എട്ടുകാലി
കഥ
-----------
ഇലയ്ക്ക് അടുത്തായി, എട്ടുകാലി, വല നെയ്തുകൊണ്ടിരുന്നു. ഒപ്പം സ്വപ്നവും. വല വിരിച്ച്, ഒളിച്ചിരിക്കാം. പ്രാണി വരും. ഇല തിന്നാൻ. അപ്പോ വലയിൽ കുടുങ്ങും. പിന്നെ ലഞ്ച് ഉഷാർ. അങ്ങനെ വല നെയ്ത് ഒന്നു മയങ്ങിപ്പോയി. ഞെട്ടിയുണർന്ന് നോക്കുമ്പോഴുണ്ട്, പ്രാണി ഇലയും തിന്ന് അപ്പുറത്തെ മരത്തിന്റെ കൊമ്പിലിരുന്ന് വെറ്റില മുറുക്കുന്നു. എട്ടുകാലി അയ്യടാന്ന് ആയി. പ്രാണി ചിരിച്ചു. എന്നിട്ട് മരത്തിന്റെ കൊമ്പിലേക്ക് ചാരിവെച്ചിരുന്ന ഒരു കുഴൽ പുറത്തെടുത്ത് എട്ടുകാലിയുടെ നേരെ നീട്ടി.
“ഇതുകണ്ടോ?”
“എന്താ അത്?” എട്ടുകാലി ചോദിച്ചു.
“ യന്ത്രം ആണ്. എട്ടുകാലി വല നീക്കാനുള്ളത്. നിങ്ങളൊക്കെ നെയ്യുന്ന വലയ്ക്കു നേരെ പിടിച്ച് ഓൺ ചെയ്താൽ വലയൊക്കെ മുറിഞ്ഞു മുറിഞ്ഞുപോകും. പിന്നെ ഞങ്ങൾക്കൊക്കെ പേടിക്കാതെ തിന്നേണ്ടത് തിന്ന് സ്ഥലം വിടാം.”
“എവിടുന്നു കിട്ടി?”
“ചൈനയിൽ പോയ കൂട്ടുകാരൻ കൊണ്ടുവന്നതാണ്. സമാധാനമായി.” പ്രാണി യന്ത്രവുമെടുത്ത് സ്ഥലം വിട്ടു.
ചൈനയിൽ പോയിട്ട്, വല നെയ്യാതെ തന്നെ പ്രാണികളെ പിടിക്കാനുള്ള യന്ത്രം കിട്ടുമോന്ന് കൂടിയാലോചിക്കാൻ വേണ്ടി, കൂട്ടുകാരേം നോക്കി പാവം എട്ടുകാലി നടന്നു.
------------------------------
കാര്യം
------
എട്ടുകാലികൾ നെയ്ത്തുകാരാണ്. മനോഹരമായി നെയ്തുവെക്കും. എന്തെങ്കിലും നെയ്തുണ്ടാക്കി മറ്റുള്ളവർക്ക് കൊടുക്കാനല്ല. മറ്റു ജീവികളെ കുടുക്കാനാണ്. എട്ടുകാലി, വല നെയ്തുണ്ടാക്കി, അതായത്, ജോലിയെടുത്ത് തിന്നുക തന്നെയാണ് ചെയ്യുന്നത്. വെറുതേയിരുന്ന് ഇരപിടിക്കുന്നു എന്നു പറയരുതെന്നർത്ഥം. ചില വിഭാഗങ്ങളില്‍പ്പെട്ട എട്ടുകാലികളേ വല നെയ്യുന്നുള്ളൂ. എട്ടുകാലിയുടെ വയറ്റിൽ ഉള്ള ഗ്രന്ഥികളിൽ നിന്നുള്ള ഒരു ദ്രാവകം കൊണ്ടാണ് വലയുണ്ടാക്കുന്നത്. വയറിനടുത്തുള്ള കുഴലുകളിലൂടെ വരുന്ന ദ്രാവകം വായുവിന്റെ സമ്പർക്കം കൊണ്ട് കട്ട പിടിച്ച് നൂലുപോലെ ആയിത്തീരും. ആ നൂലുകൊണ്ട് നെയ്ത് വല വിരിക്കും. ആദ്യം ഒരു നൂൽ എവിടെയെങ്കിലും ഒട്ടാൻ വിടും. അതിൽ നിന്ന് വിവിധ സൈഡുകളിലേക്ക് നൂൽ ഇടും. പിന്നെ വട്ടം കറങ്ങി വലയുടെ ഡിസൈൻ മുഴുവനാക്കും. അതിലിടയ്ക്ക് ഒരു സൂത്രപ്പണി ചെയ്തു വെക്കും. ഇരകൾക്കു വേണ്ടി ഒട്ടുന്ന നൂലുപയോഗിച്ച് നെയ്യും. തനിക്കുവേണ്ടി ഒട്ടാത്ത നൂലിൽ ചില വഴികളും ഉണ്ടാക്കി വയ്ക്കും. രണ്ടു നൂലുകളും ഉണ്ടാകുന്നത് വേറെ വേറെ ഗ്രന്ഥികളിൽ നിന്നാണ്. അങ്ങനെ നൂല് വ്യത്യസ്തമായി ഉപയോഗിക്കുന്നതുകൊണ്ടാണ് എട്ടുകാലി സ്വന്തം വലയിൽ കുടുങ്ങാത്തത്. അങ്ങനെ വലയുണ്ടാക്കി പതുങ്ങി ഒളിച്ച് വിശ്രമിക്കും. പ്രാണികളും മറ്റ് ജീവികളും വീണാൽ അതിന്റെ കുലുക്കം കൊണ്ട് എട്ടുകാലിയ്ക്ക് അറിയാൻ പറ്റും. മെസ്സേജ് കിട്ടുമായിരിക്കും. അപ്പോ ഒട്ടാത്ത നൂലുവഴിയിൽക്കൂടെ വന്ന് ഇരയെപ്പിടിക്കും. ഒരു എട്ടുകാലിയുടെ വലയിൽ മറ്റൊരു എട്ടുകാലി കുടുങ്ങുകയൊക്കെ ചെയ്യും. അല്ലെങ്കില്‍പ്പിന്നെ രഹസ്യവഴികൾ അറിഞ്ഞിരിക്കണം. അതുണ്ടാവുമെന്ന് തോന്നുന്നില്ല. ഇനി വല പൊട്ടിപ്പോയാൽ അതു നന്നാക്കാനൊന്നും എട്ടുകാലി പഠിച്ചിട്ടുമില്ല.
(കട:- ശാസ്ത്രകൗതുകം)
16 Comments:
ഈ സൂവിന്റെ ഒരു കാര്യം!! :)
അങ്ങിനെ എട്ടുകാലിയെ കണ്ട് പ്രാണീം പഠിച്ചു ജീവിക്കാൻ!
പണ്ട്, പണ്ട് ചിലന്തി വല നെയ്യുന്നത് കണ്ട്, തോറ്റോടി ഒളിച്ചിരുന്ന ഒരു രാജാവിന് ശുഭാപ്തിവിശ്വാസം കൈവന്ന്, വീണ്ടും പോയി യുദ്ധം ചെയ്ത് ജയിച്ചില്ലേ.. അതുപോലെ :)
അതിജീവനം.... അതാണല്ലോ നിലനില്പിനാധാരം സൊ എട്ടുകാലിക്ക് ചൈനയില്‍ നിന്ന കിട്ടുമായിരിക്കും പ്രാണി ക്യാചിംഗ് യന്ത്രം !!!
കലക്കി
അതെ..എട്ടുകാലിയേം ചൈന രക്ഷിക്കട്ടെ..ചൈന ഭാവനായന്ത്രം വല്ലോം ഇറക്കുമോ ആവോ(എനിക്കു വാങ്ങാനാ)
എട്ടുകാലി വലയില്‍ സ്വയം കുടുങ്ങാത്തത്തിന്റെ രഹസ്യം ആധ്യായിട്ട അറിയുന്നെ...
എനിക്കറിയൂലാരുന്നു...
കഥ
--------
പാവം എട്ടുകാലി , ചൈന ഒരു പരിഹാരം കാണാതിരിക്കില്ല
കാര്യം
--------
എട്ടുകാലിയെ കുറിച്ച് കുറച്ചധികം കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു , നന്ദി
ഹ ഹ. കൊള്ളാം
വേണം ആ എട്ടുകാലിക്ക് അങ്ങിനെ തന്നെ വേണം..
ഇനി ഇപ്പോ എലിക്കെണിയില്‍ നിന്നു എലിക്ക് രക്ഷപെടാനുമൊക്കെയുള്ള വഴികൂടി ഈ ചൈനീസ് പഹയന്‍മാര്‍ കണ്ടു പിടിച്ചാല്‍ പിന്നെ ഉഷാറായീ
കഥ ഇഷ്ടായി, കാര്യം മനസിലായില്ല.ആകെ കണ്‍ഫ്യൂഷന്‍..
സംഗതി കൊള്ളാം
:)
ആത്മേച്ചീ :) എല്ലാവരും അവരുടെ ഇഷ്ടം പോലെ ജീവിക്കട്ടെ അല്ലേ?
നീമ :) എട്ടുകാലിക്ക് കിട്ടട്ടെ.
ആഗ്നേയ :) സംയുക്താവർമ്മ ഒരു സിനിമയിൽ ജയറാമിനു കൊടുക്കുന്നുണ്ട് ആ യന്ത്രം. അതുപോലെയുള്ളത് മതിയോ?
കണ്ണനുണ്ണീ :) ഇപ്പോ മനസ്സിലായിരിക്കുമെന്ന് കരുതുന്നു.
അഭി :) അങ്ങനെയാവട്ടെ.
ശ്രീ :)
നജീം :)എട്ടുകാലിയും പാവമല്ലേ?
അരുൺ കായംകുളം :) കഥ ഞാനെഴുതിയുണ്ടാക്കിയത്. കാര്യം, എട്ടുകാലി, വലയുണ്ടാക്കുന്നതിനെക്കുറിച്ചൊക്കെ പുസ്തകത്തിൽ വായിച്ചറിഞ്ഞത് എന്റെ വാക്കുകളിൽ എഴുതിയത്. കൺഫ്യൂഷൻ ഉണ്ടോ?
ജയേഷ് :)
കൃഷ് :)
എല്ലാവർക്കും നന്ദി.
സൂ, കഥയുമിഷ്ടായി, കാര്യവുമിഷ്ടായീ...എട്ടുകാലിയുടെ സൂത്രം ഇപ്പോളല്ലേ മനസ്സിലായത്! താങ്ക്സ്...
രാവിലെ കാട്ടില്‍ക്കൂടി നടക്കുമ്പോള്‍ ഒരു വടിയും മുന്നില്‍ വീശി പോവാറുണ്ട്. അല്ലെങ്കില്‍ ഞാന്‍ ചെന്ന് എട്ടുകാലിവലയില്‍ കുടുങ്ങും. ആ കുഴല്‍ കിട്ടിയാല്‍ നന്നായിരുന്നു.
:)
താര :)
ബിന്ദൂ :) ചൈനയ്ക്ക് ഒന്നെഴുതിനോക്കാം.
സു ചേച്ചി......... ആഴ്ച ഒന്ന് കഴിഞ്ഞിട്ടും കാണാതായപ്പോള്‍ ചേച്ചി വല്ല എട്ടുകാലി വലയിലും പെട്ടോ എന്ന് പേടിച്ചു ഇരിക്കുമ്പോളാണ് ഈ കൃതി കിട്ടിയത്. കഥ കൊള്ളാം. കാര്യവും കൊള്ളാം. കാര്യത്തിലെ കാര്യങ്ങള്‍ പുതിയ അറിവാണ്. സു ചേച്ചി വിചാരിച്ചാല്‍ കാര്യം കഥയിലൂടെ തന്നെ അവതരിപ്പിക്കാമായിരുന്നു. കൂടുതല്‍ മനോഹരമായേനെ.
സി. പി. ആയക്കാട് :) നന്ദി. കുറച്ച് കഥയും കുറച്ച് കാര്യവും ആവാം എന്ന് കരുതി.
Post a Comment
Subscribe to Post Comments [Atom]
<< Home