Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, August 17, 2008

ആശാപൂർണ്ണാദേവിയുടെ രണ്ടു കഥകൾ

ആശാപൂർണ്ണാദേവി ബംഗാളി എഴുത്തുകാരിയാണ്. 1976-ൽ പത്മശ്രീ കിട്ടിയിട്ടുണ്ട്. ഒരുപാട് കഥകളും കവിതകളും എഴുതിയിട്ടുണ്ട്. ചിലത് മലയാളത്തിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ആശാപൂർണ്ണാദേവിയുടെ രണ്ട് നോവലുകളിലേക്ക് എത്തിനോക്കിയ എനിക്ക് കിട്ടിയതൊക്കെയാണ് ഇവിടെയുള്ളത്. അധികം വിശദമായിട്ടൊന്നും പറഞ്ഞിട്ടില്ല.

1. സുബർണ്ണലത
സുബർണ്ണലത ഒരു സാധാരണഭാരതീയനാരിയുടെ പ്രതീകമാണ്. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും തടയിടപ്പെട്ട സ്വാതന്ത്ര്യത്തിന്റെ കുരുക്കിൽ നിന്നൊരിക്കലും മോചനമില്ലെന്നറിയാതെ, രക്ഷപ്പെടാൻ തുനിഞ്ഞ്, പരാജയപ്പെട്ടുകൊണ്ടിരികുന്ന സ്ത്രീത്വത്തിന്റെ പ്രതീകം.

കഥയുടെ ചുരുക്കം
ഒമ്പതാം വയസ്സിലാണ് പ്രബോധിന്റെ പത്നിയായി സുബർണ്ണ ഒരു വലിയ കുടുംബത്തിലേക്ക് കടന്നുവരുന്നത്. അതിനുശേഷം, നിസ്സഹായതയുടെ ദ്വീപിൽ അവളങ്ങനെ കുടുംബജീവിതം മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു. അവിടെ കുടുംബനാഥയാണ്, പ്രബോധിന്റെ അമ്മ. സ്വാതന്ത്ര്യത്തിന്റെ ശബ്ദം മറ്റുള്ളവരുടെ മേൽക്കോയ്മയുടെ അട്ടഹാസത്തിൽ നേർത്തുപോകുമെന്നറിഞ്ഞിട്ടും സുബർണ്ണ മിണ്ടാതിരുന്നില്ല. ശരിയെന്ന് തോന്നുന്നതും, തന്റെ അഭിപ്രായം അംഗീകരിക്കണമെന്ന് തോന്നുന്നതും സുബർണ്ണലത പറഞ്ഞുകൊണ്ടിരുന്നു. കേൾ‌വിക്കാരും, അംഗീകരിക്കേണ്ടവരും അവഗണിച്ചുകൊണ്ടിരിക്കുമെന്ന് അറിഞ്ഞിട്ടും.

അസ്വാതന്ത്ര്യങ്ങൾക്കിടയിലും സ്നേഹത്തിന്റെ ഇളംകാറ്റ് അവളെ തഴുകുന്നുണ്ട്. വീട്ടിൽനിന്നും, അപൂർവ്വം പുറത്തുള്ളവരിൽ നിന്നും.

അവളുടെ അമ്മ, അവളുടെ അച്ഛനെ വിട്ട്, കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളിൽ നിന്നും, ചങ്ങലകളിൽ നിന്നും രക്ഷപ്പെട്ട്, അവളേയും സഹോദരങ്ങളേയും വിട്ട്, പഠിക്കാനും അറിവു നേടാനും, വ്യക്തിസ്വാതന്ത്ര്യത്തിന്റെ വിശാലതയിലേക്ക് ഇറങ്ങിപ്പോയ കാരണം, സുബർണ്ണയ്ക്ക് സ്വന്തം വീട്ടിൽ പോകാൻ അനുമതിയില്ല.

അകന്ന ബന്ധുകൂടെയായ സ്ത്രീയാണ് സുബർണ്ണലതയ്ക്ക്, വീട്ടുകാരറിയാതെ വായിക്കാൻ പുസ്തകങ്ങൾ കൊടുക്കുന്നത്. വായനയിലൂടെ പുതിയലോകം കണ്ടെത്തുന്ന സുബർണ്ണയ്ക്ക്, സ്വന്തം കുടുംബം വീടുമാറിയപ്പോൾ പുസ്തകങ്ങൾ കിട്ടുന്നത് നിലച്ചു. പിന്നെ വീട്ടുകാരുടെ അകന്ന ബന്ധുവായ ഒരു പയ്യനാണ് പുസ്തകം എത്തിച്ചുകൊടുക്കുന്നത്. അത് പിടിക്കപ്പെടുകയും, പയ്യനെ, വീട്ടുകാർ അടിച്ചോടിക്കുകയും ചെയ്തപ്പോൾ വായനയില്ലാതെയായി.

സുബർണ്ണ ഓരോ കാര്യത്തിലും അഭിപ്രായം പറഞ്ഞുകൊണ്ടിരുന്നു. ഭർതൃസഹോദരിയുടെ വിവാഹക്കാര്യത്തിലും, പുതിയ വീടിന്റെ കാര്യത്തിലും, വിദേശവസ്തുക്കൾ ബഹിഷ്ക്കരിക്കേണ്ട കാര്യത്തിലുമൊക്കെ. വീട്ടുകാർ, സ്വന്തം ഗുണത്തിനുള്ള കാര്യങ്ങളൊഴിച്ച് ബാക്കിയെല്ലാം എതിർത്തും കൊണ്ടിരുന്നു. ഭർത്താവിന്റെ അമ്മയ്ക്ക് ആ വീട്ടിൽ മേൽക്കോയ്മയുണ്ട്.

ഒരിക്കൽ ഭർതൃസഹോദരിയുടെ വീട്ടിൽ താമസിക്കാനെത്തുന്ന സുബർണ്ണയ്ക്ക്, അവരുടെ ബന്ധുവായ ഒരാളെ പരിചയപ്പെടാനുള്ള അവസരം കിട്ടുന്നു. അയാൾ സ്വദേശിപ്രസ്ഥാനത്തിന്റെ ആളാണ്. കവിത എഴുതുന്ന ആൾ. അയാളെ പരിചയപ്പെട്ട്, കവിതകളെ പരിചയപ്പെടുമ്പോഴേക്കും പ്രബോധ് അവിടെയെത്തുകയും സുബർണ്ണയ്ക്ക് തിരിച്ചു വീട്ടിലേക്ക് പോകേണ്ടിവരുകയും ചെയ്യുന്നു. എന്നാലും, അവിടെ നിന്ന് വായിക്കാനുള്ളത് അവൾക്ക് കൂടെക്കൊണ്ടുപോകാൻ കഴിയുന്നുണ്ട്.

സ്ത്രീകളെയെല്ലാം ഒരിക്കൽ അച്ഛനമ്മമാരുടെ വീട്ടിലേക്ക് അയക്കാൻ തീരുമാനിച്ചപ്പോൾ സുബർണ്ണ എതിർത്തു. ഇത്രനാളും പോകാത്ത, വീട്ടുകാരെ കാണാൻപോലും അനുവാദം തന്നിട്ടില്ലാത്തിടത്തേക്ക് പോകില്ലെന്ന വാശിയിൽ സുബർണ്ണ നിൽക്കുകയും, ഒടുവിൽ ഒറ്റയ്ക്ക് പോകാൻ തീരുമാനിക്കുകയും, അതല്ല ശരിയെന്ന് അവളുടെ അച്ഛൻ പറയുകയും തിരികെക്കൊണ്ടുവിടുകയും ചെയ്യുന്നു. അമ്മയുടേതായി ഒരു കത്ത്, അച്ഛൻ, മരിക്കാറാവുമ്പോൾ സുബർണ്ണയ്ക്ക് കൊടുക്കുന്നുണ്ട്. അപ്പോഴേക്കും അമ്മ മരിച്ചിരുന്നു.

സുബർണ്ണയും ഭർത്താവും മക്കളും മാത്രം ഒരുവീട്ടിൽ താമസിച്ചിട്ടും അവളുടെ അസ്വാതന്ത്ര്യത്തിന് ഒരു മാറ്റവുമില്ല. എട്ട് മക്കളുണ്ട് സുബർണ്ണയ്ക്ക്. ആണ്മക്കളുടെ സ്വഭാവം, ഭർതൃവീട്ടുകാരുടെ, ഭർത്താവിന്റെ സഹോദരങ്ങളെപ്പോലെ തന്നെയാണെന്ന് സുബർണ്ണ കണ്ടെത്തുന്നു. പെണ്മക്കൾ ഒരുവിധം, അമ്മയെ മനസ്സിലാക്കുന്നുണ്ട്. പെൺ‌മക്കളെ പഠിപ്പിക്കണമെന്നുണ്ടെങ്കിലും പഴമയുടെ കൂട്ടിൽനിന്നു പുറത്തുവരാത്ത ഓരോ ആളും അവളെ എതിർക്കുന്നുണ്ട്.

അവസാനം അവളുടെ ചിന്തകളെല്ലാം ഭർത്താവിന്റെ ഒരു ബന്ധുവിന്റെ സഹായത്തോടുകൂടെ അച്ചടിക്കുകയും, അതു കണ്ട ഭർത്താവിന്റേയും മക്കളുടേയും പരിഹാസം മൂലം ഒക്കെ കത്തിച്ചുകളയുകയും ചെയ്യുന്നു.

ഒടുവിൽ രോഗം വന്ന്, ആർക്കും തടുക്കാനില്ലാത്ത, മരണമെന്ന സ്വാതന്ത്ര്യത്തിലേക്ക് സുബർണ്ണലത കടന്നുപോകുന്നു.

ചോദ്യങ്ങൾ
എന്തുകൊണ്ട് സുബർണ്ണ, ഭർത്താവിന്റേയും വീട്ടുകാരുടേയും കൂടെ, മറ്റുള്ള സ്ത്രീകളെപ്പോലെ കഴിഞ്ഞില്ല? അതിലാണ് സന്തോഷമെന്ന് അവൾക്ക് തോന്നിയില്ല? മറ്റു സ്ത്രീകളെപ്പോലെ, വീട്ടുജോലി ചെയ്യാനും, മക്കളെ പ്രസവിച്ച് പോറ്റി വളർത്താനുമാണ് നിയോഗമെന്ന് വിചാരിച്ചില്ല?

സ്വയം തീരുമാനിച്ച ഉത്തരങ്ങൾ

ഒരു സ്ത്രീയെന്ന നിലയിലായിരിക്കില്ല, ഒരു വ്യക്തിയെന്ന നിലയിലായിരിക്കും സുബർണ്ണ ചിന്തിച്ചിരിക്കുക. മറ്റുള്ളവരേയും വ്യക്തികൾ എന്ന നിലയിൽ കണ്ടിരിക്കണം. അതുകൊണ്ടുതന്നെ, ആൺകുട്ടികൾ, പുരുഷന്മാർ എന്നിങ്ങനെ വേറെ വേറെ കാണാതെ, എല്ലാ വ്യക്തികൾക്കും ഒരുപോലെയാവണം സ്വാതന്ത്ര്യം എന്ന നിലയിൽ എത്തിയിരിക്കണം. മാറുന്ന ലോകത്തിനനുസരിച്ച്, ജീവിതരീതികളും സ്വാതന്ത്ര്യവും വേണമെന്ന് തോന്നിയിരിക്കണം. കെട്ടുപാടുകളിൽ നിന്നും, കൂടുകളിൽ നിന്നും അകന്ന് സ്വന്തം വ്യക്തിത്വം സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് നീക്കിനിർത്താൻ ആഗ്രഹിച്ചിരിക്കണം. അഭിപ്രായസ്വാതന്ത്ര്യമെന്നത്, ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണെന്ന് സുബർണ്ണ കരുതിയിരിക്കണം. ദൈവം എല്ലാവരേയും ഒരുപോലെ കാണുമ്പോൾ ദൈവസന്തതികളും അങ്ങനെ കാണണമെന്ന് ആശിച്ചിരിക്കണം. സുബർണ്ണലത എന്ന കഥാപാത്രം കഥയില്‍പ്പറയുന്ന ജീവിതത്തിൽ അധികമൊന്നും വിജയിച്ചില്ലെങ്കിലും, വായിക്കുന്ന ഓരോ ആളിനേയും ചിന്തിക്കാൻ നിർബന്ധിച്ചേക്കും. ലോകത്തെ അനേകായിരം സ്ത്രീകളെ ഓർമ്മിപ്പിക്കുന്ന സുബർണ്ണയ്ക്ക്, സമാനമായ ഒരു മുഖം നമ്മൾ എവിടെയെങ്കിലും കണ്ടെന്നിരിക്കും.

സുബർണ്ണലതയെന്ന കഥയിലൂടെ ഒരു പെണ്ണിന്റെ ജീവിതപോരാട്ടം ആണ് കാണുന്നത്. ഒടുവിലവൾ വിജയിച്ചേക്കാം എന്നൊരു ആശ്വാസം ഉണ്ടാവുന്നത്, അവളുടെ മരണത്തിനുശേഷം, അവളുടെ കഥയെഴുതും എന്ന് ബകുൾ എന്ന മകൾ തീരുമാനിക്കുമ്പോഴാണ്.

കഥയുടെ ചുരുക്കം കൊണ്ട് ഒന്നുമാവുന്നില്ല. കഥ വായിക്കുക. ഗോപ മജുംദാർ ആണ് സുബർണ്ണലത ഇംഗ്ലീഷിലേക്ക് മാറ്റിയിരിക്കുന്നത്.

2. നോയ് ഛോയ് (Noi - Chhoi - at sixes and sevens)

നോയ്‌ ഛോയ് ആറു പെൺകുട്ടികളുടെ കഥയാണ്. വിവിധതരത്തില്‍പ്പെട്ട ചുറ്റുപാടുകളിൽ നിന്നുവരുന്ന അവരെ ഒരുമിപ്പിക്കുന്നത്, ഒരേ ക്ലാസ്സിലെ പഠനവും, ഒരുപോലെയുള്ള ചിന്തകളുമാണ്. എല്ലാവർക്കും ഓരോ തരം പ്രശ്നങ്ങളുണ്ട്. സമൂഹത്തിന്റെ നിലപാടിലും, സ്ത്രീകളുടെ അസ്വാതന്ത്ര്യങ്ങളിലും അവർ അതൃപ്തരാണ്. അതുകൊണ്ടുതന്നെ കോളേജിൽ അവർ, അവരുടേതായ സ്വാതന്ത്ര്യത്തിൽ നടക്കുന്നു. ആരേയും വകവെയ്ക്കാതെ തന്നെ.

റുണു, മിന്റു, ചന്ദ്രക്കല, ബേല, സ്വാഗത, സ്വപ്ന. എന്നിവർ. വീട്ടിലായാലും, സമൂഹത്തിലായാലും സ്ത്രീകൾക്ക് ഒരു സ്ഥാനം കൊടുക്കാത്തതിൽ അവർക്ക് അമർഷമുണ്ട്. ആൺകുട്ടികൾക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും പെൺകുട്ടികൾക്ക് വീട്ടുകാർ പറയുന്നത് അനുസരിച്ച് നിൽക്കുകയേ നിവൃത്തിയുള്ളൂവെന്നും, ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പോലും പേടിക്കണമെന്നും ഒക്കെയാണ് അവരുടെ അഭിപ്രായം.

വീട്ടിലാണെങ്കിൽ ഓരോരുത്തർക്കും ഓരോ പ്രശ്നങ്ങൾ. പെരുമാറ്റത്തിന്റെ പ്രശ്നങ്ങൾ. അസ്വാതന്ത്ര്യത്തിന്റെ പ്രശ്നങ്ങൾ. അസ്വസ്ഥതയുടെ പ്രശ്നങ്ങൾ. നിലനില്പിന്റെ പ്രശ്നങ്ങൾ. അസംതൃപ്തിയുടെ പ്രശ്നങ്ങൾ.

അവർക്കൊക്കെ, ലോകത്തോടും ലോകനീതികളോടും തികഞ്ഞ അമർഷമാണുള്ളത്. എല്ലാത്തിനേയും കൊല്ലാനും മരിക്കാനുമുള്ള ഒരു തരം വികാരം പോലും അവർക്കുണ്ട്. എല്ലാം ഉള്ളിലടച്ചുവെച്ച് ജീവിക്കേണ്ടിവരുന്നതിന്റെ വിഷമം. വിവിധതരം കുടുംബങ്ങളിപ്പെട്ടവരാണെങ്കിലും അവരുടെയൊക്കെ പ്രശ്നങ്ങൾക്ക് സാമ്യതയുണ്ട്. പെണ്ണായിപ്പിറന്നെന്ന സങ്കടം, അമർഷം, നിസ്സഹായത.

ആറു പെൺകുട്ടികളും എങ്ങനെയൊക്കെ ചിന്തിച്ചുവരുന്നുണ്ടെന്ന്, അവരുടെ മനസ്സ് എന്താണെന്ന് കഥാകാരി കൃത്യമായി നമ്മുടെ മുന്നിൽ തുറന്നുവയ്ക്കുന്നുണ്ട്. അവരുടെയൊക്കെ മനസ്സിലൂടെ നടക്കുന്നുണ്ട് നമ്മൾ. അവരുടെയൊക്കെ ജീവിതത്തിലേക്ക് കടന്നുപോവുന്നുണ്ട് പലപ്പോഴും. ഒടുവിൽ ചിലപ്പോൾ, വായനക്കാരിൽ ചിലരെങ്കിലും അവരിലൊരാളാണെന്ന് സ്വയം കണ്ടെത്തുന്നുണ്ടാവും.

നൂപുർ ഗുപ്തയാണ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. എല്ലാവരും വായിക്കണം.

ആശാപൂർണ്ണാദേവിയുടെ രണ്ട് നോവലുകളും പശ്ചാത്തലത്തിൽ വ്യത്യസ്തമാണ്. എന്നാലും ഉള്ളടക്കം സ്ത്രീകളുടെ അസ്വാതന്ത്ര്യം തന്നെ. ഒരു വീട്ടമ്മയുടെ കഥയിൽ നിന്നും കോളേജുകുമാരികളുടെ, ജീവിതത്തിലേക്ക് എത്തുമ്പോഴും വ്യത്യാ‍സം വലുതായിട്ടില്ലെന്ന് രണ്ടും വായിക്കുമ്പോൾ മനസ്സിലാവും. സ്ത്രീകൾ എന്നും സ്ത്രീകൾ തന്നെ. കൈയിലിടുന്ന വളകൾ സ്നേഹത്തിന്റെ, സ്ത്രീത്വത്തിന്റെ പ്രതീകമാണോ അതോ അസ്വാതന്ത്ര്യത്തിന്റെ ചങ്ങലക്കണ്ണികളോ?

മുന്നറിയിപ്പ് :- രണ്ട് നോവലുകളും ഞാൻ വായിച്ചത് ഇംഗ്ലീഷിലാണ്. ഇവിടെ എഴുതിയിരിക്കുന്നത് എനിക്ക് വായിച്ചിട്ട് മനസ്സിലായതാണ്. ഞാൻ നാലാം തരം മുതൽ ഇംഗ്ലീഷ് വായിക്കാൻ തുടങ്ങിയതാണെന്ന് എല്ലാവരും ഓർത്താൽ നന്ന്. ;) അപ്പഴല്ലേ എ, ബി, സി, ഡി തുടങ്ങിയത് സ്കൂളിൽ.

Labels:

10 Comments:

Blogger അയല്‍ക്കാരന്‍ said...

പദ്മശ്രീയ്ക്കൊക്കെയപ്പുറം ജ്ഞാനപീഠം നേടിയിട്ടുണ്ടവര്‍.

ഈ രണ്ട് നോവലുകളെപ്പറ്റിപ്പറയുമ്പോള്‍ “പ്രഥമ പ്രതിശ്രുതി“-യെക്കുറിച്ചും ഓര്‍ക്കേണ്ടതാണ്. മലയാളം പരിഭാഷയും ലഭ്യമാണ്. ഖന്‍ഡശ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുമുണ്ട്.

Mon Aug 18, 12:40:00 am IST  
Blogger ശാലിനി said...

സുവര്‍ണ്ണലത വായിച്ചിട്ടുണ്ട്.

ഇംഗ്ലിഷ് വായനയെകുറ്ച്ച് വിശദീകരിച്ചത് നന്നായി.

Mon Aug 18, 12:48:00 pm IST  
Blogger smitha adharsh said...

സുവര്‍ണലത വായിച്ചിട്ടുണ്ട്.അതൊരു മലയാള പരിഭാഷയായിരുന്നു..എങ്കിലും ഭാഷയുടെ സൌന്ദര്യം ചോര്‍ന്നു പോയിട്ടില്ലെന്ന് തോന്നിയിരുന്നു....നല്ല പോസ്റ്റ്.

Tue Aug 19, 12:02:00 am IST  
Blogger Nachiketh said...

)-

Tue Aug 19, 04:15:00 pm IST  
Blogger മുസാഫിര്‍ said...

വായിച്ചിട്ടില്ല.കിളിവാതില്‍ കാഴ്ച്ചക്ക് നന്ദി.

Tue Aug 19, 04:34:00 pm IST  
Blogger സു | Su said...

അയൽക്കാരൻ :) അറിയാം. വിശദമായി എഴുതിയില്ലെന്നേ ഉള്ളൂ. പ്രഥമപ്രതിശ്രുതി മാതൃഭൂമി വാരികയിൽ വന്നിരുന്നില്ലേ?

ശാലിനീ :)

സ്മിത :) ബംഗാളി ആണല്ലോ ഒറിജിനൽ. അതു വായിക്കാൻ പറ്റാത്തതുകൊണ്ട് പിന്നെ ഏതായാലും കുഴപ്പമില്ല എന്നുവെച്ചു. എന്നാലും മലയാളമാണെനിക്കിഷ്ടം.

സരിജ :)

നചികേതസ്സ് :)

മുസാഫിർ :)

Wed Aug 20, 09:32:00 am IST  
Blogger തോന്നലുകള്‍...? said...

su chechi, sarikkum vaayikkaan thonnunnund tto....:)Randu novel ineyum parichayappeduthiyathinu nandi...

Fri Aug 22, 11:11:00 pm IST  
Blogger സു | Su said...

തോന്നലുകൾ :) വായിക്കൂ എന്നാൽ.

Sat Aug 23, 10:51:00 am IST  
Blogger സുധീർ (Sudheer) said...

Thanks for this post.
Remembered me about "Pradhama prathisruthi", "Suvarna latha"
and "bakulinte kadha" which were
published in Mathrubhumi weekly
around 20yeras back.The Illustrations done by
A.S were also beautiful.

Mon Aug 25, 05:19:00 pm IST  
Blogger സു | Su said...

സുധീർ :) പോസ്റ്റ് വായിച്ചതിൽ നന്ദി.

Mon Aug 25, 10:22:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home