ആശാപൂർണ്ണാദേവി വീണ്ടും
പ്രമുഖബംഗാളി എഴുത്തുകാരിയായ ആശാപൂർണ്ണാദേവിയുടെ രണ്ടു നോവലുകളാണ് അണിയറസംഗീതവും ബകുളിന്റെ കഥയും.
മറ്റു രണ്ടുകഥകളെക്കുറിച്ച് ഇവിടെയുണ്ട്.
ബകുളിന്റെ കഥ
ലോകത്തിനുമുന്നിൽ താനെഴുതുന്നത് വായിക്കപ്പെടണമെന്നും, അസ്വാതന്ത്ര്യത്തിന്റെ കൂട്ടിൽ നിന്ന് പുറത്തുകടക്കേണ്ട സ്ത്രീജന്മമാണെന്നൊരു തോന്നലും, ഒക്കെക്കൂടെ ഉള്ളിലൊതുക്കി, ഒന്നുമാവാൻ കഴിയാതെ മരണം വരിച്ച സ്ത്രീയായിരുന്നു സുബർണ്ണലത. അമ്മ മരിച്ചപ്പോൾ, ബകുൾ, തീരുമാനമെടുക്കുന്നു. കഥയെഴുതുമെന്ന്.
ബകുൾ അവിവാഹിതയാണ്. അച്ഛന്റെ വീട്ടിൽ സഹോദരങ്ങളോടും, നാത്തൂന്മാരോടും, മരുമക്കളോടും ഒപ്പമാണ് ജീവിതം. ഒരേ കെട്ടിടത്തിൽ ജീവിക്കുന്നെന്നേയുള്ളൂ. അങ്ങനെ വീട്ടുകാരോട് അടുപ്പമൊന്നുമില്ല. കൂടുതൽ അടുപ്പം എന്നു പറയാവുന്നത് സഹോദരന്റെ മകളായ ശമ്പയോടു മാത്രമാണ്. അവൾ ഇന്നത്തെ തലമുറയുടെ പ്രതിനിധിയാണ്. എന്തിനും സ്വാതന്ത്ര്യം. ശമ്പ പലരേയും ഇഷ്ടപ്പെടുകയും തഴയുകയും ചെയ്യുന്നുണ്ട്. അതൊക്കെ വന്നു പറയുന്നത് അപ്പച്ചിയോട് മാത്രമാണ്.
വലിയൊരു എഴുത്തുകാരിയായി സാഹിത്യസമ്മേളത്തിനും, മറ്റു സാഹിത്യപരിപാടികൾക്കുമൊക്കെ അതിഥിയായി പോകുന്നുണ്ട് ബകുൾ. അവൾക്ക് കൂടുതൽ സ്വാതന്ത്ര്യമൊന്നും ആവശ്യമില്ല. ആദ്യമൊക്കെ അച്ഛനാലും സഹോദരന്മാരാലും എതിർക്കപ്പെട്ടിരുന്നെങ്കിലും, ഇപ്പോൾ ആരും എതിർക്കുന്നില്ല. അടുത്ത വീട്ടിലെ നിർമ്മൽ എന്ന യുവാവിനെ സ്നേഹിച്ചിരുന്നെങ്കിലും, ചില കാരണങ്ങൾ കൊണ്ട്, ചിലരുടെ ഇടപെടൽ കൊണ്ട് അവരുടെ വിവാഹം നടക്കുന്നില്ല. പകരം, മാധുരി, നിർമ്മലിന്റെ ഭാര്യയായി വരുകയും, ബകുളിന്റെ കൂട്ടുകാരിയായി മാറുകയും ചെയ്യുന്നു. സഹോദരിമാരിൽ കൂടുതൽ അടുപ്പം പാറുളിനോടാണ്. അവർക്കും എഴുതാനുള്ള താല്പര്യമുണ്ട്. വിധവയായ അവർ, ഗംഗാതീരത്തിനടുത്താണ് താമസം. ബകുളിന്റെ കഥയെഴുതണമെന്ന് പാറുൾ ആഗ്രഹിക്കുന്നുണ്ട്. അതുപോലെത്തന്നെ, നമ്മുടെ കഥയെഴുതണമെന്ന് നിർമ്മലും ആഗ്രഹം പറഞ്ഞിരുന്നു.
ശമ്പ ഒരു ഫാക്ടറിത്തൊഴിലാളിയുടെ കൂടെ ഒളിച്ചോടുന്നു. പാറുളിന്റെ വീട്ടിലാണ് അവർ അഭയം തേടുന്നത്. സഹോദരനെ അറിയിക്കാതെതന്നെ പാറുൾ അവരെ അവിടെ പാർപ്പിക്കുന്നു. ബകുളിനെയാണ് സഹോദരനും ഭാര്യയും ആദ്യം കുറ്റപ്പെടുത്തിയിരുന്നത്. പക്ഷെ ബകുളിന് അതിൽ മനസ്സറിവൊന്നും ഇല്ലായിരുന്നു. ഒടുവിൽ, അവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരുന്നു.
സുവർണ്ണയുടെ കാലത്തിൽനിന്നും ബകുളിന്റെ കാലത്തിലേക്കെത്തുമ്പോൾ പല മാറ്റങ്ങളും ഉണ്ട്. സ്ത്രീയ്ക്ക് അടിമയെപ്പോലെ കഴിയേണ്ടിവരുന്നില്ല. അവർക്ക് സ്വന്തമായ അഭിപ്രായങ്ങളും അവകാശങ്ങളും ഉണ്ട്. പുസ്തകം വായിക്കാൻ പോലും സ്വാതന്ത്ര്യമില്ലാതിരുന്ന സുവർണ്ണയുടെ, കൊച്ചുമകൾ, അമിതസ്വാതന്ത്ര്യത്തിൽ നടക്കുകയാണ്. സുവർണ്ണയുടെ അഭിപ്രായത്തിന് ആരും വിലകൊടുത്തില്ലെങ്കിലും, ആണ്മക്കൾ പോലും സുവർണ്ണയുടെ ചിന്തകൾക്ക് എതിരായി നിന്നിരുന്നെങ്കിലും, ഇന്ന് ആ മക്കൾക്കും, കൊച്ചുമക്കൾക്കും, അവരുടെ വീട്ടിലെ സ്ത്രീകളുടെ ജീവിതം, അവരുടെ ഇഷ്ടത്തിന് വിടേണ്ടിവരുന്നു. ആ സ്വാതന്ത്ര്യം അവർക്ക് നന്മയാണോ നേടിക്കൊടുക്കുന്നത്? ആണെന്നു തോന്നുന്നില്ല. ബകുളും അനാമിക എന്ന പേരിൽ വലിയ എഴുത്തുകാരിയാവുന്നു. അവളും അനുഭവിക്കുന്നത് അവളുടെ അമ്മ ആഗ്രഹിച്ച സ്വാതന്ത്ര്യമാണോ?
ആ വീട്ടിൽത്തന്നെയുണ്ട് പലപല ആളുകൾ. പാരമ്പര്യത്തിൽ ജീവിക്കുന്നവർ. സ്വാതന്ത്ര്യത്തിൽ മുഴുകിനടക്കുന്നവർ. ജീവിതം തന്നെ കളയുന്നവർ.
ബകുളിന്റെ കഥയിൽ ഒരുപാട് സ്ത്രീകഥാപാത്രങ്ങളുണ്ട്. ബകുളിന്റെ സഹോദരിമാർ, നാത്തൂന്മാർ, മരുമക്കൾ. ബകുൾ പരിചയപ്പെടുന്നവരിൽ ചിലർ, ബകുളിന്റെ സഹോദരിയുടെ പുത്രവധുക്കൾ, പിന്നെ ബകുൾ സ്നേഹിച്ചയാളുടെ ഭാര്യയായെത്തുന്ന, ബകുളിന്റെ കൂട്ടുകാരിയായി മാറുന്നവൾ. ഓരോ കഥാപാത്രങ്ങളും ഓരോ ചിത്രങ്ങളാണ്. ഓരോ സന്ദേശങ്ങളാണ്. സ്വാതന്ത്ര്യം എന്ന വാക്കിന്റെ അർത്ഥം ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കുന്നു. അതുപോലെ, അവരുടെ വിധിയും.
അണിയറസംഗീതം
അണിയറസംഗീതം ജയന്തിയെന്ന സ്ത്രീയുടെ ജീവിതമാണ്. അവരോടൊപ്പമുള്ളവർ, സോമനാഥനും, ചിന്മയനും, രണ്ട് പെൺകുഞ്ഞുങ്ങളും. ജയന്തിയുടേയും സോമനാഥന്റേയും ജീവിതത്തിലേക്ക്, അവരുടെ കുഞ്ഞുമകൾ വരുമ്പോൾത്തന്നെയാണ്, സോമനാഥന്റെ കൂട്ടുകാരൻ, ചിന്മയൻ ഒരു കൈക്കുഞ്ഞുമായി എത്തുന്നത്. ചിന്മയന്റെ ഭാര്യ മരിച്ചു. ഇനി കുഞ്ഞിനെ ജയന്തി നോക്കണം. ചിന്മയൻ ജോലിക്കുവേണ്ടി അകലെ പോവുകയാണ്. ഉത്തരവാദിത്തം ജയന്തി ഏറ്റെടുക്കുന്നു. സ്നേഹവും ഉണ്ട്. എന്നാൽ സോമനാഥന്, ചിന്മയൻ, കുഞ്ഞിനെ വളർത്താനുള്ള ചെലവിലേക്ക് കൊടുക്കുന്ന പണത്തിലാണ് താല്പര്യം. കുഞ്ഞിന് ആയയെയൊക്കെ ഏർപ്പാടാക്കുന്നു. സോമനാഥനു സ്ഥലം മാറ്റം വന്ന് അവരെത്തുന്ന പുതിയ സ്ഥലത്തുവെച്ച് എത്തുമ്പോൾത്തന്നെ ചിന്മയന്റെ കുഞ്ഞ് മരിക്കുന്നു. മരിച്ചത്, നമ്മുടെ കുഞ്ഞാണെന്ന് എല്ലാവരോടും പറയാനും, അതിനാൽ ചിന്മയൻ തരുന്ന പണം മുടങ്ങില്ലെന്നും ഒന്നും ആരും അറിയില്ലെന്നും സോമനാഥൻ ജയന്തിയോട് പറയുന്നു. പുറം ലോകത്തിനുവേണ്ടി കുട്ടിയെ ചിന്മയന്റെ കുട്ടിയായി വളർത്തുന്നു. അച്ഛൻ ചിന്മയനാണെന്ന് കുട്ടിയെ പറഞ്ഞു മനസ്സിലാക്കുന്നു. കഥ അവിടെ തീരുന്നില്ല. അങ്ങനെ പോകുന്നു. ജീവിതം സംഘർഷം നിറഞ്ഞതാവുന്നു.
സ്വന്തം മകളെ, ചിന്മയന്റെ കുട്ടിയെന്ന രീതിയിൽ വളർത്തേണ്ടി വരുന്നതിന്റെ വേദന, പൈസയ്ക്കുവേണ്ടിയാണല്ലോ ഭർത്താവ് അങ്ങനെ ആഗ്രഹിച്ചതെന്ന് ഓർക്കുമ്പോഴുള്ള ദേഷ്യം, മകൾ, അച്ഛന്റെ കൂടെ താമസിക്കാനെന്നും പറഞ്ഞ് പോകുമോയെന്നുള്ള ഭീതി, ചിന്മയൻ എപ്പോൾ വേണമെങ്കിലും മകളെ തിരികെ ആവശ്യപ്പെടുമെന്നുള്ള തളർത്തുന്ന ഓർമ്മ, മകളോടുള്ള സ്നേഹം, ഒക്കെക്കൂടെ ഒരു സ്ത്രീയെ എങ്ങനെയെല്ലാം ചിന്തിപ്പിക്കാമെന്നും, ഒരു വലിയ കള്ളം കാരണം അവർ നേരിടുന്ന പ്രശ്നങ്ങളും ജയന്തിയെന്ന നായികയിലൂടെ കാണാം. സന്തുഷ്ടകരമായ ഒരു ജീവിതം സംഘർഷഭരിതമാകുന്നത് എത്ര വേഗമാണെന്ന് കാണാം. ഒരുനിമിഷത്തിലെടുക്കുന്ന തീരുമാനങ്ങൾ, ജീവിതത്തിലെ വരാൻ പോകുന്ന നിമിഷങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്ന് ആർക്കും അറിയില്ലല്ലോ.
ആശാപൂർണ്ണാദേവിയുടെ ഓരോ സ്ത്രീകഥാപാത്രങ്ങളും വ്യത്യസ്തമായ രീതിയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. സ്ത്രീജന്മത്തിന്റെ കാഴ്ചപ്പാടുകളും, മനസ്സും, ജീവിതവും, ഒക്കെ വ്യത്യസ്തങ്ങളായ ഓരോ അനുഭവങ്ങളായിട്ട് ഓരോ കഥാപാത്രങ്ങളിൽ നിന്നും നമുക്ക് കിട്ടുന്നു.
ഇതൊക്കെ എന്റെ വായനയിൽ കിട്ടിയതാണ്. നിങ്ങൾക്കും വായിക്കാം. ആശാപൂർണ്ണാദേവിയുടെ കഥപാത്രങ്ങളോട് തോന്നുന്ന അടുപ്പം, അവരുടെ കഥയിലെ ലാളിത്യം ഇതൊക്കെയാണ് എന്നെ അവരുടെ വായനക്കാരിയാക്കിയത്.
കഥ വായിച്ചത് :-
ബകുളിന്റെ കഥ - ആശാപൂർണ്ണാദേവി - വിവർത്തനം. പി. മാധവൻ പിള്ള - കറന്റ് ബുക്സ് തൃശൂർ. - വില 120 രൂപ.
അണിയറസംഗീതം - ആശാപൂർണ്ണാദേവി - വിവർത്തനം. കെ. രാധാകൃഷ്ണൻ - ഡി. സി. ബുക്സ് - വില - 80 രൂപ.
Labels: അണിയറസംഗീതം, ആശാപൂർണ്ണാദേവി, ബകുളിന്റെ കഥ, വായന
8 Comments:
പുസ്തക പരിചയത്തിനു നന്ദി സൂ.
ഈ പുസ്തക പരിചയം നന്നായി.ബകുളിന്റെ കഥ വായിച്ചിട്ടുണ്ട്,കോളേജില്‍ പഠിക്കുമ്പോള്‍.അണിയറ സംഗീതം വായിച്ചിട്ടില്ല.പക്ഷെ,അതില്‍ വിവരിച്ച കഥ ഏതോ ഒരു മലയാള സിനിമയോട് സാദൃശ്യം പുലര്‍ത്തുന്നു.അപ്പാടെ,പകര്‍ത്തിയതല്ല..ചില വളച്ചൊടിക്കലുകള്‍ നടത്തി പുതിയ ഒന്നാക്കി മാറ്റിയിട്ടുണ്ട്.
നല്ല പോസ്റ്റ്.
പരിചയപ്പെടുത്തല്‍ നന്നായി സൂവേച്ചീ. രണ്ടു കഥയും വായിച്ചിട്ടില്ല.
ആശാപൂര്‍ണ്ണ ദേവിയുടെ കൃതികളൊന്നും വായിച്ചിട്ടില്ല,കേട്ടിരുന്നെങ്കിലും.ഇനി വാങ്ങണം വായിക്കണം.
ഞാന്‍ എഴുതാന്‍ വന്നത് തന്നെ വലിയമ്മായി എഴുതിയിരിക്കുന്നു! നാട്ടില്‍ പോകുമ്പോള്‍
ആസപൂര്ണ്ണാദേവിയുടെ ബുക്ക് വാങ്ങിക്കൊണ്ടു വരണം.
നന്ദി സൂജീ
സ്മിത പറഞ്ഞതു പോലെ, ഒരു മലയാള സിനിമ- സുരേഷ് ഗോപി, മുരളി ഒക്കെ ഉള്ള ആ പടം..പേരു മറന്നു. പാട്ടോര്്മ്മയുണ്ട്.. കണ്ണേയുറങ്ങുറങ്ങു..പോന്നോമന കുഞ്ഞേ ഉറങ്ങുറങ്ങു..
അത് ചിലപ്പോ ഈ കഥയെ ആധാരമാക്കി എടുത്തതായിരിക്കും....
പി. ആർ. :)
സ്മിത :) സിനിമയുണ്ടോ? ഈ കഥയിൽ നിന്നു പ്രചോദനം കിട്ടിയതാവും.
ശ്രീ :)
വല്യമ്മായീ :)
ആത്മ ജീ :)
മേരിക്കുട്ടീ :) ഏതാ സിനിമയെന്ന് എനിക്കും ഓർമ്മ വരുന്നില്ല. ആ പാട്ട് ഓർമ്മ വരുന്നുണ്ട് കുറേശ്ശേ. ശ്രീലക്ഷ്മിയാണോ നായിക?
അതേ...ശ്രീ ലക്ഷ്മി തന്നെ...നേരത്തെ കമന്റിട്ടപ്പോ നായികയുടെ പേരു മറന്നു പോയാരുന്നു!
Post a Comment
Subscribe to Post Comments [Atom]
<< Home