Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, February 09, 2009

ഒരു കഷണം വാർത്ത

പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് വാർത്ത. പൂമ്പാറ്റയ്ക്ക് എന്താ നിറമിങ്ങനെ, ആകാശത്തെത്താ മിന്നുന്നത്, അമ്പിളിയമ്മാവൻ എന്താ ഇന്നു വരാത്തത് എന്നൊക്കെ മുറിവാക്കുകളിൽ ചോദിക്കേണ്ട പ്രായത്തിലിങ്ങനെ മുറിവും പറ്റി... ആ കുഞ്ഞിന്റെ മനസ്സിന് മുറിവുണ്ടാവുമോ? ഓരോ അമ്മമാരും തങ്ങളുടെ കുഞ്ഞുങ്ങളെക്കുറിച്ച് പേടിക്കേണ്ട അവസ്ഥയായോ? സ്വന്തം വീട്, വീട്ടുകാരുടെ ശ്രദ്ധ ഒക്കെയുണ്ടാവുന്ന കുഞ്ഞുങ്ങൾ പോലും സുരക്ഷിതരല്ല. കണ്ണെഴുതി പൊട്ടും തൊടീച്ച് മിന്നുന്ന ഉടുപ്പുമിട്ട് പൂമ്പാറ്റയെപ്പോലെ പാറിനടക്കുന്ന മക്കളെ ചിറകൊടിഞ്ഞ് കാണാൻ അമ്മമാർക്ക് കഴിയുമോ? ഒരുനേരം കണ്ണിൽനിന്നു മറഞ്ഞാൽ കണ്ണിനുമുന്നിൽ തിരികെയെത്തുവരെയുള്ള ആധി ഓരോ മാതാപിതാക്കളേയും തിന്നില്ലേ? വിവരമില്ലാത്ത, പഠിപ്പില്ലാത്ത, കാടന്മാരായ ഒരു കൂട്ടം ജനങ്ങളുടെ ഇടയിലാണെങ്കിൽ ഇതൊക്കെ സംഭവിച്ചേക്കാം എന്നൊരു ആശ്വാസം കൊള്ളാം. ദൈവത്തിന്റെ സ്വന്തം നാട്ടിൽ, അഭ്യസ്തവിദ്യരുടെ ഇടയിലാണ് ഇതൊക്കെ സംഭവിക്കുന്നത്. പല കുഞ്ഞുങ്ങളും കൊല്ലപ്പെടുകയാണ് പതിവ്. കൊന്നുകളയുന്നു. ചിലർ മാത്രം രക്ഷപ്പെടുന്നു.
ഒടുവിൽ ആ കുഞ്ഞ് എന്നെങ്കിലും ചോദിക്കുമോ എന്തിനു ജീവിച്ചിരിക്കുന്നെന്ന്?

ഇനി ചില കുട്ടികളുടെ കാര്യമാണെങ്കിലോ? ഓരോ വാർത്തകളും കേൾക്കുമ്പോൾ തോന്നും, ഈ കുട്ടികളൊക്കെ എങ്ങോട്ടാണ്? നന്നായി പഠിച്ചും, ജോലിയിൽ പ്രവേശിച്ചും, കൂടപ്പിറപ്പുകൾക്കും മാതാപിതാക്കൾക്കും തണലേകി അഭിമാനത്തിൽ തലയുയർത്തിപ്പിടിച്ച് ജീവിക്കേണ്ട കുട്ടികൾ, ബോംബു നിർമ്മിച്ചും, സ്ഫോടനം നടത്തിയും, പത്രറിപ്പോർട്ടമാർക്കും ചാനലുകൾക്കും മുന്നിൽ മുഖംമൂടിയിട്ട് തല താഴ്ത്തിപ്പിടിക്കേണ്ടി വരുന്നു. സഹപാഠികളുടെ ചിത്രമെടുത്ത് അവരെ ലോകത്തിനുമുന്നിൽ കുറ്റവാളികളാക്കി നിർത്തി, കൊല്ലാൻ പ്രേരിപ്പിച്ചിട്ട്, ഓടിയും ചാടിയും കഥകൾ പറഞ്ഞും പഠിച്ചും തീർക്കേണ്ട കൗമാരം ലോകത്തിനുമുന്നിൽ കുറ്റവാളികളായി നിന്ന്, ഇരുണ്ട തടവറയ്ക്കുള്ളിൽ കഴിച്ചുകൂട്ടുന്നു.

വേറെ ചിലർ രാഷ്ട്രീയത്തിനു പിന്നാലെ പായുന്നു. തട്ടിത്തടഞ്ഞുവീഴുന്നു. പിടഞ്ഞുമരിക്കുന്നു. ചിലർ ശവങ്ങളെപ്പോലെ ജീവിച്ചിരിക്കുന്നു. കുഞ്ഞുങ്ങളായിരിക്കുമ്പോൾ, ചിണുങ്ങിക്കരഞ്ഞ് ഒപ്പം നടന്നവർ, കൊടിയുടെ നിറത്തിനുകീഴിലെത്തുമ്പോൾ കണ്ണുകാണാത്തവരാകുന്നു. ഒറ്റച്ചിരിയിൽ, ഒരു നിമിഷം സൗഹൃദം പങ്കുവയ്ക്കലിൽ വൈരം മറക്കേണ്ടവർ എന്തിനോവേണ്ടി, പലപ്പോഴും എന്തിനെന്നറിയാതെ, ഒറ്റ വെട്ടിൽ പല ജീവിതങ്ങളും ഒരുമിച്ച് ചോദ്യചിഹ്നങ്ങളാക്കി ജീവിതം നശിപ്പിക്കുന്നു. ജീവിതത്തിന്റെ നല്ലൊരു ഭാഗം തടവറയിൽ. അതിനുവേണ്ടിയാണോ ഓരോ ജന്മവും?

സഹപാഠിയെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ച കുട്ടികൾ അറസ്റ്റിൽ, പിഞ്ചുകുഞ്ഞ് പീഡിക്കപ്പെട്ടു, ഇന്നലെ മരിച്ചവന്റെ പാർട്ടിക്കാർ അവനെ വെട്ടിക്കൊന്നവനെ ഇന്നു കൊന്നു, ബോംബ് സ്ഫോടനം - അറസ്റ്റിലായവർ. ഇതൊക്കെ ഓരോ കഷണം വാർത്തകളാണ് മറ്റുള്ളവർക്ക്. എന്നും വാർത്തകൾ മാറിമാറി വരുന്ന പത്രങ്ങൾ. ചിത്രങ്ങൾ കാണിക്കാൻ മത്സരിക്കുന്ന ചാനലുകൾ. നരകം അനുഭവിക്കുന്ന പലരും ഈ കുഞ്ഞുവാർത്തകൾക്ക് പിറകിലുണ്ടാവും എന്നത് ആരെങ്കിലും വാർത്തകൾ വായിക്കുമ്പോഴോ, കാണുമ്പോഴോ അല്ലാതെ പിന്നീടെപ്പോഴെങ്കിലും ഓർക്കുന്നുണ്ടാവുമോ? ഇങ്ങനെയൊക്കെ സംഭവിക്കുന്നതിൽ നമുക്കെന്തെങ്കിലും പങ്കുണ്ടോന്ന് ചിന്തിക്കുന്നുണ്ടാവുമോ? താനിങ്ങനെയാവില്ലെന്ന് കുട്ടികളാരെങ്കിലും പ്രതിജ്ഞയെടുക്കുന്നുണ്ടാവുമോ?

എന്തായാലും ഇതൊക്കെ ഒരു ആഘോഷം പോലെയായി. ഇതിനുവേണ്ടിയാണോ ആധുനികതയിലേക്ക് മനുഷ്യൻ ഓരോ നിമിഷവും കുതിക്കുന്നത്?

ഇത്രയും സീരിയസ് ആയ കാര്യങ്ങളാണോ നമ്മുടെ നാട്ടിൽ എന്നു ചോദിക്കുന്നവരോട് “ഏയ്, അല്ലല്ല, നമ്മുടെ “നേതാക്കന്മാർ” ഉണ്ടല്ലോ നമ്മളെച്ചിരിപ്പിക്കാൻ” എന്നൊരുത്തരം പറയാനുണ്ടല്ലോ. അതെന്തായാലും ഭാഗ്യം!

Labels:

7 Comments:

Blogger ആത്മ said...

സൂജി എപ്പോള്‍ സീരിയസ്സ് ആയി?!
സൂജീ ലോകം ഇങ്ങിനെയൊക്കെയാണ്. അതിനിടയിലാണ് നമ്മളൊക്കെ വലിയ കുഴപ്പമൊന്നുമില്ലാതെ ജീവിക്കുന്നത് അല്ലെ?
ആരും എങ്ങും സുരക്ഷിതരല്ലാ..
ആത്മ അതുകൊണ്ട് പത്രവും വായിക്കില്ല, ന്യൂസും കാണില്ല. ആത്മയ്ക്ക് ഒന്നുമറിയണ്ടേ... നേരെ കണ്മുന്നില്‍ കാണുന്നതു (ചുറ്റിനും ഉള്ള) മാത്രം ആത്മയ്ക്ക് അറിഞ്ഞാല്‍ മതി. അതില്‍ക്കൂടുതല്‍ അറിയാനുള്ള മനക്കട്ടിയും ഇല്ല.
പണ്ട് പണ്ട് മനുഷ്യര്‍ ലോകത്തു മുഴുവന്‍ നടക്കുന്ന കൊലപാതകവും ക്രൂരതകളും ഒന്നും അറിയാതെ, സ്വന്തം നാട്ടിലേതു മാത്രമല്ലെ അറിഞ്ഞുള്ളു, അതുപോലെ.. (പക്ഷെ, നാലുക്കൊപ്പം ജീവിക്കുന്നവര്‍ക്ക് വായിച്ചാലേ പറ്റൂ, ന്യൂസ് കണ്ടാലേ പറ്റൂ, അല്ലെ?)

Mon Feb 09, 09:28:00 pm IST  
Blogger മേരിക്കുട്ടി(Marykutty) said...

വസ്ത്ര ധാരണമാണ് പീഡനത്തിനു വഴി വയ്ക്കുന്നത് എന്ന് പലരും ആരോപിക്കാറുണ്ട്..വഴി വക്കില്‍ വിശന്നു തളര്‍ന്നു ഉറങ്ങി കിടക്കുന്ന കുഞ്ഞിന്റെ വസ്ത്ര ധാരണമാണോ പ്രശ്നമായത്??

അല്ലെങ്കില്‍, ശരീരഭാഗമൊന്നു കണ്ടാല്‍ തകരുന്ന്നതാണോ, മനുഷ്യന്റെ സംസ്കാരം??

Tue Feb 10, 09:27:00 am IST  
Blogger Bindhu Unny said...

കലികാലം ഇങ്ങനെയൊക്കെയാവും സൂ. എന്താ ചെയ്ക?

Tue Feb 10, 11:17:00 am IST  
Blogger പാറുക്കുട്ടി said...

ശരിയാ സൂ. ഞാനും വിഷമത്തോടെയാണ് ഈ വര്‍ത്ത വായിച്ചത്. ഈ ലോകം ഇങ്ങനൊക്കെയാണ് ഇന്ന്. ഓര്‍ക്കുമ്പോള്‍ തന്നെ പേടിയാവുന്നു. ഞാനും രണ്ട് പെണ്മക്കളുടെ അമ്മയാണ്.

Tue Feb 10, 06:32:00 pm IST  
Blogger സു | Su said...

ആത്മാ ജീ :) ഞാൻ സീരിയസ്സ് ആയില്ല. കണ്ടപ്പോൾ, ആലോചിച്ചപ്പോൾ എഴുതണംന്ന് തോന്നി. പണ്ടത്തെക്കാലം അല്ലല്ലോ ഇപ്പോൾ. അതുകൊണ്ട് നല്ലതും ചീത്തയും ആയ വാർത്തകൾ അറിയുന്നതുതന്നെ നല്ലത്.

മേരിക്കുട്ടീ :) അതൊക്കെ ഓരോന്നുണ്ടാകുമ്പോൾ ന്യായീകരിക്കാൻ പറയുന്നതല്ലേ.

ബിന്ദൂ :) കലികാലം തന്നെ.

പാറുക്കുട്ടീ :) ആൾക്കാരൊക്കെ പാടേ മാറിപ്പോയി.

നാലുപേർക്കും നന്ദി.

Tue Feb 10, 08:40:00 pm IST  
Blogger Areekkodan | അരീക്കോടന്‍ said...

ഇക്കഴിഞ്ഞ ദിവസം യു.പി-യില്‍ ഒരു പോലീസുകാരന്‍ അരു അഞ്ച്‌വയസ്സുകാരിയെ കള്ളന്‍ എന്നാരോപിച്ച്‌ മുടിയില്‍ തൂക്കിപ്പിടിക്കുന്നത്‌ കണ്ടു.മനുഷ്യ മനസ്സില്‍ നിന്നും സ്നേഹം മൊത്തമായും നഷ്ടമായോ എന്ന്‌ സംശയിക്കുന്നു.

Thu Feb 12, 04:43:00 pm IST  
Blogger സു | Su said...

അരീക്കോടൻ :) അത് കണ്ടതുകൊണ്ട് അറിഞ്ഞു. കാണാതെ, അറിയാതെ പോകുന്നതെത്ര!

Fri Feb 13, 03:17:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home