Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, September 29, 2011

മാലിനിയുടെ കഥ

കുഞ്ഞുടൈം‌പീസ് പാട്ടുപാടിത്തുടങ്ങിയപ്പോൾത്തന്നെ അവൾ അതിനെ മിണ്ടാതാക്കി. അതിന്റെ പാട്ടു കേൾക്കുന്നതിനു മുമ്പേ ഉണർന്നെന്ന് അതിനു തോന്നാതിരിക്കാനാണ് അവൾ അല്പസമയം കാത്തുനിന്നത് എന്നവൾ ആശ്വസിക്കുകയും ചെയ്തു.

തിരക്കാനൊന്നുമില്ല. എന്നാലും പല്ലുതേച്ച് മുഖം കഴുകിയതും അവൾ അടുക്കളയിലേക്കു നടന്നു. ലൈറ്റിട്ടു, ജനൽ തുറന്നു. എല്ലാം പതിവുപോലെ. പാലെടുത്തു ചൂടാക്കാൻ വച്ച്, അതു തിളയ്ക്കുന്നതും നോക്കി നിൽക്കുമ്പോഴാണ് അവൾക്ക് കാത്തുനില്പിനെക്കുറിച്ച് ഓർമ്മവന്നത്. എഴുതിത്തുടങ്ങിയ കഥയിലെ മാലിനി. ബസ്‌സ്റ്റോപ്പിൽ കാത്തുനിർത്തിയിട്ടുണ്ട്. മാലിനി, ഒരു വലിയ തുണിക്കടയിൽ സെയിൽ‌സ്ഗേളാണ്. കുഞ്ഞിന് ചുട്ടുപൊള്ളുന്ന പനിയായിട്ടും വരേണ്ടിവന്നത്, തുച്ഛമായ ശമ്പളത്തിൽ നിന്ന് അല്പംകൂടെ കുറയരുതെന്നു വിചാരിച്ചാണ്. രണ്ടുദിവസം വരാൻ കഴിഞ്ഞില്ല. ഇനി വേഗം വീട്ടിലെത്തിയിട്ടുവേണം കുഞ്ഞിനെ നോക്കാൻ. ഓട്ടോറിക്ഷയിൽ കയറാ‍നുള്ള കാശ് മാലിനിയ്ക്ക് എവിടെനിന്നാണ്. ഇതൊക്കെയാണ് ഇന്നലെ എഴുതിയത്. വിഷാദിച്ചു നിന്ന മാലിനിയുടെ മുന്നിലേക്ക് ഒരു കാർ വന്നു പെട്ടെന്നു നിന്നു, എന്നാണ് എഴുതിനിർത്തിയിരിക്കുന്നത്. ഇനി കഥ എങ്ങോട്ടുവേണമെങ്കിലും കൊണ്ടുപോകാം. ജീവിതമാണെങ്കിൽ എഴുതിവെച്ചിട്ടുണ്ടാവുമല്ലോ. മാലിനിയുടെ വേദനിക്കുന്ന ജീവിതം അക്ഷരങ്ങളിലൂടെ തെളിയിക്കാം. ഇതൊന്നും നടക്കാത്തതുമല്ലല്ലോ.

“അമ്മേ എന്റെ ബ്രഷ് കാണുന്നില്ല.” ഇനി കഥ അവിടെത്തന്നെ വിട്ടേക്കണം. ഇനി ജീവിതമാണ്. ബ്രഷ്, തോർത്ത്, ചായ, പലഹാരം, സോക്സ്, ലഞ്ച്ബോക്സ്... ഇതിലൊന്നും ഒരു മാറ്റവുമില്ല. രാവിലെ എണീറ്റ് ബാൽക്കണിയുടെ വാതിൽ തുറന്നിട്ട്, അല്പം തണുപ്പുള്ള നിലത്തിരുന്ന്, കുളിർകാറ്റേറ്റ് ഒരു കഥ എഴുതുന്നത് ആലോചിച്ചപ്പോൾത്തന്നെ അവൾ സ്വയം പരിഹസിച്ചു ചിരിച്ചു. ഇതിനെ ഒരു കഥാകാരിയുടെ വെറുതേയുള്ള സ്വപ്നം എന്ന തലക്കെട്ടിൽ നിർത്താം.

എന്തായാലും ഉച്ചയ്ക്ക് അവളുടേതായ ലോകമാണ്. വായന, എഴുത്ത്, ചാനലുകളിൽ അലഞ്ഞുനടക്കൽ, ഉറക്കം.

മയങ്ങിക്കാണണം.

“ചേച്ചീ”

“ആരാ?”

“ഞാൻ മാലിനി.”

“ഏതു മാലിനി?”

“ചേച്ചി ബസ്‌സ്റ്റോപ്പിൽ നിർത്തിയില്ലേ?”

“അയ്യോ...കഥ...മാലിനി.”

“അതെ.”

“എന്താ ഇവിടെ?”

“കുറച്ചു കാര്യങ്ങൾ തുറന്നുപറയാനുണ്ടായിരുന്നു.”

“എന്ത്?”

“ചേച്ചി കഥ നിർത്തിയിടം കണ്ടു.”

മാലിനി, അവളുടെ പുസ്തകം തുറന്ന് വായന തുടങ്ങി.

“വിഷാദത്തോടെ നിന്ന മാലിനി, വിയർപ്പ് സാരിത്തുമ്പുകൊണ്ടാണ് ഒപ്പിയിരുന്നത്. അവളുടെ വിഷാദത്തിനു കാരണം ഇരുട്ടായി എന്നതുമാത്രമായിരുന്നില്ല. കുഞ്ഞിനെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയില്ലെങ്കിൽ ഇന്നും പേടിച്ചുപേടിച്ച് രാത്രി കഴിച്ചുകൂട്ടണം. എന്തു പനിയാണിത്. ഇതൊക്കെ ഓർത്തുനിൽക്കുമ്പോഴാണ് അവളുടെ മുന്നിലേക്ക് ഒരു കാർ വന്ന് പെട്ടെന്ന് നിന്നത്.”

“ഇതല്ലേ ചേച്ചി നിർത്തിയത്?”

“അതെ. പക്ഷെ. ഇതൊക്കെ വെറും ഭാവനകളല്ലേ.”

“അല്ലെങ്കിലോ? എന്നെ കാണുന്നതുപോലെ സത്യമാണെങ്കിലോ?”

“അതെങ്ങനെയാണ് ശരിയാവുന്നത്?”

“ശരിയാവും. കാർ വന്നു നിന്നു. മാലിനിയെ അതിലേക്ക് ബലമായി പിടിച്ചുകയറ്റി. കാർ വിട്ടു പോയി. പിന്നെ മാലിനിയെക്കുറിച്ച് പത്രവാർത്തകളിൽനിന്നാണ് അറിയുന്നത് എന്നൊക്കെയല്ലേ ഇനി എഴുതാൻ പോകുന്നത്?”

“അത്...ഞാൻ...”

“രാവിലെ മുതൽ വൈകുന്നേരം വരെ പലതരം മനുഷ്യരെക്കണ്ടും, പലതരം വസ്ത്രങ്ങളുടെ പളപളപ്പു കണ്ടും നിൽക്കുന്ന സെയിൽ‌സ്ഗേൾസിനെക്കുറിച്ച് പലർക്കും ഒന്നും അറിയുകയുണ്ടാവില്ല. വിശന്നും വിയർത്തും വിഷാദിച്ചും, ഒരു മാസം തള്ളി നീക്കി, അല്പം നോട്ടുകൾക്കു കൈനീട്ടുന്നവരെക്കുറിച്ച് അവിടെവരുന്ന ആരും ചിന്തിക്കില്ല. എന്തൊക്കെ വിഷമങ്ങളുണ്ടാവും എന്നും ആരും അറിയില്ല.”

“അത്രയ്ക്കൊന്നും ഞാനും ചിന്തിച്ചില്ല.”

“ചേച്ചിയ്ക്ക് എന്തെങ്കിലുമൊക്കെ ഊഹിച്ച് എഴുതിയാൽ മതിയല്ലോ. പക്ഷെ, ഞാൻ വന്ന സ്ഥിതിയ്ക്ക് ഇനി കഥ മാറ്റിയെഴുതണം. കാർ വന്നു പിടിച്ചുകൊണ്ടുപോയി എന്നെഴുതരുത്. വായിക്കുന്നവർ കുറച്ചുകൂടെ കൂട്ടി വായിക്കും.”

വൈകുന്നേരം ആയിട്ടും അവൾക്ക് സ്വപ്നമായിരുന്നോ സത്യമായിരുന്നോ എന്നു മനസ്സിലായില്ല.

എന്തായാലും ജോലിയൊക്കെക്കഴിഞ്ഞ് എഴുതാനിരുന്നപ്പോൾ അവൾ എഴുതി.

“വിഷാദിച്ചു നിന്ന മാലിനിയുടെ മുന്നിലേക്ക് ഒരു കാർ വന്നു നിന്നു. “മാലിനീ” എന്ന വിളി കേട്ടുനോക്കിയപ്പോൾ അവളുടെ കൂടെ സ്കൂളിലും കോളേജിലും പഠിച്ചിരുന്ന സദാശിവനാണ്. അയാളുടെ വീട്, അവളുടെ ഭർത്താവിന്റെ വീട്ടിനടുത്തുമാണ്. “ഈ വഴിക്കുള്ള ബസ്സൊക്കെ പെട്ടെന്ന് പണിമുടക്കിയതാണ്. വെറുതേ കാത്തുനിൽക്കേണ്ട.” എന്നു പറഞ്ഞപ്പോൾ അവളും കാറിലേക്കു കയറി.”

ഇനി ഇതിനു മാലിനി എന്തു പറയുമോയെന്തോ! നാളെ വരുമായിരിക്കും. തുടർന്ന് എഴുതാനുള്ളതൊക്കെ പിന്നീടെഴുതാം.

കഥകൾ എങ്ങനെ വേണമെങ്കിലും മാറ്റാം. ജീവിതം എഴുതിവച്ചയാളിനോട്, ജീവിച്ചുകൊണ്ടിരിക്കുന്നവർക്ക് ചോദ്യങ്ങൾ ചോദിക്കണമെങ്കിൽ എവിടെപ്പോയി ചോദിക്കണം!

Labels:

8 Comments:

Blogger Saha said...

സൂ ഇനി സാരി വാങ്ങാന്‍ പോകുമ്പോള്‍, “ഇത് ചേച്ചി വാങ്ങേണ്ട, കളര്‍ മങ്ങിപ്പോകും, മറ്റേത് അല്പം പഴയ ഐറ്റമാണ്“ എന്നെല്ലാം പറഞ്ഞ് “മാലിനി” അടുത്തുകൂടും. അപ്പോള്‍ ആര് ആരെ തിരിച്ചറിയും? :)

ഇക്കഥ, ജീവിതത്തിന്റെ അറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍, ടെലി-കോളര്‍ ആയി ജോലി ചെയ്തിരുന്ന, എന്റെ ഒരു സുഹൃത്തിനെ ഓര്‍മിപ്പിച്ചു.
ഒരു ദിവസം ഈ കക്ഷി ക്രെഡിറ്റ് കാര്‍ഡ് വേണോ എന്നു ചോദിച്ച് വിളിച്ചപ്പോള്‍,
“പ്രിയാ, എന്റെ കയ്യില്‍, നിങ്ങളുടെ തന്നെ ഒരു കാര്‍ഡ് ഉണ്ടല്ലോ!? അതുകൊണ്ട്, ഇതുവേണ്ട. നന്ദി” എന്നു പറഞ്ഞശേഷം, ഫോണ്‍ കട്ട് ചെയ്തു. ഒരല്പം കഴിഞ്ഞപ്പോള്‍ തിരികെ ഒരു വിളി:
“സര്‍! കൂടുതല്‍ ആള്‍ക്കാരും ഒന്നു മറുപടി പറയാന്‍ പോലും പറയാതെ ഫോണ്‍ കട്ട് ചെയ്യും. ഇനി ചില കൂട്ടര്‍ ആക്രോശിക്കും.
സാര്‍ കാണിച്ച കര്‍ടസിക്ക് ഒത്തിരി നന്ദി“, എന്ന് പറഞ്ഞ ശബ്ദത്തിന് ഒരു കരച്ചിലോളം നനവുണ്ടായിരുന്നു.

“നീ നിന്റെ ജോലി ചെയ്യുന്നു. അതിന് നിന്നെ ഞാനെന്തിന് അപമാനിക്കണം? പിന്നെ ആള്‍ക്കാര്‍ പല തരക്കാരും, പല തെരക്കിലുമൊക്കെ ആയിരിക്കില്ലേ?” എന്നു തിരിച്ചുചോദിച്ചു. “തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല; അതുകൊണ്ട് അതൊന്നും കാര്യമാക്കേണ്ട്. പിന്നെ, ഈ ചീത്തവിളികള്‍ കേള്‍ക്കേണ്ടെങ്കില്‍ കുറച്ചുകൂടെ പഠിക്ക്, പ്രൈവറ്റ് ആയെങ്കിലും”.

അങ്ങനെ പിന്നെയും നീണ്ടുപോയ ഒരു കഥ.....

Fri Sept 30, 12:21:00 am IST  
Blogger സു | Su said...

സഹ :) ചില ജീവിതങ്ങൾ അങ്ങനെയൊക്കെയാണ്. “മാലിനി” കളെയൊന്നും ആശ്രയിക്കാറില്ല. അവരു പറയുന്നതും കേട്ട് വാങ്ങി, പിന്നെ അവരെ കുറ്റം പറയേണ്ടല്ലോ എന്നു വിചാരിച്ചു മാത്രം. എന്നാലും അവരെ അറിയാൻ ശ്രമിക്കാറുണ്ട്.

വായിക്കാൻ വന്നതിനു നന്ദിയും മിണ്ടിയതിനു വല്യൊരു നന്ദിയും പറഞ്ഞ് അതിന്റെ വില കളയുന്നില്ല. :))

Fri Sept 30, 11:35:00 am IST  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇനി കൂട്ടി വായിപ്പിക്കുന്നതിനു മുന്നെ അവളെ പ്രശ്നമൊന്നും ഇല്ലാതെ വീട്ടില്‍ കൊണ്ടു വിട്ടേറെ അല്ലെങ്കില്‍ സദാശിവനെ ഒരു ഡോക്റ്റരാക്കി കൊച്ചിനെ ചികില്‍സിപ്പിച്ചേരെ
:)

Sat Oct 01, 08:52:00 am IST  
Blogger സു | Su said...

പണിക്കർ ജീ :) കഥ എങ്ങനെ വേണമെങ്കിലും മാറ്റാം അല്ലേ?

Mon Oct 10, 07:48:00 pm IST  
Blogger kanakkoor said...

കഥാപാത്രങ്ങള്‍ എഴുത്തുകാരനെ അല്ലങ്കില്‍ എഴുത്തുകാരിയെ തേടിവരുന്നു. അവരുടെ ചോദ്യങ്ങളില്‍ സൃഷ്ടാവ് പകച്ചുനില്‍ക്കുന്നു. ഓരോ സൃഷ്ടാക്കളും അവരുടെ പാത്രങ്ങളുടെ മനസ്സിനെ കടന്നു പോകേണ്ടവരാണ്. ഒരു പൊട്ടിച്ചിരിയോ നിലവിളിയോ ആയി അവര്‍ നമ്മെ പിന്തുടരും.
നല്ല ഒരു കഥ.

Thu Oct 13, 07:35:00 am IST  
Blogger സു | Su said...

കണക്കൂർ :)

Fri Oct 14, 10:14:00 am IST  
Blogger VR1 said...

ഈ പീഡനകാലത്ത് സദാശിവനാണെങ്കിലും ഭയക്കാതിരിക്കാന്‍ മാലിനിക്കു സാധിക്കുമോ? ശുഭാപ്തി പകരുന്ന ഒരു കഥ എഴുതാന്‍ എത്ര ദുരന്തസാധ്യതകള്‍ ഒഴിവാക്കണം?

Tue Nov 01, 08:42:00 pm IST  
Blogger സുരേഷ് സി. കുറുപ്പ് said...

A nice piece of writing.

www.aksharavanika.blogspot.com

Fri Dec 16, 01:20:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home