തിരിച്ചറിവുകൾ
വിഷമിക്കുന്ന മനസ്സുമായി മരണവീട്ടിലേക്കു കയറിച്ചെല്ലുമ്പോൾ, താഴ്ന്നസ്വരത്തിൽ സംസാരിച്ചുകൊണ്ട് പലരും അവിടെ കൂടിനിൽപ്പുണ്ടായിരുന്നു. ഏഴോ എട്ടോ മാസത്തെ പരിചയമേ അവൾക്ക് മിസ്സിസ്സ് എമ്മിനോട് ഉണ്ടായിരുന്നുള്ളൂ. എല്ലാ മാസത്തേയും രണ്ടാം ശനിയാഴ്ചയിൽ, ലേഡീസ് ക്ലബ്ബ് എന്നറിയപ്പെടുന്ന, എന്നാൽ ശരിക്കും പൊങ്ങച്ച ക്ലബ്ബെന്ന് പേരിടേണ്ടുന്ന ക്ലബ്ബിൽ വച്ചാണ് ആ കോളനിയിലെ പല സ്ത്രീകളേയും പരിചയപ്പെട്ടതുപോലെ അവരേയും പരിചയപ്പെട്ടത്. വർഷങ്ങളോളം അവർ വിദേശത്തായിരുന്നുവെന്നും ഇനി നാട്ടിൽ തന്നെയുണ്ടാവുമെന്നും മറ്റുള്ളവരിൽ നിന്നാണ് അവൾ അറിഞ്ഞത്. ആദ്യമായിട്ട് കണ്ടപ്പോൾ ‘എന്താ പേര്?’ എന്ന് അവർ അവരുടെ തണുത്തകൈക്കുള്ളിൽ അവളുടെ കൈ കൂട്ടിപ്പിടിച്ച് ചോദിച്ചപ്പോഴാണ് അവരുടെ സൌഹൃദം, പരിചയം തുടങ്ങുന്നത്. പിന്നെപ്പിന്നെ അത്യാവശ്യം മിണ്ടുകയും വിവരങ്ങൾ തിരക്കുകയുമല്ലാതെ അത്ര വലിയ അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. പലർക്കും അവരോട് എന്തോ ഒരു അതൃപ്തി ഉണ്ടായിരുന്നുവെന്ന് അവൾ മനസ്സിലാക്കിയിരുന്നെങ്കിലും അതിന്റെ കാരണം അവൾക്ക് മനസ്സിലായിരുന്നില്ല.
അവരെ കിടത്തിയതിനുചുറ്റും പലരും ഇരിപ്പുണ്ട്. ചിലരൊക്കെ ലേഡീസ് ക്ലബ്ബിലെ സ്ത്രീകളാണെന്ന് അവൾക്കറിയാം. ബാക്കിയുള്ളവർ ബന്ധുക്കളോ അവരുടെ അടുത്ത സുഹൃത്തുക്കളോ ആയിരിക്കണം. അവൾ അവിടെ ഒരുവശത്ത് ഇരുന്നു.
അവളുടെ കണ്ണുകൾ അലഞ്ഞുതിരിഞ്ഞ്, മിസ്സിസ്സ് പി യിൽ എത്തി നിന്നു. അവരുടെ ഭാവം കണ്ടാൽ കാര്യമായെന്തോ നഷ്ടപ്പെട്ടതുപോലെയാണ്. അവരിൽ നിന്നും നോട്ടം അവൾ മിസ്സിസ്സ് എമ്മിലേക്കു മാറ്റി. അവൾക്കു വിശ്വസിക്കാൻ പ്രയാസം തോന്നി. അവർ പുഞ്ചിരിക്കുന്നു. “കഴിഞ്ഞയാഴ്ച ഞാൻ വരാൻ വൈകിയപ്പോൾ മിസ്സിസ്സ് പി പറഞ്ഞത് ഓർമ്മയില്ലേ?” മിസ്സിസ്സ് എമ്മിന്റെ സ്വരം അവൾ കേട്ടു. “വയസ്സായില്ലേ, ഇനി കൃത്യനിഷ്ഠതയൊന്നും കാണില്ല എന്ന്.” അവൾ കണ്ണുകൾ ഒന്ന് ചിമ്മിത്തുറന്നു, ചുറ്റും നോക്കി. എന്നിട്ട് മിസ്സിസ്സ് എമ്മിന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി. അവരിപ്പോ തന്നോട് പറഞ്ഞതുതന്നെയാണോ അത്! പക്ഷേ, ഒരു കാര്യം ശരിയാണ് മിസ്സിസ്സ് പി അങ്ങനെ പറഞ്ഞിരുന്നു. അവൾ ലേഡീസ് ക്ലബ്ബിലേക്കു കയറിച്ചെല്ലുമ്പോഴാണ് അവരങ്ങനെ പറയുന്നത് കേട്ടത്.
അവൾ മിസ്സിസ്സ് എമ്മിന്റെ നേർക്കു നോക്കാൻ മടിച്ച് ചുറ്റും നോക്കിക്കൊണ്ട് ഇരുന്നു. രാജിയും ശ്രീലതയും ഇരിപ്പുണ്ട്. കരഞ്ഞുതളർന്ന് ഇരിക്കുന്നതുപോലെ. “പാവങ്ങൾ.” അവൾ മിസ്സിസ്സ് എമ്മിന്റെ ശബ്ദം വീണ്ടും കേട്ടു. ‘ക്ലബ്ബിൽ വരുമ്പോഴെങ്കിലും കുറച്ച് ഹെയർ ഡൈയൊക്കെ പുരട്ടിവന്നൂടേ ഇതിന്? വിദേശത്തായിരുന്നെന്ന് ആരെങ്കിലും പറയുമോ’ എന്നു ചർച്ച ചെയ്ത് രാജിയും ശ്രീലതയും കുട്ടിയുടെ മുന്നിൽ വെച്ചല്ലേ ചിരിച്ചത്?” മിസ്സിസ്സ് എമ്മിന്റെ മുഖത്തേക്കു നോക്കാൻ അവൾക്ക് പേടിയായെങ്കിലും നോക്കാതിരിക്കാൻ കഴിഞ്ഞില്ല. അവർ പ്രസംഗിച്ചുകൊണ്ടുനിന്നപ്പോഴാണ് രാജിയും ശ്രീലതയും അവരുടെ കുറ്റം പറഞ്ഞ് ചിരിച്ചുകൊണ്ടിരുന്നത്. അവളതൊക്കെ കേൾക്കുന്നുണ്ടായിരുന്നെങ്കിലും അതിനൊട്ടും പ്രാധാന്യം കൊടുത്തില്ല. അവരുടെ ചർച്ചയിൽ പങ്കുചേർന്നുമില്ല. അവരെങ്ങനെ നടന്നാലെന്താ എന്നു ചോദിച്ചതുമില്ല. കാരണം, ലേഡീസ് ക്ലബ്ബിലെ എല്ലാവരുമായിട്ടും അവൾക്ക് ഒരുപോലെയായിരുന്നു സൌഹൃദം. കൂടുതലുമില്ല, കുറവുമില്ല.
ശ്രീലതയ്ക്കും രാജിയ്ക്കും അടുത്തുണ്ടായിരുന്നത് ജാനകിയാണ്. ജാനകി ഒരു പാവമാണ് എന്ന് അവൾക്കു തോന്നിയിരുന്നു. അധികം ആർഭാടവും പൊങ്ങച്ചവുമൊന്നും കാണിക്കുന്നത് കണ്ടിട്ടില്ല. അധികം അടുപ്പവും ആരോടും ഉണ്ടായിരുന്നില്ല. വരുന്നു, മിണ്ടുന്നു, പോകുന്നു. അത്രമാത്രം. എന്നാലും, ജാനകിയും എന്തെങ്കിലും പറഞ്ഞുകാണുമോയെന്ന ആകാംക്ഷയിൽ അവൾ മിസ്സിസ്സ് എമ്മിന്റെ മുഖത്തേക്കു നോക്കി. അവളുടെ പേടി എങ്ങനെയോ കുറഞ്ഞിരുന്നു. അവരുടെ മുഖത്ത് പുഞ്ചിരി കണ്ടപ്പോൾ അവൾക്കു തീർച്ചയായി. ജാനകിയെക്കുറിച്ചും അവർക്കെന്തോ പറയാനുണ്ട്. “കുട്ടി കരുതിയത് ശരിയാണ്. ഇലക്ഷനിൽ എനിക്കു വോട്ടു തരാമെന്നുറപ്പു പറഞ്ഞിട്ട് അവൾ വോട്ടുകൊടുത്തത് മിസ്സിസ്സ് പിയ്ക്കായിരുന്നു. പി എന്തെങ്കിലും ഉപകാരം ചെയ്യുമെന്ന് ഏറ്റുകാണും. ജാനകി തന്നോടു പറഞ്ഞത് “ആർക്കുകൊടുക്കണം എന്ന കൺഫ്യൂഷനിലാണെ“ന്നാണ്. മിസ്സിസ്സ് എമ്മിനു തീർച്ചയായും കൊടുക്കുമെന്നു പറഞ്ഞതും, മിസ്സിസ്സ് പിയ്ക്കാണു വോട്ടു കൊടുത്തതതെന്നും താൻ അറിഞ്ഞ കാര്യം അവളോർമ്മിച്ചു.
ഇനിയും ഇരുന്നാൽ പലരും പറഞ്ഞതും കേട്ടതും തനിക്കു തിരിച്ചറിയേണ്ടിവരുമെന്ന് അവൾക്കു മനസ്സിലായി. ഒന്നും മിണ്ടാതെ തന്നെ അവൾ എണീറ്റ് വീട്ടിലേക്കു നടന്നു. താനെന്തെങ്കിലും അവർക്കെതിരായി പറഞ്ഞോ? ഉണ്ടാവാൻ സാദ്ധ്യതയില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ അവർ ആദ്യം തന്നെ പറഞ്ഞേനെ. ഇനിയും അവിടെത്തന്നെ ഇരുന്നെങ്കിൽ ശരിക്കും എന്തൊക്കെ കേട്ടേനെ. ഇതൊക്കെ തോന്നലാണോ, ശരിക്കും നടന്നതാണോയെന്നൊക്കെ അറിഞ്ഞെടുക്കാൻ ശ്രമിച്ച് അവൾ നടത്തം തുടർന്നു. നടത്തത്തിനിടയിൽ അവൾ ചിന്തിച്ചിരുന്നത്, മരിക്കുന്നതിനുമുമ്പാണോ, മരിച്ചതിനുശേഷമാണോ അവരിതൊക്കെ അറിഞ്ഞത് എന്നാണ്.
പിറ്റേ ദിവസം പത്രത്തിൽനിന്നാണ് അവരെക്കുറിച്ച് കൂടുതലായി അവൾ അറിഞ്ഞത്. അവൾ മനസ്സിലാക്കിയിരുന്നതിലും കൂടുതൽ കാരുണ്യപ്രവർത്തനങ്ങൾ അവർ ചെയ്യുന്നുണ്ടായിരുന്നു. അവരുടെ ക്ലബ്ബിന്റെ വകയായി എല്ലാവരും ചേർന്ന് ചെയ്യുന്ന സാമൂഹ്യപ്രവർത്തനങ്ങളിൽ ക്ലബ്ബിന്റെ പേര് ഉയർത്തിക്കാട്ടി നാലുപേരുടെ മുന്നിൽ പൊങ്ങച്ചം കാണിക്കാൻ അവർ ആരേയും അനുവദിച്ചിരുന്നില്ല. ഒരുമിച്ചുചേരുമ്പോൾ ആർഭാടം കാണിക്കാനുള്ള വേദിയായി ആ ക്ലബ്ബ് മാറുന്നതിനെതിരെ അവർ എപ്പോഴും പറയുകയും ചെയ്തിരുന്നു. ഇതൊക്കെയാവണം, പലരും അവർക്ക് എതിരായത്. അവരുടെ ചിത്രത്തിലേക്കു നോക്കിയിരിക്കുമ്പോൾ, അവരുടെ ഭാഗത്തുനിന്ന്, സംസാരിക്കണം എന്നു തോന്നിയിട്ടും, വിഴുങ്ങിക്കളഞ്ഞ വാക്കുകൾ അവൾക്ക് ഓർമ്മ വന്നു. വെറുതെ എന്തിനു മറ്റുള്ളവരുടെ അപ്രിയം സമ്പാദിക്കണം എന്ന് തോന്നിയിരുന്നു അന്നൊക്കെ എന്നത് അവളെ ഇപ്പോൾ ലജ്ജിപ്പിച്ചു. ഇനിയിപ്പോൾ ഒന്നും പറഞ്ഞിട്ടു കാര്യമില്ല.
അടുത്തമാസത്തെ മീറ്റിംഗ് മൂന്നു മണിക്കു പകരം നാലുമണിക്കാണ് തുടങ്ങുന്നതെന്നു പറയാൻ ഒരുദിവസം രാജി വിളിച്ചപ്പോൾ അവൾ പറഞ്ഞു. “ഞാനിനി അങ്ങോട്ടില്ല. എല്ലാ ശനിയാഴ്ചകളിലും ചിഞ്ചുവിന് ഡാൻസ് ക്ലാസ്സുണ്ട്. കൂട്ടിക്കൊണ്ടുപോവാതെ പറ്റില്ല.” രാജി പലതും പറയാൻ ശ്രമിച്ചെങ്കിലും തന്റെ തീരുമാനത്തിൽ നിന്ന് മാറ്റമില്ലെന്ന് അവൾ പറഞ്ഞു.
ഇനി രണ്ടാഴ്ച, അല്ലെങ്കിൽ പുതിയതെന്തെങ്കിലും കിട്ടുന്നതുവരെ, തന്നെക്കുറിച്ചായിരിക്കും കുറ്റം പറച്ചിലെന്നോർത്ത് അവൾ മിസ്സിസ്സ് എം പുഞ്ചിരിക്കുന്നതുപോലെ വിശാലമായിട്ട് ഒന്നു പുഞ്ചിരിച്ചു. ആരോ എന്തോ പറഞ്ഞോട്ടെ എന്നു വിചാരിക്കുകയും ചെയ്തു തനിക്കു ചെയ്യാനുള്ള ജോലികളിലേക്കു മടങ്ങി.
Labels: കഥ
3 Comments:
ദിയ :) കുറേ നാളായല്ലോ കണ്ടിട്ട്?
കുറച്ചു നാളായി തിരക്കായി പോയി സൂവേച്ചി...:)
ദിയ :) തിരക്കില്ലാത്തപ്പോൾ, വല്ലപ്പോഴും ഈ വഴി വരൂ.
Post a Comment
Subscribe to Post Comments [Atom]
<< Home