Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, February 20, 2006

സിനിമ സിനിമ ----1

സിനിമകള്‍ ഒരുപാടുണ്ട്‌. ഭാഷകളും. പല സിനിമകളും പല ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്തിട്ടുണ്ട്‌. നല്ല സിനിമകള്‍ എല്ലാവര്‍ക്കും ആസ്വദിക്കാന്‍ ഉള്ള ഒരു ഉപാധിയാണ് ഈ മാറ്റം. ചില സിനിമകള്‍ ഇറങ്ങുമ്പോള്‍ത്തന്നെ പല ഭാഷകളിലും ഇറങ്ങുന്നു. നടീനടന്മാര്‍ മാറാതെ ഭാഷ മാത്രം മാറുന്ന പ്രവണത നല്ലതാണ്. പക്ഷെ പല സിനിമകളും കഥ മാത്രം നിലനിര്‍ത്തിക്കൊണ്ട്‌ ബാക്കി എല്ലാ മേഖലയിലും മാറിക്കൊണ്ട്‌ പല ഭാഷകളില്‍ നിര്‍മ്മിക്കുന്നു. ഇങ്ങനെയൊരു മാറ്റം പക്ഷെ പലതരത്തിലും വിജയിക്കുന്നില്ല. അഭിനേതാക്കള്‍ മാറുന്നതു തന്നെയാണു മുഖ്യകാരണം. പിന്നെ സംവിധാനവും. തന്റെ ഭാഷയില്‍ സിനിമ ആദ്യം കണ്ട ഒരാള്‍ക്ക്‌ അത്‌ മറ്റ്‌ ഭാഷയില്‍ കാണുമ്പോള്‍ ആസ്വദിക്കാന്‍ പലപ്പോഴും കഴിയാതെ വരുമെന്ന് തോന്നുന്നു. ഞങ്ങള്‍ റോജ എന്ന സിനിമ ആദ്യം കണ്ടത്‌ തെലുങ്ക്‌ ഭാഷയിലേതാണ്. നടീനടന്മാര്‍ മാറാത്തതുകൊണ്ട്‌ ഹിന്ദിയിലും തമിഴിലും ഉള്ളത്‌ തെലുങ്കു പോലെ തന്നെ ആസ്വദിക്കാന്‍ കഴിഞ്ഞു. പക്ഷെ തേവര്‍മകന്‍ എന്ന സിനിമ ഹിന്ദിയില്‍ വിരാസത്‌ എന്ന പേരില്‍ വന്നപ്പോള്‍ തേവര്‍മകന്‍ എന്ന സിനിമയോട്‌ തോന്നിയ ഒരു ആകര്‍ഷണം തോന്നിയില്ല. ഒരുപാട്‌ മലയാളം സിനിമകള്‍ മറ്റു പല ഭാഷകളിലും കഥ മാത്രം സ്വീകരിച്ചുകൊണ്ട്‌ നിര്‍മ്മിച്ചിട്ടുണ്ട്‌. സന്മനസ്സുള്ളവര്‍ക്ക്‌ സമാധാനം(യേ തേരാ ഘര്‍ യേ മേരാ ഘര്‍), റാംജിറാവ്‌ സ്പീക്കിംഗ്‌, കിലുക്കം(മുസ്‌ക്കുരാഹട്ട്‌) നിറം, അനിയത്തിപ്രാവ്‌ (ഡോലി സജാക്കെ രഖ്‌നാ), കിരീടം(ഗര്‍ദിഷ്‌), ഗോഡ്‌ഫാദര്‍ (ഹല്‍ചല്‍) ഒക്കെ ഹിന്ദിയില്‍ വന്നു. പിന്നെ മണിച്ചിത്രത്താഴ്‌ എന്ന സിനിമ തമിഴിലും കന്നടയിലും ഒക്കെ വന്നു. അതൊന്നും നന്നായില്ല എന്നുള്ള അഭിപ്രായം ഇല്ല. എന്നാലും ശോഭന ചെയ്ത കഥാപാത്രത്തോട്‌ തോന്നിയ അടുപ്പം മറ്റു ഭാഷകളില്‍ അതേ കഥാപാത്രം ചെയ്തവരോട്‌ തോന്നിയില്ല എന്നുള്ളതാണു സത്യം. എന്നാല്‍ മലയാളത്തിലെ പോലെ തന്നെ മികച്ച നടീനടന്മാര്‍ ആണ് മറ്റുഭാഷകളിലും ചെയ്തിരിക്കുന്നത്‌. ഈയടുത്ത കാലത്ത്‌ ഇറങ്ങിയതാണ് ക്യോംകി എന്ന ഹിന്ദി സിനിമ. താളവട്ടം എന്ന മലയാളചിത്രത്തിന്റെ ഹിന്ദിറീമേക്ക്‌. പക്ഷെ മോഹന്‍ലാല്‍ ചെയ്ത കഥാപാത്രത്തിന്റെ നിഷ്കളങ്കഭാവം സല്‍മാന്‍ ഖാനു കിട്ടിയതായി തോന്നിയില്ല. "കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ” എന്ന പാട്ട്‌ കേള്‍ക്കുമ്പോള്‍ മോഹന്‍ലാലിനെ ഓര്‍മ്മിക്കുമ്പോള്‍ എത്‌ വിഷമത്തിലും പുഞ്ചിരി വരും. പക്ഷെ ക്യോംകി കണ്ടിട്ട്‌ അങ്ങനെയൊരു ഇഷ്ടം തോന്നിയില്ല. പിന്നെ മലയാളത്തില്‍ നിന്ന് ഒരുപാട്‌ സിനിമകള്‍ തമിഴിലേക്കും നിര്‍മ്മിക്കപ്പെട്ടു. ചില സിനിമകള്‍ ഒറിജിനാലിറ്റി അതേപടി നിലനിര്‍ത്തിയെങ്കില്‍( കാശി,പിരിയാതവരം വേണ്ടും), ചിലത്‌ അത്ര നന്നായില്ല. ആര്യ എന്ന തെലുങ്ക്‌ സിനിമ മലയാളത്തില്‍ മൊഴിമാറ്റം നടത്തി വന്നിട്ടുണ്ട്‌. തെലുങ്ക്‌ കണ്ടു. ഇനി മലയാളം കണ്ടിട്ട്‌ തീരുമാനിക്കാം, മോശമായോ എന്ന്. നടീനടന്മാര്‍ മാറാത്തതുകൊണ്ട്‌ നന്നായിരിക്കും എന്ന് കരുതാം. പാട്ട് പാടുന്നത് എങ്ങനെയാണെന്നോ.

കാതല്‍ റോജാവേ..
എങ്കേ നീയെങ്കേ..
.............
ആംഖോം മേ തു ഹേ
സാസോം മേ തു ഹേ
ആംഖേ ബന്ദ് കര്‍ലോ തോ
മന്‍ മേ ഭീ തൂ ഹേ.

നിനക്ക് ഒരു ഭാഷയില്‍ മുഴുവന്‍ പാടിക്കൂടേന്ന് ചോദിക്കും.

19 Comments:

Anonymous Anonymous said...

അപ്പോള്‌ എത്ര ഭാഷ തെരിയും??ഞാൻ എത്ര ശ്രമിച്ചിട്ടും മലയാളം, ഹിന്ദി, തമിഴ്‌(കഷ്‌ടി) മാത്രമേ മനസ്സിലാവുന്നുള്ളു. :-)

ബിന്ദു

Mon Feb 20, 09:22:00 am IST  
Blogger ചില നേരത്ത്.. said...

പ്രിയദര്‍ശന് പക്ഷേ ഹിന്ദിയില്‍ കാലിടറുന്നുവോ എന്ന് തോന്നിപോകുന്നു.
അപ്പൊ കാര്യപരിപാടി സിനിമ കാണലാണല്ലേ?
-ഇബ്രു-

Mon Feb 20, 12:21:00 pm IST  
Blogger അരവിന്ദ് :: aravind said...

"പിന്നെ മണിച്ചിത്രത്താഴ്‌ എന്ന സിനിമ തമിഴിലും കന്നടയിലും ഒക്കെ വന്നു. അതൊന്നും നന്നായില്ല എന്നുള്ള അഭിപ്രായം ഇല്ല."

സത്യം പറ സൂ..
ഈ മണിചിത്രത്താഴിന്റെ തമിഴ് പതിപ്പു കണ്ട് കരയണോ, ചിരിക്കണോ എന്നറിയാതെ, ദൈവമെ, എന്നെ അങ്ങു കൊല്ല്..എന്നു വിചാരിച്ചിരുന്നു ഞാന്‍.
വധം എന്നച്ചാ ചന്ദ്രമുഖി. നോണ്‍സണ്‍സ്. മലയാളിയായതില്‍ അഭിമാനം തോന്നി.

Mon Feb 20, 12:26:00 pm IST  
Blogger bodhappayi said...

Comment on Aravind's comment: We mallus are not into hero worship. we can stand Mohanlal appearing at the middle of movie, but tamils and kannus cant.
As i borrow ur words: Proud to be malayali(Indian ennu parayeda...)

Mon Feb 20, 01:24:00 pm IST  
Blogger Kalesh Kumar said...

സത്യമാ സൂ... പക്ഷേ, ഇതെ പറ്റി മോഷണത്തിന്റെ ആശാനായ പ്രിയദർശൻ പണ്ട് പറഞ്ഞിട്ടുണ്ട് “സിനിമ വേറെ ഒരു ഭാഷയിൽ നിർമ്മിക്കുമ്പോൾ അവിടുത്തെ സംസ്കാരത്തിന് അനുസൃതമായി വേണം നിർമ്മിക്കാൻ“ എന്ന്. പുള്ളിക്കാരന്റെ ആദ്യകാല സിനിമകൾ ഏതാണ്ട് 90%വും ഇംഗ്ലീഷ് സിനിമകളിൽ നിന്ന് അടിച്ച് മാറ്റിയതല്ലേ? “ബോയിംഗ് ബോയിംഗ്“ പേര് സഹിതം അടിച്ചുമാറ്റിയതല്ലേ... പക്ഷേ, അതിമനോഹരമായിട്ട് ഇംഗ്ലീഷ് തീമുകളെ പുള്ളിയും ടീമും ലോക്കലൈസ് ചെയ്തു. അതാണ് അതിന്റെ വിജയം!
ക്യോംകീ കാണുമ്പോൾ മോഹൻലാലിനെ ഓർക്കാതിരിക്കുക. ഗർദിഷ് (ഒറിജിനൽ - കിരീടം)എന്ന സിനിമ ചെയ്തിട്ട് പ്രിയൻ പറഞ്ഞതോർക്കുന്നു - ജാക്കി ഷ്രോഫിനെയും മോഹൻലാലിനെയും തമ്മിൽ താരതമ്യം ചെയ്യുന്ന കാര്യം ആലോചിക്കുകപോലും ചെയ്യരുതെന്ന് - അതുപോലെ തന്നെ അമരീഷ് പുരിയേയും തിലകനേയും.

Mon Feb 20, 01:30:00 pm IST  
Blogger സു | Su said...

ബിന്ദു :) സിനിമ കാണാന്‍ പ്രത്യേകിച്ച് ഭാഷയൊന്നും വേണ്ട കേട്ടോ. ശ്രമിച്ചുനോക്കൂ.

ഇബ്രൂ :) ഞാനുള്ളതുകൊണ്ടല്ലെ സിനിമാവ്യവസായം പ്രതിസന്ധിയില്‍പ്പെടാത്തത് .

അരവിന്ദ് :) ഞാന്‍ ശോഭനയുടെ കാര്യം മാത്രമേ പറഞ്ഞുള്ളൂ. രജനിയെപ്പറ്റി ഒന്നും പറയാന്‍ തന്നെ ഞാനില്ല. ഫിലിം മുഴുവന്‍ കണ്ടും ഇല്ല. ജ്യോതികയേക്കാളും സൌന്ദര്യയേക്കാളും ശോഭന നന്നായി ചെയ്തു എന്ന അഭിപ്രായമേ എനിക്കുള്ളൂ.

kuttappah proud to be a Malayali എന്ന് പറയുന്നതില്‍ കുഴപ്പമില്ല. പറയുന്നതിന്റെ കൂടെ മറ്റുള്ള മലയാളികള്‍ക്കും അത് പറയാന്‍ പറ്റുന്ന തരത്തിലുള്ള പ്രവൃത്തിയേ ഓരോ മലയാളിയും ചെയ്യാവൂ എന്ന് മാത്രം.

കലേഷ് :) ഇംഗ്ലീഷിന്റെ കാര്യം പറയാത്തതാ നല്ലത്. അങ്ങനെ നോക്കിയാല്‍ പല ഹിന്ദി സിനിമയും അവിടെ നിന്ന് അടിച്ചുമാറ്റിയതാ.

തുളസി :) കമലഹാസന്‍ അങ്ങനെ പറഞ്ഞിരിക്കും. പക്ഷെ രേവതി ഒരു സീനില്‍ പാട്ട് പാടിയതുപോലെ തബു പാടിയോ? ഹേരാഫേരി നന്നായി.പക്ഷെ ഇന്നസെന്റിനെപ്പോലെ ആയോ പരേഷ് റാവല്‍?

Mon Feb 20, 02:06:00 pm IST  
Blogger Sreejith K. said...

ആദ്യം കാണുന്ന ചിത്രത്തോട് കൂടുതല്‍ ഇഷ്ടം ഉണ്ടാവും നമുക്ക് എന്ന് എനിക്കു തോന്നുന്നു. ഒരു പക്ഷെ സു “ഡോലി സജാക്കെ രഖ്‌നാ” കണ്ടതിനു ശേഷം അനിയത്തിപ്രാവ് കണ്ടിരുന്നെങ്കില്‍ ചിലപ്പോ ആദ്യത്തേത് കൂടുതല്‍ ഇഷ്ടപെട്ടേനെ.

ഒരു സോഫ്റ്റ്വേര്‍ എഞ്ജിനിയര്‍ ആയ ഞാന്‍ കോപ്പി അടി ഇഷ്ടപ്പേടുന്നില്ല എന്തായാലും. ഒരൊ പുതിയ വേര്‍ഷന്‍ വരുമ്പോഴും പഴയതിനേക്കാല്‍ മെച്ചമായിരിക്കണം എന്നാഗ്രഹിക്കുന്നു. ചിലപ്പോ എല്ലാവര്‍ക്കും ഉള്ളില്‍ അങ്ങിനെ കാണുമായിരിക്കും.

Mon Feb 20, 03:51:00 pm IST  
Anonymous Anonymous said...

ഭാഷ അറിയാതെ സിനിമ കാണാനിരുന്നാല്‌ ഞാൻ കോമഡി സീൻ വരുമ്പോള്‌ കരയും. :(

ബിന്ദു

Mon Feb 20, 07:56:00 pm IST  
Blogger ഉമേഷ്::Umesh said...

ഒരു സോഫ്റ്റ്വേര്‍ എഞ്ജിനിയര്‍ ആയ ഞാന്‍ കോപ്പി അടി ഇഷ്ടപ്പേടുന്നില്ല...

ഈ ശ്രീജിത്തിന്റെ ഓരോ തമാശ...

ഓ, ആദ്യത്തെ പ്രോജക്റ്റായിരിക്കും, അല്ലേ? അതും പുതിയ ഡെവലപ്‌മെന്റ് പ്രൊജക്റ്റ്. കാലം എല്ലാം ഇഷ്ടപ്പെടുത്തിക്കോളും മോനേ...

Mon Feb 20, 09:38:00 pm IST  
Blogger ഉമേഷ്::Umesh said...

“ഗര്‍ദ്ദിഷ്” എന്ന സിനിമയില്‍ സംവിധാനവും അഭിനേതാക്കളും “കിരീട”ത്തെ അപേക്ഷിച്ചു വളരെ മോശമായിരുന്നു - അമരീഷ് പുരി ഒഴികെ. അദ്ദേഹം തിലകനൊപ്പം അഭിനയിച്ചു എന്നാണു് എന്റെ അഭിപ്രായം.

വിരാസത്ത് നന്നായിരുന്നു. അനില്‍ കപൂര്‍ മോശമായിരുന്നു. തബു നന്നായിരുന്നു.

ചന്ദ്രമുഖി കണ്ടിട്ടില്ല. കാണാമറയത്തിന്റെ ഹിന്ദി റീമേക്കില്‍ രാജേഷ് ഖന്ന മമ്മൂട്ടിയെക്കാള്‍ മോശമായിരുന്നു.

Mon Feb 20, 09:42:00 pm IST  
Blogger സ്വാര്‍ത്ഥന്‍ said...

ഇത്തരം സിനിമകളോട് ഞാന്‍ എതാണ്ട് പൊരുത്തപ്പെട്ട് വരികയാണ്. എന്നാല്‍ അടുത്തകാലത്ത് ചാനലുകള്‍ ചില സിനിമകള്‍ സം‌‌പ്രേക്ഷണം ചെയ്തു വരുന്നുണ്ട്. അമൃത ടീവിയാണ് മുന്നില്‍ എന്ന് തോന്നുന്നു. തമിഴിലെ പല നല്ല സിനിമകളും മൊഴിമാറ്റി അണ്‍സഹിക്കബിള്‍ ‍ആക്കിയാണ് കാണിക്കുന്നത്. ഗള്‍ഫിലെ റേഡിയോ ഏഷ്യയും ഏഷ്യാനെറ്റ് റേഡിയോയും കേള്‍ക്കുമ്പോളുള്ള അതേ അണ്‍സഹിക്കബിളിറ്റി. അവതരണവും വാര്‍ത്താപാരായണവും നാടകാവിഷ്കാരവും പരസ്യവും എല്ലാം ചിരപരിചിതമായ ചില ശബ്ദങ്ങളില്‍ മാത്രം. വ്യത്യസ്ഥത കൈവരുത്താന്‍ ചിലര്‍ താണതരം മിമിക്രിയും ഉപയോഗിക്കാന്‍ ശ്രമിക്കുന്നു.

റീമെയ്ക്കിനെ ഒറിജിനലുമായി താരതമ്യം ചെയ്യാതിരിക്കുന്നതാണ് നല്ലത്. എന്നാല്‍ ഡബ്ബിങില്‍ അരോചകത്വം സഹിക്കാവുന്ന പരിധിയിലായിരിക്കണം.

“ഞാന്‍ ബോണ്ടാ, ജെയിംസ് ബോണ്ട!!!“

Mon Feb 20, 10:37:00 pm IST  
Blogger സു | Su said...

ശ്രീജിത് :)എനിക്ക് അനിയത്തിപ്രാവ് ആ ഇഷ്ടം.

ബിന്ദു :) വീട്ടില്‍ നിന്നാണെങ്കില്‍ പ്രശ്നമില്ല. ടാക്കീസില്‍ നിന്നാണെങ്കില്‍ എല്ലാരേം നോക്കുക. അവരുടെ ഭാവം അനുകരിക്കുക.

ഉമേഷ് :)

സ്വാര്‍ത്ഥന്‍ :)

Tue Feb 21, 10:46:00 am IST  
Blogger കണ്ണൂസ്‌ said...

ശ്രീജിത്ത്‌ പറഞ്ഞ പോലെ, ആദ്യം കണ്ട സിനിമ കൂടുതല്‍ ഇഷ്ടമാവുക എന്ന കാരണമേയുള്ളു മിക്ക remake ചിത്രങ്ങളും നമുക്ക്‌ ഇഷ്ടമാവാതിരിക്കാന്‍.

പ്രിയദര്‍ശന്റെ കാര്യത്തിലെങ്കിലും, എനിക്ക്‌ ഹിന്ദി റീമേക്ക്‌ ചിത്രങ്ങളാണ്‌ കൂടുതല്‍ ഇഷ്ടമായത്‌.

പിന്നെ, റീമേക്ക്‌ ചിത്രങ്ങള്‍ കാണുമ്പൊഴേ നമുക്ക്‌ proud malayali ആയി ഇരിക്കാന്‍ പറ്റൂ. പ്രമേയവും ഗുണ നിലവാരവും ഒക്കെ നോക്കിയാല്‍ ഹിന്ദിയും, സാങ്കേതിക മികവിന്റേയും wholesome entertainment-ന്റേയും കാര്യത്തില്‍ തമിഴും ഒക്കെ മലയാള ചിത്രങ്ങളേക്കാള്‍ വളരെ മുന്നിലായിക്കഴിഞ്ഞു.

Tue Feb 21, 11:00:00 am IST  
Blogger സു | Su said...

കണ്ണൂസേ :) ആദ്യം കണ്ട സിനിമ ആയതുകൊണ്ട് ഇഷ്ടമാവുമെങ്കില്‍ ഇറങ്ങുന്ന ഇംഗ്ലീഷ് ഫിലിം കണ്ടാല്‍ മതി. എല്ലാം അതിന്റെ കോപ്പി ആയിരിക്കും. ഒറിജിനല്‍ തന്നെ കാണാലോ. പ്രമേയം നോക്കിയാല്‍ ഹിന്ദിയേക്കാള്‍ മെച്ചം മലയാളം തന്നെയാ. പിന്നെ അടിപൊളിയുടെ കാര്യത്തില്‍ തമിഴ് സിനിമകളും.

Tue Feb 21, 01:46:00 pm IST  
Blogger ശനിയന്‍ \OvO/ Shaniyan said...

അമ്മാ!, അപ്പാ! ദിനോസര്‍ വന്തിട്ടേന്‍!!!!!!!!

- ജുറാസിക്‌ പാര്‍ക്‌ -തമിഴ്‌ മൊഴിമാറ്റം.

Tue Feb 21, 09:25:00 pm IST  
Blogger Manjithkaini said...

സൂ,

ഒരു ഭാഷയിലിറങ്ങിയ സിനിമ മറ്റൊരു ഭാഷയില്‍ വീട്ണും കാണുന്ന ഈ അപൂര്‍വ്വ രോഗം മാറ്റാന്‍ ഒരു വഴിയുണ്ട്. മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ മൊഴിമാറ്റം നടത്തിയ ഏതെങ്കിലും ഒരു മലയാള സിനിമ കാണുക. അന്നു നിര്‍ത്തും ഈ പരിപാടി. നഗ്ന ശേ നഗ്മ അഭിനയിച്ച ഹായ് സുന്ദരി തന്നെ ഉത്തമം. ( എന്റെ നിലവാരം പിടി കിട്ടിയല്ലോ ല്ലേ..)

Wed Feb 22, 09:07:00 am IST  
Blogger സു | Su said...

ശനിയാ :) പാര്‍ത്തിട്ടേന്‍!

മഞ്ചിത് :) ഇതൊരു ഹോബി അല്ലേ, സിനിമ കാണല്‍. ഹിന്ദിയിലെ മര്‍ഡര്‍ എന്ന ഫിലിമിന്റെ അതേ കഥയില്‍ വേറൊന്നു വന്നിരുന്നു.(ഹവസ്സ്? എന്നോ മറ്റോ ആയിരുന്നെന്നു തോന്നുന്നു.) അതു കണ്ടിട്ടാ മര്‍ഡര്‍ കണ്ടത്. കഴിഞ്ഞയാഴ്ചയാണ് അത് രണ്ടും അണ്‍ഫെയ്ത്ഫുള്‍ എന്ന സിനിമയാണെന്ന് അറിഞ്ഞത്. അതു കാണുന്നതായിരുന്നു ഭേദം.

Wed Feb 22, 10:33:00 am IST  
Blogger Unknown said...

---------------------------------
"കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ” എന്ന പാട്ട്‌ കേള്‍ക്കുമ്പോള്‍ മോഹന്‍ലാലിനെ ഓര്‍മ്മിക്കുമ്പോള്‍ എത്‌ വിഷമത്തിലും പുഞ്ചിരി വരും.
----------------------------------

മനസ്സിന്റെ താളം പിഴച്ചുപോയവരെ കാണുമ്പോള്‍ പുഞ്ചിരിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്ന വികാരമെന്താണു സു?

“താളവട്ടം” എന്ന സിനിമയുടെ ഒറിജിനല്‍, “One flew over the cuckoo's nest" കണ്ടാല്‍ നമുക്ക് ഈ “പുഞ്ചിരി“ ഒരിക്കലും വരില്ല.

പ്രിയദര്‍ശന്‍ പ്രമേയത്തില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് നമ്മുടെ പാകത്തിനു മുന്‍പില്‍ വെച്ചു തരുന്നു (അവര്‍ നമ്മളെയോ, നമ്മള്‍ അവരെയോ പാകപ്പെടുത്തുന്നത്?). നമ്മള്‍ കടലയും കൊറിച്ച്, ഭ്രാന്തന്മാരെ നോക്കി പുഞ്ചിരിച്ച് മടങ്ങുന്നു. വരുന്ന വഴിയില്‍ ഒരുത്തന്‍ കാലിടറി വീഴുന്നു.. അവനെ നോക്കിയും നമ്മള്‍ ചിരിക്കുന്നു...അവന്‍ തല തകര്‍ന്ന് കിടക്കുന്നു..

സ്ഥാനത്തും അസ്ഥാനത്തും മറ്റുള്ളവരുടെ വീഴ്ച്ചയിലും വേദനയിലും, ഭ്രാന്തിലും നമ്മെ ചിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഈ മാനസികാവസ്ഥ ഓര്‍ത്ത് ഞാന്‍ ചിരിക്കുന്നു!

ഇവരെയൊക്കെ കാണുമ്പോള്‍ ചിരിക്കാതെ പിന്നെ കരഞ്ഞിട്ടെന്ത് പ്രയോജനം എന്നു മറ്റു ചിലര്‍..ചിരി ആയുസ്സ് കൂട്ടുമെന്ന് അവര്‍ക്ക് ന്യായം!

ഏതു ഭാഷയിലും, സിനിമ ആദ്യം കണ്ടാലും, അവസാനം കണ്ടാലും, നല്ലതെങ്കില്‍ നല്ലത്, ചീത്തയെങ്കില്‍ ചീത്ത. അല്ല പിന്നെ!

എന്തിനും ഏതിനും ഒരു അളവുകോല്‍ വെച്ച് അളന്നും താരതമ്യം ചെയ്തും ജീവിക്കാന്‍ ശീലിച്ച നമ്മള്‍ക്ക്, ആദ്യം കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതും ഒക്കെ അളവുകോലാകുന്നത് സ്വാഭാവികം.

സിനിമ കാണാന്‍ ഭാഷ വേണ്ട, എന്നാല്‍ ശരിയായ ആസ്വാദനത്തിനു ഭാഷ ആവശ്യവുമാണു. പ്രമേയത്തിന്റെ ആവിഷ്കാരമനസുരിച്ച് ഭാഷയുടെ ഈ ആവശ്യകത ഏറിയും കുറഞ്ഞുമിരിക്കും. ഉദാഹരണത്തിനു “പുഷ്പക്“ എന്ന സിനിമ കണ്ടാസ്വദിക്കാന്‍ ഭാഷയുടെ ആവശ്യമേയില്ല!

Wed Feb 22, 11:11:00 am IST  
Blogger സു | Su said...

ഹഹഹഹഹ :) ഇത് യാത്രാമൊഴിയുടെ തെറ്റിദ്ധാരണക്ക് സു വിന്റെ വകയുള്ള ചിരിയാണ്. കാരണം മനസ്സിന്റെ താളം പിഴച്ചുപോയവരെ പോയിട്ട് മുഖം വെറുതെ വാടിപ്പോയവരെ നോക്കിപ്പോലും ഞാന്‍ പരിഹസിച്ച് ചിരിക്കില്ല. പിന്നെ മറ്റുള്ളവര്‍ വിഡ്ഡികള്‍ ആണെന്ന് ധരിച്ച് ചിലര്‍ കാണിക്കുന്ന നാടകം കാണുമ്പോള്‍ ചിരിക്കാറുണ്ട് കേട്ടോ. പിന്നെ ആരെങ്കിലും വീണാല്‍ ഒന്നും പറ്റിയില്ലെങ്കില്‍ തീര്‍ച്ചയായും ചിരിക്കും.

അടുത്തത്, താളവട്ടത്തിന്റെ ഇംഗ്ലീഷ് കണ്ടില്ല. മോഹന്‍ലാലിനെ കാണുമ്പോള്‍ നമുക്കൊരു ഇഷ്ടം തോന്നും,അതുകൊണ്ട് വിഷമം വരുമ്പോള്‍ പുഞ്ചിരി വരും, സല്‍മാനെ കാണുമ്പോള്‍ അത് തോന്നില്ല. പിന്നെ സിനിമ ഏത് ഭാഷയില്‍ ആയാലും നല്ലതെങ്കില്‍ നല്ലതും ചീത്തയെങ്കില്‍ ചീത്തയും അല്ലാന്ന് ഭാഷ മാറി കണ്ടുനോക്കുമ്പോള്‍ മനസ്സിലാകും.

സിനിമ കാണാന്‍ ഭാഷയുടെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. എന്നാലും ശരിക്ക് ഉള്‍ക്കൊള്ളാന്‍ ഭാഷ ആവശ്യം ആണ് എന്നത് ശരി.

Wed Feb 22, 12:40:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home