Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, August 23, 2009

ആടുജീവിതംആടുജീവിതം ഒരു നോവാണ്. വെറും നോവലല്ല. ഒപ്പം വന്ന്, പടർന്ന് പടർന്ന് അവസാനം ഒഴിഞ്ഞുപോകുന്ന നോവ്. എല്ലാ ജീവിതങ്ങളും കഥകളാണോ? അറിയില്ല. ആടുജീവിതം എന്ന കഥയിലുള്ളത് ഒരു ജീവിതമാണ്. ഒരു കഥപോലെ വായിക്കാൻ കഴിയില്ല. തുടങ്ങുന്നതുമുതൽ ഒടുങ്ങുന്നതുവരെ ആ ജീവിതത്തിന്റെ ഒരു ഭാഗമായേ തീരൂ നമ്മൾ. ഒരു സ്വപ്നത്തിലെന്നപോലെ നജീബിന്റെയൊപ്പം യാത്ര പോയി ആ യാത്ര തീരുമ്പോൾ യാഥാർത്ഥ്യത്തിലേക്ക് നമ്മൾ തിരിച്ചെത്തുന്നു. ഒരു മനുഷ്യന്റെ, പ്രതീക്ഷയിൽ തുടങ്ങിയ ജീവിതം പ്രതീക്ഷകളെയൊക്കെ തകിടം മറിച്ച്, എവിടെയെത്തിച്ച് പകച്ചുനിൽക്കേണ്ടിവരുന്നു എന്ന് വായിച്ചെടുക്കാം.

നജീബും ഹമീദും ബത്തയിലെ പോലീസ്റ്റേഷനുമുന്നിൽ നിൽക്കുന്നിടത്താണ് ആടുജീവിതം തുടങ്ങുന്നത്. അവർക്ക് പോലീസ് എങ്ങനെയെങ്കിലും അവരെപ്പിടിച്ച് അകത്തിടുകയാണ് വേണ്ടത്. കയ്യിൽ അത്യാവശ്യം പേപ്പറുകളില്ലാതെ നടക്കുന്ന അവർക്ക് ജയിലിൽ എത്താൻ എളുപ്പമാണെന്നാണ് കരുതിയത്. പക്ഷെ കുറേ പണിപ്പെട്ടു. ഒന്നും ഫലിക്കാഞ്ഞാണ് സ്റ്റേഷനുമുന്നിലെത്തി നില്‍പ്പുറപ്പിച്ചത്. ചോദ്യം ചെയ്യുകയും അകത്തിടുകയും ചെയ്യുമല്ലോന്നുള്ള വിചാരം. അങ്ങനെ അവസാനം പോലീസ് ചോദ്യം ചെയ്യുകയും ജയിലിൽ എത്തുകയും ചെയ്തു. ആരെങ്കിലും പോലീസ് പിടിച്ച് ജയിലിൽ ഇടണേയെന്ന് കരുതി നടക്കുന്നത് ആശ്ചര്യപ്പെടുത്തുന്നുവെങ്കിൽ, കാരണം എന്തായിരിക്കും എന്നറിയണമെങ്കിൽ, വീണ്ടും മുന്നോട്ടു പോവുക.

ജയിലിൽ കിടക്കുന്ന ഓരോരുത്തരുടേയും വേദനയുടെ കഥകൾ കേൾക്കാൻ തുടങ്ങിയപ്പോഴാണ് നജീബിനും സ്വന്തം വിഷമം കുറച്ചെങ്കിലും ഒഴിവാക്കാൻ കഴിയുന്നത്. ജയിലിലും കാര്യങ്ങൾ അത്ര സുഖകരമായിരുന്നില്ല. എല്ലാ ആഴ്ചയിലും നടക്കുന്ന തിരിച്ചറിയൽ പരേഡ് ഉണ്ട്. അവിടെഅറബികൾ വരും. അവരുടെ ജോലിക്കാർ ആരെങ്കിലും ഉണ്ടോയെന്ന് കണ്ടുപിടിക്കാൻ. ഉണ്ടെങ്കിൽ അടി, വഴക്ക്, പിന്നെ ഒടുവിൽ ആ അറബിക്കൊപ്പം യാത്ര. നജീബിനൊപ്പം ജയിലിലായ ഹമീദിനേയും അങ്ങനെ അറബി കൂട്ടിക്കൊണ്ടുപോയി. പിന്നൊരിക്കൽ നജീബിനേയും അറബി തേടിയെത്തുന്നു. അവിടെയാണ് നജീബ് പഴയ കഥകൾ ഓർമ്മിക്കുന്നത്.

നജീബും ഹക്കീം എന്ന ഒരു പയ്യനും കേരളത്തിൽനിന്ന് അറബിരാജ്യത്തേക്ക് പുറപ്പെടുന്നു. അവർ എല്ലാവരോടും യാത്ര ചോദിച്ച് പുറപ്പെട്ട് ആദ്യം ബോംബെയിൽ താമസിക്കുകയും പിന്നെ റിയാദ് എയർപ്പോർട്ടിൽ വിമാനമിറങ്ങുകയും ചെയ്യുന്നു. കുറേനേരത്ത കാത്തുനില്പിനുശേഷമാണ് ഒരു അറബി വന്ന് അവരെ കൂട്ടിക്കൊണ്ടുപോകുന്നത്. ഭാഷയറിയാത്തതിന്റെ പ്രശ്നം, അറബിയുടെ പഴയ വണ്ടി, അയാളുടെ പെരുമാറ്റം ഒക്കെ അവരെ അസ്വസ്ഥരാക്കുന്നുണ്ട്. എങ്കിലും അവർ ഗൾഫിൽ എത്തിച്ചേർന്നു എന്ന സന്തോഷത്തിലുമാണ്. ഒരു സ്ഥലത്തെത്തിയപ്പോൾ ഹക്കീമിനെ അവിടെ ഇറക്കിവിടുന്നു. ആൾപ്പെരുമാറ്റമില്ലാത്ത പ്രദേശം പോലെയാണ് അവർക്ക് തോന്നുന്നത്. എന്നാലും അറബിയുടെ തെറി കേൾക്കാൻ വയ്യാത്തതുകൊണ്ടും
ഭാഷ അറിയാത്തതുകൊണ്ടും അവർക്ക് കൂടുതലായി പ്രതികരിക്കാൻ കഴിയുന്നില്ല.

ഹക്കീമിനെ വിട്ട് വീണ്ടും യാത്ര. ഒടുവിൽ എത്തിച്ചേർന്നു. ഒരുപറ്റം ആടുകളുടെ ഇടയിൽ. അവിടെ ഒരു മനുഷ്യനും ഉണ്ട്. ഒരു പ്രാകൃതരൂപി. നജീബിന്റെ ജീവിതം തുടരുന്നു. ആടുകളുടെ ഇടയിൽ. ശരിക്കും ഭക്ഷണമില്ല, കിടക്കാൻ നല്ലൊരു സ്ഥലമില്ല. കുടിക്കാൻ വെള്ളം പോലും ശരിക്കില്ല. ആടുകളെ മേയ്ക്കുക, അവയ്ക്ക് തീറ്റയും വെള്ളവും കൊടുക്കുക, കറക്കുക, ഇങ്ങനെ പോകുന്നു ജീവിതചര്യ. ആടിനെ മേയ്ക്കാൻ പോകുമ്പോൾ അറബി ബൈനോക്കുലറിൽക്കൂടെ നോക്കും. അതുകൊണ്ട് രക്ഷപ്പെടാനോ വിശ്രമിക്കാനോ സാധിച്ചെന്നു വരില്ല.

കൂടെയുള്ള പ്രാകൃതരൂപിയെ ഒരു ദിവസം മുതൽ കാണുന്നില്ല. ചോദിച്ചെങ്കിലും അറബി ഒന്നും പറയുന്നില്ല. പിന്നൊരിക്കൽ മണ്ണിനുള്ളിൽനിന്ന് അപ്രതീക്ഷിതമായി ചില അവശിഷ്ടങ്ങൾ കണ്ടെത്തുന്നു. അത് ആ കൂട്ടുജോലിക്കാരന്റേതാണെന്ന് തിരിച്ചറിഞ്ഞ നജീബ് കൂടുതൽ നിസ്സഹായനാവുന്നു.

പിന്നൊരിക്കൽ ആടിനേയും കൂട്ടിപ്പോകുന്നിടത്ത് ഹക്കീമും ആടുകളെയും കൊണ്ടുവരുന്നത് കാണുന്നു. ദൂരെ കാണാൻ മാത്രമേ കഴിയൂ. ഹക്കീമിന് ഒരു കൂട്ടുകാരനെ കിട്ടുന്നു. അവന്റെ കൂടെ ജോലിക്കു നിൽക്കുന്നയാൾ. അവർ എങ്ങനെയൊക്കെയോ മിണ്ടാൻ അവസരം കണ്ടെത്തുന്നു. അവസാനം അവർ മൂന്നുപേരും കൂടെ രക്ഷപ്പെടാൻ ഒരുങ്ങുന്നു. അറബികൾ നിരീക്ഷിക്കാത്ത ദിവസം മൂന്നുപേരും ദൂരേയ്ക്ക് പോകുന്നു. നടന്നുനടന്ന് ഹക്കീം ആദ്യം മണലിൽക്കിടന്ന് മരിക്കുന്നു. വെള്ളം പോലും കിട്ടാതാവുമ്പോൾ പിന്നെ എത്ര നേരം പിടിച്ചുനിൽക്കാൻ. പിന്നെ ഹക്കീമിന്റെ കൂട്ടുജോലിക്കാരനായ ഇബ്രാഹിം ഖാദിരി എന്നയാളും. അയാളുടേതായിരുന്നു രക്ഷപ്പെടാനുള്ള പ്ലാൻ. ഒടുവിൽ എല്ലാ കഷ്ടപ്പാടും സഹിച്ച് രക്ഷപ്പെടാൻ കഴിയുന്നത് നജീബിനു മാത്രം. രക്ഷപ്പെട്ട് എത്തിച്ചേരുന്നത് മലയാളികളുടെ അടുത്താണ്. അവിടെനിന്നാണ് കഴിഞ്ഞുപോയ നാളുകൾ മൂന്നുവർഷത്തിലും അധികമുണ്ടെന്ന് അറിയുന്നത്. അവിടെനിന്നു കിട്ടിയ ഒരാളുമൊത്താണ് പോലീസിനു പിടികൊടുക്കാൻ ശ്രമിക്കുന്നതും ജയിലിൽ ജയിലിൽ എത്തിപ്പെടാൻ ശ്രമിക്കുന്നതും. കഥ തുടങ്ങുന്നത് അവിടെയാണ്. അറബിയെ കണ്ടെങ്കിലും അയാൾ, നജീബ് അയാളുടെ വിസക്കാരൻ അല്ലെന്നുപറഞ്ഞ് നജീബിനെ വിട്ടുപോകുകയാണ്. എംബസിക്കാരുടെ സഹായത്തോടെ നജീബ് നാട്ടിലേക്ക് മടങ്ങുന്നു.

നാട്ടിൽനിന്ന് ഗൾഫിലേക്കൊരു സ്വപ്നയാത്ര. ഭാഷയറിയാതെ ആരും സ്വീകരിക്കാനില്ലാതെ എയർപ്പോർട്ടിൽ കാത്തുനില്‍പ്പ്. കാത്തുനില്‍പ്പിനൊടുവിൽ കൂട്ടിക്കൊണ്ടുപോകാൻ വരുന്നയാൾ കൂട്ടിക്കൊണ്ടുപോകുന്നതോ? ഒരുപറ്റം ആടുകളുടെ ഇടയിലേക്ക്. അവിടെയുള്ള ജീവിതം കൊണ്ട്, വെള്ളമില്ലാതെ കുളിയില്ലാതെ വൃത്തികെട്ട ജീവിതം കൊണ്ട് ഒരു പ്രതീക്ഷയുമില്ലാതെ ഒരുപാടുനാൾ മുന്നോട്ടുപോക്ക്. വീട്ടുകാരെക്കുറിച്ചുള്ള ഓർമ്മ. പിന്നെ അപ്രതീക്ഷിതമായൊരു രക്ഷപ്പെടൽ. ഇതൊക്കെ ആ നോവലിന്റെ ചുരുക്കം മാത്രം. ആടുകളുടെ കൂടെയുള്ള ജീവിതം എങ്ങനെയെന്ന് ശരിക്കും വിവരിച്ചിട്ടുണ്ട് കഥയിൽ. നജീബിന്റെ ജീവിതത്തിൽ പലതും അപ്രതീക്ഷിതമായാണ് സംഭവിക്കുന്നത്. എയർപ്പോർട്ടിൽനിന്നു കൂട്ടിക്കൊണ്ടുപോയ അറബിയുടെ ജോലിക്കാരനായിട്ടല്ലായിരുന്നു നജീബിനു പോവേണ്ടിയിരുന്നത് എന്ന് തിരിച്ചറിയുന്നത്, ജയിലിൽനിന്ന് അയാൾ, തിരിച്ചറിയൽ പരേഡിൽ നജീബിനെ കണ്ടിട്ടും കൂട്ടിക്കൊണ്ടുപോകാതെയിരിക്കുമ്പോഴാണ്. നല്ലൊരു ജോലി പ്രതീക്ഷിച്ചെത്തുന്ന നജീബിനു കിട്ടുന്നത് വെറും അടിമപ്പണി. അവിടെയനുഭവിക്കുന്ന കഷ്ടപ്പാട്. ഒടുവിൽ അതെല്ലാം പരിചയിച്ച് വരുന്നുണ്ട്. ആടുജീവിതത്തോട് അടുത്തുവരുന്നുണ്ട്.

നോവൽ വായിച്ചിട്ട് ഇവിടെ എനിക്കറിയാവുന്നതുപോലെ എഴുതിയിരിക്കുന്നത് അതിൽനിന്ന് വളരെച്ചുരുക്കം മാത്രമാണ്. ശരിക്കുമുള്ള ആടുജീവിതം അറിയണമെങ്കിൽ ആ പുസ്തകം വായിച്ചാലേ മതിയാവൂ. ഇതൊരാൾ അനുഭവിച്ചതാവുമ്പോൾ പ്രത്യേകിച്ചും.

ആടുജീവിതം - ബെന്യാമിൻ - ഗ്രീൻബുക്സ് - 120 രൂപ.

Labels:

7 Comments:

Blogger -സു‍-|Sunil said...

sthhiram kaaNukayum kElkkukayum cheyyunnathinaal, ithrayum paranjappOL thanne manassilaayi, Su.
Regards,
-S-

Sun Aug 23, 07:26:00 PM IST  
Blogger രഞ്ജിത്‌ വിശ്വം I ranjith viswam said...

This comment has been removed by the author.

Sun Aug 23, 08:22:00 PM IST  
Blogger രഞ്ജിത്‌ വിശ്വം I ranjith viswam said...

ആടു ജീവിതം ഒരിക്കലെങ്കിലും വായിക്കണം.. ഓരോ മലയാളിയും..ഗള്ഫിന്റെ പേടിപ്പെടുത്തുന്ന ഈ മുഖം വായനയിലൂടെ എങ്കിലും അറിയണം.കഴിഞ്ഞ ഡിസംബറില്‍ വായിച്ചതാണിത് എന്നാല്‍ നജീബിന്റെ ആടുജീവിതാനുഭവങ്ങളുടെ തീഷ്ണത ഇപ്പോഴും മനസ്സിനെ മധിക്കുന്നു..

Sun Aug 23, 08:24:00 PM IST  
Blogger പാവപ്പെട്ടവന്‍ said...

നല്ലത് മാത്രം വരുത്തട്ടെ

Sun Aug 23, 09:10:00 PM IST  
Blogger smitha said...

su, nannayi ingane oru post ittathinu. oro malyaliyum vaayichu irikenda novel aanu ithu, yadharthyangalude kaypu neeru anubhavipichukondulla oru yaathra aanu aa novel. eniku ee ide aanu vayikan sadhichathu. gulf lulla ororutharum,( nattil ullavar prethyegichum) vayikkanda oru novel aanu ithu.

Sun Aug 23, 10:58:00 PM IST  
Blogger ..lijen(ലിജന്‍) said...

"ആടുജീവിതം" -അനുഭവസാക്ഷ്യത്തില്‍ നിന്നും രേഖപെടുത്തിയ അതിമനോഹരവും അത്യപൂര്‍വവും ആയ രചന !!!!! പ്രവാസത്തിന്റെ മണല്പ്പരപ്പില്‍നിന്നും രൂപംകൊണ്ട മഹത്തായ ഒരു പുസ്തകം!!ഓരോ മലയാളിയും തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണ്, പ്രത്യേകിച്ച് ഓരോ ഗള്‍ഫ്‌ മലയാളികളുടെയും ബന്ധുക്കള്‍.!! ആടുജീവിതത്തെ പറ്റി ഒരു വാക്ക് എഴുതാന്‍ കാണിച്ച ആ മനസിന്നു നന്ദി !! "നേരിട്ട് അനുഭവിക്കാത്ത പല കഥകളും നമുക്ക് വെറും കേട്ട് കഥകള്‍ മാത്രം !!!!!"

Mon Aug 24, 11:57:00 AM IST  
Blogger സു | Su said...

സുനിൽ :) കേട്ടറിഞ്ഞ് ഇരിക്കുന്നവർക്ക് പെട്ടെന്ന് മനസ്സിലാവും അല്ലേ?

രഞ്ജിത് :) എല്ലാവരും വായിക്കുന്നത് നല്ലതുതന്നെ. ഇങ്ങനേയും ചില ജീവിതങ്ങൾ ഉണ്ടെന്ന് തിരിച്ചറിയണമല്ലോ.

പാവപ്പെട്ടവൻ :) അങ്ങനെ വിചാരിക്കാം.

സ്മിത :) വായിച്ചതുകൊണ്ട് ഗൾഫ് ജീവിതത്തിൽ ചിലപ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന് ദൂരെയിരിക്കുന്നവർക്കും അറിയാൻ ഇത് ഉപകരിക്കുമെന്ന് മനസ്സിലായി.

ലിജൻ :) എല്ലാവരും വായിക്കുമെന്ന് വിചാരിക്കാം.

Tue Aug 25, 11:10:00 AM IST  

Post a Comment

Subscribe to Post Comments [Atom]

<< Home