Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, May 26, 2010

ചില്ലറക്കാര്യങ്ങൾ

അടുത്തകാലത്ത്, അച്ചാച്ഛന്റെ ഡയറി കണ്ടു. അച്ഛന്റെ അച്ഛൻ. ഞാൻ വളരെച്ചെറുതായിരിക്കുമ്പോൾത്തന്നെ ഞങ്ങളെ വിട്ടുപോയതാണ്. ഡയറിയെന്നു പറഞ്ഞാൽ രണ്ടു പുസ്തകങ്ങൾ. അതിൽ എല്ലാദിവസത്തേയും കാര്യങ്ങൾ കൃത്യമായി എഴുതിവച്ചിട്ടുണ്ട്. 1950- ന്റെ അവസാനങ്ങളിലെ ഡയറിക്കുറിപ്പുകൾ. ഇപ്പോ വായിക്കാൻ പറ്റി. പോയതും വന്നതും ചെലവാക്കിയതും ഒക്കെയുണ്ട്. അറിയാത്ത കുറേ കാര്യങ്ങൾ.

ഷിർദ്ദിയിൽ പോയിവന്ന വിശേഷങ്ങളെഴുതാൻ തുടങ്ങിയപ്പോൾ, ഡയറിയിലെ പേജിൽ സ്ഥലം പോര. ബാക്കി, കുറച്ച്, ബ്ലോഗിൽ ഉണ്ട് എന്നെഴുതിയാലോന്നോർത്തു. ആരെങ്കിലും കുറേക്കാലം കഴിഞ്ഞ് വായിക്കുമ്പോൾ അവർക്ക് ഇതൊക്കെ അറിയുമ്പോൾ സന്തോഷം തോന്നുമോയെന്തോ! അതോ ഈ മുത്തശ്ശി എന്തൊക്കെയാണ് എഴുതിക്കൂട്ടിയിരിക്കുന്നതെന്നു തോന്നുമോ! ഡയറിയെഴുത്ത് നല്ലൊരു കാര്യമാണ്. കുറേ വയസ്സാവുമ്പോൾ, വെറുതേയിരിക്കുമ്പോൾ വായിച്ചുനോക്കാമല്ലോ.

കഴിഞ്ഞൊരുദിവസം ടൗണിൽ പോയി തിരിച്ചുവന്നത് ബസ്സിലാണ്. കൈയിൽ ഭാരം ഒന്നും ഉണ്ടായിരുന്നില്ല. ഒരു ബസ്‌സ്റ്റോപ്പ്എത്തിയപ്പോൾ, ഒരു സീറ്റ് ഒഴിഞ്ഞു. സാധാരണയാണെങ്കിൽ, ഒളിമ്പിക്സിൽ മത്സരിക്കുന്നതുപോലെ, അതിലേക്കൊരു ചാട്ടമാണ്. ഇത്തവണ അങ്ങനെ ചെയ്തില്ല. എന്റടുത്ത് കുറേ കോളേജ്കുമാരികൾ നിൽക്കുന്നുണ്ടായിരുന്നു. അതിലൊരാളോട്, സീറ്റതാ, ഒഴിഞ്ഞിട്ട്, ഇരുന്നോ എന്നു പറഞ്ഞു. അപ്പോ അവൾ വിനയന്റെ മകൾ വിനയിനിയായി, ചേച്ചി ഇരിക്ക് എന്നു പറഞ്ഞു. എന്നെയങ്ങനെ ഇരുത്താൻ നോക്കണ്ട നീയിരുന്നോ എന്ന ഭാവത്തിൽ, കുട്ടി ഇരുന്നോളൂന്ന് പറഞ്ഞു. അധികം നിർബ്ബന്ധിച്ചാൽ സീറ്റ് മൂന്നാമതൊരാൾ കൊണ്ടുപോകും എന്നുവിചാരിച്ച് കൂട്ടുകാരികളോടൊക്കെ അനുവാദം ചോദിച്ച് അവൾ ഇരുന്നു. വീട്ടിൽ വന്ന് ഭക്ഷണമൊക്കെക്കഴിഞ്ഞ് ഒരു മാസികയെടുത്ത് വായന തുടങ്ങി. അതിൽ 31 നല്ല കാര്യങ്ങൾ ചെയ്യാനുള്ളതിൽ പറഞ്ഞിട്ടുണ്ട്, ട്രെയിനിലെയോ, ബസ്സിലെയോ സീറ്റ് വിട്ടുകൊടുക്കണം എന്ന്! അതുകണ്ട് ചിരിച്ചപ്പോൾ ചേട്ടൻ ചോദിച്ചു, എന്തു തമാശയാണ് വായിച്ചതെന്ന്! അതു ചിലപ്പോ ആദ്യം വായിച്ചിരുന്നെങ്കിൽ, ഞാൻ സീറ്റ് വിട്ടുകൊടുക്കില്ലായിരുന്നു. ആ പുസ്തകം അവളും വായിച്ചിട്ടുണ്ടാവും എന്നുവിചാരിച്ച്, അവൾക്കും കൃതാർത്ഥയാവാൻ ഒരു അവസരം കൊടുത്തേനേ.

മരുമക്കളും പേരക്കുട്ടികളുമൊക്കെ വെക്കേഷന് അമ്മ/മുത്തശ്ശിവീട്ടിൽ പോയതുകൊണ്ട് തനിച്ചായ ഒരു അമ്മൂമ്മയുടെ അടുത്ത് പോയിരുന്ന് അവരെ കുറേനേരം വധിച്ചു. അവരുടെ അടുത്തിരുന്ന് കുറച്ചുനേരം മിണ്ടിയപ്പോൾ എന്തോ കൂടുതൽ സന്തോഷം തോന്നി. അവരും നല്ലതേ വിചാരിച്ചിട്ടുണ്ടാവൂ. ഞാൻ എപ്പഴും അങ്ങനെ ചെയ്യുകയൊന്നുമില്ല. തോന്നണം. ഇടയ്ക്കു തോന്നും. ചെറിയ ചെറിയ കാര്യങ്ങളേ അപ്പോ പറയാനുണ്ടാവൂ. വെയിൽ, മഴ, ചൂട്, റോഡിലെ തിരക്ക്, പച്ചക്കറിയുടെ വില, തുടങ്ങിയവ. അവരുടെ മരുമക്കളും, എന്റെ കൂട്ടുകാരികളും ആയവരെയാണ് മിണ്ടാൻ കിട്ടുന്നതെങ്കിൽ സിനിമയെക്കുറിച്ചും, വസ്ത്രങ്ങളെക്കുറിച്ചും, കുട്ടികളുടെ കാര്യങ്ങളെക്കുറിച്ചും, കുറച്ചുകൂടെ കാര്യങ്ങൾ ഒക്കെയും പറയും.

മുഖ്ബീർ എന്നൊരു പടം കണ്ടു. ടി.വിയിൽ. സുനിൽ ഷെട്ടി, ഓം‌പുരി ഒക്കെയാണ്. നായകൻ ഒരു പയ്യനാണ്. ഒരു കേസിൽ പോലീസ് അവനെ പിടിക്കുന്നതും, അവനെ വിവരങ്ങൾ ചോർത്താനായിട്ട്(ഇൻഫോർമർ) ഓരോ സ്ഥലത്ത് വിടുന്നതും ഒക്കെയാണ്. ഓം‌പുരിയും സുനിൽ ഷെട്ടിയുമൊക്കെ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ മരിക്കുകയാണ്. ശരിക്കും അവനെ രക്ഷിക്കുകയാണു അവർ. ഒടുവിൽ ഭീകരവാദികൾ നടത്താൻ തീരുമാനിക്കുന്ന രാജ്യദ്രോഹകരമായ പദ്ധതികൾ, അവരുടെ കൂടെ താമസിച്ച് അറിയുന്ന അവൻ പൊളിക്കുന്നു. അങ്ങനെയൊക്കെയാണ് കഥ. കുറച്ചൊരു ഭീകരതയുണ്ടെങ്കിലും എനിക്കിഷ്ടപ്പെട്ടു.

തുന്നൽ(തയ്യൽ) മെഷീൻ തുടച്ചുമിനുക്കിവെച്ചു. കുറേ വർഷങ്ങൾക്കുമുമ്പ് വാങ്ങിയതാണ്. തയ്യൽ പഠിച്ചു. പക്ഷേ, സാരിയുടെ, സെറ്റിന്റെ, മുണ്ടിന്റെ വക്കൊക്കെ അടിക്കുക, കുപ്പായങ്ങളൊക്കെ രണ്ട് സ്റ്റിച്ച് ഇടുക, ഇതൊക്കെയേ ഉള്ളൂ. മെഷീൻ എംബ്രോയിഡറിയും പഠിച്ചിട്ടുണ്ട്. അതിൽ എംബ്രോയിഡറിയും ചെയ്യാം. അത് തുടച്ചുമിനുക്കുന്നത് ആലോചിച്ച് അതിൽ ചെയ്യുന്നതിലും വേഗം കൈകൊണ്ട് ചെയ്യാമല്ലോന്ന് വിചാരിക്കും. എന്തെങ്കിലും തയ്ക്കാൻ വിചാരിക്കുമ്പോഴാണ് വൃത്തിയാക്കൽ പരിപാടി നടത്തുന്നത്. കൂട്ടുകാരൊക്കെ വരുമ്പോൾ ചോദിക്കും, എടുക്കാറില്ലേ, തയ്ക്കാറില്ലേന്നോക്കെ. അപ്പോ, മടിച്ചിക്കോതേന്ന് കേൾക്കുന്നൊരു തോന്നൽ. അതുകൊണ്ട് തുടച്ചുമിനുക്കിയിട്ടു, ഇനി ആരുവന്നാലും, ദിവസവും തയ്ക്കുന്നുണ്ടെന്ന് വിചാരിച്ചോളും. എങ്ങനെയുണ്ട് എന്റെ ഐഡിയ? എന്നാലും അതങ്ങനെ മിനുങ്ങിക്കിടക്കുമ്പോൾ ഒരു സംതൃപ്തിയുണ്ട്.

ഒരു കൂട്ടുകാരി, അവരുടെ തോട്ടത്തിലുണ്ടായ കായ കുറേ കൊടുത്തുവിട്ടു. ഇനിയിപ്പോ ദിവസവും കായക്കൂട്ടാൻ, കായച്ചോറ്, കായുപ്പേരി, ഒക്കെയാവാനുള്ള സ്ഥിതിവിശേഷമാണ്. ഒരു കുല മുഴുവൻ വേണോന്ന് ഫോണിൽ ചോദിച്ചപ്പോൾ ഞാനൊന്ന് ഞെട്ടി. “എന്റമ്മോ, വേണ്ടേ വേണ്ട, കുറച്ചുമതി” എന്നു പറഞ്ഞു. ചിപ്സ് ഉണ്ടാക്കാൻ തോന്നിയാലുണ്ടാക്കും. എനിക്കങ്ങനെയൊരു തോട്ടമില്ലല്ലോന്നോർത്ത് നിരാശപ്പെട്ടില്ല. ഉണ്ടെങ്കിൽ കുറച്ചുകൂടെ സന്തോഷിച്ചേനെ, അത്രമാത്രം. അങ്ങനെ എല്ലാവർക്കും സ്വന്തമായൊരു തോട്ടം ഉണ്ടെങ്കിൽ എന്തു നല്ലതായേനെ! ഫേസ്ബുക്കിലെ തോട്ടമല്ല. അതുണ്ടെങ്കിൽ സമയം കളയാം എന്നുമാത്രം. ശരിക്കുള്ള തോട്ടം വേണം. ഒരാൾക്ക് കായത്തോട്ടം, ഒരാൾക്ക് വെണ്ടയ്ക്കത്തോട്ടം, തക്കാളിത്തോട്ടം, ചീരത്തോട്ടം...അങ്ങനെ പോകും. അങ്ങനെയാണെങ്കിൽ ബാർട്ടർ സമ്പ്രദായം വീണ്ടും നിലവിൽ വരും. സ്വപ്നം കാണാൻ ചെലവില്ലെന്നു വിചാരിച്ച്, എന്തും ആവാമെന്നുണ്ടോ? അതിനും ഇല്ലേ ഒരു പരിധി. അതുകൊണ്ട് നിർത്തിയേക്കാം.

Labels:

7 Comments:

Blogger ആത്മ said...

സൂവേ,
എന്നെ വ്യാമോഹിപ്പിച്ചിട്ട്‌ ഇവിടെ വന്നിരുന്ന് സ്വപ്നം കാണുകയായിരുന്നു അല്ലേ!:)
സൂവിന്റെ സ്വപ്നങ്ങളും ജീവിതവും ഒക്കെ ബ്ലോഗുപോലെ തന്നെ മനോഹരം..

Thu May 27, 08:25:00 AM IST  
Blogger krishnakumar513 said...

ചില്ലറക്കാര്യങ്ങള്‍ ചേതോഹരമായി......

Thu May 27, 09:33:00 AM IST  
Blogger വല്യമ്മായി said...

വയസ്സായവരുടെ കൂടെ ചെലവഴിക്കാന്‍ കഴിയുന്ന അവസരങ്ങള്‍ കളയരുത്,അവര്‍ക്ക് നല്‍കുന്ന സന്തോഷം വളരെ വലുതാണ്.

ഞങ്ങളിന്നലെ തൂവാനത്തുമ്പികള്‍ കണ്ടു,പണ്ട് കണ്ടതിനെക്കാളുമേറെ ആസ്വദിക്കാന്‍ പറ്റി.

സ്വയം പര്യാപ്തമായ ഗ്രാമങ്ങളെ പറ്റി ഗാന്ധിജിയുടെ സ്വപ്നവും എതാണ്ടിത് പോലെ തന്നെ ആയിരുന്നു,കുറച്ചെങ്കിലും നടപ്പില്‍ വരുത്താന്‍ കഴിഞ്ഞാല്‍ അത്രയും നന്ന്.

Thu May 27, 12:50:00 PM IST  
Blogger കൂതറHashimܓ said...

തുടക്കത്തില്‍ ഒന്നും മനസ്സിലായില്ലാ, പിന്നെ പയ്യെ പയ്യെ മനസ്സിലായി
അവസാന പാരഗ്രാഫ് ഇഷ്ട്ടായി

Thu May 27, 02:54:00 PM IST  
Blogger സു | Su said...

ആത്മേച്ചീ :) ആത്മേച്ചിയ്ക്ക് ഞാൻ ബാഗ് തരാംന്ന് പറഞ്ഞപ്പോ, ആത്മേച്ചി തെറ്റിദ്ധരിച്ചു. ഹും...വാങ്ങിയിട്ട് വേണ്ടാതായത് അടിച്ചേല്‍പ്പിക്കുന്നു എന്നുവിചാരിച്ചു. പക്ഷെ, ഞാൻ ശരിക്കും തരാംന്ന് ഉദ്ദേശിച്ചു. വാങ്ങിയിട്ട് വലുതായതുകൊണ്ടൊന്നുമല്ല. നോക്കീട്ടല്ലേ വാങ്ങുന്നത്! അതുകൊണ്ട് ഞാനെന്റെ ഓഫർ പിൻ‌വലിച്ചു. അത്രേ ഉള്ളൂ. ഇനിയും തരാംന്ന് പറയാം വേണമെങ്കിൽ.


കൃഷ്ണകുമാർ :) നന്ദി.

വല്യമ്മായി :) വയസ്സായവരൊക്കെ പ്രതീക്ഷിക്കുന്നതും അതാവും. വെറുതേയിരിക്കുമ്പോൾ മിണ്ടലും കേൾക്കലുമൊക്കെ. എല്ലായ്പ്പോഴും, എല്ലാരുടെ അടുത്തും ചെന്നിരിക്കാൻ പറ്റില്ലെങ്കിലും ഇടയ്ക്ക് പറ്റുമല്ലോ. സ്വപ്നങ്ങൾ നടപ്പിലാവാൻ പ്രയാസം തന്നെയെന്ന് തോന്നുന്നു.

ഹാഷിം :) നന്ദി.

Thu May 27, 07:27:00 PM IST  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

ചില്ലറക്കാര്യങ്ങള്‍ക്കായി ചിലവഴിച്ചു ഞാനും വെക്കേഷന്‍....
ഇതു വായിച്ചപ്പോള്‍ സന്തോഷം കൂടി

തോട്ടമൊന്നുമില്ലെങ്കിലും അത്യാവശ്യത്തിനു വെണ്ടക്ക, ചീര, പപ്പായ, മുരിങ്ങ.. പിന്നെ ചുരുക്കം ചില പൂച്ചെടികളും ... വെച്ചുപിടിപ്പിക്കാനും പറ്റി...

Mon May 31, 08:47:00 PM IST  
Blogger സു | Su said...

ജ്യോതീ :) നല്ലത്. ഇപ്പോൾ എനിക്കൊരു അടുക്കളത്തോട്ടമില്ല. വെറുതെ വച്ചിട്ട് എവിടെയെങ്കിലും പോകുമ്പോൾ ചെടികളെയൊക്കെ കൊല്ലേണ്ടല്ലോന്ന് വെച്ചിട്ടാണ്.

Mon Jun 07, 08:40:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home