Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, October 01, 2005

വേലു പിടിച്ച വാല്!

വേലു ഒരു സാഹിത്യകാരൻ അല്ല. അതുകൊണ്ട്‌ തന്നെ സാഹചര്യമാണ് എന്നെ ഒരു കള്ളൻ ആക്കിയത് എന്നൊന്നും വേലു പറയില്ല. ഓരോ പ്രാവശ്യവും നാട്ടുകാരുടെ പിടിയിൽപ്പെട്ട്‌ പോലീസിന്റെ അടി കൊണ്ട്‌ അഴിക്കുള്ളിൽ കിടന്ന് പുറത്തുവന്നാൽ,
വേലു, ചോദിക്കുന്നോരോടൊക്കെ പറയും ജീവിക്കേണ്ടേ അതിനു എനിക്കറിയാവുന്ന
പണി എടുത്തു എന്ന്. കള്ളനു കഞ്ഞിവെക്കരുത് എന്ന പഴംചൊല്ലു പഠിച്ചിട്ടും സഹൃദയർ ആയ നാട്ടുകാർ വേലുവിനു ഭക്ഷണം കൊടുക്കും. പക്ഷേ വേലു കുറച്ചുകാലമായിട്ട്‌ നിരാശയിൽ മുങ്ങി ഇരിക്കുകയാണ്. ആൾക്കാരൊക്കെ കള്ളൻ പ്രൂഫ്‌ ആയിത്തുടങ്ങി.
അതു തന്നെ. വേലു ആഗ്രഹിക്കുന്നത്‌ ഹർത്താൽ ദിനത്തിലെ തട്ടുകടക്കാരനെപ്പോലെ ആവാൻ ആണ്. ഒറ്റ കൊയ്ത്ത്‌. പിറ്റേ ദിവസം മുതൽ സുഖജീവിതം. പക്ഷേ വേലുവിന്റെ തൊഴിലിനു പാരയായിട്ട്‌ വന്നത്‌ വ്യാജ സി.ഡി കളും സീരിയലുകളുമാണ്. ഓരോ വീട്ടുകാരും പശക്കമ്പനിക്കാരുടെ പരസ്യം പോലെ വീട്ടിൽ ഒട്ടിപ്പിടിച്ചിരിക്കും. ഒരു അമ്പലത്തിൽ പോക്കോ ഒരു സിനിമയ്ക്ക്‌ പോക്കോ ഒന്നും ഇല്ല. വേലുവിനു സഹിക്കാൻ പറ്റുന്നില്ല. ജോലിയില്ലാതെ എത്ര ദിവസമാ ഇരിക്കുക. സർക്കാർ ജോലി വല്ലതും ആയിരുന്നെങ്കിൽ പെൻഷനും വാങ്ങി വീട്ടിൽ ഇരിക്കാമായിരുന്നു. ഇതാണെങ്കിൽ പെൻഷനുമില്ല, വളന്ററി റിട്ടയർമന്റ്‌ എന്നാണെങ്കിൽ ഇതിൽ ജയിലിൽ ഗോതമ്പുണ്ട വിഴുങ്ങൽ ആയിരിക്കും പണി.
അങ്ങനെ വേലു പുറപ്പെട്ടു. മൂന്നും കൽപ്പിച്ചു തന്നെ. ഒന്നുകിൽ നാട്ടുകാരുടെ കൈയിൽ നിന്ന് കിട്ടും, അല്ലെങ്കിൽ ജയിലിൽ കിടക്കാം അതുമല്ലെങ്കിൽ വിജയിച്ചുവരാം. പോയി വിജയശ്രീലാളിതനായി വരൂ എന്നു പറയാൻ ആരും ഇല്ല വേലുവിന്. പക്ഷെ ഒരു കാര്യവും വിചാരിച്ചാൽ വേണ്ടാന്നു വെക്കുന്ന സ്വഭാവം വേലുവിനില്ല. കള്ളൻ ആയതു തന്നെ അതുകൊണ്ടാണ്. പണ്ടെങ്ങോ കട്ടുകൊണ്ടുവന്ന വിസ തീരാറായ പൊട്ടക്കണ്ണാടിയിൽ നോക്കി അഭിനവതാരത്തെപ്പോലെ വേലു സ്വയം ആശംസ പറഞ്ഞു. ‘വിജയീഭവ.’
തന്റെ നാട്ടിൻപുറത്ത്‌ നിന്ന് കുറച്ച്‌ അകലെയുള്ള നാട്ടിലേക്കു പുറപ്പെട്ടു. കള്ളനാണെങ്കിലും അവന് ദേശസ്നേഹം ഉണ്ടായിരുന്നു എന്ന് ആരെങ്കിലും പറയുന്നത്‌ ഇല്ലാതാക്കരുതല്ലോ. തന്റെ നാട്ടുകാരെ തൽക്കാലം വെറുതേ വിട്ടു. ഇന്ത്യൻ ക്രിക്കറ്റ്‌ കളിക്കാർ നേരെ ചൊവ്വേ വരുന്ന പന്ത്‌ മുഴുവൻ വെറുതെ വിടുന്ന മാതിരിത്തന്നെ. എതിരാളികൾക്ക്‌ ഉപകാരം ഉണ്ടാക്കാൻ.
വേലു ആ നാട്ടിൽ എത്തി. വെളിച്ചം കുറഞ്ഞ, എന്നാൽ ധാരാളം വീടുകൾ ഉള്ള ഒരു റോഡിൽക്കൂടെ, കാരണവർ അത്താഴം കഴിഞ്ഞു ഉലാത്തുന്നതുപോലെ നടന്നു. സമയം 7 ആയിട്ടേയുള്ളൂ. എന്നാലും വീട്ടുകാർ മുഴുവൻ സ്വീകരണമുറിയിൽ വിഡ്ഡിപ്പെട്ടിക്കു മുന്നിൽ ആയിരിക്കുമെന്ന് ഒരു പഠിപ്പിസ്റ്റിനു തന്റെ റാങ്ക്‌ ഉറപ്പുള്ളതുപോലെത്തന്നെ വേലുവിനു ഉറപ്പുണ്ട്‌. അങ്ങനെ നോക്കി നോക്കി കണ്ടു പിടിച്ചു. ഒരു വീടിന്റെ ഒരു വശത്തുള്ള വാതിൽ തുറന്ന് ഇട്ടിട്ടുണ്ട്‌. ഉള്ളിൽ നിന്നും വീഴുന്ന വെളിച്ചം കണ്ടാണ് വേലു അതു മനസ്സിലാക്കിയത്‌. അങ്ങനെ പാത്തും പതുങ്ങിയും വീടിന്റെ പൊതുക്കാര്യങ്ങൾ മനസ്സിലാക്കി. പണ്ടത്തെപ്പോലെ കുറെ ദിവസം നിരീക്ഷിക്കുക, പിന്നൊരു ദിവസം കക്കാൻ വരുക എന്നൊന്നും സീരിയൽ കാരണം ഇപ്പോ ആവശ്യം ഇല്ല. കിണർ, കയറും കപ്പിയും നോക്കി കണ്ടുപിടിച്ചു. മൂന്നു നാലു കല്ലെടുത്ത്‌ എറിഞ്ഞ്‌ വല്ല നാടൻ ഫോറിൻ നായകളും പ്രതികരിക്കുന്നുണ്ടോന്ന് നോക്കി. ഒരു നായയും കുരച്ചുകണ്ടില്ല. നായകളും സീരിയലിനു മുൻപിൽ ആയിരിക്കും. സാരമില്ല. ഇനി വരുന്നിടത്തുവെച്ചുകാണാം. അങ്ങനെ വേലു മതിൽ ചാടിക്കടന്നു. ഗേറ്റ്‌, ബാങ്കുകളുടെ എ. ടി എം കൌണ്ടർ പോലെ 24 മണിക്കൂറും തുറന്നിടുന്നതാണ്. എന്നാലും ഒരു കള്ളൻ ഗേറ്റിലൂടെ മോഷ്ടിക്കാൻ പോകുന്നത്‌ തൊഴിലിനോടുള്ള ആത്മാർഥതക്കുറവല്ലേ. അതുകൊണ്ട്‌ വേലു മതിൽ ചാടൽ തന്നെ നടത്തി. മതിലിന്നുള്ളിൽ ആയി. വേലു സിനിമാടാക്കീസിലെ ബ്ലാക്കിൽ ടിക്കറ്റ്‌ വിൽക്കുന്നവനെപ്പോലെ തെറ്റിയും തിരിഞ്ഞും നടന്നു അകത്തുകയറി. സീരിയൽ തകർക്കുന്ന ഒച്ച കേൽക്കുന്നുണ്ട്‌. പാവങ്ങൾ. സ്വന്തം വീട്ടിൽ കള്ളൻ കയറിയത്‌ അറിയാതെ സീരിയലാക്കിയ കള്ളൻ കഥകണ്ട്‌ മിഴിച്ചിരിക്കുകയാണ്.
“ഒരു കടയിൽ കക്കാൻ കയറി. ആദ്യം ഒരു അലമാര തുറന്നു അതിൽ ഒന്നും ഇല്ലായിരുന്നു. വേറൊന്ന് തുറന്നു, അതിലും ഒന്നും ഇല്ലായിരുന്നു. അങ്ങനെ 5-6 അലമാര തുറന്നു. ഒരു അലമാരയിലും ഒന്നും ഇല്ലായിരുന്നോടാ?, ഇല്ലെടാ പോലീസ്‌ പിടിച്ച്‌ ഇടിച്ചപ്പോഴാ മനസ്സിലായത് അതു ഒരു അലമാരക്കട ആയിരുന്നെന്ന്” എന്നു രണ്ട്‌ കള്ളന്മാർ സിനിമയിൽ പറയുന്നത്‌ കണ്ട്‌ പരിസരം മറന്ന് കൈകൊട്ടിച്ചിരിച്ചത്‌ വേലുവിനു ഇന്നും ഓർമ്മയുണ്ട്‌. ചിരിയും വന്നു. പക്ഷേ അനവസരത്തിൽ ഉള്ള പുഞ്ചിരി പോലും ജീവിതം മുഴുവൻ കരച്ചിലിനു കാരണം ആകും എന്ന് ചില ആൾക്കാരെക്കാണുമ്പോൾ വേലുവിനു തോന്നിയിട്ടുണ്ട്‌. അതുകൊണ്ട്‌ വേലു ചിരിച്ചില്ല.
പതുങ്ങി നടന്ന് ഒരു മുറിയിൽ കയറി. മുറി നിറയെ പോലീസുകാരുടെ ഭാഷയിലുള്ള തൊണ്ടി മുതൽ കണ്ടപ്പോൾ വേലുവിനു സന്തോഷമായി. അയയിൽ നിന്നു ഒരു ലുങ്കി എടുത്ത്‌ മേശപ്പുറത്തെ സാധനങ്ങൾ മുഴുവൻ അതിലേക്കിട്ടു. പിന്നെ അലമാര തുറന്ന് കുറേ സാധനങ്ങൾ എടുത്തിട്ട്‌ ലുങ്കി നന്നായി കെട്ടി മുറുക്കി. എന്നിട്ട്‌ മുപ്പത്തിമുക്കോടി സീരിയൽ പ്രവർത്തകർക്കും പ്രക്ഷേപണം ചെയ്യുന്ന ചാനലുകൾക്കും വല്യൊരു നന്ദി പറഞ്ഞുകൊണ്ട്‌ വേലു വന്ന വഴി മറക്കാതെ മടങ്ങി. വാതിലു വഴി മുറ്റത്തേക്കു ഇറങ്ങിയതും ലുങ്കിക്കെട്ടിനുള്ളിൽ നിന്നും പാട്ടു വന്നു. " കള്ളാ കള്ളാ കൊച്ചുകള്ളാ നിന്നെക്കാണാനെന്തൊരു സ്റ്റൈലാണ്, കള്ളൻ ചെക്കനെ കണ്ടപ്പൊത്തൊട്ടെന്റെ ഉള്ളിന്റെ ഉള്ളിൽ ലവ്വാണു" മൊബൈൽ ഫോൺ! വീട്ടുകാർ മുഴുവൻ ഓടി വന്നു. കാരണം മുറ്റത്ത്‌ തനിയെ ഇറങ്ങിപ്പോയി റിംഗ്‌ ചെയ്യുന്ന ഫോണിനെപ്പറ്റി അവർ കേട്ടിട്ടില്ലായിരുന്നു.
പോലീസുകാരുടെ കായചികിത്സ കഴിഞ്ഞ്‌ മുറിക്കുള്ളിൽ കാവലോടെ വിശ്രമിക്കുമ്പോൾ വേലു അവിടെ നിന്നിറങ്ങിയാൽ ഉള്ള ജീവിതത്തെപ്പറ്റി ഒരു തീരുമാനമെടുത്തു കഴിഞ്ഞു. അതായത്‌ മാന്യമായി ജീവിക്കുന്ന കള്ളന്മാരുടെ കൂടെ ജീവിക്കാൻ. അതേ. ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയിൽ ചേരാൻ!

13 Comments:

Blogger വിശാല മനസ്കന്‍ said...

ഉപമകളും അലമാരക്കടയിലെ കള്ളനും മുപ്പത്തിമുക്കോടി പ്രയോഗവും 'തകർത്തു'

Sun Oct 02, 09:38:00 am IST  
Anonymous Anonymous said...

Nowadays I cant read your blog properly, Su. Some lines are missing, alignment is gone, a blank space appears in the first part of the screen!. May be it is my settings problem and dont know what to do. -S-

Sun Oct 02, 10:07:00 am IST  
Blogger .::Anil അനില്‍::. said...

:))
ഗുണപാഠങ്ങൾ:
മൊബൈൽ ഫോൺ , അലറും ടൈം‌പീസ് എന്നിങ്ങനെ അലറാൻ സാധ്യതയുള്ളവ കൈയിൽ കിട്ടിയാലുടൻ നിർവീര്യമാക്കുക.

Sun Oct 02, 02:19:00 pm IST  
Blogger അതുല്യ said...

സു, പണ്ടുള്ളവർ പറയറുണ്ട്‌, പള്ളിമണി കക്കാൻ പോകുന്ന കള്ളൻ ആദ്യം കാവൽകാരന്റെ ചെവിയിൽ പഞ്ഞി തിരുകണം എന്നു !

അതു പോലെ, കള്ളമാരുടെ കേന്ദ്ര ആപ്പീസിലെ ഓപ്പറേഷൻ മാനുവലിൽ "മൊബൈൽ ഫോൺ കക്കുന്ന സമയം പാലിക്കേണ്ട വസ്തുതകൾ" എന്ന തലകെട്ടിൽ ഓഫ്‌ ചെയ്തേ മൊബൈൽ കക്കാവൂ എന്നു ചേർക്കണം അല്ലെ? ഇല്ലാത്തിനും ഒരു നാട്ടു നടപ്പു ഒക്കെ ഇല്ലെ?

രാഷ്ട്രീയക്കാർ എല്ലാരേയും ഇങ്ങനെ കള്ളന്മാരുടെ ലിസ്റ്റിൽ പെടുത്തണോ? തറവാടു പാർട്ടിക്കു എഴുതിവച്ചു, അവസാന ദിവസം വരെ നാടിനായി പ്രവർത്തിച്ച്‌, ഒരുദിവസം, എറണാകുളത്തെ ഇടുങ്ങിയ ലോഡ്ജ്‌ മുറിയിൽ ഹൃദയാഘതവും/ഒരുപാടു അസുഖങ്ങളും വന്നു മരിച്ച എം.പി വർക്കി യെ നമ്മൾ മറക്കാമോ? അങ്ങനെ ഒരുപാടു പേരുണ്ട്‌, മാധ്യമങ്ങളെ സ്വന്തം കാശു കൊടുത്തു വിളിച്ചു വരുത്തി, മുൻപെ കൊടുത്തു വച്ച പൂമാല കഴുത്തിൽ ഇട്ടു നെളിഞ്ഞു ചിരിക്കാതെ, നിസ്വാർതമായീ പാവങ്ങളുടെ ഇടയിൽ നടന്നു എത്തി അവരാൽ കഴിയുന്നതു ചെയ്തു ജീവിക്കുന്നവർ. കട്ടുമുടിക്കുന്നവരായ രാഷ്ട്രീയക്കാരെ നമ്മൾ "രാഷ്ട്രീയക്കാർ" എന്നു വിളിക്കുന്നതാണു തെറ്റ്‌. അവരെ മോനെ, " കള്ളൻ കേശവൻ പോകുന്നു" എന്നു പറയാൻ നമ്മുക്കു എന്തു കൊണ്ടു കഴിയുന്നില്ല? നമ്മൾ പ്രതികരിക്കാത്തതു അവർക്കു രാവെളുക്കുവോളം കട്ടു മുടിക്കാൻ അവസരം ഉണ്ടാക്കുന്നു ഇല്ലേ? കൈകൂലി മേടിച്ചതിനു ഒരു രാഷ്ട്രീയക്കാരനെ കൈ ഓടെ പിടിചു ചെരിപ്പു മാല ഇടീച്ച സംഭവങ്ങൾ ഇനിയും ഉണ്ടാവട്ടെ!!

Sun Oct 02, 03:28:00 pm IST  
Blogger കലേഷ്‌ കുമാര്‍ said...

സൂ‍,പതിവുപോലെ സൂപ്പർ!

കള്ളന്മാർക്ക് വേണ്ടി പാഠപുസ്തകങ്ങൾ ഇറക്കാ‍ൻ ആരേലും പ്ലാനിടുകയാണേൽ ഈ ഗുണപാ‍ഠ കഥ (കേസ് സ്റ്റഡി) അതിൽ ചേർക്കാൻ പറയണം. (പോക്കറ്റടിക്കാർക്ക് സ്കൂൾ ഉണ്ടെന്ന് എവിടെയോ വായിച്ചിട്ടുണ്ട്!)

Sun Oct 02, 05:57:00 pm IST  
Anonymous Anonymous said...

athE.
raashtreeyakkaaR muzhuvan angngane aaNenn~ ippOL thOnnaan kaaraNam bharikkunnavaR kaLLanmaarum pakshE avare paramparaagathamaayi araadhichchum pOnnathukoNtum aavum.

Sun Oct 02, 06:08:00 pm IST  
Blogger Jo said...

LOL!!!

Sun Oct 02, 06:09:00 pm IST  
Blogger Thulasi said...

അനവസരത്തിൽ ഉള്ള പുഞ്ചിരി ജീവിതം മുഴുവൻ കരച്ചിലിനു കാരണം ആകും ?

പുതിയൊരു ജീവിത സത്യം.

Mon Oct 03, 10:15:00 am IST  
Anonymous gauri said...

oh ethu vayichu edukkan petta paadu :O ... lol

Mon Oct 03, 03:06:00 pm IST  
Blogger kumar © said...

ഇതു നല്ല കഥ!

സൂ-വിനു ഈ കഥാപാത്രങ്ങളെയൊക്കെ എവിടുന്നു കിട്ടുന്നു

Mon Oct 03, 03:22:00 pm IST  
Blogger Adithyan said...

ഇങ്ങടെ എയ്‌ത്ത്‌ ഒരു രക്ഷയും ഇല്ല കേട്ടാ...
ഇതു വായിച്ചപ്പ നമ്മക്കൊരു തംശയം... ഇങ്ങളു ശരിക്കും കക്കാൻ പോയിനാ....
ഇതു വായിച്ചാ അനുഭവകഥയാണെന്നെ തോന്നുവൊള്ളു കെട്ടാ...

ജോറായിട്ടുണ്ട്‌!!!

Mon Oct 03, 03:22:00 pm IST  
Blogger പാപ്പാന്‍‌/mahout said...

പതിവുപോലെ ചിരിച്ചു. അലമാരക്കടയുടെ തമാശ പ്രത്യേകിച്ചും ഇഷ്ടപ്പെട്ടു.

Tue Oct 04, 04:30:00 am IST  
Blogger സു | Su said...

വിശാലമനസ്കാ :)

സുനിൽ :( എന്താ വേണ്ടത് എന്ന് എനിക്കും അറിയില്ല. അവിടെയുള്ള പ്രശ്നം ആണ്.

അനിലേട്ടാ :)
അതുല്യ :)പൂച്ചക്ക് ആര് മണി കെട്ടും ?
കലേഷ് :) ഞാൻ കള്ളന്മാർക്ക് വേണ്ടി ഒരു പുസ്തകം ഇറക്കാൻ പോവാണ്. നല്ല കള്ളനാവാൻ ആയിരം സൂത്രങ്ങൾ.
അജ്ഞാതാ?
ജോ :)

തുളസി ഇനി എന്തൊക്കെ സത്യങ്ങൾ ഉണ്ട് അറിയാൻ ബാക്കി.
കുമാർ :) കുറേ കള്ളന്മാരുടെ ചുറ്റിലല്ലേ ജീവിതം. ഹിഹി.
ആദിത്യാ,
കക്കാൻ പോയില്ല. ഉടനെ വേണ്ടി വരും .
പാപ്പാനേ,
അലമാരക്കഥ ശരിക്കും ഒരു സിനിമേൽ ഉള്ളതാ.
Gauriii, enthaa ithra paadu vaayilkkaan ?

Tue Oct 04, 12:40:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home