Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, March 22, 2006

സമ്മതിദാനാവകാശം

വീണ്ടും ഇലക്ഷന്‍ വരുന്നുണ്ട്‌. ഞാന്‍ ഒരു പാട്ട്‌ എഴുതി. വോട്ടേര്‍സിനായിട്ട്‌. സമ്മതിദാനാവകാശം എന്നത് എല്ലാവരുടേയും സമ്മതത്തോടെ കൊടുക്കുന്ന ദാനത്തിനുള്ള അവകാശം ആണെന്ന് ഞാന്‍ കണ്ടു പിടിക്കുകയും ചെയ്തു.

സീറ്റു കിട്ടിയില്ലേലും ചേട്ടാ,
വോട്ട്‌ ചെയ്യാന്‍ പറ്റണം.
എമ്മല്ലേ ആയില്ലേലും ചേട്ടാ,
കൈയില്‍ മഷി പുരളണം.

ഇത് എഴുതാന്‍ വ്യക്തമായ കാരണം ഉണ്ട്. അത് പറയാം.

രാഷ്ട്രീയം എനിക്ക്‌ ഇഷ്ടമില്ല എന്നൊന്നും പറയാന്‍ പറ്റില്ല. പക്ഷെ അതില്‍ നിന്ന് വിട്ട്‌ നില്‍ക്കുന്നതാണു തടിക്ക്‌ നല്ലതെന്ന് തോന്നിയതുകൊണ്ട്‌ വിട്ടുനില്‍ക്കുന്നു. വല്യച്ഛനും അച്ഛനും ഞങ്ങളുടെ നാട്ടിന്‍ പുറത്ത്‌ അല്‍പസ്വല്‍പ്പം രാഷ്ട്രീയം ഉണ്ട്‌. രാഷ്ട്രീയത്തിലെ എതിര്‍കക്ഷികള്‍ ആണെങ്കിലും അവരുടെ പരസ്പര സ്നേഹത്തിനോ ബഹുമാനത്തിനോ യാതൊരു കുറവും ഇതുവരെ ഇല്ല. അവരുടെ അണികള്‍ അവരെ മുന്‍നിരയിലേക്ക്‌ വിളിക്കുന്നതിന്റെ ഇരട്ടി ശക്തിയില്‍ ഞങ്ങള്‍ വീട്ടുകാര്‍ പിന്നോട്ട്‌ പിടിച്ചു വലിക്കും. ഒരു തരം വടം വലി. കാരണം രാഷ്ട്രീയം പാവത്താന്മാര്‍ക്ക്‌ പറ്റിയതല്ല എന്ന് ഞങ്ങള്‍ക്ക്‌ നന്നായി അറിയാം. അങ്ങനെ വല്യച്ഛനും അച്ഛനും സ്ഥിരം രാഷ്ട്രീയക്കാര്‍ ആയി മാറുന്നതില്‍ നിന്നും അവരെ ഞങ്ങള്‍ രക്ഷിച്ചെടുത്തു.

അങ്ങനെയാണ് അക്കാലത്തെ ഇലക്‍ഷന്‍ പ്രഖ്യാപിച്ചത്‌. അതിലിപ്പോ എന്താ വല്യ കാര്യം എന്ന് നിങ്ങള്‍ വിചാരിക്കും. എനിക്ക്‌ വല്യ പ്രാധാന്യം ഉണ്ട്‌. കാരണം ആ ഇലക്ഷനില്‍ ആണ് ഞാന്‍ ആദ്യത്തെ വോട്ട്‌ രേഖപ്പെടുത്താന്‍ പോയത്‌. ഇലക്ഷന്‍ വന്നാല്‍ കുറേ മുദ്രാവാക്യങ്ങള്‍ പഠിക്കാന്‍ പറ്റും. അതുമല്ല പ്രചാരണത്തിനിറങ്ങുന്ന വാഹനം ഞങ്ങളുടെ വീട്ടിനു മുന്നില്‍ എത്തുമ്പോള്‍ ഒന്ന് നിര്‍ത്തി ഞങ്ങളെ മുഴുവന്‍ വാചകവും കേള്‍പ്പിച്ചേ പോകൂ. "ഉപ്പിനു നികുതി, മുളകിനു നികുതി, കെട്ടിയ പെണ്ണിനു വേറൊരു നികുതി എന്ന് ഒരു പാര്‍ട്ടി പാടി കടന്നുപോയാല്‍, അടുത്തയാള്‍ക്കാര്‍ വരും " ....... സൂക്ഷിച്ചോ, നിന്നെപ്പിന്നെ കണ്ടോളാം, കെട്ട്യോളല്ലിത്‌ കുട്ട്യോളാ.. എന്നും പാടി. അതു കഴിയുമ്പോഴേക്ക്‌ അടുത്തത്‌ "ധീരാ വീരാ നേതാവേ ധീരതയോടേ നയിച്ചോളൂ, ലക്ഷം ലക്ഷം പിന്നാലെ. ലക്ഷം പോയിട്ട്‌ ഒരുത്തനും പിന്നാലെ ഉള്ള ലക്ഷണം പോലും ഉണ്ടാകില്ല.

ആദ്യത്തെ വോട്ട്‌ എന്നൊക്കെപ്പറഞ്ഞപ്പോള്‍ എനിക്ക്‌ വല്യ കൌതുകം ഒന്നും ഇല്ലായിരുന്നു. പക്ഷെ വീട്ടുകാരും നാട്ടുകാരും ഓ.. സു വിന്റെ ആദ്യ വോട്ടാ അല്ലേന്ന് ചോദിച്ച്‌ ചോദിച്ച്‌ വീരപ്പനെപ്പിടിക്കാന്‍ പോയ സംഘത്തില്‍ ഉള്‍പ്പെട്ട പോലീസുകാരനെപ്പോലെ ഒരു ത്രില്‍ എനിക്കും വന്നു. അങ്ങനെ ഇലക്ഷന്‍ ദിവസം പിറന്നു. അമ്മയുടെ കൂടെ സാനിയാമിര്‍സയെ ആദ്യമായി നേരില്‍ കാണുന്ന ആരാധികയുടെ ( ആ ആരാധിക ഞാന്‍ തന്നെയാ. (എന്റെ പാട്ട്‌... "എന്‍ സാനിയയെ കാണാന്‍ ഒരു ദിവസം ഞാന്‍ പോകും") ടൈപ്പ്‌ നിര്‍വൃതിയും വെച്ച്‌ ഞാന്‍ ആദ്യ വോട്ടിനു പുറപ്പെട്ടു.

പോളിംഗ്‌ ബൂത്തിലെത്തി. അവിടെയും പലരും ആ, ആദ്യവോട്ടാണല്ലോ അല്ലേന്നു ചോദിച്ചപ്പോള്‍ എനിക്ക്‌ കുറച്ച്‌ ഗമ വന്നു. ഞാനും അമ്മയും മുറിക്കുള്ളില്‍ എത്തി. ഹൈസ്കൂളില്‍ സാമൂഹ്യപാഠം പഠിപ്പിച്ചിരുന്ന ടീച്ചര്‍ ആണ് ഒരു പോളിംഗ് ഓഫീസര്‍. ടീച്ചര്‍ അമ്മയോട്‌ കുശലം ചോദിച്ചു. മറ്റുള്ള ആള്‍ക്കാരേയും പരിചയപ്പെടുത്തി. എന്നോടും പഠിപ്പിന്റെ കാര്യങ്ങള്‍ ഒക്കെ ചോദിച്ചു. അമ്മയ്ക്ക്‌ ബാലറ്റ്‌ പേപ്പര്‍ കൊടുത്തു. ഞാന്‍ എന്റെ കൈയില്‍ ഉണ്ടായിരുന്ന, ഏതോ ഒരു പാര്‍ട്ടി വീട്ടില്‍ ഇട്ടുപോയ സ്ലിപ്‌ നീട്ടിയതും പിന്നിലിരുന്നിരുന്ന ഒരു പാര്‍ട്ടിക്കാരന്‍ എണീറ്റു പറഞ്ഞു " സു വിനു വോട്ടില്ല, ഈ ലിസ്റ്റില്‍ ഇല്ല, അതുകൊണ്ട്‌ സമ്മതിക്കില്ല” എന്ന്. അവാര്‍ഡ്‌ കിട്ടാഞ്ഞ കലാഭവന്‍ മണിച്ചേട്ടനെപ്പോലെ ഒരു നിമിഷം എന്റെ ബോധം പോയി. പെട്ടെന്നു തന്നെ ബോധം തിരിച്ചെടുത്തു. " എനിക്ക്‌ വോട്ടുണ്ട്‌. എന്റെ പേരു ഈ നാട്ടിലെ എല്ലാ വോട്ടിംഗ്‌ ലിസ്റ്റിലും ഉണ്ട്‌. തന്റെ കൈയില്‍ ഉള്ളത്‌ കള്ള ലിസ്റ്റ്‌ ആയിരിക്കും" എന്ന് പറഞ്ഞു. പേരില്ലാതെ വോട്ട്‌ ചെയ്യാന്‍ വിടില്ല എന്ന് അവനും. (അവന്റെ കൂടെ ഉള്ള ആള്‍ക്ക്‌ ഞങ്ങളെ അറിയാവുന്നതുകൊണ്ട്‌ അവന്‍ പറയുന്നുണ്ട്‌ വോട്ടുണ്ടാകും ചെയ്ത്‌ പൊയ്ക്കോട്ടെ എന്ന്.) ടീച്ചര്‍ പറഞ്ഞു ,ഞങ്ങളുടെ ഒക്കെ ലിസ്റ്റില്‍ നോക്കട്ടെ എന്ന്. അമ്മ പറഞ്ഞു മോളൂ, ഇവരു നോക്കിവെക്കുമ്പോഴേക്കും നിനക്ക്‌ വീട്ടില്‍ പോയിട്ട്‌ വേറെ ആരുടെയെങ്കിലും കൂടെ വരാം എന്ന്. എന്നെ വോട്ട്‌ ചെയ്യാന്‍ വിട്ടില്ലെങ്കില്‍ ഇവിടെ നിന്ന് ഇറങ്ങുന്ന പ്രശ്നം ഇല്ലെന്ന് ഞാന്‍ ഭീഷണി മുഴക്കി. ടീച്ചര്‍ അവിടെ ഇരുന്ന എല്ലാ പാര്‍ട്ടിക്കാരോടും നോക്കാന്‍ പറഞ്ഞു. രണ്ടെണ്ണത്തില്‍ ഉണ്ട്‌. ഓഫീസറുടെ മുന്നില്‍ ഉള്ള ലിസ്റ്റിലും ഉണ്ട്‌. പാര്‍ട്ടിക്കാരന്റെ നയം പൊളിഞ്ഞുപോയി. എനിക്ക്‌ ബാലറ്റ്‌ പേപ്പര്‍ തന്നു, മഷി പുരട്ടി, അങ്ങനെ വീരസാഹസികമായി ആദ്യ വോട്ട്‌ ചെയ്തു. പിന്നെ എന്റെ നാട്ടില്‍ എനിക്ക്‌ വോട്ട്‌ ചെയ്യാന്‍ പറ്റിയിട്ടില്ലെന്നത്‌ വേറെ കാര്യം.

18 Comments:

Blogger bodhappayi said...

വോട്ടവകാശം കിട്ടിയിട്ടു കാലം കുറെയായി... ഇതുവരെ വോട്ട്‌ ചെയ്യാനുള്ള ഭാഗ്യം മാത്രം കിട്ടിയില്ല. ഏതൊ ഒരു കാര്‍ഡ്‌ വേണമത്രേ. അതു കിട്ടിയതോ 2-3 മാസം മുന്‍പ്‌. ഇത്തവണ ഞാനും ചെയ്യും വോട്ട്‌... :)

Wed Mar 22, 12:34:00 pm IST  
Blogger അതുല്യ said...

ആദ്യത്തേ വോട്ട്‌ ചെയ്തിട്ടിപ്പോ എത്ര കൊല്ലായി സു??

Wed Mar 22, 01:37:00 pm IST  
Blogger viswaprabha വിശ്വപ്രഭ said...

കൊള്ളാം സൂ!

:-)

സൂവിന്റേതു ,മാത്രമായ പഴയ രചനാശൈലി വീണ്ടും തിരിച്ചുവരുന്നു ഈയിടെയായി!

നന്നായി!

Wed Mar 22, 04:30:00 pm IST  
Blogger K. K said...

Amoooo ... :-) Vellam ... Vellam ...

Wed Mar 22, 06:11:00 pm IST  
Blogger Adithyan said...

ഇവിടെ മൂല്യച്ച്യുതിയാണ്, അനീതിയാണ്, അഴിമതിയാണ്, രാഷ്ട്രീയക്കാരൊക്കെ കള്ളന്മാരാണ് എന്നൊക്കെ ഞാനും ഘോരഘോരം അലറി വിളിക്കാറുണ്ട്‌... പക്ഷെ ഇതേ വരെ എന്റെ കടമയായ വോട്ടു ചെയ്യുക എന്ന കാര്യം ചെയ്തിട്ടില്ല... നാട്ടിലില്ലായിരുന്നു വോട്ടു സമയത്തൊക്കെ.. :-(

Wed Mar 22, 06:36:00 pm IST  
Anonymous Anonymous said...

എനിക്കും ആകെ ഒരു പ്രാവശ്യമേ വോട്ടു ചെയ്യാന്‍ പറ്റിയിട്ടുള്ളു. ഇപ്രാവശ്യം.... എനിക്കും ഒരു വോട്ടുണ്ടെങ്കില്‍.. ആര്‍ക്കു കുത്തും ഞാന്‍...വേണേല്‍ ആര്‍ക്കും കുത്തും ഞാന്‍. (വോട്ടേഴ്സ്‌ലിസ്റ്റില്‍ നിന്നു പേരു പോയിക്കാണും മിക്കവാറും).

ബിന്ദു

Wed Mar 22, 07:31:00 pm IST  
Blogger aneel kumar said...

:)
ആ വോട്ടെടുപ്പുകഴിഞ്ഞയുടന്‍ നാടുകടത്തലാണോ ഉണ്ടായത്?

Wed Mar 22, 07:47:00 pm IST  
Blogger ഉമേഷ്::Umesh said...

വോട്ടേഴ്സ് ലിസ്റ്റില്‍ നിന്നും റേഷന്‍ കാര്‍ഡില്‍ നിന്നുമൊക്കെ പേരു പോയിട്ടു് ഒരുപാടു കാലമായി. ഇപ്പോള്‍ ഞാന്‍ ജീവിച്ചിരുപ്പുണ്ടെന്നു് ലോകത്തില്‍ ഒരു തെളിവുമില്ല. ലോകജനസംഖ്യ 660 കോടിയെന്നോ മറ്റോ പത്രത്തില്‍ കണ്ടാല്‍ “660 കോടി ഒന്നു്” എന്നു കരുതിക്കൊള്ളണേ :-)

Wed Mar 22, 08:28:00 pm IST  
Blogger സു | Su said...

കുട്ടപ്പായീ :) ആര്‍ക്കാ വോട്ട് ചെയ്യുന്നത്?

അതുല്യാ മാഡം, കൊല്ലം കുറെ ആയി.

വിശ്വം :) നന്ദി.

ആദി :) ഇപ്രാവശ്യം ചെയ്യണേ.

ബിന്ദു :) അപ്പോ കാണാം അല്ലേ നാട്ടില്‍.

അനിലേട്ടാ :) അതെ അതെ.

ഉമേഷ് :) വോട്ടേഴ്സ് ലിസ്റ്റ് ഒന്നും കാര്യമല്ല. മനുഷ്യന്മാരുടെ മനസ്സിലെ ലിസ്റ്റില്‍ ഉണ്ടാവുന്നതിലാണ് കാര്യം.

Wed Mar 22, 08:33:00 pm IST  
Blogger myexperimentsandme said...

ഞാൻ വോട്ട് ചെയ്യുമ്പോൾ ശൂ എന്നും ഹൂ എന്നും ഠപ്പോ എന്നുമൊക്കെയുള്ള ശബ്ദങ്ങൾ കേൾക്കാം...

വോട്ട് മറിയുന്നതിന്റെയാ....

Wed Mar 22, 09:01:00 pm IST  
Blogger സു | Su said...

kris :) avide vellam onnum kittille?

വക്കാരീ,
കേള്‍ക്കുന്നുണ്ടല്ലോ. നന്നായി.

Wed Mar 22, 09:41:00 pm IST  
Anonymous Anonymous said...

ഉവ്വു സു, ഞാനും നാട്ടില്‍ പോണേ.... ഏപ്രില്‍ ആദ്യവാരം. :))
( സു എവിടെ ആണെന്നറിയാതെ എങ്ങനെയാ ഒന്നു കണ്ടുപിടിക്കുന്നത്‌...ഈശ്വരാ..)

ബിന്ദു

Wed Mar 22, 10:02:00 pm IST  
Blogger സു | Su said...

ബിന്ദു :) എന്നെങ്കിലുമൊരിക്കല്‍ കാണാം കേട്ടോ. കലേഷിന്റെ കല്യാണത്തിന് അല്ലേ എല്ലാവരും കാണാമെന്ന് പ്രതീക്ഷിക്കുന്നത്. കലേഷ് വിളിച്ചാല്‍ അപ്പോള്‍ കാണാം :)

Wed Mar 22, 11:04:00 pm IST  
Anonymous Anonymous said...

സു, ബ്ലോഗില്ലാത്തതു കൊണ്ടു കലേഷ്‌ എന്നെ വിളിക്കുമോ ആവോ?? അനിയത്തിയുടെ കല്യാണത്തിനു വിളിച്ചില്ല :(. (അപ്പൊഴേക്കും തിരിച്ചു വണ്ടി കയറേണ്ടി വരും എന്നു തോന്നുന്നു, മേയ്‌ 10 നല്ലേ കല്ല്യാണം)

ബിന്ദു

Wed Mar 22, 11:15:00 pm IST  
Blogger keralafarmer said...

എന്റെ ആദ്യത്തെ വോട്ട്‌ പട്ടാളത്തിൽ വെച്ച്‌ പോസ്റ്റൽ വോട്ട്‌ ചെയ്താണ്‌ തുടങ്ങിയത്‌. ഇപ്പോൾ വോട്ടെന്നു പറഞ്ഞാൽ ഒരു നിർവികാരതയാണ്‌. ഞാൻ വോട്ടുകൊടുത്ത്‌ ജയിപ്പിച്ചിട്ടുവേണോ എന്നെ ഭരിച്ച്‌ തുലയ്ക്കാൻ എന്നൊരു തോന്നൽ. അതുകാരണം സംഭവിക്കുന്നതോ പ്രതികരിക്കേണ്ടവർ വോട്ടുചെയ്യുന്നില്ല, വോട്ടിംഗ്‌ ശതമാനവും കുറയുന്നു. പർട്ടികളൂം ഗ്രൂപ്പുകളും ധാരാളമായല്ലോ അവർ തമ്മിലടിക്കുകയോ കൂട്ടുകൂടുകയോ പാരവെയ്ക്കുകയോ ചെയ്യുന്നത്‌ കാണാൻ രസമുണ്ട്‌. ഇപ്പോൾ പത്തുപ്രാവശ്യം ചിന്തിക്കാണം ഈ നാടിനെ കുളം റ്റ്‌ഹോണ്ടാൻ ഞാൻ വോട്ടുകൊടുത്തിട്ടുതന്നെ വേണമോ എന്ന്‌. ഇപ്പോൾ ഒരുകാര്യം മനസിലായി നക്സലും, മാവോയിസ്റ്റും, തീവരവാദികളും മറ്റും ഉണ്ടാകുന്നതിന്റെ കാരണമെന്തെന്ന്‌.

Thu Mar 23, 06:14:00 am IST  
Blogger ചില നേരത്ത്.. said...

വീരവാദം മുഴക്കുകയല്ല, ഉള്ളത് പറയുകയാ.
16-)ം വയസ്സില്‍ ഞാന്‍ വോട്ട് ചെയ്ത് തുടങ്ങിയിരുന്നു. പാര്‍ട്ടി ഗ്രാമങ്ങളില്‍ എതിര്‍ കക്ഷിക്കാര്‍ക്ക് ചോദിക്കാനും പറയാനും ധൈര്യമില്ലാത്തത് കൊണ്ട് അന്ന് വോട്ട് ചെയ്തു. തിരിച്ച് പോരുമ്പോള്‍ വോട്ടവകാശം 18 വയസ്സിലേക്ക് മാറ്റിയ രാജീവ് ഗാന്ധിക്ക് അഭിവാദ്യങ്ങളര്‍പ്പിച്ച് ചുവരെഴുത്തു കണ്ടു. 16 -)ം വയസ്സില്‍ തന്നെ അതുസാദ്ധ്യമാക്കി തന്ന പാര്‍ട്ടിക്കാര്‍ക്ക് അഭിവാദ്യം നേര്‍ന്ന് ആദ്യ വോട്ടിന്റെ സംതൃപ്തിയുമായി വീട്ടിലേക്ക് പോന്നു.

Thu Mar 23, 09:41:00 am IST  
Blogger സു | Su said...

ചന്ദ്രേട്ടാ :) വോട്ട് നമ്മുടെ അവകാശം ആണ്. അതു ചെയ്യുകയാ വേണ്ടത് എന്നാണല്ലോ എല്ലാവരും പറയാറ്?

ഇബ്രു :) ഇപ്പോള്‍ വോട്ട് ചെയ്യണമെങ്കില്‍ ഐഡന്റിറ്റി കാര്‍ഡ് വേണം.

Thu Mar 23, 02:52:00 pm IST  
Blogger Unknown said...

ഒരു 5 വര്‍ഷം മുന്‍പുള്ള ഓര്‍മ്മകള്‍. മറുനാടന്‍ മലയാളിയായതിന്‌ ശേഷം നാട്ടില്‍ സ്ഥിരതാമസമല്ലെന്ന കാരണം പറഞ്ഞ്‌ എന്നെ ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്തു :-(

Fri Mar 24, 06:57:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home