Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, February 27, 2006

സീത!

"ജാനകിയോടു കൂടാതെ രഘുവരന്‍
കാനനവാസത്തിനെന്നു പോയിട്ടുള്ളൂ?
ഉണ്ടോ പുരുഷന്‍ പ്രകൃതിയെ വേറിട്ടു
രണ്ടുമൊന്നത്രേ വിചാരിച്ചുകാണ്‍കിലോ
പാണിഗ്രഹണമന്ത്രാര്‍ത്ഥവുമോര്‍ക്കണം
പ്രാണാവസാനകാലത്തും പിരിയുമോ?”

കുഞ്ഞുസീത മിഴിഞ്ഞ കണ്ണുകളുമായി മുത്തശ്ശിയെത്തന്നെ നോക്കിയിരിക്കുകയാണ്. മുത്തശ്ശി പതിവുള്ള പുരാണപാരായണത്തിലാണ്. സീതയ്ക്ക്‌ അതിലൊന്നും താത്‌പര്യമില്ല. മുത്തശ്ശി പുരാണങ്ങള്‍ വെക്കുന്ന, പാറ്റാഗുളികള്‍ ഇടുന്ന, മുത്തു പിടിപ്പിച്ച തുണിസഞ്ചി, വായിക്കുമ്പോള്‍ പുസ്തകം വെക്കാന്‍ ഉപയോഗിക്കുന്ന പലക, ഇതിലൊക്കെയാണ് സീതയുടെ സന്തോഷം. വായിക്കാന്‍ പുസ്തകങ്ങള്‍ എടുത്ത്‌ പുറത്തുവെച്ചാല്‍, മുത്തശ്ശി, സഞ്ചി സീതയുടെ കൈയില്‍ കൊടുക്കും. അതിനുമുകളിലെ മുത്തൊക്കെ തൊട്ട്‌, പാറ്റാഗുളിക എടുത്ത്‌ മണപ്പിച്ച്‌, പുരാണം കേട്ടും കേള്‍ക്കാതെയും സീത ഇരിക്കും. പുസ്തകത്തിലെ ചിത്രങ്ങള്‍ വന്നാല്‍ പിന്നെ താള്‍ മറിക്കാന്‍ സമ്മതിക്കാതെ ‘നിക്കൂ... നിക്കൂ... മുത്തശ്ശീ, ഞാന്‍ കാണട്ടെ’ എന്ന് പറഞ്ഞ്‌ ഇരിക്കും. മുത്തശ്ശിയ്ക്ക്‌ ഒരു തിരക്കും ഇല്ല. പക്ഷെ സീതയുടെ അമ്മ ഇതൊക്കെ കണ്ടുംകൊണ്ട്‌ വന്നാല്‍ ശകാരം തുടങ്ങും. "പാറ്റാഗുളിക തൊടരുതെന്ന് നിന്നോട്‌ എത്ര തവണ പറയണം, മണ്ണുള്ള കൈകൊണ്ട്‌ പുസ്തകത്തില്‍ തൊടരുതെന്ന് പറഞ്ഞിട്ടില്ലേ" എന്നൊക്കെ കുറെ പറഞ്ഞ്‌ പോകും അത്ര തന്നെ.

മുത്തശ്ശിക്ക്‌ ജോലിത്തിരക്കില്ലാത്ത സമയം ആണെങ്കില്‍ മുത്തശ്ശി വായിക്കുന്നതിന്റെ അര്‍ത്ഥം സീതയ്ക്ക്‌ മനസ്സിലാവുന്ന തരത്തില്‍ പറഞ്ഞുകൊടുക്കും. പിന്നെ പുരാണകഥകളും. ഭീമന്‍ ബകനു ഭക്ഷണം കൊടുക്കാന്‍ പോയതും, ഊണുകഴിഞ്ഞിരിക്കുമ്പോള്‍ കൃഷ്ണന്‍ വന്ന് പാഞ്ചാലിയോട്‌ ഭക്ഷണം ചോദിച്ചതും, പിന്നെ അനുഗ്രഹിച്ചതും, രാവണന്‍ സീതയെ തട്ടിക്കൊണ്ടുപോകുമ്പോള്‍ ജടായു രക്ഷിക്കാന്‍ നോക്കിയതും തുടങ്ങി ഒട്ടനവധി കഥകള്‍ മുത്തശ്ശിയാണ് സീതയ്ക്ക്‌ പറഞ്ഞ്‌ കൊടുത്തത്‌. വേനലവധിയ്ക്കാണ് മുത്തശ്ശിയുടെ കൂടെ താമസിയ്ക്കാന്‍ സീത എത്തുക. തിരിച്ചുപോകുമ്പോള്‍ കൂട്ടുകാര്‍ക്ക്‌ പറഞ്ഞ്‌ കൊടുക്കാന്‍ ഒരുപാട്‌ കഥകളും കാണിക്കാന്‍ ഒരുപാട്‌ സമ്മാനങ്ങളും സീതയുടെ പക്കല്‍ ഉണ്ടാകും. സീത രാമന്റെ കൂടെ കാട്ടില്‍ പോകാന്‍ പുറപ്പെട്ടത്‌ എന്നും മുത്തശ്ശി പറയും. ‘മുത്തശ്ശീ, നിയ്ക്ക്‌, ഹനുമാര് ലങ്കയ്ക്ക്‌ തീവെച്ച കഥ മാത്രം വിസ്തരിച്ചു കേട്ടാല്‍ മതി’ എന്ന് സീത പറയും. എന്നാലും, രാമന്റെ കൂടെ സീത കാട്ടില്‍ പോയ കഥ പറയാതെ എണീറ്റുപോവില്ല.

**********************

കഥകള്‍ കേട്ട്‌ സ്നേഹം കിട്ടി സീത വളര്‍ന്നു. കല്യാണം കഴിഞ്ഞ്‌ പോകുമ്പോള്‍ രാമായണം പുസ്തകമാണ് മുത്തശ്ശി കൊടുത്തത്‌. വായിക്കില്ലെങ്കിലും വെച്ചോളൂ എന്ന് പറഞ്ഞു.

**********************

ഒരു ദിവസം രാവിലെ തന്നെ സീത ഒറ്റയ്ക്ക്‌ വന്നപ്പോഴാണ് അച്ഛനും അമ്മയും അമ്പരന്നത്‌.

ശരത്‌ എവിടെ എന്നു ചോദിച്ചപ്പോള്‍ സീത പറഞ്ഞു.

"ട്രാന്‍സ്ഫര്‍ ആയി"

"എങ്ങോട്ടാ?"

അവരുടെ വീടിനും, സീത താമസിക്കുന്ന പട്ടണത്തിനും കുറേ ദൂരെയുള്ള പത്രത്താളുകളില്‍ വല്ലപ്പോഴും കണ്ട്‌ പരിചയം മാത്രമുള്ള ഒരു ഗ്രാമത്തിന്റെ പേരു സീത പറഞ്ഞു.

"എപ്പോഴാണ് ജോയിന്‍ ചെയ്യേണ്ടത്‌?"

"പത്തുദിവസം ഉണ്ട്‌".

"വീട്‌ കണ്ടുപിടിയ്ക്കാന്‍ സമയം ഉണ്ടല്ലോ അല്ലേ?"

“ഗ്രാമം ആയതുകൊണ്ട്‌ വാടകവീട്‌ കിട്ടാന്‍ പ്രയാസം ആവുമോ എന്തോ..."

"വീടൊക്കെ ഓഫീസിന്റെ കൂടെത്തന്നെയുണ്ട്‌. ഒക്കെ എടുത്ത്‌ മാറിയാല്‍ മതി".

"എപ്പോഴാ മാറാന്‍ ഉദ്ദേശിക്കുന്നത്‌? ഞങ്ങളും വരാം സഹായിക്കാന്‍”.

"ഞാന്‍ മാറുന്നില്ല. ട്രാന്‍സ്ഫര്‍ കാന്‍സല്‍ ചെയ്യിക്കാന്‍ നോക്കുന്നുണ്ട്‌ ശരത്‌ ".

"എന്തിന് ?? പ്രോമോഷന്‍ കിട്ടിയതല്ലേ. അതും കാന്‍സല്‍ ആവില്ലേ?"

“ആ പട്ടിക്കാട്ടിലൊന്നും പോയി താമസിക്കാന്‍ എന്നെ കിട്ടില്ല. ഒരു കട പോലും മര്യാദക്ക് കാണണമെങ്കില്‍ പത്ത്‌ കിലോമീറ്റര്‍ പോകണം. പിന്നെ കൂട്ടുകാരികളെയൊക്കെ ഞാന്‍ എങ്ങനെ കാണും?. ഞാന്‍ അങ്ങോട്ട്‌ വരില്ല എന്ന് തീര്‍ത്ത്‌ പറഞ്ഞിട്ടുണ്ട്‌. ഒന്നുകില്‍ ഇവിടെ നില്‍ക്കും, അല്ലെങ്കില്‍ ഞങ്ങളുടെ വീട്ടില്‍. ശരത്ത്‌ അവധി ദിവസങ്ങളില്‍ വന്നോട്ടെ."

"അതൊന്നും ശരിയാവില്ല മോളൂ".

അച്ഛന്‍ ശരത്തിനെ വിളിക്കുന്നതും ട്രാന്‍സ്ഫറിന്റെ കാര്യങ്ങള്‍ ചോദിക്കുന്നതും പോകാന്‍ ആയാല്‍ പായ്ക്കിങ്ങില്‍ സഹായിക്കാം എന്നു പറയുന്നതുമൊക്കെ സീത കേട്ടു. അരിശം വന്നെങ്കിലും ഒന്നും മിണ്ടിയില്ല.

പിറ്റേന്ന് ഉച്ചയ്ക്കാണ് മുത്തശ്ശിയെ കാണാന്‍ സീതയും അമ്മയും കൂടെ പോയത്‌. വയ്യെങ്കിലും മുത്തശ്ശി എല്ലാക്കാര്യങ്ങള്‍ക്കും ഓടി നടക്കുന്നുണ്ടായിരുന്നു. എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞു. ഊണും കഴിഞ്ഞ്‌ ഇരിക്കുമ്പോളാണ് ‘ഞാന്‍ വായിച്ചിട്ട്‌ വരാം’ എന്നും പറഞ്ഞ്‌ കാലും മുഖവും കഴുകി മുത്തശ്ശി പോയത്‌. സീതയും പിന്നാലെ ചെന്നു. മുത്തശ്ശി സഞ്ചിയില്‍ നിന്ന് പുസ്തകങ്ങളൊക്കെ പുറത്തെടുത്ത്‌ വായന തുടങ്ങിയപ്പോള്‍ മറ്റു പുസ്തകങ്ങളുടെ ഉള്ളില്‍ വെച്ചിരുന്ന വര്‍ണനൂലുകള്‍ എടുത്ത്‌ നിവര്‍ത്തിയും ഒതുക്കിയും സീത ഇരുന്നു. മുത്തശ്ശി ശിവപുരാണവും ഭാഗവതവും കഴിഞ്ഞ്‌ രാമായണം കൈയിലെടുത്തു. കുറച്ചുറക്കെ തന്നെ വായിച്ചു.

"ഭര്‍ത്താവു തന്നോടു കൂടെ നടക്കുമ്പോളെത്രയും
കൂര്‍ത്തുമൂര്‍ത്തുള്ള കല്ലും മുള്ളും,
പുഷ്പാസ്തരണ തുല്യങ്ങളെനിക്കേതും,
പുഷ്പ ബാണോപമ! നീ വെടിഞ്ഞീടൊലാ
ഏതുമേ പീഢയുണ്ടാകയില്ലെന്‍ മൂലം
ഭീതിയുമേതുമെനിക്കില്ല ഭര്‍ത്താവേ"

**********************
പിറ്റേ ദിവസം പത്രമെടുക്കാന്‍ വാതില്‍ തുറക്കുന്നതിനു മുന്‍പു തന്നെ ശരത്‌ കോളിംഗ്‌ ബെല്ലിന്റെ ശബ്ദം കേട്ടു. ഇത്ര നേരത്തെ ആരാണെന്ന ആശ്ചര്യത്തില്‍ വാതില്‍ തുറന്ന ശരത്തിനു മുന്നില്‍ സീതയും അച്ഛനും അമ്മയും!. പിറ്റേന്ന് രാവിലെ വീട്ടുവസ്തുക്കള്‍ എല്ലാം കയറ്റിയ വാഹനം പുറപ്പെട്ടതും പിന്നാലെ സീതയും ശരത്തും അച്ഛനുമമ്മയും പുറപ്പെട്ടു. സീതയുടെ കൈയില്‍ ഉള്ള ബാഗില്‍ മുത്തശ്ശി കൊടുത്ത രാമായണം ഉണ്ടായിരുന്നു.

16 Comments:

Blogger bodhappayi said...

സു, അല്‍പം ആധ്യാത്മ ചിന്തയും തുഡങ്ങിയോ.

Mon Feb 27, 02:57:00 pm IST  
Anonymous Anonymous said...

Lovely blog,su! Dont know how to write this in Malayalam. Pls help!

Mon Feb 27, 03:27:00 pm IST  
Blogger Sreejith K. said...

രാമായണത്തിലെ സ്ലോകങ്ങളൊക്കെ പഠിച്ചു വച്ചിട്ടുണ്ടല്ലോ. അഭിനവസീതയുടെ കഥ കലക്കി.

Mon Feb 27, 03:36:00 pm IST  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

കുറച്ചുനാളായി സൂ എഴുതിയതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത്. പറയാന്‍ ഉദ്ദേശിച്ചത് വളരെ ഒതുക്കി ഭഗിയായി പറഞ്ഞു. നന്നായിട്ടുണ്ട് സൂ.

Mon Feb 27, 03:52:00 pm IST  
Anonymous Anonymous said...

nannaayittundu :)

Mon Feb 27, 04:04:00 pm IST  
Anonymous Anonymous said...

nannaayittundu :)
kumar

Mon Feb 27, 04:05:00 pm IST  
Blogger രാജ് said...

എന്തായാലും ഇക്കാലമത്രയും

ഭര്‍ത്താവേ! കണ്ടീലയോ കനകമയമൃഗ-
മെത്രയും ചിത്രം ചിത്രം! രത്നഭൂഷിതമിദം.
പേടിയില്ലിതിനേതുമെത്രയുമടുത്തു വ-
ന്നീടുന്നു മരുക്കമുണ്ടെത്രയുമെന്നു തോന്നും.
കളിപ്പാനതിസുഖമുണ്ടിതു നമുക്കിന്നു
വിളിച്ചീടുക വരുമെന്നു തോന്നുന്നു നൂനം.
പിടിച്ചുകൊണ്ടിങ്ങുപോന്നീടുക വൈകീടാതെ
മടിച്ചീടരുതേതും ഭര്‍ത്താവേ! ജഗല്‍പതേ!

എന്നു പറഞ്ഞിരുന്ന സൂ-ന്റെ നായികമാര്‍ അയോദ്ധ്യാകാണ്ഡത്തിലേക്ക് തിരിച്ചു വന്നതു നന്നായി ;)

Mon Feb 27, 04:12:00 pm IST  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

:)
നല്ല പോസ്റ്റ്‌..!

Mon Feb 27, 04:48:00 pm IST  
Anonymous Anonymous said...

എനിക്കും മുത്തശ്ശിയുടെ കൈയില്‍ നിന്നൊരു ദേവീമാഹാത്മ്യം കിട്ടിയിട്ടുണ്ട്‌. പക്ഷെ സിറ്റുവേഷന്‍ ഇതല്ല.
നന്നായി ഇത്‌.
ബിന്ദു.

Mon Feb 27, 07:42:00 pm IST  
Blogger Kalesh Kumar said...

നന്നാ‍യിട്ടൂണ്ട് സൂ‍...

Mon Feb 27, 07:52:00 pm IST  
Blogger സു | Su said...

കുട്ടപ്പാ :) ബ്ലോഗ് തുടങ്ങിയല്ലോ അല്ലേ? നന്നായിട്ടുണ്ട്. അക്ഷരത്തെറ്റൊക്കെ ശരിയാക്കണം കേട്ടോ.

ശ്രീജിത്ത് :) അതെന്ത് പഠിക്കാനാ. ബുക്ക് തുറന്ന് നോക്കിയാപ്പോരേ?

സാക്ഷി :) നന്ദി.

കുമാര്‍ :) നന്ദി.

പെരിങ്ങ്സ് :) അതെ അതെ. നായികമാര്‍ മാത്രം. ഞാന്‍ യുദ്ധകാണ്ഡത്തിലാ .

വര്‍ണം :)

ബിന്ദു :) അതു നോക്കാറുണ്ടോ? അതോ പെട്ടിയിലോ?

കലേഷ് :)

Vijay kumar :) thanks for reading.

pls visit http://vfaq.blogspot.com

Tue Feb 28, 05:50:00 pm IST  
Blogger സു | Su said...

lonley heart :)

എന്റെ ബ്ലോഗില്‍ എന്തെഴുതണം എന്ന് അവരോട് ചോദിക്കേണ്ടി വരുമോ?

Wed Mar 01, 09:03:00 pm IST  
Blogger ഉമേഷ്::Umesh said...

നല്ല കഥ, സൂ.

സൂവിന്റെ സീരിയസ് കഥകളില്‍ എനിക്കു് ഏറ്റവും ഇഷ്ടപ്പെട്ടതു്.

Wed Mar 01, 09:25:00 pm IST  
Blogger സു | Su said...

ഉമേഷ് :) നന്ദി. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട് ഒരു കഥ എനിക്കെഴുതണം എന്നുണ്ട്.

Thu Mar 02, 08:26:00 am IST  
Blogger കീരിക്കാടന്‍ (Keerikkadan) said...

ഉഗ്രന്‍. 21-‍)o നൂറ്റാണ്ടിലെ സീതമാര്‍ക്ക്‌ ഇഷ്ടപ്പെടുമൊ ആവോ !

Fri Mar 03, 01:31:00 pm IST  
Blogger സു | Su said...

കീരിക്കാടനു സ്വാഗതം.:) 21ലെ ഒരു സീത അവിടെ ഉണ്ടെങ്കില്‍ ചോദിച്ചുനോക്കൂ.

Fri Mar 03, 01:58:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home