Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, June 12, 2012

ഓടുന്ന പടികൾ

ഓടുന്ന പടികൾ എന്നു ഞാൻ പറയുമ്പോൾ നിങ്ങൾ അതിനെക്കുറിച്ചാലോചിച്ചു തലപുണ്ണാക്കേണ്ട. ഓടുന്ന പടികൾ എന്നു പറഞ്ഞാൽ എസ്കലേറ്റർ. നിങ്ങളൊക്കെ എസ്കലേറ്ററിൽ കയറാറുണ്ടാവും അല്ലെങ്കിൽ കയറിയിട്ടുണ്ടാവും അല്ലേ? എന്നാ ഇങ്ങളൊക്കെ ബല്യേ പുല്യേളാണുട്ടോ.

ഞങ്ങൾ പണ്ടൊരിക്കൽ ബംഗളൂരുവിൽ പോയപ്പോഴാണ് എസ്കലേറ്ററിൽ കയറാൻ അവസരം വന്നത്. അത്രയൊന്നും വലുതല്ലാത്ത ഒരു ഷോപ്പിംഗ് സെന്റർ ആയിരുന്നു. അതിനുപോലും എസ്കലേറ്റർ ഉണ്ട്. സിനിമയിലൊക്കെ താരങ്ങൾ എസ്കലേറ്ററിൽ നിന്നു ചിരിച്ചുംകൊണ്ടിറങ്ങിവരുന്നതാണല്ലോ ഞാൻ കണ്ടിട്ടുള്ളത്. എന്റെ ഒരു വിചാരത്തിൽ അതൊരു മഹാസംഭവം ആണ്. വെറുതെ നിന്നുകൊടുത്താൽ മതി. പടി നമ്മളെ മേലോട്ടും താഴോട്ടും കൊണ്ടുപോകും. ഒരു അദ്ധ്വാനവുമില്ല എന്നൊക്കെയാണ് ഞാൻ മനസ്സിലാക്കി സന്തോഷിച്ച് ഇരുന്നിട്ടുള്ളത്. അങ്ങനെ ബംഗളൂരുവിൽ ഷോപ്പിംഗ്സെന്ററിൽ താഴെ നിന്ന് ഒരു വല്യ പെട്ടി (ട്രോളി ബാഗ്) വാങ്ങി. മുകളിൽ പോകണം. അവിടെനിന്ന് കുട്ടികൾക്കൊക്കെ എന്തെങ്കിലും വാങ്ങാമെന്നു കരുതി. എസ്കലേറ്ററിന്റെ അടുത്തു ചെന്നു. ചേട്ടൻ പെട്ടിയും കൊണ്ട് അതിൽ കയറി. കയറിയതും വീഴാൻ പോയി. പിന്നെ എങ്ങനെയൊക്കെയോ പിടിച്ചുനിന്നു. ഞാൻ പേടിച്ചുപോയി. അതിൽ കയറാൻ പോയില്ല. അതിന്റെ കുറച്ചുമാറി ഒരു സെക്യൂരിറ്റി ആൾ ഇരിക്കുന്നുണ്ട്. അയാൾ പറഞ്ഞു, ഒന്നും പേടിക്കാനില്ല, ധൈര്യമായിട്ടു കയറിക്കോ എന്ന്. ചേട്ടൻ വീഴാൻ പോയതുകണ്ടു പേടിച്ച ഞാൻ എസ്കലേറ്ററിന്റെ ഭാഗത്തേക്കു നോക്കുകപോലും ഇല്ല, പിന്നെയല്ലേ അതിൽ കയറൽ എന്ന ഭാവത്തിൽ അയാളെ ഒന്നു നോക്കി, ഷോപ്പിംഗ് സെന്ററിന്റെ മുകളിലേക്കുള്ള പടികൾ സാവധാനം കയറിപ്പോയി. പിന്നെ ഞാൻ എവിടെപ്പോയാലും എസ്കലേറ്ററിൽ കയറുന്നത് എനിക്കലർജിയാണ്, അല്ലെങ്കിൽ അതിൽ കയറരുതെന്ന് ഞങ്ങളുടെ കുടുംബജ്യോത്സ്യൻ പറഞ്ഞിട്ടുണ്ട് എന്ന മട്ടിൽ പെരുമാറിത്തുടങ്ങി. ലിഫ്റ്റുണ്ടെങ്കിൽ പിന്നെ എന്തിനു പേടിക്കണം, പടികൾ കയറി വണ്ണം കുറയ്ക്കാതെതന്നെ മുകളിലെത്താമല്ലോ. എവിടുന്നോ ഒരിക്കൽ കയറിയോ എന്നു സംശയം ഉണ്ട്. അതെന്തായാലും പേടിച്ചുവിറച്ചായിരിക്കും.

കഴിഞ്ഞ വർഷം അമ്മയുടെ പിറന്നാൾ പ്രമാണിച്ച് അമ്മയ്ക്കു ഷോപ്പിങ്ങിനു പോകണം. ചേട്ടന് അസുഖം, അപകടം എന്നിവ കാരണം എനിക്ക് അമ്മയോടൊപ്പം പോകാൻ കഴിയുമായിരുന്നില്ല. അമ്മയും അച്ഛനും അനിയത്തിയും കൂടെ പോയി. അമ്മയ്ക്ക് പിറന്നാളായാൽ മക്കൾക്കും പേരക്കുട്ടികൾക്കുമൊക്കെ സമ്മാനം വാങ്ങിക്കൊടുക്കുന്ന പരിപാടിയുണ്ട്. മക്കൾ എന്നുപറഞ്ഞാൽ സ്വന്തം മക്കൾ മാത്രമല്ല. അച്ഛന്റെ സഹോദരങ്ങളുടെ മക്കൾ, അമ്മയുടെ സഹോദരങ്ങളുടെ മക്കൾ. ഒരുപാടുപേരുണ്ട്. പിന്നെ പേരക്കുട്ടികളും. ചെറിയ ചെറിയ സമ്മാനങ്ങളാണ് കൊടുക്കുക. അച്ഛന്റെ പിറന്നാളിനും കൊടുക്കും. എല്ലാ പിറന്നാളിനുമില്ല. അങ്ങനെ അവർ ബിഗ് ബസാറിൽ പോയി. എല്ലാർക്കും ഒരുപോലെ സോപ്പും പ്ലേറ്റും വാങ്ങി. പോയി വാങ്ങിവന്നു എന്നു പറയാൻ എന്നെ വിളിച്ചു. എന്നിട്ടു പറഞ്ഞു “ഞങ്ങൾ എസ്കലേറ്ററിൽ കയറി”. ഈശ്വരാ! എനിക്കു പേടിയായിപ്പോയി. ഞാൻ അമ്മയെ നല്ലോണം ‘ഉപദേശിച്ചു’.

ഈയടുത്ത് ഞങ്ങൾ ഒരു വല്യ ഷോപ്പിംഗ് മാളിൽ പോയി. അവിടെ എല്ലാ കടയിലും കയറിയിറങ്ങണമെങ്കിൽ തുറക്കുമ്പോൾ പോയാൽ പൂട്ടാനാവുമ്പോൾ തിരികെവരാം. ഞങ്ങൾക്ക് അധികമൊന്നും വാങ്ങാനില്ല. വെറുതെ കറക്കം. എന്തെങ്കിലും ആവശ്യമുള്ളതു വാങ്ങണം. താഴെ കറങ്ങിക്കഴിഞ്ഞ് മുകളിലേക്കു പോകാനൊരുങ്ങി. എസ്കലേറ്റർ വഴി ആളുകൾ പോകുന്നു. എന്താ ഒരു കാഴ്ച. ഞാനും കയറിയിട്ടുതന്നെ കാര്യം എന്ന മട്ടിൽ ചേട്ടന്റെ കൂടെ അതിനടുത്തെത്തി. എല്ലാവരും, കയറിപ്പോകുമ്പോൾ, നിങ്ങളെന്താ നിൽക്കുന്നത്, കയറിപ്പോര് എന്ന മട്ടിൽ കൂൾ കൂളായിട്ടു പോകുന്നു. ഞാൻ എന്റെ പൊങ്ങച്ചസഞ്ചി ചേട്ടന്റെ കൈയിൽ കൊടുത്തു. സ്വയം തന്നെ കേറാൻ പേടി. പിന്നെയല്ലേ ബാഗും പിടിച്ച്. ഞാൻ ഈ എസ്കലേറ്ററിൽ കയറണമെങ്കിൽ ഭർത്താവേ താങ്കൾ ബാഗു ചുമന്നോളണം എന്നു മുന്നറിയിപ്പും കൊടുത്തു. എന്തുവേണമെങ്കിലും ചെയ്യാം, ഭാര്യയൊന്ന് എസ്കലേറ്ററിൽ കയറാൻ പഠിച്ചാൽ മതി എന്ന ഭാവം ചേട്ടന്. എല്ലാ പരദേവതകളേയും വിളിച്ച് കാലെടുത്തുവയ്ക്കാൻ തുടങ്ങുമ്പോൾ ഉള്ളിൽനിന്നൊരു പേടിത്തൊണ്ടി പറയും, കയറല്ലേ കയറല്ലേന്ന്. അങ്ങനെ ഞങ്ങൾ പോകുന്നവരേയും നോക്കി മിഴിച്ചുനിന്നു. അപ്പോളതാ ദൈവം പ്രത്യക്ഷപ്പെടുന്നു. മാളിന്റെ സൂപ്പർവൈസർ ആണെന്നു തോന്നുന്നു. ഒരു സ്ത്രീ. എന്നെപ്പോലെയൊക്കെയുണ്ട്. രണ്ടെണ്ണം എസ്കലേറ്റർ ഇന്നുവരെ കണ്ടിട്ടില്ലാത്തതുപോലെ നോക്കിനിൽക്കുന്നുണ്ട് കുറേനേരമായി എന്നു കണ്ടു വന്നതാണ്. ചിരിച്ചുംകൊണ്ട് വന്നപ്പോഴേ എനിക്കു മനസ്സിലായി, എന്നെ ഇവർ എസ്കലേറ്ററിൽ കയറ്റും. അവർ അടുത്തെത്തിയപാടേ ഞാൻ പറഞ്ഞു “എനിക്കു പേടിയാണ്.”
“ഒന്നും പേടിക്കാനില്ല. വാ ഞാൻ കൊണ്ടുപോകാം”
“ഈശ്വരാ!“
അവരെന്നെ കൊണ്ടുപോയേ അടങ്ങൂ എന്ന മട്ടിൽ നിന്നു. ചേട്ടൻ ബാഗും പിടിച്ച് തയ്യാറായി നിന്നു. ഞങ്ങളുടെ പിന്നാലെ വരാൻ. അവർ എന്റെ കൈ മുറുക്കെപ്പിടിച്ചു. ഞാനും അവരുടെ കൈ മുറുക്കെപ്പിടിച്ചു. അഥവാ എസ്കലേറ്ററിൽ കാൽ വെയ്ക്കാൻ പറ്റിയില്ലെങ്കിൽ അവരുടെ കൈയിൽ തൂങ്ങിക്കിടക്കാമല്ലോ. എന്റെ ഉള്ളിൽ നിന്നു വിറയ്ക്കുന്നുണ്ട്. അവർ ഒരു കാലു പൊക്കി. ഞാനും കാലു പൊക്കി. അവർ എസ്കലേറ്ററിന്റെ പടിയിൽ കാൽ വെച്ചു. ഞാൻ അവരുടെ കൈ പണിപ്പെട്ട് വിടുവിച്ചു. അവർ അടുത്ത കാലും പടിയിൽ വെച്ചു. ഞാൻ കാൽ ഞങ്ങൾ നിന്നിടത്തുതന്നെവെച്ചു. അവർ ചിരിച്ചുകൊണ്ട് കയറിപ്പോയി. അതിൽ കാൽ വെച്ചാൽ അല്ലെങ്കിലും പിന്നോട്ടെടുക്കാൻ പറ്റുമെന്ന് എനിക്കു തോന്നുന്നില്ല. അവർ മുകളിലെത്തി. ഞങ്ങൾ താഴെ നിന്നു. പിന്നെ പടിയും ലിഫ്റ്റും നോക്കി നടന്നു. വീട്ടിൽ വന്നയുടനെ ഞാൻ പുസ്തകമെടുത്ത് എസ്കലേറ്റർ കണ്ടുപിടിച്ചതാരാന്നു നോക്കി. എസ്കലേറ്റർ കണ്ടുപിടിച്ചത് ജി. എച്ഛ്. വീലറും, ജെ. ഡബ്ല്യൂ. റെനൊയും. (Gh Wheeler, JW Reno) 1894 -ൽ. അവരോടെപ്പോഴാണ് രണ്ടുപറയാൻ പറ്റുക എന്നറിയില്ല. മോളിലേക്കു പോകേണ്ടിവരും. അതുകൊണ്ട് ഞാനെന്റെ അടുത്ത പുതുവർഷ തീരുമാനത്തിൽ എഴുതി നടപ്പാക്കാൻ തീരുമാനിച്ചു ഒരു കാര്യം.
പുതുവർഷതീരുമാനങ്ങൾ രണ്ടായിരത്തിപ്പതിമൂന്ന്:-
1) എസ്കലേറ്ററിൽ പേടിയില്ലാതെ കയറാൻ പഠിക്കും.
പോരേ?

Labels:

11 Comments:

Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അപ്പൊ എല്ലാ ഭൈമിമാരും ഇങ്ങനെയാണൊ
എന്റെ ഭൈമിയുടെ കൂടെ കൂടി ഇനി ഇപ്പൊള്‍ എനിക്കും കയറാന്‍ ഭയമാകുമോ ന്നു സംശയം

:)))

Tue Jun 12, 04:20:00 pm IST  
Blogger Sukanya said...

രസകരമായി എസ്കലേറ്റര്‍ പേടി അവതരിപ്പിച്ചു.
2013ലും ഈ തീരുമാനം നടപ്പിലാവും എന്ന് തോന്നുന്നില്ല. :D.

Wed Jun 13, 11:31:00 am IST  
Blogger ബൈജു സുല്‍ത്താന്‍ said...

കാലെടുത്ത് വക്കൂ.. കണ്ണടക്കൂ.. വണ്ടി പോട്ടെ..

Fri Jun 15, 09:31:00 am IST  
Blogger pallavi said...

കൂട്ടുണ്ടേ.. എനിക്കും പേടിയാ.. :)

Fri Jun 15, 06:08:00 pm IST  
Blogger പടന്നക്കാരൻ said...

ഞാനൊക്കെ കമ്പ്യൂട്ടര്‍ എന്തെന്നറിയാത്ത കാലത്ത് ബ്ലോഗ് തുടങ്ങിയ സ്നേഹിതാ അഭിന്ദനം!!

Sun Jun 17, 07:38:00 pm IST  
Blogger വിഷ്ണു ഹരിദാസ്‌ said...

തിരുവനന്തപുരത്ത് എസ്കലേറ്റര്‍ ആദ്യമായി വരുന്നത് വെറും നാല് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. കിഴക്കേക്കോട്ട പുതിയതായി തുറന്ന ബിഗ്‌ബസാറില്‍ ആണ് പൊതുജനങ്ങള്‍ക്ക്‌ കയറാന്‍ പറ്റിയവിധം ഒരു എസ്കലേറ്റര്‍ വന്നത്.

ബിഗ്‌ ബസാര്‍ തുടങ്ങിയ സമയത്ത് തിരോന്തരത്തിനു ചുറ്റുമുള്ള സകലമാന ആളുകളും എസ്കലേറ്റര്‍ എന്താണെന്ന് കാണാനും, അതില്‍ കയറാനും മാത്രമായി ബിഗ്‌ബസാറില്‍ ഇടിച്ചു കയറാന്‍ തുടങ്ങി. (അക്കൂട്ടത്തില്‍ ഞാനും പെടും എന്നത് ഒരു നഗ്നസത്യം മാത്രം!) ക്രമേണ എസ്കലേറ്ററില്‍ നിന്ന് വീഴ്ചയും അപകടങ്ങളും പതിവായി. എസ്കലേറ്ററിന്റെ രസം എന്താണെന്ന് മനസിലായപ്പോ തിരക്കും കുറഞ്ഞു.

അന്ന് ഞാന്‍ നേരിട്ട് കണ്ട ഒരു സംഭവം ഉണ്ട്. നല്ല പ്രായമുള്ള ഒരു അമ്മൂമ്മ താഴേക്കുള്ള എസ്കലേറ്ററില്‍ കാലെടുത്തു വെച്ചതും കൈപ്പിഴ വന്നു ഗ്രഹപ്പിഴയായി ഉരുണ്ടു മറിഞ്ഞു താഴേക്കു വീണു. അതിനുശേഷം തിരക്കുള്ള സമയങ്ങളില്‍ താഴേക്കുള്ള എസ്കലേറ്റര്‍ എല്ലാം നിര്‍ത്തിയിടുകയാണ് പതിവ്.

ഇപ്പൊ തിരോന്തരം നിവാസികള്‍ക്ക്‌ എസ്കലേറ്റര്‍ സുപരിചിതമാണ്. രണ്ടാമതൊരു ബിഗ്‌ബസാര്‍, പോത്തീസ്‌, അങ്ങനെ എല്ലായിടത്തും എസ്കലേറ്റര്‍ ആയി. ഞങ്ങളൊക്കെ ഇപ്പൊ എസ്കലേറ്റര്‍ കണ്ടാല്‍ "കൊക്കെത്ര കുളം കണ്ടതാ" എന്ന ഭാവമാണ്!

Sun Jun 17, 09:13:00 pm IST  
Blogger ■ uɐƃuɐƃ ■ said...

ഒരു പാട് മുന്‍പേ തുടങ്ങിയ ബ്ലോഗ്‌.. ഇന്നും ഉണര്‍വോടെ... സമയം കിട്ടുമ്പോള്‍ എല്ലാ കുറിപ്പുകളും വായിക്കാം.

Tue Jun 19, 12:04:00 am IST  
Blogger ajith said...

നമസ്കാരം. 2004 ല്‍ തുടങ്ങിയ ബ്ലോഗ് ഇന്നും തുടരുന്നതില്‍ ആദ്യം തന്നെ ആശംസകള്‍. ഫേസ് ബുക്കിലെ ഒരു ഗ്രൂപ്പില്‍ നിന്ന് ലിങ്ക് കിട്ടി വന്നതാണ്. നല്ല രസമായി എഴുതുന്നുവല്ലോ. പിന്നെ വന്ന് എല്ലാമൊന്ന് നോക്കണം. ഫോളോവര്‍ ഓപ്ഷന്‍ തുറന്നിരുന്നെങ്കില്‍ നന്നായിരുന്നു.

Thu Jun 28, 12:06:00 am IST  
Blogger സു | Su said...

പണിക്കർ ജീ :) എല്ലാവരും അങ്ങനെയല്ല. ചിലരൊക്കെ പോകുന്നതു കാണാമല്ലോ.

സുകന്യേച്ചീ :) നാക്കൊന്നു നീട്ടൂ. കരിനാക്കുണ്ടോന്നു നോക്കട്ടെ.

ബൈജു സുൽത്താൻ :) റൈറ്റ്...റൈറ്റ്... (എന്നിട്ടു വേണം എനിക്കു പേടിയാവാൻ അല്ലേ?)

പല്ലവി :) കൂട്ടിനെ കണ്ടതിൽ ആശ്വാസം.

ഷബീർ :) വായിക്കാൻ വന്നതിൽ സന്തോഷം. നന്ദി.

വിഷ്ണുലോകം :) എസ്കലേറ്ററിൽ എനിക്കും പേടിയില്ലാതെ ഒന്നു കയറണം.

ഗംഗാധരൻ :) വായിക്കാൻ വന്നതിൽ സന്തോഷം.

അജിത് :) വായിക്കാൻ വന്നതിൽ സന്തോഷം. ഫോളോവർ ഓപ്ഷൻ തുറന്നിട്ടാണല്ലോ ഉള്ളത്.

Sun Jul 01, 07:55:00 pm IST  
Blogger Visala Manaskan said...

kollaam su :)

su nte blog kandaanu aiswaryamaayi njaan blogilekku vannathu. mesappoo kathumbole otta kathikkalinu nammude vedikkettu theernnu.

pakshe, su nte blog ippozhum keda vilakku pole kathunnathu kaanumbo. valare valare santhosham thonnunnu.

vaazhthukkal.

Wed Sept 12, 05:21:00 pm IST  
Blogger കരീം മാഷ്‌ said...

എക്സലേറ്ററിൽ ആദ്യമായി കയറുമ്പോൾ വീഴാത്തവർ  വീഴാൻ പോകാത്തവർ ആരുമുണ്ടാവില്ല. എക്സലേറ്ററ്റിൽ നമ്മുടെ തഴക്കമുള്ള കാൽ  വലതാവും മിക്കതും വെക്കുന്നതോടൊപ്പം റോൾ ചെയ്യുന്ന ഗോവണിയുടെ കൈവരിയിൽ കൈ വെക്കുക. അതേ നിമിഷം തന്നെ മറ്റേ കാൽ ഉയർത്തിപ്പിടിക്കുക. ഇത്രേം ശ്രദ്ധിച്ചാൽ മതി. 
"വിഷ് യു അ ഹാപ്പി എക്സലേറ്റർ ജേർണി"

Sat Sept 22, 01:44:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home