അന്നൊരിക്കല്‍!
അടുക്കളയിലും അമ്പലത്തിലും അങ്ങാടിയിലും സാന്നിദ്ധ്യം സൃഷ്ടിച്ചുകൊണ്ട് ജീവിതം നദി പോലെ ശാന്തമായി ഒഴുകുമ്പോഴാണ് മെയില്‍ വഴി വന്ന വൈറസുപോലെ മനുഷ്യനെ ശല്യപ്പെടുത്താന്‍ സിനിമാപോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കുടുംബത്തില്‍ പിറന്നവര്‍ കൂട്ടത്തോടെ പോലും പോകാന്‍ പാടില്ലാത്തത് എന്ന് അതിനുമുകളില്‍ എഴുതാതെ എഴുതിവെച്ചിരുന്നു. കൂട്ടുകാരികള്‍ രണ്ടും കൂടെ രാവിലെ കയറിവന്നപ്പോഴേ ഞാന്‍ വിചാരിച്ചു ഇത് നല്ലതിനുള്ള പുറപ്പാടല്ല എന്ന്.
അവര്‍ പറഞ്ഞു "സു നമുക്ക് ആ പടത്തിനു പോകാം" എന്ന്.
സല്‍മാനെ കണ്ട ഐഷിനെപ്പോലെ ഞാന്‍ ഞെട്ടി.
"ആ പടത്തിനോ? പോസ്റ്റര്‍ കണ്ടില്ലേ, ആരെങ്കിലും കണ്ടാല്‍ എന്ത് വിചാരിക്കും?"
“ആരും കാണില്ല നമുക്ക് മാറ്റിനിക്ക് പോകാം” എന്ന് അവര്‍.
“എന്നാല്‍ ചേട്ടന് ഉച്ചയ്ക്ക് വരും ചേട്ടനേം കൂട്ടാം"
“അയ്യേ സു ആ പടം ശരിയല്ല. "
“ഉം എന്നാല്‍ ചേട്ടന് വരണ്ട അല്ലേ?”
അങ്ങനെ ചേട്ടന് ഉച്ചയ്ക്ക് സര്‍ക്കാര്‍ സേവനം കഴിഞ്ഞെത്തി. ഊണുകഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു ‘ഞാന്‍ സിനിമയ്ക്ക് പോകുന്നു’ എന്ന്. ഏത് സിനിമയ്കാ എന്നേ ചോദിക്കൂ. പോവുന്നു എന്നു പറഞ്ഞാല്‍ വിശ്വസ്തരായ ആരെങ്കിലും കൂടെ ഉണ്ടാവും എന്നറിയാം. അല്ലെങ്കില്‍ നമുക്ക് പോവാം എന്നേ പറയൂ.
"ഏത് സിനിമയ്ക്കാ ?"
ഞാന്‍ സിനിമയുടെ പേരു പറഞ്ഞു. സിനിമയുടെ പേരു കേട്ടതും, വാലന്റൈന്‍ ദിനത്തിലെ പാര്‍ട്ടിക്ക് ക്ഷണക്കത്ത് കിട്ടിയ ബാല്താക്കറേജിയെപ്പോലെ ചേട്ടന് ഞെട്ടി. വായിലുള്ള ചോറ് , തുറന്ന വായിലും, കൈയിലുള്ള ചോറ്, ഉയര്‍ത്തിയ കൈയിലും വെച്ചിരിക്കുന്ന ചേട്ടന് പോസ് ബട്ടണ്‍ അമര്‍ത്തിയ വീഡിയോ പ്രോഗ്രാം പോലെ തോന്നിപ്പിച്ചു.
“എന്താ?” ഞാന്‍ ചോദിച്ചു.
“അതൊരുമാതിരി സിനിമയല്ലേ സു?”
“ആയ്ക്കോട്ടെ. ഭക്തകുചേലയും രാജാഹരിശ്ചന്ദ്രനും മാത്രമേ കാണൂ എന്നും പറഞ്ഞൊന്നുമല്ലല്ലോ നിങ്ങളുടെ കൈയും പിടിച്ച് ഇറങ്ങിയത്?"
“സത്യന് അന്തിക്കാടിന്റെ സിനിമയ്ക്ക് പോയാല്‍ പോരേ?”
“അതിനു വേണമെങ്കില്‍ 4 ദിവസം കഴിഞ്ഞു പോകാം. ഇത് മാറിപ്പോവും."
“ഇത് ഇംഗ്ലീഷല്ലേ. മനസ്സിലാവുമോ?"
"ഇതില്‍ മനസ്സിലാക്കാന്‍ എന്തിരിക്കുന്നു? അല്ലെങ്കിലും എലിസബത്ത് രാജ്ഞിയുടെ കൊച്ചുമക്കള്‍ ഇവിടെ ഉള്ളതുകൊണ്ടൊന്നുമല്ലല്ലോ ഇംഗ്ലീഷ് ചിത്രങ്ങള്‍ ഇവിടെ വരുന്നത്."
"ബോംബേയിലെ 'ഹമ്മ ഹമ്മ' എന്ന പാട്ട് കാണാന്‍ ശരിയല്ലെന്ന് പറഞ്ഞ നീയാണോ ഇപ്പോ ഈ ഫിലിമിനു പോകുന്നത് ?"
“ആ പാട്ട് ഇപ്പോഴും ശരിയല്ല. ഇതിന് ഞാന്‍ എന്തായാലും പോകും."
"ആരെങ്കിലും കണ്ടാലോ?"
“ഹ ഹ ഹ, നമ്മുടെ നാട്ടുകാര്‍ ഒന്നും മാറ്റിനിക്കു വരില്ല. ഇനി അഥവാ വന്ന് കണ്ട് നിങ്ങളോട് ചോദിക്കാന്‍ വന്നാല്‍ ഇന്ന് രണ്ട് മണിക്ക് നമ്മുടെ ഡൈവോഴ്സ് കഴിഞ്ഞു എന്ന് പറഞ്ഞാല്‍ മതി."
"നിന്റെ വീട്ടില്‍ നിന്നാരെങ്കിലും ഫോണ്‍ ചെയ്താലോ?"
"ഉം. ഐശ്വരാറായ്, സല്മാന് ഖാനേയും വിവേക് ഒബ്റോയിയേയും തഴഞ്ഞ് അഭിഷേക് ബച്ചനെ സ്വീകരിക്കാന്‍ തീരുമാനിച്ചതിന്റെ പിന്നിലെ കാരണങ്ങളെപ്പറ്റി കൂലംകഷമായി ചര്‍ച്ച ചെയ്യാന്‍ കൂട്ടുകാരികളുടെ വീട്ടില്‍ പോയതാണെന്നു പറഞ്ഞാല്‍ മതി."
"ആയ്ക്കോട്ടെ."
പുറപ്പെട്ടിറങ്ങിയപ്പോഴേക്കും കൂട്ടുകാരികള്‍ എത്തി. കൂടെ ഭാവിയുടെ രണ്ട് വാഗ്ദാനങ്ങളും.
"അയ്യോ.. ഇവരെയെന്തിനു കൂട്ടി?"
"വീട്ടില്‍ വിട്ടുപോന്നാല്‍ ശരിയാവില്ല സൂ. പ്രക്ഷേപണം നടത്താന്‍ തുടങ്ങിയാല്‍ നാട്ടുകാരു വിവരം അറിയും. സാരമില്ല ഇതുങ്ങള്‍ക്കൊന്നും മനസ്സിലാവില്ല."
"നമുക്ക് വല്ലതും മനസ്സിലായിട്ടു വേണ്ടേ ഇവര്‍ക്ക്. ഉം വാ പോകാം".
ഓട്ടോയില്‍ കയറി. അവരു രണ്ടും പറയുന്നതിനു മുന്‍പ് ഞാന്‍ പറഞ്ഞു ‘സൂപ്പര്‍മാര്‍ക്കറ്റ്.’
രണ്ടും കൂടെ, പിടികിട്ടി എന്ന മട്ടില്‍ എന്നെ നോക്കി പുഞ്ചിരിച്ചു. പിന്നെ അവനു മനസ്സിലാകേണ്ട എന്നൊക്കെ പറഞ്ഞ് പിറുപിറുത്തു. എന്താ എന്നും ചോദിച്ച് ഓട്ടോക്കാരന് തിരിഞ്ഞുനോക്കി. നിനക്കും ഞങ്ങള്‍ക്കും വൈകീട്ട് വീട്ടില്‍ പോകാന്‍ ഉള്ളതാ മോനേ, അതുകൊണ്ട് മുന്നോട്ട് നോക്കി വണ്ടി വിട് എന്ന് മനസ്സില്‍ പറഞ്ഞ് " ഒന്നുമില്ല" എന്ന് അവനോട് പറഞ്ഞു.
അങ്ങനെ ടാക്കീസില്‍ എത്തി. ഞങ്ങള്‍ക്ക് നാട്ടുകാരെപ്പറ്റിയുള്ള വിശ്വാസം നൂറുശതമാനവും സത്യമാണെന്ന് തെളിയിച്ചുകൊണ്ട് ഒറ്റയെണ്ണത്തിന്റേയും പൊടി പോലും ഇല്ല. വേറെ കുറച്ച് ആള്ക്കാര് നില്‍ക്കുന്നുണ്ട്. ഞങ്ങള്‍ ഇപ്പോ അമേരിക്കേന്ന് ലാന്‍ഡ് ചെയ്ത പട്ടിക്കാട്ടുകാര്‍ ആണെന്ന ഭാവം മുഖത്തുവരുത്തി, കോടതി വളപ്പില്‍ കയറിയ പശുക്കളെപ്പോലെ കഥയറിയാത്ത മട്ടില്‍ ചുറ്റി നടന്നു. ടിക്കറ്റ് കൊടുക്കാന്‍ നേരമായപ്പോഴുണ്ട് ദേ ചേട്ടന് പതുങ്ങിപ്പതുങ്ങി വരുന്നു. അവര്‍ക്ക് രണ്ടിനും സന്തോഷമായി. ‘സൂ, ദേ നിന്റെ ചേട്ടന് വന്നു. ഇനി ഒന്നും പേടിക്കണ്ട” എന്ന് പറഞ്ഞു.
സിനിമ തുടങ്ങി. ഭാവിവാഗ്ദാനങ്ങള്‍ക്ക് മിഠായിയും കൂള്‍ഡ്രിങ്ക്സും വാഗ്ദാനം ചെയ്ത് ചേട്ടന് അവരെ നോക്കി. ഞങ്ങള്‍ സിനിമ കണ്ടു. തീര്‍ന്നതും വീട്ടിലേക്ക് വെച്ചടിച്ചു.
40 Comments:
അയ്യേ...സു അപ്പോ ഈ ടൈപാ? ( ഇംഗ്ലീഷ് സിനിമ കാണുന്ന....) മോശം മോശം... :))
ബിന്ദു
ബിന്ദു, ആംഗലേയ ചിത്രങ്ങളില്‍ ഒരു 'വിഭാഗം' മാത്രമെ പരിചയമുള്ളൂ? മോശം!! അടുത്തിറങ്ങിയതില്‍ മില്ല്യന്‍ ഡോളര്‍ ബേബി ഒന്നു കണ്ടു നോക്കൂ..
ഭാഗ്യം. സു വിന്റെ സിനിമാ കാണല്‍ ഇതു പോലൊരു മണ്ടത്തരം ആയില്ലല്ലോ. അതു പൊട്ടെ, സിനിമയെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ. അടുത്ത പോസ്റ്റ് ആയി അത് പ്രതീക്ഷിക്കാമോ?
സൂ ചേച്ചി ബ്ലോഗന് പിടിച്ച പടം കൂടി ഒന്നു കാണണം കേട്ടോ.. ഒരു പാട് പേര് എടുക്കുമെന്നാ നാട്ടുകാരുടെ അഭിപ്രായം... അതു ബ്ലോഗില്‍ പോസ്റ്റിയിട്ടുണ്ട്
ഐഷിന്റെ കാര്യത്തില്‍ അപ്റ്റുഡേറ്റ് ആണല്ലേ,സല്‍മാനും വിവേകും ഇപ്പോ നല്ല കൂട്ടുകാരാന്നാ കേട്ടത് :)
ശനിയാ ഇതു കൂടി, "ലോസ്റ്റ് ഇന്‍ ട്രാന്‍സിലേഷന്‍"
നന്നായിട്ടുണ്ട്
പോസ്റ്റൊക്കെ കൊള്ളാം. പക്ഷേ പടമേതാന്നു ഇതുവരെ പറഞ്ഞില്ല.
വായിച്ച എല്ലാവര്ക്കും നന്ദി.
ബിന്ദു :) അതെ അതെ വളരെ മോശം ;)
ശനിയാ :) ബിന്ദു ഒരു വിദേശമലയാളി ആണെന്നു തോന്നുന്നു. ഒക്കെ കണ്ടു കാണും.
ശ്രീജിത്ത് :) അത്രയ്ക്ക് മണ്ടത്തരം ആയില്ല.
നവനീത് ) നോക്കാം.
തുളസി :) അനോണിമസ് ആവല്ലേ.
സാക്ഷി :) നന്ദി
കുമാര്‍ :) അത് പറയൂല. കേട്ടറിഞ്ഞ് പോകാന്‍ അല്ലേ. വേല കൈയിലിരിക്കട്ടെ.
സു, ഞാന്‍ ഒരു തമാശ പറയാന്‍ 'ശ്രമിച്ചതായിരുന്നു':(, ശനിയന്റെ കമന്റ് വായിച്ചപ്പോള്‍ തോന്നി അങ്ങനെ ഒരു സാഹസം ചെയ്യേണ്ടിയിരുന്നില്ല എന്ന്. ഏതായാലും സു അത് ശരിയായ സെന്‍സില്‍ എടുത്തതില്‍ സന്തോഷം. പിന്നെ, ഞാനൊരു വിദേശ മലയാളി(?) എന്ന നിരീക്ഷണത്തിന് നൂറു മാർക്ക്. പക്ഷെ ഈ സിനിമ ഞാൻ കണ്ടിട്ടില്ല, ഇംഗ്ലീഷ് സിനിമകളോടു അറിയാത്തൊരലർജി ആണെനിക്കു(അല്ലാതെ മനസ്സിലാവാഞ്ഞിട്ടാണെന്നു പറഞ്ഞാല്‍ നാണക്കേടല്ലെ ;)) നല്ലതാണെന്നു ആരെങ്കിലും പറയുന്ന സിനിമകൽ കാണാന്‍ ശ്രമിക്കാറുണ്ട്. അതുകൊണ്ടു.... :)
ബിന്ദു.
This comment has been removed by a blog administrator.
ബിന്ദു, സീരിയസ് ആവല്ലെ!! ഞാന്‍ ഒരു തമാശ കമന്റിയതിന്റെ ക്ഷീണം ഇതുവരെ തീര്‍ന്നിട്ടില്ല! (സു-നോടു ചോദിക്കൂ.. പറഞ്ഞുതരും)
ഞാന്‍ ഓടട്ടെ, സു ഇപ്പൊ വടി എടുക്കും..
ശനിയാ, ഞാന്‍ കുറച്ചു കാലമായിട്ട് ഉണ്ടിവിടെ, അതുകൊണ്ടു കണ്ടിരുന്നു അത്. ഒരാളെ എങ്കിലും പേടിയുള്ളതു നല്ലതു തന്നെ. :)
ബിന്ദു
:-)=) പലപ്പോഴും ചൊദിക്കണമെന്നു കരുതിയിട്ടുണ്ട്.. എപ്പൊഴും അനൊനിമസ് ആയി ഇരിക്കുന്നതെന്താ?
എനിക്കും ഇതേ സംശയം ഉണ്ടായിരുന്നു ശനിയാ. ബിന്ദു മാത്രമല്ല സുനിലും അനോണിമാസ്റ്ററാണ്. എന്താവോ കാര്യം.
സൂ, അതേത് പടമാ???
ബിന്ദു പുല്ലൂരാന്റെ ഓപ്പോള് ആണെന്നും സുനില്‍ എന്നയാള്‍ക്ക് വായനശാല എന്നൊരു ബ്ലോഗുണ്ടെന്നും എല്ലാവരും അറിഞ്ഞിരിക്കാന്‍ വേണ്ടി പറയുകയാ. ബാക്കി എല്ലാം അവരോട് ചോദിച്ച് മനസ്സിലാക്കുക.
കലേഷ് :) എന്തിനാ ? കാണാന്‍ ആയിരിക്കും അല്ലേ?
പുല്ലൂരാനെ :) ഞാന്‍ ഒന്നും തെറ്റിദ്ധരിച്ചിട്ടില്ല. ബിന്ദു പുല്ലൂരാന്റെ ഓപ്പോള് ആണെന്നും സ്വന്തമായിട്ട് ഒരു ബ്ലോഗ് ഇല്ലാത്തതിനാല്‍ എല്ലാവരുടെയും ബ്ലോഗുകള്‍ വായിച്ച് വെറും വായനക്കാരി ആയി ഇരിക്കുകയാണെന്നും അറിയാം. ബ്ലോഗ് ഐഡി എടുക്കാത്തതിനാല്‍ ആണ് പേര് മാത്രം വെച്ച് കമന്റ് ചെയ്യുന്നതെന്നും അറിയാം. എനിക്കിത്രേം അറിഞ്ഞാ മതി.
പിന്നെ സുനിലേട്ടന്, വായനശാല എന്നൊരു ബ്ലോഗ് ഉണ്ടെന്നും, തിരക്കു കാരണം -സു- എന്ന് പേര് മാത്രം വെച്ച് കമന്റ് ചെയ്യുന്നതാണെന്നും അറിയാം
ബിന്ദുവും സുനിലും പരസ്പരം അറിയുന്ന ആള്ക്കാര് ആണെന്ന് എനിക്ക് തോന്നുന്നില്ല.
നയം വ്യക്തമാക്കുന്നു:
ഞാന്‍ ചോദിച്ച ആകെയുള്ള സംശയം ബിന്ദുവും സുനിലും സൈന്‍ ഇന്‍ ചെയ്യാന്‍ വിമുഖതയുള്ളവര്‍ ആയത്
1. സെക്യൂരിറ്റി പ്രശ്നം മൂലമാണോ
2. ലോഗ് ചെയ്യാനുള്ള മടികൊണ്ടാണോ
3. വേറേ എന്തെങ്കിലും കാരണം കൊണ്ടാണോ എന്നാണ്.
എന്റമ്മേ പഴയ പല്ലവി വീണ്ടും പറയട്ടേ:
ലോഗ് ഇന്‍ ചെയ്യാന്‍ മടി ഇല്ല എന്നു പറഞാല്‍ അതുനുണയാവും. പക്ഷെ ഓഫീസിലെ തിരക്കിനിടയില്‍ ഒന്നുകമന്റാന് മുട്ടുമ്പോള്‍ ഒന്നും നോക്കാതെ കമന്റുക അത്രതന്നെ. പിന്നെ -സു- എന്നൊരു ഒപ്പും! ഞാന്‍ ജോലിചെയ്തിരുന്ന ബാങ്കില്‍വരെ ഈ -സു- എന്ന ഒപ്പ് “വാലിഡ്” ആയിരുന്നു! അപ്പോ മാറ്റാന്‍ ...ല്ല. പിന്നെ എനിക്ക് അറിയാത്തവരായി ബൂലോകത്ത് ആരൂല്ല്യാന്നാതോന്നണ്.-സു-
ദൈവമേ... ഞാനാണൊ ഇപ്പോള്‍ പ്രശ്നം??? ഞാന്‍ പുല്ലൂരാന്റെ 'ഓപ്പോള് എന്നും' പറയാം. സു വിന്റെ ഊഹം കുറെ ശരിയാണു, ബ്ലോഗ് ഇല്ലാത്തതു കൊണ്ടാണു ഇങ്ങനെ കമന്റുന്നതു, എന്താ ബ്ലോഗ് തുടങ്ങാത്തതു എന്നു ചോദിച്ചാല്‍ ... പ്രത്യേകിച്ചു കാരണം ഒന്നും ഇല്ല, എന്തെങ്കിലും എഴുതാന്‍ പറ്റുമോ എന്നു നിശ്ചയമില്ല, നിങ്ങളൊക്കെ നന്നായി എഴുതുന്നതൊക്കെ വായിക്കാന്‍ ഇഷ്ടവുമാണ്. (മലയാളം എന്തു കണ്ടാലും വായിക്കും അതെന്റെയൊരു വാശിയാണ് ;) ). ഒരു പക്ഷെ ഒരു സുപ്രഭാതത്തില്‍ തുടങ്ങാനും മതി. പിന്നെ സുനിലിനെ എനിക്കറിയാം സുനിലിന് എന്നേ അറിയുമോ എന്നറിയില്ല, ശ്രമിച്ചാല്‍ അറിയാന്‍ വിഷമവുമില്ല.
ബിന്ദു.
എനിക്കു വെറെ ഒരു സംശയം. ബിന്ദു ഇന്ദുവിന്റെ ആരെങ്കിലും ആണോ.
എല്ലാവരും കൂടി ബിന്ദുവിനെ ഇവിടെ നിന്നും ഓടിക്കുമോ? ആരും ആരെക്കുറിച്ചു ആരാണെന്ന് സംശയിക്കേണ്ട കാര്യമുണ്ടോ? ബിന്ദുവും ഇന്ദുവും ഒക്കെ സമയമാകുമ്പോള്‍ പുറത്തുവരും. അതാണ് അതിന്റെ ഒരു ശരി. തല്ക്കാലം ബിന്ദു ഒരു ഐഡിയില്ല ബിന്ദു.
ഇനി ഒരു തമാശ..
ഈ കമന്റുകള്‍ വന്നു വീഴുന്ന ബ്ലോഗിന്റെ ഉടമ സൂ. അത് ആരാ? സൂര്യഗായത്രിക്കപ്പുറം ആര്‍ക്കൊക്കെ അറിയാം സൂ-വിന്റെ ശരിയായ പേര്?
അതുകൊണ്ട് ബിന്ദു ആരോ ആയിക്കോട്ടെ. ബിന്ദു പറഞ്ഞപോലെ ബിന്ദുവിനു തോന്നുകയാണെങ്കില്‍ ബിന്ദു ഒരു സുപ്രഭാതത്തില്‍ വരും. ഒരു ബ്ലോഗും ഒരു ഐഡിയും ഒത്തിരി പോസ്റ്റുകളുമായി.
(ഇനിയിപ്പോ എനിക്കു പരിചയമുള്ള കഥാപാത്രമാണ് ബിന്ദു എന്നാവുമോ അടുത്ത കമന്റ്?)
ഇന്ദുവിനെ എനിക്കറിയില്ല ശ്രീജിത്. പക്ഷെ ശ്രീജിത്തിന്റെ സംശയം കണ്ടപ്പോള്‍ എനിക്കു പത്തില്‍ പഠിച്ചപ്പൊഴത്തെ ഒരു കാര്യം ഓര്മ വന്നു(എന്റെ മണ്ടത്തരം). കണക്കു പരീക്ഷക്കു, പകുതി കണക്കു ശരിയായതു കൊണ്ടു പകുതി മാര്‍ക്കു വേണം എന്നു പറഞ്ഞ എന്നോടു സാറു ചോദിച്ചു" വീട്ടില്‍ വളര്‍ത്തുന്ന, പാലു തരുന്ന മൃഗം ഏതെന്ന ചോദ്യത്തിനു പട്ടി എന്നെഴുതിയാല്‍ പകുതി മാര്‍ക്കു തരാന്‍ പറ്റുമൊ, രണ്ടിലും "പ" ഉണ്ടെന്നു വച്ചു" എന്നു. ഓര്‍മ്മ വന്നതു കൊണ്ട് എഴുതി എന്നേയുള്ളു.
ബിന്ദു.
ചിക്കാഗോ കയ്യകലത്തിലുള്ള സ്ഥലമല്ലാത്തതിനാലും ഇന്റര്‍നെറ്റ് ഒളിച്ചിരിക്കാന്‍ വളരെ എളുപ്പം പറ്റുന്നൊരിടമായതുകൊണ്ടും ചോദിച്ചോട്ടേ.. ബിന്ദുവും -സു-വും ഭാര്യാഭര്ത്താക്കന്മാരാണോ..
ബിന്ദുവിന്റെ ‘...പിന്നെ സുനിലിനെ എനിക്കറിയാം സുനിലിന് എന്നേ അറിയുമോ എന്നറിയില്ല, ശ്രമിച്ചാല്‍ അറിയാന്‍ വിഷമവുമില്ല...’ എന്നഡയലോഗ് ഇവിടെ സ്ഥിരം കേള്ക്കുന്നവയുമായി വളരെ സാമ്യം തോന്നുന്നതുകൊണ്ട് ചോദിച്ചതാണ്.
ബൈ ബൈ.. ഞാന്‍ മുങ്ങി :)
എന്റെ ഈശ്വരാ..... ഒരു കമന്റ് എഴുതി എന്ന കുറ്റത്തിനു എന്തൊക്കെ കേള്‍ക്കണം ഞാന്‍ ..:((.
ബിന്ദു
എല്ലാം പിടികിട്ടി. കുമാറിന്റെ ഭാര്യയുടെ ചേച്ചിയുടെ ഭര്‍ത്താവിന്റെ മൂത്തമകന്റെ അമ്മൂമ്മയുടെ ഇളയമകളുടെ രണ്ടാമത്തെ പുത്രന്റെ അപ്പൂപ്പന്റെ മരുമോളാണല്ലേ, ഈ ബിന്ദു? ആഹാ! അങ്ങനെ വരട്ടെ.
മിഡാസ് റ്റച്ച് പോലെ എനിക്കെന്തോ “മൊഡാസ്“ റ്റച്ച് ഉണ്ടെന്നാ തോന്നുന്നത്. ഞാന്‍ എങ്ങോട്ടു നോക്കിയാലും അവിടെ കശപിശ നടക്കും. ഞാനും ദേ പോണേണ്. ഈവഴി ഞാന്‍ വന്നിട്ടേയില്ലാ.
ബിന്ദു ആരെങ്കിലുമാകട്ടെ. ആരെങ്കിലുമാകാന്‍ അവര്‍ക്ക് അവകാശവുമുണ്ട്. എല്ലാ മലയാളം ബ്ലോഗുകളും വായിക്കുമെന്ന അവരുടെ നിശ്ചയദാര്‍ഢ്യമാണു പ്രധാനം.
എനിക്കുറപ്പുണ്ട് ബിന്ദുവും ഒരിക്കല്‍ ഒരു കിടിലന്‍ ബ്ലോഗു തുടങ്ങും. പണ്ട് സൂര്യഗായത്രിയുടെ ഇതേ ബ്ലോഗില്‍ വന്ന് സ്ഥിരമായി അനോണിച്ച ചിലര്‍ ഇപ്പോള്‍ നല്ല ഒന്നാന്തരം ബ്ലോഗുകള്‍ തുറന്നു വച്ചിരിക്കുന്നതു കാണുമ്പോള്‍ പേരെഴുതുന്ന 'അനോണിമസ് ബിന്ദു' ആ വഴി വരുമെന്ന് ഉറച്ചു വിശ്വസിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.
ബിന്ദൂ, കാത്തിരിക്കുന്നു ആ ബ്ലോഗിനായി
ഹെന്റമ്മോ!! ഒരു സംശയം ചോദിച്ചപ്പൊ അതിവിടെ വരെ എത്തുമെന്നു കരുതിയില്ല.. പാവം ബിന്ദു (അതാരായാലും). സോറി ട്ടാ..
അപ്പോള്‍ പാഠം 2: ആവശ്യമില്ലാത്ത (പൊട്ടന്) ചോദ്യങ്ങള്‍ ചോദിക്കരുത്. (ഇതു പൊട്ടന് ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കരുത് എന്നു ഞാന്‍ വായിക്കണം, അല്ലെ?)
"എവിടുന്നൊ വന്നു ഞാന്‍,
എവിടേക്കോ പോണു ഞാന്‍..."
ങേ!
ഐശ്വരാറായ്, സല്മാന് ഖാനേയും വിവേക് ഒബ്റോയിയേയും തഴഞ്ഞ് അഭിഷേക് ബച്ചനെ സ്വീകരിക്കാന്‍ തീരുമാനിച്ചോ ??
എന്തുപറ്റി ??
ഇതിനിടയിലാണോ ഒരു ബിന്ദു, ഇന്ദു ..ചന്തു പ്രശ്നം!
ബിന്ദുവേ ഇനീം വായിക്കണം . കമന്റുകയും വേണം.:)
സിബു :) കുമാര്‍ :) ശ്രീജിത്ത് :) ദേവന് :) ബെന്നി :) മഞ്ചിത് :) നളന് :) സുനില്‍ :) പുല്ലൂരാന് :) സന്തോഷ് :)
എല്ലാവര്ക്കും ബിന്ദുവിനെ മനസ്സിലായല്ലോ അല്ലേ?
തീര്‍ച്ചയായും സു. ഇതൊക്കെയൊരു തമാശയല്ലെ. :)പിന്നെ ഞാന്‍ ശനിയനോടൊരു നന്ദി പറയാനിരിക്കുകയാണു, എന്നെ ഇത്രയും ഫെയ്മസ് ആക്കിയില്ലെ.;)
ബിന്ദു
:-) ഈ പാവം ജീവിച്ച് പൊക്കോട്ടെ മാഷെ.. പിന്നെ ഫേമസ് ആവുന്ന കാര്യം.. അതൊക്കെ ഓരോ സമയമല്ലെ? അല്ലെങ്കി അരു അനാഥ പ്രേതം പോലെ വല്ല വഴിയെയും അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഞാനൊന്നു കാന്‍സസ് വരെ പോവാനും അവിടെ ഇരുന്നു എല്ലാവരും എഴുതുന്നതു മിണ്ടാതെ (വിടാതെയും) വായിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു ബ്ലോഗര്‍ ഇതൊക്കെ വായിച്ചു നോക്കെന്നു പറഞ്ഞപ്പൊ കുത്തിയിരുന്ന് കൊടകരപുരാണംസ് മൊത്തം വായിച്ചു, ചിരിച്ചു ബോധമില്ലാതെ കിടന്നിട്ട്, അവിടത്തെ നെല്‍സണ്‍ ആറ്റ്കിന്സിനകത്ത് കുറെനേരം അലഞ്ഞുതിരിഞ്ഞു നടന്ന്, തിരിച്ചിവിടെവന്നു ഒരെണ്ണം തുടങ്ങി, കണ്ടിടത്തു മുഴുവന്‍ കമന്റി, തല്ലുണ്ടാക്കി, കൊണ്ട്, അങ്ങിനെ പോവുന്ന നേരത്ത് ആവശ്യമില്ലാത്തൊരു (പൊട്ടന്) ചോദ്യം ചോദിക്കണ്ട വല്ല കാര്യവുമുണ്ടോ? ഇതിനെയാണു സമയം എന്നു പറയുന്നത്.
(എസ്സെ എഴുതിയാല്‍ 10 മാര്‍ക്കല്ലെ? കിട്ടുമോ ആവൊ?)
പതിവു പോലെ കൊട്ടും കളിയും കഴിഞ്ഞപ്പോഴാണ് എന്റെ വരവ്! അപ്പോഴേയ്ക്കും എല്ലാവരുടെയും സംശയങ്ങളും തീര്‍ന്നതു കൊണ്ട് ഞാനിനി ഒന്നും പറയേണ്ടല്ലോ, അല്ലേ? :)
ഇന്ദു :) പൂച്ചെണ്ടും നാരങ്ങയും തീര്‍ന്നുപോയി. ഒരു ഗ്ലാസ്സ് വെള്ളം എടുക്കട്ടെ?
ഇന്ദു, തീര്‍ന്നു എന്നോര്‍ത്തു വിഷമിക്കേണ്ട, നമുക്കു രണ്ടു പേര്‍ക്കും കൂടി ഒന്നൊത്തു പിടിച്ചാല്‍ ....;)
ബിന്ദു
ഇന്ദു, വേണമെങ്കില്‍ ഞാനും ഒന്നു സഹായിക്കാം.. ബിന്ദു എന്തു പറയുന്നു? ;-)
ശനിയാ... ഞാന്‍ പറയാന്‍ തുടങ്ങുകയായിരുന്നു, കൂട്ടിനു ദേവനേയും വിളിച്ചു കൊള്ളു. :)
ബിന്ദു
സിബു കൂടെ ആയാലോ, ബിന്ദു? ;-)
മതി മതി , ഞാന്‍ നിര്‍ത്തി ഈ പണി.
ബിന്ദു
Post a Comment
Subscribe to Post Comments [Atom]
<< Home