ജടായു സംഗമം
അദ്രിശൃംഗാഭം തത്രപദ്ധതിമദ്ധ്യേ കണ്ടു
പത്രിസത്തമനാകും വൃദ്ധനാം ജടായുഷം
എത്രയും വളർന്നൊരു വിസ്മയം പൂണ്ടു രാമൻ
ബദ്ധരോഷേണ സുമിത്രാത്മജനോടു ചൊന്നാൻ:-
“രക്ഷസാം പ്രവരനീക്കിടക്കുന്നതു മുനി-
ഭക്ഷകനിവനെ നീ കണ്ടതില്ലയോ സഖേ!
വില്ലിങ്ങുതന്നീടു നീ ഭീതിയുമുണ്ടാകൊലാ
കൊല്ലുവനിവനെ ഞാൻ വൈകാതെയിനിപ്പോൾ.”
ലക്ഷ്മണൻ തന്നോടിത്ഥം രാമൻ ചൊന്നതുകേട്ടു
പക്ഷിശ്രേഷ്ഠനും ഭയപീഡിതനായിച്ചൊന്നാൻ:
“വദ്ധ്യനല്ലഹം തവ താതനു ചെറുപ്പത്തി-
ലെത്രയുമിഷ്ടനായ വയസ്യനെന്നറിഞ്ഞാലും
നിന്തിരുവടിക്കും ഞാനിഷ്ടത്തെ ചെയ്തീടുവൻ
ഹന്തവ്യനല്ല ഭവദ്ഭക്തനാം ജടായു ഞാൻ”
എന്നിവ കേട്ടു ബഹുസ്നേഹമുൾക്കൊണ്ടു നാഥൻ
നന്നായാശ്ലേഷം ചെയ്തു നൽകിനാനനുഗ്രഹം
“എങ്കിൽ ഞാനിരിപ്പതിനടുത്തുവസിക്ക നീ
സങ്കടമിനിയൊന്നു കൊണ്ടുമേ നിനക്കില്ല
ശങ്കിച്ചേനല്ലോ നിന്നെ ഞാനതു കഷ്ടം! കഷ്ടം!
കിങ്കരപ്രവരനായ് വാഴുക മേലിൽ ഭവാൻ
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home