നവരാത്രി
നവരാത്രി തുടങ്ങാൻ പോകുന്നു. വടക്കേഇന്ത്യയിലൊക്കെ നല്ല ആഘോഷമാണ്. പ്രത്യേകിച്ചും ബംഗാളിൽ. നമുക്ക് പ്രധാനം മൂന്നുദിവസം മാത്രം. ദുർഗാഷ്ടമി, മഹാനവമി, വിജയദശമി. പണ്ട്, ഗ്രന്ഥം വയ്ക്കുന്ന ദിവസം/ദുർഗാഷ്ടമിയ്ക്ക്, എന്തെങ്കിലും പുസ്തകങ്ങൾ പൊതിഞ്ഞുകെട്ടി അമ്പലത്തിൽ കൊണ്ടുവയ്ക്കും. ഗ്രന്ഥം വെച്ചുകഴിഞ്ഞാല്‍പ്പിന്നെ അത് പൂജ കഴിഞ്ഞ് എടുക്കുന്നതുവരെ വായന പാടില്ലെന്നാണ്. അങ്ങനെ പറയുമെങ്കിലും പഠിക്കാനുള്ള പുസ്തകങ്ങളൊഴിച്ച് സകലതും വായിക്കും. പൂജ കഴിഞ്ഞാൽ അമ്പലത്തിൽനിന്നുതന്നെ പുസ്തകം കുറച്ചു വായിക്കും. അവിടെനിന്നുതന്നെ അക്ഷരങ്ങളൊക്കെ എല്ലാവരും കൂടെ ചൊല്ലും. വല്യ ആൾക്കാരൊക്കെ, അതായത് സ്കൂൾ/കോളേജ് പഠിപ്പ് കഴിഞ്ഞവരൊക്കെ രാമായണവും ഭാഗവതവും പോലെയുള്ള എന്തെങ്കിലും വയ്ക്കും. ഞാനെന്തു പുസ്തകം വയ്ക്കും എന്നാലോചിച്ചുകൊണ്ടിരിക്കുന്നു.
പ്രീഡിഗ്രിയ്ക്കു പഠിക്കുമ്പോൾ, ഗ്രന്ഥംവയ്ക്കുന്ന ദിവസം, പഠിപ്പുകഴിഞ്ഞ് വരുമ്പോൾ ബസ് കേടായി. അവിടെനിന്ന് കുറേ ദൂരമുണ്ട് ശരിക്കും ഞങ്ങളുടെ നാട്ടിലേക്ക്. എന്നിട്ടും കൂട്ടുകാരികളൊക്കെ, ഇനി തിരക്കുള്ള ബസ്സിൽ കയറേണ്ട, നടക്കാം എന്നുപറഞ്ഞപ്പോൾ കഷ്ടകാലത്തിനു ശരിയെന്നു സമ്മതിച്ചു. നടന്നുനടന്ന് എത്തിയപ്പോൾ ഒരുപാടുനേരമായിരുന്നു. അച്ഛൻ, ഞങ്ങളുടെ വീടിന്റെ മതിലിനുടുത്തുള്ള ചെറിയ മതിലിൽ കാത്തിരിക്കുന്നു. കണ്ടയുടനെ ചോദിച്ചു “എന്താ ഇത്രേം വൈകിയത്” എന്ന്. പിന്നീടൊരിക്കലും പറയാതെ വൈകിയിട്ടില്ല. വൈകേണ്ടിവന്നിട്ടുമില്ല. ബസ്സിന്റെ കാര്യം പറഞ്ഞു. പിന്നെ എല്ലാവരും അമ്പലത്തിൽ പോകാനും ഒക്കെയുള്ള തിരക്കിലായി. ഇപ്പോഴും, അതേ ചോദ്യങ്ങളുണ്ട്, കരുതലുകളുണ്ട്. കാലം മാറി, കുട്ടികളൊക്കെ വല്യവരായി എന്ന തോന്നലൊന്നും അക്കാര്യത്തിൽ മാത്രമില്ല. ഇപ്പോപ്പിന്നെ മൊബൈൽ ഫോണുള്ളതുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും വിളിക്കാമെന്നൊരു സൗകര്യം മാത്രം.
നല്ലകാര്യം ചെയ്യാൻ എനിക്കു കൂടുതൽ അവസരം കിട്ടാറില്ല. എന്നാലും കിട്ടുമ്പോൾ ചെയ്യും. ഒരു വികലാംഗനു സീറ്റു വിട്ടുകൊടുത്തു. ഞാൻ നല്ല ആർഭാടത്തിൽ ഇരിക്കുകയായിരുന്നു, അയാൾ കയറിയപ്പോൾ. എന്നിട്ടും എണീറ്റ് സീറ്റ് കൊടുത്തു. എനിക്കു ബസ്സിൽ മുകളിൽ തൂങ്ങിപ്പിടിക്കാൻ കുറച്ചുപാടാണ്. പിന്നെ വേറൊന്ന്, ഹോട്ടലിൽ പോയപ്പോൾ കുറേപ്പേർക്കിരിക്കാവുന്ന സ്ഥലത്തായിരുന്നു ഞങ്ങൾ ഇരുന്നിരുന്നത്. കുറേപ്പേർ ഒരുമിച്ചുവന്നപ്പോൾ, അവിടെനിന്ന് എണീറ്റ് വേറെ സീറ്റിലേക്ക് മാറിയിരുന്ന് അവർക്കു സീറ്റ് കൊടുത്തു. ഇതൊക്കെ ചെറിയ കാര്യങ്ങളായിരിക്കും. പക്ഷേ, ദൈവം അവിടെ വരയ്ക്കുന്നുണ്ട്, നല്ലതിനും ചീത്തയ്ക്കും വരകൾ. (ദൈവത്തിനതല്ലേ ജോലി!)
പിന്നെ, തലവേദന! നല്ലൊരു ചായകുടിച്ചാൽ തീരുമെന്ന് ചിലർ പറയും. അമ്മ പറയും മുഖമൊക്കെ നല്ലോണം കഴുകിയാൽത്തന്നെപോകുമെന്ന്. ചിലപ്പോൾ അതൊക്കെ ശരിയാണ്. ചിലപ്പോൾ അതൊന്നുമില്ല. അങ്ങനെ കിടക്കും. തലവേദനയ്ക്ക് എന്നോടു പ്രണയം! (പാവം തലവേദന. എന്നല്ലേ? എനിക്കറിയാം).
മഴ കാണുമ്പോൾ സന്തോഷമുണ്ട്. മഴ കാണുമ്പോൾ ദുഃഖവുമുണ്ട്. പലരും എത്ര വിഷമിക്കുന്നു.
“അശോകം, കദംബം, അരനെല്ലി, വെളുത്ത അത്തി തുടങ്ങിയ വൃക്ഷസമൂഹം, പുഷ്പഭരിതമായ താമരപ്പൊയ്കകൾ, താമരപ്പൊടിയിൽ പുരണ്ടുകളിക്കുന്ന പെൺവണ്ടുകളുടെ കൂട്ടം; ബകം, കുയിൽ, ഹംസം മുതലായ പക്ഷിസമൂഹത്തിന്റെ ശബ്ദകോലാഹലം എല്ലാം ചേർന്ന് ആ വനം പഞ്ചേന്ദ്രിയങ്ങൾക്കും ഉത്സവമൊരുക്കി. പരസ്പരാസക്തരായ ദേവദമ്പതികളുടെ സാന്നിധ്യം കൊണ്ട് വനം അത്യാകർഷകം തന്നെ.”
പമ്പഭാരതം വായിക്കുന്നു. മഹാകവി പമ്പൻ എഴുതിയത്. വിവർത്തനം - സി. രാഘവൻ - മാതൃഭൂമി ബുക്സ്. വില. 200/-
ഒറ്റയിരുപ്പിൽ വായിച്ചില്ല. വായിച്ചുകൊണ്ടിരിക്കുന്നു. കണ്ണട വെച്ചാൽ തലവേദന പോകുമോ? നോക്കാം ല്ലേ?
എന്തൊക്കെയോ എഴുതണമെന്നുണ്ട്. പിന്നെയാവാം.
Labels: വെറുതേ
9 Comments:
പഠിക്കാന്‍ പോകുന്ന കാലത്ത് ഓണത്തിനേക്കാളും,വിഷുവിനേക്കാളും ഇഷ്ടം പൂജ വെപ്പിനോടായിരുന്നു,
പുസ്തകം തൊടേണ്ടല്ലോ :)
തലവേദന ഒരു ശാഠ്യക്കാരനാണ് ഒന്നിനും സമ്മതിക്കില്ല.
കുറെ ആത്മഗതങ്ങള്‍ ഒരുമിച്ച്..!!! ഇനിയും എന്തൊക്കെയോ പറയാനുണ്ടല്ലോ ??
കാവലാൻ :) ഞങ്ങൾക്കും അതിലൊരു സന്തോഷമുണ്ടായിരുന്നു. തലവേദനയെക്കൊണ്ടു തോറ്റു.
സിബൂ :) പറയാനുണ്ട്. കേൾക്കാൻ/വായിക്കാൻ എത്തിയതിൽ സന്തോഷം.
ഐശ്വര്യമായിട്ട് ഈ ബ്ലോഗ് പ്രിന്റൗട്ട് എടുത്ത് പൂജ വയ്ക്ക് സൂ...
എന്നിട്ട് മൂന്നുദിവസം അക്ഷരം വായിക്കാതെ/ടിവി കാണാതെ നടന്ന് നോക്ക്...
തലവേദനയൊക്കെ അതിന്റെ പാട്ടിനു പോകും ;)
ഈ തലവേദന വരുമ്പോള്‍ ഇടയ്ക്കിടെ മുഖം കഴുകുന്ന സ്വഭാവം എനിയ്ക്കുമുണ്ട്. (ഇല്ലാത്തപ്പോള്‍ മുഖം കഴുകാറേയില്ല എന്ന് ഇപ്പറഞ്ഞതിന് അര്‍ത്ഥമില്ല കേട്ടോ) :)
തല വേദനിക്കുന്നു.
ഒന്ന് മുഖം കഴുകി വരട്ടെ.
കുഞ്ഞൻസ് :) എന്നിട്ടുവേണം സരസ്വതീദേവി ഓടിപ്പോകാൻ. ഞാൻ കണ്ണട വെച്ച് വായിക്കാൻ തീരുമാനിച്ചു.
ശ്രീ :) അതു നല്ലതാണ്. ചിലപ്പോൾ തലവേദന കുറയും.
പട്ടേപ്പാടം റാംജി :)
ഓര്‍മകളും ചിന്തകളും :) എനിക്ക് സാധാരണ വരാത്ത ഒരു സാധനം തല വേദന ആണ്. പനി വന്നാലും തലവേദന വരില്ല. വളരെ അപൂര്‍വമായേ തലവേദന എന്ന് പറയാന്‍ മാത്രം ഉണ്ടാവാറുള്ളൂ.
ഞാൻ :) തലവേദന മാത്രമല്ല, പനിയും വരാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
Post a Comment
Subscribe to Post Comments [Atom]
<< Home