എലിയും പൂച്ചയും
‘ഒളിച്ചുകളിക്കേണ്ട. ഇനി നമ്മൾ കൂട്ടുകാരാണ്.’ എലിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ചുമരാകട്ടെ എലിയെ ശ്വാസമടക്കിപ്പിടിച്ച് നോക്കിനിന്നു. പൂച്ച സൗഹൃദത്തിൽ മീശ വിറപ്പിച്ചു.
‘ഇനി ഒളിക്കാൻ എലിയെ കിട്ടില്ല. തൊട്ടിരുന്ന് അടക്കിപ്പിടിക്കുന്ന വിങ്ങൽ അറിയാൻ പറ്റില്ല.’ ചുമർ നിരാശയിലായി.
‘ഇന്നലെക്കൂടെ എന്നിലൂടെ ചാടിപ്പോയി.’ ജനൽ ചുമരിന്റെ ചെവിയിലേക്ക് പറഞ്ഞു. ‘കാത്തിരുന്ന് കാണാം.’
എലി സൗഹൃദത്തിന്റെ ലഹരിയിൽ മുറിയിലൂടെ ഓടി. പൂച്ച കട്ടുകുടിച്ച പാലിന്റെ ഒരു വര അതിന്റെ ദേഹത്തുണ്ടായിരുന്നു. ഒരു പഞ്ഞിരോമവും. പൂച്ച ഉമ്മവെച്ചത്. ഉമ്മ വയ്ക്കാൻ അടുത്തുവന്നപ്പോൾ എലി എന്തിനോ അല്പം പേടിച്ചിരുന്നു. വിശ്വാസക്കുറവ് തന്നെ. എന്നിട്ടും പൂച്ചയിൽ നിന്ന് മറച്ചു.
***************
“ദേ ഒരെലി പോകുന്നു.”
“ഒരു വടിയിങ്ങെടുത്തോ.”
പൂച്ച അവളുടെ കാലിലൊന്ന് തൊട്ടു. അവൾ ഞെട്ടിപ്പോയി.
“ഹോ...ഇതിന്റെയൊരു കാര്യം.”
“മോള് വന്നോ?”
“ഇനിയും വന്നില്ല.”
“ഇരുട്ടിയല്ലോ.”
“പോയി നോക്കണോ?”
“അല്പം കൂടെ കഴിഞ്ഞിട്ടു പോകാം.”
****************
പൂച്ചയെ ആയിരുന്നു പേടിക്കാനുള്ളത്. പൂച്ച കൂട്ടായി. അല്ലെങ്കിൽ മൂന്ന് മനുഷ്യരും കൂടെ പിറകെ നടക്കും. മോൾ ഒരു പാവമാണ്. അത് അച്ഛനും അമ്മേം ഒരു എലിയുടെ പിറകെ ഓടുമ്പോൾ ഉറക്കെ ചിരിക്കുകയേ ഉള്ളൂ. എലി പതുക്കെപ്പതുക്കെ അവളുടെ കിടക്കയിലൂടെ ഓടി. നിഷ്കളങ്കമായിട്ട് ഉറങ്ങുന്നുണ്ട്. അവളുടെ അടുത്തുചെന്ന് മുഖത്തേക്ക് ശ്രദ്ധിച്ചുനോക്കിയപ്പോൾ ഒരു പുഞ്ചിരി. ആരെങ്കിലും കൂട്ടായിരിക്കും. ചിലപ്പോൾ ഒരു ശത്രു തന്നെ. അവളുടെ മുഖത്ത് ശത്രുവിന്റെ ചുംബനത്തിന്റെ മാധുര്യം കണ്ടെടുക്കാൻ ശ്രമിച്ച് അല്പനേരം ഇരുന്നിട്ട് എലി ജനലിനെ വിറപ്പിച്ച് ഇരുട്ടിലേക്ക് ചാടിപ്പോയി. ജനൽ, പിന്നാലെ, പൂച്ചയെ അപ്പോഴും പ്രതീക്ഷിച്ചു.
*************
പൂച്ച ഉറങ്ങുന്നത് പത്രത്തിലാണ്. വീടാണെങ്കിൽ നിശബ്ദമായിരിക്കുന്നു. എലിക്കിപ്പോൾ സാഹസികത ഒട്ടും തോന്നുന്നില്ല. കുറച്ചുനാൾ മുമ്പുവരെ കടിച്ചുപറച്ചിരുന്ന പത്രത്തിലേക്ക് നോക്കി. പൂച്ച പകുതിഭാഗവും ഉറങ്ങാൻ ഉപയോഗിച്ചിട്ടുണ്ട്. അവളുണ്ട് പത്രത്തിൽ. ഉറങ്ങുന്നതുപോലെ. ഇവൾ ഇന്നലെ ഇവിടെ ഉറങ്ങിയത് ഇങ്ങനെയല്ലായിരുന്നല്ലോ. വ്യത്യാസമുണ്ട്. അവളുടെ അച്ഛനും അമ്മയും, താനോടിയിട്ടും, വടിയിങ്ങെടുക്ക്, വാതിലടയ്ക്ക് എന്നൊക്കെ ബഹളം വയ്ക്കാഞ്ഞത് ഇതുകൊണ്ടാവും. അവളും ഒരു ശത്രുവിനോട് കൂട്ടായെന്ന് കരുതിയതല്ലേ ഉള്ളൂ, രണ്ട് ദിവസം മുമ്പ്. ശത്രുത നിർത്തിയാൽ കുഴപ്പമാണോ! പൂച്ച ഉണർന്ന് ഒന്ന് തല കുടഞ്ഞു. അതിന്റെ വിശപ്പിന്റെ മണം എലിയ്ക്ക് അനുഭവമായി. പലപ്പോഴും അറിഞ്ഞിട്ടുണ്ട്. എലി ഇരിപ്പിടങ്ങൾക്ക് പിറകിലേക്കും അവിടെനിന്ന് ജനലിലൂടെ പറമ്പിലേക്കും അവിടെ മണ്ണിനടിയിൽ കുഴിച്ചുവെച്ചിരിക്കുന്ന സ്വന്തം വാസസ്ഥാനത്തേക്കും ഓടിയെത്തിയിട്ട് നിശ്വസിച്ചു.
ജനൽ, ചുമരിനോട് പറഞ്ഞു, “വിശക്കുമ്പോൾ സൗഹൃദം കണ്ണില്പ്പതിയില്ല. മുന്നിൽ ഇരകളേ കാണൂ.”
Labels: കഥ
8 Comments:
പാവം പൂച്ച. ഈ കാലത്ത് ആത്മാര്തതക്ക് ഒരു സ്ഥാനവും ഇല്ല
REAL KNOWLEDGE
സരളം സരസം. നന്നായിട്ടുണ്ട്.
പിന്നേയ് വേറൊരു കാര്യം. കൊതിമൂത്ത് ഞാനും ഒരു സാഹസം കാട്ടിയിട്ടുണ്ട്. ക്ഷണിക്കുകയാണ്.
ഒന്ന് ക്ളിക്കണേ
“വിശക്കുമ്പോൾ സൗഹൃദം കണ്ണില്പ്പതിയില്ല. മുന്നിൽ ഇരകളേ കാണൂ.” :(
ശത്രുക്കള് പെട്ടെന്ന് ഒരു ദിവസം സൌഹൃദം ഭാവിയ്ക്കുമ്പോള് ഒന്നു സൂക്ഷിയ്ക്കുന്നത് നല്ലതു തന്നെ.
:-)
കവിത :)
അരീക്കോടൻ :)
പാറുക്കുട്ടി :) ബ്ലോഗ് നോക്കി. ആശംസകൾ. ഇനിയും എഴുതൂ. അവിടെയും വന്ന് മിണ്ടാംട്ടോ.
കുഞ്ഞൻസ് :)
ശ്രീ :)
ഉപാസന :)
എല്ലാവർക്കും നന്ദി.
പാവം മോള്!
Post a Comment
Subscribe to Post Comments [Atom]
<< Home