Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, May 06, 2010

ഷിർദ്ദിസായിബാബയുടെ സന്നിധിയിൽ



ഷിർദ്ദി(Shirdi). ഷിർദ്ദി സായിബാബയുടെ നാട്. സായിബാബയുടെ സന്നിധിയിലേക്കാവട്ടെ ഇത്തവണ യാത്രയെന്ന് കരുതി. ഷിർദ്ദിസായിബാബ ആദ്യം ഞങ്ങളുടെ വീട്ടിലെത്തിയത് ഒരു കലണ്ടർ രൂപത്തിലാണ്. ചേട്ടന്റെ കൂടെ ജോലി ചെയ്യുന്ന ഒരാളുടെ അടുത്ത ബന്ധു എപ്പോഴും ഷിർദ്ദി സന്ദർശിക്കാറുണ്ടത്രേ. അങ്ങനെ ഒരു കലണ്ടർ വീട്ടിൽ വന്നു. സായിബാബയുടെ ചിത്രവുമായി. കഴിഞ്ഞവർഷം. അതിനുമുമ്പേ കുറച്ച് കേട്ടിട്ടുണ്ട്. അത്രതന്നെ. ഒരിക്കൽ പോയിക്കാണണമെന്ന് മനസ്സിൽ കരുതുകയും ചെയ്തു. അതിന്റെ സമയം ആയത് ഇപ്പോഴാണ്.

ഷിർദ്ദി എന്ന സ്ഥലം മഹാരാഷ്ട്രയിലാണ്. ഹിന്ദിക്കാരൊക്കെ പറയുക ശിർദ്ദി എന്നും ശിട്ദി/ഷിട്ദി എന്നുമാണ്. അഹ്‌മദ്നഗറിൽ നിന്ന് എൺപത്തിരണ്ട് കിലോമീറ്റർ വരും. അഹ്‌മദ് നഗറിലേക്ക് പൂനയിൽ നിന്ന് ഏകദേശം മൂന്ന് മണിക്കൂർ എടുക്കും. 120 കിലോമീറ്റർ ഉണ്ടാവും. ഔറംഗാബാദിൽ നിന്നാണെങ്കിൽ ഷിർദ്ദിയ്ക്ക് നൂറ്റിപ്പത്ത് കിലോമീറ്റർ വരും. മുംബൈയിൽ നിന്ന് 260 കിലോമീറ്റർ വരും. കോപ്പർഗാവ് (Kopergaon) എന്ന റെയിൽ‌വേസ്റ്റേഷൻ ആണ് അടുത്ത്. 16 കിലോമീറ്റർ വരും. പിന്നെ മൻ‌മഡ് (Manmad) എന്ന സ്ഥലത്തെ റെയിൽ‌വേസ്റ്റേഷൻ. അത് 58 കിലോമീറ്റർ ദൂരത്താണ്. (ഒക്കെ ഒരു ഏകദേശക്കണക്കാണ്. ദൂരം അല്പം വ്യത്യാസമുണ്ടാവും).

ഞങ്ങൾ ഷിർദ്ദി ടൗണിൽ എത്തി. ഒരു ഹോട്ടലിൽ മുറിയെടുത്തു. ടൗണിൽ ഷിർദ്ദിസായി ബാബയുടെ സന്നിധിമന്ദിരത്തിന്റെ അടുത്തൊക്കെ ഇഷ്ടം പോലെ ഹോട്ടലുകളുണ്ട്. സായിബാബയുടെ ട്രസ്റ്റിന്റെ വകയായിട്ടുള്ള റൂമുകളും കിട്ടും. ആ മുറികൾ ഒന്നോ രണ്ടോ ദിവസം ഫ്രീ ആണെന്നു തോന്നുന്നു. ബസ്‌സ്റ്റാൻഡിനു മുന്നിൽ അവരുടെ ഒരു ഓഫീസ് ഉണ്ട് അവരോടു ചോദിച്ചാൽ മതി. അല്ലെങ്കിലും ആരോടെങ്കിലും ചോദിച്ചാൽ മതി.

കുളിച്ച് ഭക്ഷണം കഴിച്ച് ബാബയുടെ മന്ദിരത്തിലേക്ക് പോയത് ഇരുവശത്തും കടകൾ ഉള്ള വഴിയിൽക്കൂടെ ആയിരുന്നു. പ്രധാനഗേറ്റുകൾ റോഡിൽ നിന്നു തന്നെ കാണാം. ഞങ്ങൾ അതിന്റെ ഒരു വശത്തുനിന്ന് പോയതുകൊണ്ട് കടകൾ ഉള്ള വശത്തുകൂടെ ആയി. അവിടെ ഒരു കടയിൽ ചെരുപ്പുകൾ ഏല്‍പ്പിക്കാൻ അവർ നിർബ്ബന്ധിച്ചു. അവിടെനിന്നുതന്നെ ബാബയുടെ മുന്നിൽ അർപ്പിക്കാനുള്ള പൂക്കൾ, മാലകൾ, പൂജാവസ്തുക്കൾ എന്നിവയൊക്കെ ഒരു കവറിൽ ഇട്ടുതന്നു. അല്പം നടന്നപ്പോൾ, മൊബൈൽ ഫോണും ക്യാമറയും ഏല്‍പ്പിക്കാനുള്ള സ്ഥലവും, ചെരുപ്പുകൾ വാങ്ങിവച്ച ആൾ തന്നെ ഞങ്ങളെ കാണിച്ചുതന്നു. എന്റെ കൈയിൽ ഉണ്ടായിരുന്ന ബാഗ് കൈയിൽത്തന്നെ വെച്ചാൽ കുഴപ്പമൊന്നുമില്ലല്ലോന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോൾ ഫോണും ഓഫ് ചെയ്ത് ഇതിൽത്തന്നെ വെച്ചോട്ടേന്ന് ചോദിച്ചു. വെറുതെ ഒന്നു പറഞ്ഞുനോക്കിയതാണ്. അതു പറ്റില്ലെന്ന് അയാൾ തീർത്തു പറഞ്ഞു. അങ്ങനെ ഫോണുകൾ, ക്യാമറ ഒക്കെ അവിടെ ഏല്‍പ്പിച്ചു, കൂപ്പൺ വാങ്ങി.

പിന്നെ ഞങ്ങൾ ഒരു ഗേറ്റിൽക്കൂടെ അകത്തു കടന്നു. ഫോൺ അവിടെ വെച്ചത് നന്നായെന്ന് തോന്നി. അവിടെയുള്ള സെക്യൂരിറ്റി സ്ത്രീ ബാഗ് തുറന്ന് പരിശോധിച്ചു. ഒക്കെ അവിടെ ഏല്‍പ്പിച്ചെന്ന് പറഞ്ഞിട്ടും നോക്കി. അങ്ങനെയാണല്ലോ വേണ്ടതും.

അവിടെ കടന്നപ്പോൾ നിലത്ത് ഭയങ്കര പൊള്ളുന്ന ചൂട്. കാലു പൊള്ളിപ്പോയി. ആദ്യം ഒരു ക്യൂവിൽ നിന്നു. അവർ എങ്ങോട്ടാണ് പോകുന്നതെന്ന് മനസ്സിലാകാത്തതുകൊണ്ട് ക്യൂ മാറി. അവിടെ നോക്കിയപ്പോൾ പ്രസാദത്തിനുള്ള ക്യൂ. പായസം പോലെയുള്ളത്. ദർശനം പോലുമില്ലാതെ പ്രസാദം വാങ്ങിക്കഴിക്കാനോയെന്ന് വിചാരിച്ച് മൂന്നാമതൊരു ക്യൂവിലേക്ക് വീണ്ടും മാറിനിന്നു. അത് ബാബ കൊടുത്തിരുന്ന “ഉഡി” എന്ന പ്രസാദത്തിന്റെ ക്യൂ ആയിരുന്നു. ഭസ്മം പോലെയുള്ളത്. അതിന്റെ ക്യൂവിൽ നിന്ന് അതു വാങ്ങി എന്തായാലും. ഒരു ചെറിയ പായ്ക്കറ്റിൽ രണ്ടു നുള്ള് “ഉഡി”. എല്ലാ കൗണ്ടറുകളുടെയും മുന്നിൽ എന്തൊക്കെയാണെന്ന് എഴുതിവെച്ചിട്ടുണ്ട്. തിരക്കിൽ ഞങ്ങൾ ശ്രദ്ധിക്കുന്നത് അതിന്റെ മുന്നിലെത്തുമ്പോഴാണ്. പ്രസാദം കൗണ്ടറിന്റെ അടുത്തായിട്ടാണ് അബ്ദുൾബാബയുടെ സമാധിസ്ഥാനം. അബ്ദുൾബാബ, ഷിർദ്ദിബാബയുടെ അനുയായി/ഭക്തൻ ആയിരുന്നു. അദ്ദേഹത്തോടൊപ്പം കഴിഞ്ഞയാൾ. അവിടെ ഞങ്ങൾ ആദ്യം കയറിയില്ല. പിന്നെയും മതിൽക്കെട്ടിനുള്ളിൽ കുറച്ചു ചുറ്റിനടന്നു. ബുക്കുകൾ, പ്രസാദങ്ങൾ ഒക്കെയായിട്ട് ചെറിയ ചെറിയ വിഭാഗങ്ങൾ ഉണ്ട്, ഓരോ വരാന്തകളിലും. അതൊക്കെ നോക്കിവച്ചു. പിന്നെ കയറിവന്ന ഗേറ്റിൽക്കൂടെ പുറത്തിറങ്ങി. കുറച്ച് മുന്നോട്ട് നടന്നു. അതിനിടയ്ക്ക് രണ്ടുപേരോട് ചോദിക്കുകയും ചെയ്തു.

അങ്ങനെ ദർശനത്തിന്റെ ക്യൂ അടുത്ത ഗേറ്റിൽ കണ്ടുപിടിച്ചു. രണ്ടാം നമ്പർ ഗേറ്റ്. അധികം ആളുകൾ ഇല്ലായിരുന്നു. മൂന്ന് നിരയായിട്ടാണ് ക്യൂ നിൽക്കേണ്ടത്. നമുക്ക് തിരക്കുണ്ടെങ്കിൽ,ആൾക്കാരെ കടത്തിവിടുമ്പോൾ, ആളുകൾ നടക്കുമ്പോൾ, മുന്നിലേക്ക് പോകുകയും ചെയ്യാം. വേഗം വേഗം നടന്നാൽ മതി. ഇടയ്ക്ക് നടത്തം നിർത്തും. അവിടെ എന്തെങ്കിലും പൂജ നടക്കുന്നതുകൊണ്ടാവും. കെട്ടിടത്തിന്റെ ഉള്ളിലേക്ക് കയറിയാൽ അവിടെ വളഞ്ഞ്പുളഞ്ഞ് കുറേ നിരകളായിട്ട് ക്യൂ നിൽക്കുന്നുണ്ടാവും. ഇടയ്ക്ക് പടികൾ ഉണ്ട്. ക്യൂ നിൽക്കുന്ന മുറികളിലൊക്കെ ഫാൻ ഉണ്ട്. ക്യാമറ ഉണ്ട്. ടിവി ഉണ്ട്. അതിൽ നമ്മളേയും ഇടയ്ക്ക് കാണിക്കും.
ക്യൂ നിൽക്കുന്നിടത്തുതന്നെ ബെഞ്ചുകളുണ്ട്. വയ്യാത്തവർക്ക് ഇരിക്കാം, കിടക്കാം. സ്റ്റീലിന്റെ ബെഞ്ച്. ഇടയ്ക്ക് വേലി പോലെ കെട്ടിയിട്ടുണ്ട്. കുട്ടികളെയൊക്കെ ക്യൂവിൽ നിർത്താതെ വേലിക്കു മുകളിലൂടെ അപ്പുറത്തെ ബെഞ്ചിലേക്ക് വിടാം. ചില വല്യവരും അങ്ങനെ കയറിമറിയുന്നത് കണ്ടു. തിരക്കുണ്ടാവുമായിരിക്കും. ആരെങ്കിലും ഒരാൾ വിളിക്കും “ബോലോ സായിനാഥ് മഹാരാജ് കീ” എന്ന്. അപ്പോ ബാക്കിയെല്ലാവരും കൂടെ ജയ് എന്നു പറയും. ഇടയ്ക്ക് അവിടെയുള്ളവർ കുടിയ്ക്കാൻ വെള്ളവും തരും. വേണ്ടിവരും. അല്ലെങ്കിൽ നമ്മുടെ കൈയിൽ ഉണ്ടെങ്കിൽ അതു കുടിക്കുകയും ചെയ്യാം.

കൃത്യം രണ്ടുമണിക്കൂർ ക്യൂ നിന്നശേഷം സമാധിമന്ദിരത്തിന്റെ മുന്നിലെ രണ്ടു വശത്തുനിന്നുമുള്ള ക്യൂവിൽ, ഒരു ക്യൂവിൽ എത്തിപ്പെട്ടു ഞങ്ങൾ. അവിടെയാണ് ബാബ യുടെ മൂർത്തിയുള്ളത്. ഇരുവശത്തുനിന്നും ആൾക്കാരെ മാറിമാറിവിടും. വേഗം അതിനു മുന്നിലെത്തി കണ്ടുതൊഴുത് ഉടനെ പുറത്തേക്കുള്ള വഴിയിലേക്ക് ഇറങ്ങിക്കൊള്ളണം. ഇറക്കവും കയറ്റവും ഒക്കെ ആയതുകൊണ്ട് ഇത് ഏതു നിലയിൽ ആണെന്ന് എനിക്ക് ശരിക്കു മനസ്സിലായില്ല. ബാബ ഇരിക്കുന്നിടത്ത് മുഴുവൻ സ്വർണ്ണം കൊണ്ടാണ്. മുകളിലും ഒക്കെ. അതിനുമുന്നിൽ സമാധിയും. നമ്മൾ അതിനുമുന്നിൽ എത്തുമ്പോൾ പെട്ടെന്നുതന്നെ നമ്മുടെ കൈയിലെ പൂവും തേങ്ങയും മാലയും വസ്ത്രവുമൊക്കെ അവിടെ പൂജാരിമാരുടെ കൈയിൽ കൊടുക്കണം. അവർ ചിലത് തിരിച്ചുതരും. പിന്നെ അതിനുമുന്നിൽ തിരിഞ്ഞുകളിക്കാമെന്ന് വിചാരിക്കരുത്. സെക്യൂരിറ്റിക്കാർ നിൽക്കുന്നുണ്ട്. അവർ ഓടിച്ചുവിടും.

അതുകഴിഞ്ഞ് ഇറങ്ങി ഞങ്ങൾ അബ്ദുൾബാബയുടെ സമാധിമന്ദിരത്തിലും, പുസ്തകങ്ങൾ ഉള്ളിടത്തും, പ്രസാദം വിൽക്കുന്നിടത്തും ഒക്കെ കയറി. പ്രസാദം വിൽക്കുന്നത്, നമുക്ക് വീട്ടുകാർക്കും കൂട്ടുകാർക്കും ഒക്കെ കൊണ്ടുക്കൊടുക്കണമെങ്കിൽ വാങ്ങാൻ ആണ്. പല പ്രസാദങ്ങളും ഉണ്ട്. മിക്സ് പ്രസാദം - അതിൽ കടല, മലര്, പിന്നെ മധുരത്തിൽ പൊതിഞ്ഞ ഒരു വസ്തു ഒക്കെ ഉണ്ടാകും. പിന്നെ പേഡ. പിന്നെ വെറും മലർപ്രസാദം. അങ്ങിനെ കുറേ തരം. ഒക്കെ പായ്ക്കറ്റിൽ ആണ്. അവിടെ വില എഴുതിവെച്ചിട്ടുണ്ട്.

ബാബ ഒരു വേപ്പുമരത്തിന്റെ ചുവട്ടിൽ ഇരുന്നു എന്നു പറയുന്നുണ്ട്, കുറേക്കാലം. ആ വേപ്പിന്റെ ഇലയ്ക്ക് മധുരമാണത്രേ. ഷിർദ്ദി നിറയെ വേപ്പുമരങ്ങൾ കാണാം. പൂത്തും തളിർത്തും നിൽക്കുന്നവ.



പിന്നെ പുറത്തിറങ്ങി, ക്യാമറയും ഫോണുകളും വാങ്ങി. തിരക്ക് കൂടിവരുന്നുണ്ടായിരുന്നു. അതിനുചുറ്റുമുള്ള കടകളിലേക്കൊക്കെ ഒന്നു കണ്ണോടിച്ചു. ബാബയുടെ മൂർത്തികൾ, പ്രസാദങ്ങൾ, ലോക്കറ്റുകൾ, മാലകൾ അങ്ങനെ പോകുന്നു. പിന്നെ കുട്ടികളുടെ കളിപ്പാട്ടങ്ങൾ, സ്ത്രീകൾക്ക് വളകൾ, മാലകൾ, ഹെയർക്ലിപ്പുകൾ, ബാഗുകൾ അങ്ങനെ ഒരു ഉത്സവച്ചന്ത പോലെ.

ക്യാമറയും ഫോണുകളും വാങ്ങിക്കഴിഞ്ഞാണ് “ദ്വാരകാമയി” എന്ന ബോർഡ് കണ്ടത്. അവിടെയാണത്രേ ബാബ താമസിച്ചിരുന്നത്. അത് ഒരു പള്ളിയായിരുന്നു. ബാബ അതിനു ദ്വാരകാമയി എന്ന പേരു നൽകി. അവിടെയിരുന്നാണ് ബാബ എല്ലാവരുടേയും കാര്യങ്ങൾ കേട്ടിരുന്നത്. അവിടെയാണ് ബാബ ഭക്ഷണം ഉണ്ടാക്കിക്കഴിച്ചിരുന്നതും. അവിടെ ബാബയുടെ ചിത്രങ്ങൾ ഉണ്ട്.

അതിനപ്പുറം ചാവഡി(ചാവടി). അവിടെ സ്ത്രീകൾക്ക് ഒരു മുറിക്കകത്തേക്കും പുരുഷന്മാർക്ക് വേറൊരു മുറിയ്ക്കകത്തേക്കുമാണ്പ്രവേശനം. ബാബ ഇടയ്ക്ക് വന്നിരിക്കുന്ന സ്ഥലമായിരുന്നത്രേ അത്. അവിടെയൊക്കെ കയറിയിറങ്ങി. എല്ലായിടത്തും ക്യൂ ആണ്. അതിനു എതിർവശത്ത് അബ്ദുൾബാബയുടെ കോട്ടേജ്.

ദർശനം നടത്തുന്ന ക്യൂ ഉള്ളിടത്തുമാത്രമേ ചെരുപ്പ് അഴിച്ചുവയ്ക്കേണ്ടൂ എന്നു പിന്നെ ഞങ്ങൾ മനസ്സിലാക്കി. ബാക്കിയെല്ലായിടത്തും ഉള്ളിലേക്ക് കയറുന്നുണ്ടെങ്കിലേ ചെരുപ്പ് അഴിക്കേണ്ടൂ. രണ്ടുമണിക്കൂർ ക്യൂ എന്നു പറഞ്ഞത് ഭാഗ്യത്തിനു കിട്ടിയതാണ്. നാലും അഞ്ചും മണിക്കൂർ ക്യൂ നിൽക്കേണ്ടിവരും ചിലപ്പോൾ. വി ഐ പി ക്യൂ ഉണ്ടോന്ന് ഒരു സംശയമുണ്ട്.

സർവ്വമതവിശ്വാസികളും വന്നു വണങ്ങിപ്പോകുന്ന സ്ഥലം. ഭാഷയും രാജ്യവും നാടും ഒന്നും വ്യത്യാസമില്ലാതെ എല്ലാ പേരേയും കാണാം. ക്യൂ നിൽക്കുമ്പോൾ, നമുക്ക് അറിയാത്ത, ചിലപ്പോൾ നമ്മൾ ഇനിയൊരിക്കലും കാണാനിടയില്ലാത്ത ആൾക്കാരാണ് നമ്മുടെ അടുത്തുള്ളത് എന്നു തോന്നുകയേ ഇല്ല. രാവിലെ അഞ്ചുമുതൽ രാത്രി പത്തുവരെ ആണ് ദർശനസമയം.

ചെരുപ്പുകൾ കൊടുത്ത കട കാണാതെ കുറച്ച്നേരം തേരാപ്പാരാ നടന്നു. ഒരുപോലെയുള്ള ഊടുവഴികൾ. ഒരേ വസ്തുക്കൾ ഉള്ള കടകൾ.

റോഡിന്റെ എതിർവശത്താണ് കാണ്ടോബ (ഇങ്ങനെയാണോ എന്തോ!) (Khandoba) അമ്പലം. ബാബ കുറേ നാൾ ഷിർദ്ദിയിൽ നിന്ന് പോയശേഷം തിരിച്ചുവന്നത് ആദ്യം ആ അമ്പലത്തിലേക്കായിരുന്നുവത്രേ. ഒരു വിവാഹപ്പാർട്ടിയുടെ കൂടെ. എന്നിട്ടാണ് വീണ്ടും ഷിർദ്ദിയിൽ താമസിക്കാൻ തുടങ്ങിയത്. അമ്പലം ഞങ്ങൾ പുറത്തുനിന്നു കണ്ടു. അവിടെ അടുത്തുതന്നെ സായിബാബയുടെ ആശുപത്രിയും ഉണ്ട്.

ബാബയെക്കുറിച്ച് വിക്കിയിൽ വായിക്കൂ




ക്യാമറ അനുവദിക്കാത്തതുകൊണ്ട് ചിത്രങ്ങൾ അധികം ഇല്ല. ഞാൻ കുറച്ച് പുസ്തകങ്ങളും രണ്ട് ഡസൻ കുപ്പിവളയും വാങ്ങി. വള ബൂലോകത്തെ എല്ലാ സ്ത്രീജനങ്ങൾക്കും വാങ്ങണമെന്ന് വിചാരിച്ചതാണ്. കൊണ്ടുവന്നിട്ട് പാകമായില്ലെങ്കിലോന്ന് വിചാരിച്ചു. (ഹാവൂ, അങ്ങനെ ഒരു കാരണം ഉണ്ടല്ലോ പറയാൻ.രക്ഷപ്പെട്ടു). പുസ്തകം മതിയെന്നോ? അത് ഞാൻ വായിച്ചുകഴിഞ്ഞാൽ തരില്ലേ? എന്തിനാ വേറെവേറെ?

Labels: , ,

13 Comments:

Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇത്തവണ തേങ്ങ ഞാൻ അടിക്കാം ഢിം

"പിന്നെ ഞങ്ങൾ ഒരു ഗേറ്റിൽക്കൂടെ അകത്തു കടന്നു. ഫോൺ അവിടെ വെച്ചത് നന്നായെന്ന് തോന്നി. അവിടെയുള്ള സെക്യൂരിറ്റി സ്ത്രീ ബാഗ് തുറന്ന് പരിശോധിച്ചു. ഒക്കെ അവിടെ ഏല്‍പ്പിച്ചെന്ന് പറഞ്ഞിട്ടും നോക്കി. അങ്ങനെയാണല്ലോ വേണ്ടതും. "

ബ്ലോഗിലുള്ളവർ കേൾക്കണ്ടാ അഭിമാനം പോയി സെക്യൂ‍ൂരിറ്റിയെ ശരിപ്പെടുത്തിയ കഥകൾ വായിച്ചിട്ടില്ലെ

Thu May 06, 01:12:00 pm IST  
Blogger സു | Su said...

പണിക്കർ ജീ :) സുരക്ഷ നമുക്കും കൂടെയുള്ളതല്ലേന്ന് വിചാരിക്കുകയേ വേണ്ടൂ.

തേങ്ങ ചമ്മന്തിയ്ക്കെടുത്തു.

Thu May 06, 06:23:00 pm IST  
Blogger ശ്രീ said...

അതിനിടയില്‍ യാത്ര പോയി വന്നു അല്ലേ? കൊള്ളാം.

Fri May 07, 08:57:00 am IST  
Blogger സു | Su said...

ശ്രീ :) തിരക്കുപിടിച്ചൊരു യാത്ര ആയിരുന്നു. എന്നാലും നന്നായി.

Fri May 07, 09:43:00 am IST  
Blogger Bindhu Unny said...

ഈ ക്യൂവിന്റെ കാര്യമോര്‍ത്തിട്ട് എനിക്ക് ഷിര്‍ദ്ദിയില്‍ പോവാന്‍ തോന്നാത്തത്. എങ്കിലും ഒരിക്കല്‍ പോണം. മറ്റ് പല അമ്പലങ്ങളില്‍ പോയിട്ടും വല്യ ക്യൂ കാണുമ്പോള്‍ പുറത്ത് നിന്ന് തൊഴുതിട്ട് തിരിച്ച് വരാ‍റാണ് പതിവ്. :)

Fri May 07, 12:15:00 pm IST  
Blogger Kvartha Test said...

നല്ല വിവരണം, നന്ദി സു. എന്തായാലും ദര്‍ശനത്തിനു മുമ്പുതന്നെ പ്രസാദം വാങ്ങിയല്ലോ!

ചില സംശയങ്ങള്‍:

തമിഴ്‌നാട്ടിലെപ്പോലെ, തിരുപ്പതിയിപ്പോലെ കൂടുതല്‍ രൂപ കൊടുത്ത് ക്യൂ ഒഴിവാക്കുന്ന സംഭവം അവിടെയും ഉണ്ടോ?

അവിടെ ശാന്തമായി മണിക്കൂറുകളോളം ശല്യമില്ലാതെ ഇരിക്കാനുള്ള സൗകര്യമുണ്ടോ? ധ്യാന മണ്ഡപം? ലൈബ്രറി / റീഡിംഗ് റൂം?

രണ്ടോ മൂന്നോ ദിവസം അവിടെ സ്റ്റേ ചെയ്‌താല്‍ എന്തൊക്കെ ആക്റ്റിവിറ്റീസ് ആണ് അഭികാമ്യം എന്നു പറയാമോ?

നന്ദി.

Fri May 07, 01:08:00 pm IST  
Blogger ബയാന്‍ said...

സൂ: സന്തോഷ് ജോര്‍ജ്ജ് കുളങ്ങര - (സഞ്ചാരം)- ത്തിന്റെ വായ്മൊഴി വഴക്കം അവസാനത്തെ പാര യില്‍ നിന്നേ ഒഴിഞ്ഞുപോയുള്ളൂ. എനിക്കു തോന്നിയതാവാം ചിലപ്പോള്‍; എങ്കിലും അവരവരുടെ വായ്മൊഴിയില്‍ യാത്രാവിവരണം പറയുമ്പോള്‍ ഒരു കൊച്ചുത്രേസ്യ പ്രകടനം ആസ്വാദ്യകരമായേക്കും.

Fri May 07, 06:45:00 pm IST  
Blogger സു | Su said...

ബിന്ദൂ :) സമയം ഉണ്ടെങ്കിൽ ക്യൂവിൽ നിൽക്കുക. ഇനിയൊരിക്കൽ പോകൂ. അവിടെ അടുത്തൊക്കെ കുറേയുണ്ട് കാണാൻ.

ശ്രീ ശ്രേയസ്സ് :) അവിടെ ധ്യാനത്തിനൊന്നും പറ്റുമെന്ന് തോന്നുന്നില്ല. റീഡിംഗ് റൂമൊന്നും കണ്ടില്ല. അവിടെ ഒരു ദിവസം കാണാനൊക്കെയേ ഉള്ളൂ. കൂടുതൽ ദിവസമുണ്ടെങ്കിൽ അടുത്തൊക്കെയുണ്ട് അമ്പലങ്ങളും മറ്റും. വി ഐ പി ക്യൂ കണ്ടില്ല. പക്ഷേ തിരക്കു കാണുമ്പോൾ ഉണ്ടാവാൻ സാദ്ധ്യതയുണ്ട്.

ബായൻ :) തോന്നലുകൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല. സന്തോഷ് ജോർജ്ജ് കുളങ്ങര പറയുന്നതുപോലെ ആയെന്ന് തോന്നുന്നെങ്കിൽ ആയിക്കാണും. ഞാൻ സഞ്ചാരം എന്ന പരിപാടി ടി. വി യിൽ വളരെക്കുറച്ചുതവണ മാത്രമേ കണ്ടിട്ടുള്ളൂ. അടുത്തൊന്നും കണ്ടിട്ടുമില്ല. പിന്നെ കൊച്ചുത്രേസ്യയെപ്പോലെ ആവാൻ എനിക്കാവുമോ? അങ്ങനെ ആവാത്തവരും ബൂലോകത്തിൽ അവരവർക്കറിയാവുന്നതുപോലെ എഴുതി ജീവിച്ചുപോയ്ക്കോട്ടെ ബായനേ. അതല്ലേ നല്ലത്?

Fri May 07, 08:33:00 pm IST  
Blogger ആര്‍ദ്ര ആസാദ് / Ardra Azad said...

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുമുന്‍പ്, നാസിക്കില്‍ ജോലിചെയ്യ്‌തിരുന്ന കാലത്ത് ഷിര്‍ദ്ദിയില്‍ പോയിട്ടുണ്ട്. ക്യൂ നിലക്കാനുള്ള ക്ഷമയും താല്‍‌പര്യവും ഇല്ലാത്തതിനാല്‍ ദര്‍ശന സൌഭാഗ്യം കിട്ടിയിരുന്നില്ല. യാത്രയിലെ പ്രകൃതിയും തക്കാളി തോട്ടങ്ങളുമൊക്കെയാണ് ഇന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നത്.

Sat May 08, 10:54:00 pm IST  
Blogger krishnakumar513 said...

വിശദമായ വിവരണത്തിനു നന്ദി..

Sun May 09, 10:48:00 am IST  
Blogger സു | Su said...

ആർദ്ര :) ഇനിയൊരിക്കൽ പറ്റുമെങ്കിൽ പോകാമല്ലോ.

കൃഷ്ണകുമാർ :)

ബ്ലോഗിൽ വന്നു നോക്കിയതിന് രണ്ടുപേർക്കും നന്ദി.

Sun May 09, 09:13:00 pm IST  
Blogger geethavappala said...

വളരെ നല്ല വിവരണം ... ബാബയുടെ അടുത്ത് പോയി നേരില്‍ കണ്ട അനുഭവം !!!!!!!!!!!

Mon May 17, 01:54:00 pm IST  
Blogger സു | Su said...

ഗീത :)

Thu May 20, 09:04:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home