വടക്കുംനാഥക്ഷേത്രദർശനം
അറിയിപ്പ്:-
താഴെയുള്ള ഭക്തിഗാനം/പദ്യം/പാട്ട് ഞാൻ എഴുതിയതല്ല. ചിറ്റമ്മയുടെ അമ്മയുടെ പാട്ടുപുസ്തകത്തിൽ അവർ ശേഖരിച്ച പാട്ടുകളിൽ ഒന്നാണ് ഇത്. ആരെഴുതിയതാണെന്ന് അതിൽ ഇല്ല. ആർക്കെങ്കിലും അറിയുമെങ്കിൽ പറഞ്ഞുതരുമല്ലോ. നല്ലൊരു കാര്യമായതുകൊണ്ട് എല്ലാവർക്കും വായിക്കാൻ ഇവിടെ ഇടാമെന്ന് കരുതി.
ശ്രീ വാസുദേവന്റെ പാദാംബുജം രണ്ടും
സേവിച്ചു മേവും കിളിക്കിടാവേ
നെല്ലുവായമ്പിന തമ്പുരാൻ തന്നുടെ
നല്ല കഥാമൃതം ചൊല്ലെന്നോട്
ഈരേഴുലകിനും വേരായ് മരുവുന്ന
നാരായണസ്വാമി കാത്തുകൊൾക
ഗോവിന്ദമാധവ നാരായണാനന്ദ
ശ്രീവാസുദേവ ജഗന്നിവാസ
എന്നുള്ള നാമങ്ങൾ നന്നായ് ജപിക്കണം
നന്നായ് വരും എന്നു പൈങ്കിളിയും
അപ്പോൾ കിളിമകൾ ത്വല്പാദസൽക്കഥ
കെല്പോടെ പാടിക്കളി തുടങ്ങി
തൃശ്ശിവപേരൂർ വടക്കുംനാഥൻ
തന്നുടെ തൃക്കാൽ വണങ്ങി വരുന്നു ഞാനും
തൃശ്ശിവപേരൂർ മതിലകത്തുള്ളോരു
ഈശ്വരന്മാരെ തൊഴുതുപോരാൻ
പാരം പരാധീനമുണ്ടെന്നറിഞ്ഞാലും
സാരമായുള്ള ക്രമത്തേ കേൾപ്പിൻ
ഏറ്റം ഗുണം പടിഞ്ഞാറേച്ചിറ തന്നിൽ
കാലത്തു ചെന്നു കുളിച്ചുകൊൾവിൻ
നല്ലൊരു ശുദ്ധി വരുത്തിക്കൊണ്ട്
നാരായണായെന്നു നാമം ജപിക്കണം
നേരായ വണ്ണം ഭവിക്കുമെന്നാൽ
ശ്രീമൂലസ്ഥാനം പ്രദക്ഷിണം വയ്ക്കണം
ശ്രീയ്ക്കും യശസ്സിനും സന്തതിയ്ക്കും
ആലിനോരേഴു വലം വച്ചു ഗോപുരം
ചാലേക്കടന്നങ്ങിടത്തു ഭാഗേ
അർജ്ജുനൻ തന്നുടെ വിൽക്കുഴിയിൽ
ചെന്നു കാലും മുഖവും കഴുകിക്കൊണ്ട്
ഗോശാല തന്നിലമർന്നരുളീടുന്ന
ഗോവിന്ദനെച്ചെന്നു വന്ദിക്കേണം
പിന്നെ ഋഷഭത്തു ചെന്നു ഋഷഭനെ
നന്നായ് നിരൂപിച്ചു കൂപ്പിക്കൊൾവിൻ
ഈശാനകോണിൽ പരശുരാമൻ തന്റെ
പാദം വണങ്ങി വലം വയ്ക്കേണം
സംഹാരമൂർത്തിയായ് പിന്നിൽ വസിക്കുന്ന
സിംഹോദരനെത്തൊഴുതുകൊൾവിൻ
നേരേ വടക്കോട്ടോരേഴുവലം വച്ചു
വാരണധീശനെ വന്ദിക്കേണം
തെക്കു കിഴക്കുള്ള മുക്കിൽ കിടക്കുന്ന
നൽക്കല്ലു തന്നിൽ കരേറി നിന്ന്
പൊന്നമ്പലത്തേയും രാമേശ്വരത്തേയും
നന്നായ് നിരൂപിച്ചു കൂപ്പിക്കൊൾവിൻ
തെക്കുള്ള ഗോപുരം തന്നിൽ കൊടുങ്ങല്ലൂർ
ശ്രീ ഭദ്രകാളിയെ വന്ദിക്കേണം
തെക്കുപടിഞ്ഞാറു മുക്കിൽ കിടക്കുന്ന
നൽക്കല്ലു തന്നിൽ കരേറി നിന്ന്
ഊരകത്തമ്മ തിരുവടിയെ പിന്നെ
കൂടൽമാണിക്യത്തെ കൂടെ കൂപ്പിൻ
അമ്പോടു താഴികകുംഭങ്ങൾ മൂന്നുമേ
കുമ്പിട്ടിറങ്ങി തൊഴുതുകൊണ്ട്
വ്യാസനെ ചിന്തിച്ചങ്ങമ്പത്തൊന്നക്ഷരം
വ്യാസശിലമേലെഴുതീടേണം
അയ്യപ്പനേയും തൊഴുതു പടിഞ്ഞാ-
ട്ടൊരഞ്ചെട്ടു പത്തടി പോന്നശേഷം
നേരെ വലത്തുഭാഗത്തു മുളച്ചുള്ള
പുഷ്പം പറിച്ചങ്ങു ചൂടിക്കൊണ്ട്
ശംഖുപുഷ്പങ്ങളെ വന്ദിച്ചുടൻ പിന്നെ-
ശങ്കരൻ തന്റെ നടയിൽക്കൂടി
വാമഭാഗത്തുള്ള ചിത്രം വണങ്ങീട്ടു
ഭൂമീശ്വരന്മാരെ വന്ദിക്കേണം
നീലകണ്ഠൻ തന്റെ രൂപത്തെ ധ്യാനിച്ചു
ചുറ്റിനകത്തു കടന്നുകൊണ്ട്
മണ്ഡപം തന്നിൽ വസിക്കുന്ന വിപ്രരെ
വന്ദിച്ചു വന്ദനം ചെയ്തീടേണം
മണ്ഡപത്തിന്റെ ഇടത്തുഭാഗേചെന്നു
ചണ്ഡികാനൃത്തത്തെ വന്ദിക്കേണം
ശങ്ക വെടിഞ്ഞു വടക്കുംനാഥൻ തന്റെ
പാദാബ്ജം രണ്ടുമേ കൂപ്പിക്കൊൾക
മണ്ഡപത്തിന്റെ വലത്തുഭാഗേ ചെന്നു
വാരണാമീശനെ വന്ദിക്കേണം
പിന്നെ ഭഗവതി പിന്നെ ഗണപതി
പിന്നെ ഗണപതി പിന്നെ ഭഗവതി
പിന്നെ ക്രമേണ വടക്കുംനാഥൻ
പിന്നെ ഗണപതി പിന്നെ നടുവിലും
പിന്നെയും തെക്കും നടുവിലും കേൾ
പിന്നെ ഗണപതി പിന്നെ ഭഗവതി
പിന്നെ ക്രമേണ വടക്കും നാഥൻ
അമ്പിളിയും നല്ല തുമ്പയണിയുന്ന
തമ്പുരാനെന്റെ വടക്കുംനാഥ
മംഗല്യം ഇല്ലാത്ത മങ്കമാർക്കൊക്കെയും
മംഗല്യം നൽകും വടക്കും നാഥാ
ഇല്ലവും ചെല്ലവും നെല്ലും പണങ്ങളും
എല്ലാം വളർത്തും വടക്കുംനാഥാ
നിന്നിരുപ്പാദങ്ങൾ സേവിപ്പവർക്കുള്ള
സന്താപമൊക്കെയകറ്റും നാഥാ
എന്നുടെ കഷ്ടകാലങ്ങളകറ്റിക്കൊ-
ണ്ടെന്നെയനുഗ്രഹിക്കേണം നാഥാ
ശങ്കരശ്രീകണ്ഠ പന്നഗഭൂഷണ
നിന്തിരുപ്പാദങ്ങൾ വന്ദിക്കുന്നേൻ.
Labels: ഭക്തി
6 Comments:
KEERTHANAM KOLLAM....
മൈത്രേയി :)
സു
ഇത് ഗുരുവായൂര്‍ നിന്നും കിട്ടുന്ന സ്തോത്രമാല അഥവാ ഈശ്വരഭജനം എന്ന പുസ്തകത്തിലുണ്ട്. സമ്പാദകന്‍ എസ് കൃഷ്ണമണി അയ്യര്‍ എന്നാണ് പേര് എഴുതിയിരിക്കുന്നത്. പ്രസാധകര്‍ ശാന്തബുക്ക് stall , ഗുരുവായൂര്‍ ആണ്. എഴുതിയത് ആരാണെന്ന് അറിയില്ല.
ജ്യോതി :) നന്ദി. ആ പുസ്തകം ഇവിടെയില്ല. തെറ്റ് എന്തെങ്കിലും ഉണ്ടോയെന്ന് നോക്കിയാൽ നന്നായിരിക്കും.
തൃശ്ശിവപേരൂർ വടക്കുംനാഥൻ
തന്നുടെ തൃക്കാൽ വണങ്ങി വരുന്നു ഞാനും
iviTe vaTakkum naathhan thante
thr^kkaaal ennaayirunnirikkaNam allE?
പണിക്കർ ജീ :) അറിയില്ല. അങ്ങനെയാണോ?
Post a Comment
Subscribe to Post Comments [Atom]
<< Home