Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, December 19, 2012

കുചേലദിനം


ഇന്ന് ധനുമാസത്തിലെ മുപ്പെട്ട ബുധനാഴ്ച. ആദ്യത്തെ ബുധനാഴ്ച. ഇന്ന് കുചേലദിനം ആണ്. കൃഷ്ണഭഗവാന്റെ സുഹൃത്തും ഭക്തനുമായിരുന്ന കുചേലന് ഭഗവാൻ ഐശ്യര്യം കൊടുത്ത ദിനം ആണിന്ന്. കൃഷ്ണനും കുചേലനും സഹപാഠികളും നല്ല സുഹൃത്തുക്കളും ആയിരുന്നു. സാന്ദീപനിമുനിയുടെ ഗുരുകുലത്തിൽ ഒരുമിച്ചാണ് അവർ വിദ്യ അഭ്യസിച്ചിരുന്നത്. വിദ്യാഭ്യാസത്തിനുശേഷം അവർ രണ്ടുവഴിക്കു പിരിഞ്ഞു. വർഷങ്ങൾ കഴിഞ്ഞു.

സുദാമാവ് അഥവാ കുചേലൻ കുടുംബത്തോടൊത്ത് ജീവിക്കാൻ തുടങ്ങി. അദ്ദേഹത്തിനു ഭയങ്കര കഷ്ടപ്പാട് ആയിരുന്നു. ദാരിദ്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തോടു പറഞ്ഞു, കൃഷ്ണൻ നിങ്ങളുടെ സുഹൃത്തല്ലേ, അദ്ദേഹം വലിയ സുഖസൌകര്യങ്ങളോടുകൂടിയല്ലേ ജീവിക്കുന്നത്, അവിടെപ്പോയി സഹായം ചോദിച്ചാൽ അദ്ദേഹം സഹായിക്കില്ലേ, നമ്മുടെ കഷ്ടപ്പാട് തീരില്ലേന്ന്.

മടിച്ചുമടിച്ചാണെങ്കിലും കുചേലൻ സമ്മതിച്ചു. കൃഷ്ണനെക്കാണാൻ പോവാംന്ന്. പക്ഷേ, സുഹൃത്തിനെക്കാണാൻ പോകുമ്പോൾ എന്തെങ്കിലുമൊന്ന് കൊടുക്കാൻ കൊണ്ടുപോകേണ്ടേ? ഒന്നുമില്ല വീട്ടിൽ. അദ്ദേഹത്തിന്റെ ഭാര്യ അടുത്തുള്ളവരോടെല്ലാം പോയി ചോദിച്ച് കുറച്ചു നെല്ലു കൊണ്ടുവന്ന് ഇടിച്ച് അവിലുണ്ടാക്കി. അതും പൊതിഞ്ഞ് കൊടുത്തു കുചേലനെ യാത്രയാക്കി.

സുദാമാവ് എത്തിയതുകണ്ട് കൃഷ്ണനു സന്തോഷമായി. കൃഷ്ണന്റെ കൊട്ടാരത്തിൽ എത്തിയ കുചേലൻ അവിടെയെല്ലാം നോക്കിക്കണ്ടു. കൃഷ്ണനോടു പഴയ കാര്യങ്ങളൊക്കെപ്പറഞ്ഞ് സ്നേഹവും സൌഹൃദവും പങ്കുവെച്ചു. കൊണ്ടുവന്ന അവിൽ കൊടുക്കാൻ കുചേലനു മടി തോന്നി. കൊടുക്കാതെ ഇരുന്നു. ഒടുവിൽ കൃഷ്ണൻ ചോദിച്ചു, എനിക്കെന്താ കൊണ്ടുവന്നത് എന്ന്. അങ്ങനെ അവിൽ കണ്ടു. കൃഷ്ണനു സന്തോഷമായി. ഒരുപിടി അവിൽ എടുത്തു തിന്നു. വീണ്ടും തിന്നാൻ ഭാവിച്ചപ്പോൾ രുക്മിണി തടഞ്ഞു. ആദ്യത്തെ പ്രാവശ്യം തിന്നപ്പോൾത്തന്നെ കുചേലനു വേണ്ട സഹായം കൊടുത്തുകഴിഞ്ഞിരുന്നു. പിന്നെയും കഴിച്ചാൽ സാക്ഷാൽ മഹാലക്ഷ്മിയായ രുക്മിണി, കുചേലന്റെ വീട്ടിലെത്തും.

കുചേലൻ ശ്രീകൃഷ്ണനോട് ഒരു സഹായവും ചോദിച്ചില്ല. കൃഷ്ണനോടൊപ്പം കഥയും കാര്യവും പറഞ്ഞ് അവിടെ ഒരുദിവസം നിന്ന്, പിറ്റേന്ന് തിരിച്ചുവീട്ടിലേക്കു പുറപ്പെട്ടു. നടന്നുനടന്ന് വീടിനടുത്ത് എത്തിയപ്പോഴാണ് അത്ഭുതം. കുടിൽ കാണുന്നില്ല. അതിനുപകരം കൊട്ടാരം കാണുന്നു. അമ്പരന്നുപോയ കുചേലൻ അവിടെ എത്തിയപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയെ കണ്ടു. സന്തോഷത്തിൽ നിൽക്കുന്നു. വീട്ടിൽ എല്ലാ സൌകര്യങ്ങളും വന്നുവെന്നും ദാരിദ്ര്യം മാറിയെന്നും കുചേലൻ മനസ്സിലാക്കി.

കൃഷ്ണനെ കാണാൻ പോയിട്ട്, കൃഷ്ണൻ അനുഗ്രഹിച്ചതുകൊണ്ടാണ് ഈ സമ്പൽ‌സ‌മൃദ്ധി വന്നതെന്ന് കുചേലനു മനസ്സിലായി. അവർ പിന്നീട് സുഖമായി ജീവിച്ചു.

കുചേലദിനത്തിൽ അമ്പലത്തിൽ അവിലു നിവേദിക്കുമെന്നും, കുചേലദിനത്തിൽ കോടിയുടുക്കണമെന്നും, അമ്മയാണ് പറഞ്ഞത്.

 “ഒരുപിടിയവിലുമായ് ജന്മങ്ങൾ താണ്ടി ഞാൻ വരികയായ് ദ്വാരക തേടി, ഗുരുവായൂരപ്പനെ തേടി” എന്ന ഭക്തിഗാനം കേട്ടിട്ടില്ലേ? ഇല്ലെങ്കിൽ കേട്ടൂടേ?

Labels: ,

Monday, April 18, 2011

ഉറപ്പാണ്

കണ്ണാ...
കരിനീലവർണ്ണാ...
കള്ളച്ചിരിയുമായ് നിൽക്കുന്ന,
കാർവർണ്ണാ...

അഴൽ, കണ്ണീരായൊഴുകുമ്പോൾ,
സാന്ത്വനിപ്പിക്കുവാൻ,
കണ്ണാ നീയെൻ അരികിൽ വരും.

ചിരിച്ചുല്ലസിയ്ക്കുമ്പോൾ,
കൂടെച്ചിരിയ്ക്കുവാൻ,
കണ്ണാ നീയെൻ അരികിൽ വരും.

തളർന്നു വീഴുമ്പോൾ,
താങ്ങായി മാറുവാൻ,
കണ്ണാ നീയെൻ അരികിൽ വരും.

കാലിടറീടുമ്പോൾ,
കൈയൊന്നു നീട്ടുവാൻ,
കണ്ണാ നീയെൻ അരികിൽ വരും.

ഗോക്കൾ തൻ പിന്നാലെയോടിത്തളരുമ്പോൾ,
വെണ്ണ കട്ടുണ്ടിട്ടു വയറുനിറയുമ്പോൾ,
കൂട്ടുകാരൊത്തു കളിച്ചുതളരുമ്പോൾ,
കണ്ണാ നീയെന്റെയരികിൽ വരും.

കണ്ണാ...
മഴമേഘവർണ്ണാ...

Labels:

Monday, July 26, 2010

സീതാരാമവിവാഹം

“വില്ലെടുക്കാമോ കുലച്ചീടാമോ വലിക്കാമോ?
ചൊല്ലുകെ”ന്നതു കേട്ടു ചൊല്ലിനാൻ വിശ്വാമിത്രൻ
“എല്ലാമാമാകുന്നതു ചെയ്താലും മടിക്കേണ്ട
കല്യാണമിതുമൂലം വന്നുകൂടുമല്ലോ”
മന്ദഹാസവും പൂണ്ടു രാഘവനതുകേട്ടു
മന്ദമന്ദം പോയ്ചെന്നു നിന്നുകണ്ടിതു ചാപം
ജ്വലിച്ചതേജസ്സോടുമെടുത്തു വേഗത്തോടെ
കുലച്ചു വലിച്ചുടൻ മുറിച്ചു ജിതശ്രമം
നിന്നരുളുന്ന നേരമീരേഴുലോകങ്ങളു-
മൊന്നു മാറ്റൊലിക്കൊണ്ടു വിസ്മയപ്പെട്ടു ജനം.
പാട്ടുമാട്ടവും കൂത്തും പുഷ്പവൃഷ്ടിയുമോരോ
കൂട്ടമേവാദ്യങ്ങളും മംഗലസ്തുതികളും
ദേവകളൊക്കെപ്പരമാനന്ദം പൂണ്ടു ദേവ-
ദേവനെ സ്തുതിക്കയുമപ്സരസ്ത്രീകളെല്ലാം
ഉത്സാഹം കൈക്കൊണ്ടു വിശ്വേശ്വരനുടെ വിവാ-
ഹോത്സവാരംഭാഘോഷം കണ്ടു കൗതുകം പൂണ്ടാർ
ജനകൻ ജഗത്സ്വാമിയാകിയ ഭഗവാനെ
ജനസംസദിഗാഢാശ്ലേഷവും ചെയ്താനല്ലോ
ഇടിവെട്ടീടുംവണ്ണം വിൽമുറിഞ്ഞൊച്ചകേട്ടു
നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ
മൈഥിലി മയില്‍പ്പേടപോലെ സന്തോഷം പൂണ്ടാൾ
കൗതുകമുണ്ടായ്‌വന്നു ചേതസികൗശികനും
മൈഥിലി തന്നെപ്പരിചാരികമാരും നിജ
മാതാക്കന്മാരും കൂടിനന്നായിച്ചമയിച്ചാ‍ർ
സ്വർണ്ണവർണ്ണത്തെപ്പൂണ്ട മൈഥിലി മനോഹരി
സ്വർണ്ണഭൂഷണങ്ങളുമണിഞ്ഞു ശോഭയോടെ
സ്വർണ്ണമാലയും ധരിച്ചാദരാൽ മന്ദമന്ദ-
മർണ്ണോജനേത്രൻ മുമ്പിൽ സത്രപം വിനീതയായ്
വന്നുടൻ നേത്രോല്പലമാലയുമിട്ടാൾ മുന്നേ
പിന്നാലെ വരണാർത്ഥ മാലയുമിട്ടീടിനാൾ
മാലയും ധരിച്ചു നീലോല്പല കാന്തിതേടും
ബാലകൻ ശ്രീരാമനുമേറ്റം വിളങ്ങിനാൻ
ഭൂമിനന്ദനയ്ക്കനുരൂപനായ് ശോഭിച്ചീടും
ഭൂമിപാലക ബാലൻ തന്നെക്കണ്ടവർകളും
ആനന്ദാംബുധി തന്നിൽ വീണുടൻ മുഴുകിനാർ
മാനവവീരൻ വാഴ്കെന്നാശിയും ചൊല്ലീടിനാർ.


ശ്രീരാമനേയും സീതയേയും ഞാൻ വണങ്ങുന്നു.

(അദ്ധ്യാത്മരാമായണത്തിൽ നിന്നും ഈ രാമായണമാസത്തിൽ.)

Labels: , , ,

Monday, June 07, 2010

മഹാലക്ഷ്മിയും ചെരുപ്പും

എല്ലാം വളരെപ്പെട്ടെന്നായിരുന്നു. കോലാപ്പൂരുവരെ വരെ പോയി വന്നു. കൂട്ടുകാരിയുടെ കൂടെ. അവരുടെ ആവശ്യത്തിന്. ഞങ്ങൾ രണ്ടുപേരും മാത്രം അങ്ങനെയൊരു ദൂരയാത്ര ആദ്യമായിട്ട് ആണ്. എന്നാലും യാത്രയിൽ വല്യ പ്രശ്നങ്ങളൊന്നുമുണ്ടായില്ല. കോലാപ്പൂരിലേക്ക് പോകാൻ ബംഗലൂരുവിൽ നിന്ന് ബസ്സിലോ ട്രെയിനിലോ കയറുന്നതാവും സൗകര്യം. ബസ്സിന് ചുരുങ്ങിയത് പന്ത്രണ്ട് - പതിനാലു മണിക്കൂർ വേണം. അല്ലെങ്കില്‍പ്പിന്നെ മീറജ് എന്ന സ്ഥലത്തേക്കുപോകുന്ന ട്രെയിനിൽ കയറാം. എറണാകുളത്തുനിന്ന് പൂനയ്ക്കു പോകുന്ന ട്രെയിൻ ഉണ്ട്. അത് മീറജ് വഴി പോകും. മീറജിൽ നിന്ന് സാം‌ഗ്ലി അടുത്താണ്. അരമണിക്കൂർ മതിയാവും. സാംഗ്ലിയിൽ നിന്ന് രണ്ട് മണിക്കൂറു കൊണ്ടു കോലാപ്പൂരിൽ എത്താം. ഏകദേശക്കണക്ക് പറഞ്ഞെന്നേയുള്ളൂ. സ്വന്തം വാഹനത്തിലാണെങ്കിൽ ചോദിച്ചുചോദിച്ചു പോകേണ്ടിവരും.

മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ പ്രശസ്തമായതിൽ രണ്ടു കാര്യങ്ങളാണ് അവിടെയുള്ള മഹാലക്ഷ്മി അമ്പലവും, ചെരുപ്പും. അമ്പലത്തിന്റെ കാര്യം പറയുകയാണെങ്കിൽ വല്യൊരു അമ്പലമാണ്. ബസ്‌സ്റ്റാൻഡിൽ നിന്ന് ഓട്ടോറിക്ഷയ്ക്ക് പോകാനുള്ള ദൂരമേയുള്ളൂ. അംബാബായി അമ്പലം എന്നും അവർ പറയുന്നുണ്ട്. പണ്ട് അതു ജൈനന്മാരുടെ അമ്പലം ആയിരുന്നത്രേ. അവിടെത്തന്നെയാണ് മഹാലക്ഷ്മിക്ഷേത്രം ആയത്. അമ്പലത്തിന്റെ ചുവരിലൊക്കെ നല്ല കൊത്തുപണികൾ ഉണ്ട്. വേറെയും ഉപദേവന്മാരും ദേവികളും ഒക്കെ ചെറിയ ചെറിയ സ്ഥലങ്ങളിൽ ഉണ്ട്. അവിടെ വെള്ളികൊണ്ടുള്ള രഥം കണ്ടു. ഒരു സ്ഥലത്ത് പുരയിൽ മറച്ചുവെച്ചിട്ടാണുള്ളത്. ഉത്സവത്തിനുമാത്രം പുറത്തെടുക്കുന്നതായിരിക്കും. തിരുപ്പതിയിൽ ദർശനത്തിനുപോകുന്നവർ ഇവിടെയും വന്നിട്ട് ദർശനം നടത്തിയിട്ട് പോകുമത്രേ. തിരുപ്പതിയിൽനിന്നും കോലാപ്പൂരിലേക്ക് പോകുന്ന ട്രെയിനിന് ഹരിപ്രിയ എക്സ്പ്രസ്സ് എന്നാണത്രേ പേര്. (വിഷ്ണു)ഹരിയുടെ പ്രിയ(മഹാലക്ഷ്മി) ആണല്ലോ ഇവിടെയുള്ളത്. നല്ല തിരക്കാണ് എല്ലാദിവസവും എന്നു തോന്നുന്നു. കുറേ മൊട്ടകളേയും കണ്ടു. തിരുപ്പതിയിൽ നിന്നു വന്നവർ. സ്ത്രീകളും കുട്ടികളും പുരുഷന്മാരും. ഫോട്ടോയെടുക്കുന്നതിൽ വിലക്കുണ്ട്. ദർശനത്തിനു ക്യൂവും ഉണ്ട്.

പിന്നെയുള്ളത് ചെരുപ്പാണ്. കോലാപ്പൂരി ചെരുപ്പ് പ്രസിദ്ധമാണ്. ടൗണിൽ ഒരു സ്ഥലത്ത് രണ്ടുഭാഗത്തും ചെരുപ്പുകടകളാണ്. വില നാനൂറ്, മുന്നൂറ് എന്നൊക്കെപ്പറയും നൂറിന്റെ കൂടെ കുറച്ച് ചില്ലറ കൂട്ടിയിട്ട് തരും എന്നേ അങ്ങോട്ട് പറയാവൂ. അവസാനം, അവർ, ഞങ്ങൾക്ക് നഷ്ടമാണ്, എന്നാലും തന്നേക്കാം എന്ന ഭാവത്തിൽ തരും. തുകൽ കൊണ്ടുള്ളതാണ്. ഒട്ടും വെള്ളം അതിൽ ആവാൻ പാടില്ല. നല്ല ഭംഗിയുണ്ട് എന്തായാലും. ഞാൻ രണ്ടുജോടി വാങ്ങി. ചെരുപ്പുകൾ മഞ്ഞ, വെള്ള, ബ്രൗൺ നിറത്തിൽ ഉണ്ട്. പലതരത്തിൽ. ഇനി മഴ കഴിഞ്ഞിട്ടുവേണം അതൊന്ന് പുറത്തെടുക്കാൻ.

പിന്നെ, കോലാപ്പൂരിൽ ഉള്ളത് റംഗ്‌ലാ താലാബ് ആണ്. അതൊരു വല്യ കുളം ആണ്. അതിനു ചുറ്റും ലൈറ്റിംഗ് ഒക്കെയുണ്ട്. രാത്രി നല്ല ഭംഗിയുണ്ട് അതു കാണാൻ. അതിനടുത്ത് ശാലിനി പാലസ് ഉണ്ട്. അതിപ്പോൾ ഒരു ഹോട്ടലാണ്. അവിടെ പണ്ട് സിനിമാഷൂട്ടിംഗ് ഒക്കെ നടക്കുമായിരുന്നത്രേ. കുളത്തിന്റെ അടുത്ത് താഴെ റോഡിൽ ചുറ്റും തട്ടുകടകൾ പോലെയുള്ള കടകൾ ഉണ്ട്. അവിടെ ഭക്ഷണം കഴിക്കാം.

ഞങ്ങൾ സാംഗ്ലി (Sangli) എന്ന സ്ഥലത്തു പോയി. അവിടെ നല്ല സ്വർണ്ണം കിട്ടും എന്നുപറഞ്ഞു. സ്വർണ്ണത്തിനൊക്കെ എന്താ വില! പിന്നെ, കള്ളനു കഞ്ഞിവയ്ക്കൽ എന്റെ ജോലിയുമല്ലല്ലോ. അവിടെ പ്രസിദ്ധമായത് ഗണപതി ക്ഷേത്രമാണ്. വളരെ പുരാതനക്ഷേത്രമാണ്. അതും ബസ്‌സ്റ്റാൻഡിൽ നിന്ന് ഓട്ടോയ്ക്കുള്ള ദൂരം. അമ്പലത്തിൽ പ്രധാനദൈവം ഗണപതിയാണ്. പിന്നെ സൂര്യനാരായണൻ, ലക്ഷ്മീനാരായണൻ, ചിന്താമണീശ്വരി, ചിന്താമണീശ്വരൻ എന്നിവരുടെയൊക്കെ ചെറിയ ചെറിയ അമ്പലങ്ങളും അതിനുള്ളിൽത്തന്നെ ഉണ്ട്. ചിന്താമണീശ്വരന്, മഹാദേവൻ എന്നാണ് ഒരു സ്ത്രീ പറഞ്ഞുതന്നത്. വല്യ അമ്പലമാണ്. ഞങ്ങൾ രണ്ടുസ്ത്രീകൾ മാത്രമായതുകൊണ്ട് ലഗ്ഗേജ് കുറയ്ക്കാമെന്നു കരുതി അത്യാവശ്യം വസ്ത്രങ്ങൾ മാത്രമേ എടുത്തുള്ളൂ. ക്യാമറ എടുക്കാമായിരുന്നു എന്നു പലയിടത്തും തോന്നി.

പിന്നെ ഒരു ജൈനക്ഷേത്രത്തിൽ പോയി. ദിഗംബരജൈനന്മാരുടെ ക്ഷേത്രമാണ്. ഉദ്‌ഗാവ് എന്ന സ്ഥലത്ത്. അവിടെ കുറേ ജൈനമുനിമാർ ഉണ്ട്. സന്യാസിനിമാരും. അവിടെ ഒരു സ്വാമിജി ഉണ്ട്. കുറേ വയസ്സായിട്ടുണ്ട്. അദ്ദേഹം കുറേക്കാലമായി വെറും മോരു കുടിച്ചാണത്രേ ജീവിക്കുന്നത്. ഒരു വർഷത്തിൽ അധികമായി. ജൈനന്മാരുടെ സന്യാസം കഠിനമാണ്. അവർ സൂര്യാസ്തമയത്തിനുശേഷം ഭക്ഷണം കഴിക്കില്ല. പൊതുവേ ജൈനമതത്തിൽ വിശ്വസിക്കുന്നവരിൽ പലരും അങ്ങനെയാണ്. ഇരുട്ടുന്നതിനുമുമ്പ് ഭക്ഷണം കഴിക്കും. ചില സന്ന്യാസിമാരും, സന്ന്യാസിനിമാരും, രണ്ടുകൈയും കൂട്ടി നിവർത്തിപ്പിടിച്ച് അതിൽ കൊള്ളുന്ന ഭക്ഷണമാണത്രേ കഴിക്കുക. അവരുടെ കൈയിൽ കമണ്ഡലു പോലെ ഒരു പാത്രം ഉണ്ട്. അതിൽ ഒരു ദിവസം രാവിലെ വെള്ളമെടുത്താൽ ആ വെള്ളം കൊണ്ട് രാത്രി വരെയുള്ള ആവശ്യങ്ങളെല്ലാം (കൈ കഴുകുക, മുഖം കഴുകുക, വായ കഴുകുക, കാലു കഴുകുക തുടങ്ങിയവ തീർക്കണമത്രേ). അവർ കുളിക്കില്ല, ചൂടുവെള്ളംകൊണ്ട് മേലൊക്കെ തുടച്ചുവൃത്തിയാക്കുകയാണത്രേ ചെയ്യുക. എന്തും കുറച്ചുപയോഗിക്കുക എന്ന തത്ത്വം ആയിരിക്കും അവർക്ക്.

പിന്നെ ഞങ്ങൾ താമസിച്ച വീടിനടുത്തും ഒരു ജൈനക്ഷേത്രത്തിൽ പോയി. അവിടെ പൂജ ചെയ്യുന്ന ആളുടെ മകളായിരുന്നു ഉണ്ടായിരുന്നത്. പിന്നെ പൂജാരി വന്നു. പൂജയിൽ സഹായി ആയിട്ട് അവളായിരുന്നു ഉണ്ടായിരുന്നത്. നമ്മുടെ നാട്ടിലെ ക്ഷേത്രങ്ങളിൽ അങ്ങനെയൊരു പതിവില്ലല്ലോ.

ഞങ്ങൾ പോയ സ്ഥലത്തെ വീട്ടിൽ ഒരു മുത്തശ്ശിയുണ്ടായിരുന്നു. അവിടത്തെ ഗൃഹനാഥന്റെ പെങ്ങൾ. അവർ എന്നോട് കുറേ കാര്യങ്ങൾ പറഞ്ഞു. കുറേ ആംഗ്യഭാഷയിലാണ്. എനിക്കു മറാത്തി ശരിക്കും അറിയില്ലല്ലോ. അവർക്ക് തൊണ്ണൂറ് വയസ്സുണ്ട്. പക്ഷേ നല്ല ആരോഗ്യം. നിർത്താതെ വർത്തമാനം പറയും. അവരുടെ കൊച്ചുമോളെപ്പോലെത്തോന്നിയതുകൊണ്ടാണ് എന്നോടിത്ര കാര്യം എന്നു പറഞ്ഞു. കാമം, ക്രോധം, മോഹം ഇവയൊക്കെ നമ്മുടെ ശത്രുക്കളാണെന്ന് ഇടയ്ക്കിടയ്ക്ക് പറഞ്ഞു. നല്ല ഭക്തിഗാനങ്ങളും പാടി. അവർക്ക് നല്ല മുടിയുണ്ടായിരുന്നു എന്ന് എന്റെ എലിവാൽമുടി തൊട്ടുകാണിച്ചിട്ട് പറഞ്ഞു. എല്ലാവരും പറഞ്ഞു, അവർക്ക് നല്ല കട്ടിയുള്ള, നീളമുള്ള മുടിയുണ്ടായിരുന്നു എന്ന്. എനിക്കവരുടെ വീട്ടിൽ നിന്ന് സമ്മാനങ്ങളൊക്കെ തന്നു. സാരി, ബ്ലൗസ്പീസുകൾ ഒക്കെ. അതൊക്കെ കുറച്ചുദിവസം കഴിഞ്ഞാൽ നശിച്ചുപോകും. പക്ഷേ ഒരിക്കലും നശിക്കാത്തതായ, എത്ര പൈസ കൊടുത്താലും കിട്ടാത്ത ഒരുപാട് സ്നേഹവും വാത്സല്യവുമാണ് ആ വീട്ടുകാർ എനിക്കുതന്നത്. തിരിച്ചുവരാൻ ഒരുങ്ങിയപ്പോൾ, ഇനിയെപ്പോ വരും എന്നു എല്ലാവരും ചോദിച്ചു. ദൈവത്തിനുമാത്രം ഉത്തരം അറിയാവുന്നത്!

Labels: ,

Thursday, May 06, 2010

ഷിർദ്ദിസായിബാബയുടെ സന്നിധിയിൽ



ഷിർദ്ദി(Shirdi). ഷിർദ്ദി സായിബാബയുടെ നാട്. സായിബാബയുടെ സന്നിധിയിലേക്കാവട്ടെ ഇത്തവണ യാത്രയെന്ന് കരുതി. ഷിർദ്ദിസായിബാബ ആദ്യം ഞങ്ങളുടെ വീട്ടിലെത്തിയത് ഒരു കലണ്ടർ രൂപത്തിലാണ്. ചേട്ടന്റെ കൂടെ ജോലി ചെയ്യുന്ന ഒരാളുടെ അടുത്ത ബന്ധു എപ്പോഴും ഷിർദ്ദി സന്ദർശിക്കാറുണ്ടത്രേ. അങ്ങനെ ഒരു കലണ്ടർ വീട്ടിൽ വന്നു. സായിബാബയുടെ ചിത്രവുമായി. കഴിഞ്ഞവർഷം. അതിനുമുമ്പേ കുറച്ച് കേട്ടിട്ടുണ്ട്. അത്രതന്നെ. ഒരിക്കൽ പോയിക്കാണണമെന്ന് മനസ്സിൽ കരുതുകയും ചെയ്തു. അതിന്റെ സമയം ആയത് ഇപ്പോഴാണ്.

ഷിർദ്ദി എന്ന സ്ഥലം മഹാരാഷ്ട്രയിലാണ്. ഹിന്ദിക്കാരൊക്കെ പറയുക ശിർദ്ദി എന്നും ശിട്ദി/ഷിട്ദി എന്നുമാണ്. അഹ്‌മദ്നഗറിൽ നിന്ന് എൺപത്തിരണ്ട് കിലോമീറ്റർ വരും. അഹ്‌മദ് നഗറിലേക്ക് പൂനയിൽ നിന്ന് ഏകദേശം മൂന്ന് മണിക്കൂർ എടുക്കും. 120 കിലോമീറ്റർ ഉണ്ടാവും. ഔറംഗാബാദിൽ നിന്നാണെങ്കിൽ ഷിർദ്ദിയ്ക്ക് നൂറ്റിപ്പത്ത് കിലോമീറ്റർ വരും. മുംബൈയിൽ നിന്ന് 260 കിലോമീറ്റർ വരും. കോപ്പർഗാവ് (Kopergaon) എന്ന റെയിൽ‌വേസ്റ്റേഷൻ ആണ് അടുത്ത്. 16 കിലോമീറ്റർ വരും. പിന്നെ മൻ‌മഡ് (Manmad) എന്ന സ്ഥലത്തെ റെയിൽ‌വേസ്റ്റേഷൻ. അത് 58 കിലോമീറ്റർ ദൂരത്താണ്. (ഒക്കെ ഒരു ഏകദേശക്കണക്കാണ്. ദൂരം അല്പം വ്യത്യാസമുണ്ടാവും).

ഞങ്ങൾ ഷിർദ്ദി ടൗണിൽ എത്തി. ഒരു ഹോട്ടലിൽ മുറിയെടുത്തു. ടൗണിൽ ഷിർദ്ദിസായി ബാബയുടെ സന്നിധിമന്ദിരത്തിന്റെ അടുത്തൊക്കെ ഇഷ്ടം പോലെ ഹോട്ടലുകളുണ്ട്. സായിബാബയുടെ ട്രസ്റ്റിന്റെ വകയായിട്ടുള്ള റൂമുകളും കിട്ടും. ആ മുറികൾ ഒന്നോ രണ്ടോ ദിവസം ഫ്രീ ആണെന്നു തോന്നുന്നു. ബസ്‌സ്റ്റാൻഡിനു മുന്നിൽ അവരുടെ ഒരു ഓഫീസ് ഉണ്ട് അവരോടു ചോദിച്ചാൽ മതി. അല്ലെങ്കിലും ആരോടെങ്കിലും ചോദിച്ചാൽ മതി.

കുളിച്ച് ഭക്ഷണം കഴിച്ച് ബാബയുടെ മന്ദിരത്തിലേക്ക് പോയത് ഇരുവശത്തും കടകൾ ഉള്ള വഴിയിൽക്കൂടെ ആയിരുന്നു. പ്രധാനഗേറ്റുകൾ റോഡിൽ നിന്നു തന്നെ കാണാം. ഞങ്ങൾ അതിന്റെ ഒരു വശത്തുനിന്ന് പോയതുകൊണ്ട് കടകൾ ഉള്ള വശത്തുകൂടെ ആയി. അവിടെ ഒരു കടയിൽ ചെരുപ്പുകൾ ഏല്‍പ്പിക്കാൻ അവർ നിർബ്ബന്ധിച്ചു. അവിടെനിന്നുതന്നെ ബാബയുടെ മുന്നിൽ അർപ്പിക്കാനുള്ള പൂക്കൾ, മാലകൾ, പൂജാവസ്തുക്കൾ എന്നിവയൊക്കെ ഒരു കവറിൽ ഇട്ടുതന്നു. അല്പം നടന്നപ്പോൾ, മൊബൈൽ ഫോണും ക്യാമറയും ഏല്‍പ്പിക്കാനുള്ള സ്ഥലവും, ചെരുപ്പുകൾ വാങ്ങിവച്ച ആൾ തന്നെ ഞങ്ങളെ കാണിച്ചുതന്നു. എന്റെ കൈയിൽ ഉണ്ടായിരുന്ന ബാഗ് കൈയിൽത്തന്നെ വെച്ചാൽ കുഴപ്പമൊന്നുമില്ലല്ലോന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോൾ ഫോണും ഓഫ് ചെയ്ത് ഇതിൽത്തന്നെ വെച്ചോട്ടേന്ന് ചോദിച്ചു. വെറുതെ ഒന്നു പറഞ്ഞുനോക്കിയതാണ്. അതു പറ്റില്ലെന്ന് അയാൾ തീർത്തു പറഞ്ഞു. അങ്ങനെ ഫോണുകൾ, ക്യാമറ ഒക്കെ അവിടെ ഏല്‍പ്പിച്ചു, കൂപ്പൺ വാങ്ങി.

പിന്നെ ഞങ്ങൾ ഒരു ഗേറ്റിൽക്കൂടെ അകത്തു കടന്നു. ഫോൺ അവിടെ വെച്ചത് നന്നായെന്ന് തോന്നി. അവിടെയുള്ള സെക്യൂരിറ്റി സ്ത്രീ ബാഗ് തുറന്ന് പരിശോധിച്ചു. ഒക്കെ അവിടെ ഏല്‍പ്പിച്ചെന്ന് പറഞ്ഞിട്ടും നോക്കി. അങ്ങനെയാണല്ലോ വേണ്ടതും.

അവിടെ കടന്നപ്പോൾ നിലത്ത് ഭയങ്കര പൊള്ളുന്ന ചൂട്. കാലു പൊള്ളിപ്പോയി. ആദ്യം ഒരു ക്യൂവിൽ നിന്നു. അവർ എങ്ങോട്ടാണ് പോകുന്നതെന്ന് മനസ്സിലാകാത്തതുകൊണ്ട് ക്യൂ മാറി. അവിടെ നോക്കിയപ്പോൾ പ്രസാദത്തിനുള്ള ക്യൂ. പായസം പോലെയുള്ളത്. ദർശനം പോലുമില്ലാതെ പ്രസാദം വാങ്ങിക്കഴിക്കാനോയെന്ന് വിചാരിച്ച് മൂന്നാമതൊരു ക്യൂവിലേക്ക് വീണ്ടും മാറിനിന്നു. അത് ബാബ കൊടുത്തിരുന്ന “ഉഡി” എന്ന പ്രസാദത്തിന്റെ ക്യൂ ആയിരുന്നു. ഭസ്മം പോലെയുള്ളത്. അതിന്റെ ക്യൂവിൽ നിന്ന് അതു വാങ്ങി എന്തായാലും. ഒരു ചെറിയ പായ്ക്കറ്റിൽ രണ്ടു നുള്ള് “ഉഡി”. എല്ലാ കൗണ്ടറുകളുടെയും മുന്നിൽ എന്തൊക്കെയാണെന്ന് എഴുതിവെച്ചിട്ടുണ്ട്. തിരക്കിൽ ഞങ്ങൾ ശ്രദ്ധിക്കുന്നത് അതിന്റെ മുന്നിലെത്തുമ്പോഴാണ്. പ്രസാദം കൗണ്ടറിന്റെ അടുത്തായിട്ടാണ് അബ്ദുൾബാബയുടെ സമാധിസ്ഥാനം. അബ്ദുൾബാബ, ഷിർദ്ദിബാബയുടെ അനുയായി/ഭക്തൻ ആയിരുന്നു. അദ്ദേഹത്തോടൊപ്പം കഴിഞ്ഞയാൾ. അവിടെ ഞങ്ങൾ ആദ്യം കയറിയില്ല. പിന്നെയും മതിൽക്കെട്ടിനുള്ളിൽ കുറച്ചു ചുറ്റിനടന്നു. ബുക്കുകൾ, പ്രസാദങ്ങൾ ഒക്കെയായിട്ട് ചെറിയ ചെറിയ വിഭാഗങ്ങൾ ഉണ്ട്, ഓരോ വരാന്തകളിലും. അതൊക്കെ നോക്കിവച്ചു. പിന്നെ കയറിവന്ന ഗേറ്റിൽക്കൂടെ പുറത്തിറങ്ങി. കുറച്ച് മുന്നോട്ട് നടന്നു. അതിനിടയ്ക്ക് രണ്ടുപേരോട് ചോദിക്കുകയും ചെയ്തു.

അങ്ങനെ ദർശനത്തിന്റെ ക്യൂ അടുത്ത ഗേറ്റിൽ കണ്ടുപിടിച്ചു. രണ്ടാം നമ്പർ ഗേറ്റ്. അധികം ആളുകൾ ഇല്ലായിരുന്നു. മൂന്ന് നിരയായിട്ടാണ് ക്യൂ നിൽക്കേണ്ടത്. നമുക്ക് തിരക്കുണ്ടെങ്കിൽ,ആൾക്കാരെ കടത്തിവിടുമ്പോൾ, ആളുകൾ നടക്കുമ്പോൾ, മുന്നിലേക്ക് പോകുകയും ചെയ്യാം. വേഗം വേഗം നടന്നാൽ മതി. ഇടയ്ക്ക് നടത്തം നിർത്തും. അവിടെ എന്തെങ്കിലും പൂജ നടക്കുന്നതുകൊണ്ടാവും. കെട്ടിടത്തിന്റെ ഉള്ളിലേക്ക് കയറിയാൽ അവിടെ വളഞ്ഞ്പുളഞ്ഞ് കുറേ നിരകളായിട്ട് ക്യൂ നിൽക്കുന്നുണ്ടാവും. ഇടയ്ക്ക് പടികൾ ഉണ്ട്. ക്യൂ നിൽക്കുന്ന മുറികളിലൊക്കെ ഫാൻ ഉണ്ട്. ക്യാമറ ഉണ്ട്. ടിവി ഉണ്ട്. അതിൽ നമ്മളേയും ഇടയ്ക്ക് കാണിക്കും.
ക്യൂ നിൽക്കുന്നിടത്തുതന്നെ ബെഞ്ചുകളുണ്ട്. വയ്യാത്തവർക്ക് ഇരിക്കാം, കിടക്കാം. സ്റ്റീലിന്റെ ബെഞ്ച്. ഇടയ്ക്ക് വേലി പോലെ കെട്ടിയിട്ടുണ്ട്. കുട്ടികളെയൊക്കെ ക്യൂവിൽ നിർത്താതെ വേലിക്കു മുകളിലൂടെ അപ്പുറത്തെ ബെഞ്ചിലേക്ക് വിടാം. ചില വല്യവരും അങ്ങനെ കയറിമറിയുന്നത് കണ്ടു. തിരക്കുണ്ടാവുമായിരിക്കും. ആരെങ്കിലും ഒരാൾ വിളിക്കും “ബോലോ സായിനാഥ് മഹാരാജ് കീ” എന്ന്. അപ്പോ ബാക്കിയെല്ലാവരും കൂടെ ജയ് എന്നു പറയും. ഇടയ്ക്ക് അവിടെയുള്ളവർ കുടിയ്ക്കാൻ വെള്ളവും തരും. വേണ്ടിവരും. അല്ലെങ്കിൽ നമ്മുടെ കൈയിൽ ഉണ്ടെങ്കിൽ അതു കുടിക്കുകയും ചെയ്യാം.

കൃത്യം രണ്ടുമണിക്കൂർ ക്യൂ നിന്നശേഷം സമാധിമന്ദിരത്തിന്റെ മുന്നിലെ രണ്ടു വശത്തുനിന്നുമുള്ള ക്യൂവിൽ, ഒരു ക്യൂവിൽ എത്തിപ്പെട്ടു ഞങ്ങൾ. അവിടെയാണ് ബാബ യുടെ മൂർത്തിയുള്ളത്. ഇരുവശത്തുനിന്നും ആൾക്കാരെ മാറിമാറിവിടും. വേഗം അതിനു മുന്നിലെത്തി കണ്ടുതൊഴുത് ഉടനെ പുറത്തേക്കുള്ള വഴിയിലേക്ക് ഇറങ്ങിക്കൊള്ളണം. ഇറക്കവും കയറ്റവും ഒക്കെ ആയതുകൊണ്ട് ഇത് ഏതു നിലയിൽ ആണെന്ന് എനിക്ക് ശരിക്കു മനസ്സിലായില്ല. ബാബ ഇരിക്കുന്നിടത്ത് മുഴുവൻ സ്വർണ്ണം കൊണ്ടാണ്. മുകളിലും ഒക്കെ. അതിനുമുന്നിൽ സമാധിയും. നമ്മൾ അതിനുമുന്നിൽ എത്തുമ്പോൾ പെട്ടെന്നുതന്നെ നമ്മുടെ കൈയിലെ പൂവും തേങ്ങയും മാലയും വസ്ത്രവുമൊക്കെ അവിടെ പൂജാരിമാരുടെ കൈയിൽ കൊടുക്കണം. അവർ ചിലത് തിരിച്ചുതരും. പിന്നെ അതിനുമുന്നിൽ തിരിഞ്ഞുകളിക്കാമെന്ന് വിചാരിക്കരുത്. സെക്യൂരിറ്റിക്കാർ നിൽക്കുന്നുണ്ട്. അവർ ഓടിച്ചുവിടും.

അതുകഴിഞ്ഞ് ഇറങ്ങി ഞങ്ങൾ അബ്ദുൾബാബയുടെ സമാധിമന്ദിരത്തിലും, പുസ്തകങ്ങൾ ഉള്ളിടത്തും, പ്രസാദം വിൽക്കുന്നിടത്തും ഒക്കെ കയറി. പ്രസാദം വിൽക്കുന്നത്, നമുക്ക് വീട്ടുകാർക്കും കൂട്ടുകാർക്കും ഒക്കെ കൊണ്ടുക്കൊടുക്കണമെങ്കിൽ വാങ്ങാൻ ആണ്. പല പ്രസാദങ്ങളും ഉണ്ട്. മിക്സ് പ്രസാദം - അതിൽ കടല, മലര്, പിന്നെ മധുരത്തിൽ പൊതിഞ്ഞ ഒരു വസ്തു ഒക്കെ ഉണ്ടാകും. പിന്നെ പേഡ. പിന്നെ വെറും മലർപ്രസാദം. അങ്ങിനെ കുറേ തരം. ഒക്കെ പായ്ക്കറ്റിൽ ആണ്. അവിടെ വില എഴുതിവെച്ചിട്ടുണ്ട്.

ബാബ ഒരു വേപ്പുമരത്തിന്റെ ചുവട്ടിൽ ഇരുന്നു എന്നു പറയുന്നുണ്ട്, കുറേക്കാലം. ആ വേപ്പിന്റെ ഇലയ്ക്ക് മധുരമാണത്രേ. ഷിർദ്ദി നിറയെ വേപ്പുമരങ്ങൾ കാണാം. പൂത്തും തളിർത്തും നിൽക്കുന്നവ.



പിന്നെ പുറത്തിറങ്ങി, ക്യാമറയും ഫോണുകളും വാങ്ങി. തിരക്ക് കൂടിവരുന്നുണ്ടായിരുന്നു. അതിനുചുറ്റുമുള്ള കടകളിലേക്കൊക്കെ ഒന്നു കണ്ണോടിച്ചു. ബാബയുടെ മൂർത്തികൾ, പ്രസാദങ്ങൾ, ലോക്കറ്റുകൾ, മാലകൾ അങ്ങനെ പോകുന്നു. പിന്നെ കുട്ടികളുടെ കളിപ്പാട്ടങ്ങൾ, സ്ത്രീകൾക്ക് വളകൾ, മാലകൾ, ഹെയർക്ലിപ്പുകൾ, ബാഗുകൾ അങ്ങനെ ഒരു ഉത്സവച്ചന്ത പോലെ.

ക്യാമറയും ഫോണുകളും വാങ്ങിക്കഴിഞ്ഞാണ് “ദ്വാരകാമയി” എന്ന ബോർഡ് കണ്ടത്. അവിടെയാണത്രേ ബാബ താമസിച്ചിരുന്നത്. അത് ഒരു പള്ളിയായിരുന്നു. ബാബ അതിനു ദ്വാരകാമയി എന്ന പേരു നൽകി. അവിടെയിരുന്നാണ് ബാബ എല്ലാവരുടേയും കാര്യങ്ങൾ കേട്ടിരുന്നത്. അവിടെയാണ് ബാബ ഭക്ഷണം ഉണ്ടാക്കിക്കഴിച്ചിരുന്നതും. അവിടെ ബാബയുടെ ചിത്രങ്ങൾ ഉണ്ട്.

അതിനപ്പുറം ചാവഡി(ചാവടി). അവിടെ സ്ത്രീകൾക്ക് ഒരു മുറിക്കകത്തേക്കും പുരുഷന്മാർക്ക് വേറൊരു മുറിയ്ക്കകത്തേക്കുമാണ്പ്രവേശനം. ബാബ ഇടയ്ക്ക് വന്നിരിക്കുന്ന സ്ഥലമായിരുന്നത്രേ അത്. അവിടെയൊക്കെ കയറിയിറങ്ങി. എല്ലായിടത്തും ക്യൂ ആണ്. അതിനു എതിർവശത്ത് അബ്ദുൾബാബയുടെ കോട്ടേജ്.

ദർശനം നടത്തുന്ന ക്യൂ ഉള്ളിടത്തുമാത്രമേ ചെരുപ്പ് അഴിച്ചുവയ്ക്കേണ്ടൂ എന്നു പിന്നെ ഞങ്ങൾ മനസ്സിലാക്കി. ബാക്കിയെല്ലായിടത്തും ഉള്ളിലേക്ക് കയറുന്നുണ്ടെങ്കിലേ ചെരുപ്പ് അഴിക്കേണ്ടൂ. രണ്ടുമണിക്കൂർ ക്യൂ എന്നു പറഞ്ഞത് ഭാഗ്യത്തിനു കിട്ടിയതാണ്. നാലും അഞ്ചും മണിക്കൂർ ക്യൂ നിൽക്കേണ്ടിവരും ചിലപ്പോൾ. വി ഐ പി ക്യൂ ഉണ്ടോന്ന് ഒരു സംശയമുണ്ട്.

സർവ്വമതവിശ്വാസികളും വന്നു വണങ്ങിപ്പോകുന്ന സ്ഥലം. ഭാഷയും രാജ്യവും നാടും ഒന്നും വ്യത്യാസമില്ലാതെ എല്ലാ പേരേയും കാണാം. ക്യൂ നിൽക്കുമ്പോൾ, നമുക്ക് അറിയാത്ത, ചിലപ്പോൾ നമ്മൾ ഇനിയൊരിക്കലും കാണാനിടയില്ലാത്ത ആൾക്കാരാണ് നമ്മുടെ അടുത്തുള്ളത് എന്നു തോന്നുകയേ ഇല്ല. രാവിലെ അഞ്ചുമുതൽ രാത്രി പത്തുവരെ ആണ് ദർശനസമയം.

ചെരുപ്പുകൾ കൊടുത്ത കട കാണാതെ കുറച്ച്നേരം തേരാപ്പാരാ നടന്നു. ഒരുപോലെയുള്ള ഊടുവഴികൾ. ഒരേ വസ്തുക്കൾ ഉള്ള കടകൾ.

റോഡിന്റെ എതിർവശത്താണ് കാണ്ടോബ (ഇങ്ങനെയാണോ എന്തോ!) (Khandoba) അമ്പലം. ബാബ കുറേ നാൾ ഷിർദ്ദിയിൽ നിന്ന് പോയശേഷം തിരിച്ചുവന്നത് ആദ്യം ആ അമ്പലത്തിലേക്കായിരുന്നുവത്രേ. ഒരു വിവാഹപ്പാർട്ടിയുടെ കൂടെ. എന്നിട്ടാണ് വീണ്ടും ഷിർദ്ദിയിൽ താമസിക്കാൻ തുടങ്ങിയത്. അമ്പലം ഞങ്ങൾ പുറത്തുനിന്നു കണ്ടു. അവിടെ അടുത്തുതന്നെ സായിബാബയുടെ ആശുപത്രിയും ഉണ്ട്.

ബാബയെക്കുറിച്ച് വിക്കിയിൽ വായിക്കൂ




ക്യാമറ അനുവദിക്കാത്തതുകൊണ്ട് ചിത്രങ്ങൾ അധികം ഇല്ല. ഞാൻ കുറച്ച് പുസ്തകങ്ങളും രണ്ട് ഡസൻ കുപ്പിവളയും വാങ്ങി. വള ബൂലോകത്തെ എല്ലാ സ്ത്രീജനങ്ങൾക്കും വാങ്ങണമെന്ന് വിചാരിച്ചതാണ്. കൊണ്ടുവന്നിട്ട് പാകമായില്ലെങ്കിലോന്ന് വിചാരിച്ചു. (ഹാവൂ, അങ്ങനെ ഒരു കാരണം ഉണ്ടല്ലോ പറയാൻ.രക്ഷപ്പെട്ടു). പുസ്തകം മതിയെന്നോ? അത് ഞാൻ വായിച്ചുകഴിഞ്ഞാൽ തരില്ലേ? എന്തിനാ വേറെവേറെ?

Labels: , ,

Saturday, March 13, 2010

വടക്കുംനാഥക്ഷേത്രദർശനം

അറിയിപ്പ്:‌-


താഴെയുള്ള ഭക്തിഗാനം/പദ്യം/പാട്ട് ഞാൻ എഴുതിയതല്ല. ചിറ്റമ്മയുടെ അമ്മയുടെ പാട്ടുപുസ്തകത്തിൽ അവർ ശേഖരിച്ച പാട്ടുകളിൽ ഒന്നാണ് ഇത്. ആരെഴുതിയതാണെന്ന് അതിൽ ഇല്ല. ആർക്കെങ്കിലും അറിയുമെങ്കിൽ പറഞ്ഞുതരുമല്ലോ. നല്ലൊരു കാര്യമായതുകൊണ്ട് എല്ലാവർക്കും വായിക്കാൻ ഇവിടെ ഇടാമെന്ന് കരുതി.



ശ്രീ വാസുദേവന്റെ പാദാംബുജം രണ്ടും
സേവിച്ചു മേവും കിളിക്കിടാവേ
നെല്ലുവായമ്പിന തമ്പുരാൻ തന്നുടെ
നല്ല കഥാമൃതം ചൊല്ലെന്നോട്
ഈരേഴുലകിനും വേരായ് മരുവുന്ന
നാരായണസ്വാമി കാത്തുകൊൾക
ഗോവിന്ദമാധവ നാരായണാനന്ദ
ശ്രീവാസുദേവ ജഗന്നിവാസ
എന്നുള്ള നാമങ്ങൾ നന്നായ് ജപിക്കണം
നന്നായ് വരും എന്നു പൈങ്കിളിയും
അപ്പോൾ കിളിമകൾ ത്വല്പാദസൽക്കഥ
കെല്പോടെ പാടിക്കളി തുടങ്ങി
തൃശ്ശിവപേരൂർ വടക്കുംനാഥൻ
തന്നുടെ തൃക്കാൽ വണങ്ങി വരുന്നു ഞാനും
തൃശ്ശിവപേരൂർ മതിലകത്തുള്ളോരു
ഈശ്വരന്മാരെ തൊഴുതുപോരാൻ
പാരം പരാധീനമുണ്ടെന്നറിഞ്ഞാലും
സാരമായുള്ള ക്രമത്തേ കേൾപ്പിൻ
ഏറ്റം ഗുണം പടിഞ്ഞാറേച്ചിറ തന്നിൽ
കാലത്തു ചെന്നു കുളിച്ചുകൊൾവിൻ
നല്ലൊരു ശുദ്ധി വരുത്തിക്കൊണ്ട്
നാരായണായെന്നു നാമം ജപിക്കണം
നേരായ വണ്ണം ഭവിക്കുമെന്നാൽ
ശ്രീമൂലസ്ഥാനം പ്രദക്ഷിണം വയ്ക്കണം
ശ്രീയ്ക്കും യശസ്സിനും സന്തതിയ്ക്കും
ആലിനോരേഴു വലം വച്ചു ഗോപുരം
ചാലേക്കടന്നങ്ങിടത്തു ഭാഗേ
അർജ്ജുനൻ തന്നുടെ വിൽക്കുഴിയിൽ
ചെന്നു കാലും മുഖവും കഴുകിക്കൊണ്ട്
ഗോശാല തന്നിലമർന്നരുളീടുന്ന
ഗോവിന്ദനെച്ചെന്നു വന്ദിക്കേണം
പിന്നെ ഋഷഭത്തു ചെന്നു ഋഷഭനെ
നന്നായ് നിരൂപിച്ചു കൂപ്പിക്കൊൾവിൻ
ഈശാനകോണിൽ പരശുരാമൻ തന്റെ
പാദം വണങ്ങി വലം വയ്ക്കേണം
സംഹാരമൂർത്തിയായ് പിന്നിൽ വസിക്കുന്ന
സിംഹോദരനെത്തൊഴുതുകൊൾവിൻ
നേരേ വടക്കോട്ടോരേഴുവലം വച്ചു
വാരണധീശനെ വന്ദിക്കേണം
തെക്കു കിഴക്കുള്ള മുക്കിൽ കിടക്കുന്ന
നൽക്കല്ലു തന്നിൽ കരേറി നിന്ന്
പൊന്നമ്പലത്തേയും രാമേശ്വരത്തേയും
നന്നായ് നിരൂപിച്ചു കൂപ്പിക്കൊൾവിൻ
തെക്കുള്ള ഗോപുരം തന്നിൽ കൊടുങ്ങല്ലൂർ
ശ്രീ ഭദ്രകാളിയെ വന്ദിക്കേണം
തെക്കുപടിഞ്ഞാറു മുക്കിൽ കിടക്കുന്ന
നൽക്കല്ലു തന്നിൽ കരേറി നിന്ന്
ഊരകത്തമ്മ തിരുവടിയെ പിന്നെ
കൂടൽമാണിക്യത്തെ കൂടെ കൂപ്പിൻ
അമ്പോടു താഴികകുംഭങ്ങൾ മൂന്നുമേ
കുമ്പിട്ടിറങ്ങി തൊഴുതുകൊണ്ട്
വ്യാസനെ ചിന്തിച്ചങ്ങമ്പത്തൊന്നക്ഷരം
വ്യാസശിലമേലെഴുതീടേണം
അയ്യപ്പനേയും തൊഴുതു പടിഞ്ഞാ-
ട്ടൊരഞ്ചെട്ടു പത്തടി പോന്നശേഷം
നേരെ വലത്തുഭാഗത്തു മുളച്ചുള്ള
പുഷ്പം പറിച്ചങ്ങു ചൂടിക്കൊണ്ട്
ശംഖുപുഷ്പങ്ങളെ വന്ദിച്ചുടൻ പിന്നെ-
ശങ്കരൻ തന്റെ നടയിൽക്കൂടി
വാമഭാഗത്തുള്ള ചിത്രം വണങ്ങീട്ടു
ഭൂമീശ്വരന്മാരെ വന്ദിക്കേണം
നീലകണ്ഠൻ തന്റെ രൂപത്തെ ധ്യാനിച്ചു
ചുറ്റിനകത്തു കടന്നുകൊണ്ട്
മണ്ഡപം തന്നിൽ വസിക്കുന്ന വിപ്രരെ
വന്ദിച്ചു വന്ദനം ചെയ്തീടേണം
മണ്ഡപത്തിന്റെ ഇടത്തുഭാഗേചെന്നു
ചണ്ഡികാനൃത്തത്തെ വന്ദിക്കേണം
ശങ്ക വെടിഞ്ഞു വടക്കുംനാഥൻ തന്റെ
പാദാബ്ജം രണ്ടുമേ കൂപ്പിക്കൊൾക
മണ്ഡപത്തിന്റെ വലത്തുഭാഗേ ചെന്നു
വാരണാമീശനെ വന്ദിക്കേണം
പിന്നെ ഭഗവതി പിന്നെ ഗണപതി
പിന്നെ ഗണപതി പിന്നെ ഭഗവതി
പിന്നെ ക്രമേണ വടക്കുംനാഥൻ
പിന്നെ ഗണപതി പിന്നെ നടുവിലും
പിന്നെയും തെക്കും നടുവിലും കേൾ
പിന്നെ ഗണപതി പിന്നെ ഭഗവതി
പിന്നെ ക്രമേണ വടക്കും നാഥൻ
അമ്പിളിയും നല്ല തുമ്പയണിയുന്ന
തമ്പുരാനെന്റെ വടക്കുംനാഥ
മംഗല്യം ഇല്ലാത്ത മങ്കമാർക്കൊക്കെയും
മംഗല്യം നൽകും വടക്കും നാഥാ
ഇല്ലവും ചെല്ലവും നെല്ലും പണങ്ങളും
എല്ലാം വളർത്തും വടക്കുംനാഥാ
നിന്നിരുപ്പാദങ്ങൾ സേവിപ്പവർക്കുള്ള
സന്താപമൊക്കെയകറ്റും നാഥാ
എന്നുടെ കഷ്ടകാലങ്ങളകറ്റിക്കൊ-
ണ്ടെന്നെയനുഗ്രഹിക്കേണം നാഥാ
ശങ്കരശ്രീകണ്ഠ പന്നഗഭൂഷണ
നിന്തിരുപ്പാദങ്ങൾ വന്ദിക്കുന്നേൻ.

Labels:

Thursday, July 16, 2009

സീതയെക്കുറിച്ച് അല്പം

--വണ്ണമിരിക്കവേ യാഗാർത്ഥം ഭൂമി തന്നെ
കീറുമ്പോളതിലുണ്ടായ് ദിവ്യയായൊരു കന്യാ.
സിതയിൽനിന്നുമവൾ ജനിക്കനിമിത്തമായ്
സീതയെന്നവൾക്കൊരു പേരുമുണ്ടായി വന്നു
സിതയായതു കൊഴുകൊണ്ടു കീറിന ചാലിൽ
പേരിതായെന്നതറിഞ്ഞീടണമെല്ലാവരും.

(വാല്‍മീകി രാമായണം - കേരളഭാഷാഗാനത്തില്‍ നിന്ന്. ഭാഷാന്തരം- കേരളവര്‍മ്മ തമ്പുരാന്‍ തിരുമനസ്സ്)

ഭൂമി കീറുമ്പോളുണ്ടായ കന്യകയ്ക്ക് സീത എന്ന പേരിട്ടു. സീത എന്നു പേരു വരാൻ കാരണം സിതയിൽ നിന്നുണ്ടായവൾ എന്ന അർത്ഥത്തിലാണ്. സിത എന്നാൽ ഉഴവുചാൽ എന്നർത്ഥം.

സീതയെ രാമൻ വന്ന് വില്ലുകുലച്ച് സ്വന്തമാക്കി. അയോദ്ധ്യയിൽ കൊണ്ടുപോയി. രാമന് കാട്ടിൽ പോകേണ്ടിവന്നു. സീതയും കൂടെപ്പോയി. രാവണൻ കട്ടുകൊണ്ടുപോയി. പിന്നെ രാമൻ, യുദ്ധം ചെയ്ത് തിരികെക്കൊണ്ടുവന്നു. അലക്കുകാരന്റെ വാക്ക് കേട്ട് സീതയെ സംശയിച്ച് ഉപേക്ഷിച്ചു. അതിലൊരു കഥയുണ്ട്. സീത മിഥിലയിൽ ജനകന്റെ മകളായി വളർന്നു. ഒരിക്കൽ രണ്ടു തത്തകൾ - ഒരാണും പെണ്ണും- സംസാരിക്കുന്നത് സീത കേട്ടു. ശ്രീരാമൻ സീതയെ കല്യാണം കഴിക്കും എന്നാണ് അവർ പറഞ്ഞുകൊണ്ടിരുന്നത്. സീത തത്തകളെ പിടിച്ചുകൊണ്ടുവരാൻ പറഞ്ഞു. കിട്ടിയപ്പോൾ, തത്തകളോട് ഇക്കഥകളൊക്കെ എങ്ങനെ അറിഞ്ഞു എന്നു ചോദിച്ചപ്പോൾ വാൽമീകിമഹർഷിയുടെ ആശ്രമത്തിനടുത്താണ് താമസിക്കുന്നതെന്നും അദ്ദേഹം ശിഷ്യന്മാർക്കു പറഞ്ഞുകൊടുക്കുന്നതു കേട്ടു മനസ്സിലാക്കിയതാണെന്നും തത്തകൾ പറഞ്ഞു. അതു കഴിഞ്ഞ് തങ്ങളെ വിടാൻ പറഞ്ഞപ്പോൾ സീത ആണിനെ മാത്രം വിടും. ഗർഭിണിയായ തന്റെ ഭാര്യയെ വിടാൻ വേണ്ടി ആൺ‌തത്ത, അപേക്ഷിക്കും. പക്ഷേ ശ്രീരാമൻ വന്നിട്ടേ വിടൂ എന്ന നിലപാടിലായിരുന്നു സീത. അപ്പോ പെൺ‌തത്ത, ഗർഭിണിയായിരിക്കുമ്പോൾ എന്നെ ഭർത്താവിൽ നിന്ന് അകറ്റിയതുകൊണ്ട്, നീയും ഗർഭിണിയായിരിക്കുമ്പോൾ, ഭർത്താവിൽനിന്ന് അകന്നുനിൽക്കാനിടയാവട്ടെ എന്ന് സീതയെ, ശപിക്കും. എന്നിട്ട് പെൺ‌തത്ത മരിച്ചുപോകും. ശ്രീരാമന്റെ നാട്ടിൽ ജനിക്കുമെന്നും എന്റെ വാക്കുകേട്ട് ശ്രീരാമൻ സീതയെ ഉപേക്ഷിക്കാനിടവരട്ടെ എന്നും പറഞ്ഞ് ആൺ തത്ത സങ്കടത്തിൽ, ഗംഗയിൽ മുങ്ങിച്ചാവും. ആ ആൺ തത്തയാണ് അലക്കുകാരനായിട്ട് പിന്നീട് ജനിക്കുന്നത്.

(കടപ്പാട് :- പുരാണകഥാമാലിക - മാലി)

സീതയ്ക്ക് രണ്ടു പുത്രന്മാരുണ്ടാകുന്നു. ലവനും കുശനും. അവർ ഒരിക്കൽ അയോദ്ധ്യാരാജ്യത്ത് എത്തുകയും, രാമൻ അവരെ തിരിച്ചറിയുകയും ചെയ്യും. എന്നിട്ട് സീതയും വരും. സീതയെ എല്ലാവരും അംഗീകരിക്കുകയും ചെയ്യും. പക്ഷെ, സീതയ്ക്ക് സങ്കടമാവുകയും, ഭൂമി പിളർന്നുവന്ന് സീത അതിലേക്ക് പോവുകയും ചെയ്യും.

Labels: , ,

Saturday, November 22, 2008

മനസ്സിനെ ജയിക്കണം

"ബന്ധുരാത്മാത്മനസ്തസ്യ യേനാത്മൈവാത്മനാ ജിതഃ
അനാത്മനസ്തുശത്രുത്വേഃ വർതേതാത്മൈവ ശത്രുവത്"

ഭഗവത്‌ഗീതയിൽ ധ്യാനയോഗം അദ്ധ്യായത്തിലുള്ള ഒരു ഭാഗമാണിത്.

ആർക്കാണോ മനസ്സിനെ ജയിക്കാൻ കഴിയുന്നത്, അവന്റെ ബന്ധുവാണ് അല്ലെങ്കിൽ സുഹൃത്താണ് മനസ്സ്. മനസ്സിനെ ജയിക്കാത്തവനോ, മനസ്സ് തന്നെയായിരിക്കും ഏറ്റവും വലിയ ശത്രുവെന്നാണ് ഇതിന്റെ ചുരുക്കത്തിലുള്ള അർത്ഥം. ആലോചിച്ചുനോക്കിയപ്പോൾ ശരിയാണ്. (ഇടയ്ക്ക് ആലോചിക്കാറുണ്ട്;)) മനസ്സിൽ നൂറുവിചാരങ്ങളായിരിക്കും. മനസ്സ് അതു പറയും, ഇത് പറയും. കേട്ടേക്കാംന്നു വിചാരിച്ചേക്കും. കേൾക്കണ്ടാന്നു വിചാരിക്കും. ചിലപ്പോൾ മനസ്സിനെ അനുസരിച്ചാൽ കുഴപ്പം. ചിലപ്പോൾ മനസ്സ് പറയുന്നത് കേൾക്കാഞ്ഞാൽ കുഴപ്പം. എന്നാൽ മനസ്സിനെ അടക്കിവെച്ചാലോ? അതിനോട് എന്തുവേണമെങ്കിലും പറയാം . ഒരു സുഹൃത്തിനെപ്പോലെ കരുതി. അടയ്ക്കിവയ്ക്കാഞ്ഞാലോ? അത് തോന്നിക്കുന്നതൊക്കെച്ചെയ്ത് ഒടുവിൽ അതിനെ ശത്രുവിനെപ്പോലെ കരുതാം. മനസ്സിനെ കീഴടക്കിയാല്‍പ്പിന്നെ അവിടെ ദൈവം കുടികൊള്ളും. പിന്നെ ദൈവം പറയുന്നത് അനുസരിച്ചങ്ങു പോയാൽ മതി. കാമവും ക്രോധവും ലോഭവും മോഹവും ഒക്കെ അടക്കിവയ്ക്കണമെങ്കിൽ മനസ്സിനെ ജയിച്ചേ തീരൂ. അതിനെ സുഹൃത്താക്കണം. ഇതൊക്കെയാണ് എനിക്കു മനസ്സിലായത്. ഇനി ഞാനൊന്ന് മനസ്സിനെ സുഹൃത്താക്കാൻ ശ്രമിച്ചുനോക്കാം. (ശ്രമിക്കാംന്നേ പറഞ്ഞിട്ടുള്ളൂ.)

കൃഷ്ണൻ അർജ്ജുനനോട് പറഞ്ഞു:-

അസംശയം മഹാബാഹോ മനോ ദുർനിഗ്രഹം ചലം
അഭ്യാസേന തു കൗന്തേയ വൈരാഗ്യേണ ച ഗൃഹ്യതേ.

അർജ്ജുനൻ, കൃഷ്ണനോട് പറഞ്ഞു, മനസ്സിനെ അടക്കിനിർത്താൻ പ്രയാസമാണ്. അതിനെ നിയന്ത്രിക്കാൻ കുറച്ച് പാടുപെടേണ്ടിവരും എന്നൊക്കെ. അപ്പോഴാണ് കൃഷ്ണൻ മേലെപ്പറഞ്ഞത് പറഞ്ഞത്.

മനസ്സിനെ അടയ്ക്കിവയ്ക്കുക എന്നൊക്കെപ്പറഞ്ഞാൽ വിഷമം തന്നെയാണ്. എന്നാലും നിരന്തരമായ അഭ്യാസം/ പരിശ്രമം കൊണ്ട് സാധിക്കുവാൻ കഴിയും എന്ന്.
മനസ്സിനെ അടക്കാൻ എന്തൊക്കെച്ചെയ്യാം? ദൈവത്തെ കുടിയിരുത്താം. വിശ്വസിക്കാം. പിന്നെ മനസ്സ് അതിൽ ലയിച്ചു ചേരും. ഈശ്വരനെ വിചാരിക്കാതെ ചെയ്യുന്ന പ്രവർത്തികളിൽ നിന്ന് വിട്ടുനിൽക്കാൻ അത് സഹായിക്കും. ദൈവത്തിനു നിരക്കുന്ന പ്രവൃത്തി എന്നെല്ലാവരും പറയുന്നത് ചെയ്യുക. നല്ല കാര്യങ്ങളിൽ മനസ്സുറയ്ക്കുമ്പോൾത്തന്നെ മനസ്സ് അടങ്ങിയിരിക്കുന്നു എന്നർത്ഥം. വിശ്വസിക്കുന്ന, മനസ്സിൽ കുടിയിരുത്തിയിരിക്കുന്ന, ഈശ്വരനെ വിട്ട് ഓടിനടക്കാൻ ഒരിക്കലും മനസ്സിനെ വിടില്ലല്ലോ.

ഇതൊക്കെയാണ് ഞാനീ ശ്ലോകങ്ങളൊക്കെ വായിച്ചും, അർത്ഥം വായിച്ചും ഒക്കെ തലയിൽക്കയറ്റിയിരിക്കുന്നത്. നിങ്ങൾക്കാർക്കെങ്കിലും കൂടുതൽ അറിയുമെങ്കിൽ പറഞ്ഞുതരിക.


ശ്രീ ശ്രീമദ് എ. സി. ഭക്തിവേദാന്തസ്വാമിപ്രഭുപാദരുടെ പുസ്തകം ആണ് ഇവിടെ ഉള്ളത്. ആരാ വിവർത്തനം എന്ന് നിങ്ങൾ വിചാരിച്ചത്? നാലപ്പാട്ട് ബാലാമണിയമ്മ. പുസ്തകം ഞാൻ കടയിൽക്കയറി വാങ്ങിയതൊന്നുമല്ല. ഒരു യാത്രയ്ക്കിടയിൽ തീവണ്ടിയിൽ, ഒരു സ്വാമി വന്ന് അപ്പുറവും ഇപ്പുറവും നോക്കാതെ എന്നെ ഏല്‍പ്പിച്ചു. അത്ര തിരക്കിൽ എന്റെ കൈയിൽത്തന്നെ തരാനും, എന്നെക്കൊണ്ട് വാങ്ങിപ്പിക്കാൻ തോന്നിച്ചതും ആരാവും? ഭഗവാൻ തന്നെ. ഭഗവാനറിയാം, ഇവൾക്കിത് വായിക്കേണ്ട സമയം ആയെന്ന്. അങ്ങനെ ഇവിടെക്കൊണ്ടുവെച്ചു. എല്ലാം ഒരു നിയോഗം. (അതെ...അതെ...)

ഇനി ഭഗവദ്‌ഗീത വായിക്കേണ്ടവർ, കൈയിൽ പുസ്തകമില്ലെങ്കിൽ വിഷമിക്കേണ്ട. ഞാനയച്ചുതരാം എന്നൊന്നുമല്ല പറയാൻ പോകുന്നത്. ;) വിക്കിയിൽ പോയി വായിക്കൂ. അതൊന്ന് മലയാളീകരിക്കണം ഇനി.

ദൂരദർശനിൽ രാത്രി ഒമ്പതരയ്ക്ക് ഗീതായജ്ഞം ഉണ്ട്. അത് ഇടയ്ക്കേ കാണാറുള്ളൂ. കാണാൻ പറ്റാറുള്ളൂ എന്നതാണ് ശരി. ഇനിയിപ്പോ സി. ഡി. വാങ്ങിക്കൊണ്ടുവരണം.

ആരും വിചാരിക്കേണ്ട ഞാൻ പെട്ടെന്ന് ഭക്തിമാർഗ്ഗത്തിലേക്ക് തിരിഞ്ഞുപോയെന്ന്. ഇടയ്ക്ക് അല്പം ഭജനം വേണ്ടേ? എന്നും ഭോജനം പോരല്ലോ. ;) ഇടയ്ക്കെന്തെങ്കിലും ഒരു പുസ്തകം തുറന്നുനോക്കും. ഫലം എന്താണെന്നറിയാൻ. രാമായണം തുറന്ന്, ഏഴുവരിയോ വാക്കോ ഒക്കെ തള്ളി വായിച്ചുനോക്കിയാൽ അതിലെന്താണുള്ളത് അതുപോലെ ഫലം വരും എന്നു കേട്ടിട്ടുണ്ട്. എനിക്കു പിന്നെ രാമായണം എന്നൊന്നുമില്ല. ഖുറാനായിരിക്കും ചിലപ്പോൾ, ചിലപ്പോൾ ഗീതയായിരിക്കും. ബൈബിൾ ഇവിടെ ഇല്ല. വാങ്ങണം. ഒരു പേജ് നിവർത്തി വായിക്കുക. അതുതന്നെ കാര്യം എന്നുവിചാരിക്കുക.

Labels: ,

Monday, December 20, 2004

ഉണ്ണിക്കണ്ണന്‍

കണ്ണനെ കാണാന്‍ പോവും ഞാന്‍ ;

ഉണ്ണിക്കണ്ണനെ കാണാന്‍ പോകും ഞാന്‍.

കൈയില്‍ കര്‍പ്പൂരവും കനകാംബരമാലയുമായ്‌;

കണ്ണനെ കണികാണാന്‍ പോകും ഞാന്‍.

ഗുരുവായൂരില്‍ നിന്‍ നടയിലെത്തുമ്പോള്‍,

എന്തു വരം ഞാന്‍ ചോദിക്കും?

കണി കണ്ടു കൈ കൂപ്പി നിന്‍ നടയില്‍ നില്‍ക്കുമ്പോള്‍,

നിന്‍ പുഞ്ചിരിപ്പാലില്‍ ഞാന്‍ മയങ്ങിപ്പോകും.

വേണ്ട എനിക്കൊന്നും വേണ്ട വരമൊന്നും,

നീയെന്നുമെന്‍ കൂടെ ഉണ്ടാവണം.

Labels: