Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, June 05, 2009

മാധവിക്കുട്ടി

പ്രണയം, വിരഹം, രതി, സ്നേഹം, സഹതാപം, സന്തോഷം, സാന്ത്വനം, ചതി, എന്നിങ്ങനെ ജീവിതത്തിലെ പല തലങ്ങളും അടങ്ങിയിട്ടുള്ള കഥകളാണ് മാധവിക്കുട്ടിയുടേത്. അതുകൊണ്ടുതന്നെ ആ കഥകൾ, പല ജീവിതങ്ങളിലും സത്യമാണെന്ന് കണ്ടെത്താനായേക്കും. അനുഭവിച്ചതോ അടുത്തറിഞ്ഞതോ ആയിട്ടുള്ളതെന്ന് വായനക്കാർക്ക് തോന്നുംവിധത്തിലുള്ള കഥകൾ. ഭാവനയിൽനിന്ന് അത്തരം കഥകൾ വിരിയുമ്പോൾ, സത്യമെന്ന് തോന്നിയാലും, ഭാവനയെന്ന് തോന്നിയാലും, ചിലർക്ക് മുഖം ചുളിഞ്ഞേക്കാം. അതിനെ ഗൗനിക്കാതെയാണ് മാധവിക്കുട്ടി എന്ന കഥാകാരി വായനയിഷ്ടപ്പെടുന്നവരുടെ മുന്നിലേക്ക് ഒരുപാട് കഥകൾ നിരത്തിവെച്ചുകൊണ്ട് കടന്നുപോയത്.

“ഘോരഘോരമായ വിശപ്പ് അനുഭവിക്കുന്ന മൃത്യുവെന്ന രാവണൻ തട്ടിക്കൊണ്ടുപോവുന്ന സീതയാണ് ഞാൻ. പക്ഷേ എനിക്കുവേണ്ടി വാനരന്മാർ കടലിൽ പാലം നിർമ്മിക്കുകയില്ല. എനിക്കുവേണ്ടി ആരും യുദ്ധങ്ങൾ നടത്തുകയില്ല. എന്നെ മറന്നുകിട്ടുവാൻ ആർക്കും ഒരാഴ്ചക്കാലം മതിയാവും. ഒരിക്കലും അവസാനിക്കാത്ത ഒരു ചെറുകഥ എഴുതുവാൻ മോഹിച്ചവളാണ് ഞാൻ. പക്ഷേ എന്റെ മരണത്തോടെ ആ കഥ പൂർണ്ണമായും അവസാനിക്കും എന്ന് എനിക്കു തോന്നുന്നു. മുഖമില്ലാത്ത ഒരു കപ്പിത്താനാണ് മൃത്യു.“

1991 - ൽ എഴുതിയ മുഖമില്ലാത്ത കപ്പിത്താൻ എന്ന കഥയിലെ ഭാഗങ്ങളാണ് മുകളിലുള്ളത്. ആ കപ്പിത്താൻ വന്നുകൂട്ടിക്കൊണ്ടുപോയി.

കൃഷ്ണന്റെ രഥത്തിന്റെ ചക്രങ്ങൾ, തന്റെ വഴിയിലൂടെ ഉരുളുമെന്ന് മോഹിച്ച് കാത്തിരുന്ന രാധ. അത് അവർ തന്നെയായിരുന്നു. ഒട്ടുങ്ങാത്ത പ്രണയവും മനസ്സിൽ സൂക്ഷിച്ച് കഥയെഴുതിനിറച്ചത് ആ രാധ തന്നെയായിരുന്നു.

അവരെഴുതിയ കഥകളെക്കുറിച്ച് പറയേണ്ടിവരുമ്പോൾ വാക്കുകളൊന്നും മതിയാവില്ല. ഏതു കഥയെപ്പറ്റി പറയണം എന്ന് പെട്ടെന്ന് തീരുമാനിക്കാനാവില്ല. മിക്ക കഥകളും, കഥാപാത്രങ്ങളും വായനക്കാരുടെ കൂടെത്തന്നെയുണ്ടാവും, വായിച്ചുകഴിഞ്ഞ് കുറേക്കാലം കഴിഞ്ഞാലും. നൊമ്പരം വിതറി, മധുരം വിതറി പല കഥകളും ഓർമ്മിക്കപ്പെടും.

എനിക്കിഷ്ടപ്പെട്ടവയിൽ ചില കഥകളെക്കുറിച്ചുമാത്രമാണ് പറയുന്നത്. എല്ലാം കൂടെ പറഞ്ഞുതീർക്കാൻ ആവുമെന്നു തോന്നുന്നില്ല. അതുകൊണ്ട് ചില കഥകൾ മാത്രം എടുത്തു. ഇവിടെ എഴുതിയിട്ടിരിക്കുന്നത്, പലതും, വളരെച്ചെറിയ കഥകളാണ്.

നെയ്പ്പായസം

ഭർത്താവ് വൈകുന്നേരം വീട്ടിലെത്തുമ്പോൾ, ഭാര്യ മരിച്ചുകിടക്കുകയാണ്. മരിച്ചുവെന്ന് ഡോക്ടർ പറയുമ്പോൾ, ഒന്നും അറിയിക്കാതെ, ജീവിതത്തിന്റെ മുഴുവൻ ഭാരവും വിട്ടേല്‍പ്പിച്ചുപോകുന്നതിന്റെ ദേഷ്യം അയാൾക്ക് തോന്നുന്നുണ്ട്. ദഹനം കഴിഞ്ഞ് വീട്ടിലെത്തുമ്പോഴോ? പതിവുള്ളതുപോലെ ഭക്ഷണമൊക്കെ തയ്യാറാക്കിവെച്ചിട്ടുണ്ട്. കുട്ടികൾക്കുവേണ്ടി നെയ്പ്പായസവും. കുട്ടികൾ അമ്മയെപ്പഴാ വരുക എന്നു തിരക്കുമ്പോൾ അമ്മ വരും എന്നാണ് അയാൾ പറയുന്നത്. ഭക്ഷണം കൊടുക്കുമ്പോഴോ? കുട്ടികൾക്ക് നെയ്പ്പായസം മതി. നല്ല സ്വാദുണ്ടെന്നും, അമ്മ അസ്സല് നെയ്പ്പായസമാണുണ്ടാക്കിയതെന്നും കുട്ടികൾ പറയുന്നു. ഒരു പ്രാവശ്യം വായിച്ചാൽ മതി, ഈ നെയ്പ്പായസത്തിന്റെ രുചി മനസ്സിലാവാൻ. പിന്നെ മറക്കില്ല. സങ്കടം, ഭീതി, പിന്നെയൊരുപാട് സ്നേഹവും തോന്നുന്ന കഥ.


ഇടനാഴികളിലെ കണ്ണാടികൾ

ഒരു കമ്പനിയിലെ അമ്പത്തഞ്ചുവയസ്സായ സൗമ്യമൂർത്തിയെന്നയാൾ, തന്റെ കമ്പനിയിലെ ജോലിക്കാരനായ പ്രേമചന്ദ്രൻ എന്നയാളുടെ ഭാര്യ മാധവിയുമായി അടുക്കുന്നു. കഥയും കവിതയുമൊക്കെപ്പറഞ്ഞ് കൂടുതൽ അടുത്തെങ്കിലും, സൗമ്യമൂർത്തിക്ക്, പ്രണയം കുഴപ്പമാണെന്ന് തോന്നുന്നു. അയാൾ പ്രേമചന്ദ്രനെ സ്ഥലം മാറ്റുന്നു. പക്ഷെ, മാധവി, കൂടെപ്പോകാൻ കൂട്ടാക്കുന്നില്ലെന്നും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്നും പ്രേമചന്ദ്രൻ സൗമ്യമൂർത്തിയെ അറിയിക്കുന്നു. പക്ഷേ, ഒടുവിൽ മാധവി മരിച്ചു എന്ന വാർത്ത കേൾക്കാൻ കഴിയുന്നു, സൗമ്യമൂർത്തിയ്ക്ക്. വെള്ളത്തിൽ വീണാണ് മരിക്കുന്നത്. പ്രണയത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയോ ഒളിച്ചോടാൻ ശ്രമിക്കുകയോ ആണ് സൗമ്യമൂർത്തി ചെയ്യുന്നത്. പ്രേമചന്ദ്രൻ, മാധവിയോട് പറയുന്നതും ആ അടുപ്പത്തിന്റെ കാര്യം തന്നെ. നിന്നെക്കൊണ്ട് അദ്ദേഹത്തിനു ശല്യമായതുകൊണ്ടാണ്, തനിക്കു സ്ഥലം മാറ്റം കിട്ടിയതെന്ന് അയാൾ പറയുന്നുണ്ട്. മാധവിയുടെ സ്നേഹത്തിനുള്ള ദാഹം അവൾ പ്രത്യക്ഷപ്പെടുത്തുന്നു എന്നും പ്രേമചന്ദ്രൻ പറയുന്നു. സ്നേഹിച്ചു ജീവിക്കാൻ കൊതിക്കുന്ന മാധവിയോ, സ്നേഹം മനസ്സിലാക്കാതിരിക്കുന്ന ആ രണ്ടു പുരുഷന്മാരോ, ആരാണ് തെറ്റുകാർ? എന്തായാലും മരണം സ്വന്തമാക്കി, മാധവിയെ.

കോലാട്

ഈ കഥയിൽ പല സ്ത്രീകളുടേയും അവസ്ഥയാണ് പറയുന്നത്. പഠിപ്പും പരിഷ്കാരവുമില്ലാതെ, കുടുംബത്തിനുവേണ്ടി, പകലന്തിയോളം ജോലി ചെയ്ത് ജീവിക്കുന്ന സ്ത്രീ. മക്കൾക്ക് അവരുടെ രൂപം പോലും കുറച്ചിലുണ്ടാക്കുന്നതാണ്. ഒടുവിൽ അസുഖമായി ആശുപത്രിയിൽ പോകുമ്പോൾ അവിടെനിന്നും വീട്ടുകാര്യങ്ങളെക്കുറിച്ചുള്ള ചിന്തകളാണ്. അറിയാവുന്ന ചില ജീവിതങ്ങൾ, ആ കഥയിലേക്ക് ചേർത്തുവെച്ചുനോക്കി. അവരുടെ കഥകൾ, എപ്പോഴേ എഴുതിവെച്ചിരിക്കുന്നുവെന്നു കണ്ട് ആശ്ചര്യം തോന്നി. ഒരു പാവം സ്ത്രീയുടെ കഥ, ജീവിതം ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ. ജോലിയെടുത്ത് ക്ഷീണിച്ച് നിൽക്കുമ്പോൾ, അമ്മയെക്കാണുമ്പോൾ മക്കൾക്ക് കോലാടിന്റെ രൂപമാണ് തോന്നുന്നതെന്ന് വായിക്കുമ്പോൾ, ചിലരെങ്കിലും വീട്ടിനുള്ളിൽ, അതുപോലെയുള്ള കോലാടുകൾ ഉണ്ടോയെന്ന് കണ്ടെത്താൻ ശ്രമിച്ചേക്കും.

രണ്ടു ലക്ഷം

വിദേശത്തുനിന്ന് പണമുണ്ടാക്കി വരുമ്പോൾ, ഭർത്താവിനെ സ്വീകരിക്കാൻ ചെല്ലുന്ന ഭാര്യയും മൂന്നുവയസ്സായ മകനും. രണ്ടുവർഷം കാണാതിരുന്ന മകനെ കാണുമ്പോൾ, മകനോടൊപ്പമുള്ള ജീവിതത്തിൽ നിന്ന് മനോഹരമായ രണ്ടുവർഷങ്ങൾ നഷ്ടപ്പെട്ടതിന്റെ വേവലാതിയുണ്ടയാൾക്ക്. അതുപറയുമ്പോൾ, പണമുണ്ടാക്കാൻ വേണ്ടി നിർബ്ബന്ധിച്ച് പറഞ്ഞയച്ചതുകൊണ്ട്, അതുണ്ടായി എന്ന മട്ടിലാണ് ഭാര്യ സംസാരിക്കുന്നത്. സ്നേഹത്തിനു പകരം ഭാര്യയ്ക്കു വേണ്ടത് പണമാണല്ലോ എന്ന മട്ടിൽ അയാൾ സംസാരിക്കുന്നു. പണം, മനുഷ്യനെ അകറ്റുന്നുണ്ടോ? അയാൾക്ക് മകനേയും നോക്കിയിരുന്നാൽ മതിയായിരുന്നോ? ഭാര്യയാണോ അയാളാണോ ശരി? ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ. മകന്റെ നല്ല കാലത്തിൽ നിന്ന് പണം സമ്പാദിക്കാൻ പോയിട്ട് നഷ്ടപ്പെട്ടുവെന്ന് അയാൾ പറയുമ്പോൾ, പണമില്ലാതെ ജീവിക്കാൻ പാടാണെന്ന് ഭാര്യ പറയുമ്പോൾ, അങ്ങനെയൊക്കെയുണ്ടായ പല ജീവിതങ്ങളും ഇല്ലേ? കഥയും ജീവിതവും വേറെവേറെ കാണേണ്ടിവരില്ല. കഷ്ടപ്പാട്, വാത്സല്യം, സ്നേഹം, നീരസം ഒക്കെയുണ്ട് ഈ കഥയിൽ.


മാധവിയുടെ മകൾ

ഇതിലെ മാധവി, ഒരു വീട്ടിലെ വേലക്കാരി ആണ്. ഇടയ്ക്കുമാത്രമാണ് സ്വന്തം വീട്ടിൽ വരുന്നത്. അവിടെ മാധവിയുടെ അമ്മയുണ്ട്. മാധവിയുടെ ചെറിയ മകളും. കുഞ്ഞിന് അസുഖമാണ്. കുഞ്ഞിനെ താലോലിക്കുന്നു. കുഞ്ഞിനു കരിവള കൊണ്ടുക്കൊടുത്ത് സന്തോഷിപ്പിക്കുന്നു. എന്നിട്ടും, പിറ്റേ ദിവസം രാവിലെ പോകുമെന്നാണ് മാധവി, അമ്മയോട് പറയുന്നത്. കാരണമോ ജോലിക്കു നിൽക്കുന്ന വീട്ടിലെ കുട്ടി, അവളെ കാണാതെ പാലു കുടിക്കില്ലെന്ന്. ഒരമ്മയ്ക്കു മാത്രം കാണിക്കാൻ കഴിയുന്ന സ്നേഹത്തിന്റെ കണങ്ങൾ. എല്ലാവരോടും സ്നേഹമുള്ള അമ്മ. നിറയെ വാത്സല്യമുള്ള അമ്മ. ഒരു കുഞ്ഞുകഥയാണ് ഇത്. എന്നിട്ടും അതിലൂടെ ഒരുപാട് സ്നേഹവും വാത്സല്യവും മനസ്സിലാക്കി തന്നിരിക്കുന്നു.

എഴുതിയാലും പങ്കുവെച്ചാലും തീരാത്ത വിശേഷങ്ങളാണ് മാധവിക്കുട്ടി, കഥകളിലൂടെ തന്നു പോയിട്ടുള്ളത്. വളരെച്ചെറിയ കഥകളിലും, വായിച്ചുകഴിയുമ്പോൾ കഥയേക്കാളും വലുപ്പത്തിൽ നമ്മെ ആകർഷിക്കുന്ന എന്തെങ്കിലും ഉണ്ടാവും. ചന്ദനച്ചിതയൊരുക്കിക്കൊടുക്കാൻ മാത്രം കഴിയുന്ന മക്കളുടെ കഥയും, ഒരുമിച്ച് മരിച്ച് സ്വർഗ്ഗത്തിൽ പോകാമെന്നുപറഞ്ഞ പേരക്കുട്ടി, മരിച്ചുപോയേക്കും എന്നു കാണുമ്പോൾ, അതു വിശ്വസിക്കാതിരിക്കുന്ന മുത്തശ്ശിയുടെ കഥയും, കൃഷ്ണനെ കാത്തിരിക്കുന്ന രാധയുടെ കഥയും, ജോലി തേടിപ്പോയിട്ട്, ഒരാളുടെ കുരുക്കില്‍പ്പെടുമെന്നു തോന്നിയപ്പോൾ, എനിക്കു മരിക്കാനായില്ല, വിവാഹിതയാണ്, അമ്മയാണ് എന്നും പറഞ്ഞ് രക്ഷപ്പെടാനൊരുങ്ങി, വിഫലമാവുന്ന ഒരു സ്ത്രീയുടെ കഥയും, പ്രണയം ഒരുപാട് നിറച്ചുവെച്ചിട്ടുള്ള കഥകളും ഒക്കെ നമുക്കായി തന്നിരിക്കുന്നു.

ഏതൊക്കെ കഥകളാണ് ഇഷ്ടപ്പെടേണ്ടത്!

ഏതൊക്കെയാണ്, ഇതൊക്കെ സത്യമല്ലേന്ന് അമ്പരപ്പിക്കുന്നത്!

ഏതൊക്കെ കഥകളാണ് കണ്ണു നിറഞ്ഞുതുളുമ്പിക്കുന്നത്!

ഏതൊക്കെ കഥകളാണ് മനസ്സിൽ സ്നേഹം തുളുമ്പിനിർത്തുന്നത്!

പ്രണയത്തിന്റെ കഥകൾ, വാത്സല്യത്തിന്റെ കഥകൾ. ഒരുപ്രാവശ്യം വായിച്ചാൽ, ഓർമ്മയിൽ നിൽക്കാൻ വീണ്ടും വായിക്കേണ്ടിവരുന്നില്ലെങ്കിലും, ഇനിയും വായിച്ചേക്കാം എന്നു തോന്നിക്കുന്ന ആകർഷണീയത.

അവരുടെ ഒരു കഥയിൽ അവസാനമുള്ളതുപോലെ, നിന്നുപോയ ഒഴുക്ക് പെട്ടെന്ന് തുടരുകയും, നദി വീണ്ടും മുന്നോട്ടൊഴുകുകയും ചെയ്യുമായിരിക്കും. പക്ഷേ, ഇനിയങ്ങനെയുള്ള കഥകൾ എഴുതിത്തരാൻ അങ്ങനെയൊരാളില്ല.

ആ ഓർമ്മയ്ക്കു മുന്നിൽ ഒരുതുള്ളി കണ്ണുനീർ...

Labels: , ,

19 Comments:

Blogger ശ്രീ said...

ഒരു നല്ല കുറിപ്പ്, സൂവേച്ചീ...

Fri Jun 05, 09:58:00 pm IST  
Blogger Unknown said...

മാധവിക്കുട്ടി ശരിക്കും മലയാളത്തിന്റെ നിലാംബരിയാണ് നഷ്ടപെട്ട നിലാംബരി

Fri Jun 05, 10:03:00 pm IST  
Blogger ആത്മ/പിയ said...

സൂജീ,
മാധവിക്കുട്ടി സ്ത്രീകളുടെ(എഴുതുന്ന) ഒരു പ്രതീകമാണ്. എല്ലാ സ്ത്രീകളും മാധവിക്കുട്ടി ചിന്തിക്കുന്നതുപോലെ ചിന്തിക്കണെമെന്നില്ല. എങ്കിലും അങ്ങിനെ ചിന്തിക്കയും പ്രവര്‍ത്തിക്കയും ഒക്കെ ചെയ്യുന്ന സ്ത്രീകളായിരിക്കും അധികവും. മാധവിക്കുട്ടി, സത്യങ്ങള്‍ തുറന്നെഴുതി.
അതുകൊണ്ട് സ്വാഭാവികമായും കിട്ടിയേക്കാവുന്നതെല്ലാം അനുഭവിക്കയും ചെയ്തു.
എല്ലാം കൊണ്ടും മാതൃകയാണ്. തുറന്നെഴുതിയാല്‍
സമൂഹത്തില്‍ നിന്ന് കിട്ടിയേക്കാവുന്ന സമീപനം..
നല്ല എഴുത്തിനു കിട്ടിയേക്കാവുന്ന അംഗീകാരം..
ചപലമായ പ്രവര്‍ത്തികള്‍ക്ക് ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍..
എന്തൊക്കെയായാലും മാധവിക്കുട്ടിയില്‍ കുടിയിരുന്ന
വാഗ്ദേവതയെ ഞാന്‍ നമിക്കുന്നു. ഒപ്പം മാധവിക്കുട്ടിയേയും. അടുത്ത ജന്മം മാധവിക്കുട്ടി ഒരു ആണായി ജനിക്കാനായി പ്രാര്‍ത്ഥിക്കാം..

(എന്തൊക്കെയോ എഴുതി. സത്യത്തില്‍ മാധവിക്കുട്ടിയെപ്പറ്റി നന്നായൊന്നും എഴുതാനറിയില്ല.
എത്രയോ ഉയരെ നില്‍ക്കുന്ന ഒരു സ്ത്രീ. അമ്പിളിമാമനെ നോക്കെ കുറ്റം പറയുന്നപോലെ ഒരു തോന്നല്‍. ശരിയാണ് അമ്പിളിക്കലയ്ക്കും ഉണ്ടല്ലൊ
ഒരു കറുത്ത പാട്)

Fri Jun 05, 10:12:00 pm IST  
Blogger വല്യമ്മായി said...

വളരെ സത്യം.അവരുടെ കഥകളെ പോലെ കുറച്ച് വാക്കുകള്‍ കൊണ്ട് കുടുതല്‍ അനുഭവിപ്പിച്ച കുറിപ്പ്.

Sat Jun 06, 09:15:00 am IST  
Blogger Rare Rose said...

നല്ലൊരോര്‍മ്മപ്പെടുത്തല്‍ ചേച്ചീ...ഇപ്പറഞ്ഞ കഥകളെല്ലാം എനിക്കുമിഷ്ടാണു..പ്രത്യേകിച്ചും നെയ്പ്പായസം..വല്ലാതെ സങ്കടപ്പെടുത്തുന്നയൊരു കഥ..കുറച്ചു മാത്രം പറഞ്ഞു നമ്മളിലേക്ക് ആഴ്ന്നിറങ്ങുന്ന ആ ശൈലി മാധവിക്കുട്ടിക്ക് മാത്രം സ്വന്തം...അവര്‍ കുറിച്ചിട്ടു പോയതിന്റെ മനോഹാരിത ഇനിയങ്ങനെയെഴുതാന്‍ അവരെപ്പോലെയൊരാളില്ലെന്നറിയുമ്പോള്‍ കൂടുതലായി തിരിച്ചറിയപ്പെടുകയാണു..

Sat Jun 06, 11:36:00 am IST  
Blogger കരീം മാഷ്‌ said...

താനിഷ്ടപ്പെടുന്ന
രാഷ്ട്രീയക്കാരനും,
സിനിമാക്കാരനും,
കവിയും,
കഥാകൃത്തും,
കലാകാരനും...
എല്ലാം...
എന്റെ മതക്കാരനും കൂടിയാവണമെന്ന ആഗ്രഹം സ്വാര്‍ത്ഥതയല്ലാതെ മറ്റെന്താണ്.
മാധവിക്കുട്ടിയെ ഞാന്‍ പത്തിരുപതു വര്‍ഷം മുന്‍പു ഇഷ്ടപ്പെട്ടു തുടങ്ങിയതില്‍ ഒരു ഇഞ്ചുപോലും കുറയാതെയാണു ഇന്നും വായിക്കുന്നത്.
മതം മാറ്റമോ പേരുമാറ്റമോ എന്നെ ഇന്നും സ്വാധീനിച്ചിട്ടില്ല.
അവരുടെ ആത്മാവിനു ശാന്തികിട്ടട്ടേ എന്നേ പ്രാര്‍ത്ഥിക്കൂ..
നല്ലൊരു ട്രിബ്യൂട്ടായി ഈ എഴുത്ത്.
സു വിന്നു ആശംസകള്‍.

Sat Jun 06, 11:40:00 am IST  
Blogger ഹന്‍ല്ലലത്ത് Hanllalath said...

നന്ദി...
ഈ വിശകലനത്തിന്...

അവരുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ആദരവോടെ...

Sat Jun 06, 04:29:00 pm IST  
Blogger വെള്ളെഴുത്ത് said...

‘നഷ്ടപ്പെട്ട നീലാംബരി‘ കൂടി വേണമായിരുന്നു. പത്രങ്ങളെല്ലാം കൂടി അത്രയ്ക്ക് പ്രചരണം കൊടുത്തു ആ തലക്കെട്ടിന് കഥയുടെ പരിണാമഗുസ്തി അത്ര പരിചയവുമില്ല ജനത്തിന്..

Sat Jun 06, 11:59:00 pm IST  
Blogger കാട്ടിപ്പരുത്തി said...

ഇഷ്ടായിട്ടോ

Sun Jun 07, 01:51:00 pm IST  
Blogger മേരിക്കുട്ടി(Marykutty) said...

മാധവികുട്ടി മരിച്ച ദിവസം ഞാന്‍ ഇവിടെ ഒറ്റയ്ക്കാരുന്നു..
ബാംഗ്ലൂര്‍ എഡിഷന്‍ ല് ന്യൂസ്‌ ഉണ്ടായിരുന്നില്ല..കുറുറൂ കോഴികോട് നിന്ന് എന്നെ വിളിച്ചു...മാധവിക്കുട്ടി മരിച്ചു എന്ന് പറഞ്ഞു...എനിക്ക് എത്ര ഇഷ്ടമാണ് മാധവിക്കുട്ടി യെ എന്ന് അറിയാവുന്നതു കൊണ്ടായിരിക്കണം, കുറുറൂവിന്റെ സ്വരവും വിറച്ചിരുന്നു...ചേച്ചി എനിക്ക് കഴിഞ്ഞ പിറന്നാളിന് സമ്മാനമായി തന്നതും, മാധവിക്കുട്ടി യുടെ സംമ്പൂര്‍്ണ കഥകള്‍..

എന്റെ കണ്ണ് നിറഞ്ഞൊഴുകി...ഇപ്പളും തൊണ്ടയില്‍ എന്തോ തടയുന്നത് പോലെ..
എനിക്കേറെ ഇഷ്ടമുണ്ടായിരുന്ന ഒരാള്‍് ഇനി ഇല്ല...

Mon Jun 08, 10:57:00 am IST  
Blogger കാട്ടിപ്പരുത്തി said...

നല്ല കുറിപ്പുകള്‍- അഭിനന്ദനം.

< a href="http://www.cheenthukal.blogspot.com/">ഇവിടെയൊന്നു വായിക്കാമോ?< /a>

< a href="http://cheenthukal.blogspot.com/"> ഇവിടെയൊന്നു വായിക്കാമോ? < /a >

Mon Jun 08, 01:47:00 pm IST  
Blogger ചീര I Cheera said...

മാധവിക്കുട്ടിയുമായുള്ള ഇന്റര്‍വ്യൂകള്‍ ഒരുവിധം മുഴുവനും എല്ലാ ചാനലിലും മാറിമാറിയിരുന്നു കണ്ടു.
ഇപ്പൊ ഒന്നു വായിയ്ക്കാന്‍ കയ്യിലൊരു പുസ്തകവും കൂടിയില്ല, ഒന്നുണ്ടായിരുന്നത് രണ്ടാഴച മുമ്പാണ് ഒരു സുഹൃത്ത് കൊണ്ടുപോയത്.

Tue Jun 09, 11:22:00 am IST  
Blogger monu said...

nannayirikunnu... :)

Tue Jun 09, 11:36:00 am IST  
Blogger ശ്രീഇടമൺ said...

മലയാളത്തിന്റെ നഷ്ട്ടപ്പെട്ട നീലാംബരിയെക്കുറിച്ചുള്ള ഈ കുറിപ്പ് വളരെ നന്നായിട്ടുണ്ട്...

Fri Jun 12, 11:40:00 am IST  
Blogger മേരിക്കുട്ടി(Marykutty) said...

chechi, busy aano?
asukham onnum illallo alle?
we booked our first car- a swift. :)

Thu Jun 25, 09:02:00 am IST  
Blogger Rani said...

വളരെ നന്നായിട്ടുണ്ട്

Sat Jun 27, 09:17:00 am IST  
Blogger സു | Su said...

ശ്രീ :)

അനൂപ് :)

ആത്മേച്ചീ :) അതൊക്കെ ശരിതന്നെ. സമൂഹം എന്തുവിചാരിക്കും എന്നും വിചാരിച്ച് അവർ ഇരുന്നില്ല, അത്ര തന്നെ.

വല്യമ്മായീ :)

റെയർ റോസ് :)

കരീം മാഷേ :)

ഹൻല്ലലത്ത് :)

വെള്ളെഴുത്ത് :) പത്രങ്ങൾക്കെല്ലാം നീലാംബരി മാത്രമായിരിക്കും പെട്ടെന്ന് കിട്ടിയത്.

കാട്ടിപ്പരുത്തി :) വായിക്കും കേട്ടോ.

മേരിക്കുട്ടീ :) വലിയ തിരക്കിലായിരുന്നു ഞാൻ. പറയാൻ കുറേയുണ്ട്. ഒരാളെങ്കിലും അന്വേഷിച്ചല്ലോ. അതിനു നന്ദിയൊന്നും പറഞ്ഞ് ബോറാക്കുന്നില്ല. തിരക്കു കഴിഞ്ഞില്ല. സ്വിഫ്റ്റ് നല്ല കാറാണ് (ഒരാളു പറഞ്ഞു). ആശംസകൾ. എപ്പോ കിട്ടും? എടുത്തുവോ?

പി. ആർ. :)

മോനു :)

ശ്രീ‍ ഇടമൺ :)

റാണി :) സ്വാഗതം.

വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും എല്ലാർക്കും നന്ദി.

Tue Jun 30, 07:00:00 pm IST  
Blogger vnkutty said...

മാധവികുട്ടിയെ എല്ലാസ്ത്രീകളും ആരാധിക്കുന്നു എന്നു പറയുന്നു.അങിനെ പറയുന്നവര്‍ എന്തുകൊണ്‍ട്‌ അവരെ മാത്രുകയാക്കുന്നില്ല. നമ്മള്‍ ഒരാളെ ആരാധിക്കുമ്ബൊല്‍ അവരുടെ ആദര്‍ശങല്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കന്ണം. എത്ര പേര്‍ അതിനു ശ്രമിക്കുന്നു. ആരും ഇല്ല. എല്ലാവരും അപ്പൊള്‍ മനസ്സുകൊണ്ടെങ്കിലും അവനവനെ വന്ചിക്കുകയല്ലെ. ഇതിനുത്തരവാദി-സമൂഹംഅല്ലെ - തീര്‍ച്ചയായും. ഇതാണു മ്രുഗങളും മനുഷ്യരും തമ്മിലുള്ള വ്യത്യാസം.മനുഷ്യന്‍ സമൂഹജീവിയാണു, അവന്‍ അല്ലെങില്‍ അവള്‍ ചില സമൂഹ നിയമങല്‍ പാലിക്കേന്ടിവരും. എങ്കിലേ അവര്‍ സമൂഹ മനുഷ്യരാവൂ.അല്ലെങ്കില്‍ മ്രുഗങളാവും. കമലദാസ് പറയുന്ന പോലെ ജീവിച്ചാല്‍,പുരുഷന്‍ ഇഷ്ടമുള്ള സ്ത്രീക്കു കൂടെയും,സ്ത്രീ അവര്‍ക്കു ഇഷ്ടമുള്ള ആളുടെ കൂടെയും ജീവിക്കും. കുറച്ചു ദിവസങല്‍ കഴിയുമ്ബൊല്‍ അതു മടുക്കും അപ്പൊള്‍ വേറെ ആള്ക്കാരെ തേടി രണ്ടുപേരും പോകും. അവസനം മനുഷ്യരുണ്ടാവില്ല മനുഷ്യമ്രുഗങള്‍ മാത്രമെ ഉണ്ടവുകയുള്ളു. ഇതു മനസ്സിലാക്കാന്‍ എന്തുകൊണ്ടാണു ബഹുമാനപ്പെട്ട്‌മാധവികുട്ടിക്കു കഴിയാഞതു്‌. എല്ലാമനുഷ്യരും ഒന്നാണല്ലൊ പിന്നെ എന്തിനാണു അവര്‍ മതം മാറിയതു്‌.ജനിച്ച മതം ഏതായാലും അതു്‌ നല്ലതു എന്നല്ലെ വിചാരിക്കെണ്ടതു്‌.

Fri Nov 19, 08:37:00 pm IST  
Blogger Unknown said...

മൃത്യു, കർമ്മത്തെ അപൂർണ്ണമാക്കി കർമ്മിയെ പൂർണ്ണതയിലേക്ക് നയിക്കുന്നു, എഴുതിക്കൊണ്ടിരുന്ന കൈകളെ നിശ്ചലമാക്കി കവിതയെ അപൂർണ്ണമാക്കുന്നു, വീണമീട്ടുന്ന അംഗുലികളെ നിശ്ചലമാക്കി സംഗീതത്തെ അർദ്ധ ബോധാവസ്ഥയിലേക്ക്... മറക്കാൻ കഴിയാത്ത വരികൾ [ മുഖമില്ലാത്ത കപ്പിത്താൻ]

Fri May 07, 10:55:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home