Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, July 19, 2009

കുറ്റമുണ്ടോ ഒന്നെടുക്കാൻ

പാലി :‌- ന പരേസം വിലോമാനി ന പരേസം കതാകതം
അത്തനോ വ അവേൿഖേയ്യ കതാനി അകതാനി ച

സംസ്കൃതം :- ന പരേഷാം വിലോമാനി ന പരേഷാം കൃതാകൃതം
ആത്മന ഏവ അവേക്ഷേത കൃതകൃത്യാനി ച.

അന്യന്മാരുടെ പിഴകളേയും കൃതാകൃതങ്ങളായ പാപങ്ങളേയും പറ്റിയല്ല വിചാരപ്പെടേണ്ടത് - തന്റെ ദുഷ്കർമ്മങ്ങളേയും വീഴ്ചകളേയുമാണ് വിചാരിക്കേണ്ടത്.

ഇത് ശ്രീബുദ്ധൻ പറഞ്ഞിട്ടുള്ളതാണ്. ധർമ്മപദത്തിൽ. ചെറിയ തോതിൽ, മലയാളത്തിൽ പറഞ്ഞാൽ, അവനോന്റെ കണ്ണിലെ കോലെടുക്കാതെ ആരാന്റെ കണ്ണിലെ കരടെടുക്കുക. മറ്റുള്ളവരെന്തു ചെയ്യുന്നു, അവരിലെന്താണ് കുറ്റം കണ്ടുപിടിക്കാൻ കഴിയുക, എങ്ങനെയാണ് അതൊന്ന് പാടിക്കൊണ്ടുനടക്കുക എന്നും ചിന്തിച്ച് മീനൊറ്റി, മീനിനേം കാത്തിരിക്കുന്നതുപോലെ എന്തെങ്കിലുമൊന്ന് വീണുകിട്ടാൻ ചിലരിരിക്കും. ആരാനിട്ട ചെരുപ്പും നോക്കി, അയാൾ അല്ലെങ്കിൽ അവൾ ഉറുമ്പിനെപ്പോലെ നടക്കുന്നത് കണ്ടോന്ന് പറഞ്ഞ് പരിഹസിക്കുന്നയാൾ സ്വന്തം കാല് ചവിട്ടാൻ പോകുന്ന പഴത്തൊലി കാണില്ല. പൊത്തോംന്ന് വീഴുമ്പോൾ, പരിഹസിക്കാൻ കൂടെക്കൂടിയവനും ജാള്യം തന്നെ. വീണു ബോധം വെച്ചു കഴിയുമ്പോഴാണ് ഉറുമ്പിനെപ്പോലെ നടന്നവർ അങ്ങനെ നടക്കാനുള്ള കാരണമെന്തെന്ന് പരിഹാസിക്കു മനസ്സിലാകുക.

അന്യന്മാരുടെ പിഴകൾ, അവരുടെ തെറ്റുകുറ്റങ്ങൾ കണ്ടുപിടിക്കുന്ന സമയത്ത്, സ്വന്തം കാര്യത്തിൽ, പിഴ വരാതിരിക്കാനും വന്ന തെറ്റുകൾ എങ്ങനെയുണ്ടായി എന്നു കണ്ടുപിടിക്കാനും ശ്രദ്ധയോടെ സമയം ചെലവാക്കിയിരുന്നെങ്കിൽ പല നല്ല കാര്യങ്ങളും നടക്കും. ഒന്ന്, സ്വന്തം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ പറ്റും. പിന്നെ ആരാൻ അല്ലെങ്കിൽ അന്യർ എന്നു പറയുന്നത് പലരാണ്. ഒരാളല്ല. ആ പലരും, അതായത് നമ്മുടെ ആരുമായിട്ടില്ലാത്ത അന്യരുടെ തെറ്റുകുറ്റങ്ങളിലേക്ക് നോക്കിയിരുന്ന് നമ്മുടെ വിലപ്പെട്ട സമയം പാഴാക്കുന്നത് ഒഴിവാക്കാം. അങ്ങനെ ആരാന്റെ കുറ്റവും കുറവും തെറ്റും ഒക്കെ കണ്ടുപിടിച്ച് സമയം പാഴാക്കി കഷ്ടം എന്നു പറയുന്നതിനേക്കാൾ നല്ലത്, ഇതൊക്കെ നോക്കി നടക്കുന്ന തന്നോടുതന്നെ കഷ്ടം എന്നു പറഞ്ഞ് തനിക്കാവശ്യമുള്ള, അല്ലെങ്കിൽ താൻ ചെയ്യണമെന്ന് വിചാരിക്കുന്ന നല്ലകാര്യങ്ങൾ ചെയ്യുന്നതാണ്. അല്ലെങ്കിൽ താൻ ചെയ്യുന്ന കാര്യങ്ങൾ സസൂക്ഷ്മം നോക്കിക്കണ്ട്, അതിലെ പിഴവുകൾ തിരുത്തി, കഴിയുന്നതാണ്.

ആരും ഈ ലോകത്ത് പരിപൂർണ്ണരല്ല. ചിലരെക്കുറിച്ച് പറയാൻ നൂറു കുറ്റങ്ങൾ ഉണ്ടാവും. അവരിൽത്തന്നെ ഏറ്റവും നല്ലൊരു ഗുണവും ഉണ്ടാവും. അത് അംഗീകരിക്കാൻ മടിയുണ്ടായിട്ടാണ് കുറ്റവും നോക്കി സമയം പാഴാക്കുന്നത്. അതുകൊണ്ട് മറ്റുള്ളവരെക്കുറിച്ച്, അന്യന്മാരെക്കുറിച്ച് പറയുന്നതിനു മുമ്പും അവരുടെ കുറ്റകൃത്യങ്ങൾ പൊലിപ്പിച്ചുകാട്ടുന്നതിനുമുമ്പും, സ്വന്തം കുറ്റം നോക്കുക, കൂട്ടുകാരുടെ കുറ്റം നോക്കുക. അന്യരുടെ കുറ്റം കണ്ടുപിടിക്കുന്നതിനേക്കാൾ ഉപകാരം, തങ്ങളോടൊപ്പം നടക്കുന്നവരിൽ എന്തെങ്കിലും പിഴയുണ്ടോന്ന് കണ്ടുപിടിക്കുന്നതിലല്ലേ? അവരല്ലേ കൂടെച്ചിരിക്കാനും (പരിഹസിക്കാനും;)) കൂടെക്കരയാനും ഉള്ളവർ? അവരു നന്നായാൽ അല്ലേ നമുക്കു കാര്യം? അന്യരെ അന്യരുടെ പാട്ടിന് വിടുക. അവർ സ്വന്തമല്ലല്ലോ. എന്തെങ്കിലുമായാൽ നമുക്കെന്താ?

അന്യരുടെ കുറ്റം പറഞ്ഞു ഒരാൾ സമയം പാഴാക്കിക്കൊണ്ടിരിക്കുമ്പോൾ, ആ അന്യർ, തന്റെ ജോലിയും ചെയ്ത് മുന്നോട്ടുള്ള പടവുകൾ കയറിക്കൊണ്ടിരിക്കും. കുറ്റം പറഞ്ഞവർ നിന്നിടത്തുനിക്കും. പടവുകൾ താണ്ടാൻ, കുറ്റം പറയാൻ കൂട്ടിനു നിന്നവർ പിടിച്ചുകയറ്റാനുണ്ടാവില്ലെന്നോർത്താൽ, കുറ്റം കണ്ടുപിടിക്കാൻ പോയിട്ട്, അന്യരുടെ ഭാഗത്തേക്ക് നോക്കാനേ സമയം പാഴാക്കില്ല.

ആരിൽനിന്നും സ്വന്തമാക്കേണ്ടത്, കണ്ടുപിടിക്കേണ്ടത്, അവരുടെ നല്ല ഗുണമാണ്. അതിനു സാധിക്കില്ലെങ്കിലും, അതിന്റെ ആവശ്യം ഇല്ലെന്ന് തോന്നിയാലും ശരി. കുറ്റം കണ്ടുപിടിച്ച് വെറുതേ വിഷമിക്കുന്നതെന്തിനാ?

(സ്വയം ഉപദേശിക്കുമ്പോൾ മനുഷ്യൻ നന്നാവുമോയെന്തോ! ;))

Labels: ,

10 Comments:

Blogger Kvartha Test said...

കുറെ നല്ല ചിന്തകള്‍. നന്ദി
ആര്‍ഷഭാരത സംസ്കാരം നമ്മെ പഠിപ്പിക്കുന്നത്‌ ഇത് തന്നെ എന്നു തോന്നുന്നു. ബഹിര്‍മുഖനായി മറ്റെല്ലാം നോക്കി മാത്രം നടക്കാതെ, അന്തര്‍മുഖനായി സ്വന്തം ഉള്ളിലേയ്ക്ക്‌ തിരിഞ്ഞുനോക്കുക. അപ്പോള്‍ മനസ്സിലാവും ജീവിതത്തിന്‍റെ സുഖം എന്ന്. പുറത്തേയ്ക്ക് ദുഃങ്ങളെയും കുറ്റങ്ങളെയും മാത്രം നോക്കി നടക്കുന്നിടത്തോളം കാലം ഒരിക്കലും സുഖവും സമാധാനവും അറിയാന്‍ കഴിയില്ല.
നന്ദി.

Sun Jul 19, 10:33:00 am IST  
Blogger Anil cheleri kumaran said...

വളരെ ശരിയാണു. നല്ല പോസ്റ്റ്.

Sun Jul 19, 11:36:00 am IST  
Blogger ശ്രീ said...

നല്ല ചിന്തകള്‍, ചേച്ചീ

Sun Jul 19, 01:24:00 pm IST  
Blogger ആത്മ/പിയ said...

This comment has been removed by the author.

Sun Jul 19, 03:42:00 pm IST  
Blogger ആത്മ/പിയ said...

അങ്ങിനെ സൂജി ഉപദേശിയും ആയി!:)

ശാന്തിമന്ത്രം

ശാന്തിയും സൌഖ്യവും സ്വസ്ഥമാം ചിത്തവും
സന്തതം വേണമെന്നാശിക്കുന്നോര്‍
അന്യന്റെ കുറ്റങ്ങള്‍ കാണാതിരിക്കട്ടെ
തന്നിലെ തെറ്റുകള്‍ കണ്ടിടട്ടെ

മറ്റവര്‍ ദൂഷ്യങ്ങള്‍ ചിന്തിച്ചു ചിന്തിച്ചു
പറ്റുന്നു മര്‍ത്ത്യര്‍ക്കു ശാന്തിഹാനി
സ്വന്തക്കുറവുകള്‍ കണ്ടെത്തി നീക്കട്ടെ
സാന്ത്വത്തെ നിര്‍മ്മലമാക്കിടട്ടെ

മാലിന്യഹീനമാം മാനസം ലോകത്തി-
ലാലോകനം ചെയ്യും നന്മമാത്രം
നന്മകള്‍ കാണുക നന്മകള്‍ ചിന്തിക്ക
നന്മയില്‍ മാത്രം അധിവസിയ്ക്ക

അന്യന്റെ തിന്മകള്‍ ചിന്തക്കാതോര്‍ക്കാതെ
അന്യനു ഹാനിയുമിച്ഛിക്കാതെ
ജീവിതയാത്ര നടത്തുന്ന മര്‍ത്ത്യര്‍ക്കു
ഭാവുകമെന്നുമനുഭവിക്കാം.

[ഇതൊക്കെ വായിക്കുമെങ്കിലും ഒരു നിമിഷം പോലും(രഹസ്യമായിട്ടെങ്കിലും)അന്യന്റെ കുറ്റങ്ങള്‍ ഓര്‍ക്കാതെ/ഞാന്‍ ചെയ്തതും അനുഭവിച്ചതുമൊക്കെയാണ് ശരിയെന്ന് ഓര്‍ക്കാതെ, ജീവിക്കാനേ സാധ്യമല്ല സൂജീ..]

പിന്നെ ഒരു കാര്യം!
സമാധാനം വേണോ?
സന്തോഷം വേണോ?
എങ്കിപ്പിന്നെ ആരുടേം തെറ്റും കുറ്റവും ഒന്നും ഓര്‍ക്കാതെ ഇരിക്കുന്നതാണ് നല്ലത്.
എങ്കിലും വീണ്ടും ഇടയ്ക്കിടക്ക് പോയി മറ്റുള്ളവരുടേ
കുറ്റങ്ങള്‍ ചിന്തിച്ചില്ലെങ്കില്‍ ഒരു ഇരിക്കപ്പൊറുതിയില്ല.
എന്തുചെയ്യാന്‍!

Sun Jul 19, 03:43:00 pm IST  
Blogger രാജേശ്വരി said...

nalla post:-)

Mon Jul 20, 10:55:00 am IST  
Blogger upsilamba said...

kelkaan sukham aanu Sue, nadapakkan aanu vishamam.

Tue Jul 21, 12:16:00 am IST  
Blogger സു | Su said...

ശ്രീ @ ശ്രേയസ്സ് :)

കുമാരൻ :)

ശ്രീ :)

ആത്മേച്ചീ :) (സൂജി എന്നു വിളിക്കുന്നത് നിർത്താമോ?) ഞാൻ എന്നെത്തന്നെ ഉപദേശിച്ചതാ. ലോകത്തുള്ള സകലരേം ഉപദേശിച്ച് നന്നാക്കാൻ നമുക്ക് പറ്റില്ലല്ലോ. അപ്പോ സ്വയം ഉപദേശിച്ചേക്കാംന്ന് കരുതി.

രാജി :)

upsilamba :)അതെയതെ. ഉപദേശങ്ങളൊക്കെ കേട്ടിരിക്കാം.

Tue Jul 21, 03:01:00 pm IST  
Blogger sadu സാധു said...

നാം നമ്മളെത്തനെ മനസിലാക്കുന്നതിലുടെ ഈശ്വരനെ അറിയുന്നു എന്നു മഹാന്മാര്‍ പറഞ്ഞത്. ഇതായിരിക്കാം
നല്ല പോസ്റ്റ്.

Sat Jul 25, 10:03:00 pm IST  
Blogger സു | Su said...

സാധു :)

Mon Jul 27, 02:24:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home