Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, November 18, 2008

പാവക്കൂത്ത്

ദൈവം അന്ന് ഉറക്കച്ചടവിലായിരുന്നിരിക്കണം. അതുകൊണ്ടുതന്നെ കനകയുടെ ജോലികളെല്ലാം പതുക്കെയായിരുന്നു.. ഒന്നു രണ്ടുപ്രാവശ്യം ദൈവം ഞെട്ടിപ്പിടഞ്ഞു. കനകയുടെ കൈയിൽനിന്ന് കയറും വിട്ട് തൊട്ടി കിണറ്റിലേക്ക് വീണതും, കൈയിലൊന്നുമെടുക്കാതെ, ചൂടുള്ള പാത്രം സ്റ്റൗവിൽനിന്ന് ഒന്നുമോർമ്മിക്കാതെ എടുത്ത് കൈപൊള്ളിയതും ദൈവത്തിന്റെ അവഗണനയുടെ നിമിഷങ്ങളിലായിരുന്നു.
കനക വീട്ടുജോലി കഴിഞ്ഞെത്തുന്നത് വസ്ത്രക്കടയിലെ ജോലിക്കാണ്. വീട്ടിലെപ്പോലെ മുഖം കറുക്കുകയോ, അരിശം തോന്നുകയോ, അമ്മയോട് ഉച്ചത്തില്‍പ്പറയുന്നതുപോലെ എന്തെങ്കിലുമൊക്കെ ഉച്ചത്തിൽ പറയുകയോ ചെയ്തുകൂടാ. മറ്റു ജോലിക്കാരെപ്പോലെ, വസ്ത്രങ്ങൾ വാങ്ങാൻ വരുന്നവരുടെ മുന്നിൽ ചിരിച്ചും, വാചകമടിച്ചും, അവരെ വാങ്ങാൻ പ്രോത്സാഹിപ്പിച്ചും നിൽക്കണം. പലതരം ആൾക്കാർ. പലതരം സ്വഭാവം. കുറേക്കാലമായതുകൊണ്ട് കനകയ്ക്ക് അതൊന്നും പ്രശ്നമില്ല. എന്നാലും ദൈവം ഇടയ്ക്കു വേലയൊപ്പിക്കും. അച്ഛനമ്മമാർക്കിഷ്ടമാവുന്നത്, കുട്ടികൾക്കിഷ്ടമാവില്ല. കുട്ടികൾക്കിഷ്ടമാവുന്നത് അച്ഛനും അമ്മയും വേണ്ടെന്നു പറയും. ഭാര്യയ്ക്കും ഭർത്താവിനും ഇടയിലും ഇത്തരം അഭിപ്രായവ്യത്യാസം ഉണ്ടാകും. ചിലപ്പോൾ എടുത്തുകാണിച്ചതൊക്കെ അതേപടി മടക്കിയെടുത്ത് റാക്കിൽ കയറ്റേണ്ടിവരും. ദൈവം ചരടുവലിച്ചുകൊണ്ടിരിക്കും.
ഊണുകഴിക്കുന്ന നേരത്ത് ദൈവമിത്തിരി അയയും. കൂട്ടുകാരികളോടൊപ്പം ചിരിക്കുന്നതും, വിശേഷങ്ങൾ പറയുന്നതും, സിനിമാക്കഥകൾ പറയുന്നതും ഒക്കെ ആ സമയത്തു തന്നെ.
അന്ന്, ദൈവം, ഒരുപാട് ചരടുകൾ തിരക്കിട്ട് വലിച്ചും അയച്ചും ഇരിക്കുന്ന സമയത്താണ് ജോലി കഴിഞ്ഞ്, കനക, തിരക്കുള്ള ബസ്സിലേക്ക് കയറിയത്.
ഏതോ ഒരു വളവിൽ എതിരേ വരുന്ന ലോറിക്ക് സൈഡ് കൊടുക്കാൻ ബസ്സൊന്ന് വെട്ടിച്ചപ്പോൾ, ദൈവം, ഡ്രൈവറെ ബന്ധിച്ച ചരടും, ബസ്സിനെ ബന്ധിച്ച ചരടും, ലോറിയെ ബന്ധിച്ച ചരടും അതിവിദഗ്‌ദ്ധമായി ആഞ്ഞുവലിച്ച് അപകടത്തിൽനിന്നു പലരേയും രക്ഷിച്ചെടുത്തു.
ഡ്രൈവറെ രക്ഷിക്കാൻ ദൈവത്തിനു തോന്നിയത് വേറൊന്നും കൊണ്ടല്ല. ഡ്രൈവറുടെ ഇളയ മോൻ സന്ധ്യാസമയത്ത് നാമജപത്തിന് ഇരുന്നിരുന്നു. “അമ്പോറ്റീ അച്ഛൻ വരുമ്പോൾ മുട്ടായി കൊണ്ടരണേ” ന്ന് ഉറക്കെയുറക്കെ പ്രാർത്ഥിക്കുന്നത് ദൈവം കേട്ടിരുന്നു.
ഡ്രൈവറുടെ കഥയല്ലല്ലോ ഇത്. കനകയുടേതല്ലേ. കനക ആ തിരക്കുള്ള ബസ്സിൽ വാതിലിന്റെ അടുത്തായിരുന്നു. എല്ലാവരും തിക്കിത്തിരക്കി സുരക്ഷിതസ്ഥാനത്ത് പോയിനിന്നപ്പോൾ പാവം കനക, ക്ഷീണം കൊണ്ട്, ഒന്നിനും വയ്യാതെ കിട്ടിയ സ്ഥലത്ത് നിന്നിരുന്നു. ബസ് വെട്ടിച്ചപ്പോൾ നേരെ വാതിലും തുറന്ന് പുറത്തേക്കും. ദൈവമേന്ന് വിളിച്ചത് ഒരുപാടുപേരായതുകൊണ്ട് ദൈവം കൈയിലെ ചരടൊക്കെ ആഞ്ഞുവലിച്ചു നിയന്ത്രണത്തിലാക്കി. എന്നാലും കനക തെറിച്ചുപോയേനെ. തിരക്കിലായതുകൊണ്ട് ദൈവത്തിനല്പം അശ്രദ്ധ തോന്നിയ സമയം. പക്ഷേ അപ്പോഴേക്കും “ഈശ്വരാ...ന്റെ കുട്ടിയെ കാത്തോളണേ” ന്നുള്ള, കനകയുടെ അമ്മൂമ്മയുടെ സ്ഥിരം പല്ലവി ദൈവം കേട്ടു. തെറിച്ചുപോവാൻ തുടങ്ങിയ കനകയെ ഏതോ ഒരു കൈ ആഞ്ഞുപിടിച്ച് ബസ്സിലേക്കിട്ടു.
ദൈവം പിന്നേം ചരടുവലിച്ച് നിയന്ത്രണങ്ങൾ തുടങ്ങി. ഒരുപാട് ചരടുകളിൽ ഒരുപാടു പേരുടെ വിധിയും കൂട്ടിക്കെട്ടി, ഏറ്റവും വലിയ പാവക്കൂത്തുകാരൻ കർമ്മനിരതനായി.

Labels:

13 Comments:

Blogger ആത്മ/പിയ said...

വളരെ നല്ല കഥ.
‘അഭിനന്ദനങ്ങള്‍’

Tue Nov 18, 07:41:00 am IST  
Blogger ചന്ദ്രകാന്തം said...

ഏറ്റവും വലിയ പാവക്കൂത്തുകാരൻ ..!!!

Tue Nov 18, 08:47:00 am IST  
Blogger ശ്രീ said...

ശരിയാ, പാവക്കൂത്തു തന്നെ

Tue Nov 18, 09:13:00 am IST  
Blogger Rose Bastin said...

നന്നായിരിക്കുന്നു ! അഭിനന്ദനങ്ങൾ!!

Tue Nov 18, 03:25:00 pm IST  
Blogger മുസാഫിര്‍ said...

ദൈവത്തിന്റെ കയ്യില്‍ കമ്പ്യൂട്ടര്‍ ഒന്നും ഇല്ല അല്ലെ ?

Wed Nov 19, 10:34:00 am IST  
Blogger Pulnaambukal said...

SU....Liked your writings so very much.....started of from MAzhanoolukal, and through mnay 0f your blogs.....fell in love with the friendship you guys shares here. Not very familiar using malayalam fonts. Started a malayalam blog, but some times malayalam is not working..... do not know why.
Keep writing Su. Glad we crossed the path! Blessed day!
Beena

Wed Nov 19, 10:44:00 am IST  
Blogger സു | Su said...

ആത്മ :) ആദ്യകമന്റിനു നന്ദി. കഥ ഇഷ്ടമായെന്നു കരുതുന്നു. കുറച്ചുനാളായി എഴുതിയിട്ട്. പോസ്റ്റ് ചെയ്തില്ല. ചേട്ടന് വായിക്കാൻ കൊടുത്തപ്പോൾ നന്നായിട്ടുണ്ട്, ഒന്നുകൂടെ മിനുക്കിക്കൂടേന്നു ചോദിച്ചു. മിനുക്കലൊന്നും ഇവിടെയില്ല.

ചന്ദ്രകാന്തം :) ദൈവമല്ലേ ഏറ്റവും വലിയ പാവക്കൂത്തുകാരൻ? ഏറ്റവും വിരുതനായ പാവക്കൂത്തുകാരൻ എന്നും പറയാം.

ശ്രീ :) നമ്മളൊക്കെ പാവകളല്ലേ? ദൈവത്തിന്റെ മുന്നിൽ.

റോസ് ബാസ്റ്റിൻ :) നന്ദി.

മുസാഫിർ :) ഇല്ലെങ്കില്‍പ്പിന്നെ ദൈവം എങ്ങനെ എന്റെ ബ്ലോഗ് വായിക്കും? ഉണ്ടാവും. പക്ഷെ അതിൽ നോക്കിയിട്ടൊന്നും പാവക്കൂത്ത് നടത്തില്ല.

ബീന :) ബ്ലോഗ് വായിക്കുന്നതിൽ നന്ദി. സമയം കിട്ടുമ്പോൾ വായിക്കുമെന്ന് കരുതുന്നു.

വായിച്ചവർക്കും അഭിപ്രായം പറഞ്ഞവർക്കും നന്ദി.

Wed Nov 19, 01:59:00 pm IST  
Blogger smitha adharsh said...

നന്നായിരിക്കുന്നു.
ഇങ്ങനെ ഒക്കെ ചിന്തിച്ചു കൂട്ടുന്നത്‌ തന്നെ വലിയ കഴിവ്.ചേച്ചീ.

Wed Nov 19, 09:07:00 pm IST  
Blogger Jayasree Lakshmy Kumar said...

pദൈവം അറിയാതെ ഒരു പക്ഷിത്തൂവൽ പോലും അനങ്ങുന്നില്ല. അല്ലേ സു? നല്ല കഥ

ഇതു വായിച്ചപ്പോൾ എനിക്കോർമ്മ വന്നത് എന്റെ ഒരു സീനിയർ എന്നോട് പറഞ്ഞ കഥയാണ്. കക്ഷി കോളെജിൽ പഠിക്കുന്ന കാലത്ത് ഒരു പുഴ കടന്നു വേണമത്രേ പോകാൻ. ഏതാണ്ട് കടവിനോടടുത്ത് വഞ്ചി മുങ്ങി. പക്ഷെ ആഴമുള്ള സ്ഥലം. പുള്ളിക്കാരി ഇപ്പൊ ചാകും എന്നൂ തോന്നിയപ്പോൾ മാതാവേ എന്നു വിളിച്ചു പ്രാർത്ഥിച്ചുവത്രെ. അപ്പോൾ തൊട്ടുമുകളീൽ ഒരു കാൽ. ആ കാലിൽ പിടിച്ച് പൊങ്ങി വന്നു. അപ്പോൾ ആരോ മുടിക്കു പിടിച്ച് വലിച്ചെടുത്തത്രേ. അങ്ങിനെ ഒരു കാലിലൊന്നും പിടിച്ചല്ല പൊങ്ങി വന്നതെന്നു ബാക്കിയുള്ളവർ പറഞ്ഞാണ് കക്ഷി അറിഞ്ഞത്. അത് മാതാവായീരുന്നു എന്ന് കക്ഷി വിശ്വസിക്കുന്നു. ഒരു പക്ഷെ ബ്രെയിനിലേക്കുള്ള രക്തത്തിൽ ഓക്സിജന്റെ അളവു കുറയുമ്പോൾ ചിലർക്കുണ്ടാകുന്ന വിഷ്വൽ ഹാലുസിനേഷൻ ആകാം അതെങ്കിലും നല്ലൊരു ഭക്ത എന്നതിനേക്കാളുപരി ഒരുപാട് നല്ല മനസ്സൂള്ള അവരെ മാതാവ് രക്ഷിച്ചതാണ് എന്നു വിശ്വസിക്കാനാണ് അവരെ പോലെ എനിക്കും ഇഷ്ടം. ദൈവത്തിന്റെ അദൃശ്യമായ ചില ചരട് വലികൾ

Thu Nov 20, 01:01:00 am IST  
Blogger സു | Su said...

സ്മിത :)

ലക്ഷ്മി :)

Thu Nov 20, 06:17:00 pm IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

സൂ.. കുറെ നാള്‍ കൂടിയാ ഇവിടെ..

വായിച്ചു കഴിഞ്ഞപ്പൊ മനസ്സില്‍ ബാക്കിയായത് കെട്ടു പിണഞ്ഞ ചരടുകള്‍...

:)

Fri Nov 21, 09:27:00 am IST  
Blogger സു | Su said...

ഇട്ടിമാളു :) വായിക്കാനെത്തിയതിൽ സന്തോഷം.

Sat Nov 22, 01:06:00 pm IST  
Blogger Bindhu Unny said...

വളരെ നല്ല ഭാവന :-)

Thu Nov 27, 05:16:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home