സ്നേഹം
അസ്തമയത്തിനു ഇനിയും ഒരുപാട് സമയമുണ്ട്. അയാൾ സൂര്യനെ ഒന്ന് നോക്കിയിട്ട് വാച്ചിലേക്ക് നോക്കി. അയാളുടെ മുഷിവു കണ്ടാലറിയാം വന്നിട്ട് അല്പനേരമമായെന്ന്. അവൾ ദൂരെനിന്ന് വരുന്നുണ്ടായിരുന്നു.
“നീ വരാൻ വൈകി അല്ലേ?” അയാൾ പരിഭവം സ്വരത്തിൽ കാണിച്ചുതന്നെ പറഞ്ഞു.
“സ്നേഹം കൊണ്ടു തോന്നുന്നതാണ്. ഈ സമയമാവുമ്പോഴേക്കേ വരാൻ കഴിയൂ എന്ന് പറഞ്ഞില്ലേ വിളിച്ചപ്പോൾ?” അയാൾ നീട്ടിയ കൈ പിടിച്ചുകൊണ്ട് അയാളുടെ അടുത്തിരുന്നു അവൾ.
അയാൾ അവരുടെ പേരുകൾ ചേർത്തെഴുതി. തിരയ്ക്കൊരിക്കലും എത്തിപ്പിടിച്ച് മായ്ക്കാനാവില്ല. അത്രയും ദൂരത്താണവർ ഇരിക്കുന്നത്.
“നിങ്ങൾ തിരകളെ കളിയാക്കുകയാണല്ലേ?”
“അല്ല. തിരകൾ മായ്ക്കേണ്ട. പോകുന്നതുവരെ കണ്ടുകൊണ്ടിരിക്കാം.”
അവൾ അയാളുടെ ദേഹത്തേക്ക് ചാരിയിരുന്നു. അയാൾ സ്നേഹത്തോടെ ഒരു കൈകൊണ്ട് അവളെ ഒന്നുകൂടെ ചേർത്തുപിടിച്ചു.
“ഭർത്താവ് കണ്ടില്ലേ നീ വരുന്നത്?”
അത് അവൾ കേട്ടതായി ഭാവിച്ചില്ല.
“മോളെ കുളിപ്പിച്ച് അമ്മയെ ഏല്‍പ്പിച്ചു.അതാണ് അല്പം വൈകിയെന്ന് നിങ്ങൾക്ക് തോന്നിയത്.”
“നിന്റെ താലി എവിടെ?”
നക്ഷത്രമാല രണ്ടുചുറ്റിൽ ഇട്ടിരുന്നു അവൾ. അയാൾ തന്നെ കൊടുത്തതാണ്.
“താലി കാണുമ്പോൾ നിങ്ങൾക്ക് വിഷമം ആകേണ്ടെന്നു വെച്ചു.”
“അതും ശരി തന്നെ.”
അയാൾ മണൽ കൊണ്ട് ഓരോ രൂപങ്ങൾ കെട്ടാൻ തുടങ്ങി.
“താജ്മഹലാണോ?”
“ഏയ്...താജ്മഹൽ കാണാൻ നിന്നെ കൂട്ടിക്കൊണ്ടുപോകാമല്ലോ.”
“മോളില്ലാതെ ഞാനെങ്ങും പോകില്ല.”
“അവളേം കൂട്ടാം.” അയാൾ അത്ര രസത്തിലല്ലാതെ പറഞ്ഞു.
“വേണ്ട. അവളിടയ്ക്ക് കരയും. നിങ്ങൾക്ക് രസിക്കില്ല. ഇവിടെ മണലുകൊണ്ടു കെട്ടിത്തീർക്കാം നമുക്ക്.”
“നീ ഒരു അരസികയാണ്.”
“നിങ്ങൾക്ക് അതുകൊണ്ട് സ്നേഹക്കുറവുണ്ടോ?”
“ഇത്തരം ചോദ്യങ്ങൾ വേണ്ടെന്ന് എത്ര പറയണം? ഒന്നൊന്നര വർഷം എന്നെക്കുറിച്ച് നിന്നെ അറിയിക്കാൻ പറ്റാഞ്ഞപ്പോൾപ്പോലും നീയേ ഉണ്ടായിരുന്നുള്ളൂ എനിക്ക് സ്വന്തം.”
പറയാതെ തന്നെ അയാൾ അവളുടെ ചുണ്ടിൽ ഉമ്മ വെച്ചു.
“മധുരം.”
“അതുകൊണ്ടാണ് സ്നേഹവും.”
“അതു നിന്റെ തെറ്റിദ്ധാരണ മാത്രം. നിന്നോടുള്ള എന്റെ സ്നേഹം നിനക്ക് ഊഹിച്ചെടുക്കാൻ പറ്റില്ല.”
“വയസ്സായി രോഗം വന്ന് വാട്ടർബെഡിൽ കിടക്കുമ്പോഴും കാണുമോ ഈ സ്നേഹം?”
“വട്ടൻ ചോദ്യങ്ങൾ ചോദിക്കാതെ മര്യാദയ്ക്ക് എന്തെങ്കിലും പറയൂ. നിനക്ക് എന്നോടെന്തോ കാര്യമായി പറയാൻ ഉള്ളതുപോലെ തോന്നാറുണ്ട്. എങ്ങനെയാണ് അപരിചിതത്വം വന്നത് നമുക്കിടയിൽ.”
“ഒന്നുമില്ല. പറയാനുണ്ടെങ്കിൽ പറഞ്ഞോളാം.”
“ഉം...എന്നാൽ താജ്മഹലും കെട്ടി അസ്തമയവും കണ്ടുകൊണ്ടിരിക്കാം.”
--------------------------------------------------------------
വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ അമ്മ ഉമ്മറത്തിരിപ്പുണ്ടായിരുന്നു.
“മോളുറങ്ങി. കുറച്ച് ചോറുണ്ടു. വാശിയൊന്നും കാണിച്ചില്ല.”
അവൾ തിടുക്കത്തിൽ അകത്തേക്ക് കയറിപ്പോയി.
“നീ വൈകി.” അമ്മ അവളുടെ പിന്നാലെ ചെന്നുകൊണ്ട് പറഞ്ഞു. “നിനക്കെത്ര പറഞ്ഞാലും മനസ്സിലാവില്ലേ? അവനോട് ഇനിയും കാര്യങ്ങൾ പറയാതിരിക്കുന്നതെന്തിനാ?”
“അമ്മയെന്നെ പ്രാന്തുപിടിപ്പിക്കരുത്.”
“ഇപ്പോക്കാണിക്കുന്നതാണ് പ്രാന്ത്. അവന്റെ മോളല്ലേ ഇത്? അവനെ റജിസ്റ്റർ മാര്യേജ് കഴിക്കാൻ ഇറങ്ങിപ്പോയതല്ലേ പോയതല്ലേ നീ? അന്നെന്തൊക്കെയോ ദേഷ്യം കൊണ്ട് അച്ഛനും അമ്മാവന്മാരും അവനെ പേടിപ്പിച്ചു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അവൻ നിന്നെ വീട്ടിലാക്കിയിട്ട് പോയി.”
“അന്ന് ഞാൻ ശരിക്കും വിചാരിച്ചത്, അദ്ദേഹത്തിന് ഒരു കുടുംബം താങ്ങാൻ നിവൃത്തിയില്ലാതെ എന്നെവിട്ട് ഓടിപ്പോയെന്നാണ്. പിന്നെയല്ലേ എന്തൊക്കെസ്സംഭവിച്ചു എന്ന് അറിഞ്ഞത്. ഇപ്പോ നിങ്ങൾക്കൊക്കെ ഞങ്ങൾ ഒരുമിച്ചു ജീവിക്കണമെന്ന് അല്ലേ? വേണ്ടമ്മേ. കുറച്ചുനാൾ കൂടെ ആ സ്നേഹം എനിക്കുമാത്രം മതി. പങ്കുവെക്കാൻ ഇഷ്ടമല്ല എനിക്ക്.”
“നിനക്ക് പ്രാന്താണ്.”
“സ്നേഹം പെട്ടെന്ന് പങ്കുവെക്കേണ്ടിവന്നാലാണമ്മേ എനിക്കു പ്രാന്തുപിടിക്കുക. കുറച്ചുനാൾ കൂടി ഞങ്ങളിങ്ങനെ ജീവിക്കട്ടെ.”
“നീ മോളെക്കുറിച്ചോർക്കണ്ടേ? അവനു മോളും മോൾക്ക് അച്ഛനും വേണ്ടേ? അപ്പോ സ്നേഹം കൂടുകയേ ഉള്ളൂ.”
“അച്ഛനും മോളും കുറച്ച് കാക്കട്ടെ.”
അമ്മ പതിവുപോലെ ദേഷ്യത്തിൽ തിരിഞ്ഞ് മുറിയിൽ നിന്നിറങ്ങിപ്പോയി. അവൾ ബാഗ് മേശപ്പുറത്തിട്ട് മോളുടെ അടുത്തുചെന്ന് നെറ്റിയിൽ ഉമ്മവെച്ചു. ‘ഇതാ അച്ഛന്റെ സമ്മാനം. തൽക്കാലം ഇത്രേം മതി.”
വാത്സല്യത്തോടെ അല്പനേരം മോളുറങ്ങുന്നതും കണ്ടിരുന്നു. പിന്നെ വേഷം മാറി അടുക്കളഭാഗത്തേക്ക് നടന്നു.
Labels: കഥ
15 Comments:
ഈ സ്നേഹത്തിന്‍റെ അകപൊരുള്‍ കഥയിലുടെ വളരുമ്പോള്‍ ആശംസകള്‍
ആശംസകള്‍
ഈ സൂന്റെ ഒരു കാര്യം. രണ്ടു പ്രാവശ്യം വായിച്ചപ്പോഴാ കഥ പിടികിട്ടിയത്. ആദ്യം എന്തൊക്കെയോ വിചാരിച്ചു പോയി.:) എന്തായാലും നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍!
സു.. .. എനിക്ക് ഇഷ്ടായി ട്ടൊ.. അവള്‍ ആളു കൊള്ളാലോ.. :)
ആദ്യം എന്തൊക്കെയോ വിചാരിച്ചൂന്നുള്ളതു നേരു്. അവസാനമല്ലേ കാര്യം പിടികിട്ടുന്നതു്.
പാവപ്പെട്ടവൻ :) നന്ദി.
ദേവദാസ് :) ആശംസകൾ!
താര :) അതുനന്നായി. രണ്ടുപ്രാവശ്യം വായിച്ചത്. സമയം പാഴാക്കിയതിന് എന്നെ കൊല്ലാൻ തോന്നിക്കാണും ല്ലേ?
ഇട്ടിമാളൂ :) നന്ദി.
എഴുത്തുകാരിച്ചേച്ചീ :) അവസാനം എന്തായാലും കാര്യം പിടികിട്ടും.
കഥേടെ ഗുട്ടൻസ് അവസാനമല്ലേ പിടിയിലായത്.
സൂ കൊള്ളാം.
വര വരെ വായിച്ചപ്പോള്‍
എഴുതിയ “സു” വിനെ നേരില്‍ കണ്ടാല്‍ കല്ലെടുത്തെറിയണമെന്നു തോന്നി.
മുഴുവന്‍ വായിച്ചപ്പോള്‍ ആ കല്ലു കളയണ്ടാന്നും അവളെ കണ്ടാലാവശ്യമാവുമെന്നും തോന്നി.
പാവം മോള്‍ക്കു എന്ഡോസു ചെയ്ത ഉമ്മകിട്ടാനാവു വിധി.
നന്നായിട്ടോ! :)
:)
ഇതൊരു ഭയങ്കര കഥയായി പോയി...
:)
സതീശ് :) കഥ നന്നായല്ലോ അല്ലേ?
കരീം മാഷേ :) എന്നെ കല്ലെറിഞ്ഞാൽ കല്ലിന് അങ്ങനെ തന്നെ കിട്ടണംന്ന് ആൾക്കാർ പറയും.
ജെ. ജെ. :)
ടോം :) കഥ നന്നായില്ലേ?
നന്ദി എല്ലാവർക്കും.
ഈ പെണ്ണുങ്ങളുടെ ഒരു കാര്യം..
തെറ്റിദ്ധരിച്ചോ?
കഥ നന്നായി.
രഞ്ജിത്‌വിശ്വം :)
സതീശ് :) തെറ്റിദ്ധരിച്ചില്ല. കൊള്ളാം എന്ന് പറഞ്ഞിരുന്നല്ലോ. അവസാനമാണ് കഥ പിടികിട്ടിയത് എന്നു പറഞ്ഞതുകൊണ്ട് നന്നായല്ലോ അല്ലേന്ന് ഒന്നൂടെ ചോദിച്ചതാ.
Nice.. diiference feel cheythu... very good..
Post a Comment
Subscribe to Post Comments [Atom]
<< Home