Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, July 20, 2011

ഹനുമാൻ സീതയെ കാണുന്നു

ഉദകനിധി നടുവിൽ മരുവും ത്രികൂടാദ്രിമേ-
ലുല്ലംഘിതേബ്ധൌ പവനാത്മജന്മനാ
ജനക നരപതി വരമകൾക്കും ദശാസ്യനും
ചെമ്മേ വിറച്ചിതു വാമഭാഗം തുലോം
ജനക നരപതി ദുഹൃതിവരനു ദക്ഷാംഗവും
ജാതനെന്നാകിൽ വരും സുഖദുഃഖവും
തദനു കപികുലപതി കടന്നിതു ലങ്കയിൽ
താനതി സൂക്ഷ്മശരീരനായ് രാത്രിയിൽ
ഉദിത രവികിരണരുചി പൂണ്ടൊരു ലങ്കയി-
ലൊക്കെത്തിരഞ്ഞാനൊരേടമൊഴിയാതെ
ദശവദന മണിനിലയമായിരിക്കും മമ
ദേവിയിരിപ്പേടമെന്നോർത്തു മാരുതി
കനകമണി നികരവിരചിത പുരിയിലെങ്ങുമേ
കാണാഞ്ഞു ലങ്കാവചനമോർത്തീടിനാൻ
ഉടമയൊടുമസുരപുരി കനിവിനൊടു ചൊല്ലിയോ-
രുദ്യാനദേശേ തിരഞ്ഞു തുടങ്ങിനാൻ
ഉപവനവുമമൃതസമസലിലയുതവാപിയു-
മുത്തുംഗ സൌധങ്ങളും ഗോപുരങ്ങളും
സഹജ സുത സചിവ ബലപതികൾ ഭവനങ്ങളും
സൌവർണ്ണ സാലധ്വജ പതാകങ്ങളും
ദശവദന മണിഭവനശോഭ കാണും വിധൌ
ദിക്പാലമന്ദിരം ധിക്കൃതമായ്‌വരും
കനകമണിരചിത ഭവനങ്ങളിലെങ്ങുമേ
കാണാഞ്ഞു പിന്നെയും നീളെ നോക്കും വിധൌ
കുസുമചയ സുരഭിയൊടു പവനനതിഗൂഢമായ്
കൂടെത്തടഞ്ഞു കൂട്ടിക്കൊണ്ടു പോയുടൻ
ഉപവനവുമുരുതരതരു പ്രവരങ്ങളു-
മുന്നതമായുള്ള ശിംശപാവൃക്ഷവും
അതിനികടമഖില ജഗദീശ്വരി തന്നെയു-
മാശുഗനാശു കാട്ടിക്കൊടുത്തീടിനാൻ
മലിനതര ചികുരവസനം പൂണ്ടു ദീനയായ്
മൈഥിലി താൻ കൃശഗാത്രിയായെത്രയും
ഭയ വിവശമവനിയിലുരുണ്ടും സദാഹൃദി
ഭർത്താവുതന്നെ നിനച്ചു നിനച്ചലം
നയന ജലമനവരതമൊഴുകിയൊഴുകിപ്പതി-
നാമത്തെ രാമ രാമേതി ജപിക്കയും
നിശിചരികൾ നടുവിലഴലൊടു മരുവുമീശ്വരി
നിത്യസ്വരൂപിണിയെക്കണ്ടു മാരുതി
വിടപിവരശിരസി നിബിഡച്ഛദാന്തർഗ്ഗതൻ
വിസ്മയം പൂണ്ടു മറഞ്ഞിരുന്നീടിനാൻ
ദിവസകരകുലപതി രഘൂത്തമൻ തന്നുടെ
ദേവിയാം സീതയെക്കണ്ടു കപിവരൻ
കമലമകളഖില ജഗദീശ്വരി തന്നുടൽ
കണ്ടേൻ കൃതാർത്ഥോസ്മ്യഹം കൃതാർത്ഥ്യോസ്മ്യഹം
ദിവസകരകുലപതി രഘൂത്തമൻ കാര്യവും
ദീനതയെന്നിയേ സാധിച്ചിതിന്നു ഞാൻ.

ദശരഥനു നാലു പുത്രന്മാർ - രാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ. രാമൻ, ജനകരാജാവിന്റെ പുത്രി സീതയെ വിവാഹം കഴിക്കുന്നു. രാമനെ അയോദ്ധ്യയുടെ രാജാവായി വാഴിക്കാൻ ദശരഥൻ തീരുമാനിക്കുന്നത് ഭരതന്റെ അമ്മയായ കൈകേയിക്ക് ഇഷ്ടമാകുന്നില്ല. കൈകേയി, തനിക്കു കിട്ടാനുണ്ടായിരുന്ന വരങ്ങൾ ആവശ്യപ്പെടുന്നു. രാമനെ കാട്ടിലേക്ക് പറഞ്ഞയക്കാൻ ദശരഥനോടു പറയുന്നു. കാട്ടിലേക്ക് രാമനും സീതയ്ക്കുമൊപ്പം ലക്ഷ്മണനും പോകുന്നു. കാട്ടിൽ താമസിക്കുമ്പോൾ, ലങ്കാരാജാവ് രാവണൻ സീതയെ
തട്ടിക്കൊണ്ടുപോകുന്നു. സീതയെത്തിരഞ്ഞ് രാമനും ലക്ഷ്മണനും സുഗ്രീവന്റെ രാജ്യത്ത് എത്തുന്നു. അവിടെനിന്ന്, സീതയെ കണ്ടുപിടിക്കാൻ, വാനരവീരനായ ഹനുമാൻ പുറപ്പെടുന്നു. ലങ്കയിലെത്തിയശേഷം കൊട്ടാരത്തിലൊക്കെ സീതയെ അന്വേഷിച്ചുനടക്കുന്ന ഭാഗമാണിത്. ഒടുവിൽ, സീതയെ വൃക്ഷച്ചുവട്ടിൽ കണ്ടെത്തുന്നു.

(അദ്ധ്യാത്മരാമായണത്തിൽ നിന്നും ഈ കർക്കടകമാസത്തിൽ)

Labels: , , ,

3 Comments:

Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"ഭയ വിവശമവനിയിലിരുണ്ടും സദാഹൃദി"

അവനിയിലുരുണ്ടും എന്നാണൊ ഒന്നു നോക്കുമൊ?

Thu Jul 21, 05:24:00 pm IST  
Blogger സു | Su said...

പണിക്കർ ജീ :) തെറ്റിപ്പോയതാണ്. തിരുത്തി. നന്ദി. (ഇവിടെ ഇല്ലായിരുന്നു. അതാണ് വൈകിയത്).

Mon Aug 08, 09:17:00 am IST  
Blogger  sabukeralam wings of charity said...

ആശംസകളോടെ

sabukeralam.blogspot.com

Mon Sept 19, 10:34:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home