായെന്നതറിഞ്ഞീടണമെല്ലാവരും.

(വാല്‍മീകി രാമായണം - കേരളഭാഷാഗാനത്തില്‍ നിന്ന്. ഭാഷാന്തരം- കേരളവര്‍മ്മ തമ്പുരാന്‍ തിരുമനസ്സ്)

ഭൂമി കീറുമ്പോളുണ്ടായ കന്യകയ്ക്ക് സീത എന്ന പേരിട്ടു. സീത എന്നു പേരു വരാൻ കാരണം സിതയിൽ നിന്നുണ്ടായവൾ എന്ന അർത്ഥത്തിലാണ്. സിത എന്നാൽ ഉഴവുചാൽ എന്നർത്ഥം.

സീതയെ രാമൻ വന്ന് വില്ലുകുലച്ച് സ്വന്തമാക്കി. അയോദ്ധ്യയിൽ കൊണ്ടുപോയി. രാമന് കാട്ടിൽ പോകേണ്ടിവന്നു. സീതയും കൂടെപ്പോയി. രാവണൻ കട്ടുകൊണ്ടുപോയി. പിന്നെ രാമൻ, യുദ്ധം ചെയ്ത് തിരികെക്കൊണ്ടുവന്നു. അലക്കുകാരന്റെ വാക്ക് കേട്ട് സീതയെ സംശയിച്ച് ഉപേക്ഷിച്ചു. അതിലൊരു കഥയുണ്ട്. സീത മിഥിലയിൽ ജനകന്റെ മകളായി വളർന്നു. ഒരിക്കൽ രണ്ടു തത്തകൾ - ഒരാണും പെണ്ണും- സംസാരിക്കുന്നത് സീത കേട്ടു. ശ്രീരാമൻ സീതയെ കല്യാണം കഴിക്കും എന്നാണ് അവർ പറഞ്ഞുകൊണ്ടിരുന്നത്. സീത തത്തകളെ പിടിച്ചുകൊണ്ടുവരാൻ പറഞ്ഞു. കിട്ടിയപ്പോൾ, തത്തകളോട് ഇക്കഥകളൊക്കെ എങ്ങനെ അറിഞ്ഞു എന്നു ചോദിച്ചപ്പോൾ വാൽമീകിമഹർഷിയുടെ ആശ്രമത്തിനടുത്താണ് താമസിക്കുന്നതെന്നും അദ്ദേഹം ശിഷ്യന്മാർക്കു പറഞ്ഞുകൊടുക്കുന്നതു കേട്ടു മനസ്സിലാക്കിയതാണെന്നും തത്തകൾ പറഞ്ഞു. അതു കഴിഞ്ഞ് തങ്ങളെ വിടാൻ പറഞ്ഞപ്പോൾ സീത ആണിനെ മാത്രം വിടും. ഗർഭിണിയായ തന്റെ ഭാര്യയെ വിടാൻ വേണ്ടി ആൺ‌തത്ത, അപേക്ഷിക്കും. പക്ഷേ ശ്രീരാമൻ വന്നിട്ടേ വിടൂ എന്ന നിലപാടിലായിരുന്നു സീത. അപ്പോ പെൺ‌തത്ത, ഗർഭിണിയായിരിക്കുമ്പോൾ എന്നെ ഭർത്താവിൽ നിന്ന് അകറ്റിയതുകൊണ്ട്, നീയും ഗർഭിണിയായിരിക്കുമ്പോൾ, ഭർത്താവിൽനിന്ന് അകന്നുനിൽക്കാനിടയാവട്ടെ എന്ന് സീതയെ, ശപിക്കും. എന്നിട്ട് പെൺ‌തത്ത മരിച്ചുപോകും. ശ്രീരാമന്റെ നാട്ടിൽ ജനിക്കുമെന്നും എന്റെ വാക്കുകേട്ട് ശ്രീരാമൻ സീതയെ ഉപേക്ഷിക്കാനിടവരട്ടെ എന്നും പറഞ്ഞ് ആൺ തത്ത സങ്കടത്തിൽ, ഗംഗയിൽ മുങ്ങിച്ചാവും. ആ ആൺ തത്തയാണ് അലക്കുകാരനായിട്ട് പിന്നീട് ജനിക്കുന്നത്.

(കടപ്പാട് :- പുരാണകഥാമാലിക - മാലി)

സീതയ്ക്ക് രണ്ടു പുത്രന്മാരുണ്ടാകുന്നു. ലവനും കുശനും. അവർ ഒരിക്കൽ അയോദ്ധ്യാരാജ്യത്ത് എത്തുകയും, രാമൻ അവരെ തിരിച്ചറിയുകയും ചെയ്യും. എന്നിട്ട് സീതയും വരും. സീതയെ എല്ലാവരും അംഗീകരിക്കുകയും ചെയ്യും. പക്ഷെ, സീതയ്ക്ക് സങ്കടമാവുകയും, ഭൂമി പിളർന്നുവന്ന് സീത അതിലേക്ക് പോവുകയും ചെയ്യും.

Labels: , ,

Tuesday, July 29, 2008

രാമനും ഭരതനും

രാമായണം, മിക്കവാറും വീടുകളിലും, അമ്പലങ്ങളിലും വായിക്കുന്നത് കർക്കടകമാസത്തിലാണ്. വീട്ടിൽ എന്നും വായിക്കുകയും ചെയ്യാം. രാമായണം കർക്കടകത്തിൽ വായിക്കുന്നത് എന്തിനാണെന്നുവെച്ചാൽ മഴക്കാലത്ത് വീട്ടിലിരുന്ന് നല്ല പുസ്തകങ്ങൾ വായിച്ചേക്കാം എന്നു വിചാരിച്ചാവണം. രാമായണത്തിൽ ഒരുപാട് കഥകളുണ്ട്. പ്രത്യേകിച്ചും, കുട്ടികൾക്കൊക്കെ രസകരമായി പറഞ്ഞുകൊടുക്കാൻ. ഹനുമാനേയും കുംഭകർണ്ണനേയും ഒക്കെ വിസ്തരിച്ച് പറഞ്ഞുകൊടുക്കുമ്പോൾ കുട്ടികൾ കുടുകുടെച്ചിരിക്കും. ഇപ്പോഴും കൂടുതൽ ഉറങ്ങുന്നവരെക്കുറിച്ച് പറയുന്നത് കുംഭകർണ്ണസേവ നടത്തുന്നവർ എന്നാണ്. ആകെ മൊത്തമായിട്ട് രാമായണത്തിൽ നിന്നു നമുക്ക് കിട്ടുന്നത് നന്മയുടെ വിജയം ആണ്. തിന്മയെത്ര സർക്കസ്സു കളിച്ചാലും അവസാനം മൂക്കും കുത്തി വീഴും.
സുന്ദരകാണ്ഡം എന്നും വായിക്കുന്നത് നല്ലതാണെന്ന് പറഞ്ഞുതന്നത് കൂട്ടുകാരിയാണ്. അന്നുമുതൽ ഞാൻ ദിവസവും വായിക്കുന്നുണ്ട്. അതുകൊണ്ട് കർക്കടകത്തിൽ എന്റെ വക ഒരു പ്രത്യേകവായന ഇല്ല. സന്ധ്യക്ക് ഹനുമാൻ രാമനെ വന്ദിക്കുന്ന നേരമായതുകൊണ്ട് ആ സമയത്ത് രാമായണം വായിക്കരുതെന്ന് കേട്ടിട്ടുണ്ട്. ഇപ്പോൾ രാവിലെ ടി. വി. ചാനലുകളിലും ഉണ്ട് രാമായണം വായന.

നാലമ്പലം ദർശിക്കാൻ പോകുന്നതും കർക്കടകത്തിൽത്തന്നെ. തൃപ്രയാറമ്പലത്തിൽ ശ്രീരാമനും, മൂഴിക്കുളത്ത് ലക്ഷ്മണനും, പായമ്മൽ എന്ന സ്ഥലത്ത് ശത്രുഘ്നനും, ഇരിങ്ങാലക്കുടയിൽ കൂടൽമാണിക്യത്തിൽ ഭരതനും ഉണ്ട്. ഇവിടെയൊക്കെ ഒരുദിവസം കൊണ്ട് തൊഴുതുപ്രാർഥിക്കണമെന്നാണ്. അടുത്തുള്ളവരുടെ ഭാഗ്യം എന്ന് ഞാൻ
കരുതാറുണ്ട്. അവിടെയൊക്കെ പോയിട്ട് വിശദമായി എഴുതാം ഒരിക്കൽ.

‘ഭക്തിപരവശനായ ഭരതനും
ചിത്തമഴിഞ്ഞു തല്പാദുകദ്വന്ദവും
ശ്രീരാമപാദാരവിന്ദങ്ങളിൽ ചേർത്തു
പാരിൽ വീണാശു നമസ്കരിച്ചീടിനാൻ
‘രാജ്യം ത്വയാ ദത്തമെങ്കൽ പുരാദ്യ ഞാൻ
പൂജ്യനാം നിങ്കൽ സമർപ്പിച്ചിതാദരാൽ
ഇന്നു മജ്ജന്മം സഫലമായ് വന്നിതു
ധന്യനായേനടിയനിന്നു നിർണ്ണയം
ഇന്നു മനോരഥമെല്ലാം സഫലമായ്-
വന്നിതു മൽക്കർമ്മസാഫല്യവും പ്രഭോ!
പണ്ടേതിലിന്നു പതിന്മടങ്ങായുട-
നുണ്ടിഹ രാജഭണ്ഡാരവും ഭൂപതേ!
ആനയും തേരും കുതിരയും പാർത്തുകാ-
ണൂനമില്ലാതെ പതിന്മടങ്ങുണ്ടല്ലോ
നിന്നുടെ കാരുണ്യമുണ്ടാകകൊണ്ടു ഞാ-
നിന്നയോളം രാജ്യമത്ര രക്ഷിച്ചതും
ത്യാജ്യമല്ലൊട്ടും ഭവാനാലിനിത്തവ-
രാജ്യവും ഞങ്ങളേയും ഭുവനത്തെയും
പാലനം ചെയ്ക ഭവാനിനി മറ്റേതു-
മാലംബമില്ല കാരുണ്യവാരിധേ!’

വനവാസം കഴിഞ്ഞ് തിരിച്ചുവന്നിരിക്കുന്ന രാമന്റെ മുന്നിൽ ഭരതൻ രാജ്യഭാരം തിരിച്ചേല്‍പ്പിക്കുകയാണ്. രാമന്റെ പാദുകം വെച്ചുപൂജിച്ചാണ് ഭരതൻ ഇത്രയും നാൾ രാജ്യകാര്യങ്ങൾ നോക്കിയത്. അതും നന്നായിത്തന്നെ. ഇത്രയും നാൾ രാമന്റെ അനുഗ്രഹം കൊണ്ടാണ് രാജ്യകാര്യങ്ങൾ നന്നായി നടത്താൻ കഴിഞ്ഞതെന്നും ഇനി രാജ്യകാര്യങ്ങൾ, രാമൻ നോക്കുകയെന്നും ഭരതൻ പറയുന്നു.

ഭക്തിയും, സ്നേഹവും, ആണ് ഭരതനിൽ കാണാൻ കഴിയുക. അത്യാർത്തിയില്ലായ്മയാണ് ഏറ്റവും വലിയ ഗുണം. അർഹതയില്ലാത്ത സ്ഥാനം പിടിച്ചടക്കാമെന്നു മോഹിക്കാതെ, ഭരതൻ, രാമനുവേണ്ടി കാത്തിരിക്കുന്നു. എന്തെങ്കിലുമൊരു സ്ഥാനം കിട്ടുമ്പോഴേക്കും, സ്വയം കൊമ്പത്തുകയറി, ഞെളിഞ്ഞിരുന്നു ഭരിച്ചുകളയാം എന്ന് കരുതുന്ന മൂഢന്മാർക്കൊരു താക്കീതാണ് ഭരതൻ. ഭരതനെ ഞാൻ നമിക്കുന്നു.

(അദ്ധ്യാത്മരാമായണത്തിൽ നിന്ന് ഈ കർക്കടമാസത്തിൽ)

Labels: ,

Tuesday, April 15, 2008

കൈകേയി ചോദിച്ച വരങ്ങള്‍

ദേവന്മാരും, ഭൂമീദേവിയും, ബ്രഹ്മാവും ഒക്കെക്കൂടെ നിര്‍ബന്ധിച്ചാണ്, സഹായം തേടിയതുകൊണ്ടാണ്, മഹാവിഷ്ണു, രാമനായി അവതരിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടത്. എല്ലാവര്‍ക്കും ദോഷം വരുത്തുന്ന രാവണനെ കൊല്ലാന്‍, വിഷ്ണുവിനേ കഴിയൂ. അതുകൊണ്ട് അവതരിച്ച് വരണം. അങ്ങനെ, ദശരഥന്റേയും, കൌസല്യയുടേയും പുത്രനായി രാമന്‍ പിറന്നു.
വളര്‍ന്നു, വിവാഹം കഴിഞ്ഞു, രാജ്യാഭിഷേകം നടത്താന്‍ ദശരഥന്‍ തീരുമാനിച്ചപ്പോഴാണ് കാര്യങ്ങള്‍ മാറിയത്. മന്ഥര എന്ന തോഴി വന്ന് കൈകേയിയോട് പറയുന്നു, രാമന് രാജ്യം കൊടുത്താല്‍പ്പിന്നെ നിനക്കിവിടെ എന്തുവില? രാജ്യം ഭരിക്കുന്നുണ്ടെങ്കില്‍ അതു നിന്റെ പുത്രന്‍ ആവണം. എന്നാലേ ശരിയാവൂ. അല്ലെങ്കില്‍ രാമനു രാജ്യഭാരം കിട്ടിയാല്‍, കൌസല്യയുടെ വേലക്കാരിയെപ്പോലെയാകും എന്നൊക്കെ. കൈകേയിയ്ക്ക് രാമനോട് ഒരു എതിര്‍പ്പുമില്ല. വാത്സല്യം ഉണ്ടുതാനും. മന്ഥര പറഞ്ഞപ്പോള്‍, രാജ്യം രാമന്‍ ഭരിച്ചാല്‍, കൌസല്യ രാജമാതാവായാല്‍ പ്രശ്നം ആവുമെന്ന് കൈകേയിക്ക് തോന്നിത്തുടങ്ങി. അഭിഷേകം മുടക്കണം. തന്റെ മകനെ രാജാവായി വാഴിക്കുകയും വേണം. എന്താണതിനൊരു വഴി. മന്ഥര തന്നെ വഴിയും പറഞ്ഞുകൊടുത്തു. പണ്ടൊരിക്കല്‍ അസുരന്മാരും, ദേവന്മാരും ഉള്ള യുദ്ധത്തില്‍ ദശരഥനും പോയിരുന്നു. ദേവന്മാരുടെ ഭാഗത്ത് സഹായിക്കാന്‍. കൈകേയിയും ദശരഥന്റെ കൂടെ ഉണ്ടായിരുന്നു. രഥചക്രത്തിന്റെ ആണി മുറിഞ്ഞുപോവുകയും, തന്റെ കൈയാല്‍, ‍ ചക്രം തെറ്റിപ്പോകാതെ പിടിച്ചുനിര്‍ത്തുകയും ചെയ്തത് കൈകേയിയാണ്. ദശരഥന്‍ അത് കണ്ടറിയുകയും, സന്തോഷിച്ച്, രണ്ടുവരം ചോദിച്ചുകൊള്ളാന്‍ കൈകേയിയോട് പറയുകയും ചെയ്തു. പിന്നെച്ചോദിച്ചുകൊള്ളാം എന്നാണ് കൈകേയി വിചാരിച്ചത്. പിന്നീടൊരിക്കല്‍ ചോദിക്കുമ്പോള്‍ തന്നാല്‍ മതി എന്നും പറഞ്ഞു.
മന്ഥര പറഞ്ഞു, ഇപ്പോള്‍ ആ വരങ്ങള്‍ ചോദിക്കാന്‍ പറ്റിയ സമയം ആണ്. രണ്ടുവരവും ചോദിക്കണം. ഒന്ന് ഭരതനെ രാജാവാക്കണം, രണ്ട് ശ്രീരാമനെ കാട്ടിലയയ്ക്കണം. കാട്ടിലയച്ചില്ലെങ്കില്‍ രാമനോട് വാത്സല്യം തോന്നി, പിന്നേയും രാജാവായി വാഴിച്ചുകൂടെന്നില്ല.
കൈകേയി, അങ്ങനെ ചെയ്തു. രണ്ടുവരവും വേണമെന്ന് പറയുകയും, ഭരതനെ രാജാവായി വാഴിക്കാനും, രാമനെ കാട്ടിലയയ്ക്കാനും ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെയാണ് രാമന്റെ വനവാസം തുടങ്ങുന്നത്. ജ്യേഷ്ഠനു പകരം താന്‍ ഭരിക്കില്ലെന്ന് ഭരതന്‍ പറഞ്ഞു. പകരം ജ്യേഷ്ഠന്‍ വരുന്നതുവരെ രാജ്യം കാക്കുമെന്ന് പറഞ്ഞു.
പക്ഷെ ഇവിടെ ശരിക്കും നടന്നത് എന്താണെന്നുവെച്ചാല്‍, രാമന്‍, രാജ്യഭരണത്തില്‍ മുഴുകിയിരുന്നാല്‍, രാവണനെക്കൊല്ലുന്നതില്‍ നിന്നും ശ്രദ്ധ തിരിയുമെന്നും, അതുകൊണ്ട് വൈകുമെന്നും കരുതിയിട്ട്, രാമനെ കാട്ടിലയപ്പിക്കാന്‍ വേണ്ടി, എല്ലാവരും കൂടെ സരസ്വതിയോട് മന്ഥരയുടെ നാവിലിരുന്ന് അങ്ങനെ പറയിപ്പിക്കാന്‍ അപേക്ഷിച്ചതാണ് എന്ന് രാമായണത്തില്‍പ്പറയുന്നു.

(അറിയാനാഗ്രഹമുള്ളവര്‍ക്ക് വേണ്ടി.)

Labels: ,

Thursday, July 26, 2007

കര്‍മ്മഫലം



വാല്മീകി, മുനിയാകുന്നതിനുമുമ്പ്, വനത്തിലൂടെ കടന്നുപോകുന്ന മുനിമാരേയും ആള്‍ക്കാരേയും ഉപദ്രവിച്ച്, അവരുടെ കൈയിലുള്ളതൊക്കെ തട്ടിപ്പറിച്ച് ജീവിക്കുന്ന മനുഷ്യനായിരുന്നു. അങ്ങനെ ഒരിക്കല്‍ സപ്തര്‍ഷികള്‍, ആ വഴിയിലൂടെ വരുകയും, വാല്മീകി, അവരെ ദ്രോഹിക്കാന്‍ തുനിയുകയും ചെയ്തു. കുടുംബംപുലര്‍ത്താന്‍ വേണ്ടി ചെയ്യുന്നതാണെന്ന് കേട്ടപ്പോള്‍ മുനിമാര്‍ ശാന്തതയോടെ പറഞ്ഞു.

“എങ്കില്‍ നീ ഞങ്ങള്‍ ചൊല്ലുന്നതു കേള്‍ക്കണം
നിന്‍ കുടുംബത്തോടു ചെന്നു ചോദിക്ക നീ
നിങ്ങളെച്ചൊല്ലി ഞാന്‍ ചെയ്യുന്ന പാപങ്ങള്‍
നിങ്ങള്‍ കൂടെ പകുത്തൊട്ടു വാങ്ങീടുമോ?
എന്നു നീ ചെന്നു ചോദിച്ചു വരുവോളം
നിന്നീടുമത്രൈവ ഞങ്ങള്‍ നിസ്സംശയം.”


വീട്ടില്‍ ചെന്നിട്ട് കുടുംബത്തോട്, അവര്‍ക്കുവേണ്ടി, അവരെ പോറ്റാന്‍ വേണ്ടി ചെയ്യുന്ന ഇതിന്റെ പങ്കുപറ്റി ജീവിക്കുന്ന അവര്‍, ഈ നീചകര്‍മ്മങ്ങളുടെ ഫലം അനുഭവിക്കേണ്ടിവന്നാല്‍, പകുത്ത് അനുഭവിക്കാന്‍ തയ്യാറാണോ എന്ന് ചോദിച്ചിട്ട് വരുന്നതുവരെ ഇവിടെത്തന്നെ നില്‍ക്കാമെന്ന് മുനിമാര്‍ ഉറപ്പുകൊടുത്തു.

ഇഥമാകര്‍ണ്യ ഞാന്‍ വീണ്ടുപോയ് ചെന്നുമല്‍-
പുത്രദാരാദികളോടു ചോദ്യം ചെയ്തേന്‍
“ദുഷ്കര്‍മ്മസഞ്ചയം ചെയ്തു ഞാന്‍ നിങ്ങളെ-
യൊക്കെബ്‌ഭരിച്ചുകൊള്ളുന്നു ദിനം‌പ്രതി
തല്ഫലമൊട്ടു നിങ്ങള്‍ വാങ്ങീടുമോ?
മല്‍പ്പാപമൊക്കെ ഞാന്‍ തന്നെ ഭുജിക്കെന്നോ?
“സത്യം പറയേണ” മെന്നു ഞാന്‍ ചൊന്നതി
നുത്തരമായവരെന്നോടു ചൊല്ലിനാര്‍

നിത്യവും ചെയ്യുന്ന കര്‍മ്മഗുണഫലം

കര്‍ത്താവൊഴിഞ്ഞു മറ്റന്യന്‍ ഭുജിക്കുമോ?

താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍

‍താന്താനനുഭവിച്ചീടുകെന്നേ വരൂ.

വാല്മീകി, സപ്തര്‍ഷിമാരുടെ വാക്കുപ്രകാരം, വീട്ടില്‍ പോയി, ഭാര്യയോടും മക്കളോടും ചോദിച്ചു.

“ഞാന്‍ നിങ്ങളെയൊക്കെ പരിപാലിക്കാന്‍ വേണ്ടി ദുഷ്പ്രവര്‍ത്തികള്‍ ചെയ്യുന്നു. കളവും, പിടിച്ചുപറിയും ചെയ്യുന്നു. ഇതിന്റെയൊക്കെ ഫലം അനുഭവിക്കാന്‍ കൂടെ നില്‍ക്കില്ലേ? ഈ ചെയ്തുകൂട്ടുന്നതിനൊക്കെ പാപങ്ങള്‍ ഞാന്‍ തന്നെ അനുഭവിക്കേണമോ?”

അവര്‍ പറഞ്ഞു, ചെയ്യുന്ന പ്രവര്‍ത്തികളുടെയൊക്കെ ഫലം, ചെയ്യുന്ന ആള്‍ തന്നെ അനുഭവിക്കേണം. നല്ലത് ചെയ്താലുളള നന്മ വേറെ ആര്‍ക്കെങ്കിലും കൊടുക്കുമോ എന്ന്.

അവരുടെ വാക്ക് കേട്ട്, താന്‍ ചെയ്തുകൊണ്ടിരുന്ന തെറ്റ്, വാല്മീകി തിരിച്ചറിയുകയും, മുനിമാരുടെ അടുക്കല്‍ ചെന്ന്, വിവരങ്ങള്‍ പറയുകയും ചെയ്തു. മുനിമാര്‍, നല്ലൊരു മനുഷ്യനാവാന്‍ ഉപദേശിക്കുകയും, മരാമരാ എന്ന് ജപിച്ച് ഇരിക്കാന്‍ പറഞ്ഞ്, പോവുകയും ചെയ്തു. അങ്ങനെ ഇരുന്ന് ജപിച്ച്, രാമരാമ എന്നായിത്തീരുകയും വാല്മീകി, നല്ലൊരു മുനി ആവുകയും ചെയ്തു.


നാം‍ ചിന്തിക്കേണ്ടത്:-


നമ്മുടെ പ്രവര്‍ത്തികള്‍ക്ക് ബലേഭേഷ് പറയാനും, പ്രോത്സാഹിപ്പിക്കാനും, നമ്മുടെ ചുറ്റും പലരും ഉണ്ടാവും. പക്ഷെ എന്ത് അനുഭവം ഉണ്ടായാലും അനുഭവിക്കേണ്ടത് നാം‍ തന്നെ. നമ്മുടെ പ്രവര്‍ത്തിയിലെ തിന്മയെ കൈയടിച്ച് പ്രോത്സാഹിപ്പിച്ച് വീണ്ടും വീണ്ടും അതുചെയ്യാന്‍ നമ്മെ ഉത്സാഹഭരിതരാക്കുന്നവരേയും, അതില്‍ നിന്നു മുതലെടുക്കുന്നവരേയും കുറിച്ച് നാം‍ ഒരു കാര്യം ഓര്‍ക്കാനുണ്ട്. ചീത്തപ്രവര്‍ത്തിയുടെ ചീത്തഫലം അനുഭവിക്കാന്‍ അവരൊന്നും ഉണ്ടാവില്ലെന്ന്. അത് തിരിച്ചറിയുമ്പോഴേക്കും സമയം വൈകിയാലും നഷ്ടം നമുക്കാവുമെന്ന്.


(ഈ രാമായണമാസത്തില്‍ അദ്ധ്യാത്മരാമായണത്തില്‍ നിന്ന്)

Labels: , ,