Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, November 22, 2008

മനസ്സിനെ ജയിക്കണം

"ബന്ധുരാത്മാത്മനസ്തസ്യ യേനാത്മൈവാത്മനാ ജിതഃ
അനാത്മനസ്തുശത്രുത്വേഃ വർതേതാത്മൈവ ശത്രുവത്"

ഭഗവത്‌ഗീതയിൽ ധ്യാനയോഗം അദ്ധ്യായത്തിലുള്ള ഒരു ഭാഗമാണിത്.

ആർക്കാണോ മനസ്സിനെ ജയിക്കാൻ കഴിയുന്നത്, അവന്റെ ബന്ധുവാണ് അല്ലെങ്കിൽ സുഹൃത്താണ് മനസ്സ്. മനസ്സിനെ ജയിക്കാത്തവനോ, മനസ്സ് തന്നെയായിരിക്കും ഏറ്റവും വലിയ ശത്രുവെന്നാണ് ഇതിന്റെ ചുരുക്കത്തിലുള്ള അർത്ഥം. ആലോചിച്ചുനോക്കിയപ്പോൾ ശരിയാണ്. (ഇടയ്ക്ക് ആലോചിക്കാറുണ്ട്;)) മനസ്സിൽ നൂറുവിചാരങ്ങളായിരിക്കും. മനസ്സ് അതു പറയും, ഇത് പറയും. കേട്ടേക്കാംന്നു വിചാരിച്ചേക്കും. കേൾക്കണ്ടാന്നു വിചാരിക്കും. ചിലപ്പോൾ മനസ്സിനെ അനുസരിച്ചാൽ കുഴപ്പം. ചിലപ്പോൾ മനസ്സ് പറയുന്നത് കേൾക്കാഞ്ഞാൽ കുഴപ്പം. എന്നാൽ മനസ്സിനെ അടക്കിവെച്ചാലോ? അതിനോട് എന്തുവേണമെങ്കിലും പറയാം . ഒരു സുഹൃത്തിനെപ്പോലെ കരുതി. അടയ്ക്കിവയ്ക്കാഞ്ഞാലോ? അത് തോന്നിക്കുന്നതൊക്കെച്ചെയ്ത് ഒടുവിൽ അതിനെ ശത്രുവിനെപ്പോലെ കരുതാം. മനസ്സിനെ കീഴടക്കിയാല്‍പ്പിന്നെ അവിടെ ദൈവം കുടികൊള്ളും. പിന്നെ ദൈവം പറയുന്നത് അനുസരിച്ചങ്ങു പോയാൽ മതി. കാമവും ക്രോധവും ലോഭവും മോഹവും ഒക്കെ അടക്കിവയ്ക്കണമെങ്കിൽ മനസ്സിനെ ജയിച്ചേ തീരൂ. അതിനെ സുഹൃത്താക്കണം. ഇതൊക്കെയാണ് എനിക്കു മനസ്സിലായത്. ഇനി ഞാനൊന്ന് മനസ്സിനെ സുഹൃത്താക്കാൻ ശ്രമിച്ചുനോക്കാം. (ശ്രമിക്കാംന്നേ പറഞ്ഞിട്ടുള്ളൂ.)

കൃഷ്ണൻ അർജ്ജുനനോട് പറഞ്ഞു:-

അസംശയം മഹാബാഹോ മനോ ദുർനിഗ്രഹം ചലം
അഭ്യാസേന തു കൗന്തേയ വൈരാഗ്യേണ ച ഗൃഹ്യതേ.

അർജ്ജുനൻ, കൃഷ്ണനോട് പറഞ്ഞു, മനസ്സിനെ അടക്കിനിർത്താൻ പ്രയാസമാണ്. അതിനെ നിയന്ത്രിക്കാൻ കുറച്ച് പാടുപെടേണ്ടിവരും എന്നൊക്കെ. അപ്പോഴാണ് കൃഷ്ണൻ മേലെപ്പറഞ്ഞത് പറഞ്ഞത്.

മനസ്സിനെ അടയ്ക്കിവയ്ക്കുക എന്നൊക്കെപ്പറഞ്ഞാൽ വിഷമം തന്നെയാണ്. എന്നാലും നിരന്തരമായ അഭ്യാസം/ പരിശ്രമം കൊണ്ട് സാധിക്കുവാൻ കഴിയും എന്ന്.
മനസ്സിനെ അടക്കാൻ എന്തൊക്കെച്ചെയ്യാം? ദൈവത്തെ കുടിയിരുത്താം. വിശ്വസിക്കാം. പിന്നെ മനസ്സ് അതിൽ ലയിച്ചു ചേരും. ഈശ്വരനെ വിചാരിക്കാതെ ചെയ്യുന്ന പ്രവർത്തികളിൽ നിന്ന് വിട്ടുനിൽക്കാൻ അത് സഹായിക്കും. ദൈവത്തിനു നിരക്കുന്ന പ്രവൃത്തി എന്നെല്ലാവരും പറയുന്നത് ചെയ്യുക. നല്ല കാര്യങ്ങളിൽ മനസ്സുറയ്ക്കുമ്പോൾത്തന്നെ മനസ്സ് അടങ്ങിയിരിക്കുന്നു എന്നർത്ഥം. വിശ്വസിക്കുന്ന, മനസ്സിൽ കുടിയിരുത്തിയിരിക്കുന്ന, ഈശ്വരനെ വിട്ട് ഓടിനടക്കാൻ ഒരിക്കലും മനസ്സിനെ വിടില്ലല്ലോ.

ഇതൊക്കെയാണ് ഞാനീ ശ്ലോകങ്ങളൊക്കെ വായിച്ചും, അർത്ഥം വായിച്ചും ഒക്കെ തലയിൽക്കയറ്റിയിരിക്കുന്നത്. നിങ്ങൾക്കാർക്കെങ്കിലും കൂടുതൽ അറിയുമെങ്കിൽ പറഞ്ഞുതരിക.


ശ്രീ ശ്രീമദ് എ. സി. ഭക്തിവേദാന്തസ്വാമിപ്രഭുപാദരുടെ പുസ്തകം ആണ് ഇവിടെ ഉള്ളത്. ആരാ വിവർത്തനം എന്ന് നിങ്ങൾ വിചാരിച്ചത്? നാലപ്പാട്ട് ബാലാമണിയമ്മ. പുസ്തകം ഞാൻ കടയിൽക്കയറി വാങ്ങിയതൊന്നുമല്ല. ഒരു യാത്രയ്ക്കിടയിൽ തീവണ്ടിയിൽ, ഒരു സ്വാമി വന്ന് അപ്പുറവും ഇപ്പുറവും നോക്കാതെ എന്നെ ഏല്‍പ്പിച്ചു. അത്ര തിരക്കിൽ എന്റെ കൈയിൽത്തന്നെ തരാനും, എന്നെക്കൊണ്ട് വാങ്ങിപ്പിക്കാൻ തോന്നിച്ചതും ആരാവും? ഭഗവാൻ തന്നെ. ഭഗവാനറിയാം, ഇവൾക്കിത് വായിക്കേണ്ട സമയം ആയെന്ന്. അങ്ങനെ ഇവിടെക്കൊണ്ടുവെച്ചു. എല്ലാം ഒരു നിയോഗം. (അതെ...അതെ...)

ഇനി ഭഗവദ്‌ഗീത വായിക്കേണ്ടവർ, കൈയിൽ പുസ്തകമില്ലെങ്കിൽ വിഷമിക്കേണ്ട. ഞാനയച്ചുതരാം എന്നൊന്നുമല്ല പറയാൻ പോകുന്നത്. ;) വിക്കിയിൽ പോയി വായിക്കൂ. അതൊന്ന് മലയാളീകരിക്കണം ഇനി.

ദൂരദർശനിൽ രാത്രി ഒമ്പതരയ്ക്ക് ഗീതായജ്ഞം ഉണ്ട്. അത് ഇടയ്ക്കേ കാണാറുള്ളൂ. കാണാൻ പറ്റാറുള്ളൂ എന്നതാണ് ശരി. ഇനിയിപ്പോ സി. ഡി. വാങ്ങിക്കൊണ്ടുവരണം.

ആരും വിചാരിക്കേണ്ട ഞാൻ പെട്ടെന്ന് ഭക്തിമാർഗ്ഗത്തിലേക്ക് തിരിഞ്ഞുപോയെന്ന്. ഇടയ്ക്ക് അല്പം ഭജനം വേണ്ടേ? എന്നും ഭോജനം പോരല്ലോ. ;) ഇടയ്ക്കെന്തെങ്കിലും ഒരു പുസ്തകം തുറന്നുനോക്കും. ഫലം എന്താണെന്നറിയാൻ. രാമായണം തുറന്ന്, ഏഴുവരിയോ വാക്കോ ഒക്കെ തള്ളി വായിച്ചുനോക്കിയാൽ അതിലെന്താണുള്ളത് അതുപോലെ ഫലം വരും എന്നു കേട്ടിട്ടുണ്ട്. എനിക്കു പിന്നെ രാമായണം എന്നൊന്നുമില്ല. ഖുറാനായിരിക്കും ചിലപ്പോൾ, ചിലപ്പോൾ ഗീതയായിരിക്കും. ബൈബിൾ ഇവിടെ ഇല്ല. വാങ്ങണം. ഒരു പേജ് നിവർത്തി വായിക്കുക. അതുതന്നെ കാര്യം എന്നുവിചാരിക്കുക.

Labels: ,

13 Comments:

Blogger smitha adharsh said...

പതിവില്ലാതെ,ഇന്നു ഞാന്‍ ഓര്‍ത്ത്തെയുള്ളൂ..ഈ മനസ്സിനെ ജയിക്കുന്നതിനെ പ്പറ്റി..നല്ല പോസ്റ്റ്..
വീണ്ടും,എന്തൊക്കെയോ അത് ഓര്‍മ്മിപ്പിക്കുന്നു..ചിന്തിപ്പിക്കുന്നു.

Sun Nov 23, 12:39:00 am IST  
Blogger Kvartha Test said...

"ആരും വിചാരിക്കേണ്ട ഞാന്‍ പെട്ടെന്ന് ഭക്തിമാര്‍ഗ്ഗത്തിലേക്ക് തിരിഞ്ഞുപോയെന്ന്. ഇടയ്ക്ക് അല്പം ഭജനം വേണ്ടേ? എന്നും ഭോജനം പോരല്ലോ. ;) ഇടയ്ക്കെന്തെങ്കിലും ഒരു പുസ്തകം തുറന്നുനോക്കും. ഫലം എന്താണെന്നറിയാന്‍."

ഭക്തി മാര്‍ഗ്ഗത്തിലേക്ക് തിരിഞ്ഞാല്‍ എന്തോ ഒരു കുഴപ്പം പോലെയാണല്ലോ തോന്നുന്നത്! :-)

സാധാരണ നമ്മുടെ ഇടയില്‍ ഒരു ചിന്തയുണ്ട്, ആത്മീയതയും ലൌകിക ജീവിതവും ഒന്നിച്ചു പോകില്ല എന്ന്. ഭക്തി മാര്‍ഗ്ഗം, ആത്മീയം എന്നൊക്കെ കേട്ടാല്‍ പേടിയാണ് സാധാരണ ജനങ്ങള്‍ക്ക്‌!

ഗീതയുടെ സംഖ്യായോഗം, കര്‍മ്മയോഗം എന്നീ അദ്ധ്യായങ്ങള്‍ മാത്രം ഒന്നിരുത്തി വായിച്ചാല്‍ മനസ്സിലാവും എല്ലാം ഒന്നുതന്നെയെന്ന്‌. ഈ യോഗങ്ങളൊക്കെ ശാന്തിനിറഞ്ഞ, സമാധാനം നിറഞ്ഞ ഒരു ജീവിതത്തിന്‌ വേണ്ടി പറഞ്ഞിരിക്കുന്നതാണ് എന്നാണു ഈയുള്ളവന്‍റെ വിശ്വാസം.

Sun Nov 23, 12:28:00 pm IST  
Blogger സു | Su said...

സ്മിത :)

ശ്രീ @ ശ്രേയസ്സ് :) കുഴപ്പമൊന്നുമുണ്ടായിട്ട് പറഞ്ഞതല്ല. കുഴപ്പമുണ്ടെന്ന് തോന്നുമെന്നു കരുതിയിട്ടും പറഞ്ഞതല്ല. പെട്ടെന്ന് അതിലേക്കു ഓടിപ്പോയി എന്നു വിചാരിക്കേണ്ട എന്നു പറഞ്ഞേയുള്ളൂ. ഭക്തിയുണ്ട്.

Mon Nov 24, 12:33:00 pm IST  
Blogger amantowalkwith@gmail.com said...

അപ്പോ ..follow your heart എന്ന് പറയുന്നതോ ..?
പുതിയ മന്ത്രം ?

Tue Nov 25, 10:24:00 am IST  
Blogger സു | Su said...

amantowalkwith :) അങ്ങനെയാണോ വേണ്ടത്? അതെനിക്കറിയില്ലല്ലോ.

Tue Nov 25, 07:25:00 pm IST  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

This comment has been removed by the author.

Tue Nov 25, 08:45:00 pm IST  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"ബന്ധുരാത്മാത്മനസ്തസ്യ യേനാത്മൈവാത്മനാ ജിതഃ
അനാത്മനസ്തു --"

ബന്ധുഃ ആത്മാ ആത്മനഃ തസ്യ
അക്ഷരപ്പിശകു കണ്ടപ്പോള്‍ ഒന്നു സൂചിപ്പിച്ചു പോയതാണ്‌ (ഞാനെഴുതുന്നതിലും പിശകുകള്‍ ധാരാളമുണ്ടേ- പിന്നെ അതൊരു നിത്യസംഭവമായതുകൊണ്ട്‌ സാരമില്ല , ഇവിടെ അങ്ങനെ അല്ലല്ലൊ അല്ലേ)

വലിയ മഹാകാര്യങ്ങളൊന്നും അറിയില്ലെങ്കിലും ഒരു കാര്യം പറയാം
വിദുരര്‍ പറഞ്ഞ ഈ വാചകം-
"ദിവസേനൈവ തത്‌ കുര്യാത്‌ യേന രാത്രൗ സുഖം വസേത്‌
യാവജ്ജീവേത തത്‌ കുര്യാത്‌ യേനാമുത്ര സുഖം വസേത്‌"

"രാത്രിയില്‍ സമാധാനമായി കിടന്നുറങ്ങാന്‍ സഹായിക്കുന്ന കര്‍മ്മങ്ങള്‍ മാത്രം പകല്‍ ചെയ്യുക, പരലോകജീവിറ്റഹ്ം സുഖകരമാകുന്ന കര്‍മ്മങ്ങള്‍ മാത്രം ജീവിച്ചിരിക്കുമ്പോള്‍ ചെയ്യുക " എന്ന്‌

Tue Nov 25, 09:05:00 pm IST  
Blogger സു | Su said...

പണിക്കർ ജീ :) തിരുത്തിയിട്ടുണ്ട്. നന്ദി.

ചീത്ത കർമ്മങ്ങൾ ചെയ്യാറില്ല. യാതൊരു സമാധാനക്കുറവും ഇവിടെയില്ല. എന്നാലും ചിലപ്പോൾ, മനസ്സ് വളരെ മുഷിപ്പിക്കും. അനാവശ്യചിന്തകളെക്കൊണ്ട്.

Wed Nov 26, 09:25:00 am IST  
Blogger Rose Bastin said...

മനസിനെ ജയിക്കാൻ കഴിഞ്ഞാൽ മനുഷ്യൻ ജയിച്ചു!ആഗ്രഹങ്ങളാണല്ലോ ദു:ഖത്തിനു കാരണം.നല്ലതല്ലാത്ത ആഗ്രഹങ്ങളീൽ നിന്നു മനസിനെ പിന്തിരിപ്പിക്കുമ്പോൾ തനിക്കു മാത്രമല്ല മറ്റുള്ളവർക്കും തന്മൂലമുണ്ടാകേണ്ടിയിരുന്ന ഒരുപാടു പ്രശ്നങ്ങളിൽ നിന്നും മുക്തി നേടുകയാണ്.നന്മയിലേക്കു മനുഷ്യൻ ഒരു ചുവടു വെക്കുമ്പോൾ ഈശ്വരൻ അവന്റെ നേർക്കു പത്തുചുവട് വെക്കും എന്നു പറയുന്നു.നല്ല പുസ്തകം കൈയിൽ എത്തിച്ചു തന്നതു തീർച്ചയായും ഈശ്വരനാണ്!!നല്ല ചിന്തകൾ പങ്കു വെക്കുന്നത് അഭിനന്ദനാ‍ർഹമാണ്!ആശംസകൾ!

Wed Nov 26, 04:19:00 pm IST  
Blogger വല്യമ്മായി said...

സന്തോഷത്തിന്റെ നിമിഷങ്ങളിലൊന്നും ഭക്തിയിലേക്ക് തിരിയാതെടി പതറുമ്പോള്‍ മാത്രം കൈതാങ്ങ്ണ്ടുന്നവരാണ് അധികം പേരും,അങ്ങനെയാണ് താല്‍ക്കലിക ലാഭത്തിനു ആള്‍ദൈവങ്ങളെ പോലുള്ള ഇടനിലക്കാരെ തേടേണ്ടി വരുന്നതും.

നിസ്സാരാരായ നമ്മുടെ ബുദ്ധിക്കും മനസ്സിനുമെല്ലാം പരിമിതികളൂണ്ട്,അത് മറി കടക്കാന്‍ ദൈവത്തിന്റെ സഹായം കൂടിയേ തീരൂ.നല്ല പോസ്റ്റ്.

Wed Nov 26, 11:39:00 pm IST  
Blogger സു | Su said...

റോസ് :) ആഗ്രഹങ്ങളൊന്നും പാടില്ലെന്നായാൽ ശരിയാവില്ല. അത്യാഗ്രഹങ്ങൾ പാടില്ല. അനാവശ്യചിന്തകളും പാടില്ല. അങ്ങനെയൊക്കെ ചിന്തിക്കാൻ മനസ്സിനു കഴിഞ്ഞാൽ എല്ലാവരും വിജയിച്ചു.

വല്യമ്മായീ :) ഭക്തിയില്ലാതിരുന്ന് പെട്ടെന്നൊരു കാര്യം വരുമ്പോൾ, ദൈവത്തിനെ വിളിച്ചിട്ടു കാര്യമില്ല. അപ്പോൾ ആൾദൈവങ്ങളുടെ പിന്നാലെ പോകുന്നതാവും. എല്ലാറ്റിനും മീതെ നമ്മെ നയിക്കാൻ നല്ലൊരു ശക്തിയുണ്ടെന്ന വിചാരം കുഞ്ഞുന്നാളിലേ ഉണ്ടാവണം.

Thu Nov 27, 11:07:00 am IST  
Blogger Kvartha Test said...

ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം കുറേശ്ശെ യായി ഈയുള്ളവന്‍ ശ്രേയസ് ബ്ലോഗ്ഗില്‍ ഇടുന്നുണ്ട്, സമയം കിട്ടുമ്പോള്‍ വായിക്കൂ.

Thu Nov 27, 04:40:00 pm IST  
Blogger സു | Su said...

ശ്രീ :) തീർച്ചയായും സമയം കിട്ടുമ്പോഴൊക്കെ വായിക്കാം.

Sun Nov 30, 01:37:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home