കഥ പറയുന്ന കുട്ടി
1
ചിന്നു ജനലിൽക്കൂടെ ആകാശത്തേക്കുനോക്കിയിരുന്നു. അച്ഛമ്മ എന്തോ കാണുന്നുണ്ട് ടി വിയിൽ. അത്രയും നേരം തനിക്കിഷ്ടമുള്ളതൊക്കെ കണ്ടിരുന്നതുകൊണ്ട് ഇനിയും കാണണം എന്ന് പറഞ്ഞ് സമ്മതിപ്പിക്കുവാൻ വയ്യ. വാവ ഉറങ്ങുമ്പോൾ ഒച്ചയുണ്ടാക്കണം എന്ന് അവൾക്കില്ല. അല്ലെങ്കിലും ഒറ്റയ്ക്കു കളിക്കണം. അമ്മ അടുക്കളയിൽ തിരക്കിലാണ്. ജോലി കഴിഞ്ഞോ അമ്മേന്ന് ചോദിക്കാൻ പോയപ്പോൾ അമ്മ പറഞ്ഞത് എന്തെങ്കിലും എടുത്ത് വായിക്കൂ ചിന്നൂ എന്നാണ്. സ്കൂളില്ലാത്തതുകൊണ്ട് ഒന്നും വായിക്കാതെ ഇരിക്കാനാണിഷ്ടമെന്ന് പറഞ്ഞാൽ അമ്മയ്ക്കിഷ്ടപ്പെടില്ല. അതുകൊണ്ട് ആകാശം കാണാൻ ഇരിക്കുന്നു. ഈ മേഘങ്ങളൊക്കെ എവിടേക്കാണാവോ പോകുന്നത്! ഒന്നും പഠിയ്ക്കേം വേണ്ട, സ്കൂളിൽ പോകേം വേണ്ട. പക്ഷേ, സ്കൂളിൽ പോകുന്നതു തന്നെ നല്ലത്. കൂട്ടുകാരെയൊക്കെ കാണാം. ഒഴിവുകിട്ടിയാൽ കളിക്കാം. ഇനി കുറച്ചുദിവസം കഴിയണം.
അവൾ എണീറ്റ് പൂന്തോട്ടത്തിലെ ചെടികളും പൂക്കളും നോക്കി നടന്നു. നടന്ന് ഗേറ്റിനടുത്തെത്തി അതിന്റെ അഴികളിൽ പിടിച്ചുനിന്നു. ഇനി കുറച്ചുനേരം റോഡിലൂടെ പോകുന്നവരെയൊക്കെ കാണാം. അമ്മ ജോലി കഴിഞ്ഞുവിളിക്കട്ടെ.
അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ എത്രപേരാ പോകുന്നത്! വിവിധതരം വാഹനങ്ങൾ. അച്ഛൻ ജോലി കഴിഞ്ഞിട്ടുവന്നാൽ എല്ലാവരും കൂടെ പോകണം. അല്ലെങ്കില്പ്പിന്നെ ഞായറാഴ്ചയാവണം. ഹോ! ബോറടിക്കും. ബോറ് എന്ന വാക്ക് റീനച്ചേച്ചി ഇടയ്ക്ക് പറയുന്നതുകേൾക്കാം. റീനച്ചേച്ചി അയൽപക്കത്താണ്. ചേച്ചിയ്ക്ക് ക്ലാസ്സുണ്ടാവും. കോളേജിൽ അവധിയൊന്നുമില്ല ഇപ്പോൾ. അല്ലെങ്കിൽ അങ്ങോട്ടുപോകാമായിരുന്നു.
നട്ടുച്ചയാവുന്നു. തിരക്ക് കുറഞ്ഞതുപോലെ. എല്ലാവരും ഊണുകഴിക്കാൻ പോയി വീട്ടിലിരിക്കുന്നുണ്ടാവും. ഇപ്പോ അമ്മ വിളിക്കും ഊണുകഴിക്കാൻ. ഈ അമ്മയ്ക്ക് നേരത്തെ ജോലിയൊക്കെ ഒന്നു കഴിച്ചാലെന്താ!
ഒരു ഓട്ടോ വന്ന് ഗേറ്റിനുമുന്നിൽ അവളുടെ തൊട്ടടുത്തെന്നപോലെ നിന്നു. അവൾ ഞെട്ടിപ്പോയി. ഗേറ്റ് തുറക്കാത്തതുകൊണ്ട് വന്ന് ഇടിച്ചില്ല എന്നുവിചാരിക്കുക്കയും ചെയ്തു.
“മോളേ...എന്താ ഇവിടെ നിൽക്കുന്നത്? എങ്ങോട്ടെങ്കിലും പോകാനാണോ?” ഓട്ടോക്കാരൻ ചോദിച്ചു.
അവൾ അല്ലെന്നു തലയാട്ടി. “ഇവിടെ നിക്കാ. എങ്ങും പോണില്ല.”
“വെറുതെയെന്തിനാ നിൽക്കുന്നേ? എങ്ങോട്ടെങ്കിലും പൊയ്ക്കൂടേ?”
ഓട്ടോക്കാരന്റെ കണ്ണുകൾ ഒരൊറ്റ ഓട്ടത്തിനു വീടിന്റെ ഭാഗത്തുപോയിവന്നു.
ചിന്നുവിനു സംശയമായി. എങ്ങോട്ടു പോവാൻ? ഒറ്റയ്ക്ക് എങ്ങോട്ടും പോയിട്ടില്ല. ചിന്നു ഒന്നു വീട്ടിലേക്ക് തിരിഞ്ഞുനോക്കി. അമ്മ കാണുന്നുണ്ടോ? അച്ഛമ്മ കാണുന്നുണ്ടോ?
“ഞാൻ കൊണ്ടുപോകാം മോളെ.”
“എങ്ങോട്ട്?” ചോദ്യം പെട്ടെന്നായിരുന്നു.
“എന്റെ നാട്ടിലേക്ക്. അവിടെയൊന്നും മോളു പോയിട്ടുണ്ടാവില്ല.”
“അതെവിട്യാ?”
അപ്പോത്തന്നെ അറിയാത്ത ആരുടേം കൂടെ മിണ്ടാൻ പോലും പാടില്ലെന്ന് അമ്മ ദിവസവും പറയുന്നതോർത്ത് ചിന്നു പറഞ്ഞു.
“എനിക്കങ്ങോട്ടൊന്നും പോണ്ട.”
“അതെന്താ?”
“അമ്മയൊന്നും കൂടെയില്ലല്ലോ. ഇപ്പോ ഊണുകഴിക്കണം ചിന്നൂന്.”
“ഊണുകഴിക്കാനാവുമ്പോഴേക്കും തിരിച്ചുവരാലോ.”
അതൊരു നല്ല കാര്യമായിട്ട് ചിന്നുവിനു തോന്നി. അമ്മയുടെ ജോലിയൊക്കെ കഴിഞ്ഞ് വരുമ്പോഴേക്കും വരാം. ആരും അറിയുകയും ഇല്ല. ഇപ്പോഴാണെങ്കിൽ കളിക്കാനും പറ്റില്ല.
എന്നാലും...
അവൾ വീട്ടിലേക്ക് ഒന്നുകൂടെ തിരിഞ്ഞുനോക്കി. ആരേം കണ്ടില്ല. ഗേറ്റ് തുറന്ന് ഓട്ടോയിൽ കയറി.
2
“എപ്പോഴാണ് കാണാതായത്? പോകാനിടയുള്ളിടത്തൊക്കെ അന്വേഷിച്ചോ?” കാണാതായവരെക്കുറിച്ച് പറഞ്ഞ് ചെല്ലുമ്പോൾ പോലീസുകാർ ചോദിക്കുന്ന പതിവുചോദ്യം.
ചിന്നുവിന്റെ അച്ഛൻ ഒരിക്കലും ഇത്രയും പരിഭ്രമിച്ചിരുന്നില്ല. ഊണുകഴിക്കാൻ കുറച്ചുസമയം ഉള്ളപ്പോഴാണ് ചിന്നുവിന്റെ അമ്മ കരഞ്ഞുവിളിച്ച് കാര്യം പറയുന്നത്. പെട്ടെന്ന് അവശത തോന്നി. ഓഫീസിൽ എല്ലാവരോടും പറഞ്ഞു. ചിലരൊക്കെ
അയാളോടൊപ്പം വീട്ടിലേക്കു വന്നു. പിന്നെ പോലീസ് സ്റ്റേഷനിലേക്കും. അവരിലാരോ പറഞ്ഞിട്ടാണ് ചിന്നുവിന്റെ ഫോട്ടോ അയാൾ പോലീസിനു കൊടുക്കാൻ എടുത്തു കൈയിൽ വെച്ചത്.
“ഉച്ചയ്ക്കു തന്നെ. ഏകദേശം പന്ത്രണ്ട് മണിവരെ ടിവിയും നോക്കിയിരിപ്പുണ്ടായിരുന്നുവത്രേ. എന്റെ അമ്മ ടിവി കാണട്ടെ എന്നു പറഞ്ഞപ്പോൾ അവൾ എണീറ്റുപോയി. പിന്നെ അവളുടെ അമ്മയുടെ അടുത്തുപോയി കളിക്കാൻ വാ എന്നും പറഞ്ഞുവത്രേ.”
“അഞ്ചുവയസ്സുള്ള കുട്ടി.” - ഇൻസ്പെക്ടർ.
“പക്ഷേ അവളൊറ്റയ്ക്ക് എങ്ങോട്ടും പോയിട്ടില്ല.” - ചിന്നുവിന്റെ അച്ഛൻ.
“ഒറ്റയ്ക്ക് പോയെന്ന് പറഞ്ഞില്ലല്ലോ.” അയാൾ ചിന്നുവിന്റെ അച്ഛനെ ഭയപ്പെടുത്താൻ ആഗ്രഹിച്ചില്ലെങ്കിലും അങ്ങനെയാണ് പറഞ്ഞത്.
“എന്റെ മോൾ...” ചിന്നുവിന്റെ അച്ഛൻ കരയാൻ തുടങ്ങിയത് കൂടെ വന്നവരിൽ വിഷമം തോന്നാനിടയാക്കി. അവർ പലതും പറഞ്ഞു.
“പരിഭ്രമിക്കരുത്. ഞങ്ങൾ ഉടനെ അന്വേഷിച്ച് കണ്ടുപിടിക്കാം...ശ്രമിക്കാം...” ഇൻസ്പെക്ടർ പറഞ്ഞു.
ചിന്നുവിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും കൊടുത്തശേഷം അവർ വീണ്ടും ചിന്നുവിന്റെ വീട്ടിലേക്കു തന്നെ പോയി.
3
ചിന്നു കാഴ്ചകളും കണ്ട് സുഖമായി ഓട്ടോയിൽ ഇരുന്നു. ഒരു ഓട്ടോയ്ക്കുള്ളിൽ ഇത്രയും സൗകര്യത്തിൽ അവൾ ഇരിക്കുന്നത് ആദ്യമായിട്ടായിരിക്കും. ചെറിയ ക്ലാസ്സുകളിൽ പോകുമ്പോൾ അവൾ ഓട്ടോയിൽ പോയിട്ടുണ്ട്. മൂക്കുപോലും പുറത്തേയ്ക്ക് വയ്ക്കാൻ സൗകര്യം കിട്ടാത്തപോലെ ആയിരുന്നു അന്നൊക്കെയുള്ള യാത്ര. അവൾക്ക് ഈ ഓട്ടോയിൽ കയറിയപ്പോഴാണ് അത് ഓർമ്മ വന്നത്. ഇപ്പോ കാറിലാണ്. അത്ര തിക്കും തിരക്കും ഇല്ല. അവൾ നടുവിൽ ഇരുന്നു അപ്പുറവും ഇപ്പുറവുമൊക്കെ സീറ്റിൽ കൈകൊണ്ട് ഇടിച്ച് ആസ്വദിച്ചു. പിന്നെ പുറം കാഴ്ചകളും കണ്ടിരുന്ന് അറിയാതെ മയങ്ങിപ്പോയി.
ഓട്ടോക്കാരൻ ചുറ്റും നോക്കിയതിനുശേഷമാണ് ഓട്ടോയിൽ നിന്ന് ചിന്നുവിനെ എടുത്തത്. ഉടനെത്തന്നെ മുന്നിലുള്ള ചെറിയ വീട്ടിനുള്ളിലേക്ക് കൊണ്ടുപോയി. ഹോ! കുഞ്ഞ് ഉറങ്ങിയതിനുശേഷം വീഴുമോ വീഴുമോന്ന് പേടിച്ചാണ് ഓട്ടോ ഓടിച്ചത്. ഒന്നും സംഭവിച്ചില്ല.
“അയ്യോ!ആരാ ഇത്?” ഓട്ടോക്കാരന്റെ ഭാര്യ ചോദിച്ചു.
“ഒച്ചയുണ്ടാക്കല്ലേ.” അയാൾ ചിന്നുവിനെ താഴെ പായയിൽ രണ്ടു കുട്ടികൾ കിടക്കുന്നിടത്ത് കിടത്തി.
“കഞ്ഞി കുടിച്ചാണോ ഉറങ്ങിയത്?” അയാൾ കുട്ടികളെ ഉദ്ദേശിച്ച് ചോദിച്ചു.
“ങ്ങാ...കഞ്ഞി കുടിക്കുമ്പോൾ, അച്ഛൻ എപ്പോ വരുംന്നു ചോദിച്ചു.”
“ഉം...ഇവളും ഇവിടെ കിടക്കട്ടെ.”
“ആരാ?”
“ഒക്കെ പറയാം. ഒച്ചയുണ്ടാക്കല്ലേന്ന് പറഞ്ഞില്ലേ.”
അവൾ അടുക്കളയിലേക്കു പോയി. ചിന്നുവിനെ ഓട്ടോക്കാരൻ, ആ കുട്ടികളുടെ അടുത്ത് കിടത്തി.
പിന്നെ അടുക്കളയിലേക്കുപോയി.
4
ചിന്നു ഉണർന്നുനോക്കി. ആദ്യം രണ്ടു കുട്ടികളെ കണ്ടു. അവൾ വേഗം എണീറ്റു. അയ്യോ! ഇത് ചിന്നൂന്റെ വീടല്ലല്ലോ? ഇവരെ ചിന്നു മുമ്പ് കണ്ടിട്ടുമില്ല. വിശക്കുന്നുമുണ്ട്.
അവൾ അമ്മേന്ന് വിളിച്ചു കരയാൻ തുടങ്ങി. ഓട്ടോക്കാരൻ അങ്ങോട്ടുവന്നു.
“കരയല്ലേ.” അപ്പോഴാണ് അവൾക്ക് ഓർമ്മ വന്നത്. ഗേറ്റിനടുത്ത് നിന്നതും, ഓട്ടോയിൽ കയറിയതും ഒക്കെ. എന്നാലും അമ്മയൊന്നും ഇല്ലാതെ ഇവിടെ. അവൾ കരയണോ വേണ്ടയോ എന്ന് പിടികിട്ടിയില്ല.
“എന്തെങ്കിലും കഴിക്കാൻ കൊടുക്ക്.” അയാൾ ഭാര്യയോടു പറഞ്ഞു.
“മോളു പോയി എന്തെങ്കിലും കഴിക്ക്.” അപ്പോഴേക്കും അയാളുടെ ഭാര്യ വന്ന് ചിന്നുവിന്റെ കൈ പിടിച്ചു.
കാലും മുഖവുമൊക്കെ കഴുകിച്ച് അടുക്കളയിൽ ചിന്നുവിനെ ഇരുത്തി. കഞ്ഞി മുന്നിൽ വച്ചപ്പോൾ അവൾക്ക് ഇഷ്ടമായില്ല. “ചിന്നുവിന് കഞ്ഞി ഇഷ്ടംല്ല. ചോറു മതി.”
ഓട്ടോക്കാരനും ഭാര്യയും പരസ്പരം നോക്കി. കുട്ടികൾ രണ്ടാളും ചിന്നുവിനെയും.
“എനിക്കു വീട്ടിൽ പോണം.” ചിന്നു വീണ്ടും പറഞ്ഞു. അവൾ കരയാൻ തുടങ്ങി.
ഓട്ടോക്കാരൻ ഭാര്യയോട് എന്തൊക്കെയോ പറഞ്ഞു. തീരെ കുറഞ്ഞ ശബ്ദത്തിൽ.
“എന്തെങ്കിലും കഴിച്ചാൽ കൊണ്ടുപോകാം.” ഓട്ടോക്കാരൻ പറഞ്ഞു.
“കഞ്ഞി വേണ്ട. നൂഡിൽസ് ഉണ്ടോ?” ചിന്നു ചോദിച്ചു.
“കുറച്ചു കഞ്ഞി കുടിക്കൂ മോളേ.” ഓട്ടോക്കാരന്റെ ഭാര്യ അവളുടെ അടുത്തിരുന്നു. വിശക്കുന്നുണ്ട്. കുറച്ചു കഞ്ഞി കുടിച്ചേക്കാം. ചിന്നു വിചാരിച്ചു. അവൾ കഞ്ഞി കുടിക്കാൻ തുടങ്ങി. ഓട്ടോക്കാരൻ അടുക്കളയിൽ നിന്ന് പോയപ്പോൾ ഭാര്യയും എണീറ്റ് പുറത്തേക്കു പോയി. അടുത്ത മുറിയിൽ നിന്ന് അവർ ചർച്ച ചെയ്തു.
“കുഴപ്പമാകുമോ?” അയാളുടെ ഭാര്യ ചോദിച്ചു.
“ഇല്ല. ഞാൻ ഓട്ടോയെടുത്ത് കുറച്ചു ദൂരെ പോയിട്ട്, എവിടെനിന്നെങ്കിലും വിളിക്കും.”
“ഓട്ടോ വൈകുന്നേരം തിരിച്ചുകൊടുക്കേണ്ടതല്ലേ.”
“ഇപ്പോത്തന്നെ ആദ്യം അതുകൊണ്ടുപോയി കൊടുത്തിട്ടാവാം വിളിക്കുന്നത് എന്നാൽ.”
“പൈസ കിട്ടുമോ?”
“കിട്ടും.”
“ചിന്നുവിനു വീട്ടിൽ പോണം.” ചിന്നു വന്നു പറഞ്ഞു.
“കുറച്ചുനേരം കളിച്ചൂടേ? അതു കഴിഞ്ഞിട്ട് കൊണ്ടുപോകാം.”
അവൾക്ക് കുട്ടികളെ കണ്ടപ്പോൾ കളിക്കണമെന്ന് തോന്നിയെങ്കിലും അമ്മയെ കാണാൻ തിരക്കായി.
“വീട്ടിൽ പോകാം.” അവൾ വീണ്ടും പറഞ്ഞു. അവൾക്കെന്തോ അവിടെ നിൽക്കുന്നത് ഇഷ്ടമായില്ല. അവൾ ഉറക്കെ കരയാൻ തുടങ്ങി.
“ആരെങ്കിലും കേൾക്കും.” ഓട്ടോക്കാരൻ വാതിലടച്ചു. ചിന്നു കരഞ്ഞുകൊണ്ടിരുന്നു. കരഞ്ഞുകരഞ്ഞ് അവൾക്ക് ശ്വാസം കിട്ടാതെയായി. കൂടെ അവരുടെ കുട്ടികളും പേടിച്ച് കരയാൻ തുടങ്ങിയപ്പോൾ ഓട്ടോക്കാരനു വല്ലായ്മ തോന്നി.
“നമുക്ക് ഇതൊന്നും ചെയ്യേണ്ടായിരുന്നു.” അയാളുടെ ഭാര്യ പറഞ്ഞു.
“കുറച്ചു പൈസ കിട്ടിയില്ലെങ്കിൽ എങ്ങനെ ജീവിക്കും?”
“ഇങ്ങനെ കിട്ടിയിട്ടെന്താ? സമാധാനത്തോടെ ജീവിക്കാൻ പറ്റുമോ? ഇപ്പോത്തന്നെ കുട്ടിയെ തിരഞ്ഞു നടക്കുന്നുണ്ടാകും. പിടിക്കപ്പെട്ടാൽ നമ്മുടെ കുട്ടികൾക്ക് ആരുണ്ട്?”
“എത്ര കാലമായി ഇങ്ങനെ ദാരിദ്ര്യത്തിൽ?”
അവൾ ഒന്നും പറഞ്ഞില്ല. എന്തോ ആലോചിച്ചു. പിന്നെ പെട്ടെന്ന് തങ്ങളുടെ കുട്ടികളെ ശാസിച്ചു. “കരയാതെ പോയി കളിക്കുന്നുണ്ടോ?” അവരെ നോക്കിയിട്ട് അവൾ പറഞ്ഞു.
“കുട്ടിയെ തിരികെ വിടാം.”
“പക്ഷേ...” അയാൾ എന്തോ പറയാൻ തുടങ്ങി.
“ഒന്നും വേണ്ട. പാപം കിട്ടും. നമുക്ക് ഇങ്ങനെ പൈസ വേണ്ട.”
“നിന്നോട് ഞാൻ ഒക്കെ പറഞ്ഞിട്ടല്ലേ?” അയാൾ വാദിക്കാൻ നോക്കി.
“ഇനിയൊന്നും പറയേണ്ട. കരഞ്ഞുകരഞ്ഞ് ചാവാറായി. വല്ലതും സംഭവിച്ചാല്പ്പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമുണ്ടാവില്ല. കൊണ്ടുപോയി വിട്ടേക്ക്. നമുക്കൊന്നും വേണ്ട.”
അവൾ ചിന്നുവിനെ ചേർത്തുപിടിച്ചു കരയാൻ തുടങ്ങി. അവരുടെ മക്കൾ കരച്ചിൽ നിർത്തി അവളെ നോക്കി.
5
ചിന്നുവിനെ അയാൾ നാലഞ്ചു വീടുകൾക്കിപ്പുറത്തു വിട്ടു.
“ഇനി പോയ്ക്കോ മോളേ.” അയാൾക്ക് പേടി തോന്നി. “മോളു എവിടെപ്പോയെന്ന് ആരോടെങ്കിലും പറയുമോ?”
“ഇല്ല.”
“പിന്നെന്തു പറയും?”
ചിന്നുവിന് അത് അറിയില്ല. അവൾ വീടിന്റെ ഭാഗത്തേക്ക് ഓടി.
വീടിന്റെ ഗേറ്റ് പതിവില്ലാതെ തുറന്നുകിടന്നിരുന്നു. അവൾ ചെല്ലുമ്പോൾ സ്വീകരണമുറിയിൽ ഇരുന്ന അച്ഛനാണ് ആദ്യം കണ്ടത്.
“മോളേ...” അയാൾ ഓടിവന്ന് എടുത്തു.
അപ്പോഴേക്കും ആരോ പോയി പറഞ്ഞിരുന്നു. അമ്മയും ഓടിവന്നു. അച്ഛൻ അവളെ അമ്മയുടെ കൈയിൽ കൊടുത്തു.
പോലീസ്സ്റ്റേഷനിൽ എത്തിയപ്പോഴേക്കും ചിന്നു ചിലതൊക്കെ തീരുമാനിച്ചു.
“മോൾ എങ്ങോട്ടാ പോയത്?” പോലീസുകാരൻ ചോദിച്ചു.
“ഞാൻ ഗേറ്റിനടുത്ത് നിക്കുമ്പോ ആകാശത്തുനിന്ന് ഒരു ചെറിയ വിമാനം ഇറങ്ങി വന്നു.”
എല്ലാവരും പെട്ടെന്ന് അവളുടെ നേരെ നോക്കി. അച്ഛനും അവളുടെ അമ്മാവനും അച്ഛന്റെ സുഹൃത്തും അവരുടെ ഒരു അയൽക്കാരനും പിന്നെ പോലീസുകാരും.
“മോളേ, കഥ പറയല്ലേ. എങ്ങോട്ടാ പോയതെന്ന് പറയൂ.”
“ഞാൻ വിമാനത്തിലാ കയറിയത്.” അവൾ പറഞ്ഞു.
“കുട്ടി ശരിക്ക് ഒന്നും പറയുന്നില്ലല്ലോ.”
“എന്തു പറ്റിയെന്ന് അറിയില്ല.” അവളുടെ അച്ഛൻ തളർന്ന സ്വരത്തിൽ പറഞ്ഞു.
“ചിലപ്പോൾ ബോധം കെടുത്തിയിട്ടാവും തട്ടിക്കൊണ്ടുപോയത്.”
“പിന്നെ എങ്ങനെ തിരികെയെത്തി?”
“ഓടിപ്പോന്നതാവും. ശരിക്കും അന്വേഷിച്ചാൽ ഇതിന്റെ പുറകിലുള്ളവരെ കണ്ടെത്താൻ കഴിഞ്ഞേക്കും.”
“വേണ്ട. ഇനി ഒന്നും അന്വേഷിക്കേണ്ട. മോളെ കിട്ടിയല്ലോ.”
“നിങ്ങൾക്ക് അങ്ങനെ തീരുമാനിക്കാം. പക്ഷേ ഞങ്ങൾ കൂടുതൽ അന്വേഷിച്ചേ പറ്റൂ. ഇനിയും ഇത്തരം സംഭവം നടക്കരുതല്ലോ. ചിലപ്പോൾ തനിയെ എവിടെയെങ്കിലും പോയിക്കളിച്ച് തിരിച്ചു വന്നതാകാനും ചാൻസ് ഉണ്ട്. പക്ഷേ വിമാനം
എന്നൊക്കെപ്പറഞ്ഞ സ്ഥിതിയ്ക്ക് അങ്ങനെയാവില്ലെന്ന് ഉറപ്പല്ലേ?”
“അന്വേഷിച്ചാൽ കുഴപ്പമാവുമോ?”
“ഇല്ല. അന്വേഷണം ഞങ്ങൾ നടത്തിക്കോളാം. കുട്ടി എന്തെങ്കിലും പറഞ്ഞാൽ അത് അറിയിക്കണം.”
“തീർച്ചയായും. പക്ഷേ ഡോക്ടറോടും ഈ വിമാനത്തിന്റെ കഥയാണ് പറഞ്ഞത്. കുട്ടി പേടിച്ചിട്ടാണെന്ന് ഡോക്ടർ പറഞ്ഞു.”
“അതെയോ?” പോലീസുകാരൻ ചിന്നുവിനെ നോക്കി അപ്പോഴേക്കും അവൾ ഉറങ്ങിയിരുന്നു.
6
അവൾ കൂട്ടുകാരോടൊക്കെ പറഞ്ഞു. “ഒരു ചെറിയ വിമാനം വന്നു. ഞാൻ അതിൽ കയറി. ഒരു സ്ഥലത്ത് ഇറങ്ങി. പിന്നെ നൂഡിൽസും ഐസ്ക്രീമും കഴിച്ചു. പിന്നെ അവിടെ കളിച്ചു. പാവകളും സൈക്കിളും അങ്ങനെ എന്തൊക്കെയോ ഉണ്ടായിരുന്നു.”
ആംഗ്യത്തിലും സന്തോഷത്തിലുമൊക്കെ അവൾ പറയുന്നത് കേൾക്കാൻ അവർ മിക്കവാറും ദിവസം അവളോട് ചോദിച്ചുകൊണ്ടിരുന്നു.
“ചിന്നു ഒറ്റയ്ക്കായിരുന്നോ?”
“അതോണ്ടല്ലേ ചിന്നു വേഗം വന്നത്.” അവൾ സങ്കടം ഭാവിച്ച് പറഞ്ഞു.
“ഇനി പോവുമ്പോ ചിന്നു ഞങ്ങളേം കൂട്ടുമോ?”
“കൂട്ടാം.”
ഒരു ചെറിയ വീട്ടിൽ പോയെന്നും, അവിടെ നിലത്ത് പായയിൽ കിടന്നുവെന്നും വിശന്നപ്പോൾ കഞ്ഞിയാണ് കിട്ടിയതെന്നും ഒക്കെപ്പറഞ്ഞാൽ ഇവരൊക്കെ ചിരിക്കുമെന്ന് അവൾക്ക് ഉറപ്പായിരുന്നു. ഇപ്പോഴാണെങ്കിൽ എല്ലാവർക്കും അത്ഭുതമാണ്. അവർക്കും അതുപോലെ ഒന്നു പോകാൻ സാധിച്ചില്ലല്ലോ എന്ന വിഷമവും. ഓട്ടോക്കാരൻ വിളിച്ചപ്പോൾ വീട്ടിൽ ചോദിക്കാതെ പോയതിന് മുതിർന്നവർ എല്ലാവരും വഴക്കുപറയുമെന്നും അവൾക്കറിയാമായിരുന്നു. ഇനിയും ഒരുദിവസം പോയി ആ കുട്ടികളോടൊപ്പം കളിക്കണം. ആരെങ്കിലും ഒപ്പമില്ലാതെ വീടിനുപുറത്തേക്ക് വിടുന്നില്ലെന്നതാണ് അവളുടെ പ്രശ്നം. ഇടയ്ക്ക് അവളുടെ അച്ഛമ്മയും അമ്മയും കൂടെ പറയുന്നതു കേൾക്കാം.
“എന്നാലും ഇക്കുട്ടിയ്ക്ക് എന്താ പറ്റിയത്?”
“എനിക്കറിയില്ല അമ്മേ. ചോദിച്ചാൽ വിമാനത്തിന്റെ കഥ പറയും. കേൾക്കുമ്പോൾ പേടി തോന്നും. അങ്ങനെയൊക്കെ നടക്കുമോ അമ്മേ? അതുകൊണ്ട് ഇനി ഒന്നും ചോദിക്കുന്നില്ലെന്ന് വെച്ചു. എല്ലാവരോടും പറഞ്ഞിട്ടുണ്ട് അങ്ങനെ ഒന്നും അറിഞ്ഞതായി ഭാവിക്കരുതെന്ന്.”
“ഇനി സൂക്ഷിച്ചാൽ മതി.”
എന്നാലും അമ്മയോടു പറയാമായിരുന്നു. അവൾക്ക് ഇടയ്ക്ക് തോന്നും. പിന്നെ അമ്മ എല്ലാവരോടും പറഞ്ഞാലോന്ന് തോന്നിയതുകൊണ്ട് വേണ്ടെന്നു വയ്ക്കും. ഓട്ടോക്കാരൻ ആരോടെങ്കിലും പറയുമോന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് അവൾ ഉറപ്പുകൊടുത്തിരുന്നല്ലോ. പറഞ്ഞാലും എന്തു സംഭവിക്കുമെന്ന് അവൾക്കറിയില്ല. എന്നാലും വിമാനത്തിന്റെ കഥ കൂട്ടുകാർക്കൊക്കെ ഇഷ്ടമായെന്ന് അവൾക്ക് മനസ്സിലായി. അവരുടെ ആവശ്യപ്രകാരം അവൾ എന്നും ആ കഥ പറഞ്ഞുകൊണ്ടിരുന്നു. അവരുടെ വിസ്മയം നിറഞ്ഞ മുഖഭാവം കണ്ടുകൊണ്ടിരുന്നു.
Labels: കഥ
7 Comments:
മനോഹരമായ കഥ..രാത്രി കുട്ടികള്ക്ക് പറഞ്ഞു കൊടുക്കാന് കഥയുടെ സ്ടോക്ക് തീര്ന്നിരിക്കുകയായിരുന്നു...നന്ദി.
നല്ല കഥ സൂ!
എഴുതിയ രീതി വളരെ വളരെ ഇഷ്ടമായി
അഭിനന്ദനങ്ങൾ!
കഥ പറയുന്ന കുട്ടിയെ എനിക്കുമിഷ്ടായി.നല്ല അവതരണം..
ജാസ്മിക്കുട്ടി :) വായിക്കാൻ എത്തിയതിൽ നന്ദി.
ആത്മേച്ചീ :) സന്തോഷം. നന്ദി.
റെയർ റോസ് :) നന്ദി.
നല്ല കഥ.. വളരെ മനോഹരമായി പറഞ്ഞു...
വളരെ നല്ല കഥ. ആസ്വദിച്ചുവായിച്ചു.
ശുഭപര്യവസായിയാക്കിയതു് നന്നായി.
ദിയ :)
ചിതൽ :)
രണ്ടാളും വായിക്കാൻ എത്തിയതിൽ സന്തോഷം.
Post a Comment
Subscribe to Post Comments [Atom]
<< Home