Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, May 26, 2010

ചില്ലറക്കാര്യങ്ങൾ

അടുത്തകാലത്ത്, അച്ചാച്ഛന്റെ ഡയറി കണ്ടു. അച്ഛന്റെ അച്ഛൻ. ഞാൻ വളരെച്ചെറുതായിരിക്കുമ്പോൾത്തന്നെ ഞങ്ങളെ വിട്ടുപോയതാണ്. ഡയറിയെന്നു പറഞ്ഞാൽ രണ്ടു പുസ്തകങ്ങൾ. അതിൽ എല്ലാദിവസത്തേയും കാര്യങ്ങൾ കൃത്യമായി എഴുതിവച്ചിട്ടുണ്ട്. 1950- ന്റെ അവസാനങ്ങളിലെ ഡയറിക്കുറിപ്പുകൾ. ഇപ്പോ വായിക്കാൻ പറ്റി. പോയതും വന്നതും ചെലവാക്കിയതും ഒക്കെയുണ്ട്. അറിയാത്ത കുറേ കാര്യങ്ങൾ.

ഷിർദ്ദിയിൽ പോയിവന്ന വിശേഷങ്ങളെഴുതാൻ തുടങ്ങിയപ്പോൾ, ഡയറിയിലെ പേജിൽ സ്ഥലം പോര. ബാക്കി, കുറച്ച്, ബ്ലോഗിൽ ഉണ്ട് എന്നെഴുതിയാലോന്നോർത്തു. ആരെങ്കിലും കുറേക്കാലം കഴിഞ്ഞ് വായിക്കുമ്പോൾ അവർക്ക് ഇതൊക്കെ അറിയുമ്പോൾ സന്തോഷം തോന്നുമോയെന്തോ! അതോ ഈ മുത്തശ്ശി എന്തൊക്കെയാണ് എഴുതിക്കൂട്ടിയിരിക്കുന്നതെന്നു തോന്നുമോ! ഡയറിയെഴുത്ത് നല്ലൊരു കാര്യമാണ്. കുറേ വയസ്സാവുമ്പോൾ, വെറുതേയിരിക്കുമ്പോൾ വായിച്ചുനോക്കാമല്ലോ.

കഴിഞ്ഞൊരുദിവസം ടൗണിൽ പോയി തിരിച്ചുവന്നത് ബസ്സിലാണ്. കൈയിൽ ഭാരം ഒന്നും ഉണ്ടായിരുന്നില്ല. ഒരു ബസ്‌സ്റ്റോപ്പ്എത്തിയപ്പോൾ, ഒരു സീറ്റ് ഒഴിഞ്ഞു. സാധാരണയാണെങ്കിൽ, ഒളിമ്പിക്സിൽ മത്സരിക്കുന്നതുപോലെ, അതിലേക്കൊരു ചാട്ടമാണ്. ഇത്തവണ അങ്ങനെ ചെയ്തില്ല. എന്റടുത്ത് കുറേ കോളേജ്കുമാരികൾ നിൽക്കുന്നുണ്ടായിരുന്നു. അതിലൊരാളോട്, സീറ്റതാ, ഒഴിഞ്ഞിട്ട്, ഇരുന്നോ എന്നു പറഞ്ഞു. അപ്പോ അവൾ വിനയന്റെ മകൾ വിനയിനിയായി, ചേച്ചി ഇരിക്ക് എന്നു പറഞ്ഞു. എന്നെയങ്ങനെ ഇരുത്താൻ നോക്കണ്ട നീയിരുന്നോ എന്ന ഭാവത്തിൽ, കുട്ടി ഇരുന്നോളൂന്ന് പറഞ്ഞു. അധികം നിർബ്ബന്ധിച്ചാൽ സീറ്റ് മൂന്നാമതൊരാൾ കൊണ്ടുപോകും എന്നുവിചാരിച്ച് കൂട്ടുകാരികളോടൊക്കെ അനുവാദം ചോദിച്ച് അവൾ ഇരുന്നു. വീട്ടിൽ വന്ന് ഭക്ഷണമൊക്കെക്കഴിഞ്ഞ് ഒരു മാസികയെടുത്ത് വായന തുടങ്ങി. അതിൽ 31 നല്ല കാര്യങ്ങൾ ചെയ്യാനുള്ളതിൽ പറഞ്ഞിട്ടുണ്ട്, ട്രെയിനിലെയോ, ബസ്സിലെയോ സീറ്റ് വിട്ടുകൊടുക്കണം എന്ന്! അതുകണ്ട് ചിരിച്ചപ്പോൾ ചേട്ടൻ ചോദിച്ചു, എന്തു തമാശയാണ് വായിച്ചതെന്ന്! അതു ചിലപ്പോ ആദ്യം വായിച്ചിരുന്നെങ്കിൽ, ഞാൻ സീറ്റ് വിട്ടുകൊടുക്കില്ലായിരുന്നു. ആ പുസ്തകം അവളും വായിച്ചിട്ടുണ്ടാവും എന്നുവിചാരിച്ച്, അവൾക്കും കൃതാർത്ഥയാവാൻ ഒരു അവസരം കൊടുത്തേനേ.

മരുമക്കളും പേരക്കുട്ടികളുമൊക്കെ വെക്കേഷന് അമ്മ/മുത്തശ്ശിവീട്ടിൽ പോയതുകൊണ്ട് തനിച്ചായ ഒരു അമ്മൂമ്മയുടെ അടുത്ത് പോയിരുന്ന് അവരെ കുറേനേരം വധിച്ചു. അവരുടെ അടുത്തിരുന്ന് കുറച്ചുനേരം മിണ്ടിയപ്പോൾ എന്തോ കൂടുതൽ സന്തോഷം തോന്നി. അവരും നല്ലതേ വിചാരിച്ചിട്ടുണ്ടാവൂ. ഞാൻ എപ്പഴും അങ്ങനെ ചെയ്യുകയൊന്നുമില്ല. തോന്നണം. ഇടയ്ക്കു തോന്നും. ചെറിയ ചെറിയ കാര്യങ്ങളേ അപ്പോ പറയാനുണ്ടാവൂ. വെയിൽ, മഴ, ചൂട്, റോഡിലെ തിരക്ക്, പച്ചക്കറിയുടെ വില, തുടങ്ങിയവ. അവരുടെ മരുമക്കളും, എന്റെ കൂട്ടുകാരികളും ആയവരെയാണ് മിണ്ടാൻ കിട്ടുന്നതെങ്കിൽ സിനിമയെക്കുറിച്ചും, വസ്ത്രങ്ങളെക്കുറിച്ചും, കുട്ടികളുടെ കാര്യങ്ങളെക്കുറിച്ചും, കുറച്ചുകൂടെ കാര്യങ്ങൾ ഒക്കെയും പറയും.

മുഖ്ബീർ എന്നൊരു പടം കണ്ടു. ടി.വിയിൽ. സുനിൽ ഷെട്ടി, ഓം‌പുരി ഒക്കെയാണ്. നായകൻ ഒരു പയ്യനാണ്. ഒരു കേസിൽ പോലീസ് അവനെ പിടിക്കുന്നതും, അവനെ വിവരങ്ങൾ ചോർത്താനായിട്ട്(ഇൻഫോർമർ) ഓരോ സ്ഥലത്ത് വിടുന്നതും ഒക്കെയാണ്. ഓം‌പുരിയും സുനിൽ ഷെട്ടിയുമൊക്കെ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ മരിക്കുകയാണ്. ശരിക്കും അവനെ രക്ഷിക്കുകയാണു അവർ. ഒടുവിൽ ഭീകരവാദികൾ നടത്താൻ തീരുമാനിക്കുന്ന രാജ്യദ്രോഹകരമായ പദ്ധതികൾ, അവരുടെ കൂടെ താമസിച്ച് അറിയുന്ന അവൻ പൊളിക്കുന്നു. അങ്ങനെയൊക്കെയാണ് കഥ. കുറച്ചൊരു ഭീകരതയുണ്ടെങ്കിലും എനിക്കിഷ്ടപ്പെട്ടു.

തുന്നൽ(തയ്യൽ) മെഷീൻ തുടച്ചുമിനുക്കിവെച്ചു. കുറേ വർഷങ്ങൾക്കുമുമ്പ് വാങ്ങിയതാണ്. തയ്യൽ പഠിച്ചു. പക്ഷേ, സാരിയുടെ, സെറ്റിന്റെ, മുണ്ടിന്റെ വക്കൊക്കെ അടിക്കുക, കുപ്പായങ്ങളൊക്കെ രണ്ട് സ്റ്റിച്ച് ഇടുക, ഇതൊക്കെയേ ഉള്ളൂ. മെഷീൻ എംബ്രോയിഡറിയും പഠിച്ചിട്ടുണ്ട്. അതിൽ എംബ്രോയിഡറിയും ചെയ്യാം. അത് തുടച്ചുമിനുക്കുന്നത് ആലോചിച്ച് അതിൽ ചെയ്യുന്നതിലും വേഗം കൈകൊണ്ട് ചെയ്യാമല്ലോന്ന് വിചാരിക്കും. എന്തെങ്കിലും തയ്ക്കാൻ വിചാരിക്കുമ്പോഴാണ് വൃത്തിയാക്കൽ പരിപാടി നടത്തുന്നത്. കൂട്ടുകാരൊക്കെ വരുമ്പോൾ ചോദിക്കും, എടുക്കാറില്ലേ, തയ്ക്കാറില്ലേന്നോക്കെ. അപ്പോ, മടിച്ചിക്കോതേന്ന് കേൾക്കുന്നൊരു തോന്നൽ. അതുകൊണ്ട് തുടച്ചുമിനുക്കിയിട്ടു, ഇനി ആരുവന്നാലും, ദിവസവും തയ്ക്കുന്നുണ്ടെന്ന് വിചാരിച്ചോളും. എങ്ങനെയുണ്ട് എന്റെ ഐഡിയ? എന്നാലും അതങ്ങനെ മിനുങ്ങിക്കിടക്കുമ്പോൾ ഒരു സംതൃപ്തിയുണ്ട്.

ഒരു കൂട്ടുകാരി, അവരുടെ തോട്ടത്തിലുണ്ടായ കായ കുറേ കൊടുത്തുവിട്ടു. ഇനിയിപ്പോ ദിവസവും കായക്കൂട്ടാൻ, കായച്ചോറ്, കായുപ്പേരി, ഒക്കെയാവാനുള്ള സ്ഥിതിവിശേഷമാണ്. ഒരു കുല മുഴുവൻ വേണോന്ന് ഫോണിൽ ചോദിച്ചപ്പോൾ ഞാനൊന്ന് ഞെട്ടി. “എന്റമ്മോ, വേണ്ടേ വേണ്ട, കുറച്ചുമതി” എന്നു പറഞ്ഞു. ചിപ്സ് ഉണ്ടാക്കാൻ തോന്നിയാലുണ്ടാക്കും. എനിക്കങ്ങനെയൊരു തോട്ടമില്ലല്ലോന്നോർത്ത് നിരാശപ്പെട്ടില്ല. ഉണ്ടെങ്കിൽ കുറച്ചുകൂടെ സന്തോഷിച്ചേനെ, അത്രമാത്രം. അങ്ങനെ എല്ലാവർക്കും സ്വന്തമായൊരു തോട്ടം ഉണ്ടെങ്കിൽ എന്തു നല്ലതായേനെ! ഫേസ്ബുക്കിലെ തോട്ടമല്ല. അതുണ്ടെങ്കിൽ സമയം കളയാം എന്നുമാത്രം. ശരിക്കുള്ള തോട്ടം വേണം. ഒരാൾക്ക് കായത്തോട്ടം, ഒരാൾക്ക് വെണ്ടയ്ക്കത്തോട്ടം, തക്കാളിത്തോട്ടം, ചീരത്തോട്ടം...അങ്ങനെ പോകും. അങ്ങനെയാണെങ്കിൽ ബാർട്ടർ സമ്പ്രദായം വീണ്ടും നിലവിൽ വരും. സ്വപ്നം കാണാൻ ചെലവില്ലെന്നു വിചാരിച്ച്, എന്തും ആവാമെന്നുണ്ടോ? അതിനും ഇല്ലേ ഒരു പരിധി. അതുകൊണ്ട് നിർത്തിയേക്കാം.

Labels:

Wednesday, March 17, 2010

പലതിൽ ചിലത്

ഒരാൾ ദ്വീപിലകപ്പെട്ട് ഒറ്റയ്ക്കായ കഥ അമൃത ടിവി യിൽ ആണ് കേട്ടത്. ഒറ്റയ്ക്ക് വിഷമിച്ചു ജീവിക്കുമ്പോൾ ഒരു കപ്പൽ വരുന്നതിന്റെ പ്രതീക്ഷയുണ്ട് അയാളിൽ. ഒടുവിൽ അയാൾ കെട്ടിയുണ്ടാക്കിയ കുടിലും, അയാൾ അവിടെ ഒറ്റപ്പെടുമ്പോൾ അയാളുടെ കൈവശമുണ്ടായിരുന്ന വസ്തുക്കളുമൊക്കെ തീ പിടിത്തത്തിൽ നശിക്കുന്നു. അയാൾ പ്രതീക്ഷ കൈവിട്ടവനെപ്പോലെ നിൽക്കുമ്പോൾ ഒരു കപ്പൽ വരുന്നു. അയാളെ രക്ഷിക്കുന്നു. തീ പിടിച്ചപ്പോൾ ഉണ്ടായ പുക കണ്ടിട്ടാണ് കപ്പലുകാർ ആ ദ്വീപിലേക്ക് കപ്പലടുപ്പിക്കുന്നത്. അപ്പോഴാണ് തീപിടിച്ചുവെങ്കിലും തനിക്ക് രക്ഷപ്പെടാൻ ഒരു വഴി ഒരുക്കുകയായിരുന്നെന്ന് അയാൾക്ക് മനസ്സിലായത്. ദൈവം അങ്ങനെയാണ്. ഓരോ പരീക്ഷണങ്ങൾ തരും. പക്ഷേ അതൊക്കെ പുതിയ നല്ലൊരു കാര്യത്തിലേക്കു നയിക്കുന്ന വിഷമങ്ങൾ ആണെന്ന് ഓർക്കുകയാണ് വേണ്ടത്. എല്ലാത്തിലും ദൈവവിശ്വാസം കൈവിടാതെ ഇരിക്കണം.

ടൗണിൽ പോയി, കടയിൽ നിന്ന് ഓരോ സാധനങ്ങൾ നോക്കിക്കൊണ്ടിരിക്കുമ്പോൾ അമ്മേന്നും വിളിച്ച് എന്റെ ചുരിദാറിന്റെ ഷാളിൽ/ദുപ്പട്ടയിൽ ഒരു ചെറിയ ആൺകുട്ടി പിടിച്ചുവലിച്ചു. ഞാൻ തിരിഞ്ഞപ്പോൾ, അമ്മയല്ലാന്നു മനസ്സിലായിട്ടും അവൻ എന്താ ചെയ്തതെന്നറിയാമോ, ആ ഷാളുകൊണ്ട് മുഖം നന്നായി അമർത്തിത്തുടച്ചു. പിന്നെ മൂക്കിന്റെ അടുത്ത് നല്ലോണം തുടച്ചിട്ട് വിട്ടു. ഹഹഹ എന്നു ചേട്ടൻ ചിരിച്ചു. നനച്ച് കഞ്ഞി മുക്കി ഇസ്തിരിയിട്ട് ചുളിയാതെ അണിഞ്ഞ എന്റെ ഷാൾ. അതും കോട്ടൺ ചുരിദാർ എടുത്തതുതന്നെ വെയിലും ചൂടും ആയതുകൊണ്ട്. ചേട്ടനു ചിരിച്ചാലെന്താ!

തീവണ്ടിയോടിക്കുന്ന ഒരു സ്ത്രീയെക്കുറിച്ച് നാഷണൽ ജ്യോഗ്രഫിക് ചാനലിൽ കണ്ടു. നല്ലൊരു കാര്യം തന്നെ. മുംബൈയിലാണ്. സ്ത്രീകൾ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്നു. ചില സ്ത്രീകൾ എന്നു പറയാം.

അപുവിന്റെ ലോകം വായിച്ചു. ട്രെയിൻ യാത്രയ്ക്കിടയ്ക്കാണ് അത് വാങ്ങിയത്. ആദ്യം അമ്മ വായിക്കണംന്ന് പറഞ്ഞുവെച്ചു. ട്രെയിനിൽ നിന്ന് കുറച്ചു വായിച്ചിരുന്നു. മുഴുവൻ വായിച്ചുവോന്ന് ഞാൻ ചോദിച്ചില്ല. ബിഭൂതിഭൂഷൺ ബന്ദ്യോപാദ്ധ്യായയുടേതാണ്. നല്ല കഥ. അപുവിന്റെ ആദ്യ ജീവിതങ്ങൾ അദ്ദേഹത്തിന്റെ തന്നെ പഥേർ പാഞ്ചാലിയിലും അപരാജിതനിലും പറഞ്ഞിരിക്കുന്നു. ഇതിൽ അപു എന്ന അപൂർവ്വ പഠിച്ച് ജോലിക്കു ചേർന്ന്, കല്യാണം കഴിച്ച് ഒരു കുഞ്ഞുണ്ടായപ്പോൾ ഭാര്യ മരിച്ച് അങ്ങനെയൊക്കെയുള്ള ഘട്ടത്തിലൂടെ കടന്നുപോകുന്നു. പിന്നെ എഴുത്തുകാരനും ആവുന്നു. വായന പതിവുപോലെ നടന്നില്ല. ജോലിത്തിരക്കുകാരണം നീണ്ടുപോയി.

ചൂട്. മഴ വരുന്നുണ്ടോന്നും നോക്കിയിരിക്കണം. വേനലിന്റെ വാർത്തകൾ കേൾക്കുമ്പോൾ പേടിയാവും. സൂര്യതാപം, സൂര്യാഘാതം. ഇനി മേയ് അവസാനം വരെ എങ്ങനെ കഴിച്ചുകൂട്ടും എന്നറിയില്ല. അതുകഴിഞ്ഞാല്‍പ്പിന്നെ കുറച്ചുദിവസം മഴ ആസ്വദിക്കും. പിന്നെ മഴയെ കുറ്റം പറയും. എന്തൊരു മനുഷ്യരാണല്ലേ. ;)

ദിയയ്ക്ക് ആണെന്നുതോന്നുന്നു ശിഷ്യനും മകനും വേണ്ടത്. ഇവിടെ നോക്കിയിട്ട് കണ്ടില്ല. അച്ഛനെ വിളിച്ചു ചോദിച്ചു. ആദ്യം കുറേ അമ്മയാണു പറഞ്ഞുതന്നത്. പിന്നെ അച്ഛനും ആദ്യം മുതൽ തന്നെ പറഞ്ഞുതന്നു. ബുക്ക് നോക്കിയെടുക്കട്ടേന്നും പറഞ്ഞു. ഇതു ഫോണിൽ തീരില്ലെന്നു പറഞ്ഞു. പിന്നെ ഉടൻ മഹാദേവി തൊട്ടു മതിയെന്നു പറഞ്ഞപ്പോൾ കുറച്ചു ചൊല്ലിത്തന്നു.

ഉടൻ മഹാദേവിയിടത്തു കൈയാൽ
അഴിഞ്ഞ വാർപൂങ്കുഴലൊന്നുതുക്കി
ജ്വലിച്ച കൺകൊണ്ടൊരു നോക്കുനോക്കി
പാർശ്വസ്ഥനാകും പതിയോടുരച്ചു
കിട്ടീലയോ ദക്ഷിണ വേണ്ടുവോളം
വിശിഷ്ടനാം ശിഷ്യനിൽ നിന്നിദാനീം
ദിവ്യായുധം വല്ലതുമുണ്ടു ബാക്കിയെന്നാ
ലതും നൽകിയനുഗ്രഹിക്കാം.

ഇത്രേം കൊണ്ട് മതിയാവില്ല അല്ലേ? അച്ഛനും അമ്മയും ചിരിയോടുചിരിയാണ്. പിന്നെ അമ്മ ചിരിക്കുന്നു. കാരണം ചോദിച്ചപ്പോൾ പറയ്യാണ്, അച്ഛൻ ഇന്നലെ തന്മാത്ര കണ്ടു, അതുപോലെ ആയിപ്പോയോന്ന് ഒരു സംശയം എന്ന്. :)) എനിക്കോർമ്മയുള്ളതിനേക്കാൾ എന്തായാലും അവർക്കുണ്ട്.

ഈശ്വരാ! എന്റെ ഫോൺ ബില്ല് ആരു തരും?

അപ്പോ ഇത്രയും വിശേഷങ്ങൾ പറഞ്ഞു നിർത്തുന്നു.

കുറിയ വല്യ മനുഷ്യനായ കുഞ്ഞുണ്ണിമാഷ് പറഞ്ഞതും കൂടെ പറഞ്ഞിട്ടുപോകാം.

“നമ്മൾ നന്നാകുവാനെന്തു നല്ലൂ,
നല്ലൊരു ചൂലു മനസ്സിൽ നല്ലൂ.”

Labels:

Thursday, March 11, 2010

മാനിക്യൂർ

“എന്റെ കൈ നോക്കൂ.”

“എന്താ? നല്ലോണം മിനുങ്ങിയിട്ടുണ്ടല്ലോ. എന്താ ചെയ്തത്?”

“ഞാൻ ഊണുകഴിച്ചുകൊണ്ടിരിക്കുമ്പോൾ, ചാനലിൽ, പെഡിക്യൂറും, മാനിക്യൂറും കാണിക്കുന്നുണ്ടായിരുന്നു. ചെയ്യേണ്ടവിധം.”

“എന്നിട്ട് അങ്ങനെ ചെയ്തോ?”

“ചെയ്തില്ല. ഉണ്ട കൈ കഴുകാതെ അതും നോക്കിയിരുന്ന് ചോറിന്റേം കൂട്ടാന്റേം പറ്റ് കൈയിൽ ഉണങ്ങിപ്പിടിച്ചു. പിന്നെ ഉരച്ചും തേച്ചും ഒക്കെ ഒരുവിധം കളഞ്ഞു. അതുകഴിഞ്ഞപ്പോൾ കൈ ഇങ്ങനെയായി.”

Labels: