എന്തെങ്കിലും
എന്തെങ്കിലും എഴുതാമെന്നുവെച്ചാൽ, എന്തെങ്കിലും എഴുതീട്ടെന്താ എന്നൊരു ചിന്ത വരും. എന്തെങ്കിലുമൊക്കെ എഴുതുന്നതാണ് നല്ലതെന്നു തോന്നും. എന്തെങ്കിലും പറയാനുണ്ടാവുമ്പോൾ പറയുന്നതല്ലേ നല്ലത്! എന്തെങ്കിലുമാവട്ടെ എന്നുവെച്ചാൽ എന്തെങ്കിലുമൊക്കെ സംഭവിക്കും. എന്തെങ്കിലും തിന്നാൻ താ എന്നു പറയുന്ന മക്കളോട് അമ്മയ്ക്ക് തമാശ പറയാം, എന്തെങ്കിലും എന്നൊരു വസ്തു ഇവിടെയില്ല എന്ന്. എന്തെങ്കിലുമൊക്കെ മനസ്സിൽ വെച്ചിട്ട് വേറെ എന്തെങ്കിലുമൊക്കെ പറയരുതെന്ന് ചിലപ്പോൾ ആരെങ്കിലും പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാവും അല്ലേ?
എന്തെങ്കിലും എന്നൊരു വാക്ക് കണ്ടുപിടിച്ചതിനു പിന്നിൽ എന്തെങ്കിലുമൊക്കെ കാരണങ്ങൾ ഉണ്ടാവും. നീ എന്തെങ്കിലും ചെയ്യ്, എനിക്കൊന്നും പറയാനില്ല എന്നു പറയുമ്പോൾ നിങ്ങൾക്ക് ദേഷ്യം വരാറുണ്ടോ? ടൂറു പോകുന്ന ഭർത്താവ് ഭാര്യയോട്, തിരിച്ചുവരുമ്പോൾ എന്താ കൊണ്ടുവരേണ്ടതെന്ന് ചോദിക്കുമ്പോൾ എന്തെങ്കിലും കൊണ്ടുവരൂ എന്നു ഭാര്യ പറയാറുണ്ടല്ലോ. കുട്ടികളെ ഒറ്റയ്ക്കാക്കി പോകുമ്പോൾ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടിയാൽ, തിരിച്ചുവന്നാൽ എന്തെങ്കിലും മേടിയ്ക്കും എന്നു പറയാറില്ലേ? വെറുതെയിരിക്കാതെ എന്തെങ്കിലുമൊക്കെ ചെയ്തൂടേന്ന് ചോദിക്കുമ്പോൾ നിങ്ങൾക്ക് ഇഷ്ടമാവുമോ? എന്തെങ്കിലുമൊക്കെ ചിന്തിച്ചുകൂട്ടാതെ നല്ലത് ചിന്തിച്ചൂടേന്ന് കേൾക്കുമ്പോൾ നിങ്ങൾക്ക് എന്തു തോന്നും? മനസ്സിലെന്തെങ്കിലുമുണ്ടെങ്കിൽ തുറന്നുപറയാതെ എങ്ങനെ അറിയും എന്ന ചോദ്യത്തെ നിങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ടോ? എന്തെങ്കിലും കേട്ടയുടനെ ആലോചിക്കാതെ എടുത്തുചാടി എന്തെങ്കിലും ചെയ്യരുതെന്ന ഉപദേശം എങ്ങനെയുണ്ട്? ഞാനെന്തെങ്കിലും പറഞ്ഞാൽ കേട്ട ഭാവം നിങ്ങൾക്കില്ലല്ലോ എന്നു നിങ്ങളെപ്പോഴെങ്കിലും പറഞ്ഞോ? അതോ എന്തെങ്കിലും പറഞ്ഞാലത് ഇഷ്ടമാവൂലല്ലോ എന്നാണോ പറയാറ്? എന്തെങ്കിലും വാങ്ങിക്കൊണ്ടുവരാമെന്ന് വിചാരിച്ചിരുന്നു പക്ഷേ, ഒന്നും കിട്ടീല എന്നു പറയാറുണ്ടോ? അതോ എന്തെങ്കിലുമൊക്കെ വാങ്ങിക്കൊണ്ടുവരാമായിരുന്നില്ലേന്ന് പറഞ്ഞോ? എന്തു ചെയ്താലും എന്തെങ്കിലുമൊക്കെ കുറ്റം കണ്ടുപിടിക്കും എന്നു നിങ്ങൾ കേട്ടില്ലെന്ന് പറയരുത്. അങ്ങനെ ചെയ്തതിന്റെ പിന്നിൽ എന്തെങ്കിലും കാരണമില്ലാതെ വരില്ല എന്നാരോടാണ് നിങ്ങൾ പറഞ്ഞത്? ഇതൊക്കെ വായിച്ചിട്ട് ആ എന്തെങ്കിലുമാവട്ടെ എന്നു തോന്നുന്നുണ്ടോ? അതോ എന്തെങ്കിലുമൊക്കെ പറയാൻ തോന്നുന്നുണ്ടോ? നിന്നോടൊക്കെ എന്തെങ്കിലും പറയാൻ നിൽക്കുന്നവരെ പറഞ്ഞാൽ മതിയല്ലോന്നാണോ? ഇങ്ങനെയെന്തെങ്കിലും എഴുതുന്നതിനുപകരം എന്തെങ്കിലും രണ്ടുവരി മൂളിക്കൂടേന്ന് നിങ്ങൾ ചോദിക്കുമോ? ആരെങ്കിലും എന്തെങ്കിലും വിചാരിക്കുമോന്ന് കരുതിയിട്ട് ഞാൻ മൂളാതെയിരിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?
“മൌനം പോലും മധുരം...
ഉം.ഉം.ഉം...ഉം...ഉം...”
Labels: എന്താണോ എന്തോ
6 Comments:
'എന്തെങ്കിലും' ഒരു സംഭവം തന്ന്യാല്ലേ..........
എന്തെങ്കിലും ഒക്കെ എഴുതിയിട്ട് "എന്തെങ്കിലും" ഹെഡ്ഡിങ്ങ് ഇട്ട് എന്തെങ്കിലും കമന്റ് കിട്ടോന്ന് നോക്കല്ലേ
എന്തെങ്കിലും ഒക്കെ അവട്ടെ
എന്തായാലും കൊള്ളാം ഈ "എന്തെങ്കിലും" :)
ഇങ്ങനെ എന്തെങ്കിലുമൊക്കെ എഴുതിയാലും മതീല്ലോ :)
നിശബ്ദവീണ :) അതെയതെ. (വീണയെന്തിനു നിശബ്ദമായിരിക്കണം? സ്വരമുതിർക്കൂ).
ഹാഷിമേ :)എന്തൊക്കെയുണ്ട് വിശേഷങ്ങൾ? ഇങ്ങനെ എന്തെങ്കിലുമൊക്കെ എഴുതിയാലല്ലേ ഹാഷിം എന്തെങ്കിലുമൊക്കെ മിണ്ടാൻ വരൂ. അതുമല്ല, ഒന്നും എഴുതീല്ലെങ്കിൽ ഞാൻ ചത്തുപോയീന്ന് ഇവിടെല്ലാരും വിചാരിക്കൂലേ? ;)
ശ്രീ :) എന്തെങ്കിലുമൊക്കെ എഴുതാം.
എന്താണോ എന്തോ...
പി. ആർ. :)
ദിയ :)
Post a Comment
Subscribe to Post Comments [Atom]
<< Home