രാമുവിന്റെ ഓപ്പോള്‍
“രാമൂ, നീയൊന്ന് വേഗം നടക്കുന്നുണ്ടോ. ഈ കരിയിലയ്ക്കുള്ളില്‍ എവിടെയെങ്കിലും ഇഴജന്തുക്കളുണ്ടാകും.”
രാമു നനഞ്ഞ തലയിലെ വെള്ളം കൈകൊണ്ട് തൂത്തുകൊണ്ടിരുന്നു. അവന് കുറച്ച് തണുപ്പും അനുഭവപ്പെട്ടു. നനഞ്ഞ ട്രൌസറും ശരിക്ക് തോര്‍ത്താത്ത തലയും. പോരാത്തതിനു ദേഷ്യം മൂത്ത് നില്‍ക്കുന്ന ഓപ്പോള്‍ കൂടെയും.
“എന്റെ മേലേക്ക് വെള്ളം ആക്കരുത് കേട്ടോടാ. നിന്റെയൊരു നീന്തല്‍. അന്തിയാവുമ്പോഴെങ്കിലും കയറിവന്നൂടേ. വീട്ടില്‍ വേറെ ജോലിയൊന്നുമില്ലാഞ്ഞിട്ടല്ല ഞാന്‍ നിന്നെ എഴുന്നള്ളിക്കാന്‍ കുളക്കടവിലേക്ക് വരുന്നത്. മുത്തശ്ശി സ്വൈര്യം തരാഞ്ഞിട്ടാ. ഒരു ടോര്‍ച്ചുള്ളത്, നക്ഷത്രങ്ങളെ കാണിച്ച് കാണിച്ച് ഒന്നിനും കൊള്ളാതാക്കി.”
ഓപ്പോള്‍ തിരിഞ്ഞു നിന്നു. അടിയ്ക്കാന്‍ കൈ ഓങ്ങിയതും രാമു മാറിക്കളഞ്ഞു. അമ്പലത്തിലെ കമാനത്തിനു മുകളില്‍ ഉള്ള ബള്‍ബില്‍ നിന്നുള്ള വെളിച്ചം മാത്രമേ അവര്‍ക്ക് കൂട്ടുള്ളൂ. അതും, അമ്പലം, പൂജ കഴിഞ്ഞ് അടച്ച് പോവാത്ത ദിവസം മാത്രം. പിന്നെ അപൂര്‍വമായിട്ട് അവരുടെ വീടിന്റെ ഇടവഴിയിലൂടെ അമ്പലം കയറിയിറങ്ങി കവലയിലേക്ക് പോകുന്ന നാട്ടുകാരുടെ കൈയില്‍ ഉണ്ടാവുന്ന ചൂട്ടിന്റെയോ, കത്തിച്ച്, അത് കെട്ടുപോകാതിരിക്കാന്‍ ചിരട്ട വെച്ച് മറച്ച് പിടിക്കുന്ന മെഴുകുതിരിയുടേയോ, ചിലരുടെ കൈയില്‍ ഉണ്ടാവുന്ന ടോര്‍ച്ചിന്റേയോ വെളിച്ചവും ഉണ്ടാകും.
രാമുവിന്റെ തെറ്റൊന്നുമല്ല ഇത്രേം നേരം വൈകുന്നതിനു കാരണം. സ്കൂളില്‍ നിന്നു വന്നാലുടന്‍, എന്തെങ്കിലുമൊന്നുണ്ടാകും കടയില്‍ നിന്ന് വാങ്ങിക്കൊണ്ടുവരാന്‍. പലചരക്കു കടയില്‍ പോകേണ്ടാത്ത ദിവസം ആണെങ്കില്‍ അന്നായിരിക്കും മുത്തശ്ശി വൈദ്യശാലയിലേക്ക് ഓടിക്കുക. അതുകഴിഞ്ഞാണ് പാടത്തിന്റെ പിറകിലുള്ള മൈതാനത്തിലേക്ക് ഓടാന്‍ സമയം കിട്ടുക. കൂട്ടുകാര്‍ സ്കൂള്‍ വിട്ട് ചായയും കഴിഞ്ഞാല്‍ അവിടെ എത്തും. അവര്‍ക്കാര്‍ക്കും കടയിലേക്ക് ഓടാന്‍ ഇല്ല. അവന്റെ അച്ഛനല്ലേ ദൂരെ നഗരത്തില്‍ ജോലിയുള്ളൂ. എന്നാലും കടയില്‍പ്പോക്ക് രാമുവിനു ഇഷ്ടമുള്ള കാര്യമാണ്. ഒക്കെ വാങ്ങിക്കഴിഞ്ഞ് ബാക്കിയുള്ളതില്‍ നിന്ന് കുറച്ചെന്തെങ്കിലും ചില്ലറ അമ്മ അവന്റെ കൈയില്‍ കൊടുക്കും. സ്കൂളില്‍ പോകുമ്പോള്‍ ഉപ്പിലിട്ട നെല്ലിക്കയും മിഠായിയും ഒക്കെ വാങ്ങാന്‍ അവനു വല്യ താല്‍പര്യമാണ്. അക്കാരണം കൊണ്ടു തന്നെ അവന്‍ കൂട്ടുകാരുടെ മുന്നില്‍ ഹീറോയാണ്. കടയില്‍പ്പോക്കും കളിയും ഒക്കെ കഴിയുമ്പോഴേക്കും കുറേ സമയം ആവും . അതു കഴിഞ്ഞാണ് കുളത്തിലേക്ക് ഓട്ടം. ഓപ്പോള്‍ അമ്പലത്തില്‍ പോകുന്നത് രാവിലെയാണ്. വൈകുന്നേരം അവനെ നോക്കി മാത്രമാണ് അമ്പലത്തിന്റെ പടിയില്‍ വന്ന് കാത്ത് നില്‍ക്കുന്നത്. ആലോചിച്ച് ആലോചിച്ച് നടന്നപ്പോള്‍ എന്തോ കാലിലേക്ക് ചാടി. അവന്‍ ഞെട്ടലോടെ “അയ്യോ” എന്ന് പറഞ്ഞു. ഓപ്പോളും ഞെട്ടിയിരിക്കണം. പെട്ടെന്ന് തിരിഞ്ഞു നിന്നു. “എന്താടാ?” രണ്ടാളും കണ്ടു. തവളയാണ്. ഇത്തവണ അവന് ഓപ്പോളുടെ വക കിഴുക്കല്‍ കിട്ടി. “കണ്ടില്ലേടാ ഇതിന്റെ പിന്നാലെ പാമ്പും ഉണ്ടാകും. മുത്തശ്ശി പറയാറില്ലേ. നാളെ മുതല്‍ വൈകുന്നേരം കിണറ്റുകരയില്‍ മതി നിന്റെ നീരാട്ട്. അച്ഛന്‍ വരട്ടെ പറഞ്ഞുകൊടുക്കുന്നുണ്ട്.”
രാമുവിന് എല്ലാം കൂടെ ഒരു അരിശം വന്നു. വീടിന്റെ ഒതുക്കെത്തിയതും ഓപ്പോളെ പിന്നിലാക്കി വീട്ടിലേക്ക് ഓട്ടം വെച്ചു കൊടുത്തു. ഓപ്പോള്‍ പതിവുപോലെ സോപ്പുപെട്ടി കോലായിയിലെ പടിയിലേക്ക് ഇടുന്ന ഒച്ച കേട്ടു. അമ്മയോട് ഇനി പോയി പരിഭവം പറയും. മുത്തശ്ശി, “നിനക്കെന്താ കുട്ടീ, അവന്‍ ഇരുട്ടത്ത് ഒറ്റയ്ക്കു വരണ്ടാന്നുവെച്ചിട്ടല്ലേ”ന്നും ചോദിക്കും. ഉറങ്ങാന്‍ മുത്തശ്ശിയുടെ അപ്പുറവും ഇപ്പുറവും കിടക്കുമ്പോള്‍ അവര്‍ പതിവുപോലെ കൂട്ടുകാരായിട്ടുണ്ടാകും. അല്ലെങ്കിലും ഓപ്പോളില്ലാതെ രാമുവിനു പറ്റില്ല. സ്കൂളിലേക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും അവന്റെ പുസ്തകങ്ങള്‍ ഒക്കെ എടുക്കുന്നതും വീണു കിട്ടുന്ന മാങ്ങ മുറിച്ച് ഉപ്പു പുരട്ടിക്കൊടുക്കുന്നതും അവന്റെ വസ്ത്രങ്ങളൊക്കെ വൃത്തിയായി കഴുകി മടക്കി വെക്കുന്നതും ഒക്കെ ഓപ്പോള്‍ ആണ്. “എന്തിനാ രാമൂ ഒക്കെയ്ക്കും അവളെ ശല്യം ചെയ്യുന്നത് ” എന്ന് അമ്മ ചോദിക്കുമെങ്കിലും അവന്‍ കാര്യമാക്കാറില്ല. ഓപ്പോള്‍ക്ക് അവനെ സഹായിക്കുന്നതില്‍ ഒരു പരിഭവവും ഇല്ലെന്ന് അവനറിയാം. അവന് പേടിയാകണ്ട എന്നു വിചാരിച്ചും, അമ്മയെ സന്ധ്യയ്ക്ക് അവനെ കൂട്ടിക്കൊണ്ടുവരാന്‍ അവിടം വരെ നടത്തിക്കേണ്ട എന്നു വിചാരിച്ചും ആണ് ഓപ്പോള്‍ തന്നെ വരുന്നത് എന്നും അവനറിയാം. പേടിത്തൊണ്ടന്‍ എന്ന് ഓപ്പോള്‍ ആരെങ്കിലും കേള്‍ക്കെ വിളിക്കുന്നതിനോട് മാത്രമാണ് അവന് അതൃപ്തി.
പതിവുപോലെ ഓപ്പോള്‍ വിളിച്ചുകൂവിയില്ലെങ്കിലും മഴപാറിയതുകൊണ്ട് എല്ലാവരും കയറിപ്പോയി. അവനും മനസ്സില്ലാമനസ്സോടെ കയറിപ്പോന്നു. ഇരുട്ടിത്തുടങ്ങിയിരുന്നു. അമ്പലത്തില്‍ ദീപാരാധന കഴിഞ്ഞിരുന്നു. ഒതുക്കുകള്‍ കയറിച്ചെന്നതും, വീട്ടിനു മുന്നില്‍ അയല്‍ക്കാരെയൊക്കെ കണ്ടതില്‍ അവന്‍ അതിശയിച്ചു. ഇപ്പോ എല്ലാവരും കൂടെ എന്താ? ഗോപിയുടെ അമ്മ രാമുവിനെക്കണ്ടതും ഓടിവന്നു. “മോന്റെ ഓപ്പോളെ പാമ്പ് കൊത്തി. നിന്നെ വിളിക്കാന്‍ കുളക്കടവിലേക്ക് പോരുമ്പോഴാ. ഒന്നും പേടിക്കാനില്ലാന്നാ മുത്തശ്ശി പറഞ്ഞത്. ആയമ്മയ്ക്ക് ഒക്കെ അറിയാം. അമ്മ, അവരുടെ കൂടെ വൈദ്യശാലയിലേക്ക് പോയിട്ടുണ്ട്. മുത്തശ്ശി അകത്തുണ്ട്. അങ്ങോട്ട് ചെല്ലൂ.”
ഒരു നിമിഷം അമ്പരന്നുവെങ്കിലും എല്ലാവരേയും അതിശയിപ്പിച്ചുകൊണ്ട് രാമു തിരികെ ഓടി. ഇടവഴിയിലൂടെ ഓടുമ്പോള്‍ അവന് ഒട്ടും പേടി തോന്നിയില്ല. അമ്പലത്തിലേക്കുള്ള പടികള്‍ ഓടിക്കയറി, കിതച്ച്, അടച്ചിട്ട ശ്രീകോവിലിന് മുന്നില്‍ കൈകൂപ്പി നില്‍ക്കുമ്പോള്‍, ഓപ്പോളെ ഒരിക്കലും ബുദ്ധിമുട്ടിക്കില്ലെന്നും, ഇത്രേം ഇരുട്ടുന്നതുവരെ ഇനി കുളത്തില്‍ നീന്തില്ലെന്നും, ഓപ്പോള്‍ക്ക് ഒന്നും പറ്റാതെ തിരിച്ചുവരണേയെന്നും രാമു പ്രാര്‍ത്ഥിച്ചു. അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.
14 Comments:
:-)
മധുരിക്കും ഓര്‍മ്മകളേ... മലര്‍മഞ്ചല്‍ കൊണ്ടു വരൂ,
കൊണ്ടു പോകൂ ഞങ്ങളെയാ...., മാഞ്ചുവട്ടില്‍...
:-)
ഹൃദയത്തില്‍ തൊടുന്ന കഥ
നന്നായിട്ടുണ്ട് സു..
എനിക്കീ രാമുവിനെ വലിയ ഇഷ്ടായി, ഞാനും എപ്പോഴും ശാസിക്കുന്ന ഒരൊപ്പോളായതുകൊണ്ടാവും.
ബിന്ദു
ഉമേഷ് :)
ശനിയാ :) തെങ്ങിന്‍ ചുവട്ടില്‍ ആയാലോ.
കുഞ്ഞന്‍സ് :)
ബിന്ദു :)
പപ്പായമരം ആയാല്‍ കുഴപ്പമില്ല.. പലവട്ടം തലയിലേക്കു വലിച്ചിട്ടിട്ടുണ്ട്.. തെങ്ങ് എന്തയാലും വേണ്ടേ!
ഓപ്പോളുടേയും രാമുവിന്റേയും രൂപ കല്‍പ്പന നന്നായിരിക്കുന്നു.
അവരുടെ ബന്ധത്തെ സുതാര്യമായ ഭാഷയില്‍ വര്‍ച്ചു കാട്ടാന്‍ സുവിനാകുന്നു.
ഈ മനസ്സറിയും സുസൂത്റം ഒന്നു ബ്ളൊഗര്‍ക്കു പറഞ്ഞു കൊടുക്കു സു..
ഗന്ധര്‍വാ :)
ബെന്നി :) പ്രസിദ്ധീകരിച്ചോളൂ.
wനന്നായിരിക്കുന്നു സൂ..
സാന്ദ്രലളിതമനോഹരം ഈ കൊച്ചു കഥ
സൂ എനിക്കിഷ്ടായി പറഞ്ഞ രീതി.
സൂഫീ :) , അതുല്യ :)
നന്ദി.
നന്ദി :) ബെന്നീ.
തനിമ നിലനിര്‍ത്തുന്ന കഥ...
പഴയ തലമുറ കഥകളെ ഓര്‍മ്മിപ്പിക്കുന്നു...
കാരുരിനെയും ദേവിനെയും ...
അലന്‍ :) സ്വാഗതം. നന്ദി.
Post a Comment
Subscribe to Post Comments [Atom]
<< Home