Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, March 27, 2006

സ്വപ്നത്തിലെ താരാട്ട്

ആരോമലുണ്ണീ, നീയെവിടെയാണ്,
എവിടെയാണുണ്ണീ നീ എവിടെയാണ് .

താരാട്ടെന്‍ ചുണ്ടില്‍ വിരിഞ്ഞു നില്‍പ്പൂ,
നീയൊരു മോഹമായ്‌ പൂത്തു നില്‍പ്പൂ.

അമ്മ തന്‍ മടിയിലേയ്ക്കോടിവായോ,
പുഞ്ചിരിച്ചെന്നുണ്ണി ഓടി വായോ.

താരാട്ട്‌ കേള്‍ക്കുവാന്‍ നീ വരില്ലേ,
താളം പിടിയ്ക്കുവാന്‍ നീ വരില്ലേ.

മാമം നിന്‍ വായില്‍ നിറച്ചും നല്‍കാം,
പായസം വെച്ചമ്മയൂട്ടിത്തരാം.

തപ്പുകൊട്ടാടുവാന്‍ കൂടെ വരാം,
പിച്ചവെച്ചാലമ്മയുമ്മതരാം.

എന്‍ കുഞ്ഞുവാവേ കുറുമ്പു കാട്ടാം,
ശാസിച്ചു നിന്നമ്മ കേണു കൊള്ളാം.

അമ്മ തന്‍ കയ്യുകള്‍ തൊട്ടിലാക്കീ,
ചാഞ്ചാടിയുണ്ണിക്ക്‌ വാവുറങ്ങാം.

താരകം പൂത്തു വിടര്‍ന്നു നില്‍പ്പൂ,
അമ്പിളി മാനത്തുദിച്ചു നില്‍പ്പൂ.

അമ്മ തന്‍ സ്വപ്നത്തിലെന്നുമെന്നും,
ആരോമലേ നീ നിറഞ്ഞു നില്‍പ്പൂ.

ദൂരത്തു നില്‍ക്കാതെയോടി വായോ,
അമ്മ തന്‍ കണ്ണീര്‍ തുടച്ചു തായോ.

16 Comments:

Anonymous Anonymous said...

അമ്മ വിളിച്ചാല്‍ വരാതിരിക്കാന്‍ ഏതുണ്ണിക്കാ കഴിയുക, അമ്മയെപ്പറ്റിക്കാന്‍ ഒളിച്ചുനില്‍ക്കുകയാവും.

ബിന്ദു

Mon Mar 27, 11:19:00 pm IST  
Blogger viswaprabha വിശ്വപ്രഭ said...

ഇല്ല.

ഉണ്ണി വരും....

കുറൂരമ്മയുടെ അടുത്തെന്നപോലെ അവന്‍ വാതിലിനു പിന്നിലെവിടെയോ ഒളിച്ചിരിപ്പുണ്ട് നിന്റെ ക്ഷമ പരീക്ഷിക്കാന്‍...

ഇന്നല്ലെങ്കില്‍ നാളെ, ഒരു ദിവസം, അവന്‍ വരും...

സ്വപ്നത്തില്‍ നിന്നും അവന്‍ ഭൂമിയില്‍ ഇറങ്ങിവരും.

പിന്നിലൂടെ വന്ന് അവന്‍ നിന്റെ കണ്ണുപൊത്തും....

Mon Mar 27, 11:29:00 pm IST  
Blogger ഉമേഷ്::Umesh said...

വളരെ നല്ല കവിത, സൂ. അപ്പോള്‍ സൂവിനു കവിതയും വഴങ്ങും അല്ലേ?

ഒളിച്ചുനില്‍ക്കുകയാണു കള്ളന്‍, അല്ലേ. വരും, തീര്‍ച്ചയായും വരും.

ഒന്നു രണ്ടു ചെറിയ കല്ലുകടികള്‍ ചൂണ്ടിക്കാണിക്കട്ടേ - വൃത്തത്തിലും താളത്തിലും. ശരിയാക്കാന്‍ എളുപ്പമാണു്. ശരിയാക്കിയാല്‍ ഒന്നുകൂടി നന്നാവുകയും ചെയ്യും.

1) എന്‍ കുഞ്ഞുവാവയ്ക്കു കുറുമ്പു കാട്ടാം,
ശാസിച്ചു നിന്നമ്മ കരഞ്ഞുകൊള്ളാം.


രണ്ടു വരിയിലും ഓരോ അക്ഷരം കൂടുതലുണ്ടു്.

2) അമ്മ തന്‍ കൈകള്‍ തൊട്ടിലാക്കീ

ഒരക്ഷരം കുറവുണ്ടു്. “കയ്യുകള്‍” എന്നോ മറ്റോ ആക്കിയാല്‍ ശരിയാവും.

3) ആരോമലെന്നുണ്ണി നിറഞ്ഞു നില്‍പ്പൂ.

ഒരക്ഷരം കൂടുതല്‍.

4) ഒളിച്ചുനില്‍ക്കാതെയൊന്നോടി വായോ

“ഒളിച്ചുനില്‍ക്കാതെ” എന്നതു് ഒന്നു ശരിയാക്കണം. ഈ വൃത്തത്തില്‍ വരികള്‍ ഒരു ഗുരുവില്‍ അല്ലെങ്കില്‍ രണ്ടു ലഘുവില്‍ തുടങ്ങണം.

നല്ല കവിതയെ ഇങ്ങനെ വൃത്തവും മറ്റും പറഞ്ഞു് കീറിമുറിക്കുന്നതില്‍ ക്ഷമിക്കണം. ഒന്നുകൂടി നന്നായിക്കാണാനുള്ള ആഗ്രഹം കൊണ്ടാണു്.

Tue Mar 28, 12:05:00 am IST  
Blogger സു | Su said...

തിരുത്തി. എനിക്കാവുന്നതുപോലെ. :)

Tue Mar 28, 12:20:00 am IST  
Blogger Sapna Anu B.George said...

ഉണ്ണിക്കണ്ണാ വായോ
പൊന്നുണ്ണീക്കണ്ണാ
നിന്നെയും കാത്തു
നിന്നമ്മയിന്നും കാത്തിരിക്കുന്നു
ഉണ്ണി വരും, എന്നുണ്ണി വരും
അമ്മതന്‍ പൂങ്കാറ്റായി,
താരാട്ടായി, ചാഞ്ചാട്ടമായി
അമ്മതന്‍ യാഥാര്‍ഥ്യമായി
സ്വപ്നത്തില്‍ നിന്നും
അമ്മതന്‍ മടിയിലേയ്ക്ക്
ഉണ്ണി വരും

Tue Mar 28, 12:24:00 am IST  
Blogger ഉമേഷ്::Umesh said...

ഇപ്പോള്‍ ശരിയായി. നന്ദി, സൂ!

ഇനി എന്റെ ആ കമന്റു് എടുത്തുകളഞ്ഞേക്കൂ.

Tue Mar 28, 12:42:00 am IST  
Blogger ഇന്ദു | Preethy said...

ആ കുസൃതിക്കുടുക്ക അമ്മയുടെ മടിയിലേയ്ക്ക് ഓടി വരിക തന്നെ ചെയ്യും... വരാതെ പിന്നെ!

കവിത മനോഹരമായിരിക്കുന്നു, സൂ

Tue Mar 28, 05:52:00 am IST  
Blogger ഇളംതെന്നല്‍.... said...

ഉണ്ണി വരും .. വരാതിരിക്കില്ല...
നന്നായിരിക്കുന്നു..

Tue Mar 28, 08:43:00 am IST  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

അവന്‍ വരും സൂ.

കവിത നന്നായിട്ടുണ്ട്.

Tue Mar 28, 10:28:00 am IST  
Blogger Santhosh said...

സൂ, ലളിതവും സുന്ദരവുമായിരിക്കുന്നു.

സസ്നേഹം,
സന്തോഷ്

Tue Mar 28, 10:42:00 am IST  
Blogger സു | Su said...

ബിന്ദു :),വിശ്വം :),ഉമേഷ് :),സപ്ന :)

ഇന്ദു :),ഇളംതെന്നല്‍ :),സാക്ഷി :),

സന്തോഷ് :),തുളസി :)

വായനക്കാര്‍ക്ക് നന്ദി :)

Wed Mar 29, 02:49:00 pm IST  
Blogger Jo said...

സു ചേച്ചീടെ കവിത ഇതാദ്യായിട്ടാ വായിക്കുന്നത്. കൊള്ളാം. എല്ലാരും പറഞതു പോലെ അവന്‍ വരും...

Wed Mar 29, 11:59:00 pm IST  
Blogger സു | Su said...

ജോ :) എന്ത് കവിത?
എന്നാലും നന്ദി.

Thu Mar 30, 07:45:00 pm IST  
Blogger Hari Narayanaswamy said...

സു -
കവിത ലളിതം, മനോഹരം.
ഉണ്ണിക്കുട്ടനു മുമ്പ്‌ 'കവിത' മോളാണല്ലേ ഓടിയെത്തിയത്‌?

- ഹരി.

Thu Mar 30, 08:29:00 pm IST  
Blogger സു | Su said...

ഹരി :) നന്ദി.

അനീഷ് :) വായിച്ചതിനും അഭിപ്രായത്തിനും നന്ദി. ഇനിയും അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതാണ്.

Fri Mar 31, 08:12:00 am IST  
Blogger Chathunni said...

this is really a gud one.. :-)

Mon Apr 17, 12:13:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home