പുഴപോലെ ജീവിതം
തപ്പിത്തടഞ്ഞ് വഴിയറിയാതെ
ഒരുനിമിഷമെങ്കിലും ചിലപ്പോൾ.
വഴി കണ്ടെത്തി കുതിച്ചുപാഞ്ഞ്
ക്ഷീണമോർക്കാൻ പോലും നേരമില്ലാതെ.
പാറക്കെട്ടുകളിൽ തലയിടിച്ച്
ബോധമില്ലാതെ അല്പനേരം.
തിരക്കിനിടയിലും പരുപരുത്ത കല്ലുകളെ
മിനുസമാക്കി പുഞ്ചിരി പുതപ്പിക്കുന്ന നേരങ്ങൾ.
ആരെങ്കിലും ഉപേക്ഷിക്കുന്ന ചപ്പുചവറുകൾ
വലിച്ചിഴച്ച്, അലിയിപ്പിച്ച്, ചിലനേരം.
തന്നെക്കുറിച്ചോർക്കാൻ കിട്ടാത്ത
സമയങ്ങളൊരുപാട്.
വെറും ഒഴുക്കുമാത്രം.
എന്നിട്ടും ചിലർ പറയും,
പുഴയ്ക്കെന്താ,
ഒരുവഴിയിലൂടെ,
ഒന്നുമറിയാതെ
ഒഴുകിയാല്പ്പോരേ,
കടലിൽച്ചെന്നുപതിച്ചാല്പ്പോരേ?
ജീവിതം പുഴപോലെയായിരിക്കും.
മരണക്കടലിൽ പതിക്കുന്ന സമയമറിയാതെ
ഒഴുകാൻ വിധിക്കപ്പെട്ട പുഴ.
തടസ്സങ്ങളിൽ വഴിമുട്ടിയിട്ടും,
സ്വയം വഴിതെളിക്കേണ്ടിവന്നിട്ടും,
ദുഃഖങ്ങളിൽ വീണുരുണ്ടിട്ടും,
അവഗണനക്കയ്പ്പ് വിഴുങ്ങേണ്ടി വന്നിട്ടും,
കുത്തുവാക്കിന്റെ കല്ലുകൊണ്ട് നൊന്തിട്ടും,
പുഞ്ചിരിപ്പൂവുകളുടെ മഴ സ്വപ്നംകണ്ട്
ഒഴുകിയൊഴുകിക്കൊണ്ടിരിക്കുന്ന പുഴ.
Labels: എനിക്കു തോന്നിയത്
5 Comments:
പുഴയുടെ ധര്മ്മസങ്കടങ്ങള്
:-)
വളരെ വളരെ ഇഷ്ടമായി ഈ കവിത..:)
ഉപാസന :) പുഴയ്ക്കും സങ്കടങ്ങൾ ഉണ്ടാവുമല്ലോ.
ആത്മേച്ചീ :) നന്ദി. (കവിത എന്നൊക്കെപ്പറയണോ?)
പുഴ ഓടുകയാണു്.
തന്നിലേക്കു കൂലംകുത്തിയൊഴുകുന്ന കിന്നരിച്ചോലകളെ തിരിച്ചറിയാതെ,
മദം പൊട്ടിയാർത്തുവരുന്ന മലവെള്ളപ്പാച്ചിലറിയാതെ,
അരികുകളിൽ വിരിഞ്ഞുണർന്നുകൊഴിഞ്ഞുപോവുന്ന വസന്തങ്ങളറിയാതെ,
മുങ്ങാംകുഴിയിടാൻ പാഞ്ഞുവരുന്ന കുട്ടിക്കുറുമ്പന്മാരെ കാണാതെ,
കാതിലോലയും നല്ലതാളിയും
അലയിളക്കുന്നതു കേൾക്കാതെ,
അവൾ ഓടിപ്പൊയ്ക്കൊണ്ടിരിക്കുകയാണു്.
അവൾക്കെന്താ,
ഒരു മാത്ര നിന്നുകൂടേ?
തന്നിലേക്കൂറുന്ന, തന്നിലേയ്ക്കുറയുന്ന, തന്നിലെത്തനിമയെത്താരാട്ടുപാടുന്ന,
ഈ താഴ്വരകളെ
ഒന്നു തിരിഞ്ഞെങ്കിലും നോക്കികൂടേ?
വിശ്വം ജീ :) പുഴയ്ക്ക് ഓടിയേ തീരൂ. പുഴയെക്കാത്തിരിക്കുന്ന തീരങ്ങളുണ്ടാവും, ഉണരാൻ കാത്തിരിക്കുന്ന വരണ്ട ഭൂമിയുണ്ടാവും, അലിഞ്ഞുചേർന്നില്ലാതാവാൻ കാത്തിരിക്കുന്ന അഴുക്കുകളുണ്ടാവും, മുഖം മാറ്റാൻ കൊതിക്കുന്ന പരുക്കൻ കല്ലുകളുണ്ടാവും. അവയൊക്കെയും എന്തു ചെയ്യും? അവയൊക്കെ എന്തെങ്കിലുമാവട്ടെയെന്നുവെച്ചാൽത്തന്നെ, പുഴയെക്കാത്തിരിക്കുന്ന കടലെന്തുചെയ്യും! പുഴയ്ക്ക് നിൽക്കാനും, ശ്രദ്ധിക്കാനും, കാതോർക്കാനും നേരമുണ്ടാവില്ല. പാവം പാവം പുഴ!
Post a Comment
Subscribe to Post Comments [Atom]
<< Home